ഫലപ്രദമായ ആയുര്‍വേദ ചികിത്സകള്‍ക്ക് പ്രശസ്തി നേടിയ നിരവധി കുടുംബങ്ങള്‍ കേരളത്തിലുണ്ട്. അവരില്‍ ഭൂരിഭാഗവും പരമ്പരാഗത ഇന്ത്യന്‍ വൈദ്യശാസ്ത്രമായ ആയുര്‍വേദം അവരുടെ പൂര്‍വികരില്‍ നിന്ന് പഠിക്കുകയും അതുവഴി അവരുടെ കുടുംബത്തിന്റെ പ്രശസ്തി നിലനിര്‍ത്തുകയും ചെയ്യുന്നു. അത്തരം കുടുംബങ്ങളിലൊന്നാണ് ആലത്തിയൂര്‍ നമ്പിയുടെ ഇല്ലം.
ബ്രിട്ടീഷ് മലബാറിലെ, പൊന്നാനി താലൂക്കില്‍ തൃക്കണ്ടിയൂരംശത്തില്‍ ആലത്തൂര്‍ ദേശത്താണ് വൈദ്യശാസ്ത്രരംഗത്ത് കൈപുണ്യത്തിന് പേരുകേട്ട ആലത്തിയൂര്‍ നമ്പിയുടെ ഇല്ലം. ഒരു കുടുംബപേര് ഒരു ദേശപൈതൃകത്തിന്റെ ഭാഗമാകുക എന്നതും ഇവിടെ ചരിത്രം. ആയിരത്താണ്ടുകള്‍ പാരമ്പര്യപുണ്യം നിറഞ്ഞ ചികിത്സാവൈദഗ്ദ്യമാണ് ഇല്ലത്തിന്റെ പ്രസക്തിക്ക് നിദാനം.
Also Read
ആലത്തിയൂര്‍ നമ്പിമാര്‍ അഷ്ടവൈദ്യപാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ചക്കാരാണ്. അഷ്ടവൈദ്യന്‍മാര്‍ക്കു ചികിത്സയില്‍ ദിവ്യമായ ഒരു അനുഗ്രഹ ശക്തിയുണ്ടെന്നാണ് വിശ്വാസം. ഇതിനു തെളിവുകളായി പലപല ഐതിഹ്യങ്ങളും ഉണ്ട്. ഇവരെല്ലാം വൈദ്യശാസ്ത്രത്തിന്റെ അധിദേവതയായ ധന്വന്തരിയെ വിവിധ രൂപത്തില്‍ ആരാധിച്ചുവരുന്നവരാണെങ്കിലും ആലത്തിയൂര്‍ നമ്പിക്ക് സാക്ഷാല്‍ ദേവവൈദ്യന്‍മാരായ അശ്വിനി ദേവകളാണ് ഉപാസനാമൂര്‍ത്തികള്‍. ആ രീതി ഇവര്‍ക്കുമാത്രമേയുള്ളൂ. അഷ്ടവൈദ്യരില്‍ ഈ കുടുംബക്കാരെ മാത്രമാണ് നമ്പിമാരെന്നു വിളിക്കുക, മറ്റു കുടുംബക്കാരെ മൂസ്സുമാരെന്നും വിളിക്കും.
Also Read: ആലത്തിയൂർ ഹനുമാൻ ക്ഷേത്രം : ഒരു നാട് തന്നെ ക്ഷേത്രമാകുന്നു ആലത്തിയൂരില്‍
കേരളസൃഷ്ടിയ്ക്കുശേഷം, പതിനെട്ടില്ലങ്ങളിലെ നമ്പൂതിരിമാര്‍ക്കു പരശുരാമന്‍ വൈദ്യം ഉപദേശിച്ചുകൊടുത്തു എന്നും അവരുടെ പിന്‍ഗാമികളാണ് ഈ കുടുംബക്കാര്‍ എന്നുമാണ് ഐതിഹ്യം. ഉത്പത്തിക്കഥകള്‍ വേറേയുമുണ്ട്. എന്തുതന്നെയായലും അയുര്‍വേദത്തിന്റെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും ഈ വൈദ്യകുടുംബങ്ങളുടെ സംഭാവന അപാരമാണ്. അഷ്ടവൈദ്യന്‍മാരാല്‍ എഴുതപ്പെട്ട ഒട്ടേറെ വൈദ്യഗ്രന്ഥങ്ങളുണ്ട്. സഹസ്രയോഗം, വൈദ്യമനോരമ, യോഗരത്‌ന സമുച്ചയം, സിന്ദൂരമരമഞ്ജരി, ആലത്തൂര്‍ മണിപ്രവാളം എന്നിവ ഇവയില്‍ പ്രധാനം.

ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
ആലത്തിയൂര്‍ നമ്പിമാരുടെ വൈദ്യപാരമ്പര്യത്തെക്കുറിച്ചുള്ള കഥകള്‍ നിരവധിയാണ്.ലോകത്ത് എവിടെയുമില്ല ദേവവൈദ്യന്‍മാരായ അശ്വനി ദേവന്‍മാരെ കുടുംബദേവന്‍മാരായി ആരാധിക്കുന്ന രീതി. അത് ആലത്തിയൂര്‍ നമ്പിമാര്‍ക്കേയുള്ളൂ. ഐതിഹ്യമാലയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി ഇതിനെക്കുറിച്ച് വാചാലമാകുന്നുണ്ട്. അതിലൊന്ന് ഇങ്ങനെ. ആലത്തൂരിലെ വൈദ്യന്‍ തൃക്കോവില്‍ എന്ന് പേരുകേട്ട ശിവക്ഷേത്രത്തിലേയ്ക്ക് ഒരു ചെമ്മണ്‍പാതയുണ്ട്. വഴിയില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആല്‍മരം. എല്ലാ ദിവസവും രണ്ടുനേരം മഹാദേവനെ ഭജിച്ചിരുന്ന ആലത്തിയൂരിലെ നമ്പി, പതിവു ദര്‍ശനത്തിനു പോകുമ്പോള്‍ ആല്‍മരച്ചില്ലയില്‍ രണ്ടു വിചിത്രപക്ഷികള്‍ ഇരുന്നു ചിലച്ചു. കോരുക്ക്.. കോരുക്ക്..
ഇത് പലദിവസം ആവര്‍ത്തിച്ചു. ഒരു ദിവസം നമ്പി തിരിഞ്ഞു നിന്ന് പക്ഷികളെ നോക്കി ഇങ്ങനെ പറഞ്ഞുവത്രെ:
കാലേ മിതഹിതഭോജീ
കൃതചംക്രമണ ക്രമേണവാമശയ:
അവിധൃതമൂത്രപുരീഷ:
സ്ത്രീഷു യതാത്മാ ച യോ നര:
സോരുക്ക്..'
ഇതും പറഞ്ഞ് അദ്ദേഹം ഇല്ലത്തേയ്ക്കു പോയി. പിറ്റേന്നു മുതല്‍ ആ പക്ഷികള്‍ വന്നിട്ടില്ലത്രേ...
കോരുക് (കഃ അരുക്ക്) എന്ന വാക്കിന് അരോഗിയാര് എന്നാണര്‍ത്ഥം. അതിനുള്ള മറുപടിയാണ് ഭിഷഗ്വരനായ നമ്പി നല്‍കിയത്...
വേണ്ടുന്ന കാലത്ത് ഹിതമായും മിതമായും ഭക്ഷിക്കുവനും ഊണുകഴിഞ്ഞാല്‍ അല്പം നടക്കുകയും ഇടതുവശം ചരിഞ്ഞു കിടക്കുകയും ചെയ്യുന്നവനും മലമൂത്രങ്ങളെ തടുക്കാതെ വേണ്ട സമയത്ത് വിസര്‍ജ്ജിക്കുവനും സ്ത്രീകളില്‍ അത്യാസക്തിയില്ലാതെയിരിക്കുവനുമാരോ അവന്‍ അരോഗിയായിരിക്കും..''.
ഈ പക്ഷികള്‍ അശ്വിനിദേവകളായിരുന്നു എന്നാണ് കഥ.. നമ്പിയില്ലത്തിന്റെ അശ്വിനീദേവ ബന്ധം ഇവിടെ തുടങ്ങുന്നു...
ആലത്തിയൂര്‍ നമ്പിമാര്‍ അഷ്ടാംഗചികിത്സയിലെ ശല്യചികിത്സയും ചെയ്തിരുന്നുവത്രെ. ശല്യചികിത്സയെന്നാല്‍ ശസ്ത്രക്രിയ. അയൂര്‍വേദത്തില്‍ ഇന്ന് ഈ വിഭാഗം അന്യം നിന്നുകഴിഞ്ഞു. ആയൂര്‍വേദം കുലത്തൊഴിലാക്കിയ നമ്പൂതിരിമാര്‍ ഇതു ചെയ്തിരുന്നില്ല.. ആസുരചികിത്സയായതിനാലാണിത്.
ആലത്തിയൂര്‍ നമ്പിമാര്‍ക്ക് കൈവന്ന അസുലഭമായ ചികിത്സാവൈദഗ്ധ്യം, അശ്വിനിദേവകളുടെ അനുഗ്രഹം കൊണ്ടാണെന്നാണ് വിശ്വാസം. ഒരിക്കല്‍ രണ്ടു ബ്രാഹ്‌മണകുമാരന്‍മാര്‍ നമ്പിയുടെ ഇല്ലത്ത് വൈദ്യം പഠിക്കാനെത്തി. നമ്പി സമ്മതിച്ചു. പക്ഷേ, ബുദ്ധിശാലികളായിരുങ്കെിലും കുട്ടികളുടെ വികൃതി അസഹനീയമായിരുന്നു. എന്നാല്‍ അദ്ദേഹം അവരെ ഒരിക്കല്‍ പോലും ശാസിച്ചില്ല. ഗ്രന്ഥത്തിലെ ശ്ലോകങ്ങള്‍ നമ്പി ചൊല്ലുമ്പോള്‍, കുട്ടികള്‍ തര്‍ക്കിക്കും. നമ്പി പോലും ശ്രദ്ധിക്കാത്ത അര്‍ത്ഥതലങ്ങള്‍ കുട്ടികള്‍ പറയാന്‍ തുടങ്ങി.. അദ്ദേഹം ബാലന്‍മാരില്‍ നിന്നും ചികിത്സാവിധികളുടെ പുതിയമേഖലകള്‍ പഠിച്ചു തുടങ്ങുകയായിരുന്നു.
ഒരിക്കല്‍ അദ്ദേഹത്തിന് ഒരിടംവരെ പോകേണ്ടിവന്നു. തിരിച്ചെത്തുമ്പോള്‍ പടിപ്പുര കത്തിച്ചാമ്പലായിരിക്കുന്നു. തിരക്കിയപ്പോള്‍ കുട്ടികള്‍ കാട്ടിക്കൂട്ടിയതാണ്. എന്നിട്ടും നമ്പി ഒരക്ഷരം മിണ്ടിയില്ല. അദ്ദേഹത്തിന് അവരുടെ ദിവ്യത്വം മനക്കണ്ണില്‍ തെളിഞ്ഞു തുടങ്ങിയിരുന്നു. അത്രയ്ക്കായിരുന്നു അവരുടെ പ്രതിഭ.. ഒരു ചികിത്സാവശ്യത്തിനായി ദൂരയാത്രയ്ക്കു പോകവേ ഒരിക്കല്‍ അദ്ദേഹം ബാലന്‍മാരേയും കൂടെക്കൂട്ടി. വലിയ പുഴകടന്നുവേണം പോകാന്‍. നമ്പി മുമ്പിലും കുട്ടികള്‍ പിന്നിലുമായി പുഴയ്ക്കുകുറുകെയുള്ള പാലം കടക്കവെ, അപ്രതീക്ഷതമായി അവര്‍ നമ്പിയെ പുഴയിലേയ്ക്കു തള്ളിയിട്ടു പൊട്ടിച്ചിരിച്ചു.നീന്തിക്കയറിയ നമ്പി, ആകെ നനഞ്ഞൊട്ട'ിയെങ്കിലും ഒരക്ഷരം മിണ്ടിയില്ല.എന്നാല്‍ ദിനംപ്രതി ബാലന്‍മാരുടെ വികൃതി അസഹനീയമായി. നമ്പിയുടെ അച്ഛന്റെ ശ്രാദ്ധത്തിനു ഒരുക്കിവച്ച ബലിച്ചോറ്, പടിക്കല്‍ വന്ന നായാടികള്‍ക്ക് കൊടുക്കുകകൂടി ചെയ്തു. എന്നിട്ടും നമ്പി ക്ഷമ വെടിഞ്ഞില്ല.
മറ്റൊരു സംഭവം കൂടിയുണ്ടായി. കടുത്ത തലവേദനയുള്ള ഒരാള്‍ കൂടെകൂടെ നമ്പിയെ കാണാനെത്തുമായിരുന്നു. ഒരു മരുന്നുകൊണ്ടും ഭേദമാകാത്ത തലവേദന. നമ്പി ചികിത്സിക്കുമ്പോള്‍ കുറച്ചു ആശ്വാസം ലഭിക്കും; വീണ്ടും കൂടുതലാകും. ഒരു നാള്‍ നമ്പിയില്ലാത്ത ദിവസമാണ് അയാള്‍ എത്തിയത്. ബാലന്‍മാര്‍ അയാളോട് ഇരിക്കാന്‍ പറഞ്ഞ് പറമ്പില്‍ നിന്നും എന്തോ ഇലകള്‍ ശേഖരിച്ചുവന്നു. പിന്നെ അയാളെയും കൂട്ടി അറയ്ക്കകത്തു കയറി വാതിലടച്ചു. അതൊരു അപൂര്‍വ ചികിത്സയായിരുന്നു. തലയോടുതുറന്നുള്ള ശസ്ത്രക്രിയ. ബാലന്‍മാരുടെ ചെയ്തികള്‍ വാതില്‍ പഴുതിലൂടെ ഇല്ലത്തെ ഉണ്ണികള്‍ നോക്കിക്കണ്ടുവത്രെ. ചികിത്സകഴിഞ്ഞ് അയാള്‍ പൂര്‍ണസുഖമായി ഇറങ്ങിപ്പോയി.
കഥകള്‍ പിന്നെയുമുണ്ട്. ഒരിക്കല്‍ ഉച്ചതിരിഞ്ഞ നേരം. കടുത്ത വയറ്റുവേദനയുമായി ഒരു ബ്രാഹ്‌മണന്‍ നമ്പിയെ കാണാനെത്തി. അദ്ദേഹം കൊടുത്ത മരുന്നുകൊണ്ടു സുഖപ്പെടുകയും ചെയ്തു.. പിന്നെയും അവിടെ നിന്നുതിരിഞ്ഞ ബ്രാഹ്‌മണന്‍ ഒടുവില്‍ ആ സത്യം വെളിപ്പെടുത്തി. താന്‍ നാഗരാജാവായ തക്ഷകനാണ്. എന്നെ സുഖപ്പെടുത്തിയ താങ്കളോട് സത്യം പറയാതിരിക്കരുത്. ദക്ഷിണയായി തരുവാന്‍ ഒന്നും കൈയിലില്ലെു പറഞ്ഞ നാഗശ്രേഷ്ഠന്‍, ഈ ഇല്ലത്തുള്ളവരെ സര്‍പ്പം ദംശിയ്ക്കില്ലന്ന അനുഗ്രഹമാണ് നല്‍കിയത്. അഥവാ ദംശിച്ചാലും വിഷം പരക്കുകയില്ല. അതുപോലെ ഈ ഇല്ലപ്പറമ്പില്‍ വച്ച് കടിയേല്‍ക്കുന്ന ആര്‍ക്കും ആപത്തുണ്ടാവില്ലെന്നും ഇല്ലത്ത് ജനിയ്ക്കുന്ന ഒരാള്‍ക്ക് സര്‍പ്പദൃഷ്ടികാണുമെന്നും അനുഗ്രഹിച്ചു മറഞ്ഞു.
ഒരു ദിവസം നമ്പി ഊണുകഴിച്ചുകൊണ്ടിരിക്കേ ബാലന്‍മാര്‍ രണ്ടുപേരും അവിടെയെത്തി... തങ്ങള്‍ക്കു പോകാന്‍ സമയമായെന്നു പറഞ്ഞു. കുട്ടികളുടെ ദിവ്യത്വം നല്ലതുപോലെ ബോധ്യമായിരുന്ന നമ്പി, അനുവാദം നല്‍കി. ഗുരുദക്ഷിണയായി ഒരു കൊച്ചു താളിയോല ഗ്രന്ഥമാണ് അവര്‍ നല്‍കിയത്. ഊണുകഴിച്ചുകൊണ്ടിരുന്നതിനാല്‍ ഇടതുകൈ നീട്ടിയാണ് അദ്ദേഹം അതു സ്വീകരിച്ചത്. ബാലന്‍മാര്‍ ഇറങ്ങിയപ്പോള്‍ നമ്പിയും അവരെ അനുഗമിച്ചു. തന്റെ സംശയങ്ങള്‍ക്ക് മറുപടി തരണമൊ അദ്ദേഹം..
അപ്പോഴാണ് അവര്‍ തങ്ങളാരെന്നും തങ്ങളുടെ ചെയ്തികളെന്തായിരുന്നു എന്നും പറഞ്ഞത്.
തങ്ങള്‍ അശ്വിനി ദേവകളാണെന്നും ഭൂമിയില്‍ തങ്ങള്‍ക്ക് തങ്ങാനുള്ള സമയം കഴിഞ്ഞിരിക്കയാണെന്നും അവര്‍ പറഞ്ഞു. നമ്പിയുടെ ഇല്ലത്ത് അവര്‍ കാട്ടിക്കൂട്ടിയ കുസൃതികള്‍ക്കെല്ലാം പിന്നില്‍ ഓരോ കാരണങ്ങളുമുണ്ടായിരുന്നു. നമ്പിയുടെ വീടിനുണ്ടായിരുന്ന അഗ്നിബാധായോഗം തീര്‍ക്കാനാണ് പടിപ്പുരയ്ക്ക് തീവച്ചതൊയിരുന്നു അവര്‍ പറഞ്ഞത്. പുഴയില്‍ തള്ളിയിട്ടത് എന്തിനായിരുന്നു എന്നായി നമ്പി. ആ സമയത്ത് പുഴയില്‍ ഗംഗയുടേയും സരസ്വതിയുടേയും യമുനയുടേയും സാനിധ്യമുണ്ടായിരുതിനാല്‍ ഗംഗാസ്‌നാനഫലം കിട്ടാനാണ് അങ്ങിനെ ചെയ്തതെന്ന് മറുപടി. ഒടുവില്‍ അച്ഛന്റെ ശ്രാദ്ധത്തിനുള്ള ബലിച്ചോറ് നായാടികള്‍ക്ക് നല്‍കിയതെന്തിന് എന്നായി നമ്പി. അവര്‍ നായാടികളല്ലെന്നും പിതൃക്കളായിരുന്നെന്നുമായിരുന്നു മറുപടി. അങ്ങ് കുളിക്കാന്‍ പോയിരുന്ന സമയം തെറ്റിയതിനാല്‍, അവരുടെ ശാപമേല്‍ക്കാതിരിക്കാനാണ് അങ്ങിനെ ചെയ്തതെന്നും ബാലന്‍മാരുടെ വിശദീകരണം.
അപ്പോഴേയ്ക്കും അവര്‍ നടന്ന് ആ പക്ഷികളെ കണ്ട ആല്‍ച്ചുവട്ടില്‍ എത്തിയിരുന്നു. അമ്പരന്നുനിന്ന നമ്പിയെ അവര്‍ അനുഗ്രഹിച്ചു. ഗ്രന്ഥം ഇടതുകൈകൊണ്ടു വാങ്ങിയതിനാല്‍ ഇല്ലത്തുളള വൈദ്യന്‍മാര്‍ ഇടതുകൈകൊണ്ടു നല്‍കുന്ന മരുന്നിനും ചികിത്സയ്ക്കും ഇരട്ടി ഫലമുണ്ടാകുമെന്നു പറഞ്ഞശേഷം, ആല്‍ത്തറയില്‍ കയറി അവര്‍ അപ്രത്യക്ഷരായി. അശ്വിനിദേവകള്‍ അപ്രത്യക്ഷമായിടത്ത് ഒരമ്പലമുണ്ട്. വിഗ്രഹമോ മറ്റോ ഇല്ല. അവിടെ സങ്കല്പം മാത്രം.
ഇടതു കൈകൊണ്ട് മരുന്ന് നല്‍കുന്ന രീതിക്ക് പിന്നില്‍ മറ്റൊരു ഐതിഹ്യം കൂടിയുണ്ട്. ഒരു ദിവസം നമ്പി പൂമുഖത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ വയറിന് അസുഖം ബാധിച്ച ഒരു വൃദ്ധ ബ്രാഹ്‌മണന്‍ അവിടെയെത്തി. ചികിത്സയ്ക്കായി കുറച്ച് ദിവസം അവിടെ താമസിക്കാന്‍ നമ്പി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം സമ്മതിച്ചു. എന്നിരുന്നാലും, നിരവധി മരുന്നുകള്‍ പ്രയോഗിച്ചിട്ടും രോഗങ്ങള്‍ ഭേദമായില്ല. തുടര്‍ന്ന് നമ്പി ഒരു കുഴല്‍ രോഗിയുടെ തൊണ്ടയില്‍ തിരുകി അതിലൂടെ ദ്രാവകരൂപത്തിലുള്ള മരുന്ന് പുരട്ടാന്‍ തുടങ്ങി. വലതു കൈകൊണ്ട് ട്യൂബ് പിടിച്ച് ഇടതു കൈകൊണ്ട് മരുന്ന് പുരട്ടുന്നത് പതിവായിരുന്നു. മൂന്ന് ദിവസത്തെ ചികിത്സയ്ക്കുശേഷം രോഗി പൂര്‍ണമായും സുഖം പ്രാപിച്ചു.
തിരികെ പോകാന്‍ ഒരുങ്ങിയപ്പോള്‍, നമ്പി അദ്ദേഹത്തോട് തന്റെ വ്യക്തിത്വം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു. താന്‍ അഷ്ടനാഗങ്ങളില്‍ ഒരാളായ തക്ഷകനാണെന്ന് അദ്ദേഹം പറഞ്ഞു. ഇടതു കൈകൊണ്ട് മരുന്നുകള്‍ പ്രയോഗിച്ചാല്‍ ചികിത്സ കൂടുതല്‍ ഫലപ്രദമാകുമെന്ന് അദ്ദേഹം നമ്പിയെ അനുഗ്രഹിച്ചു. വര്‍ഷങ്ങള്‍ ഏറെ മുമ്പാണ്.. അന്ന് പാമ്പുമേക്കാട്ട് നമ്പൂതിരിക്ക് എന്തോ സുഖക്കേട്. നമ്പി അവിടെ ഇല്ലത്തു ചെന്നാണ് ചികിത്സിച്ചത്.' ഒരു ദിവസം ഉച്ചയൂണു കഴിഞ്ഞ് മേക്കാട്ട് തിരുമേനിയും നമ്പിയും വെടിവട്ടവുമായി തെക്കിനിയില്‍ ഇരിക്കേ, ഒരു കൂറ്റന്‍ സര്‍പ്പം പതുക്കെ ഇഴഞ്ഞ് അവരുടെ അടുത്തേയ്ക്ക് വന്നു. വിരണ്ടുപോയ നമ്പി, ചാടി എഴുന്നേറ്റു. അപ്പോള്‍ മേക്കാടന്‍ ആശ്വസിപ്പിച്ചു.. അവന്‍ ഒന്നും ചെയ്യില്ല. പാമ്പ് ഇഴഞ്ഞുവന്ന് മേക്കാട്ട് നമ്പൂതിരിയുടെ മടിയില്‍ ചുരുണ്ടുകിടന്നു. യഥാസ്ഥാനത്ത് പരുങ്ങിയിരിപ്പായ നമ്പിയുടെ നേരേ അതു തലനീട്ടിയതോടെ അദ്ദേഹം പരിഭ്രമിച്ചു വീണ്ടും എഴുന്നേറ്റു.
അതിന് എന്തോ അസുഖമുണ്ട്.. അതാണ്എന്ന് മേക്കാട്ട് നമ്പൂതിരി. ധൈര്യം വീണ്ടെടുത്ത് നമ്പി സര്‍പ്പത്തിന്റെ ശിരസ്സ് പരിശോധിച്ചു. ശരിയായിരുന്നു. അവിടെ ഒരു മുള്ള് തറഞ്ഞിരുന്ന് നീരുകെട്ടിയിരുന്നു.അദ്ദേഹം അതു സൂക്ഷ്മതയോടെ കീറി മുള്ളെടുത്ത് മരുന്നുവച്ചു. സര്‍പ്പം പതിയേ ഇഴഞ്ഞുപോവുകയും ചെയ്തു. മേക്കാട്ടെ ചികിത്സയും കഴിഞ്ഞ് നാട്ടിലേയ്ക്കു മടങ്ങവേ, ആ ഉഗ്രസര്‍പ്പം വീണ്ടും ഇഴഞ്ഞെത്തി. അതു നമ്പിയ്ക്കു മുന്നില്‍ ഒരു മാണിക്യം വച്ച് മാറിക്കിടപ്പായി.അതു കണ്ട മേക്കാട്ട് തിരുമേനി പറഞ്ഞു, മടിക്കാതെ എടുത്തോളൂ.. അത് അങ്ങു ചികിത്സിച്ചതിന്റെ കൃതജ്ഞതയാണ്.
കഥകള്‍ വീണ്ടുമുണ്ട്. കുഷ്ഠരോഗ ബാധിതനായ യുവാവിന്റെ കഥയാണ്. വര്‍ഷങ്ങളേറേ മുമ്പ്.. യുവത്വം തുളുമ്പിനില്‍ക്കുന്ന നമ്പൂതിരി യുവാവാണ് ചികിത്സയ്ക്ക് വന്നത്. ഒരു മരുന്നേയുള്ളൂ ഇതിന്. പെരുമ്പാമ്പിന്റെ നെയ്യ് ഇടങ്ങഴി കഴിയ്ക്കണം. വൈദ്യന്റെ വിധികേട്ട് നമ്പൂതിരി വിഷമത്തോടെ സ്ഥലം വിട്ടു.പിന്നീട് ആരുടെയോ ഉപദേശമനുസരിച്ച് അദ്ദേഹം ചമ്രവട്ടത്ത് അയ്യപ്പനെ ഭജനമിരിക്കാന്‍ തുടങ്ങി. ദിവസവും പുഴയില്‍ കുളിച്ച് ക്ഷേത്രദര്‍ശനം. ചിട്ടവിടാത്ത ജീവിതം. ഒരുനാള്‍ അയാള്‍ക്ക് ഒരു സ്വപ്നദര്‍ശനമുണ്ടായി. ആറിലെ വെള്ളം മൂന്ന് കുടംവച്ചു കുടിച്ചാല്‍ രോഗം ഭേദമാകുമൊയിരുന്നു സ്വപ്നത്തിലെത്തിയ ദിവ്യന്‍ പറഞ്ഞത്.. അയാള്‍ പിറ്റേന്ന് മുതല്‍ അത് ചെയ്തു തുടങ്ങി. ഭജനാവസാനമെത്തി. രോഗം പൂര്‍ണമായും സുഖപ്പെട്ടതു കണ്ട് അയാള്‍ ആഹ്ലാദചിത്തനായി നമ്പിയുടെ ഇല്ലത്തെത്തി.. രോഗം ഭേദമായതു കണ്ട് നമ്പി ചോദിച്ചു: എന്ത് മരുന്നാണ് സേവിച്ചത്..? ഒരു മരുന്നും സേവിച്ചില്ല. ചമ്രവട്ടത്ത് അയ്യപ്പനെ സേവിച്ചു!.- എന്നു മറുപടി. എന്നാല്‍ എനിക്ക് ആ സ്ഥലമൊന്നു കാണണമെന്നായി നമ്പി. ഇരുവരും കൂടി ചമ്രവട്ടത്ത് പുഴയ്ക്കരികിലെത്തി..
പുഴയ്ക്കു മുകളില്‍ പോയി നോക്കാമെന്ന് പറഞ്ഞ് നമ്പി നടന്നു തുടങ്ങി. പിറകില്‍ നമ്പൂതിരിയും.. കുറച്ചുദൂരം നടപ്പോള്‍ ഒരു മുളങ്കാട് ദൃശ്യമായി. അവിടെ ഒരു പെരുമ്പാമ്പ് ചത്തു ചീഞ്ഞുകിടന്നിരുന്നു. അതിന്റെ നെയ്യ് മഴവെള്ളത്തില്‍ ഒലിച്ച് പുഴയില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നു. നമ്പൂതിരിയെ നോക്കി നമ്പി ചിരിച്ചു. ഞാന്‍ അങ്ങയോട് ഇടങ്ങഴി നെയ്യേ കഴിക്കാന്‍ ആവശ്യപ്പെട്ടുള്ളൂ. ഇപ്പോളങ്ങ് മൂന്നിടങ്ങഴിയെങ്കിലും കഴിച്ചുകാണും. സംഗതി വ്യക്തമായ നമ്പൂതിരി നമ്പിയുടെ ചികിത്സാമാഹാത്മ്യം അംഗീകരിച്ചു എന്നു ചരിത്രം.
അഷ്ടാംഗഹൃദയം തന്നെയാണ് നമ്പിമാര്‍ക്കും ആധികാരിക ഗ്രന്ഥം. അഷ്ടാംഗഹൃദയവുമുണ്ട് അഷ്ടാംഗഹൃദയ സംഗ്രഹവുമുണ്ട്. ആദ്യത്തേത് മുഴുവന്‍ ശ്ലോകങ്ങളാണ്. മറ്റേതില്‍ കുറേ ഗദ്യവും വരും. എല്ലാം സംസ്‌കൃതമാണ്. അതിന് പരിഹാരമായി നമ്പിമാര്‍ മലയാളത്തില്‍ ഒരു ഗ്രന്ഥം നിര്‍മിച്ചു മണിപ്രവാളമായി- ആലത്തൂര്‍ മണിപ്രവാളം. അഞ്ഞൂറു മുതല്‍ അറന്നൂറു കൊല്ലം വരെ ഇതിനു പഴക്കമുണ്ട്. ആലത്തൂര്‍ നമ്പിമാരുടെ വൈദ്യകുടുംബത്തിന് ഭഗവാന്‍ വൈദ്യനാഥന്റെയും ആയുര്‍വേദത്തിന്റെ ഇരട്ട ദേവതകളായ അശ്വിനികളുടെയും അനുഗ്രഹം ഉണ്ടെന്ന് വിശ്വാസികള്‍ കരുതുന്നു. രോഗശാന്തിയുടെ അനുഗ്രഹം തേടി അവര്‍ ഇപ്പോഴും വൈദ്യന്മാരുടെ അടുത്തേക്ക് ഒഴുകുന്നു. ഒരിക്കല്‍ കോഴിക്കോട് സാമൂതിരി കോവിലകത്ത് ഒരു തമ്പുരാട്ടിക്ക് പ്രസവവേദന തുടങ്ങിയിട്ട് അഞ്ചാറു ദിവസമായിട്ടും പ്രസവിച്ചില്ല. അനേകം ഡോക്ടര്‍മാരെ വരുത്തിയിട്ടും ഫലം കണ്ടില്ല. നമ്പി ചില വിദ്യകള്‍ പ്രയോഗിച്ച് തള്ളയ്ക്കും പിള്ളയ്ക്കും യാതൊരു ദോഷവും പറ്റാതെ പ്രസവം നടത്തിയതില്‍ സാമൂതിരിപ്പാടിനു സന്തോഷം തോന്നി നമ്പിക്ക് വീരശൃംഖല സമ്മാനിച്ചു.
പ്രീമിയം ലേഖനങ്ങൾ തത്സമയം വായിക്കാനുള്ള വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
മറ്റൊരു കഥ ഇങ്ങനെ.. കുട്ടഞ്ചേരി മൂസ്സിന്റെ അടുക്കല്‍ നിന്ന് വൈദ്യശാസ്ത്രം പഠിക്കുകയാണ് ആലത്തൂര്‍ നമ്പിമാരുടെ പതിവ്. അന്നുണ്ടായിരുന്ന കുട്ടഞ്ചേരി മൂസ്സ് വൈദ്യസംബന്ധമായി ഭൂലോകത്തിലുള്ള സകലഗ്രന്ഥങ്ങളും നോക്കിയിട്ടുണ്ടായിരുന്നുവത്ര. അദ്ദേഹം ഒരു ദിവസം ശിഷ്യനായ നമ്പിയോട് പറഞ്ഞു: 'ഞാന്‍ അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം, ചരകം, സുശ്രുതം മുതലായി ഭൂലോകത്തിലുള്ള സകല വൈദ്യഗ്രന്ഥങ്ങളും നോക്കിയിട്ടുണ്ട്, ഇനി ഒരാഗ്രഹമേ ഉള്ളൂ. നമ്പിയുടെ ഇല്ലത്ത് അശ്വിനീദേവന്മാര്‍ കൊടുത്ത ഒരു ഗ്രന്ഥമുണ്ട് എന്നു കേട്ടിട്ടുണ്ട്. അതുകൂടി ഒന്നു നോക്കിയാല്‍ കൊള്ളാമെന്നാണ് ആഗ്രഹം. അതിനെന്താ നിവൃത്തി?'. അതിനു മറുപടിയായി നമ്പി, 'അതിനെന്താ പ്രയാസം? അവിടെച്ചെന്നൊന്നു ജനിച്ചാല്‍ മതിയല്ലോ' എന്നു പറഞ്ഞു. ഇതു കേട്ടിട്ട് മൂസ്സിന് വളരെ സന്തോഷമാണുണ്ടായത്. ഉടനെ മൂസ്സ് 'മറുപടി വളരെ ഭംഗിയായി. ഇങ്ങനെ തന്നെയാണ് പറയേണ്ടത്. ഇങ്ങനെ എല്ലാ വിഷയത്തിലും എല്ലായ്‌പ്പോഴും ഉചിതമായതു തോന്നട്ടെ' എന്നു പറഞ്ഞ് നമ്പിയുടെ ശിരസ്സില്‍ രണ്ടു കയ്യും വച്ച് അനുഗ്രഹിക്കുകയും പെട്ടെന്ന് അവിടെക്കിടന്ന് മരിക്കുകയും ചെയ്തു. ആ കുട്ടഞ്ചേരി മൂസ്സ് പിന്നീട് ആലത്തിയൂര്‍ നമ്പി ഇല്ലത്തു വന്നു ജനിച്ചു എന്നാണ് ശ്രുതി.
പണ്ടൊരിക്കല്‍ ഒരു ആലത്തൂര്‍ നമ്പി വളരെക്കാലം തിരുവനന്തപുരത്തു താമസിച്ചിരുന്നു. അക്കാലത്തു കിളിമാനൂര്‍ കൊട്ടാരത്തില്‍ അന്നത്തെ മൂത്ത കോയിത്തമ്പുരാന് തണ്ണീര്‍ദാഹമെന്ന ദീനമുണ്ടായി. എത്ര വെള്ളം കുടിച്ചാലും മതിയാകാത്ത നിലയിലായി. പ്രതിദിനം നൂറ്റന്‍പത് ഇളനീരിന്റെ വെള്ളം കുടിക്കുന്ന അവസ്ഥയിലെത്തി. 'തന്റെ ഈ ദാഹം ആരെങ്കിലും മാറ്റിയാല്‍ മാറ്റുന്നവര്‍ക്ക് ആയിരം രൂപ കൊടുത്തേക്കാം' എന്നു മൂത്ത കോയിത്തമ്പുരാന്‍ പറഞ്ഞു. കിളിമാനൂര്‍ കൊട്ടാരത്തില്‍ ഒരു തമ്പുരാട്ടിയുടെ ഭര്‍ത്താവായി താമസിക്കുന്ന ആളും തിരുവനന്തപുരത്തു വലിയ കൊട്ടാരത്തിലെ ഒരു പൂജക്കാരനും നമ്പിയുടെ സ്നേഹിതനുമായ ഒരു നമ്പൂതിരി തിരുവനന്തപുരത്തു ചെന്ന് നമ്പിയെ കണ്ട് വിവരം പറഞ്ഞു ക്ഷണിച്ചു കിളിമാനൂര്‍ക്കു കൊണ്ടുവന്നു. നമ്പി കോയിത്തമ്പുരാനെ കാണുകയും ഒരു മരുന്നു കൊടുക്കുകയും ചെയ്തു. പിറ്റേ ദിവസമായപ്പോള്‍ നൂറ്റിനാല്പതു കരിക്ക് (ഇളനീര്‍)മതിയായി. അടുത്ത ദിവസമായപ്പോള്‍ ഇളനീര്‍ പത്തുകൂടി കുറഞ്ഞു. അങ്ങനെ ദിവസംകൊണ്ട് ഒരു ഇളനീരായാല്‍ മതിയെന്ന സ്ഥിതിയിലായി. മടങ്ങാന്‍ നേരം കോയിത്തമ്പുരാന്‍ നമ്പിക്ക് നൂറു രൂപ കൊടുത്തു. നമ്പി ഒന്നും മിണ്ടാതെ കൊടുത്തതു വാങ്ങിക്കൊണ്ടു പോവുകയും ചെയ്തു.
നമ്പി പോയതിന്റെ പിറ്റേ ദിവസം മുതല്‍ കോയിത്തമ്പുരാന്റെ ദാഹം പിന്നെയും വര്‍ധിച്ചു. പതിനഞ്ചു ദിവസംകൊണ്ട് പൂര്‍വസ്ഥിതിയില്‍ നൂറ്റന്‍പതു കരിക്കിന്റെ വെള്ളം കുടിച്ചാലും മതിയാവുകയില്ല എന്നായി. കോയിത്തമ്പുരാന്‍ നമ്പിയെ വിളിച്ചുകൊണ്ടുവന്ന നമ്പൂതിരിയെ വിളിച്ച് നമ്പിയെ ഒരിക്കല്‍കൂടി കൊണ്ടുവരണമെന്നു പറഞ്ഞപ്പോള്‍, നമ്പൂതിരി 'അതു പ്രയാസമാണ്. ഒരിക്കല്‍ ഞാന്‍ വിഡ്ഢിയായി. ഇനി അതിനു തയ്യാറില്ല. അല്ലെങ്കില്‍ ഇപ്പോള്‍ കൊടുത്തിട്ടുള്ളതുകൂടാതെ മുന്‍പു പറഞ്ഞിട്ടുള്ളതുപോലെ ആയിരം രൂപ തികച്ചു കൊടുക്കണം എന്നു പറഞ്ഞു.. അങ്ങനെ ചെയ്യാമെന്നു നിശ്ചയമുണ്ടെങ്കില്‍ ഞാന്‍പോയി നമ്പിയെ കൊണ്ടുവരാം. ആ സംഖ്യ നമ്പി വന്നാലുടനെ കൊടുക്കുകയും വേണം' എന്നു പറഞ്ഞു. നമ്പൂരിയുടെ അഭിപ്രായം പോലെ ചെയ്യാമെന്ന് കോയിത്തമ്പുരാന്‍ സമ്മതിക്കുകയും നമ്പൂതിരി പോയി വീണ്ടും നമ്പിയെ കൊണ്ടുവരികയും ഉടനെ കോയിത്തമ്പുരാന്‍ ആയിരം രൂപ കൊടുക്കുകയും നമ്പി ചികിത്സിച്ചു ഭേദപ്പെടുത്തുകയും ചെയ്തു.
ആലത്തൂര്‍ നമ്പിയുടെ ഇലത്ത് അപ്ഫന്മാരാണ് വൈദ്യത്തില്‍ അധികം വിദഗ്ദ്ധന്മാരും പ്രസിദ്ധന്മാരുമായിത്തീരുക പതിവ്. അച്ഛന്‍ നമ്പിമാര്‍ക്കു സ്വല്പമൊരു കമ്പച്ഛായ ഉണ്ടായിരിക്കുക പതിവാണ്. എങ്കിലും ഗുരുത്വത്തിനും കൈപ്പുണ്യത്തിനും ആര്‍ക്കും കുറവുണ്ടായിരിക്കാറില്ല.
മറ്റൊരു കഥ ഇങ്ങനെയാണ്. 1092-ല്‍ കഴിഞ്ഞുപോയ അപ്ഫന്‍ നമ്പിയുടെ ജ്യേഷ്ഠനായി ഒരാള്‍ ഉണ്ടായിരുന്നു. അദ്ദേഹം ഒറ്റപ്പാലത്തിനു സമീപം പോയി മടങ്ങുമ്പോള്‍ കുതിരവട്ടത്തു വലിയ നായരുടെ ചില ഭൃത്യന്മാര്‍ കണ്ടു. വലിയനായര്‍ക്ക് വയറ്റുവേദനയായിട്ട് ഇളയ നമ്പിയെ കൂട്ടിക്കൊണ്ടു ചെല്ലാന്‍ അവരെ പറഞ്ഞയച്ചിരിക്കുകയായിരുന്നു. മൂത്ത നമ്പിയെക്കണ്ടപ്പോള്‍ ഇളയ നമ്പിയാണെന്ന് തെറ്റിദ്ധരിച്ചു കൂട്ടിക്കൊണ്ടു പോയി. വലിയനായര്‍ വേദനനിമിത്തം ആഹാരം കഴിക്കാനും ഇരിക്കാനും കിടക്കാനും വയ്യാത്ത അവസ്ഥയില്‍ നിലവിളിക്കുകയായിരുന്നു. നമ്പി എത്തിയ ഉടനെ 'എനിക്കു ദാഹം കലശലായിരിക്കുന്നു. അതിനു വല്ലതും വേണം' എന്നു പറഞ്ഞീട്ട് കുളിക്കാന്‍ പോയി. കുളി കഴിഞ്ഞു വന്നപ്പോള്‍ അഞ്ചാറു കരിക്കും പത്തു പതിനഞ്ചു പൂവന്‍ പഴവും കൊടുത്തു. നമ്പി അതില്‍ രണ്ടു കരിക്കെടുത്തു തുളച്ചു വെള്ളം തലയില്‍ ഒഴിച്ചു. ഒരു കരിക്കിന്റെ വെള്ളം കുടിച്ചു. രണ്ടു പഴവും തിന്നു. പിന്നെ രോഗിയോട് 'കുറച്ചു പഴം തിന്നാമോ?' എന്നു ചോദിച്ചു. 'വയ്യാ' എന്നു വലിയ നായര്‍ പറഞ്ഞപ്പോള്‍ 'എങ്കിലും പരീക്ഷിച്ചു നോക്കൂ' എന്നു പറഞ്ഞ് ഒരു പഴമെടുത്ത് ശകലം മുറിച്ചുകൊടുത്തു തീറ്റി. അതു തിന്നു കഴിഞ്ഞപ്പോള്‍ 'ഇപ്പോള്‍ വേദന എങ്ങനെയിരിക്കുന്നു' എന്നു ചോദിച്ചു. 'കുറച്ചു കുറവുണ്ടോ എന്നു സംശയം' എന്നു നായര്‍ പറഞ്ഞു. നമ്പി കുറേശ്ശെയായി ഒരു പഴം മുഴുവനും തീറ്റീ. 'ഇപ്പോള്‍ എങ്ങനെയിരിക്കുന്നു' എന്നു ചോദിച്ചു. 'വളരെ ഭേദമുണ്ട്' എന്നു നായര്‍ സമ്മതിച്ചു. പിന്നെ നമ്പി അവിടെയിരുന്ന് 'ഒരു പഴവും കൂടി തിന്ന് കരിക്കിന്റെ വെള്ളവുംകൂടി കുടിക്കൂ' എന്നു പറഞ്ഞു. അത്രയും കഴിഞ്ഞപ്പോള്‍ വലിയനായര്‍ 'ഇപ്പോള്‍ വേദന ഒട്ടുമില്ല. നല്ല സുഖമായി' എന്നു പറഞ്ഞു. വലിയ നായര്‍ക്ക് പിന്നെ മരിക്കുന്നതുവരെ വയറ്റില്‍വേദന ഉണ്ടായില്ല.നമ്പി അപ്പോള്‍ത്തന്നെ അവിടെനിന്ന് ഇറങ്ങിപ്പോയി.
കുറച്ചുനടന്നപ്പോഴേക്കും ചൂടുകൊണ്ട് നടക്കാന്‍ വയ്യാതായി. വഴിക്കു കണ്ട ഒരു പടിപ്പുരയില്‍ കയറി് വിശ്രമിച്ചു. ധനവാനായ ഒരു നായരുടെ വീടിന്റെ പടിപ്പുരയായിരുന്നു. ആ വീട്ടിലെ കാരണവര്‍ വളരെ യോഗ്യനും ചെറുപ്പക്കാരനുമായിരുന്നു. എങ്കിലും അയാല്‍ കുറച്ചു നാളായി ബധിരനായിരുന്നു. ചികിത്സകളൊക്കെ ചെയ്തു നോക്കീട്ടും യാതൊരു ഗുണവും കാണാതെ ദു:ഖിച്ചിരുന്ന അവസരത്തിലാണ് നമ്പി അവിടെ ചെന്നത്. വീട്ടുകാര്‍ വിവരം നമ്പിയെ അറിയിക്കുകയും ആ ബധിരനെ കൊണ്ടുചെന്നു കാണിക്കുകയും ചെയ്തു. നമ്പി ഉടനെ കുറച്ചു കൊട്ടെണ്ണ വരുത്തി രോഗിയുടെ തലയില്‍ തേപ്പിച്ചു വെയിലത്തു പിടിച്ചു നിറുത്തി. കുറച്ചു നേരം നിന്നപ്പോഴേക്കും രോഗി വല്ലാതെ വിഷമിച്ചു. രോഗിയുടെ അമ്മ നമ്പിയുടെ അടുക്കല്‍ ചെന്ന് 'എന്റെ പുത്രന്‍ ഇങ്ങനെ വെയിലത്തു നില്‍ക്കുന്നതു സഹിക്കാന്‍ ശക്തിയില്ല. ഇനിയെങ്കിലും കയറിപ്പോകാനനുവദിച്ചാല്‍ കൊള്ളാം' എന്നു കരഞ്ഞുകൊണ്ടു പറഞ്ഞു. ഉടനെ നമ്പി രോഗിയുടെ അടുക്കല്‍ ചെന്നു രണ്ടു ചെകിടത്തും ഓരോ 'വീക്കു' വെച്ചു കൊടുത്തു. തല്ലുകൊണ്ടതോടുകൂടി രോഗിക്കു ചെവി കേള്‍ക്കാറായി. ഉടനെ നമ്പി അവിടെ നിന്നു പോവുകയും ചെയ്തു.
ഒരിക്കല്‍ കോട്ടയ്ക്കല്‍ താമസിച്ചിരുന്ന ഏറാള്‍പ്പാടു തമ്പുരാന്‍ ക്ഷയരോഗബാധിതനായി. ചികിത്സയ്ക്കായി അനുജന്‍ നമ്പിയെ കൊണ്ടു പോയി. നമ്പി അവിടെയെത്തി കണ്ടപ്പോള്‍തന്നെ രോഗം മാറ്റാന്‍ പ്രയാസമാണെന്ന് തീര്‍ച്ചപ്പെടുത്തി. അതു പറയുകയോ ഭാവിക്കുകയോ ചെയ്തില്ല. ചില ചികിത്സകള്‍ ചെയ്തുകൊണ്ട് അവിടെ താമസിച്ചു. തമ്പുരാനു രുചി ലവലേശമില്ലാതായി. ഭക്ഷണം കുറഞ്ഞതോടെ ക്ഷീണവും കൂടി. 'രുചിയോടുകൂടി ഒരുരുള ചോറുണ്ടിട്ട് അപ്പോള്‍ തന്നെ മരിച്ചാലും സങ്കടമില്ല. അതിനു വല്ലതും നിവൃത്തിയുണ്ടോ?' എന്നു തമ്പുരാന്‍ ചോദിച്ചു. 'രുചിയുണ്ടാക്കാം' എന്നു നമ്പി മറുപടിം പറഞ്ഞു. പറഞ്ഞു കഴിഞ്ഞപ്പോള്‍ 'ഇനി എന്താ നിവൃത്തി' എന്നു വിചാരിച്ചിട്ട് മാര്‍ഗമൊന്നും തോന്നിയില്ല. അപ്പോള്‍ ജ്യേഷ്ഠന്‍ അവിടെ സമീപമുള്ള സ്ഥലത്ത് വന്നിട്ടുണ്ടെന്നു കേട്ട് ആളയച്ചു വരുത്തി വിവരം പറഞ്ഞു. ജ്യേഷ്ഠന്‍ നമ്പി തമ്പുരാനെ കണ്ട് 'എന്തു ഭക്ഷിക്കാനാണ് അവിടേക്കു രുചി തോന്നുന്നത്?' എന്നു ചോദിച്ചു. 'ഒരുരുളച്ചോറെങ്കിലും രുചിയോടു ഉണ്ടാല്‍ കൊള്ളാമെന്നു മോഹമുണ്ട്.' എന്നു തമ്പുരാന്‍ മറുപടി പറഞ്ഞു. ഉടനെ നമ്പി ഒരു സദ്യയ്ക്കുള്ള വിഭവങ്ങളൊക്കെ ഉണ്ടാക്കാന്‍ പറഞ്ഞു. ക്ഷണത്തില്‍ എല്ലാം തയ്യാറായി. ഇലവെച്ചു തമ്പുരാനെ അവിടെയിരുത്തി. ജ്യേഷ്ഠന്‍ നമ്പി എന്തോ ഒരു മരുന്ന് കയ്യിലിട്ട് തിരുമ്മി ഒരു ചെറിയ ഗുളികപോലെയാക്കി തമ്പുരാന്റെ വായില്‍ ഇട്ടുകൊടുത്തിട്ട് ഇറക്കാന്‍ പറഞ്ഞു. അത് ഇറക്കിയ ഉടനെ നെയ്യും പരിപ്പുംകൂട്ടി ഒരുരുള ചോറ് കൊടുത്തു. അത് ഉണ്ടു കഴിഞ്ഞപ്പോള്‍ മുന്‍പിലത്തെപ്പോലെ ഒരു പ്രാവശ്യം കൂടി മരുന്നു കൊടുത്തു. 'ഇപ്പോള്‍ രുചി തോന്നുന്നുണ്ടോ?' എന്നു നമ്പി ചോദിച്ചു. 'കുറചുകൂടി ഉണ്ണാമെന്നു തോന്നുന്നുണ്ട്' എന്നു തമ്പുരാന്‍ പറഞ്ഞു.
പിന്നെ കാളന്‍ മുതലായവയും മോരുംകൂട്ടി ഏകദേശം നാഴിയരിയുടെ ചോറും കുറെ പ്രഥമനും കഴിച്ചു. തമ്പുരാനു വളരെ സന്തോഷമാവുകയും ചെയ്തു. ജ്യേഷ്ഠന്‍ നമ്പി അന്നവിടെത്തന്നെ താമസിച്ചു. പിറ്റേ ദിവസം രാവിലെ യാത്രയായപ്പോള്‍ 'അനുജന്‍ ഇന്നു വരുന്നുവോ?' എന്നു ചോദിച്ചതിനു 'ഞാന്‍ നാലു ദിവസം കഴിഞ്ഞു വരാം' എന്നു അനുജന്‍ നമ്പി മറുപടി പറഞ്ഞപ്പോള്‍ ജ്യേഷ്ഠന്‍ നമ്പി 'അതു വേണ്ടാ, ഇന്നില്ലെങ്കില്‍ നാളെ രാവിലെ പോരൂ' എന്നു പറഞ്ഞിട്ടു പോയി. അന്നു രാത്രിയില്‍ തമ്പുരാന്‍ തീപ്പെടുകയും ചെയ്തു. ആ ജ്യേഷ്ഠന്‍ നമ്പിക്ക് പഠിപ്പ് അധികമുണ്ടായിരുന്നില്ലെന്നു മാത്രമല്ല, കുറേശ്ശെ കമ്പച്ഛായയുമുണ്ടായിരുന്നു. എങ്കിലും കൈപ്പുണ്യം മറ്റാര്‍ക്കും അത്രയുമുണ്ടായിരുന്നില്ല. ചികിത്സ അപ്പോഴപ്പോള്‍ തോന്നുന്നതുപോലെയാണ് ചെയ്ക; ശാസ്ത്രപ്രകാരമൊന്നുമായിരിക്കില്ല. എങ്കിലും ഫലിക്കാതെ വരാറില്ല. എണ്ണ കാച്ചി തേച്ചിട്ട് ഒരെണ്ണയും പിടിക്കാതെയാകുമ്പോള്‍ ആരെങ്കിലും ചെന്നു പറഞ്ഞാല്‍ ജ്യേഷ്ഠന്‍ നമ്പി കുളിക്കുന്നതിനു മുമ്പാണെങ്കില്‍ എന്തെങ്കിലും കുറെ എണ്ണയെടുത്ത് ഇടതുകൈകൊണ്ട് അവരുടെ തലയില്‍ തേപ്പിച്ചയയ്ക്കും. കുളി കഴിഞ്ഞിട്ടാണെങ്കില്‍ എണ്ണയവരുടെ തലയില്‍ ഒഴിച്ചുകൊടുക്കും. പിന്നെ അവര്‍ക്കു പച്ചെണ്ണ തേച്ചാല്‍ മതി. ഒരു ദീനവുമുണ്ടാവില്ല.
Content Highlights: alattiyur nambi, ayurveda, ashwinideva, kerala history, traditional treatment
Published: 28 Mar 2025, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented