
ആലത്തിയൂര്‍ക്ക് പോകണം. ഹനുമാനെ കാണണം. പൂഴി നിറച്ച് കളത്തില്‍ കല്ലില്‍ കാല്‍തൊടാതെ ചാടണം. ആല്‍മരത്തണലില്‍ കുളപ്പടവിലിരുന്ന് കുഴച്ച അവില്‍ നേദ്യം രുചിക്കണം. കര്‍ക്കടകപ്പെയ്തത്തിന്റെ തണുപ്പില്‍ രാമകഥ കേള്‍ക്കണം... ആലത്തിയൂര്‍ക്ക് വഴിതിരിഞ്ഞപ്പോഴേ പച്ചപ്പിന് കട്ടികൂടി. മലപ്പുറം ജില്ലയിലെ തിരൂരില്‍ നിന്ന് ഏതാണ്ട് ഏഴുകിലോമീറ്റര്‍ അകലെ തൃപ്രങ്ങോടാണ് ആലത്തിയൂര്‍. മാവും പ്ലാവും കവുങ്ങും തഴച്ചുനില്‍ക്കുന്ന തൊടികള്‍ക്കിടയിലൂടെ വീതികുറഞ്ഞ റോഡ് രണ്ടുമൂന്നുവട്ടം വളഞ്ഞു നിവര്‍ന്നപ്പോഴേക്കും കണ്ടു, ചെറിയ പടിപ്പുര. അതിനപ്പുറമാണ് ആഞ്ജനേയന്റെ പെരുംതൃക്കോവില്‍. പെരും തൃക്കോവിലപ്പന്റെ അനുഗ്രഹം തേടി ലീഡര്‍ കെ. കരുണാകരനും സാക്ഷാല്‍ ജയലളിതയുമൊക്കെ ഈ പടി കടന്നെത്തിയിട്ടുണ്ട്. വഴിയുടെ ഓരംചേര്‍ന്ന് ചില ചെറിയ കടകള്‍ മാത്രം. വൈകീട്ട് അഞ്ചുമണി കഴിഞ്ഞിട്ടുണ്ട്. പടിപ്പുര കടന്നാല്‍ തിണ്ണയോട് ചേര്‍ന്ന് ഇടതുവശത്തായി കൗണ്ടറുകളുണ്ട്. വഴിപാടുവകകള്‍ ഇവിടെനിന്നാണ് കിട്ടുക. അമ്പലമുറ്റത്തുനിന്ന് മാറി ഇടതുവശത്ത് മതിലിനോട് ചേര്‍ന്നാണ് ഓഫീസും വഴിപാട് കൗണ്ടറുകളും.

പ്രധാന ദേവന്‍ ശ്രീരാമനാണെങ്കിലും ഇവിടെ ശക്തി കൂടുതല്‍ ഹനുമാനാണെന്നാണ് സങ്കല്പം. രാമകാര്യസാധ്യര്‍ഥം ലങ്കയിലേക്ക് പോകുന്ന ഹനുമാന് ത്രിമൂര്‍ത്തികളുടെയും മുപ്പത്തിമുക്കോടി ദേവകളുടെയും അനുഗ്രഹമുണ്ടായിരുന്നതുകൊ ണ്ടാണത്രേ ഇങ്ങനെ. നാലമ്പലത്തിനുള്ളില്‍ ഗണപതിയും അയ്യപ്പനുമുണ്ട്. ഭഗവതിയുടെ നടയുണ്ട്. മനോഹരമായ കൊത്തു പണികള്‍കൊണ്ടും വര്‍ണശബളമായ ഛായാചിത്രങ്ങള്‍കൊണ്ടും പ്രൗഢഗംഭീരമാണ് ശ്രീകോവില്‍. ഹനുമാന്റെ ശ്രീകോവിലിന് തൊട്ടുമുന്‍പിലുള്ള ചുമരില്‍ ഭദ്രകാളീരൂപം ആലേഖനംചെ യ്തതായി കാണാം. ഇവിടെയും ആരാധന നടത്താറുണ്ട്. ഈ ചി ത്രത്തിന് ഒരു കഥ പറയാനുണ്ട്. ആലത്തിയൂരിനടുത്തുള്ള വലിയ കപാലത്തിങ്കല്‍ ക്ഷേത്രത്തിലെ ദേവീചൈതന്യമാണ് ഇവിടെയു ള്ളതെന്ന് വിശ്വസിക്കപ്പെടുന്നു. ആലത്തിയൂരിലും വലിയ കപാല ത്തിങ്കല്‍ ക്ഷേത്രത്തിലും ഒരേ ശാന്തിക്കാരന്‍ തന്നെയായിരുന്നു പൂജ നടത്തിയിരുന്നത്. ഇദ്ദേഹത്തിന് രണ്ടിടത്തും പൂജചെയ്യാന്‍ പറ്റാത്ത വിഷമസ്ഥിതി വന്നു. അദ്ദേഹത്തിന്റെ പ്രാര്‍ഥന കേട്ട ഭഗവതി പെരുംതൃക്കോവിലിലെ ചുമര്‍ചിത്രത്തില്‍ കുടികൊള്ളാമെന്നും അവിടെ പൂജ നടത്തിയാല്‍ മതിയെന്നും ബ്രാഹ്മണന് സ്വപ്‌നദര്‍ശനം കൊടുത്തുവത്രേ.

നാലമ്പലത്തില്‍ നിന്ന് പുറത്തുകടന്നു, രാമതുളസിയുടെ ഗന്ധം വന്ന് പൊതിയുന്നു... രാമ കഥകളും. 3000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീരാമന്റെ കുലഗുരുവായ വസിഷ്ഠനാണ് ആലത്തിയൂരില്‍ പ്രതിഷ്ഠ നടത്തിയതെന്നാണ് ഐതിഹ്യം. പുറത്തെ പ്രദക്ഷിണവഴിയില്‍ വിഷ്ണുവിന്റെ ശ്രീകോവില്‍ കാണാം. കല്പകഞ്ചേരിക്കടുത്തുള്ള ഐരാണിക്ഷേത്രത്തിലെ ദേവനാണ് വിഷ്ണു. ഐരാണിദേവന്റെ ഭൂസ്വത്തുക്കളെല്ലാം പെരുംതൃക്കോവിലപ്പന്റെ സ്വത്തുവകകളിലേക്ക് ലയിച്ചു. അങ്ങനെയാണ് വിഷ്ണുവിന് ഇവിടെ സ്ഥാനമുണ്ടായതത്രേ. വിഷ്ണുവിനെ തൊഴുത് നീങ്ങുമ്പോള്‍ പ്രദക്ഷിണവഴിയോടുചേര്‍ന്ന് ഒരു ചെറിയ കളംപോലൊരു സ്ഥലം കണ്ടു. നാലുവശവും കെട്ടിയുയര്‍ത്തി ഒരുവശത്ത് പടികളുള്ള ഉള്ളില്‍ പൂഴി നിറച്ച ഒരു കളം. നടയുടെ നടുവിലായി ഒരു കരിങ്കല്‍പ്പാളി പാകിയിട്ടുണ്ട്. ഒരരികിലായി ഹനുമാന്റെ ചെറിയ കൃഷ്ണശിലാവിഗ്രഹം, സമുദ്രലംഘനത്തിന്റെ സങ്കല്പത്തിലുള്ളതാണിത്. കരിങ്കല്‍പ്പാളിയെ സമുദ്രമായി സങ്കല്പിച്ച് അതില്‍ ചവിട്ടാതെ പുറത്തുനിന്ന് ഉള്ളിലുള്ള പൂഴിയിലേക്ക് ചാടണം, ജീവിതത്തിലെ പ്രതിസന്ധികളെ മറികടക്കുന്നതു പോലെ...

ചെറിയ കുട്ടികള്‍ രസംപിടിച്ച് ചാടിമറിയുന്നു. അവര്‍ക്ക് രസകരമായ ഒരു കായികവിനോദം കൂടിയാണിത്. പ്രധാനമായും കുട്ടികളെ ഉദ്ദേശിച്ചാണ് നിര്‍മിതിയെങ്കിലും ജീവിതവിഘ്‌നങ്ങള്‍ മാറണമെന്ന ആഗ്രഹത്തോടെ മുതിര്‍ന്നവരും ആവേശത്തോടെ ചാടുന്നുണ്ടായിരുന്നു. ഭംഗിയായി സജ്ജീകരിച്ച രാമായണപാരായണശാല, ഊട്ടുപുരയില്‍ കര്‍ക്കട കത്തില്‍ പ്രത്യേകമായി ഔഷധക്കഞ്ഞിവിതരണമുണ്ട്. വടക്കുകിഴക്കു ഭാഗത്തായാണ് ലക്ഷ്മണന്റെ പ്രതിഷ്ഠ. ഹനുമാന് ശ്രീരാമന്‍ അടയാളവാക്യം ചൊല്ലിക്കൊടുക്കുന്ന സമയത്ത് രാമസോദരനായ ലക്ഷ്മണനെ അല്പം അകലെ നിര്‍ത്തി. അതു കൊണ്ടാണ് നാലമ്പലത്തിന് പുറത്ത് ലക്ഷ്മണന്റെ ശ്രീകോവില്‍ വന്നതെന്നാണ് കഥ. ഹനുമാന് രാമനോട് അദമ്യമായ ഭക്തിയായിരുന്നെങ്കില്‍ ലക്ഷ്മണന്റെ മനസ്സിലെന്തായിരുന്നു, അചഞ്ചലമായ വിധേയത്വം? വേട്ട പെണ്ണിനെ തനിച്ചാക്കി ജ്യേഷ്ഠന്റെ വഴിയേ കാനനവാസത്തിന് പോയവന്‍. കരളുറപ്പോടെ ആദ്യന്തം രാമന്റെ പാതയില്‍ കാവല്‍ നിന്നവന്‍. എന്നിട്ടും തീരേ ശുഭപര്യവസായി യല്ലാത്ത ഒരു കഥയൊടുക്കമായി രുന്നു ലക്ഷ്മണന്റേത്. ആത്മ സമര്‍പ്പണം മൂര്‍ത്തിമദ്ഭവിച്ച ദേവനെ വണങ്ങി; അരികിലെ വാതില്‍ കടന്നാല്‍ ആലത്തിയൂരിലെ ആല്‍ത്തറ കാണാം. ആലും അത്തിയും ഒന്നിച്ചുനില്‍ക്കുന്ന തറ, ആലും അത്തിയും ഒന്നിച്ച് വളര്‍ന്നുനിന്നിരുന്ന ഇടമായതു കൊണ്ടാണ് ആലത്തിയൂര്‍ എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു. ഇവ മാത്രമല്ല ചുറ്റും സമൃദ്ധമായി പച്ച പുതച്ചാണ് ഈ ദേവഭൂമിയുടെ കിടപ്പ്. തൊട്ടടുത്ത് ക്ഷേത്രക്കുളം, കല്‍ക്കെട്ടിലിരുന്നു. ഒഴിവുദിനമല്ലാതിരുന്നിട്ടും ടൂറിസ്റ്റ് ബസുകളില്‍ തീര്‍ഥാടകരെത്തുന്നുണ്ടായിരുന്നു.

പൂരപ്പുഴയ്ക്കും ഭാരതപ്പുഴ യ്ക്കും ഇടയിലാണ് ആലത്തിയൂര്‍ ഗ്രാമം. പുരാതനകാലത്ത് ക്ഷേത്രഭരണം കൈയാളിയിരുന്ന ബ്രാഹ്മണ ഇല്ലങ്ങളുടെ അധഃപത നത്തിനുശേഷം ഹനുമാന്‍കാവ് വെട്ടത്തുരാജാവിന്റെ അധീന തയില്‍ വന്നുചേര്‍ന്നു. പിന്നീട് സാമൂതിരിയുടെ ഭരണത്തിന്‍ കീഴിലായി. ഇന്നും ക്ഷേത്രഭരണം നടത്തുന്നത് കോഴിക്കോട് സാമൂതിരി ദേവസ്വമാണ്. മീനമാസത്തിലെ അത്തംനാളിലാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം. തുലാമാസത്തിലെ പൂരാടംമുതല്‍ തിരുവോണം വരെയാണ് ഉത്സവം.

കുഴച്ച അവിലാണ് ഹനുമാന്‍കാവിലെ പ്രധാന വഴിപാട്. സീതാന്വേഷണത്തിനായി പുറപ്പെടുന്ന ഹനുമാന് പാഥേയമായി ഒരു പൊതി അവില്‍ കൊടുത്തയച്ചെന്നും അങ്ങനെയാണ് ആലത്തിയൂര്‍ ക്ഷേത്രത്തില്‍ അവില്‍പ്പൊതി പ്രധാന വഴിപാടായതെന്നുമാണ് കഥ. ആലത്തിയൂരിലെ അവില്‍പ്പൊതി പ്രശസ്തമാണ്. അവിലും നാളികേരവും ശര്‍ക്കരയും പഞ്ചസാരയും ജീരകവും ചുക്കുമൊക്കെ ചേര്‍ത്ത് തയ്യാറാക്കുന്നതാണ് അവില്‍പ്പൊതി. രാവിലെ ഒന്‍പതു മണിക്കാണ് പ്രധാനമായ കുഴച്ച അവില്‍ നിവേദ്യം നടക്കുക. ശ്രീരാമസ്വാമിക്ക് പഞ്ചസാരപ്പായസമാണ് പ്രധാന വഴിപാട്. രാവിലെ അഞ്ചുമണിക്ക് നട തുറന്നാല്‍ 11 മണിവരെ ദര്‍ശനം നടത്താം . വൈകീട്ട് അഞ്ചുമണിമുതല്‍ ഏഴു മണിവരെയാണ് ദര്‍ശനസമയം.
ഹനുമാന്‍കാവില്‍ എല്ലാ ദിവസങ്ങളും വിശേഷം തന്നെ. ഹനുമാന്റെ ജന്മദിവസമായ ചൊവ്വ, ശ്രീരാമന് വിശേഷപ്പെട്ട ബുധന്‍, വ്യാഴം ദിവസങ്ങള്‍, ശനിദോഷനിവാരണത്തിന് ശനിയാഴ്ച, ഹനുമദ്ഗുരുവായ സൂര്യദേവന് പ്രധാനമായ ഞായര്‍ തുടങ്ങി ഓരോ ദിവസവും പ്രധാനമാണ്. പൗര്‍ണമിയും ശ്രീരാമന്റെ ജന്മ നക്ഷത്രമായ പുണര്‍തം നാളും ഹനുമാന്റെ നാളായ ചോതിയും പ്രത്യേകമായി ആചരിക്കുന്നു. രാമായണമാസവും മുഖ്യംതന്നെ.
തിരൂരില്‍നിന്ന് ചമ്രവട്ടം-പുറത്തൂര്‍ റൂട്ടില്‍ പൂഴിക്കുന്ന് സ്റ്റോപ്പില്‍ ബസ് ഇറങ്ങിയാല്‍ പത്തു മിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളൂ ഹനുമാന്‍കാവിലേക്ക്. തിരൂര്‍കുറ്റിപ്പുറം റൂട്ടില്‍ ഹനുമാന്‍കാവ് സ്റ്റോപ്പില്‍ ബസ് ഇറങ്ങിയും ഇവിടെയെത്താം. ഇവിടെനിന്ന് മൂന്നു കിലോമീറ്റര്‍ മാറിയാണ് തൃപ്രങ്ങോട്ട് ശിവക്ഷേത്രം. ആറുകിലോമീറ്റര്‍ ദൂരെ പ്രസിദ്ധമായ തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം. രണ്ടുകിലോമീറ്റര്‍ ദൂരമേയുള്ളൂ ഗരുഡന്‍കാവിലേക്ക്, ആറുകിലോമീറ്റര്‍ മാറിയാണ് തുഞ്ചത്തെഴുത്തച്ഛന്റെ സ്മരണകളുറങ്ങുന്ന തുഞ്ചന്‍പറമ്പും തൃക്ക ണ്ടിയൂര്‍ ശിവക്ഷേത്രവും.
പിന്‍മതിലിനപ്പുറം നാട്ടുപച്ച തണുത്തുനില്‍ക്കുന്നു. വഴിയുടെ അറ്റത്ത് പാടമാണ്. ഇടതുവശത്തായി ഏതൊക്കെയോ ചെടികള്‍ ഏതാണ്ട് ഒരേ ഉയരത്തില്‍ വളര്‍ന്നുനില്‍ക്കുന്നു. കൗതുകം തോന്നി ആ ഇളം പച്ചക്കാടിന്റെ ഉള്ളിലേക്ക് നടന്നു. ചെറിയ വഴിയുടെ ഇരുവശവും ഒരു ചെറിയ കീഴാര്‍നെല്ലിക്കാടുതന്നെ. മറ്റെന്തൊക്കെയോ ഔഷധച്ചെടി കളുമുണ്ട്. തിരികെ നടക്കുമ്പോള്‍ ഓര്‍ത്തു, ചന്ദ്രന്റെ വൃദ്ധിക്ഷയ ങ്ങള്‍പോലെ ക്ഷയിച്ചും വീണ്ടും നിറവിലേക്കെത്തിയും പല കയറ്റിറക്കങ്ങളില്‍ കൂടി കടന്നു പോയ ഈ ക്ഷേത്രചരിത്രത്തില്‍ ഒളിമങ്ങാത്തതായി ഒന്നേയുള്ളൂ, ആലത്തിയൂരെ ഹനുമാന്റെ കീര്‍ത്തി. ഓര്‍മകളിലെവിടെനിന്നോ കേട്ടുമറന്ന ഒരു പ്രാര്‍ഥന ബാല്യ ത്തിന്റെ രുചിയുമായി നാവിലെ ത്തി, ''ആലത്തിയൂര്‍ ഹനുമാനേ, പേടിസ്വപ്നം കാണരുതേ, പേടി സ്വപ്നം കണ്ടാലോ വാലുകൊണ്ട് തട്ടിയുണര്‍ത്തണേ...''
Alathiyur Hanuman Temple

Located at Alathiyur near Tirur, Malappuram district, Kerala Alathiyur Hanuman Temple is a favourite pilgrimage destination in South India. This Temple is famous for its deity, Hanuman as the main deity is Rama. The back story about the origin of the temple, starts from the epic, Ramayana. Here Hanuman is worshipped in the form of Bhaktha Hanuman who is hearing the secret clues from Rama to find Devi Sitha. It is believed that the deity here can erase all the hardships and hurdles in human life.
Getting There- By Air: Calicut International Airport (41 km) By Rail: Tirur (7.6km). By Road: From Tirur town via Trikkandiyoor on Tirur-Kuttippuram road (7.6km). From Musliyarangadi junction turn right to Musliyarangadi - Hanumankavu road (800 m to the temple). On Tirur-Ponnani route, there is 1 km to the temple.
Sights Around: Garudan Kavu (2.7km) • Triprangode Shiva Temple (3.8km). Tirunavaya Navamukunda Temple (6km) • Trikkandiyoor Shiva Temple (5.8km) • Thunchan parambu (6km) Stay: Best to stay at Tirur town Timing: 5 am - 11 am, 5 pm - 7pm Contact: 0494 243 0666
Useful link: www.alathiyoorhanumankavu.in.
Content Highlights: Alathiyur Hanuman Temple, Spiritual Travel
Published: 15 Feb 2020, 02:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented