സ്ത്രീജീവിതത്തിലെ ഒഴിച്ചുകൂടാന്‍ കഴിയാത്ത ശാരീരികാവസ്ഥകളിൽ ഒന്നാണ്‌ ആര്‍ത്തവകാലം. ശാരീരികവും മാനസികവുമായ നിരവധി അസ്വസ്ഥതകള്‍ക്ക്‌ കാരണമാവുന്ന ഈ ദിനങ്ങള്‍ എല്ലാ വ്യക്തികളിലും ഒരുപോലെയല്ല പ്രത്യക്ഷപ്പെടുന്നത്‌. പ്രായം, ശാരീരികാവസ്ഥകള്‍, മാനസികമായ പ്രത്യേകതകൾ എന്നിവയ്ക്കനുസരിച്ച്‌ വ്യത്യസ്തങ്ങളായ ലക്ഷണങ്ങളാണ്‌ ഓരോരുത്തരിലും അനുഭവപ്പെടുക.

To advertise here,

19 -ാം നൂറ്റാണ്ടിന്‍റെ തുടക്കം വരെ വൈദ്യശാസ്ത്രലോകം പോലും ആര്‍ത്തവത്തിനു മുമ്പുള്ള ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെ സാങ്കല്‍പികമായിട്ടാണ്‌ കണ്ടിരുന്നത്‌. പിന്നീട് 1931-ൽ ആര്‍ത്തവത്തിനു മുമ്പുള്ള മാനസിക സമ്മര്‍ദങ്ങളുടെ ഹോര്‍മോണ്‍ കാരണങ്ങള്‍ (The hormonal causes of premenstrual tension) എന്ന പ്രബന്ധം ന്യൂയോര്‍ക്ക്‌ അക്കാഡമി ഓഫ്‌ മെഡിസിനില്‍ റോബര്‍ട്ട ടി. ഫ്രാങ്ക് അവതരിപ്പിച്ചുവെങ്കിലും 1953-ൽ മാത്രമാണ്‌ പ്രീ മെന്‍സ്ട്രൽ സിന്‍ഡ്രോം എന്ന പേര്‌ നിലവില്‍ വന്നത്‌. പിന്നീട് 1990-കളില്‍ ഈ അവസ്ഥയെ “പ്രീ മെന്‍സ്ട്രൽ ഡിസ്‌ഫോറിക്‌ ഡിസോഡര്‍” (Premenstrual dysphoric disorder) എന്ന ഒരു രോഗാവസ്ഥയായി പരിഗണിച്ചുതുടങ്ങി.

സ്ത്രീകളില്‍ ചിലര്‍ക്ക്‌ പ്രത്യുത്പാദന കാലഘട്ടത്തില്‍ ആര്‍ത്തവത്തിന്‌ ഏകദേശം ഒരാഴ്ച മുമ്പ്‌ തുടങ്ങി ആര്‍ത്തവം തുടങ്ങുന്നതോടെ അല്ലെങ്കില്‍ ആര്‍ത്തവം തുടങ്ങി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകളെയാണ്‌ “പ്രീ മെന്‍സ്ട്രൽ സിംപ്റ്റംസ്‌” അല്ലെങ്കില്‍ “പ്രീമെന്‍സ്‌ട്രൽ ടെന്‍ഷന്‍” എന്ന്‌ പറയുന്നത്‌. ഇത്‌ ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ രണ്ടാഴ്ചയോ നീണ്ടുനിന്നേക്കാം. മിക്കവാറും സ്ത്രീകളില്‍ വളരെ ചെറിയതോതില്‍ മാത്രമായിരിക്കും ഈ അസ്വസ്ഥത ഉണ്ടാകുന്നത്‌. ഏകദേശം അഞ്ചു മുതല്‍ എട്ട് ശതമാനം വരെ സ്ത്രീകളില്‍ ഈ ലക്ഷണങ്ങള്‍ തീവ്രമായി ഉണ്ടാകുകയും അതവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുകയും ചെയ്യുമ്പോളാണ്‌ അതിനെ പി.എം.ഡി.ഡി അഥവാ പ്രീമെന്‍സ്ട്രല്‍ ഡിസ്‌ഫോറിക്‌ ഡിസോഡര്‍ എന്ന്‌ വിളിക്കുന്നത്‌. ഒരു വിദ​ഗ്ധ ചികിത്സ ആവശ്യമുള്ളതാണ്‌ ഈ അവസ്ഥ. 

പി.എം.ഡി.ഡി. എന്തുകൊണ്ട്‌ ?

സ്ത്രീയുടെ വളര്‍ച്ചയുടെ ഒരു പ്രത്യേക ഘട്ടത്തില്‍ ലൈംഗിക സ്വഭാവസവിശേഷതകളുടെ വികാസത്തിനും വളര്‍ച്ചയ്ക്കും ആവശ്യമായ 'ഗോണാഡല്‍ ഹോര്‍മോണ്‍സ്‌' (Gonadal hormones) ശരീരത്തിനകത്ത്‌ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്‌. ആര്‍ത്തവസമയങ്ങളുമായി ബന്ധപ്പെടുണ്ടാവുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളിൽ -ഗോണാഡല്‍ ഹോര്‍മോണ്‍സ്‌” ആയ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നിവയുടെ സന്തുലിതാവസ്ഥകളില്‍ സംഭവിക്കുന്ന വ്യത്യാസങ്ങളാണ്‌ പലപ്പോഴും പി.എം.ഡി.ഡി ക്ക്‌ കാരണമാവുന്നത്‌.

വ്യക്തികളുടെ ശരീരം അവയോട് പ്രതികരിക്കുന്ന രീതിയനുസരിച്ചാണ്‌ ഇതിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്‌. അതുപോലെത്തന്നെ തലച്ചോറിലെ രാസവസ്തുക്കളായ ന്യൂറോ ട്രാന്‍സ്മിറ്ററുകളിൽ ഒന്നായ “സിറട്ടോണിന്‍റെ ഏറ്റക്കുറച്ചിലും ഇതിനോട് ബന്ധപ്പെട്ടു നില്‍ക്കുന്നു. ഇതിനെല്ലാം കാരണം പാരമ്പരൃഘടകങ്ങള്‍ ആണെന്നാണ്‌ പഠന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. അതുകൊണ്ടുതന്നെ ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും പി.എം.എസ്‌ /പി.എം.ഡി.ഡി; മൂഡ് ഡിസോര്‍ഡര്‍ എന്നിവയുള്ളവരില്‍ ഈ അസ്വസ്ഥത വരാനുള്ള പ്രവണത കൂടുതലാണ്‌. ഇത്തരം ജീവശാസ്ത്രപരമായ ഘടകങ്ങള്‍ കൂടാതെ മാനസികവും സാമൂഹികവും ആയ ഘടകങ്ങള്‍ ഉള്ളവരിലും ഇതിനുള്ള സാധ്യത കൂടുതലാണ്‌. ഉദാഹരണത്തിന്‌ കടുത്ത മാനസിക സംഘര്‍ഷം, ചെറുപ്പകാലങ്ങളില്‍ മറ്റുള്ളവരാല്‍ ലൈംഗികചൂഷണത്തിന്‌ വിധേയരായവര്‍ തുടങ്ങിയവരിലും ഇതിനുള്ള സാധ്യത കൂടുതലാണ്‌. ഈ പ്രശ്നമുള്ളവര്‍ക്ക്‌ പ്രസവാനന്തരമുള്ള മാനസിക പ്രശ്നങ്ങൾ, പ്രത്യകിച്ച്‌ വിഷാദരോഗം പോലുള്ളവ കൂടുതലായി കാണപ്പെടുന്നു. അതുപോലെ മറ്റ്‌ മാനസിക അസുഖങ്ങള്‍ ഉള്ളവര്‍ക്ക്‌ ആര്‍ത്തവത്തിനു മുമ്പ്‌ ആ അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കുന്നതായും കാണാറുണ്ട്‌.

ശാരീരിക ലക്ഷണങ്ങൾ

പി.എം.ഡി.ഡിയുള്ളവരില്‍ ശാരീരികവും മാനസികവുമായ പല അസ്വസ്ഥതകളും അനുഭവപ്പെടാം. ഉറക്കക്കുറവ്‌ അല്ലെങ്കില്‍ കൂടുതല്‍ ഉറക്കം, വിശപ്പ്‌ കുറവോ കൂടുതലോ, വേണ്ടതിലധികം കഴിക്കാനുള്ള പ്രവണത, ചില പ്രത്യേക ഭക്ഷണസാധനങ്ങളോടുള്ള അതിയായ ഇഷ്ടം എന്നിവയും ഉണ്ടാകാം. ഇതിനെല്ലാം പുറമെ ശരീരത്തിലെ പേശികളിലും സന്ധികളിലും വേദന, വയറുവേദന, സ്തനങ്ങളില്‍ നീരും വേദനയും, കൈകാലുകളിലും സന്ധികളിലും നീര്‍, കടുത്ത ക്ഷീണം, തലചുറ്റല്‍, നെഞ്ചിടിപ്പ്‌ പലതരത്തിലുള്ള അണുബാധകള്‍, കാഴ്ചപ്രശ്നങ്ങൾ, ലൈംഗികതയില്‍ താല്‍പര്യമില്ലായ്മ, പെട്ടെന്ന്‌ തൊലിപ്പുറമെയുള്ള രക്തംകട്ടപിടിച്ച പാടുകള്‍, പേശികളിലെ കോച്ചിപ്പിടുത്തം, മൂത്രം പോകുന്നത്‌ കുറയല്‍, പലതരത്തിലുള്ള അലര്‍ജികള്‍, ത്വക്ക്‌ രോഗങ്ങള്‍ മൂര്‍ച്ഛിക്കല്‍ തുടങ്ങിയവയും കാണാറുണ്ട്‌.

മാനസിക ലക്ഷണങ്ങള്‍

ഏകാഗ്രത കുറവ്‌, ഒന്നിനും താൽപ്പര്യമില്ലാതിരിക്കല്‍, പെട്ടെന്ന്‌ കാര്യങ്ങള്‍ മറന്നുപോവുക എന്നിവയെല്ലാം കണ്ടുവരാറുണ്ട്‌. കൂടാതെ മാറിമാറി പെട്ടെന്നു വരുന്ന വൈകാരിക വിക്ഷോഭങ്ങളുടെ ഭാഗമായി ദേഷ്യം, കരച്ചില്‍, സങ്കടം, ഉത്കണ്ഠ, സ്വന്തമായി ഒന്നും നിയന്ത്രണത്തില്‍ അല്ല എന്ന തോന്നല്‍, ആത്മവിശ്വാസക്കുറവ്‌, ഒന്നും ശരിയാവില്ല എന്ന ചിന്ത, ആത്മഹത്യ പ്രവണത എന്നിവയും കാണാറുണ്ട്‌. ഇത്തരം വൈകാരിക പ്രശ്ങ്ങള്‍ കാരണം രോഗി ഒതുങ്ങിക്കൂടാന്‍ കാരണമാവുകയോ മറ്റുള്ളവരുമായുള്ള ബന്ധം മോശമാവുകയോ ചെയ്യാറുണ്ട്‌.

ചികിത്സ

പി.എം.ഡി.ഡി. മൂലമുള്ള ശാരീരിക- മാനസികപ്രശ്‌നങ്ങൾ ഉണ്ടെങ്കില്‍ ചികിത്സിക്കുക എന്നതാണ്‌ ആദ്യഘട്ടത്തില്‍ ചെയ്യേണ്ടത്‌. ഉദാഹരണമായി ഗൈനക്കോളജിക്കല്‍ പ്രശ്‌നങ്ങൾ, തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങൾ, ലഹരി ഉപയോഗം എന്നിവ ചികിത്സിച്ചാല്‍ പി.എം.ഡി.ഡിയും അപ്രത്യക്ഷമാകാം. അതുപോലെ ചില മാനസിക രോഗങ്ങള്‍ ചികിത്സിച്ചു മാറുകയാണെങ്കില്‍ ആര്‍ത്തവത്തിന്‌ തൊട്ടുമുമ്പുള്ള അസ്വസ്ഥതകള്‍ കുറയുന്നതായും കാണാറുണ്ട്‌. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും മാനസിക സംഘര്‍ഷങ്ങള്‍ കുറച്ച്‌ ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ്‌ ആദ്യപടിയായി ചെയ്യേണ്ടത്‌, ഇതുകൊണ്ടൊന്നും കാര്യമായ ഫലം ലഭിക്കുന്നില്ലെങ്കില്‍ വിദഗ്ധ ചികിത്സക്ക്‌ വിധേയമാകേണ്ടതുണ്ട്‌.

രോഗനിയന്ത്രണത്തിനായി ചെയ്യേണ്ടത്‌

  • ജീവിതശൈലിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. ഇതിനായി ഉറക്കം, ഭക്ഷണം, വിശ്രമം എന്നിവയില്‍ ചിട്ടയായ ശൈലി കൊണ്ടുവരേണ്ടതുണ്ട്‌. ആറ്‌ മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ഉറങ്ങേണ്ടതുണ്ട്‌. ഉറക്കത്തിന്‍റെ കാര്യത്തില്‍ എല്ലാദിവസവും കൃത്യമായി ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കണം.
  • ഉറക്കസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ ഉറങ്ങുന്നതിനു മുമ്പ്‌ ഇളം ചൂടുവെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. ഉറങ്ങുന്ന മുറി വായുസഞ്ചാരമുള്ളതും രാത്രിയില്‍ വെളിച്ചമില്ലാത്തതും ആയിരിക്കണം. ഉറങ്ങുന്നതിന്‌ അരമണിക്കൂര്‍ മുമ്പെങ്കിലും കമ്പ്യൂട്ടര്‍, മൊബൈല്‍, ടെലിവിഷന്‍ തുടങ്ങിയ സ്ക്രീന്‍ ഉപയോഗം നിര്‍ത്തണം. കിടക്കുന്നതിന്‌ അല്‍പം മുമ്പായി മനസ്സിനും ശരീരത്തിനും ശാന്തി കിട്ടാനായി പാട്ട് കേള്‍ക്കുകയോ ശ്വസനവ്യായാമം പോലുള്ള ലളിതമായ റിലാക്സേഷന്‍ രീതികള്‍ ചെയ്യുകയോ ആവാം. ഭക്ഷണത്തില്‍ ഉപ്പ്‌, പഞ്ചസാര എന്നിവ കുറയ്ക്കുകയും കാപ്പി, ചായ, മദ്യം എന്നിവ ഒഴിവാക്കുകയും വേണം. ഒരുതവണ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിന്‌ പകരം കുറേശ്ശെ ഭക്ഷണം ഇടവിട്ടു കഴിക്കുകയും ഭക്ഷണത്തില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും നാരുകളടങ്ങിയ ധാന്യങ്ങളും ഉള്‍പ്പെടുത്തുകയും വേണം.
  • മാനസിക സംഘര്‍ഷം കുറയ്ക്കാനും വേദന കുറയ്ക്കാനും ഉറക്കം നന്നാക്കാനും വൈകാരിക അവസ്ഥ മെച്ചപ്പെടാനുമായി അരോമ തെറാപ്പി പോലുള്ള മാര്‍ഗങ്ങള്‍ പിന്തുരാവുന്നതാണ്‌. ഇതിന്‍റെ ഭാഗമായി സുഗന്ധദ്രവ്യങ്ങള്‍ തൊലിപ്പുറമേ പുരട്ടുകയോ കുളിക്കുന്ന വെള്ളത്തില്‍ കലര്‍ത്തുകയോ ചെയ്യാം. ഇതും ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കും.
  • യോഗ, ധ്യാനം, പ്രാര്‍ഥന തുടങ്ങിയ മാര്‍ഗങ്ങളും മറ്റ്‌ റിലാക്സേഷന്‍ രീതികളും പിന്തുടരാവുന്നതാണ്‌.
  • നീന്തല്‍, നടത്തം, സൈക്കിൾ ചവിട്ടല്‍, തുടങ്ങിയ ശാരീരിക വ്യായാമങ്ങള്‍ ദിനചര്യയുടെ ഭാഗമാക്കണം.
  • കാല്‍സ്യം, മഗ്നീഷ്യം തുടങ്ങി ആവശ്യമായ ജീവകങ്ങളും ധാതുക്കളും ലവണങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
  • മാനസിക ബൂദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക്‌ കാണ്‍സിലിംഗ്‌, സൈക്കോതെറാപ്പി. മൈന്‍ഡ്‌ ഫുൾനെസ്സ് ബിഹേവിയര്‍ തെറാപ്പി തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്‌. 
  • വിദഗ്ധരായ ഡോക്ടർമാർ നിര്‍ദ്ദേശിക്കുന്ന വേദനാസംഹാരികള്‍, ഹോര്‍മോണ്‍ സപ്പിമെന്‍റുകള്‍, മാനസിക പ്രശ്ശങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നിവയും ​ഗുണം ചെയ്യും. 
  • പി.എം.ഡി.ഡി. ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയകള്‍ നടത്താറുണ്ടെങ്കിലും അത്‌ ഏറ്റവും ഒടുവില്‍ സ്വീകരിക്കാവുന്ന മാര്‍ഗമാണ്‌. പലര്‍ക്കും കാലങ്ങള്‍ കഴിയുമ്പോള്‍ ആര്‍ത്തവകാല അസ്വസ്ഥതകള്‍ കുറഞ്ഞുവരാറുണ്ട്‌ എന്നുള്ളത്‌ ആശ്വാസകരമാണ്‌.