കേരളം വെന്തുരുകുമ്പോൾ 2023 മെയ് പത്ത് മറക്കാനാവില്ല. അന്നാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റലഗുലേറ്ററി കമ്മീഷൻ (കെ.എസ്.ഇ.ആർ.സി.) 465 മെഗാവാട്ട് വൈദ്യുതി 25 കൊല്ലത്തേക്ക് കേരളത്തിന് ലഭ്യമാക്കിയിരുന്ന ദീർഘകാല കരാർ റദ്ദാക്കിയത്. ചെയർമാൻ ടി.കെ. ജോസും അംഗം എ.ജെ. വിത്സനും അടങ്ങിയ കമ്മീഷൻ കരാർ റദ്ദാക്കിയത് നടപടി ക്രമങ്ങളിലെ ലംഘനം ചൂണ്ടിക്കാട്ടിയാണ്. കേരളത്തെ ഇരുട്ടിലാഴ്ത്താനുള്ള വഴിയാണ് തങ്ങൾ വെട്ടിയൊരുക്കിയതെന്ന് ഇവർ ഇപ്പോൾ തിരിച്ചറിയുന്നുണ്ടോ എന്നറിയില്ല. കെ. കൃഷ്ണൻ കുട്ടിയായിരുന്നു അന്നത്തെ വൈദ്യുതി മന്ത്രി. കെഎസ്ഇആർസിയുടെ നടപടിക്ക് തുടക്കത്തിൽ കൃഷ്ണൻകുട്ടിയുടെ പിന്തുണ ഉണ്ടായിരുന്നു. എന്നാൽ, കേരളം വൈദ്യുതി പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതോടെ കൃഷ്ണൻകുട്ടി നിലപാട് മാറ്റി.

To advertise here,

2013 ജനുവരിയിൽ ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെ ആണ് ഉമ്മൻചാണ്ടി സർക്കാർ 25 കൊല്ലത്തേക്കുള്ള ദീർഘകാല കരാർ ഒപ്പിട്ടത്. കേന്ദ്ര സർക്കാർ ആയിടെ കൊണ്ടുവന്ന ഒരു പദ്ധതി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള കരാറായിരുന്നു അത്. ഒരു യൂണിറ്റിന് 4.29 രൂപയ്ക്ക് 465 മെഗാവാട്ട് ലഭ്യമാക്കുന്ന കരാർ. 2038 വരെ കരാറിന് സാധുത ഉണ്ടായിരുന്നു. കരാർ പ്രകാരം ജിണ്ടാൽ പവർ ലിമിറ്റഡ് 150 മെഗാവാട്ടും ജാബുവ പവർ ലിമിറ്റഡ് 215 മെഗാവാട്ടും ജിൻഡാൽ ഇന്ത്യ തെർമൽ പവർ ലിമിറ്റഡ് 100 മെഗാവാട്ടും കേരളത്തിന് നൽകണം. കെഎസ്ഇബി കരാർ ഒപ്പിട്ടത് തങ്ങളുടെ അനുമതി ഇല്ലാതെയാണ് എന്നതായിരുന്നു കെഎസ്ഇആർസിയുടെ എതിർപ്പിന്റെ അടിസ്ഥാനം.

പിണറായിയും എം.എം. മണിയും

ഉമ്മൻചാണ്ടി സർക്കാരിന് ശേഷം 2016-ൽ അധികാരത്തിലെത്തിയ പിണറായി സർക്കാർ മനസ്സുകൊണ്ട് ഈ കരാറിന് അനുകൂലമായിരുന്നില്ല. കരാറിൽ നടപടിക്രമങ്ങളുടെ ലംഘനവും അഴിമതിയുടെ കറയുമുണ്ടെന്ന നിലപാടായിരുന്നു പിണറായി സർക്കാരിനും ഇടതുമുന്നണിക്കും. എന്നിട്ടും അന്നത്തെ വൈദ്യുതി മന്ത്രി എം.എം. മണി കരാർ റദ്ദാക്കാൻ സമ്മതിച്ചില്ല. കാരണം, കരാർ ഇല്ലാതായാൽ കേരളം ഇരുട്ടിലേക്ക് വീണേക്കുമെന്ന് മണിയും മുഖ്യമന്ത്രി പിണറായിയും തിരിച്ചറിഞ്ഞിരുന്നു.

രണ്ടാം പിണറായി സർക്കാരിൽ വൈദ്യുതി മന്ത്രിക്കസേരയിലേക്ക് കെ. കൃഷ്ണൻകുട്ടി വന്നു. എം.എം. മണി സിപിഎമ്മുകാരനാണ്. കൃഷ്ണൻകുട്ടി സഖ്യകക്ഷി നേതാവും. വൈദ്യുതി വകുപ്പ് നിർണ്ണായക വകുപ്പാണെന്നും അത് സഖ്യകകഷികൾക്ക് വിട്ടുകൊടുക്കരുതെന്നും പൊതുവെ സിപിഎമ്മിനും കോൺഗ്രസിനും അഭിപ്രായമുണ്ട്.

പക്ഷേ, ചില ഘട്ടങ്ങളിൽ മുന്നണിയിലെ ഘടക കക്ഷികളെ തൃപ്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചില വകുപ്പുകൾ വിട്ടുകൊടുക്കേണ്ടി വരും. എന്തായാലും കൃഷ്ണൻകുട്ടി മന്ത്രിയായിരിക്കെയാണ് കരാർ കെഎസ്ഇആർസി റദ്ദാക്കിയത്.

 

കെഎസ്ഇആർസിയുടെ കളി

കെഎസ്ഇആർസി ഒരു സ്വതന്ത്ര സ്ഥാപനമാണെന്നാണ് വെപ്പ്്. അതുകൊണ്ടാണ് തങ്ങളല്ല കെഎസ്ഇആർസിയാണ് കരാർ റദ്ദാക്കിയതെന്ന് പിണറായി വിജയനും സിപിഎമ്മും നാഴികയ്ക്ക് നാൽപത് വട്ടം പറയുന്നത്. സ്വതന്ത്ര സ്ഥാപനമാണെങ്കിലും കെഎസ്ഇആർസിയിലെ അംഗങ്ങളെ നിയമിക്കുന്നതിൽ സംസ്ഥാന സർക്കാരിന് നിർണ്ണായക പങ്കുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരിനെ പിണക്കിക്കൊണ്ടുള്ള തീരുമാനങ്ങൾ പൊതുവെ കെഎസ്ഇആർസി എടുക്കാറില്ല.

യൂണിറ്റിന് 4.29 രൂപയ്ക്ക് 25 കൊല്ലം 465 മെഗാവാട്ട് വൈദ്യുതി ഉറപ്പാക്കിയിരുന്ന കരാർ റദ്ദാക്കിയത് തികഞ്ഞ മണ്ടത്തരമായിപ്പോയി എന്ന് ഇന്നിപ്പോൾ ആരെയെങ്കിലും ബോദ്ധ്യപ്പെടുത്തേണ്ടതായുണ്ടെന്ന് തോന്നുന്നില്ല. യൂണിറ്റിന് 15 രൂപ കൊടുക്കാമെന്ന് പറഞ്ഞിട്ടും വൈദ്യുതി കിട്ടാനില്ലെന്നാണ് കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞത്.

കരാർ റദ്ദാക്കിയത് അബദ്ധമാണെന്ന് മനസ്സിലാക്കിയ പിണറായി സർക്കാർ തന്നെ വൈദ്യുതി നിയമത്തിലെ 108-ാം വകുപ്പ് ഉപയോഗിച്ച് കരാർ പ്രകാരം വൈദ്യുതി വാങ്ങുന്നത് തുടരണമെന്ന് നിർദ്ദേശിക്കുകയും കെഎസ്ഇആർസി അതിനോട് യോജിക്കുകയും ചെയ്തിരുന്നു. 2023 ഒക്ടോബർ നാലിന് ചേർന്ന ഉന്നത മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്.

 

നേട്ടം സ്വകാര്യ കമ്പനികൾക്ക്

പക്ഷേ, അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. കരാർ റദ്ദാക്കിയതിൽ ഏറ്റവും സന്തോഷം സ്വകാര്യ കമ്പനികൾക്കായിരുന്നു. വൈദ്യുതി വിപണിയിൽ അപ്പോഴേക്കും സ്വകാര്യ കമ്പനികൾ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചിരുന്നു.

യൂണിറ്റിന് 4.29 രൂപയ്ക്ക് 25 കൊല്ലം വൈദ്യുതി നൽകുന്ന പൊല്ലാപ്പിൽനിന്നും എങ്ങിനെ പുറത്തു കടക്കുമെന്ന് ജിൻഡാലും കൂട്ടരും തലപുകയവെ ആണ് രോഗി ഇച്ഛിച്ചതും പാല് വൈദ്യൻ കൽപിച്ചതും പാല് എന്ന മട്ടിൽ കെഎസ്ഇആർസി കരാർ റദ്ദാക്കിയത്. കരാർ തുടരണമെന്ന് കെഎസ്ഇബി ശഠിച്ചെങ്കിലും പോയി പണി നോക്കാനാണ് സ്വകാര്യ കമ്പനികൾ പറഞ്ഞത്.

കെഎസ്ഇബിയുടെ പരാതിയിൽ ഇലക്ട്രിസിറ്റി അപ്പല്ലേറ്റ് ട്രിബ്യൂണൽ കെഎസ്ഇആർസി കരാർ റദ്ദാക്കിയ നടപടി ശരിവെച്ചു. ജാബുവ പവർ ലിമിറ്റഡിനെതിരെ കെഎസ്ഇബി സുപ്രീം കോടതിയിൽ പോയെങ്കിലും കരാർ റദ്ദാക്കിയ സാഹചര്യത്തിൽ തുടർന്നും അതേ വിലയ്ക്ക് വൈദ്യുതി നൽകാനാവില്ലെന്ന ജാബുവയുടെ നാലപാട് സുപ്രീം കോടതി അംഗീകരിച്ചു.

2130 കോടി രൂപയുടെ നഷ്ടമാണ് ഈ കരാർ റദ്ദായതിലൂടെ കേരളത്തിനുണ്ടായത്. ചുരുക്കിപ്പറഞ്ഞാൽ കെഎസ്ഇആർസി എടുത്ത നടപടിയുടെ കറുത്ത നിഴൽ ഇന്നിപ്പോൾ കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക്്് മേൽ നീണ്ടു നിവർന്നു കിടക്കുന്നുണ്ട്.

കെപിസിസി പ്രസിഡന്റും മന്ത്രിസ്ഥാനവും

പഷേ, നിലവിലുള്ള വൈദ്യുതി മന്ത്രി സണ്ണി ജോസഫ് തിരിച്ചറിയേണ്ട ഒരു സംഗതി കെഎസ്ഇആർസിയേയും പിണറായി സർക്കാരിനേയും പഴി പറഞ്ഞിരുന്നാൽ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമുണ്ടാവില്ല എന്നാണ്.

ഇക്കുറി മഴ കുറവായിരിക്കുമെന്ന് എത്രയോ മാസങ്ങൾക്ക് മുമ്പേ മുന്നറിയിപ്പ് കിട്ടിയതാണ്. ഓപ്പൺ മാർക്കറ്റിൽനിന്നു വൈദ്യുതി ഉറപ്പാക്കിയില്ലെങ്കിൽ ജനങ്ങൾക്ക് ഉറക്കമില്ലാ രാത്രികളായിരിക്കുമെന്ന് പാലച്ചോട്ടിൽ കണിയാൻ കവടി നിരത്തിപ്പറയേണ്ടതുണ്ടോ? അതുകൊണ്ട് മന്ത്രി സണ്ണി ജോസഫ് ആദ്യം ചെയ്യേണ്ടത് കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുകയാണ്.

മന്ത്രിപ്പണിയും കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് പദവിയും ഒരേ സമയം കൊണ്ടു നടക്കാൻ ഒരാൾക്കും പറ്റില്ല. സിപിഎം പോലൊരു പാർട്ടിയിൽ പോലും രണ്ട് പണികളും ഒന്നിച്ചു പറ്റില്ല എന്നറിയാമായിരുന്നതുകൊണ്ടാണ് 1998-ൽ പിണറായി വിജയൻ വൈദ്യുതി മന്ത്രി പദവി രാജിവെച്ച് പാർട്ടി സെക്രട്ടറിയായത്. വൈദ്യതി മന്ത്രി സ്ഥാനത്തോട് നീതി പുലർത്തണമെങ്കിൽ സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് പദവി എത്രയും പെട്ടെന്ന് ഒഴിയണം.

തമിഴ്നാട് ചെയ്യുന്നത്

കേരളത്തിന്റെ മൊത്തം വൈദ്യുതി ആവശ്യം ഇന്നിപ്പോൾ ഒരു ദിവസം ഏകദേശം 5,200 മെഗാവാട്ട് ആണ്. ലഭ്യമാവുന്നത് 4,200 മെഗാവാട്ടനിടുത്തും. ഇതിൽ കേരളത്തിന്റെ സ്വന്തം വൈദ്യുതി ഉത്പാദനമായ ജല വൈദ്യുതി പദ്ധതി 25 ശതമാനത്തോളം വരും. ഏറിയാൽ രണ്ടു രൂപയേ കേരളത്തിന് ഇന്നിപ്പോൾ ഒരു യൂണിറ്റ് ജല വൈദ്യുതി ഉത്്പാദിപ്പിക്കാൻ ചെലവുള്ളു. പക്ഷേ, പുറത്തുനിന്നുള്ള വൈദ്യുതിക്ക് 20 രൂപ വരെ ഈടാക്കാമെന്ന് കേന്ദ്ര സർക്കാർ വ്യവസ്ഥയുണ്ട്. 2024- 25 ൽ വൈദ്യുതി വാങ്ങാൻ ചെലവഴിച്ചത് 10,597 കോടി രൂപ. വരുമാനത്തിന്റെ 46.7 ശതമാനം.

തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ ഇക്കഴിഞ്ഞ ഏപ്രിൽ 29-ന്് 21,307 മെഗാവാട്ട് വൈദ്യുതിയാണ് തമിഴ്നാടിന് ആവശ്യമായി വന്നത്. തമിഴ്നാടിന്റെ ചരിത്രത്തിലെ സർവ്വകാല റെക്കോഡ്. ഒരു ദിവസം ശരാശരി ഇരുപതിനായിരം മെഗാവാട്ടിൽ കൂടുതൽ വൈദ്യുതി തമിഴ്നാടിന് വേണ്ടിവരും. തമിഴ്നാടിനും ആഭ്യന്തര വൈദ്യുതി ഉത്പാദനം 30 ശതമാനത്തിനടുത്തേയുള്ളു.

2024-ൽ തമിഴ്നാട് വൈദ്യുതി ബോർഡിന്റെ വരുമാനം 1,00,417.13 കോടി രൂപയായിരുന്നു. ഇതിൽ 75,960.32 കോടി രൂപ തമിഴ്നാട് പുറത്തുനിന്നു വൈദ്യുതി വാങ്ങാൻ ചെലവാക്കി. അതായത് വരുമാനത്തിന്റെ 75 ശതമാനവും വൈദ്യുതി വാങ്ങാൻ ചെലവാക്കുകയാണ്. കടുത്ത വേനലിൽപോലും വലിയ തോതിൽ ജനങ്ങളെ ഇരുട്ടിലാക്കാതെ തമിഴ്നാട് സർക്കാർ നോക്കുന്നത് പുറത്തുനിന്നുള്ള വൈദ്യുതി ഉറപ്പു വരുത്തിക്കൊണ്ടാണ്. ചെന്നൈയിൽ ഈ ലേഖകൻ താമസിക്കുന്ന വീട്ടിൽ ഇപ്പോഴും ഇൻവെർട്ടർ ഇല്ലെന്ന് പറഞ്ഞാൽ വൈദ്യുതി ലഭ്യതയുടെ ഗുണം പിടി കിട്ടും.

1,400 മെഗാവാട്ട് വൈദ്യുതി സൗരോർജ്ജത്തിൽനിന്നു കേരളത്തിൽ ലഭ്യമാണെന്നാണറിയുന്നത്. ഇത്രയും വൈദ്യുതി കിട്ടാൻ 14,000 കോടിയെങ്കിലും കെഎസ്ഇബി മുതൽമുടക്കേണ്ടി വരുമായിരുന്നു. ജനങ്ങൾ സ്വന്തം നിലയ്ക്ക് ഉത്പാദിപ്പിക്കുന്ന ഈ വൈദ്യുതി സംഭരിച്ചുവെച്ച്് രാത്രികാലത്ത് വിതരണം ചെയ്യുന്നതിനുള്ള ബാറ്ററി സംവിധാനം പക്ഷേ, കേരളത്തിൽ ഇല്ല. ബാറ്ററി സംഭരണികൾ സ്ഥാപിക്കുമെന്ന് കഴിഞ്ഞ മൂന്ന് കൊല്ലമായി സർക്കാരുകൾ പറയുന്നുണ്ടെങ്കിലും സംഗതി ഇനിയും യാഥാർത്ഥ്യമായിട്ടില്ല. സൗരോർജ്ജ വൈദ്യുതിയിൽ സ്വയം പര്യാപ്തമാവാൻ കഴിയുമോ എന്നറിയാൻ 2013-ൽ മുബൈ ഐഐടിയുടെ സഹായത്തോടെ സിഡിറ്റ് എറണാകുളം ജില്ലയിലെ ചേന്ദമംഗലം പഞ്ചായത്തിൽ ഒരു സർവ്വെ നടത്തിയിരുന്നു. ചേന്ദമംഗലത്തെ എല്ലാ വീടുകളിലും പുരപ്പുറ സൗരോർജ്ജം ഉറപ്പാക്കിയാൽ 15 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്നും ഇത് ചേന്ദമംഗലം പഞ്ചായത്തിന്റെ മൊത്തം വൈദ്യുതി ആവശ്യത്തേക്കാൾ കൂടുതലാണെന്നുമാണ് സർവ്വെ കണ്ടെത്തിയത്്. മുഖ്യമന്ത്രി സതീശന്റെ സ്വന്തം മണ്ഡലത്തിൽ നടന്ന ഈ സർവ്വെയുമായി ബന്ധപ്പെട്ട് പിന്നീട് ഒരു നടപടിയുമുണ്ടായില്ല.

പമ്പ്ഡ് സ്റ്റോറേജ്

പമ്പ്ഡ് സ്റ്റോറേജ് ആണ് സണ്ണി ജോസഫ് അടിയന്തരമായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഊർജ്ജ വിജ്ഞാനീയത്തിൽ പാണ്ഡിത്യമുള്ള പ്രൊഫസർ ആർ.വി.ജി. മേനോൻ ഈ വിഷയത്തിൽ തെളിച്ചത്തോടെ പറയുന്ന സംഗതികൾ നോക്കാം. മുകളിലെ അണക്കെട്ടിൽനിന്ന് പെൻസ്റ്റോക്ക് പൈപ്പിലൂടെയും മറ്റും വെള്ളം താഴെയുള്ള അണയിലേക്ക് ഒഴുക്കിയാണ് ജല വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇങ്ങനെ താഴെ എത്തുന്ന വെള്ളം വീണ്ടും മുകളിലേക്ക് കൊണ്ടുപോയി സംഭരിച്ച് വീണ്ടും വൈദ്യുതി ആക്കുന്ന പ്രക്രിയ ആണ് പമ്പ്ഡ് സ്റ്റോറേജ്. ഉദാഹരണത്തിന് പെരിങ്ങൽകുത്ത് അണയിൽനിന്ന് അഞ്ചു കിലോമിറ്റർ താഴെയുള്ള ഇടമലയാർ അണയിലേക്ക് പോകുന്ന വെള്ളം തിരിച്ച് മുകളിലെത്തിച്ചാൽ 350 മെഗാവാട്ട് വൈദ്യുതി ഉത്പാദപ്പിക്കാം.

അതിരപ്പിള്ളി വൈദ്യുതി നിലയം നിർമ്മിച്ചാൽ 182 മെഗാവാട്ട് വൈദ്യുതിയേ കിട്ടുകയുളളു എന്നും ആർ.വി.ജി. മേനോൻ ഓർമ്മിപ്പിക്കുന്നു. കേരളത്തിലെ വിവിധ റിസർവ്വോയറുകൾ പ്രയോജനപ്പെടുത്തി 5,075 ഗൊവാട്ട് വൈദ്യുതി വരെ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് കെഎസ്ഇബി എഞ്ചിനിയർമാരുടെ പഠനം വ്യക്തമാക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

അത്ഭുതങ്ങളൊന്നും കാട്ടാനാവില്ലെന്നും മനുഷ്യസാദ്ധ്യമായത് ചെയ്യുമെന്നും സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പറയുന്നുണ്ടായിരുന്നു. അത് മതി. മനുഷ്യസാദ്ധ്യമായതേ ചെയ്യാൻ കഴിയുകയുള്ളു. പക്ഷേ, അതിന് രാഷ്ട്രീയ ഇച്ഛാശക്തി വേണം. ഓരോ വകുപ്പിലെയും ഉദ്യോഗസ്ഥരാണ് കാര്യങ്ങളുടെ തുടർച്ചയും മികവും ഉറപ്പാക്കുന്നത്. ഈ ഉദ്യോസ്ഥരെ നിലയ്ക്ക് നിർത്താനും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്‌കരിക്കാനും വകുപ്പ് മന്ത്രിമാർക്ക് കഴിയണം. ഇനിയങ്ങോട്ട് സണ്ണി ജോസഫ് അതാണ് ചെയ്യേണ്ടത്.

പ്രതിസന്ധികൾ മുൻകൂട്ടികണ്ട് വൈദ്യുതി ലഭ്യത ഉറപ്പാക്കേണ്ട ഉത്തരവാദിത്വമുള്ളവർ അതിൽ പരാജയപ്പെട്ടാൽ അവരോട് വിശദീകരണം ആവശ്യപ്പെടാൻ വകുപ്പ് മന്ത്രിക്കാവണം. വൈദ്യുതി വകുപ്പ് മുൾക്കിരീടമാണെന്ന് മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി സണ്ണി ജോസഫ് പറയുന്നുണ്ട്. 2018-ലെ പ്രളയം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ച് എടുത്തുപറയുമ്പോഴും മുൻ മന്ത്രി എം.എം. മണിയെ വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ നാട്ടുകാർ ശപിച്ചിരുന്നില്ല. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ടപോലെ ചെയ്താൽ മുൾക്കിരീടം പുഷ്പകിരീടമാകുന്നത് എങ്ങിനെയാണെന്ന് സണ്ണി ജോസഫിന് തെളിയിക്കാനാവും.

വഴിയിൽ കേട്ടത്: ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.8 ശതമാനമാണെന്നുള്ള കേന്ദ്ര സർക്കാർ നിലപാട് തെറ്റാണെന്നും 2.6 ശതമാനം വളർച്ചയേ ശരിക്കുണ്ടായാിട്ടുള്ളു എന്നും മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ഗാർഗ്. മുൻ ഐഎഎസുകാരിലുമുണ്ടോ ‘ദീമാഗികൾ’!