പ്രാചീനകാലത്ത് ഭരണാധികാരികള്‍ കല്ലിലും മറ്റും കൊത്തിവച്ച രേഖകളാണ് ശാസനങ്ങള്‍. നാടുവാഴി നല്‍കുന്ന ഉത്തരവുകളോ യുദ്ധത്തിലും മറ്റും വിജയിച്ചതിന്റെ രേഖപ്പെടുത്തലുകളോ ആണ് ഇത്തരം ശാസനങ്ങളില്‍ കാണുന്നത്. ചുണ്ണാമ്പുകല്ല്, കരിങ്കല്ല്, ചെമ്പ് പാളി, മരം എന്നിയിലുള്ള ശാസനങ്ങള്‍ വിവിധ ദേശങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. 

To advertise here,

തരിസാപ്പിള്ളി ശാസനം, ജൂത ശാസനം, തിരുവാലങ്ങാട്ട് ശാസനം, വാഴപ്പള്ളി ശാസനം, പാലിയം ശാസനം, അശോകശാസനം, മാമ്പള്ളിശാസനം, മാടായിപ്പള്ളിശാസനം, ചോളശാസനങ്ങള്‍, ചോക്കൂര്‍ശാസനം, ചിതറാല്‍ശാസനം, തൃക്കൊടിത്താനംശാസനങ്ങള്‍, തിരുവൊറ്റിയൂര്‍ശാസനം, രാമേശ്വരം ശാസനം, വടക്കുന്നാഥക്ഷേത്ര ശാസനം, പാലയൂര്‍ പട്ടയം, ചിന്നമാന്നൂര്‍ ശാസനം,കഴുകുമല ശാസനം,വെള്ളായണി ശാസനം,മണലിക്കര ശാസനം, തിരുവാലങ്ങാട്ട് ശാസനം, തിരുവിടൈക്കോട്ടു ശാസനം,അവിട്ടത്തൂര്‍ ശാസനം,കണ്ടിയൂര്‍ ശാസനങ്ങള്‍,അരനാട്ടാര്‍മലൈ ശാസനം, വീരരാഘവപ്പട്ടയം, ഹജ്ജുര്‍ശാസനം, നെടുംമ്പുറം തളിശാസനങ്ങള്‍, തിരുവല്ലാ ചെപ്പേടുകള്‍, വേള്‍വിക്കുടി ചെപ്പേടുകള്‍, തിരുനെല്ലി ചെപ്പേടുകള്‍ തുടങ്ങി കേരളത്തിന്റെ ചരിത്രം തയ്യാറാക്കാന്‍ ഏറെ സഹായിച്ചിട്ടുള്ള ഏതാനും ചെപ്പേടുകളും ശിലാശാസനങ്ങളും പലപ്പോഴായി കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ക്രി.മു. മൂന്നാം ശതകത്തില്‍ അശോകചക്രവര്‍ത്തിയുടെ കാലം മുതല്‍ പതിനെട്ടാം നൂറ്റാണ്ടില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണം വരെ പല ഘട്ടങ്ങളിലായി ഈ ശാസനങ്ങളുടെ ഉത്ഭവം ചിതറിക്കിടക്കുന്നു. ഇവയില്‍ ചിലതെല്ലാം കേരളത്തിനു പുറത്താണ് ചമയ്ക്കപ്പെട്ടതും ശേഖരിക്കപ്പെട്ടതും.

അതിപ്രാചീനകാലം മുതലുള്ള പല തരം ശിലാരൂപങ്ങളും കേരളചരിത്രസംബന്ധിയായി വെളിച്ചത്തു വന്നിട്ടുണ്ട്. ഇവയില്‍ കൊടുങ്കല്ലറകള്‍, നടുകല്ലുകള്‍, പഴുതറകള്‍, കുടക്കല്ലുകള്‍, തൊപ്പിക്കല്ലുകള്‍, ശിലാഗുഹകള്‍, നന്നങ്ങാടികള്‍, ശിലാവിഗ്രഹങ്ങള്‍ തുടങ്ങി പ്രത്യേക ആവശ്യങ്ങള്‍ പ്രമാണിച്ച് നിര്‍മ്മിക്കപ്പെട്ടവയെ ശിലാരേഖകളായി കണക്കാക്കാനാവില്ല. എന്നാല്‍ എടക്കല്‍ ഗുഹകളിലുള്ളതുപോലുള്ള ശിലാചിത്രങ്ങളും രാമവര്‍മ്മപുരത്തും മറ്റുമുള്ള മഹാശിലായുഗസ്മാരകങ്ങളും ആശയവിനിമയോപാധികള്‍ എന്ന ഉദ്ദേശത്തില്‍ തന്നെ തയ്യാറാക്കപ്പെട്ടവയാണ് എന്നു കാണാം.  

ഉത്തരേന്ത്യയിലേതുപോലെ ചുണ്ണാമ്പുകല്ലുകളോ രക്തചന്ദനക്കല്ലുകളോ കേരളത്തില്‍ സാധാരണയായി ലഭ്യമല്ല. അതുകൊണ്ട് തനതായ ശിലാവൈവിദ്ധ്യങ്ങളില്‍ ഏറ്റവും ഈടുള്ളതും പണിവഴക്കമുള്ളതും എന്ന നിലയില്‍ കരിങ്കല്ലാണ് മിക്ക ശിലാശാസനങ്ങളിലും ഉപയോഗിച്ചിട്ടുള്ളതു്. ഒരു പക്ഷേ, പല ചരിത്രഘട്ടങ്ങളിലും മറ്റു തരം ശിലകളോ, കളിമണ്ണോ മരം കൊണ്ടുള്ള ദാരുഫലകങ്ങളോ ഉപയോഗിച്ചിട്ടുണ്ടാവാം. പക്ഷേ, അവയുടെ കുറഞ്ഞ ഈടു മൂലം പലതും ഇപ്പോള്‍ അവശേഷിച്ചിട്ടില്ല.

ക്രി.മു. 274 മുതല്‍ 237 വരെ തുടര്‍ന്ന അശോകന്റെ കാലഘട്ടത്തിലുള്ള രണ്ടാമത്തേയും പതിമൂന്നാമത്തേയും അശോകസ്തംഭങ്ങളാണ് കേരളത്തെപ്പറ്റി വ്യക്തമായ പരാമര്‍ശമുള്ള ആദ്യത്തെ ശിലാരേഖകള്‍. 'കേരളപുത്ര' എന്നു പരാമര്‍ശിക്കപ്പെടുന്ന രാജാവിന്റെ രാജ്യം അശോകസാമ്രാജ്യത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ ഒന്നാണെന്നു് ഇവയില്‍ കാണാം. ചെമ്പുകൊണ്ടുണ്ടാക്കിയ തകിടുകളില്‍ കുത്തിയോ വരഞ്ഞോ രേഖപ്പെടുത്തിയ വിവരണങ്ങളും ചിത്രങ്ങളും അടങ്ങിയ ശാസനങ്ങളാണ് ചെപ്പേടുകള്‍ അഥവാ താമ്രശാസനങ്ങള്‍ എന്നു പറയുന്നത്.. അന്നു ലഭ്യമായിരുന്ന മറ്റു പദാര്‍ത്ഥങ്ങളില്‍ നിന്നും വ്യത്യസ്തമായി, തുരുമ്പു പിടിക്കുകയോ ദ്രവിക്കുകയോ ചെയ്യുന്നില്ല എന്നതും, കുത്തിവരച്ചെഴുതാനുള്ള എളുപ്പവുമാണു് ചെമ്പുതാളുകള്‍ തന്നെ തെരഞ്ഞെടുക്കാന്‍ പ്രേരകം.

വാഴപ്പള്ളി ശാസനം, പെരിഞ്ചല്ലൂര്‍ ചേപ്പേട്, കണ്ടിയൂര്‍ ശാസനം, തരിസാപ്പള്ളി ചെപ്പേടുകള്‍, മാമ്പള്ളി പട്ടയം, വെള്ളായണി ശാസനം, സിറിയന്‍ ക്രിസ്ത്യന്‍ ശാസനം തുടങ്ങിയവയെല്ലാം നമ്മുടെ ചരിത്രത്തിലെ സുപ്രധാന രേഖകളാണ്. കേരള ചക്രവര്‍ത്തിയായിരുന്ന കോതരവി അവിട്ടത്തൂരിനടുത്തുള്ള താഴെക്കാട്ട് പള്ളിയില്‍ സ്ഥാപിച്ച ശാസനമാണ് താഴെക്കാട്ട് ശാസനം. തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന പഴയ കേരളീയ ബ്രാഹ്മണഗ്രാമങ്ങളില്‍ ഒന്നായ അവിട്ടത്തൂരിനു സമീപമാണ്  താഴെക്കാട്ട്. മലയാളഭാഷയുടെ വികാസപരിണാമങ്ങളെക്കുറിച്ച് പഠിക്കുന്നവര്‍ക്കുള്ള പ്രധാന രേഖകളിലൊന്ന് താഴെക്കാട്ട് ശാസനമാണ്. രണ്ട് ശാസനങ്ങളാണ് പ്രധാനമായും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആയിരവര്‍ എന്ന പ്രദേശത്തിന്റെ ഭരണകാര്യത്തില്‍ ഊരാളന്മാരും പൊതുവാളും ഇടപെടാന്‍ പാടില്ലെന്ന് കോതരവി കല്‍പ്പിക്കുന്നതാണ് ഒരു രേഖ. താഴെക്കാട് പീടിക പണിത് കച്ചവടം ചെയ്യാന്‍ രണ്ട് ക്രിസ്ത്യന്‍ വ്യാപാരികള്‍ക്ക് ജയസിംഹന്‍ എന്ന രാജാവ് അനുമതി നല്‍കുന്നതാണ് രണ്ടാമത്തെ രേഖ.

പരശുരാമന്‍ സ്ഥാപിച്ച 64 ബ്രാഹ്മണ ഗ്രാമങ്ങളില്‍ ഒന്നാണ് അവിട്ടത്തൂര്‍. ആവിടിപുത്തൂരാണ് പിന്നീട് അവിട്ടത്തൂരായതത്രേ. പ്രസ്തുത പ്രദേശത്ത് ഗ്രാമദേവതയെ പ്രതിഷ്ഠിച്ചത് അഗസ്ത്യമുനിയായിരുന്നുവെന്നും അതിനാല്‍ പ്രസ്തുത പ്രദേശത്തെ അഗസ്ത്യപുത്തൂരെന്ന് വിളിച്ചെന്നും വിശദീകരിക്കപ്പെടുന്നു.  അഗസ്ത്യപുത്തൂര്‍ ലോപിച്ച് അവിട്ടത്തൂരായതാണെന്നും പറയപ്പെടുന്നു. അവിട്ടത്തൂര്‍ ശിവക്ഷേത്രത്തിന് മുന്‍വശത്തായി അഗസ്ത്യമുനിയുടെ പ്രതിഷ്ഠ ഇന്നും കാണാം.

മതങ്ങളുടെ വൈവിധ്യത്തിന് കീര്‍ത്തികേട്ടതാണ് ഭാരതം. വൈദികവും അവൈദികവുമായ വിശ്വാസങ്ങള്‍ ഇവിടെ നിലനിന്നിരുന്നു. ബ്രാഹ്മണ സമുദായത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ഒന്നുംതന്നെ ചരിത്രത്തിലില്ല. ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതിയില്‍ ബ്രാഹ്മണര്‍ക്ക് ഉന്നതസ്ഥാനം കല്പിച്ചിരുന്നതായി അക്കാലത്തെ ചില സംഭവങ്ങള്‍ തെളിയിക്കുന്നു. പരശുരാമനാണ് ആദ്യമായി ബ്രാഹ്മണരെ കേരളത്തില്‍ കൊണ്ടുവന്നതെന്ന് പുരാണ അഭിപ്രായം ഉണ്ടെങ്കിലും ചരിത്രപരമായി ഇതിന് തെളിവുകളില്ല.

മലയാള ബ്രാഹ്മണരായ നമ്പൂതിരിമാര്‍ കേരളത്തില്‍ 64 ഗ്രാമങ്ങളിലായി താമസിച്ചിരുന്നതായും അവര്‍ക്ക് ആചാരങ്ങളിലും വേഷഭൂഷാദികളിലും ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്. അവിട്ടപുത്തൂര്‍, കൂടാതെ ഇരിങ്ങാലക്കുട, പെരുവനം, പയ്യന്നൂര്‍, ആലത്തൂര്‍, കാരത്തോട്, ചോകിരം, ഏറ്റുമാനൂര്‍, കുമാരനല്ലൂര്‍, ആറന്മുള, തിരുവല്ല, കിടങ്ങൂര്‍ തുടങ്ങിയവയും ബ്രാഹ്മണഗ്രാമങ്ങളില്‍ പ്രശസ്തിയാര്‍ജ്ജിച്ചിരുന്നു. ശബരിമലശാസ്താക്ഷേത്രത്തിന്റെ താന്ത്രികാവകാശികളായ താഴമണ്‍ മഠക്കാര്‍ താമസിച്ചിരുന്നത് ചെങ്ങന്നൂരാണ്. ഇതും പഴയ ബ്രാഹ്മണഗ്രാമങ്ങളില്‍ പ്രശസ്തമാണ്.

നമ്പൂതിരിമാരില്‍ത്തന്നെ സോമയാജി, അക്കിത്തിരി, ഭട്ടതിരി എന്നിങ്ങനെ വകഭേദങ്ങളുണ്ടായിരുന്നു. അഗ്ന്യാധാനം, അഗ്നിഷ്‌ടോമം, അതിരാത്രം എന്നീ മൂന്ന് യാഗങ്ങളും ചെയ്ത കര്‍മ്മിയെ അക്കിത്തിരി എന്നും വിളിച്ചിരുന്നു. അഗ്ന്യാധാനം അഥവാ ആധാരം മാത്രം ചെയ്ത ആളെ അടീരി എന്നും ആധാരത്തിനുശേഷം അഗ്നിഷ്‌ടോമം അഥവാ യാഗം കൂടി ചെയ്ത കര്‍മ്മി സോമയാജി എന്നും അറിയപ്പെടുന്നു. അക്കിത്തിരിയാണ് അഗ്നിഹോത്രി എന്ന പേരിലും അറിയപ്പെടുന്നത്. വേദം, പുരാണം, ഇതിഹാസം എന്നിവയില്‍ അഗാധ പാണ്ഡിത്യം നേടിയ ബ്രാഹ്മണനാണ് ഭട്ടതിരി എന്ന് അറിയപ്പെടുന്നത്.

ഉപനയനത്തിനുശേഷം ഗുരുകുലവാസം ചെയ്ത് ഗുരുമുഖത്തുനിന്ന് വേദം പഠിക്കുകയാണ് ഭട്ടതിരിയാകാനുള്ള പ്രാരംഭ ചടങ്ങ്. തുടര്‍ന്ന് സമാവര്‍ത്തം നടത്തും. ശേഷം ഭരദേവതാ ക്ഷേത്രത്തിലും ഗ്രാമക്ഷേത്രങ്ങളിലും ഭജനമിരിക്കും. ഇക്കാലത്ത് വേദത്തിന്റെ പദം ചൊല്ലി ക്രമം, ജട, രഥ മുതലായ പദപ്രയോഗങ്ങളെക്കൊണ്ടുള്ള പല വിദ്യകളും ശീലിക്കുകയും വേദാംഗങ്ങളായ ശിഷ, നിരുക്തം, ഛന്ദസ്സ് തുടങ്ങിയവയുടെ തത്ത്വങ്ങള്‍ മനസ്സിലാക്കുകയും ചെയ്യും. തുടര്‍ന്ന് ഒരു വ്യാഴവട്ടക്കാലം നീണ്ടുനില്‍ക്കുന്ന ശാസ്ത്രപഠനം നടത്തും. അതിനുശേഷമാണ് ഒരു ബ്രാഹ്മണന്‍ ഭട്ടതിരി സ്ഥാനത്തിന് അര്‍ഹനാകുന്നത്. പ്രധാന വകഭേദങ്ങള്‍ കൂടാതെ മുപ്പതോളം ഉപജാതികള്‍ ബ്രാഹ്മണരുടെ ഇടയില്‍ കാണപ്പെടുന്നു.

താഴെക്കാട്ട് ശാസനത്തില്‍ പരാമഷ്ടനായ കോത രവി എ.ഡി 917 മുതല്‍ 947വരെ കേരളം ഭരിച്ചിരുന്ന ചേരചക്രവര്‍ത്തിയാണ്. ഗോദരവിവര്‍മ്മ എന്നാണ് യഥാര്‍ത്ഥനാമം. രണ്ടാം ചേരസാമ്രാജ്യത്തിലെ അഞ്ചാമത്തെ രാജാവാണ് ഗോദരവിവര്‍മ്മ. രാമവര്‍മ്മ കുലശേഖരനുശേഷമാണ് ഇദ്ദേഹം സ്ഥാനാരോഹണം ചെയ്യുന്നത്. അവിട്ടത്തൂര്‍ ശാസനം ഇദ്ദേഹത്തിന്റെ 20-ാം  ഭരണ വര്‍ഷത്തിലേതാണ്. കോതരവിയുടെ കാലത്ത് കേരളം ഭരിച്ച കൊങ്ങന്‍ പടയെ പാലക്കാട്, കോഴിക്കോട്, വള്ളുവനാട് രാജാക്കന്‍മാരുടെ സഹായത്തോടെ തുരത്തിയതായി പറയപ്പെടുന്നു. ആയ് രാജ്യത്തിന്റെ ഭാഗമായിരുന്ന തിരുവനന്തപുരം ചേരസാമ്രാജ്യത്തില്‍ ലയിച്ചത് കോതരവിയുടെ കാലത്താണ്. മനുകുലാദിച്ച മംഗലം കോതരവി സ്ഥാപിച്ച ബ്രാഹ്മണദേവാലയമാണെന്ന് ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നു. നെടുംപുറം തളിക്ഷേത്രത്തിലും കോതരവിയുടെ പേരിലുള്ള ഒരു ശാസനം കാണപ്പെടുന്നുണ്ട്.

ചോള ചക്രവര്‍ത്തിയായ പരാന്തകന്‍ പാണ്ഡ്യരാജ്യം ആക്രമിച്ചത് കോതരവിയുടെ കാലത്താണ്. പാണ്ഡ്യരാജ്യത്തുനിന്ന് അഭയം തേടിയെത്തിയ മാരവര്‍മ്മന്‍രാജസിംഹന് കോതരവി അഭയം നല്‍കിയത് ചോളന്‍മാരും ചേരന്‍മാരും തമ്മിലുള്ള ശത്രുതയ്ക്ക് കാരണമായിത്തീര്‍ന്നു.

കോതരവിയുടെ നടപടി പരാന്തകനെ പ്രകോപിപ്പിച്ചു. തത്ഫലമായി അന്നേവരെ നിലനിന്ന ചേര-ചോള ബന്ധത്തിന് ഉലച്ചില്‍ ഉണ്ടാവുകയും വിദ്വേഷപരമായ മനോഭാവം ഉടലെടുക്കുകയും ചെയ്തു. ചോളന്‍മാര്‍ ചേരന്‍മാരെ ആക്രമിക്കുന്ന സ്ഥിതിവിശേഷം സംജാതമാവുകയും ചെറിയ രീതിയിലുള്ള യുദ്ധങ്ങള്‍ ഉണ്ടാവുകയും ചെയ്തു.  പ്രസ്തുത ആക്രമണം താത്കാലികമായിരുന്നുവെങ്കിലും തുടര്‍ന്നുണ്ടായ നൂറ്റാണ്ടുയുദ്ധത്തിന് അടിത്തറ പാകിയത് ഈ സംഭവമായിരുന്നു.

കോതരവി തന്റെ സാമ്രാജ്യത്തിന്റെ തെക്കനതിര്‍ത്തികള്‍ ശക്തിപ്പെടുത്തുകയും അവിടത്തെ വിദ്യാലയങ്ങളായിരുന്ന കാന്തള്ളൂരും മറ്റ് ശാലകളും സൈനിക കേന്ദ്രങ്ങളായി പരിവര്‍ത്തിപ്പിക്കുകയും ചെയ്തു. പ്രസ്തുത കാലഘട്ടത്തില്‍ രാജഭരണം സുശക്തമാക്കുന്നതിന്റെ ഭാഗമായാണ് അവിട്ടത്തൂര്‍ ശാസനവും പുറപ്പെടുവിച്ചത്. അവിട്ടത്തൂര്‍ ശാസനങ്ങള്‍ ഒന്നില്‍ പരാമൃഷ്ടനായ ജയസിംഹനും രാജസിംഹനും ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു. എ.ഡി 1028 മുതല്‍ 43വരെ കേരളം ഭരിച്ചിരുന്ന കുലശേഖര രാജാവാണ് രാജസിംഹന്‍. ചേളരാജാക്കന്‍മാരുടെ അധീശത്വം അംഗീകരിച്ചുകൊണ്ട് ഒരു സാമന്ത രാജാവെന്ന നിലയിലാണ് ഇദ്ദേഹം ഭരണം നടത്തിയിരുന്നതത്രേ. ഇത് സംബന്ധിച്ച തെളിവ് നല്‍കുന്നത് രാജസിംഹന്‍ പുറപ്പെടുവിച്ച മാന്നാര്‍ കോയില്‍ ശാസനമാണ്.

മണിഗ്രാമത്തിലെ ചാത്തന്‍വടുകള്‍, ഇരവിചാത്തന്‍ എന്നീ ക്രിസ്ത്യന്‍ കച്ചവടക്കാര്‍ക്ക് താഴെക്കാട് കച്ചവടം നടത്താന്‍ ചില അവകാശങ്ങളും അധികാരങ്ങളും അനുവദിച്ചുകൊടുത്തിരിക്കുന്നതിനെക്കുറിച്ചാണ് അവിട്ടത്തൂര്‍ ശാസനത്തില്‍ രാജസിംഹനുമായി ബന്ധപ്പെട്ട സൂചന. പ്രാചീന കച്ചവടസംഘങ്ങളായിരുന്നു അഞ്ചുവണ്ണവും മണിഗ്രാമവും. 'ഇരായ ചിങ്കപ്പെരുമാനടികള്‍ക്ക് താഴെക്കാട്ടേക്ക് ഏര്‍പ്പെടുത്തപ്പെട്ട കച്ചവടക്കാര്‍ക്ക് ഊരാര്‍ അവിരോതത്താര്‍ പീടിക കെട്ടുവാന്‍ ഏര്‍പ്പെടുത്തപ്പെട്ടു' എന്നിങ്ങനെയാണ് വിവരിച്ചിരിക്കുന്നത്.

ഒരു സ്ഥലത്ത് നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെ ചരിത്രം കൂടിയാണ് ശാസനങ്ങളില്‍ തെളിയുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ മണിഗ്രാമത്തിലെ കച്ചവടക്കാര്‍ക്ക് അവിട്ടത്തൂരില്‍ വന്ന് കച്ചവടം നടത്താന്‍ കഴിഞ്ഞിരുന്നു എന്നതിന്റെ തെളിവുകൂടിയാണ് ശാസനം നല്‍കുന്നത്. താഴെക്കാടുള്ള പള്ളിയുടെ അങ്കണത്തിലാണ് അവിട്ടത്തൂര്‍ ശാസനം ഇപ്പോള്‍ സ്ഥിതിചെയ്യുന്നത്. മേല്‍ക്കൂരകെട്ടി ഇതിനെ സംരക്ഷിച്ചിട്ടുണ്ട്. പ്രാചീന കേരള ചരിത്രത്തിലേയ്ക്ക് വെളിച്ചം വീശുന്ന രേഖകളായി ഇവ ശേഷിക്കുന്നു. ദൈവത്തില്‍ തുടങ്ങി മനുഷ്യനിലെത്തുന്ന ചരിത്രാന്വേഷണമാണ് പ്രാചീന കാലഘട്ടത്തില്‍ നടന്നിരുന്നതെങ്കില്‍ മനുഷ്യനില്‍ തുടങ്ങി അവന്റെ വികാസപരിണാമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതാണ് ആധുനിക ചരിത്രവീക്ഷണം. ശാസനങ്ങള്‍ ഇത്തരം വീക്ഷണത്തിന് ഗുണകരമായിത്തീരുന്നു.