എണ്ണമറ്റ മനകളുടെയും കൊട്ടാരങ്ങളുടെയും ചരിത്രമുറങ്ങുന്ന മണ്ണാണ് വള്ളുവനാട്. പറയിപെറ്റ പന്തിരുകുലത്തിന്റെയും ചാവേറായി മാമാങ്കത്തട്ടിലിറങ്ങിയ വീരയോദ്ധാക്കളുടെയും മൂപ്പിളമ തര്‍ക്കം തീര്‍ക്കാന്‍ ചേകവന്‍മാരെവെച്ച് അങ്കം കുറിച്ച നാടുവാഴികളുടെയും കഥകളും ഐതിഹ്യങ്ങളും പാണന്‍ പാടിനടന്ന മണ്ണ്. ഈ നാടിനു പറയാന്‍ പുകള്‍പ്പെറ്റ കഥകള്‍ നിരവധിയുണ്ട്.
മോഹിപ്പിക്കുന്ന സൗന്ദര്യമാണ് വള്ളുവനാടിന്റെ ഇടവഴികള്‍ക്കുപോലും. പ്രകൃതി യാതൊരു ലോഭവും കൂടാതെ കനിഞ്ഞുനല്‍കിയ വരദാനം.ആരെയും മോഹിപ്പിക്കും ആ സൗന്ദര്യം. അതിന്റെ സാംസ്‌കാരിക പൈതൃകം അതിലേറെ വശീകരിക്കുന്നതാണ്. കൊമ്പും കുഴലും ചെണ്ടയും മദ്ദളവും ചേങ്ങിലയും തുടങ്ങിയ വാദ്യമേളങ്ങളും കഥകളിയും ഓട്ടംതുള്ളലും കൂത്തും കൂടിയാട്ടവും തുടങ്ങി അരങ്ങുണര്‍ത്തുന്ന കലകളും നൂപുരം ചാര്‍ത്തിയ ദേശപെരുമകളും പ്രതാപത്തിന്റെ പെരുമ്പറ കൊട്ടിയ നൂറുനൂറു കഥകള്‍ ഇതുവഴി വരുന്നവര്‍ക്കു പറഞ്ഞു തരും.
പഴയ ജന്മിത്വത്തിന്റേയും നാടുവാഴിത്വത്തിന്റെയും പ്രതാപങ്ങളുടെ തിരുശേഷിപ്പുകള്‍ അമര്‍ന്നു കിടക്കുന്ന കുന്നും മലകളും, കഥകളുടെ പെരുംപത്തായങ്ങള്‍ തുറക്കുന്ന കാടും കാട്ടരുവികളും വയലേലകളും കൂടെ യക്ഷിക്കഥകളെ ഓര്‍മ്മിപ്പിക്കുന്ന കരിമ്പനകൂട്ടങ്ങളും കാഴ്ച്ചകളെ ഭ്രമിപ്പിക്കും. ഇവിടുത്തെ നാട്ടുവഴികളിലൂടെ നടക്കുമ്പോള്‍ ചരിത്രത്തിന്റെ ചെറിയ ഇലയനക്കങ്ങളെപോലും വാചാലമാകുന്നത് കാണാം. ചേകവപ്പോരിന്റെ ചരിത്രം നിറയുന്ന കളരികളില്‍ ഉയരുന്ന വായ്ത്താരികളും അങ്കപ്പണത്തിന്റെ കിലുക്കവും ചെവിയോര്‍ത്താല്‍ കേള്‍ക്കാന്‍ കഴിയും. ക്ഷേത്രക്കുളങ്ങളും കാവുകളും ജടാനാരുകള്‍ ഭൂമിതൊടുന്ന അരയാലുകളും നാടന്‍പഴമയുടെ പ്രൗഢി നല്‍കാന്‍ തലയെടുപ്പോടെ കാത്തുനില്‍പ്പാണിവിടെ.
ആചാരവൈവിധ്യങ്ങളിലൂടെ സാംസ്‌കാരികത്തനിമ ആഴ്ന്നിറങ്ങിയ ഭൂദേശങ്ങള്‍, മാമാങ്കസ്മരണകളുടെയും പറയി പെറ്റ പന്തിരുകുലത്തിന്റെയും ഐതീഹ്യവുമൊഴുകുന്ന നിള. ഇതിന്റ വടക്കേ കരയിലൂടെ ചെന്നാല്‍ വള്ളുവനാട് താലൂക്കിലെ ഒറ്റപ്പാലത്തിനടുത്തുള്ള ഒരു കൊട്ടാരവളപ്പിനു മുമ്പിലെത്താം. ഇന്ത്യയിലെ തന്നെ ഏക നായര്‍സമുദായ ജന്മിത്ത നാട്ടുരാജ്യമായിരുന്ന കവളപ്പാറസ്വൂപത്തിന്റെ പ്രമാണിയായിരുന്ന സാക്ഷാല്‍ കവളപ്പോറ മൂപ്പില്‍ നായരുടെ ആസ്ഥാനമായിരുന്ന കവളപ്പാറ കൊട്ടാരത്തിനു മുന്നില്‍. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്ത് കൂനത്തറ എന്ന ഗ്രാമത്തിലാണ് കവളപ്പാറ കൊട്ടാരം സ്ഥിതിചെയ്യുന്നത്.
ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള കവളപ്പാറ സ്വരൂപത്തിന്റെ ചരിത്ര പ്രാധാന്യം വില്യം ലോഗന്‍ തന്റെ 'മലബാര്‍ മാന്വല്‍' എന്ന കൃതിയില്‍ രേഖപ്പെടുതിട്ടുണ്ട്. വാണിയംകുളത്തുനിന്ന് കൂനത്തര ആര്യങ്കാവ് വഴി ത്രാങ്ങാലിക്കുപോകുമ്പോള്‍ വഴിയോരത്ത് ഇന്ന് കവളപ്പാറ കൊട്ടാരത്തിന്റെ അസ്ഥിപഞ്ജരമാണ് കാണുന്നത്. കാലപ്രവാഹത്താല്‍ തിരിച്ചുവരവ് ആസാധ്യമാക്കി നരച്ചുപോയ ചരിത്രം. തലകുനിക്കാന്‍കൂട്ടാക്കാത്ത മസ്തകംപോലെ പഴയകൊട്ടാരത്തിന്റെ ശേഷിപ്പുകള്‍ മാത്രം കാണാം. നെറ്റിപ്പട്ടവും തലേക്കെട്ടുമില്ലാതെ ഒരു മാളികച്ചവട്. ആലവട്ടങ്ങളും വെഞ്ചാമരങ്ങളും ഉയര്‍ന്നിരുന്ന ഒരുനാളില്‍ തലയുയര്‍ത്തി നിന്ന ഒരു വലിയ രാജവംശത്തിന്റെ തിരുശേഷിപ്പുകളാണ് നിലവിലുള്ളത്.

''മൂപ്പില്‍ നായര്‍'' എന്നായിരുന്നു കവളപ്പാറ സ്വരൂപത്തിലെ ഭരണാധികാരിയുടെ സ്ഥാനപ്പേര്. കേരളചരിത്രത്തിലെ സമാനതകളില്ലാത്ത രാജവംശം എന്ന വിളിപ്പേര് കവളപ്പാറയുടെ സ്വകാര്യ അഹങ്കാരമായിരുന്നു.. ചങ്ങലപ്പാടില്ലാതെ ആരെയും കൂസാക്കാതെ നില്‍ക്കുന്ന ഒറ്റയാനെപോലെയായിരുന്നു ഒരുകാലത്ത് കവളപ്പാറയുടെ പ്രതാപമെന്ന് പഴമക്കാര്‍ പറയുന്നു. മലയാളക്കരയിലെ പ്രാചീന നെടുങ്ങനാടിന്റെ കീഴിലെ പ്രബലനായ നായര്‍പ്രഭുവായിരുന്നു കവളപ്പാറ മൂപ്പില്‍നായര്‍. മരുമക്കത്തായ സമ്പ്രദായമായിരുന്നു ഇവിടെ നിലനിന്നിരുന്നത്. സാമൂതിരി രാജാവ് മൂപ്പില്‍ നായര്‍ക്ക് കൊട്ടാരത്തിന്റെ അധികാരം കല്‍പ്പിച്ചു കൊടുത്തിരുന്നു. മലബാറിലെ ഏറ്റവും സമ്പന്നരായ നാടുവാഴികളായി മൂപ്പില്‍ നായന്‍മാര്‍ അറിയപ്പെട്ടു.
വര്‍ഷത്തില്‍ 150000 പറ നെല്ല് പാട്ടമായി ലഭിച്ചിരുന്നുവത്രെ. 5000 ഭടന്മാരുടെ ഒരു സൈന്യത്തെത്തന്നെ അവര്‍ ക്രമീകരിച്ചിരുന്നത്രേ. 25 ഓളം ക്ഷേത്രങ്ങള്‍ സ്വരൂപത്തിനു് കീഴില്‍ ഉണ്ടായിരുന്നു. ഒരു ദേശവാഴിക്കുവേണ്ട സകല സ്ഥാന ചിഹ്നങ്ങളും മൂപ്പില്‍ നായര്‍ക്ക് ഉണ്ടായിരുന്നു. കവളപ്പാറ അന്തിമഹാകാളന്‍ കോട്ടയില്‍ ആയിരത്തില്‍ ഒന്നുകുറവ്(999) നായര്‍ പടയാളികള്‍ എന്നും കാവലുണ്ടായിരുന്നതിലാണത്രെ ഈ പദവി കൈവന്നത്. വാണിയംകുളം കന്നുകാലിചന്ത തുടങ്ങിയതും അവര്‍ണ്ണരുടെ വിദ്യാഭ്യാസ പുരോഗതിക്കായി 'തിയ്യ സ്‌കൂള്‍' എന്നപേരില്‍ ഒരു എലിമെന്ററി സ്‌കൂള്‍ സ്ഥാപിച്ചതും കവളപ്പാറയില്‍ ലൈബ്രറി ആരംഭിച്ചതും ആര്യങ്കാവ് പൂരം തുടങ്ങിവെച്ചതുമെല്ലാം മൂപ്പില്‍ നായന്‍മാര്‍ ആയിരുന്നു എന്നാണ് വാമൊഴിയായി പറഞ്ഞുകേട്ട ചരിത്രം. ഇവ ഏറെകുറെയൊക്കെ ശരിയുമായിരുന്നു.
മലയാളനാട്ടില്‍ തോല്‍പ്പാവകൂത്ത് എന്ന കലാരൂപത്തിനു തുടക്കം കുറിച്ചത് കവളപ്പാറക്കാരാണെന്നു വിശ്വസിക്കപ്പെടുന്നു. ഇന്നും പ്രചാരത്തിലുള്ള തോല്‍പ്പാവക്കൂത്ത് എന്ന കലാരൂപം 1632- ല്‍ കേരളത്തില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടത് കവളപ്പാറ കൊട്ടാരത്തിലായിരുന്നു. ആര്യങ്കാവ് ക്ഷേത്രത്തില്‍ പ്രത്യേകം കൂത്തുമാടം നിര്‍മ്മിച്ച് മാന്‍തോലുകൊണ്ട് രാമായണ കഥാപാത്രങ്ങളുടെ പാവകള്‍ തീര്‍ത്ത് കൂനത്തറ ചിന്നത്തമ്പി പുലവര്‍ എന്ന തമിഴകത്തെ മഹാനായ കലാകാരനെകൊണ്ട് അന്നത്തെ മൂപ്പില്‍നായര്‍ തുടങ്ങിവെച്ച തോല്‍പ്പാവകൂത്ത് അന്ന് കേരളത്തിന്റെ തനതു കലാരൂപമായി മാറിയതത്രെ. ജാതി വ്യത്യാസങ്ങളില്ലാതെ ജനങ്ങളെ സേവിച്ചവരായിരുന്നെങ്കിലും ബ്രിട്ടീഷ് ഭരണത്തോട് ഐക്യപ്പെട്ടാണ് അവര്‍ ജീവിച്ചിരുന്നത്.
ചരിത്ര പ്രസിദ്ധമായ കൊട്ടാരത്തിന്റെ പത്തില്‍ ഒരംശം മാത്രമേ ഇന്ന് നിലനില്‍ക്കുന്നുള്ളൂ. സംസ്‌കാരിക സമ്പന്നമായ വള്ളുവനാടിന്റെ ഒരു വലിയ പ്രതീകമാണ് കവളപ്പാറ കൊട്ടാരം. പന്തിരുകുലത്തിലെ കാരക്കല്‍ മാതയുടെ സന്തതി പരമ്പരകളാണ് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്തുള്ള കവളപ്പാറ കുടുംബമെന്നൊരു ഐതിഹ്യമുണ്ട്. ഒരു പാട് കാലം പഴക്കമുള്ള ഈ കൊട്ടാരത്തിന്റെ അധികാരം സാമൂതിരി ഭരണകാലത്ത് സാമൂതിരി രാജാവാണ് മൂപ്പില്‍ നായര്‍ക്ക് കല്പിച്ച് കൊടുത്തത്. എഡി 1102നും 1120നു മിടയിലാണ് കവളപ്പാറ സ്വരൂപത്തിന്റെ ഉത്ഭവമത്രേ. വേണാട് സ്വരൂപം അനുഗ്രഹിച്ചു നല്‍കിയ ഒരത്ഭുതവാളുമായി ഓങ്ങല്ലൂര്‍ മാട് മുതല്‍ ഒറ്റപ്പാലം കണിയപുറം തോട് വരേയും, തെക്ക് ഭാരതപ്പുഴ മുതല്‍ വടക്ക് മുണ്ടക്കോട്ട്കുറുശ്ശി വരെയുമുള്ള തൊണ്ണൂറ്റിയാറ് ദേശങ്ങളെ വെട്ടിപ്പിടിച്ച നാടുവാഴിയായിട്ടാണ് മൂപ്പില്‍നായരെ ചരിത്രമടയാളപ്പെടുത്തിയത്. തമിഴകത്തുനിന്നും ചുരം കടന്നവന്ന കച്ചവടക്കാര്‍ക്ക് മൂപ്പില്‍നായര്‍ ആതിഥ്യം നല്‍കി. അയ്യായിരത്തോളം നായര്‍ പടയാളികളെ അതിര്‍ത്തിരക്ഷയ്ക്കും ക്രമസമാധാനത്തിനുമായി കാലാകാലവും കരുതിപ്പോന്ന വള്ളുവനാട്ടിലെ ഏറെ ശക്തനായ ഭരണാധികാരിയായിരുന്നു മൂപ്പില്‍നായര്‍. അത് കൊണ്ട് തന്നെയാണ് ടിപ്പുവിന്റെ പടയോട്ടത്തില്‍ പോലും കവളപ്പാറയെ ഒന്നിളക്കാന്‍ കഴിയാതിരുന്നത്.
96 ദേശങ്ങളുടെ സര്‍വ്വാധികാരിയായിരുന്നു കവളപ്പാറ സ്വരൂപത്തിലെ മൂപ്പില്‍നായര്‍. വള്ളുവനാടിന്റെ ചരിത്രത്തോളം പഴക്കമുള്ള കവളപ്പാറ സ്വരൂപം ഒരു കാലഘട്ടത്തില്‍ രാജാധികാരത്തിന്റെ താന്‍പോരിമ വെളിവാക്കിയ ചെറു നാട്ടുരാജ്യത്തിനു സമാനമായിരുന്നു. സാമൂതിരി കോപത്തിനു് പാത്രമായ കവളപ്പാറ സ്വരൂപം വേണാട്ട് രാജാവിന്റെ കൂറു പ്രഖ്യാപനം കൊണ്ട് രാജ്യം കാത്ത കഥയും ചരിത്രത്തില്‍ നിന്ന് വായിച്ചെടുക്കാം. പടിഞ്ഞാറ് ഓങ്ങല്ലൂര്‍ മുതല്‍ മുണ്ടക്കോട്ട്കുറുശ്ശി വരെയും വിസ്തരിച്ച് വ്യാപിച്ച് കിടക്കുന്ന ഭൂമിശാസ്ത്രപരമായ അതിര്‍ത്തിയാണ് കവളപ്പാറ സ്വരൂപം. കവളപ്പാറ മൂപ്പില്‍ നായരാണ് ഈ രാജവംശത്തിന് ആളും അര്‍ത്ഥവും നല്‍കി പ്രതാപകാലത്തേക്ക് നയിച്ചത്.
കൊട്ടാരത്തിലെ ഭരണാധികാരികളുടെ സ്ഥാനാരോഹണം ''തണ്ടേറ്റം'' എന്ന പേരിലാണറിയപ്പെട്ടിരുന്നത്. ഭരണച്ചുമതലയുള്ള സ്വരൂപത്തിലെ മൂത്ത പുരുഷനാണ് ''മൂപ്പില്‍ നായര്‍''. ഏക്കറുകണക്കിന് സ്ഥലത്താണ് കൊട്ടാരവും, അനുബന്ധ കെട്ടിടങ്ങളും നിലനിന്നിരുന്നത്. കൊട്ടാരത്തിലെ കഥകളിയോഗം ഏറെ പ്രസിദ്ധമായിരുന്നു. കവളപ്പാറ നാരായണന്‍നായര്‍, പട്ടിയ്ക്കാംതൊട്ടി രാവുണ്ണിമേനോന്‍, മൂത്തമന നമ്പൂതിരി എന്നിവരൊക്കെ കളിയോഗത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു.കലാമണ്ഡലം സ്ഥാപിക്കാന്‍ മഹാകവി വള്ളത്തോളിനു് പ്രേരണയായത് ഇവിടത്തെ കഥകളിയോഗത്തില്‍ നിന്നായിരുന്നുവത്രേ. സ്വരൂപത്തിലെ കഥകളിക്കോപ്പുകളാണ് ഒരുകാലത്ത് വള്ളുവനാട്ടിലെ പ്രസിദ്ധമായ കഥകളി സംഘങ്ങളെല്ലാം ഉപയോഗിച്ചിരുന്നത്.
കാലത്തിന്റെ കുത്തൊഴുക്ക് സ്വരൂപത്തെയും കൊട്ടാരത്തേയും കീഴടക്കി. ഭൂതകാല പെരുമയില്‍ കഥകളുടെ അലയാഴിതീര്‍ത്ത് തേരോട്ടം നടത്തിയ കൊട്ടാരവും, നാടുവാഴികളും ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് കാലപ്രഹരമേറ്റ് ചിതറിത്തെറിച്ചു. സിംഹാസനങ്ങളും അന്തപുരങ്ങളും അകത്തളങ്ങളും വടക്കിനിയും സൈനികനിലങ്ങളും ആര്‍ജവത്തോടെ നെഞ്ചേറ്റിയ മണ്ണില്‍നിന്ന് ചരിത്രകഥാവസ്തുവായി കേട്ടുകഥകളായി വാമൊഴിയിലൂടെ പകര്‍ന്നാട്ടം നടത്തി ദയനീതയുടെ മുഖഭാവവുമായി നില്‍ക്കുന്നു. ഇന്ന് വാചാലമാകാന്‍ കഴിയുന്ന ഒരു മൗനത്തിന്റെ പിടിയില്‍ കാലത്തിന്റെ അടയാളപ്പെടുത്തല്‍പോലെ നില്‍ക്കുന്ന ഇത്തിരി ഭൂപ്രദേശം സമ്പന്നതയുടെയും പ്രതാപത്തിന്റെയും ഓര്‍മകളെപ്പോലും തിരസ്‌കരിക്കപ്പെട്ട് പ്രേതഭൂമി പോലെ ഭീതിയിലാണ്ടു കിടപ്പാണ്. കവളപ്പാറ കൊട്ടാരം കലാസംസ്‌കാരങ്ങളേയും, കലാകാരന്മാരെയും രാജ്യതാല്പര്യങ്ങളുടെ ഭാഗമായിക്കണ്ടാണ് പരിപാലിച്ചു പോന്നതെന്നാണ് ചരിത്രം. കാവിനെച്ചുറ്റിപ്പറ്റി ഐതിഹ്യങ്ങളൊരുപാടുണ്ട്. സര്‍പ്പദംശനമേറ്റ തൃപ്പൂണിത്തറ കോവിലകത്തെ തമ്പുരാന്‍ മരിച്ചെന്ന് വൈദ്യശാസ്ത്രം തീര്‍പ്പുകല്പിച്ചിരുന്നു. ജ്യോതിഷ പണ്ഡിതനും, വിഷ വൈദ്യനുമായിരുന്നഅന്നത്തെ കവളപ്പാറ മൂപ്പില്‍നായര്‍ തമ്പുരാനെ കവളപ്പാറയിലേക്ക്കൊണ്ടുവരാനാജ്ഞാപിച്ചു. ഇവിടത്തെ നാഗകന്യകക്ക് തളിച്ച തീര്‍ത്ഥജലമെടുത്ത് തെളിച്ച് മൂപ്പില്‍നായര്‍ തമ്പുരാന്റെ ജീവന്‍ തിരികെയെടുത്തുവത്രേ. കോഴിക്കോട് സാമൂതിരി രാജാവിന്റെ ദീനം മാറ്റിയതിന്റെ ഉപകാരസ്മരണക്കായ് 101 പറയുടെ അപ്പം നാഗകന്യകക്ക് നേരുകയും അപ്പം നാട് മുഴുവന്‍ വിതരണം നടത്തുകയും ചെയ്തിരുന്നു.
മൂപ്പില്‍നായരുടെ മുഖ്യ അംഗരക്ഷകനായിരുന്ന കണ്ണോത്ത്കാരിയെ പ്രമാണിമാരുടെ ഏഷണി മൂലം വധിച്ചു കളഞ്ഞ കണ്ണീര്‍കഥയുമുണ്ട്. രാജ്യസ്നേഹിയും, വിശ്വസ്തസേവകനുമായിരുന്നു കാരി. പ്രാചീന നെടുങ്ങനാട്ടിലെ ഏററവും പ്രബലനായ പ്രഭുവായിരുന്നു കവളപ്പാറ നായര്‍. തൃക്കടീരി, വീട്ടിക്കാട് - കണ്ണമ്പ്ര, വട്ടക്കാവില്‍ പെരുമ്പട നായന്മാര്‍ക്കൊപ്പം കവളപ്പാറയും നെടുങ്ങേതിരിയുടെ ഭരണത്തില്‍ തന്റെ തൊണ്ണൂറിയാറു ദേശങ്ങള്‍ ഭരിച്ചുവന്നു. ഷോര്‍ണൂരിനു സമീപമുള്ള പള്ളിക്കല്‍ അഥവാ പള്ളിത്തൊടി എന്ന സ്ഥലമാണ് ഈ സ്വരൂപത്തിന്റെ മൂലസ്ഥാനം എന്ന് കരുതപ്പെടുന്നു. ഇവരുടെ കളരിസ്ഥാനം ഷൊര്‍ണ്ണൂർ റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നുവെന്നു പറയുന്നു.
തന്റെ കോപത്തിന് പാത്രമായ ഈ നാട്ടുരാജ്യത്തിന്റെ അധികാരമുദ്രകളായ വാളും പരിചയും സാമൂതിരി പിടിച്ചെടുക്കുകയും കവളപ്പാറ സ്വരൂപത്തെ നശിപ്പിക്കാന്‍ നീക്കം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം കവളപ്പാറ ചെറിയ മൂപ്പില്‍ നായരാണ് സാമൂതിരിയില്‍ നിന്ന് അടയാളമുദ്രകള്‍ തിരിച്ചെടുത്ത് ജ്യേഷ്ഠനായ വലിയ മൂപ്പില്‍ നായരെ രാജാവായി വാഴിച്ചത് എന്നാണ് ചരിത്രം. വീണ്ടും സാമൂതിരി ആക്രമണത്തിന് ഒരുങ്ങവെ വേണാട്ട് രാജാവിനെ സമീപിച്ച് രക്ഷയ്ക്ക് ഉപായം കണ്ടെത്തിയ കവളപ്പാറ സ്വരൂപത്തിനോട് പുത്തന്‍ കോവിലകം കൂറ് എന്ന് കൊട്ടാര മതിലില്‍ മുദ്ര ചാര്‍ത്താന്‍ വേണാട്ട് രാജാവ് കല്പിച്ചുവത്രെ. തുടര്‍ന്നു പട നയിച്ച് എത്തിയ സാമൂതിരി കൂറ് പ്രഖ്യാപനം കണ്ട് പിന്‍വാങ്ങിയെന്നും ചരിത്രം പറയുന്നു.
Content Highlights: Kavalapaara Palace Kavalappara Mooppil Nair Valluvanad Palakkad Kerala history Nair kingdom
Published: 30 Jan 2025, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented