നസ്സിന്‍റെ അസ്വസ്ഥതകൾ മാനസികരോഗലക്ഷണങ്ങൾ തീരെ പ്രകടിപ്പിക്കാതെയും അതേസമയം ശാരീരിക രോഗലക്ഷണങ്ങൾ മാത്രമായും പ്രത്യക്ഷപ്പെടാം. ശാരീരിക രോഗലക്ഷണങ്ങളായാണ്​ രോഗിക്ക്​ അനുഭവപ്പെടുന്നതെങ്കിലും ഒരു മനോരോഗ വിദഗ്​ധന്‍റെ പരിശോധനയിൽ​ ഇവയുടെകൂടെ ചില മാനസികപ്രശ്നങ്ങളുടെ ലക്ഷണങ്ങളും കണ്ടെത്താനാവും. വിദഗ്ധമായ വിശകലനത്തിലൂടെ മാത്രമേ ഇക്കാര്യത്തിൽ ശരിയായ രോഗനിർണയം സാധ്യമാവുകയുള്ളൂ.  

To advertise here,

കുറെ വർഷങ്ങൾക്കു മുമ്പ്  ചികിത്സക്കെത്തിയ ഒരു രോഗി കാലിന് ബലക്കുറവുമായി ന്യൂറോ ഐ.സിയുവിലും പിന്നീട് നെഞ്ചിടിപ്പും കിതപ്പും ആയി കാർഡിയോളജി ഐ.സിയുവിലും പ്രവേശിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് ആ രോഗിതന്നെ തലവേദനയുടെ ചികിത്സയ്ക്കായി ഒരു ന്യൂറോളജിസ്റ്റിനെ കാണുകയും തല സ്കാൻ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുൻകാല ചികിത്സാരേഖകൾ പരിശോധിച്ച ന്യൂറോളജിസ്റ്റിനാവട്ടെ ഇത് മാനസികമായ അസുഖത്തിന്‍റെ ഭാഗമാണെന്ന്​ പെട്ടെന്ന്​ കണ്ടെത്താൻ കഴിഞ്ഞു​. തുടർന്ന്​ രോഗിയോട്​ സ്കാനിന്‍റെ ആവശ്യമില്ലെന്നും മാനസികരോഗ ചികിത്സയാണ്​ വേണ്ടതെന്നും നിർദേശിച്ചു. എന്നാൽ ന്യൂറോളജിസ്റ്റിന്‍റെ നിർദ്ദേശം ബോധ്യപ്പെടാത്തതിനാൽ രോഗി വീണ്ടും ചില ഡോക്ടർമാരെ കാണുകയും പലവിധ പരിശോധനകൾക്കും ചികിത്സകൾക്കും​ വിധേയമാകുകയും ചെയ്തു. വിവിധ ഡോക്ടർമാരുടെ ചികിത്സയ്ക്കുശേഷവും രോഗം ഭേദമാവാത്തതിനെതുടർന്നാണ്​ ഒടുവിൽ ഒരു മനോരോഗ വിദഗ്​ധന്‍റെ അടുത്തെത്തിയത്​. വിശദമായ പരിശോധനയിൽ അവർക്ക് ഡിപ്രഷൻ അല്ലെങ്കിൽ വിഷാദരോഗം എന്ന അസുഖമാണെന്ന്​ സ്ഥിരീകരിച്ചു. വിഷാദരോഗത്തിനുള്ള മരുന്നുകൾ ഉപയോഗിച്ചുള്ള  ചികിത്സയെ തുടർന്ന്​ രോഗം പൂർണമായും സുഖപ്പെടുകയും ചെയ്തു.  

മറ്റ് പല മാനസിക രോഗങ്ങളുടെ ഭാഗമായി ശാരീരികരോഗ ലക്ഷണങ്ങളുമായി രോഗികൾ ഡോക്ടർമാരെ സമീപിക്കാറുണ്ട്​. ഉദാഹരണമായി ഉത്​കണ്​ഠാരോഗങ്ങൾ (Anxiety disorders), പാനിക് ഡിസോർഡർ, ചില പ്രത്യേകതരം ഭയം (Phobias), ഒരു പ്രത്യേകതരം പെരുമാറ്റ രീതിയുമായി ബന്ധപ്പെട്ട ഒബ്സസീവ് കംപൾസീവ് ഡിസോർഡർ (Obsessive compulsive disorder - OCD),   ചിത്തഭ്രമം (Psychosis) എന്നി അവസ്ഥകളിലെല്ലാംതന്നെ ശാരീരിക രോഗലക്ഷണങ്ങൾ മാത്രമായി രോഗികൾ ഡോക്ടർമാരെ സമീപിക്കാറുണ്ട്. പരിശോധനയുടെ ഭാഗമായി അവരോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുമ്പോഴായിരിക്കും ഇതിനെല്ലാം പുറമെ ചില മാനസിക രോഗലക്ഷണങ്ങളും ഉള്ളതായി ചികിത്സകർക്ക്​ മനസ്സിലാക്കാൻ കഴിയുക.

ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

ലഹരി ഉപയോഗിക്കുന്നവരിൽ ചിലരാവട്ടെ ശാരീരിക രോഗലക്ഷണങ്ങളുമായി ഡോക്ടർമാരെ സമീപിക്കാറുണ്ട്. ഉദാഹരണത്തിന് കൈവിറയൽ, നെഞ്ചിടിപ്പ് തുടങ്ങിയ പരാതികളുമായി ഡോക്ടർമാരുടെയടു​ത്തെത്തുമ്പോൾ, പലരും മദ്യം മുതലായ ലഹരികൾ ഉപയോഗിക്കുന്ന കാര്യങ്ങൾ മറച്ചുവെക്കുകയാണ് പതിവ്. ഇത്തരക്കാർക്ക് മാനസിക ചികിത്സകൂടി നൽകിയാലേ പ്രശ്നം പരിഹരിക്കാനാവുകയുള്ളു. മറ്റു ചിലരിലാവട്ടെ നിലവിലുള്ള ശാരീകരോഗലക്ഷണങ്ങൾക്ക് നിദാനമായി രോഗമുണ്ടെങ്കിലും ലക്ഷണങ്ങളുടെ തീവ്രത ശാരീരിക രോഗത്തിനുള്ളതിനേക്കാൾ കൂടുതലായി അനുഭവപ്പെടുന്ന ഒരവസ്ഥ കണ്ടുവരാറുണ്ട്. ഉദാഹരണത്തിന് നടുവേദനയുള്ള ഒരു രോഗിയിൽ പരിശോധനയിൽ കണ്ടെത്തിയതിനേക്കൾ കൂടുതലായി കടുത്തവേദന തുടർച്ചയായി കണ്ടുവരികയാണെങ്കിൽ അത്തരക്കാർക്കും ഒരു മാനസികരോഗവിദഗ്ധന്റെ ചികിത്സ ആവശ്യമുണ്ട്. 

മുതിർന്നവ​രിലെന്നപോലെ കുട്ടികളിലും ഇത്തരം രോഗാവസ്ഥകൾ കണ്ടുവരാറുണ്ട്​. മാനസികമായ അസ്വസ്ഥതകൾ അനുഭവിക്കുന്ന കുട്ടികളിൽ പലപ്പോഴും അവ ശാരീരിക രോഗലക്ഷണങ്ങളായാണ്​ കണ്ടുവരിക. 

ഏതാനും വർഷംമുമ്പ്​ ​ ​മാനസികാരോഗ്യ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ഒരു പത്തുവയസ്സുകാരന്​ ഈ രീതിയിലുള്ള പ്രശ്നങ്ങളായിരുന്നു. ഏറെ കാലമായുള്ള തലവേദനയും ഛർദിയുമായിട്ടായിരുന്നു ചികിത്സ തേടിയെത്തിയത്​. ശാരീരിക രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട ചികിത്സകൾ ഫലിക്കാതെ വന്നപ്പോഴാണ്​ ഒടുവിൽ ഇവിടെയെത്തുന്നത്​. പഠനവൈകല്യമായിരുന്നു ആ കുട്ടിയുടെ പ്രശ്നം. ഇത്​ തിരിച്ചറിയാതെ സ്​കൂൾ ക്ലാസുകളിൽവെച്ച്​ അധ്യാപകർ നടത്തിയിരുന്ന കളിയാക്കലും കുറ്റപ്പെടുത്തലുമടക്കമുള്ള മോശം സമീപനത്തോടുള്ള പ്രതികരണമായിരുന്നു കുട്ടിയുടെ രോഗത്തിന്​ പിറകിൽ. സ്കൂളിലെ ശുചിത്വക്കുറവും അവനെ അവിടെനിന്ന്​ വിട്ടുനിൽക്കാൻ ​പ്രേരിപ്പിച്ചിരുന്നു. 
ചികിത്സയുടെ ഭാഗമായി മാതാപിതാക്കളുമായും സ്കൂളിലെ അധ്യാപകരുമായും ഡോക്ടർമാർ വിശദമായി സംസാരിക്കുകയും, സൗഹൃദം സ്​ഥാപിച്ച്​ കുട്ടിയുടെ പ്രവർത്തനങ്ങളും പെരുമാറ്റവും നിരീക്ഷിക്കുകയും പ്രശ്നത്തെക്കുറിച്ച്​ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. കൗൺസലിംഗ്​, സൈക്കോതെറാപ്പി, ബിഹേവിയറൽ തെറാപ്പി തുടങ്ങിയ ചികിത്സകൾ ലഭിച്ചതോടെ കുട്ടി വീണ്ടും സ്കൂളിൽ പോകാൻ തുടങ്ങി. അവന്‍റെ ശാരീരിക രോഗങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്തു. 

ചെറിയ മനസ്സുകൾ അനുഭവിക്കേണ്ടിവരുന്ന സമ്മർദങ്ങളാണ്​ ഇവിടെ പലപ്പോഴും വില്ലന്മാരാവുന്നത്​. വീട്ടിൽ മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ അടക്കമുള്ള അസ്വാരസ്യങ്ങൾ, അധ്യാപകർ, സഹപാഠികൾ, കൂട്ടുകാർ തുടങ്ങി കുട്ടികളുമായി നേരിട്ട്​ ഇടപെടുന്നവരുടെ അനാരോഗ്യകരമായ സമീപനം, പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ നേരിടുന്ന കുട്ടികളിൽ ചിലർ തലവേദന വയറുവേദന, ഛർദ്ദി, നെഞ്ചുവേദന, ശ്വാസംമുട്ടൽ തുടങ്ങിയ പ്രശ്നങ്ങളുമായി ഡോക്ടറുടെ അടുത്ത് എത്താറുണ്ട്​. പലപ്പോഴും വളരെ ചെറിയ കുട്ടികൾക്ക് അവരുടെ മാനസിക സമ്മർദം പറഞ്ഞറിയിക്കാനുള്ള കഴിവ് ഉണ്ടായിക്കൊള്ളണമെന്നില്ല. അവരുടെ ചിന്തകളും ആശയവിനിമയശേഷിയും വേണ്ടത്ര വളർച്ച പ്രാപിച്ചിട്ടില്ലാത്തതതിനാലാണിത്​. ഇത്തരം സാഹചര്യത്തിൽ വിദഗ്​ധനായ ഒരു ഡോക്ടർക്ക് കുട്ടിയുടെ കുടുംബാംഗങ്ങളുമായും അധ്യാപകരടക്കമുള്ള കുട്ടിയുമായി ഇടപഴകുന്ന മറ്റുള്ളവരോടും സംസാരിക്കുകവഴി രോഗകാരണം കണ്ടെത്താൻ കഴിയും. കുട്ടിയുടെ മാനസികനില, ബുദ്ധിശക്​തി, സ്വഭാവരീതി, പഠനശേഷി തുടങ്ങിയവ അപഗ്രഥിച്ചായിരിക്കും പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നത്​. 

മാനസിക സമ്മർദം പോലെ തന്നെ വളരെ ഗൗരവമേറിയയാണ്​ മാനസിക രോഗങ്ങൾ. അമിതമായ ഉത്​കണ്ഠ, ഒ.സി.ഡി, ഫോബിയകൾ, വിഷാദരോഗം തുടങ്ങിയ ചില മാനസികരോഗങ്ങൾ കുട്ടികളിലും ശാരീരികരോഗ ലക്ഷണങ്ങൾ ആയിട്ടായിരിക്കും  പ്രത്യക്ഷപ്പെടുക. ഇങ്ങനെ ശാരീരിക രോഗങ്ങൾക്ക്​ മതിയായ ചികിത്സയെടുത്തിട്ടും രോഗലക്ഷണങ്ങൾ മാറാത്ത കുട്ടികൾക്ക്​ എത്രയും പെട്ടെന്ന്​ മാനസികമായ പ്രശ്നങ്ങളുണ്ടോ എന്ന്​ പരിശോധിക്കേണ്ടതാണ്​. അതിനായി മാനസികരോഗ വിദഗ്​ധരുടെ സഹായംതന്നെ തേടേണ്ടിവരും. 

കൃത്യമായ രോഗനിർണയമാണ്​ ഇത്തരം കേസുകളിൽ ആദ്യം നടത്തേണ്ടത്​. തുടർന്ന്​ മനോരോഗ വിദഗ്​ധൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്​, സൈക്യാട്രിക്ക്​ സേഷ്യൽ വർക്കർ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ രോഗമുക്​തി സാധ്യമാകും. കൗൺസിലിങ്​, സൈക്കോ തെറപ്പി തുടങ്ങിയ ചികിത്സകളും സാമൂഹികമായ പിന്തുണയും ചില കേസുകളിൽ രോഗത്തിന്‍റെ സ്വഭാവമനുസരിച്ച്​ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയും ആവശ്യമായി വന്നേക്കും. എല്ലായ്പ്പോഴും മരുന്നുകളെ മാത്രം ആശ്രയിക്കാതെ മനഃശാസ്​ത്രപരമായ മറ്റ്​ മാർ​ഗങ്ങൾകൂടി ചേർന്നുള്ള ചികിത്സകളായിരിക്കും അഭികാമ്യം.