
സിതാര വളരെ തിരക്കുള്ള ഒരു എക്‌സിക്യുട്ടീവായതുകൊണ്ടുതന്നെ അശ്വതിയെയും കൂട്ടി വീട്ടിലേക്ക് വരുന്ന കാര്യം ഞാൻ മുൻകൂട്ടി അറിയിക്കുകയാണ് ആദ്യം ചെയ്തത്. അശ്വതി വരുന്നുവെന്നറിഞ്ഞപ്പോൾ സിതാരയ്ക്ക് വലിയ സന്തോഷമായിരുന്നു. അവൾക്ക് ഒഴിവുള്ള ദിവസം വരണമെന്ന് മുൻകൂട്ടി പറഞ്ഞതിനാൽ ഞാൻ യാത്ര അതിനനുസരിച്ചാണ് പ്ലാൻ ചെയ്തത്. ഞാനും ശേഖറും അശ്വതിയും മൂന്നാലു മണിക്കൂർ യാത്ര ചെയ്ത് അവിടെയെത്തി. അനുജത്തിയെ ആദ്യമായി അടുത്തുകാണുകയാണെന്ന ഭാവമൊന്നും സിതാരയിലില്ലായിരുന്നു. ഏറെക്കാലം മുമ്പേ തന്നെ തനിക്കൊപ്പമുള്ളയാൾ എന്ന മട്ടിൽ സിതാര അശ്വതിയോട് ഇടപഴകുന്നത് ഞാൻ നോക്കിനിന്നു. പ്രത്യക്ഷത്തിൽ രണ്ടുപേരും തമ്മിൽ സ്‌നേഹപ്രകടനങ്ങളൊന്നുമില്ല. എം.ടിയുടെ മിതത്വം രണ്ടുപേർക്കും സംസാരത്തിൽ വീതിച്ചു കിട്ടിയിട്ടുണ്ടെന്ന് എനിക്ക് ആദ്യമേ മനസ്സിലായിരുന്നു. ഞങ്ങൾ ഒന്നിച്ചായിരുന്നു ഭക്ഷണം പാകം ചെയ്തത്. ഭക്ഷണ കാര്യത്തിൽ രണ്ടു പെൺകുട്ടികൾക്കും അച്ഛന്റെ അതേ താൽപര്യങ്ങൾ. രണ്ടുപേരും ഭക്ഷണം നന്നായി ആസ്വദിച്ചു കഴിക്കുന്നവർ. ന്യൂയോർക്കിൽ എത്തിയതിന്റെ പിറ്റേ ദിവസം ഞാൻ അശ്വതിയെയും കൂട്ടി നഗരം കാണാനിറങ്ങി. സിതാരയ്ക്ക് അന്ന് ജോലിക്കു പോകേണ്ടതുണ്ടായിരുന്നു. ഞങ്ങൾ സിനിമയൊക്കെ കണ്ടാണ് തിരികെ വന്നത്. മൂന്നുദിവസം അവിടെ താമസിച്ചു. ആ ദിവസങ്ങളിലെല്ലാം ഞാനീ സഹോദരിമാരെ മാറിനിന്ന് നിരീക്ഷിക്കുകയായിരുന്നു. രണ്ട് അമ്മമാരുടെ മക്കളാണെങ്കിലും പൊതുവായ സ്വഭാവമെല്ലാം എം.ടിയുടേതാണ്. സിനിമയും പുസ്തകവും ഭക്ഷണവുമാണ് പ്രധാന ഇഷ്ടങ്ങൾ. വ്യക്തിബന്ധങ്ങളോട് ഒരു തരത്തിലുമുള്ള അധികപ്രകടനങ്ങളുമില്ല. സ്‌നേഹവും ദേഷ്യവും പുറമേക്ക് കാണിക്കില്ല. ജീവിതത്തിന്റെ പ്രാരംഭഘട്ടങ്ങളിൽ എം.ടിയുടെ സ്വഭാവം ഈ മക്കളിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടായിരിക്കാം. ദശാബ്ദങ്ങളായി ഈ രണ്ടു പെൺകുട്ടികളും എന്റെ സുഹൃത്തുക്കളായിരിക്കുന്നതിനാൽ ആ അഭിപ്രായത്തിൽ എനിക്കൊരു മാറ്റവും വരുത്തേണ്ടി വന്നിട്ടില്ല.
വർഷങ്ങൾ കഴിഞ്ഞ് എം.ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ 'സാരസ്വതം' ഞാൻ വായിക്കാനിടയായി. സിതാരയുടെ വിവാഹസത്ക്കാരം നടക്കുന്ന ദിവസം രാവിലെ എം.ടി അശ്വതിയോട് ഒരു സഹോദരിയുണ്ടെന്ന കാര്യം പറഞ്ഞതും അവളുടെ വിവാഹസത്ക്കാരത്തിൽ പങ്കെടുക്കാൻ ഒപ്പം കൂട്ടിക്കൊണ്ടുപോയതും റിസപ്ഷൻ വേദിയിൽ വെച്ച് അശ്വതി സഹോദരിയെ പരിചയപ്പെട്ടതുമൊക്കെ സരസ്വതി എഴുതിയിട്ടുണ്ട്. അതുവായിക്കുമ്പോൾ ഞാൻ ഓർത്തത് ഈ സന്ദർഭമായിരുന്നു. സിതാരയ്‌ക്കോ അശ്വതിക്കോ രണ്ടുഭാവങ്ങളില്ലായിരുന്നു. ചില ശരീരഭാഷകളിൽ എം.ടിയുടെ അംശങ്ങൾ പ്രകടമായിരുന്നു രണ്ടുപേരിലും. ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറയുമ്പോൾ പുറമേയ്ക്ക് നോട്ടത്തിലും മൗനത്തിലും എം.ടി പുലർത്തുന്ന ഒരുതരം നിഷ്ഠയുണ്ട്. അത് പല വ്യത്യസ്ത സന്ദർഭങ്ങളിലായി ഈ രണ്ടുപെൺകുട്ടികളിലും എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. തിരികെ വീട്ടിലെത്തിയ ശേഷം എം.ടിയെ വിളിച്ച് ഈ കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ ഞാൻ വിവരിക്കാൻ പോയില്ല. എം.ടി എന്നെ വിളിച്ച് അന്വേഷിച്ചിട്ടുമില്ല. സിതാരയുടെ അടുക്കൽ അശ്വതിയെ കൊണ്ടുപോകണം എന്നു പറഞ്ഞു, അതു അനുസരിച്ചു. അതിനപ്പുറം എന്തുണ്ടായി എന്ന് എം.ടിക്കും അറിയേണ്ടതില്ല. മക്കളിലും എം.ടിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.
എം.ടിയിലൂടെ എനിക്ക് ലഭിച്ചത് ആ രണ്ടുപെൺകുട്ടികളുടെയും സ്നേഹവും കരുതലുമാണ്. സിതാരയ്ക്ക് ഒഴിവുകിട്ടുമ്പോൾ ഞങ്ങൾ ഒന്നിച്ചു ഭക്ഷണം പാകം ചെയ്തും സിനിമകൾ കണ്ടും പുസ്തകങ്ങൾ കൈമാറിയും കുടുംബവിശേഷങ്ങൾ പരസ്പരം പങ്കിട്ടും ഇതുവരെ ജീവിക്കുന്നു. നൃത്തസംബന്ധമായ ആവശ്യങ്ങൾക്കായി അശ്വതി ഇവിടെ വരുമ്പോൾ സ്വന്തം വീട്ടിലേക്കെന്നപോലെ കയറിവരുന്നു, ഒപ്പം താമസിക്കുന്നു. അതുപോലെ നാട്ടിൽ വരുമ്പോൾ സ്വന്തം സഹോദരന്റെ വീട്ടിലേക്കെന്നപോലെ ഞാൻ എം.ടിയുടെ വീട്ടിലേക്ക് കയറിച്ചെല്ലുന്നു. എം.ടിക്ക് ആദ്യമായി ദേഹാസ്വാസ്ഥ്യമുണ്ടായപ്പോൾ അശ്വതി വളരെ ഉത്തരവാദിത്തത്തോടെയാണ് ഞങ്ങളെ അറിയിച്ചത്. ഇടയ്ക്കിടെയുള്ള ആശുപത്രിവാസം അദ്ദേഹത്തിന് മടുപ്പുണ്ടാക്കുന്നുവെന്ന് പറയുമ്പോൾ അദ്ദേഹത്തെ അറിയാവുന്നവർക്ക് അത് എളുപ്പം മനസ്സിലാക്കാമായിരുന്നു. ആർക്കും കീഴടങ്ങിക്കൊടുക്കാൻ തയ്യാറാവാത്ത ആ മനസ്സിനെ ശരീരം തളർത്തുന്ന അവസ്ഥ എം.ടിക്കെന്നല്ല അദ്ദേഹത്തെ അടുത്തറിയുന്ന ആർക്കും ഉൾക്കൊള്ളാൻ കഴിയില്ല. ഇതെഴുതുമ്പോൾ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഓർമദിനം അടുത്തുവരികയാണ്. പക്ഷേ ഞങ്ങളുടെ നിത്യജീവിതത്തിൽ അദ്ദേഹത്തെ പരാമർശിക്കാതെ പോകുന്ന ദിവസങ്ങളുണ്ടോ എന്നു സംശയമാണ്.
മാലിനിയും അശ്വതിയും ഏതാണ്ട് ഒരേ പ്രായമാണ്. മാലിനി ഇംഗ്ലീഷ് ഭാഷയും സാഹിത്യവുമായിരുന്നു ബിരുദപഠനത്തിനായി തിരഞ്ഞെടുത്തത്. ഇവിടെ മിക്ക കുട്ടികളും ബിരുദം കഴിഞ്ഞ് ഒന്നുരണ്ടുവർഷം ജോലി ചെയ്തതിനുശേഷണാണ് മാസ്റ്റേഴ്‌സിന് പോകുക. ഇടവേളയിൽ ജോലി ചെയ്ത സ്ഥാപനത്തിന്റെ മികവും മേന്മയും കുട്ടികളുടെ ഉപരിപഠനത്തിൽ പ്രധാന സ്വാധീനം ചെലുത്തുന്നുണ്ട്. മാലിനിക്ക് ജേണലിസം ഇഷ്ടമായിരുന്നു. ഇംഗ്ലീഷ് മേജർ എടുത്തതിനുശേഷം ജേണലിസമായിരിക്കും അവൾ തിരഞ്ഞെടുക്കുക എന്നുഞാൻ കരുതി. മാലിനി ഒന്നുരണ്ടുവർഷം സെനറ്റിലെ എനർജി കമ്മറ്റിയിൽ ജോലി ചെയ്തു. പൊതുജനസേവനവും സസ്റ്റെയിനബിൾ ഡവലെപ്‌മെന്റെുമായിരുന്നു മാലിനിയുടെ ഇഷ്ടപ്പെട്ട വിഷയങ്ങൾ. അതേ വിഷയത്തിൽ തന്നെയാണ് മാസ്റ്റേഴ്‌സ് ചെയ്തതും.
മാലിനിയായിരുന്നു ഉഷസ് എന്റർടെയ്ൻമെന്റിൽ കൂടുതൽ താൽപര്യം കാണിച്ചിരുന്നത്. ഏതെല്ലാം കലകളെക്കുറിച്ച് എനിക്ക് പരിമിതമായ അറിവുണ്ടായിട്ടുണ്ടോ, അതെല്ലാം ഇവിടെയുള്ള പൊതുവേദികളിൽ, പ്രത്യേകിച്ചും അമേരിക്കക്കാർക്ക് കാണാൻ അവസരമൊരുക്കുക, എന്നതായിരുന്നു ഉഷസ്സിന്റെ ലക്ഷ്യം. മലയാളി അസോസിയേഷൻ നടത്തുന്ന പരിപാടികൾ മലയാളികളായ സദസ്യർക്കുവേണ്ടിയാണ് നടത്തുന്നത്. കേരളകലകൾ അമേരിക്കൻ ജനതയ്ക്കുകൂടി ആസ്വദിക്കാനുള്ള അവസരമൊരുക്കുക എന്നതായിരുന്നു ഉഷസ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ പരിപാടികൾ അവതരിപ്പിക്കുന്നതിനുമുന്നോടിയായി ഇംഗ്ലീഷിൽ അതേക്കുറിച്ച് വിശദമാക്കുമായിരുന്നു. നാടകത്തെപ്പോലും വെറുതെ വിട്ടില്ല. എസ്.എൽ പുരം സദാനന്ദന്റെ മികച്ച നാടകങ്ങളിലൊന്നാണ് 'കല്ലു കൊണ്ടൊരു പെണ്ണ്.' അതേ പേരിൽത്തന്നെ മലയാള സിനിമയുമായിട്ടുണ്ട്. 'കല്ലുകൊണ്ടൊരു പെണ്ണ്' അമേരിക്കയിൽ നാടകമായി അവതരിപ്പിച്ചത് ഉഷസ് എന്റർടെയ്ൻമെൻായിരുന്നു. അതിലെ നഴ്‌സായി അഭിനയിച്ച് ഞാനും. രണ്ടു സ്റ്റേജുകളിൽ ഞങ്ങൾ നാടകം അവതരിപ്പിച്ചു. മലയാളി അസോസിയേഷന് പരിപാടികൾ നടത്താൻ സമയപരിമിതികൾ വരുമ്പോൾ ഉഷസ് ഒരു ആശ്വാസമായിരുന്നു. സ്മിത്ത്‌സോണിയനിൽ ഞങ്ങൾ തിരുവാതിക്കളിവരെ അവതരിപ്പിച്ചു. കേരളത്തിൽ നിന്നും എന്തെല്ലാം കലകളെക്കുറിച്ച് അറിവുണ്ടായിട്ടുണ്ടോ അതെല്ലാം വലിയ കാൻവാസിലും പൊട്ടും പൊടിയുമായിട്ടുമെല്ലാം അവതരിപ്പിക്കാൻ ഞങ്ങൾ പ്രവാസികൾ അമ്പേ ഉത്സാഹഭരിതരായിരുന്നു. അതിനിടയിലാണ് സെനറ്റിൽ എന്റെ സെക്ഷനിൽ പ്രൊജക്ട് ലീഡായി സ്ഥാനക്കയറ്റവും ലഭിക്കുന്നത്. ഉത്തരവാദിത്തം കൂടി. കുട്ടികൾക്കും അവരുടേതായ കരിയറുകളിൽ ശ്രദ്ധ കൊടുക്കേണ്ട സമയമായിരുന്നു. മാലിനി അനൂപുമായുള്ള വിവാഹം കഴിഞ്ഞ് അവനൊപ്പം ഫിലാഡൽഫിയയിലേക്ക് താമസം മാറാൻ തീരുമാനിച്ചതോടെ പതുക്കേ ഉഷസ്സിന് തിരശീല വീണു.
സോണിയ കോളേജിൽ പഠിക്കുന്ന കാലത്ത് കുറച്ച് നോൺപ്രോഫിറ്റ് ഓർഗനൈസേഷനുകളുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു. ആശുപത്രികൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പോയി പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുക എന്നതായിരുന്നു ഈ സംഘടനകളുടെ ലക്ഷ്യം. ഫിലാന്ത്രോഫിയിൽ ആകൃഷ്ടയായ സോണിയ അങ്ങനെയാണ് ക്ലിന്റൺ ഗ്ലോബൽ ഫൗണ്ടേഷനുമായി സഹകരിച്ച് ഇന്റേൺഷിപ്പ് ചെയ്യാൻ തീരുമാനിക്കുന്നത്. ഡിഗ്രി കഴിഞ്ഞ് വാഷിങ്ടണിൽ വന്നശേഷം മെഡിസിൻ എൻട്രൻസ് പരീക്ഷയായ എംകാറ്റ് എഴുതി ഫലം കാത്തിരിക്കുകയായിരുന്നു അവൾ. ആ സമയത്താണ് സെന്റർ ഫോർ അമേരിക്കൻ പ്രോഗ്രസ്സുമായി സോണിയ അടുക്കുന്നത്. അമേരിക്കയിലെ പബ്ലിക് പോളിസികളെക്കുറിച്ച് ആഴത്തിൽ ഗവേഷണം നടത്തുകയും പൊതുജനക്ഷേമത്തിനുതകുന്ന പോളിസികൾ നിലവിൽവരുത്തുകയും ചെയ്യുന്നതിൽ പ്രധാന ഇടപെടൽ നടത്തുന്ന ഒരു ഗ്രൂപ്പാണ് സെന്റർ ഫോർ അമേരിക്കൻ പ്രോഗ്രസ്. ബരാക് ഒബാമയുടെ ഒന്നാം ഭരണകാലത്ത് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഒരു ബില്ലായിരുന്നു അഫോഡബിൾ കെയർ ആക്ട്, ഒബാമ കെയർ ആക്ട് എന്നായിരുന്നു അത് പരക്കേ അറിയപ്പെട്ടിരുന്നത്, പ്രാവർത്തികമാക്കുന്നതിൽ സെന്റർ ഫോർ അമേരിക്കൻ പ്രോഗ്രസ് സ്തുത്യർഹമായ പങ്കുവഹിച്ചിട്ടുണ്ട്. സാധാരണക്കാർക്ക് സാമ്പത്തികമായി താങ്ങാനാവുന്ന തരത്തിൽ ആശുപത്രിച്ചെലവുകളെ ഏകീകരിക്കുക എന്നതായിരുന്നു ഈ ബില്ലിന്റെ ലക്ഷ്യം. ബില്ലിന്റെ ആലോചനാപ്രവർത്തനങ്ങൾ നടക്കുന്ന സമയത്താണ് സോണിയ സെന്റർ ഫോർ അമേരിക്കൻ പ്രോഗസ്സിൽ ഇന്റേൺഷിപ്പിന് ചേരുന്നത്. ഈ ബില്ലിനെ പരമാവധി ജനപ്രിയമാകുന്ന തരത്തിൽ മാറ്റിയെടുക്കുക, അതിനുവേണ്ട പോളിസികൾ മുന്നോട്ടുവെക്കുക തുടങ്ങിയ വളരെ വെല്ലുവിളി നിറഞ്ഞ ഒരു ഉദ്യമത്തിലേക്കായിരുന്നു അവൾ പങ്കുചേർന്നത്. അഫോഡബിൾ കെയർ ആക്ട് സെനറ്റിൽ പാസ്സായി. നിയമം നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. സെന്റർഫോർ അമേരിക്കൻ പ്രോഗ്രസ്സിലെ സെക്ഷൻ ഹെഡ്ഡായിരുന്ന മീരാ ടാൻഡൻ മുൻകൈയെടുത്ത് വൈറ്റ്ഹൗസിൽ ഒരു ഓപ്പണിങ് വന്നപ്പോൾ അതിലേക്ക് സോണിയയെ നിർദ്ദേശിച്ചു. അവൾ അഭിമുഖത്തിന് ഹാജരായി. വൈറ്റ് ഹൗസിലെ ഒബാമ അഡ്മിനിസ്ട്രേഷനിൽ ഒബാമ കെയർ ആക്ട് നടപ്പിൽ വരുത്തുന്ന വിഭാഗത്തിലേക്ക് സോണിയയെ അവർ ഹയർ ചെയ്തു. സോണിയ ഒബാമ കെയറിൽ ജോലി ചെയ്യുന്ന സമയത്താണ് വൈറ്റ് ഹൗസിലേക്ക് കുടുംബസമേതം അദ്ദേഹം ഞങ്ങളെ ക്ഷണിക്കുന്നത്. ഓവൽ ഓഫീസിൽപ്പോയി അദ്ദേഹത്തിന്റെ ആതിഥേയത്വം സ്വീകരിക്കാനായത് എന്റെ ജീവിതത്തിലെ മികച്ച മൂഹൂർത്തങ്ങളിൽ ഒന്നായിരുന്നു. ഓവൽ ഓഫീസിലേക്ക് ക്ഷണം കിട്ടിയ സന്തോഷം ഞാൻ സഹപ്രവർത്തകരുമായി പങ്കുവെച്ചപ്പോൾ അവർക്ക് അതിശയമായിരുന്നു. പ്രസിഡണ്ടിന്റെ പ്രൈവറ്റ് ഓഫീസാണ് ഓവൽ ഓഫീസ്. അങ്ങനെയൊന്നും പ്രവേശനം ലഭിക്കാത്ത ഇടം. അന്ന് മാലിനിയുടെ മകൻ സൂര്യയ്ക്ക് രണ്ടര വയസ്സേയുണ്ടായിരുന്നുള്ളൂ. സൂര്യയ്ക്കുവരെ ഓവൽ ഓഫീസിൽ നിന്നും പേഴ്‌സണൽ ഇൻവിറ്റേഷൻ ലഭിച്ചത് ഞങ്ങൾക്ക് അത്ഭുതമായിരുന്നു. ഞാനും ശേഖറും മാലിനിയും അനൂപും സൂര്യയും സോണിയയും. അത്രയും പേർക്ക് ക്ഷണക്കത്ത് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും അയച്ചിരുന്നു. സെക്യൂരിറ്റി ജീവനക്കാർ ആരെങ്കിലും വന്ന് ഞങ്ങളെ വിളിക്കുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുമ്പോൾ പെട്ടെന്നാണ് ഒബാമ തന്നെ പുറത്തേക്ക് വന്ന് ഞങ്ങളെ ഓരോരുത്തരെയായി അഭിവാദ്യം ചെയ്ത് അകത്തേക്ക് ക്ഷണിക്കുന്നത്! ഓരോരുത്തരോടും വിശേഷങ്ങൾ ചോദിച്ചറിഞ്ഞതിനുശേഷം വൈറ്റ് ഹൗസിലെ ഓഫീഷ്യൽ ഫോട്ടോഗ്രാഫർമാർ വന്ന് അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങൾ എടുത്തു. സൂര്യയടക്കം ഓരോരുത്തർക്കും വ്യക്തിഗത കോപ്പികൾ വൈറ്റ് ഹൗസിൽ നിന്നും അയച്ചുകിട്ടിയിരുന്നു. വൈറ്റ് ഹൗസിൽ ജോലി ചെയ്തതോടെ സോണിയയ്ക്ക് മെഡിസിനോടുള്ള താൽപര്യം പോയി.
സന്നദ്ധപ്രവർത്തനങ്ങൾകൂടി ഉൾപ്പെടുന്ന എന്തെങ്കിലും ജോലിയാണ് ആഗ്രഹിക്കുന്നതെന്ന് സോണിയ തീരുമാനിക്കുകയായിരുന്നു. മൂന്നു വർഷം വൈറ്റ് ഹൗസിൽ ജോലി ചെയ്ത ശേഷം ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ സ്‌കോളർഷിപ്പോടെ ഹെൽത്ത് പോളിസിയിൽ മാസ്റ്റർ ഡിഗ്രിയെടുക്കുകയാണ് അവൾ ചെയ്തത്. അവൾക്ക് ജോലിയായതിനുശേഷമാണ് എഡ്ഡുമായുള്ള വിവാഹം നടക്കുന്നത്.
കുട്ടികൾ രണ്ടുപേരും അവരുടെ ജീവിതം തിരഞ്ഞെടുത്തു. ശേഖറിന് ജോലിയിൽ നിന്നും വിരമിക്കണമെന്ന ആഗ്രഹം വന്നു. വൈകാതെ തന്നെ അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചു. എന്നെ സംബന്ധിച്ചിടത്തോളം സെനറ്റിൽ എന്റെ യോഗ്യതയ്ക്കനുസരിച്ച് എത്താവുന്ന കസേരകളിലെല്ലാം ഇരുന്നു. സാമ്പത്തികമായ ബാധ്യതകളിൽ നിന്നും പതുക്കെ കരകയറിക്കഴിഞ്ഞു. ഇനിയുള്ള കാലം യാത്രകൾക്കുകൂടി മാറ്റിവെക്കണം എന്ന അതിയായ ആഗ്രഹം വന്നു. വ്യക്തിപരമായി മറ്റൊരു സങ്കടം കൂടി ഉണ്ടായിരുന്നു. അച്ഛന്റെ അവസാനകാലത്ത് അദ്ദേഹത്തോടൊപ്പം നിൽക്കാൻ സാധിച്ചില്ല. അച്ഛൻ തന്റെ അറിവിൽ നിന്നും വായനയിൽ നിന്നും പറഞ്ഞുതന്ന അമേരിക്കൻ വിസ്മയങ്ങൾ മുഴുവൻ ഞാൻ നേരിൽ കണ്ടുജീവിച്ചു. അദ്ദേഹമാണ് ആദ്യമായി എന്നോട് ഓവൽ ഓഫീസിനെക്കുറിച്ച് പറയുന്നത്. അതിനകത്തുള്ള നടപടിക്രമങ്ങൾ ഒരു ചിത്രത്തിലെന്നപോലെ എന്റെ മനസ്സിൽ പതിപ്പിച്ചത് അച്ഛനാണ്. അദ്ദേഹത്തിന്റെ മൂന്നാം തലമുറക്കാരൻ സൂര്യയുൾപ്പെടെ ഓവൽ ഓഫീസിനകത്ത് പ്രസിഡണ്ടിന്റെ ആതിഥേയത്വം സ്വീകരിച്ചുകൊണ്ട് നിൽക്കുന്ന കാലം വരുമെന്ന് അദ്ദേഹം സ്വപ്നത്തിലെങ്കിലും കരുതിയിട്ടുണ്ടാകുമോ? ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ആ ഫോട്ടോകളുമായി ഞാനച്ഛന്റെയടുത്തേക്ക് ഓടിയെത്തി പറയുമായിരുന്നു, 'സ്വപ്നങ്ങൾക്ക് ജീവൻ വെച്ചതു കണ്ടോ അച്ഛാ' എന്ന്. അച്ഛൻ പകർന്നുതന്ന ഊർജമാണ് എന്റെ ജീവിതത്തിന്റെ ആകെത്തുകയായി അവശേഷിച്ചത്. അച്ഛനെ അവസാനനാളിൽ ഒന്നുകാണാൻ കഴിയാത്തത് ഇന്നും എനിക്ക് വേദനയാണ്. സോണിയ ഒബാമയ്‌ക്കൊപ്പം നിൽക്കുന്ന ഫോട്ടോയുടെ കോപ്പി നാട്ടിൽ വന്നപ്പോൾ ഞാൻ അമ്മയ്ക്കു കൊടുത്തിരുന്നു. അമ്മ അത് കിടക്കുന്ന കട്ടിലിനടുത്തുതന്നെ വെച്ചു. അമ്മയെ കാണാൻ വരുന്നവരോടെല്ലാം അമേരിക്കൻ പ്രസിഡണ്ടിന്റെ വിശേഷങ്ങൾ പറഞ്ഞു. കൊച്ചുമകൾ ജോലി ചെയ്യുന്ന സ്ഥലത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചു. അതുപോലെ രസകരമായ ഒരനുഭവമുണ്ടായിരുന്നു, സോണിയ എഡ്ഡുമായുള്ള വിവാഹം കഴിഞ്ഞ കാലത്ത് അവർ അമ്മൂമ്മയെ കാണാൻ വിതുരയിലെത്തി. എഡ് അമ്മയുടെ അരികിൽ ഇരുന്നതും അമ്മ എഡ്ഡിനോട് വാതോരാതെ സംസാരം തുടങ്ങി. അതും വിതുര മലയാളത്തിൽ. കുറച്ചുനേരം അതുനോക്കിയിരുന്ന ഞങ്ങൾ പതുക്കെ അമ്മയോടു പറഞ്ഞു, അമ്മേ എഡ്ഡിന് മലയാളം മനസ്സിലാവില്ല. അപ്പോൾ അമ്മ പറയുകയാണ്: അതു കുഴപ്പമില്ല. കുറച്ചുനേരം കേട്ടിരുന്നാൽ മലയാളം താനേ പഠിച്ചുകൊള്ളും. മലയാളം പഠിക്കാനാണ് ഇങ്ങനേ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങളെല്ലാം ചിരിച്ചു. അപ്പോഴൊക്കെ അമ്മ പറയുന്നതെല്ലാം കേട്ട് എഡ്ഡ് തലകുലുക്കിക്കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.
അച്ഛൻ പോയതിനുശേഷം അമ്മ തനിച്ചായിരുന്നു താമസം. നാട്ടിൽ സ്ഥിരതാമസമാക്കിയ മക്കൾ ഓരോരുത്തരും അവർക്കൊപ്പം താമസിക്കാനായി അമ്മയെ നിർബന്ധിച്ചുവെങ്കിലും അവർക്ക് വഴങ്ങിക്കൊടുക്കാൻ അമ്മ തയ്യാറായിരുന്നില്ല. ഒരു നാട്ടുരാജ്യം ഭരിക്കുന്ന റാണിയെപ്പോലെ തന്റെ കുടുംബവും ചുറ്റുപാടും ഒറ്റയ്ക്ക് ഭരിച്ചുനിലനിർത്തിയ അമ്മയ്ക്ക് പരാശ്രയത്വത്തിൽ ഒട്ടുമേ താൽപര്യമില്ലായിരുന്നു. വിതുരയിലെ വീട്ടിൽത്തന്നെ തുടരാൻ തീരുമാനിച്ച അമ്മയ്‌ക്കൊപ്പം സഹായിയായി നിന്നത് ഞങ്ങളുടെ ബന്ധത്തിലുള്ള ഒരു അമ്മായി തന്നെയായിരുന്നു. അച്ഛൻ മരിച്ചതിനുശേഷം എല്ലാ വർഷവും അമ്മയെ കാണാൻ നാട്ടിലെത്തിച്ചേരുന്നത് ഞാൻ പതിവാക്കിയിരുന്നു. ഒന്നുരണ്ടാഴ്ച അമ്മയ്‌ക്കൊപ്പം താമസിച്ച്, അമ്മയോടൊപ്പം യാത്ര ചെയ്യാനാവുന്ന ഇടങ്ങളിലെല്ലാം പോകാൻ കഴിഞ്ഞുവെന്നത് എനിക്കേറെ സന്തോഷം തന്ന ഒന്നായിരുന്നു. പക്ഷേ ആ സന്തോഷവും അധികകാലം നീണ്ടുനിന്നില്ല.
(തുടരും)
Published: 23 Aug 2026, 05:23 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented