
പാശ്ചാത്യലോകം കിഴക്കിനോടു കടപ്പെട്ടിരിക്കുന്ന ഏറ്റവും വിലപിടിച്ച സമ്മാനം ഭാരതത്തിന്റെ വേദങ്ങളാണെന്നു വിളിച്ചുപറഞ്ഞത് ഫ്രഞ്ച് തത്വചിന്തകനായ വോള്‍ട്ടയറായിരുന്നു. വേദങ്ങളില്‍ ഏറ്റവും പ്രധാനം ഋഗ്വേദവും. ലോകത്തെ അറിവിന്റെ ആദ്യ സമാഹാരമായ ഋഗ്വേദം സഹസ്രാബ്ധങ്ങളായി ഇവിടെ നിലനില്‍ക്കുന്നുണ്ട്. വേദപാഠശാലകളും വേദപരീക്ഷകളും രാജ്യത്ത് പലയിടങ്ങളിലും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ തികച്ചും വ്യത്യസ്തമാണ് കേരളീയ പാരമ്പര്യം.
കൈ കൊണ്ട് മുദ്ര കാട്ടിയും തലയാട്ടിയും അര്‍ത്ഥം തെറ്റാതെ പ്രത്യേക രീതിയില്‍ ഋക്ക് ചൊല്ലുന്ന രീതി കേരളീയ വേദപഠന പാരമ്പര്യത്തിന്റെ പ്രത്യേകതയാണ്. ഈ ആലാപനരീതിയാണ് വിഖ്യാതമായ കടവല്ലൂര്‍ അന്യോന്യത്തില്‍ പരീക്ഷിക്കുന്നത്. കേരളത്തിലെ വേദബ്രാഹ്‌മണന്മാരുടെ മത്സരപരീക്ഷയാണ് കടവല്ലൂര്‍ അന്യോന്യം. ഇത് ഒരു തരത്തില്‍ വേദോച്ചാരണം അല്ലെങ്കില്‍ വേദപാരായണ മത്സരമാണെന്നും പറയാം. കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂരില്‍ വര്‍ഷാവര്‍ഷം നടക്കുന്ന ഋഗ്വേദ പാരായണ മത്സരമാണ് കടവല്ലൂര്‍ അന്യോന്യം. അധികാരം നിലനിര്‍ത്താന്‍ പണ്ട് ഭാരതപ്പുഴയുടെ തീരത്ത്, തിരുനാവായ മണപ്പുറത്ത് മാമാങ്കത്തില്‍ ഏറ്റുമുട്ടിയിരുന്നതു സാമൂതിരിയും വള്ളുവക്കോനാതിരിയും തമ്മിലായിരുന്നുവെങ്കില്‍ അറിവിന്റെ മാമാങ്കമായ കടവല്ലൂര്‍ അന്യോന്യത്തില്‍ ഏറ്റുമുട്ടുന്നത് സാമൂതിരി രാജ്യത്തിന്റെ വേദ മികവും കൊച്ചിരാജ്യത്തിന്റെ വൈദിക പാരമ്പര്യവുമാണ്.
രണ്ട് ബ്രഹ്‌മസ്വം മഠങ്ങളിലെ ബ്രാഹ്‌മണന്മാരാണ് ഈ പരീക്ഷയില്‍ മാറ്റുരയ്ക്കുക. തൃശൂര്‍ ബ്രഹ്‌മസ്വം മഠത്തിലേയും തിരുനാവായ ബ്രഹ്‌മസ്വം മഠത്തിലേയും നമ്പൂതിരിമാര്‍ പങ്കെടുക്കുന്ന ഈ മത്സരം പണ്ടുകാലത്ത് സാമൂതിരി രാജാവിന്റേയും കൊച്ചി രാജാവിന്റേയും പണ്ഡിതന്മാര്‍ തമ്മിലുള്ള മത്സരമായും മാറിയിരുന്നു. തിരുനാവായ മഠം സാമൂതിരിയുടെ കീഴിലും തൃശൂര്‍ മഠം കൊച്ചിരാജാവിന്റെ കീഴിലുമാണുണ്ടായിരുന്നത്.
വേദവിജ്ഞാനത്തിന്റെ മാമാങ്കവേദിയില്‍ തൃശ്ശൂര്‍ യോഗക്കാരും തിരുനാവായ യോഗക്കാരും മാറ്റുരയ്ക്കുന്ന കടവല്ലൂര്‍ അന്യോന്യം കടവല്ലൂരിലെ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും വൃശ്ചികമാസത്തില്‍ എട്ടു ദിവസങ്ങളിലായാണ് നടക്കുന്നത്. ഏകാദശി, വാവ് തുടങ്ങിയ ഉപവാസ ദിവസങ്ങള്‍ ഒഴിവാക്കും. കേരളത്തിലെ പ്രധാനപ്പെട്ട രണ്ടു ഋഗ്വേദ പാഠശാലകളായ തിരുനാവായ മഠം, തൃശ്ശൂര്‍ ബ്രഹ്‌മസ്വം മഠം എന്നിവിടങ്ങളിലെ വേദ പഠന വിദ്യാര്‍ഥികളാണ് ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്. പണ്ടു തൃശ്ശൂരില്‍ നടന്നിരുന്ന അന്യോന്യം വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ കടവല്ലൂരിലേക്കു മാറ്റിയിരുന്നു. ഇരു മഠങ്ങള്‍ക്കും മധ്യേയുള്ള പ്രദേശം എന്ന നിലയിലാണ് തൃശ്ശൂര്‍-മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയായ കടവല്ലൂരിലെ പുരാതനമായ ശ്രീരാമ ക്ഷേത്ര സന്നിധി അന്യോന്യത്തിനു വേദിയായത്.
വാരമിരിക്കുക, ജടചൊല്ലുക, രഥ ചൊല്ലുക എന്നിവയാണ് പരീക്ഷയ്ക്കുള്ള വിഷയങ്ങള്‍. പരീക്ഷയ്ക്കു ചേരുവാന്‍ ഉദ്ദേശിക്കുന്നവര്‍ പല പ്രാവശ്യവും ഓരോരോ അമ്പലങ്ങളില്‍ നടക്കുന്ന വാരങ്ങളില്‍ പോയി, വേദം ചൊല്ലണം. 'സമക്ഷത്തുചൊല്ലല്‍' എന്നാണിതറിയപ്പെടുന്നത്. കിഴക്കുപടിഞ്ഞാറ് എന്ന പരീക്ഷയാണ് കടവല്ലൂര്‍ അന്യോന്യത്തിലേക്കുള്ള തിരഞ്ഞെടുപ്പ്. തൃശ്ശൂര്‍ ബ്രഹ്‌മസ്വം മഠത്തില്‍ വെച്ച് തുലാമാസത്തിലാണ് ഈ പരീക്ഷ നടക്കുക. ഇതില്‍ രണ്ടു വാരമെങ്കിലും ശരിയാവുന്നവര്‍ക്കേ കടവല്ലൂര്‍ വാരമിരിക്കാന്‍ യോഗ്യത ലഭിക്കുകയുള്ളൂ.
കടവല്ലൂര്‍ ജട ചൊല്ലുവാന്‍ ഇച്ഛിക്കുന്ന ആള്‍ കിഴക്കു പടിഞ്ഞാറ്' പരീക്ഷയില്‍ നാലു ജട പിഴയ്ക്കാതെ ചൊല്ലണം. രഥ ചൊല്ലുന്നവന്‍ അവിടെ രണ്ടു രഥ' പിഴയ്ക്കാതെ ചൊല്ലണം. കിഴക്കു പടിഞ്ഞാറ്' പരീക്ഷയില്‍ ജടയും രഥയും ചൊല്ലുമ്പോള്‍ രണ്ടു പിഴവുകള്‍ വരെ ക്ഷന്തവ്യമാണ്. എന്നാല്‍ മൂന്നു പിഴ പിഴച്ചാല്‍ (കലമ്പുക' എന്നാണു നമ്പൂതിരിമാരുടെ ഇടയിലുള്ള പ്രയോഗം) അയാള്‍ പരാജയപ്പെട്ടതായി കണക്കാക്കും. കിഴക്ക് പടിഞ്ഞാറ് പരീക്ഷ തുലാം 25ന് ആണ് അവസാനിക്കുക. വൃശ്ചികം ഒന്നാം തിയ്യതി രഥ, മൂന്നാം തിയ്യതി ജട എന്നാണ് മത്സരക്രമം. പരീക്ഷ പതിനാറുമുതല്‍ ഇരുപത്തിനാലു ദിവസം വരെ നീണ്ടുനില്‍ക്കാം. ലോകത്തെ വിസ്മയപ്പെടുത്തിയ ഭാരതീയ വേദ വിജ്ഞാനത്തെ കലര്‍പ്പില്ലാതെ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ അന്യോന്യം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
തൃശ്ശൂര്‍ ബ്രഹ്‌മസ്വംമഠം കേന്ദ്രമാക്കി വേദഭ്യസനം നടത്തിയിരുന്നവരില്‍ ഒരു വിഭാഗം തന്നെയാണ് ഇപ്പോഴത്തെ തിരുനാവായ യോഗക്കരുടെ മുന്‍ഗാമികളെന്നാണ് പറയപ്പെടുന്നത്. കൊച്ചി രാജ്യം വിട്ട് സാമൂതിരിയെ അഭയം പ്രാപിച്ച വേദപണ്ഡിതര്‍ക്കായി തിരുനാവായില്‍ മഠം തുടങ്ങി. പിന്നീട് ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തിരുനാവായിലെ വേദജ്ഞര്‍ കോട്ടയം തിരുനക്കരയിലെത്തി മഠമുണ്ടാക്കി. പിന്നീട് ഇവര്‍ സാമൂതിരി നാട്ടിലേക്കു തിരിച്ചുപോയി. അതിനുശേഷമാണ് ഭാരതപ്പുഴയുടെ തേക്കേതീരത്ത് തവനൂരില്‍ ഇന്നറിയപ്പെടുന്ന തിരുനാവായ മഠം എന്ന പേരില്‍ വേദപാഠശാല ആരംഭിച്ചതത്രെ. അന്യോന്യത്തിലെ വേദപരീക്ഷകള്‍ എല്ലാം രാത്രിസമയത്താണ് നടത്താറുള്ളത്. പകല്‍ അന്യോന്യ മണ്ഡപത്തിനു പുറത്ത് സെമിനാറുകളും ചര്‍ച്ചകളും നടക്കും. തുലാം 30ന്-വൈകുന്നേരം രണ്ടു യോഗക്കാരും കടവല്ലൂര്‍ എത്തും. ആദ്യത്തെ ദിവസത്തെ പരീക്ഷയുടെ പേര്‍ 'മുന്‍പിലിരിക്കലും' രണ്ടാംവാര'വുമാകുന്നു. 'മുന്‍പിലിരിക്കുക' എന്നുവച്ചാല്‍ ഒന്നാമതായി വാരമിരിക്കുക എന്നര്‍ത്ഥം. ഋഗ്വേദത്തിലെ ഏതെങ്കിലും അഷ്ടകത്തിലെ 10 മന്ത്രങ്ങള്‍ ക്രമരൂപത്തില്‍ ചൊല്ലുന്നതാണ് വാരമിരിക്കല്‍. ആദ്യം വാരം ചൊല്ലുന്നതിനേ മുന്‍പിലിരിക്കലെന്നും എതിര്‍യോഗത്തിന്റെ വാരത്തെ രണ്ടാം വാരം എന്നും പറയും. പിന്നത്തെ പരീക്ഷ ജട'യും രഥ'യുമാണ്. വാരമിരിയ്ക്കലിനു ശേഷമാണ് ജട-രഥ പ്രയോഗങ്ങള്‍. ക്ഷേത്രത്തിലെ അത്താഴപ്പൂജ കഴിഞ്ഞേ ജട-രഥ പ്രയോഗം ആരംഭിക്കൂ. ഓരോ യോഗത്തിലേയും രണ്ടുപേര്‍ ചേര്‍ന്നാണു ജടയും രഥയും ചൊല്ലേണ്ടത്. വേദമന്ത്രങ്ങള്‍ ഉദാത്ത, അനുദാത്ത, സ്വരിത, വൈഖരി ഭേദങ്ങളോടെ ക്രമം തെറ്റാതെ ചൊല്ലുകയാണു ഇതില്‍ ചെയ്യുന്നത്. പതിനായിരത്തിലേറെ മന്ത്രങ്ങള്‍ (ഋക്കുകള്‍) തെറ്റാതെ ചൊല്ലാന്‍ അറിയണം. അതിന് ഒന്നിനൊന്നു മേലേക്കിടയിലുള്ള പരീക്ഷകളാണ് 'കടന്നിരിക്കലും' വലിയ കടന്നിരിക്ക'ലും. ഇവ രണ്ടും രഥയിലുള്ള പ്രയോഗവിശേഷങ്ങള്‍ തന്നെ. ചൊല്ലുന്നവരുടെ സംഹിതപദം എന്നിവയിലെ ജ്ഞാനം, ശബ്ദത്തിന്റെ യോജിപ്പ്, സ്വരവേഗം എന്നിവ ഒത്തുവരുന്നവരാണു കടന്നിരിക്കലില്‍ യോഗ്യത നേടുന്നത്. വലിയ കടന്നിരിക്കലില്‍ വിജയിയായ വൈദികന് സമുദായത്തില്‍ വലിയ സ്ഥാനം ലഭിക്കുന്നു. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനും തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തിനും ഇടയ്ക്ക് പടിഞ്ഞാറു മാറിയാണ് കടവല്ലൂര്‍ ഗ്രാമം. കുന്നംകുളത്തു നിന്ന് ഏതാണ്ട് 10 കിലോമീറ്റര്‍ അകലെയാണിത്. കടവല്ലൂര്‍ ശ്രീരാമ ക്ഷേത്രത്തിലെ കൂത്തമ്പലം എന്നറിയപ്പെടുന്ന മണ്ഡപത്തിലാണു അന്യോന്യത്തിന്റെ വേദപരീക്ഷകള്‍ നടക്കുക.

ഈ മത്സര പരീക്ഷയുടെ ഏറ്റവും കൂടിയ പദവി 'വലിയ കടന്നിരിക്കലാ'ണ്. തൊട്ടുതാഴെ കടന്നിരിക്കല്‍ അല്ലെങ്കില്‍ ചെറിയ കടന്നിരിക്കല്‍. വലിയ കടന്നിരിക്കല്‍ പദവി നേടിയ പണ്ഡിതന്മാരാരും ഇന്ന് ജീവിച്ചിരിപ്പില്ല.തൃശൂര്‍, തിരുനാവായ മഠങ്ങളിലായി കഷ്ടിച്ച് 40 പേര്‍ മാത്രമേ വലിയ കടന്നിരിക്കലിന് അര്‍ഹത നേടിയിട്ടുള്ളു. ചെറിയ കടന്നിരിക്കലിനാകട്ടെ 100 ലധികം പണ്ഡിതര്‍ നേടുകയും ചെയ്തു. അന്യോന്യത്തില്‍ പങ്കെടുക്കുന്നതിനു മുമ്പ് രണ്ട് മഠങ്ങളിലേയും അന്തേവാസികളും പൂര്‍വവിദ്യാര്‍ഥികളും പണ്ഡിതന്മാരും ചേര്‍ന്നിരുന്ന് മത്സരത്തില്‍ പങ്കെടുക്കാനുള്ള പരിചയം സിദ്ധിക്കാനുള്ള പ്രയോഗങ്ങള്‍ നടത്താറുണ്ട്. മഠങ്ങളില്‍ ഋഗ്വേദ പഠനവും അധ്യാപനവും ആണ് അന്യോന്യത്തില്‍ പങ്കെടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഋഗ്വേദ സംഹിത മുഴുക്കെ പറഞ്ഞുകേട്ട് മനഃപാഠം ആക്കണം. രണ്ടാം ഘട്ടത്തില്‍ പദ വിഭജനം സ്വീകരിക്കുന്നു. പിന്നീടേ പ്രയോഗത്തിലേക്ക് കടക്കൂ. പല പ്രയോഗരീതികളും നിലവിലുണ്ടെങ്കിലും കേരളത്തില്‍ വാരം, ജഡ, രഥ എന്നീ മൂന്നു രീതികളേ നിലനിന്നുവരുന്നുള്ളു. നല്ല മേധാശക്തിയും ഓര്‍മ്മശക്തിയും ഉച്ചാരണശുദ്ധിയും സംഗീതബോധവും തലകൊണ്ടും കൈകൊണ്ടുമുള്ള ആംഗ്യമുദ്ര പ്രയോഗ രീതികളും വശമുള്ളവര്‍ക്കേ പ്രയോഗം സാധ്യമാകൂ. 1947 വരെ കടവല്ലൂര്‍ അന്യോന്യം മുടക്കം കൂടാതെ നടന്നുപോന്നു. പിന്നീട് ഇടക്കാലത്ത് മുടങ്ങി. ഇപ്പോള്‍ വീണ്ടും വര്‍ഷമായി കടവല്ലൂര്‍ ശ്രീരാമക്ഷേത്രത്തില്‍ ഈ വേദപരീക്ഷ നടക്കുന്നു.
Content Highlights: Kadavalloor Anyonyam Vedic recitation Kerala Brahmin competition ritual tradition Rigveda Thrissur
Published: 16 Jan 2025, 01:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented