ഒരിക്കലേ കണ്ടിട്ടുള്ളൂ സറീന വഹാബിനെ. ഷൂട്ടിംഗ് ലൊക്കേഷനിലെ ഒഴിഞ്ഞ കോണിൽ ഏകാന്തതയുമായി സല്ലപിച്ച് ഏതോ പുസ്തകത്തിൽ തലപൂഴ്ത്തിയിരിക്കുന്നു അവർ. അൽപ്പം ചെമ്പിച്ച മുടിയിഴകൾ കാറ്റിൽ പറന്നുകളിക്കുന്നു.

To advertise here,

ഒരുപാട് മുഖങ്ങൾ ഓർമ്മയിൽ മിന്നിമറഞ്ഞു അപ്പോൾ: ചിത്ചോറിലെ ഗീത, ഘരോന്ദയിലെ ഛായ, സാവൻ കോ ആനേ ദോയിലെ ചന്ദ്രമുഖി, മദനോത്സവത്തിലെ എൽസ, ചാമരത്തിലെ ഇന്ദു, പാളങ്ങളിലെ ഉഷ, പരസ്പരത്തിലെ മീര, സ്വത്തിലെ രോഹിണി... ഗ്രാമ്യനിഷ്കളങ്കതയുടെയും ലാളിത്യത്തിന്റേയുമൊക്കെ പ്രതീകമായ ആ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ പകർന്നാടിയ നായികയെ കൗതുകത്തോടെ നോക്കിനിൽക്കേ, ക്ഷണിക്കാതെ തന്നെ അന്തരീക്ഷത്തിൽ ഒരു ഈണം വന്നുനിറയുന്നു. മനോഹരമായ ഒരു ഹമ്മിംഗ്. "പാളങ്ങളി"ലെ ഏതോ ജന്മകൽപ്പനയിൽ എന്ന പാട്ടിന്റെ ചരണത്തിൽ നിന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് മനസ്സിൽ കയറിവന്ന ഈണം.

ആ ഈണത്തിന്റെ ചിറകിലേറി ഞൊടിയിടയിൽ തിരികെ നടക്കുന്നു മനസ്സ്; കൗമാരക്കാഴ്ച്ചകളിലേക്ക്, ചിന്തകളിലേക്ക്, സ്വപ്‌നങ്ങളിലേക്ക്, ശബ്ദങ്ങളിലേക്ക്, ഗന്ധങ്ങളിലേക്ക്.... അത്ഭുതം തോന്നി. വെറുമൊരു ഹമ്മിംഗിൽ കാലത്തെ തിരിച്ചുപിടിക്കാനുള്ള എന്ത് മാജിക്കാവണം ജോൺസൺ മാസ്റ്റർ ഒളിച്ചുവെച്ചിരിക്കുക?

ഓർക്കാനാണെങ്കിൽ നിരവധി പാട്ടുകളുണ്ട് സറീന വഹാബിന്റെ സ്ക്രീൻ ഇമേജുമായി ചേർത്തുവെക്കാൻ. എല്ലാം സൂപ്പർഹിറ്റ് ഗാനങ്ങൾ. ജബ് ദീപ് ജലേ ആനാ, തുജോ മേരെ സുർ മേ, ദോ ദീവാനെ ശഹർ മേ, നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ, നിറങ്ങൾ തൻ നൃത്തം, സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ, ഈ മലർകന്യകൾ, മനസ്സിന്റെ മോഹം.... എന്നാൽ അവയെയൊക്കെ മറികടന്ന് എന്തുകൊണ്ടാവണം ആ ഹമ്മിംഗ് കൂടെക്കൂടെ വന്നു മനസ്സിനെ തഴുകുന്നത്? ഉള്ളിൽ നിന്ന് ആ പഴയ കൗമാരക്കാരൻ ഒരിക്കലും ഇറങ്ങിപ്പോകാൻ കൂട്ടാക്കാത്തതു കൊണ്ടാവുമോ ?

ഇന്നും ആ ഹമ്മിംഗ് കേൾക്കുമ്പോൾ നിഗൂഢ പ്രണയസ്വപ്നങ്ങളുമായി ഹോസ്റ്റൽ മുറിയുടെ ഏകാന്തതയിൽ സ്വപ്നം കണ്ടു കിടന്ന കാലം ഓർമ്മവരും. പാട്ടെഴുതിയ പൂവച്ചൽ ഖാദറും ചിട്ടപ്പെടുത്തിയ ജോൺസണും ചിത്രീകരിച്ച ഭരതനും ക്യാമറയിൽ പകർത്തിയ രാമചന്ദ്രബാബുവും പാടിയ വാണിജയറാമും എല്ലാം കാലത്തിന്റെ തിരശ്ശീലക്കപ്പുറത്ത് മറഞ്ഞുകഴിഞ്ഞു. എന്നാൽ ഹമ്മിംഗിലൂടെ പാട്ടിൽ പ്രണയം നിറച്ചയാൾ ഇപ്പോഴും നമുക്കൊപ്പമുണ്ട്: ഉണ്ണിമേനോൻ.

വാണി ജയറാമിന്റെ ഭാവാർദ്ര ശബ്ദത്തിൽ രണ്ടു വട്ടം അലിഞ്ഞുചേരുന്ന അതീവ ഹൃദ്യമായ ഹമ്മിംഗ് ഇല്ലാതെ ഏതോ ജന്മകൽപ്പനയിൽ എന്ന പാട്ടുമില്ല. അങ്ങേയറ്റം റൊമാന്റിക്കായ ഒരു മൂളൽ. മുന്നേറ്റം, കടത്ത്, ഈ നാട് എന്നീ ചിത്രങ്ങളിലെ പാട്ടുകളിലൂടെ ശ്രദ്ധേയനായി വരുന്നേയുള്ളൂ അക്കാലത്ത് ഉണ്ണിമേനോൻ. എങ്കിലും ട്രാക്ക് പാടുന്ന പതിവ് ഉപേക്ഷിച്ചിരുന്നില്ല. "ശ്യാം സാർ ആണ് അക്കാലത്ത് ഏറെയും അവസരങ്ങൾ തന്നിരുന്നത്. അതുകൊണ്ടുതന്നെ ജോൺസൺ മാഷെ പോലൊരാൾ വിളിച്ചപ്പോൾ, അത് ഹമ്മിംഗിന് വേണ്ടി മാത്രമെങ്കിൽ പോലും, നിരസിക്കാൻ മനസ്സ് വന്നില്ല. ഹമ്മിംഗ് എങ്കിൽ ഹമ്മിംഗ്. അത്രയേ ചിന്തിച്ചുള്ളൂ. പക്ഷേ മാസ്റ്റർ ആ ഭാഗം മൂളിക്കേൾപ്പിച്ചപ്പോൾ അതിന്റെ ഫീൽ മനസ്സിനെ തൊട്ടു. ഇന്ന് ആ പാട്ട് കേൾക്കുമ്പോൾ എന്റെ ഭാഗം കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നാറുണ്ട്. ടൈമിംഗിൽ ചെറിയൊരു പ്രശ്നം ഉള്ളപോലെ.'' ഒന്നു നിർത്തി ഉണ്ണി കൂട്ടിച്ചേർക്കുന്നു. "ദൈവാനുഗ്രഹത്താൽ അതൊന്നും ആരും ശ്രദ്ധിച്ചില്ല. ആ പാട്ടിന്റെ ഭംഗിയെ കുറിച്ചും ഹമ്മിംഗിനെക്കുറിച്ചുമൊക്കെ ആളുകൾ ഇത്ര കാലത്തിനു ശേഷവും പറഞ്ഞുകേൾക്കുമ്പോൾ സന്തോഷം മാത്രം.''

ഒരു ഹമ്മിംഗിൽ ഇത്രയേറെ പ്രണയം നിറച്ചതെങ്ങനെ എന്ന് ചോദിച്ചിട്ടുണ്ട് ആദ്യമായി നേരിൽ കണ്ടപ്പോൾ ജോൺസൺ മാസ്റ്ററോട്. ഹൃദയം തുറന്നുള്ള ചിരിയായിരുന്നു മറുപടി. പിന്നാലെ രണ്ടു വാചകത്തിൽ വിശദീകരണവും: "സുഹൃത്തേ, നമ്മുടെ ഒക്കെ ഉള്ളിലൊരു റൊമാന്റിക് ഇല്ലേ? ആ കക്ഷിയുടെ പണിയാണ്...." പട്ടുചേലയുടെ കസവുകര പോലെ ദേവരാജൻ മാസ്റ്ററുടെ പാട്ടുകളിൽ ചരണത്തിനൊടുവിൽ കടന്നുവരാറുള്ള ഹമ്മിംഗുകളെ കുറിച്ച് അന്ന് വാചാലനായി ജോൺസൺ. "ഒരു പാട്ടിലും ഹമ്മിംഗ് അധികപ്പറ്റായി തോന്നില്ല. അഥവാ ആ ഹമ്മിംഗ് ഇല്ലാതെ പാട്ടിന് പൂർണത വരില്ല. എംബ്രോയ്ഡറി വർക്ക് പോലെ പാട്ടിന് മാറ്റ് കൂടുകയേ ഉള്ളൂ അത്.." ഉദാഹരണമായി "കാറ്റിൽ ഇളം കാറ്റിൽ" (ഓടയിൽ നിന്ന്) എന്ന പ്രശസ്ത ഗാനത്തിന്റെ ചരണത്തിനൊടുവിൽ മാഷ് തുന്നിച്ചേർത്ത പി സുശീലയുടെ ഹമ്മിംഗ് ഓർമ്മയിൽ നിന്ന് പാടിക്കേൾപ്പിച്ചു ജോൺസൺ.

പാട്ടിന്റെ തുടക്കത്തിലെ "ആലാപി"നേക്കാൾ പലപ്പോഴും മനസ്സിനെ തൊടാറുള്ളത് ഇടക്ക് കടന്നുവരുന്ന ഹമ്മിംഗ് ശകലങ്ങൾ തന്നെ. "ഇത് മനുഷ്യനോ" എന്ന ചിത്രത്തിലെ സുഖമൊരു ബിന്ദു ദുഖമൊരു ബിന്ദു (ശ്രീകുമാരൻ തമ്പി-അർജ്ജുനൻ) എന്ന പാട്ടിന്റെ പല്ലവിയിലെ യേശുദാസിന്റെ ആലാപനത്തിൽ ബി വസന്ത ഒരു മൂളലായി ഒഴുകിച്ചേരുന്നത് കേട്ട് ശരിക്കും കോരിത്തരിച്ചു പോയിട്ടുണ്ട്. വാക്കുകളൊന്നുമില്ലാതെ തന്നെ എങ്ങനെ ഒരു ഈണം വാചാലവും അർത്ഥപൂർണവും ആകുമെന്ന് നാം തിരിച്ചറിയുന്നു ആ ഹമ്മിംഗിലൂടെ. പാട്ട് സ്വരപ്പെടുത്തിയ അർജ്ജുനൻ മാസ്റ്റർക്ക് നന്ദി.

വസന്തയുടെ ഹമ്മിംഗാണ് "ഉർവശി ഭാരതി"യിൽ ജയചന്ദ്രൻ പാടിയ "തുള്ളിത്തുള്ളി നടക്കുന്ന കള്ളിപ്പെണ്ണേ" എന്ന പാട്ടിന്റേയും മുഖ്യ ആകർഷണങ്ങളിലൊന്ന്. മൂളലിന്റെ ഒരു മഹോൽസവം തന്നെയൊരുക്കുന്നു ആ ഗാനത്തിൽ ദക്ഷിണാമൂർത്തി. ചരണത്തിൽ "നിൻ മിഴിക്കോണുകളിൽ ആരുവെച്ചു കാന്തം നിൻ മന്ദഹാസത്തിലീ മകരന്ദം" എന്ന വരിക്ക് പിന്നാലെയാണ് വസന്തയുടെ രംഗപ്രവേശം. "നീണ്ടു ചുരുണ്ടിരുണ്ട നിൻ നീലക്കരക്കുഴലിൽ" എന്ന അടുത്ത വരിക്കൊടുവിൽ വീണ്ടും കേൾക്കാം വസന്തയെ. തീർന്നില്ല: "നിർവൃതി നൽകും സുഗന്ധ"വുമായി ചരണം അവസാനിക്കുന്നിടത്ത് പ്രണയം തുളുമ്പുന്ന മൂളലുമായി തിരിച്ചെത്തുന്നു വസന്ത. ഓരോ ഹമ്മിംഗ് ശകലവും പകരുക ഓരോ ശ്രവ്യാനുഭൂതി.

പിൽക്കാല ഗാനങ്ങളിലുമുണ്ട് മനസ്സിനെ വിടാതെ പിന്തുടരുന്ന ഹമ്മിംഗ് ശകലങ്ങൾ. "ആയുഷ്കാല"ത്തിലെ "മൗനം സ്വരമായ്" (കൈതപ്രം-ഔസേപ്പച്ചൻ) എന്ന ഗാനം ഉദാഹരണം. യേശുദാസ് -ചിത്രമാരുടെ കോരിത്തരിപ്പിക്കുന്ന ഹമ്മിംഗാണ് ആദ്യകേൾവിയിലേ കാതിലും മനസ്സിലും പതിഞ്ഞത്. പല്ലവിയുടേയും രണ്ടു ചരണങ്ങളുടെയും അറ്റത്ത് തുന്നിപ്പിടിപ്പിച്ച കസവുഞൊറി പോലുള്ള ഹമ്മിംഗ്. "തകര"യിലെ "കുടയോളം ഭൂമി കുടത്തോളം കുളിര്" (പൂവച്ചൽ ഖാദർ - എം ജി രാധാകൃഷ്ണൻ) എന്ന പാട്ടിന്റെ ചരണത്തിലേക്ക് "പൂമാനമുറ്റത്തെ പൂപ്പട കണ്ടേ, മൂവന്തിയോരത്തെ പന്തല് കണ്ടേ അരികിൽ" എന്ന വരികൾക്ക് പിറകെ മനോഹരമായ ഒരു "ലാലാലാ"യുമായി ജാനകി കടന്നുവരുന്നത് കേൾക്കാൻ എന്തു രസം. യേശുദാസിന്റെ ആലാപനവും ജാനകിയുടെ ഹമ്മിംഗും തമ്മിലുള്ള മനോഹരമായ മത്സരമായി മാറുന്നു പിന്നീടങ്ങോട്ട് പാട്ട്.

ഉദാഹരണങ്ങൾ ഇനിയുമുണ്ട് നിരവധി. പ്രണയം മാത്രമല്ല, വിരഹവും വിഷാദവും പ്രതീക്ഷയും നിരാശയും വാത്സല്യവുമെല്ലാം നിറഞ്ഞ മൂളലുകൾ. ആ മൂളലുകൾ ഇല്ലാതെ ആ പാട്ടുകളുമില്ലല്ലോ.