
ഒരു കുഞ്ഞിന്‍റെ പിറവി അമ്മയ്ക്ക് മാത്രമല്ല, കുടുംബത്തിന് മുഴുവന്‍ ആഹ്ലാദം നല്‍കുന്ന അവസരമാണ്. മികച്ച ഗര്‍ഭകാലപരിചരണം, വിദഗ്‌ധരായ ഡോക്ടർമാരുടെ സേവനം, സൗകര്യമുള്ള ആശുപത്രി എന്നുതുടങ്ങി കുഞ്ഞിനായുള്ള കാത്തിരിപ്പിന് ഒരുക്കങ്ങളേറെയാണ്. മാസങ്ങളുടെ ഉത്‌കണ്ഠ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ സ്വാഭാവികമായും പ്രസവമുറിയില്‍നിന്ന് ഉയരുന്ന കുഞ്ഞുകരച്ചില്‍ ചുറ്റുമുള്ളവരെ സന്തോഷത്തിലാഴ്ത്തുകയാണ് പതിവ്. പുതിയ അതിഥിയുടെ വരവോടെ വീട് മുഴുവന്‍ ആഘോഷത്തിലാവുകയും ചെയ്യും. എന്നാല്‍, ചിലപ്പോഴെല്ലാം ഇത്തരം ആഹ്ലാദം നിറഞ്ഞ അന്തരീക്ഷത്തിന് മുകളില്‍ കരിനിഴല്‍ വീഴ്ത്തി അമ്മയുടെ മനസ്സ് ചില താളംതെറ്റലുകള്‍ക്ക് വിധേയമാവാറുണ്ട്. അപൂര്‍വമായെങ്കിലും ഇത് അമ്മയുടെയും നവജാതശിശുവിന്‍റെയും ജീവനുതന്നെ ഭീഷണിയായി മാറാനും സാധൃതയുണ്ട്.
പോസ്റ്റ്‌പാര്‍ട്ടം ബ്ലൂസ് (Postpartum blues) എന്ന പ്രത്യേക ചികിത്സ ആവശ്യമില്ലാത്തതും താരതമ്യേന ഗൗരവം കുറഞ്ഞതുമായ മാനസികപ്രശ്നം മുതല്‍ കിടത്തിചികിത്സ ആവശ്യമായിവരുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ (Postpartum depression) അഥവാ പ്രസവാനന്തര വിഷാദരോഗം, കുറേക്കൂടി ഗൗരവം അര്‍ഹിക്കുന്ന പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ് (Postpartum psychosis) എന്നിവ ഇതില്‍ ഉള്‍പ്പെടും.
പോസ്റ്റ്പാര്‍ട്ടം ബ്ലൂസ് ബേബി ബ്ലൂസ്
ബേബി ബ്ലൂസ് എന്നപേരിലറിയപ്പെടുന്ന പോസ്റ്റ്പാര്‍ട്ടം ബ്ലൂസ് പ്രസവാനന്തരം അമ്മമാരില്‍ കണ്ടുവരുന്ന ഒരു മാനസികാവസ്ഥയാണ്. ഏകദേശം 30 മുതല്‍ 80 ശതമാനം വരെ സ്ത്രീകളില്‍ ഈ അവസ്ഥ കണ്ടുവരുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാധാരണയായി മൂന്നു മുതല്‍ 10 ദിവസത്തിനുള്ളില്‍ പ്രത്യക്ഷപ്പെടുകയും ഏകദേശം ഒന്നുരണ്ട് ആഴ്ചക്കകം അപ്രതൃക്ഷമാവുകയും ചെയ്യുന്ന ഒരവസ്ഥയാണിത്.
പ്രസവാനന്തരം എപ്പോഴുമുള്ള സങ്കടഭാവം, അകാരണമായ കരച്ചില്‍, വൈകാരികഭാവങ്ങള്‍ മാറിമാറി അനുഭവപ്പെടല്‍, അമിതമായ ദേഷ്യം, ഉറക്കക്കുറവ്, മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാം പോസ്റ്റ്പാർട്ടം ബ്ലൂസിന്‍റെ ഭാഗമായി കണ്ടുവരുന്ന അവസ്ഥകളാണ്. നവജാതശിശുവിനെ പരിപാലിക്കുന്നതിന്‍റെ ഭാഗമായി ഉണ്ടാകുന്ന ഉറക്കക്കുറവ്, കുഞ്ഞിനെക്കുറിച്ചുള്ള ഉത്കണ്ഠ, ദിനചര്യകളില്‍ വരുന്ന മാറ്റം, പ്രസവത്തോടനുബന്ധിച്ചുണ്ടാവുന്ന ശാരീരിക മാറ്റങ്ങള്‍ എന്നിവയെല്ലാം ഇത്തരമൊരു മാനസികാവസ്ഥയിലേക്ക് അമ്മമാരെ നയിച്ചേക്കാം. കുടുംബാംഗങ്ങളുടെയും അമ്മയേയും കുഞ്ഞിനെയും പരിചരിക്കുന്നവരുടെയും ജീവിതപങ്കാളിയുടെയും സ്നേഹം, പിന്തുണ, സാന്ത്വനം എന്നിവകൊണ്ടുതന്നെ ഏതാനും ദിവസങ്ങള്‍ക്കകം ഈ അവസ്ഥയില്‍നിന്ന് വ്യക്തിക്ക് മോചിതയാവാന്‍ കഴിഞ്ഞേക്കും. അതേസമയം, രണ്ടാഴ്ചയില്‍ കൂടുതല്‍ ഈ അവസ്ഥ നീണ്ടുനില്‍ക്കുകയോ മാനസികനില കൂടുതല്‍ മോശമാവുകയോ ചെയുന്ന പക്ഷം ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. ഭൂരിപക്ഷം കേസുകളിലും പ്രത്യേക ചികിത്സയില്ലാതെതന്നെ ഈ പ്രശ്നം തനിയെ പരിഹരിക്കപ്പെടുന്നതായാണ് കണ്ടുവരുന്നത്.
പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ
പോസ്റ്റ്പാർട്ടം ഡിപ്രഷൻ അഥവാ പ്രസവാനന്തര വിഷാദരോഗം എന്നത് പ്രസവശേഷം അമ്മമാരില്‍ കാണപ്പെടുന്ന വിഷാദാവസ്ഥയാണ്. ഏകദേശം 10 മുതല്‍ 15 ശതമാനം അമ്മമാരില്‍, പ്രത്യേകിച്ച് ആദ്യ പ്രസവശേഷമാണ് സാധാരണയായി ഈ അസുഖം പ്രതൃക്ഷപ്പെടുന്നത്. സാധാരണ വിഷാദരോഗത്തില്‍ കാണുന്നതുപോലെതന്നെ ഉറക്കക്കുറവ്, വിശപ്പില്ലായ്മ, സങ്കടം, ദേഷ്യം, നിരാശ, ഒന്നിലും പ്രതീക്ഷ ഇല്ലായ്ക, സ്വന്തം കഴിവുകളെ കുറിച്ചുള്ള മതിപ്പു കുറവ്, തുടര്‍ച്ചയായ നെഗറ്റീവ് ചിന്തകള്‍ എന്നിവയൊക്കെ തന്നെയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍റെ ഭാഗമായി ഉണ്ടാവുന്ന ലക്ഷണങ്ങള്‍. കുഞ്ഞിനെയും അമ്മയെയും സംബന്ധിക്കുന്ന ആശങ്കകളും അതുമൂലമുള്ള സംഘര്‍ഷങ്ങളും സങ്കടവും നെഗറ്റീവ് ചിന്തകളുമെല്ലാം ഈ അവസ്ഥയില്‍ പ്രത്യേകമായി കാണാറുണ്ട്. ഉദാഹരണമായി നവജാതശിശുവിന്‍റെ ആരോഗ്യമടക്കമുള്ള കാര്യങ്ങളില്‍ കടുത്ത ഉത്കണ്ഠയുണ്ടാവും. ഇതിന് പുറമെ തനിക്ക് കുഞ്ഞിനെ പരിപാലിക്കാൻ കഴിയില്ലെന്ന രീതിയിലുള്ള ചിന്തകളും കണ്ടുവരാറുണ്ട്. ഈ വിഷാദാവസ്ഥ അത്ര കഠിനമായ തോതിലല്ലെങ്കില്‍ കാണ്‍സിലിംഗ്, സൈക്കോതെറാപ്പി എന്നിവയിലൂടെ അമ്മയ്ക്ക് സാധാരണ മാനസികാരോഗ്യം തിരിച്ചു കിട്ടാറുണ്ട്. എന്നാല്‍, ഭൂരിപക്ഷം കേസുകളിലും ഒരു മനോരോഗ വിദഗ്ധന്‍റെ ചികിത്സ ആവശ്യമായിവരും. ചിലപ്പോഴൊക്കെ കിടത്തിചികിത്സയും ആവശ്യമായി വരാറുണ്ട്.
പ്രസവാനന്തരം മാത്രമല്ല, ഗര്‍ഭഛിദ്രം, ഗര്‍ഭം അലസിപ്പോകുന്ന അവസ്ഥ എന്നിവക്ക് ശേഷവും വിഷാദരോഗം ഉണ്ടാവാറുണ്ട്. സാധാരണയായി ആദ്യത്തെ രണ്ടുമൂന്ന് ആഴ്ചകള്‍ക്കിടയിലാണ് രോഗം പ്രത്യക്ഷപ്പെടുക. പിന്നീടത് കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാവുകയും ചെയ്യും. ചിലരിലാവട്ടെ ആറുമാസത്തിനുള്ളില്‍ തന്നെ ഇത്തരം ലക്ഷണങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടുകയും സുഖപ്പെടുകയും ചെയ്യാറുണ്ട്. അമ്മയുടെ ചെറുപ്പകാല അനുഭവങ്ങള്‍ ഇതിനുള്ള പലകാരണങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. പ്രത്യേകിച്ച് ചെറിയ പ്രായത്തില്‍ സംഭവിച്ച ലൈംഗിക ചൂഷണങ്ങള്‍, ദാമ്പത്യ ബന്ധത്തിലെ വിള്ളലുകള്‍, ചുറ്റിലുമുള്ള സാഹചര്യങ്ങളോട് ഒത്തുപോകാനുള്ള കഴിവ് കുറഞ്ഞവര്‍, മുമ്പ് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍, കുടുംബത്തില്‍ മാനസികരോഗം ഉള്ളവര്‍ എന്നിവര്‍ക്കൊക്കെ പ്രസവാനന്തര വിഷാദരോഗം ബാധിക്കാന്‍ സാധ്യതയുണ്ട്. ചിലര്‍ക്ക് തുടര്‍ന്നുള്ള പ്രസവങ്ങളിലും ഇതുണ്ടാവാന്‍ സാധ്യതയുണ്ട്.
പ്രസവാനന്തര വിഷാദരോഗം പെട്ടെന്ന് കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കാരണം പ്രസവം കഴിഞ്ഞുള്ള ദിവസങ്ങളിലാണ് അമ്മയും കുഞ്ഞുമായുള്ള നല്ല ബന്ധം ഉടലെടുക്കുന്നത്. അത് നന്നായി നടക്കണമെങ്കില്‍ അമ്മയുടെ മാനസികാരോഗ്യം നല്ല രീതിയിലായിരിക്കണം.
ചില അവസരങ്ങളില്‍ രോഗത്തെ തുടര്‍ന്ന് ആത്മഹത്യാ പ്രവണത കണ്ടുവരാറുണ്ട്. സ്വയം ജീവനൊടുക്കിയാല്‍ കുഞ്ഞിനെ നോക്കാന്‍ ആളുണ്ടാവില്ല എന്നു കരുതി കുഞ്ഞിനെ അപായപ്പെടുത്തിയ ശേഷം ജീവനൊടുക്കുന്നവരും കുറവല്ല. ചിലരാവട്ടെ കുഞ്ഞിന് മാരകമായ ശാരീരിക പ്രശ്നങ്ങളുണ്ടെന്ന മിഥ്യാധാരണയില്‍ ഇങ്ങനെ ചെയ്യാറുമുണ്ട്. പ്രസവാനന്തര വിഷാദരോഗ ചികിത്സയില്‍, മുലയൂട്ടുന്ന അമ്മയ്ക്കും കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്കും കുഴപ്പമില്ലാതെ കൊടുക്കാവുന്ന വളരെ ഫലപ്രദമായ മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. ഇതിന് പുറമെ ആവശ്യമെങ്കില്‍ സൈക്കോതെറാപ്പിയും. പെട്ടെന്ന് ഫലം തരുന്ന ഇലക്ട്രോകണ്‍വള്‍സീവ് തെറാപ്പിയും മറ്റ് ചികിത്സാ മാര്‍ഗങ്ങളും ഉപയോഗിക്കേണ്ടതുണ്ട്. എല്ലാ ഘട്ടത്തിലും രോഗിക്ക് കുടുംബത്തിന്‍റ സഹകരണവും സ്വാന്തനവും വളരെ പ്രധാനമാണ്. കുഞ്ഞിനെയുമെടുത്ത് യുവതി കിണറ്റില്‍ ചാടിമരിച്ചു, യുവതി കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു തുടങ്ങിയ വാര്‍ത്തകള്‍ക്ക് പിറകില്‍ പ്രസവാനന്തര വിഷാദരോഗത്തിന്‍റെ സാന്നിധ്യം തള്ളിക്കളയാനാവില്ല.
പോസ്റ്റ്പാർട്ടം സൈക്കോസിസ്
പ്രസവാനന്തരം ഏകദേശം 500-ല്‍ ഒരാള്‍ക്കെങ്കിലും പോസ്റ്റ്പാർട്ടം സൈക്കോസിസ് എന്ന തീവ്രമായ മാനസികരോഗം ഉണ്ടാകാറുണ്ട്. പോസ്റ്റ്പാർട്ടം ബ്ലൂസ്, പോസ്റ്റ്പാർട്ടം ഡിപ്രഷന്‍ എന്നിവയെ അപേക്ഷിച്ച് കുറേക്കൂടി ഗൗരവം അര്‍ഹിക്കുന്ന രോഗാവസ്ഥയാണിത്. ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവക്ക് പുറമെ അമിതമായ ദേഷ്യം, അകാരണമായ സംശയങ്ങള്‍, ഹാലൂസിനേഷൻ, മിഥ്യാധാരണകള്‍ (delusions) എന്നിവ കാണപ്പെടാറുണ്ട്. യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ചിന്തകളും ധാരണകളുമായിരിക്കും ഈ അവസ്ഥയില്‍ രോഗി പ്രകടിപ്പിക്കുക. ഉദാഹരണമായി ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുകയോ കാഴചകൾ കാണുകയോ ചെയ്യുക. നവജാതശിശു തന്‍റേതല്ല, ചെകുത്താന്‍റെ കുഞ്ഞാണ്, കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നു തുടങ്ങിയ അടിസ്ഥാനമില്ലാത്ത ആശങ്കളും സംശയങ്ങളും ഈ അവസ്ഥയില്‍ സാധാരണമാണ്.
ഇതിനെല്ലാം പുറമെ അക്രമവാസനയും മുലയൂട്ടാനും കുഞ്ഞിനെ പരിചരിക്കാനുമുള്ള വിമുഖതയും പ്രകടിപ്പിച്ചേക്കാം. രോഗിക്ക് സ്വയം രോഗാവസ്ഥ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ജീവിതപങ്കാളിയടക്കമുള്ള കുടുംബാംഗങ്ങളും അമ്മയെയും കുഞ്ഞിനെയും പരിചരിക്കാന്‍ നിയോഗിക്കപ്പെട്ടവരും എത്രയും പെട്ടെന്ന് രോഗത്തിന്‍റെ ഗൗരവം തിരിച്ചറിഞ്ഞ് ചികിത്സ നല്‍കാന്‍ മുന്നോട്ടുവരണം. അടിയന്തര ചികിത്സ ആവശ്യമുള്ള സന്ദര്‍ഭമാണിത്. മിക്ക കേസുകളിലും കിടത്തിചികിത്സ ആവശ്യമായി വരാറുമുണ്ട്.
മുന്‍കരുതലുകള്‍
പ്രസവം കഴിഞ്ഞയുടനെ അമ്മമാരുടെ മാനസികാരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്. രോഗസാധ്യതയുള്ളവര്‍ ഗര്‍ഭിണിയാകുന്ന സമയത്ത് അല്ലെങ്കില്‍ ഗര്‍ഭം ധരിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ തന്നെ ഗര്‍ഭകാലത്തെ കുറിച്ചും പ്രസവത്തെക്കുറിച്ചുമൊക്കെയുള്ള ശാസ്ത്രീയമായ കാര്യങ്ങള്‍ മനസ്സിലാക്കുകയും അബദ്ധധാരണകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തുകയും വേണം. മാനസിക സംഘര്‍ഷങ്ങള്‍ കൂടുതലുള്ളവര്‍ അക്കാര്യം ചികിത്സിക്കുന്ന ഡോക്ടറോട് സംസാരിച്ച് കൗണ്‍സലിങ് പോലുള്ള പരിഹാരങ്ങള്‍ തേടണം. ജീവിതപങ്കാളിക്കും ഇതുസംബന്ധിച്ചുള്ള അറിവുകള്‍ ഉണ്ടായിരിക്കണം. നേരത്തെ വിഷാദരോഗം, സൈക്കോസിസ് തുടങ്ങിയവക്ക് ചികിത്സ തേടിയിട്ടുള്ളവര്‍ ചികിത്സിച്ച ഡോക്ടറുമായി ഗര്‍ഭധാരണം, പ്രസവം തുടങ്ങിയ കാര്യങ്ങളില്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതും അത്യാവശ്യമാണ്.
പ്രസവശേഷം അമ്മയില്‍ ഏത് തരത്തിലുള്ള മാനസിക പ്രശ്ങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും അത് അവഗണിക്കുകയോ ചികിത്സ വൈകിപ്പിക്കുകയോ ചെയ്യാതെ വിദഗ്ധരായ മനോരോഗ ചികിത്സകരുടെ സഹായം തേടേണ്ടതാണ്.
Content Highlights: postpartum mental health postpartum blues depression psychosis
Published: 05 Nov 2024, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented