വീട്ടിൽ ക്ലീനിങ് തുടങ്ങുമ്പോൾ നമ്മൾക്ക് ഒരു പ്രത്യേക ആവേശമാണ്.'ഇത്തവണ എല്ലാം കളയണം' എന്ന് തീരുമാനിച്ചാണ് തുടക്കം.

To advertise here,

അലമാര തുറക്കും. കട്ടിലിനടിയിൽ നോക്കും. അടുക്കളയിലെ ഓരോ ഷെൽഫും പരിശോധിക്കും. വർഷങ്ങളായി ഉപയോഗിക്കാത്ത പാത്രങ്ങൾ പുറത്തുവരും. ആരും ധരിക്കാത്ത വസ്ത്രങ്ങൾ പുറത്തുവരും. വായിക്കാത്ത മാസികകൾ പുറത്തുവരും. ഉപയോഗമില്ലാത്ത പ്ലാസ്റ്റിക് പാത്രങ്ങൾ, പഴയ ചാർജറുകൾ, പൊരുത്തമില്ലാത്ത ചെരിപ്പുകൾ, പ്രവർത്തിക്കാത്ത റിമോട്ടുകൾ. എല്ലാത്തിനും നേരേ ഒരു ചോദ്യം വീട്ടിലെ എല്ലാവരും പരസ്പരം ചോദിക്കും.

'ഇതൊക്കെ എന്തിനാണാവോ ഇവിടെ വെച്ചിരിക്കുന്നത്?'

ഉത്തരം പലപ്പോഴും: 'എപ്പോഴെങ്കിലും ഉപകാരപ്പെടും.' എന്നായിരിക്കും.

ഈ 'എപ്പോഴെങ്കിലും' എന്ന വാക്കാണ് മലയാളിയുടെ വീട്ടിലെ ഏറ്റവും വലിയ സ്റ്റോറേജ് മാനേജർ. പത്ത് വർഷമായി ഉപയോഗിച്ചിട്ടില്ലാത്ത സാധനങ്ങൾ പോലും നമ്മൾ കളയില്ല. 'ഇത് കളയണ്ട. ഒരിക്കൽ വേണ്ടിവരും.' ആ ഒരിക്കൽ പക്ഷേ ഒരിക്കലും വരില്ല. പക്ഷേ സാധനം അവിടെത്തന്നെ കിടക്കും. വീട്ടിലെ ഒരു മുറി മുഴുവൻ വൃത്തിയാക്കാൻ നമുക്ക് ഒരു ഞായറാഴ്ച മതി. ചിലപ്പോൾ കുടുംബത്തിലെ എല്ലാവരും ചേർന്ന് മഹാശുചീകരണ യജ്ഞം നടത്തും. പഴയ സാധനങ്ങൾ വേർതിരിക്കും.

വയ്‌ക്കേണ്ടത്. കളയേണ്ടത്. ആർക്കെങ്കിലും കൊടുക്കേണ്ടത്. മൂന്ന് കൂമ്പാരം.

പക്ഷേ ഈ മൂന്നാമത്തെ കൂമ്പാരമാണ് അപകടം. 'ഇത് ആർക്കെങ്കിലും കൊടുക്കാം.' ആരെങ്കിലും ഉണ്ടാകില്ല. അവരൊയൊട്ട് കണ്ടെത്താനും പറ്റില്ല. അങ്ങനെ 'ആർക്കെങ്കിലും' എന്ന പേരിൽ മറ്റൊരു അഞ്ചുവർഷം കൂടി വീട്ടിൽ അവയെല്ലാം അങ്ങനെ തന്നെ കിടക്കും. വീടിന്റെ കാര്യത്തിൽ നമ്മൾ ഇത്രയും ശുചിത്വബോധമുള്ളവരാണ്. പക്ഷേ മനസ്സിന്റെ കാര്യത്തിൽ? അവിടെ വർഷങ്ങളായി പൊടി പിടിച്ചുകിടക്കുന്ന സാധനങ്ങളുണ്ട്.

പിണക്കം.

പരിഭവം.

തെറ്റിദ്ധാരണ.

പഴയ വാക്കുകൾ.

പറയാതെ പോയ കാര്യങ്ങൾ.

പറഞ്ഞുപോയതിന്റെ വേദന. ഇവയൊന്നും ആരും ക്ലീൻ ചെയ്യാറില്ല. വീട്ടിലെ ജനൽച്ചില്ലിൽ ഒരു വിരലടയാളം കണ്ടാൽ പോലും ഉടൻ തുടയ്ക്കും. പക്ഷേ ഒരാളുടെ മനസ്സിൽ നമ്മുടെ വാക്ക് കൊണ്ടുണ്ടായ പാട്? 'അത് അങ്ങനെയൊന്നുമല്ല.' എന്ന് പറഞ്ഞ് കടന്നുപോകും. വീട്ടിലെ ചുവരിൽ ഒരു ചെറിയ ചിലന്തിവല കണ്ടാൽ പോലും നമ്മൾ വെറുതെ വിടാറില്ല. ഉടൻ വടിയെടുക്കും. മേശ വലിച്ചുകൊണ്ടുവരും. കസേരയിൽ കയറും. എങ്ങനെയെങ്കിലും അത് തൂത്തുകളയും. നാളെ വീണ്ടും വല വരും എന്നറിഞ്ഞിട്ടും ഇന്നത്തെ വല വൃത്തിയാക്കിയിട്ടേ സമാധാനമാകൂ. പക്ഷേ ബന്ധങ്ങളിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ചിലന്തിവലയുടെ കാര്യത്തിൽ നമ്മൾക്ക് അത്ര ധൃതിയില്ല.

ഒരു ദിവസം സംസാരിച്ചില്ല. രണ്ടാം ദിവസം സംസാരിച്ചില്ല. പിന്നെ ഒരു ചെറിയ തെറ്റിദ്ധാരണ. അതിന് മുകളിൽ ഒരു പരിഭവം. അതിനുമുകളിൽ 'അവൻ ആദ്യം വിളിക്കട്ടെ' എന്നൊരു പിടിവാശി. അങ്ങനെ ദിവസങ്ങൾ മാസങ്ങളാകും. മാസങ്ങൾ വർഷങ്ങളാകും. ഒടുവിൽ ഒരിക്കൽ വളരെ അടുത്തിരുന്ന രണ്ടു പേരുടെ ഇടയിൽ പോലും ഒരു കട്ടിയുള്ള മൗനത്തിന്റെ ചിലന്തിവല രൂപപ്പെടും.ആ വല നീക്കം ചെയ്യാൻ ഒരു ഫോൺകോൾ മതി. പക്ഷേ നമ്മൾ ഫോൺ എടുത്ത് വിളിക്കില്ല. വാട്‌സ്ആപ്പിൽ മെസേജ് ടൈപ്പ് ചെയ്യില്ല. പകരം അവരുടെ Last Seen നോക്കും. Status നോക്കും. DP മാറിയോ എന്ന് നോക്കും.

അങ്ങനെ ബന്ധം വൃത്തിയാക്കാനുള്ള എല്ലാ വഴികളും ഒഴിവാക്കി, ബന്ധം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന് മാത്രം പരിശോധിച്ചുകൊണ്ടിരിക്കും.അവസാനം ഒരു ദിവസം ആ വ്യക്തിയുടെ സ്റ്റാറ്റസിൽ ഒരു quote കാണും:

'ചില ബന്ധങ്ങൾ അകലുമ്പോഴാണ് അവയുടെ വില മനസ്സിലാകുന്നത്.'ഉടൻ നമ്മൾ മനസ്സിൽ പറയും:'ഇത് എന്നെ ഉദ്ദേശിച്ചാണ്.' അവൻ ആരെ ഉദ്ദേശിച്ചാണെന്ന് അവനുപോലും അറിയില്ല!എന്നിട്ടും നമ്മൾ ആ സ്റ്റാറ്റസിന് ഒരു പ്രതികരണവും നൽകില്ല. വെറുതെ Seen. വീട്ടിലെ ചിലന്തിവല കണ്ടാൽ വടി എടുത്ത് നീക്കം ചെയ്യുന്ന നമ്മൾ, ബന്ധത്തിലെ ചിലന്തിവല കണ്ടാൽ മൊബൈൽ എടുത്ത് സീൻ കൊടുത്ത് പോകുന്നു. ചിലന്തിവല വൃത്തിയാക്കാൻ വടി മതി. ബന്ധത്തിലെ വല നീക്കാൻ ചിലപ്പോൾ ഒരു 'എങ്ങനെയുണ്ട്?' എന്ന വാക്ക് മാത്രം മതി.

നമ്മുടെ തലമുറയുടെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് ഇതാണ്.വീട് വൃത്തിയാക്കാൻ സമയം കണ്ടെത്തും. ബന്ധങ്ങൾ വൃത്തിയാക്കാൻ സമയം കണ്ടെത്തില്ല. പെരുന്നാളിന് മുമ്പ് വീട് ക്ലീൻ ചെയ്യണം. ഓണത്തിന് മുമ്പ് പെയിന്റ് ചെയ്യണം. വിഷുവിന് മുമ്പ് അലമാര വൃത്തിയാക്കണം. പുതുവർഷത്തിന് മുമ്പ് വീടിന്റെ കോണുകൾ വരെ വൃത്തിയാക്കണം. പക്ഷേ വർഷങ്ങളായി സംസാരിക്കാത്ത ഒരു സഹോദരനെ ഒന്ന് വിളിക്കണമെന്ന് തോന്നിയാൽ...

 

'വിളിക്കണം.'

അത്രമാത്രം.

വിളിക്കില്ല.

കാരണം അവൻ ആദ്യം വിളിക്കട്ടെ. ഇതാണ് നമ്മുടെ ബന്ധങ്ങളുടെ വലിയ നിയമം.'തെറ്റ് അവന്റേതാണെങ്കിൽ, ഫോൺ എന്റേതാണെങ്കിലും ആദ്യം വിളിക്കേണ്ടത് അവൻ തന്നെ.'സോഷ്യൽ മീഡിയ വന്നതോടെ ഈ പിണക്കത്തിനും പുതിയ ടെക്‌നോളജി കിട്ടി.മുമ്പ് പിണങ്ങിയാൽ വീട്ടിൽ സംസാരിക്കില്ലായിരുന്നു. ഇപ്പോൾ? വാട്‌സ്ആപ്പിൽ ലാസ്റ്റ് സീൻ നോക്കും. സ്റ്റാറ്റസ് നോക്കും ഡിപി നോക്കും. ആരെയൊക്കെ ബർത്ത്‌ഡേ വിഷ് ചെയ്തു എന്ന് നോക്കും. നമ്മളെ മാത്രം വിഷ് ചെയ്തില്ലെങ്കിൽ അതും ശ്രദ്ധിക്കും. അവൻ ഒരു സ്റ്റാറ്റസ് ഇട്ടാൽ അതിന്റെ അർഥം നമ്മളെ ഉദ്ദേശിച്ചാണോ എന്ന് അന്വേഷിക്കും.

'എല്ലാവരും മാറും, ചിലർ മാത്രം ഓർമ്മയിൽ...' എന്നൊരു quote കണ്ടാൽ:

'ഇത് എന്നെ ഉദ്ദേശിച്ചാണ്.'

ഉറപ്പ്.

അവൻ ഉദ്ദേശിച്ചത് ആരെയാണെന്ന് അവനുതന്നെ അറിയില്ലായിരിക്കാം.

പക്ഷേ നമ്മൾ തീരുമാനിച്ചു കഴിഞ്ഞു.

അടുത്ത ഘട്ടം?

മ്യൂട്ട്

അതിന് ശേഷം ആർക്കൈവ്

അവസാനം ബ്ലോക്ക്. ഒരു ചെറിയ തെറ്റിദ്ധാരണയിൽ തുടങ്ങിയ ബന്ധം മൂന്ന് ബട്ടണുകൾ അമർത്തി ഔദ്യോഗികമായി അവസാനിപ്പിക്കും.പിന്നെ ഒരു ദിവസം വിവാഹത്തിനോ മരണത്തിനോ കുടുംബ ചടങ്ങിനോ കണ്ടുമുട്ടുമ്പോൾ:

'എന്തുണ്ട് വിശേഷം?'

'സുഖം.'

രണ്ടുപേരും പുഞ്ചിരിക്കും.

പുഞ്ചിരിയുടെ പിന്നിൽ പത്ത് വർഷത്തെ ചരിത്രം.

പിണക്കം സൂക്ഷിക്കുന്നതിലും നമ്മൾ വളരെ മിടുക്കരാണ്.പത്ത് വർഷം മുമ്പ് ഒരാൾ പറഞ്ഞ ഒരു വാക്ക് കൃത്യമായി ഓർമ്മയുണ്ടാകും.'അന്ന് നീ അങ്ങനെ പറഞ്ഞില്ലേ?'പക്ഷേ ഇന്നലെ എന്താണ് കഴിച്ചതെന്ന് ചോദിച്ചാൽ ഓർമ്മയില്ല. മറവി പോലും സെലക്ടീവ് ആണ്. നമ്മളോട് മറ്റൊരാൾ ചെയ്ത ചെറിയ തെറ്റ് വർഷങ്ങളോളം ഓർമ്മിക്കും.പക്ഷേ നമ്മൾ മറ്റൊരാളോട് ചെയ്ത തെറ്റിന് ഒരു മനോഹരമായ വിശദീകരണം തയ്യാറായിരിക്കും.'അന്ന് സാഹചര്യം അങ്ങനെയായിരുന്നു.' അവനും അതേ സാഹചര്യത്തിലായിരുന്നു എന്ന കാര്യം നമ്മൾ മറക്കും.ബന്ധങ്ങളിലെ ഏറ്റവും അപകടകരമായ വാക്കുകളിൽ ഒന്നാണ് 'അഭിമാനം.'

'ഞാൻ എന്തിന് ആദ്യം വിളിക്കണം?'

'ഞാൻ എന്തിന് ക്ഷമ ചോദിക്കണം?'

'തെറ്റ് ചെയ്തത് അവനല്ലേ?'

തീർച്ചയായും, ചില സാഹചര്യങ്ങളിൽ അതിരുകൾ ആവശ്യമാണ്. എല്ലാ ബന്ധങ്ങളും നിലനിർത്തേണ്ടതുമില്ല. വേദനിപ്പിക്കുന്നതും വിഷമിപ്പിക്കുന്നതുമായ ബന്ധങ്ങളിൽ അകലം പാലിക്കേണ്ടി വരാം. പക്ഷേ ചെറിയ തെറ്റിദ്ധാരണകൾ, പറയാതെ പോയ വാക്കുകൾ, പഴയ ഈഗോ, 'ആദ്യം ആരാണ് സംസാരിക്കേണ്ടത്?' എന്ന മത്സരം...ഇവ കാരണം എത്ര ബന്ധങ്ങളാണ് പതുക്കെ അകലുന്നത്!രണ്ടുപേരും പരസ്പരം ഓർക്കും. രണ്ടുപേരും സംസാരിക്കണമെന്ന് ആഗ്രഹിക്കും. രണ്ടുപേരും കാത്തിരിക്കും. ഒടുവിൽ വർഷങ്ങൾ കടന്നുപോകും. ബന്ധം മരിച്ചത് വലിയൊരു വഴക്കിലല്ല. രണ്ടുപേരും ഒരുമിച്ച് എടുത്ത ഒരു ചെറിയ മൗനത്തിലാണ്. പുതുതലമുറയോട് ഇതൊക്കെ പറയുമ്പോൾ അവർ ചോദിച്ചേക്കാം:

'അപ്പോൾ എന്താണ് സൊലൂഷൻ?'

വളരെ സിംപിൾ.

വീട്ടിൽ ക്ലീനിങ് ചെയ്യുന്നതുപോലെ വർഷത്തിൽ ഒരിക്കലെങ്കിലും മനസ്സിലും ഒരു ക്ലീൻ അപ് ഡേ വേണം.

ആരോടാണ് പിണക്കം?

എന്തിനാണ്?

ഇപ്പോഴും അത്ര പ്രധാനമാണോ?

ആ വ്യക്തി ഇന്ന് നമ്മുടെ ജീവിതത്തിൽ ഇല്ലെങ്കിൽ പോലും ആ പിണക്കം നമ്മൾ എന്തിന് ചുമക്കുന്നു?

ഈ ചോദ്യങ്ങൾ സ്വയം ചോദിക്കണം.

ചിലപ്പോൾ ഒരു ഫോൺ കോൾ മതി.

'എടാ, എന്തൊക്കെയുണ്ട്?'

ചിലപ്പോൾ ഒരു മെസേജ് മതി.

'നമ്മൾ തമ്മിൽ കുറെ നാളായി സംസാരിച്ചിട്ടില്ല. ഒന്ന് സംസാരിക്കാമെന്ന് തോന്നി.'

ചിലപ്പോൾ ഒരു 'Sorry' മതി.

ചിലപ്പോൾ ഒരു 'നീ എങ്ങനെയുണ്ട്?' എന്ന ചോദ്യമാണ് വേണ്ടത്.

വലിയ പ്രസംഗമൊന്നും വേണ്ട.

ബന്ധങ്ങൾ repair ചെയ്യാൻ ചിലപ്പോൾ ഒരു ചെറിയ ാലമൈഴല മതിയാകും.

പക്ഷേ അതിന് ആദ്യം വേണ്ടത് ഒരു കാര്യം മാത്രം.

ആരാണ് ആദ്യം വിളിക്കേണ്ടത് എന്ന മത്സരം അവസാനിപ്പിക്കുക.

അടുത്ത തവണ വീട്ടിൽ ക്ലീനിങ് നടത്തുമ്പോൾ ഒരു പരീക്ഷണം നടത്താം.

പഴയ വസ്ത്രങ്ങൾ മാറ്റിവെക്കുക.

പഴയ പാത്രങ്ങൾ മാറ്റിവെക്കുക.

ഉപയോഗിക്കാത്ത സാധനങ്ങൾ മാറ്റിവെക്കുക.

അതിനുശേഷം അഞ്ച് മിനിറ്റ് ഇരുന്ന് മറ്റൊരു പട്ടിക തയ്യാറാക്കുക.

'മനസ്സിൽ നിന്ന് കളയേണ്ട കാര്യങ്ങൾ.'

അതിൽ ഒരാളുടെ പേര് ഉണ്ടാകാം.

ഒരു പഴയ സംഭവമുണ്ടാകാം.

ഒരു പരിഭവമുണ്ടാകാം.

ഒരു തെറ്റിദ്ധാരണയുണ്ടാകാം.

അല്ലെങ്കിൽ വർഷങ്ങളായി നമ്മൾ തന്നെ നമ്മളോട് സൂക്ഷിച്ചുവെച്ച ഒരു കുറ്റബോധമാകാം.

എല്ലാം ഒരുദിവസം തീർക്കേണ്ടതില്ല. പക്ഷേ ഒന്നെങ്കിലും പുറത്തെടുക്കാം.വീട്ടിലെ മാലിന്യം പുറത്തേക്ക് കൊണ്ടുപോകുന്നതുപോലെ മനസ്സിലെ ഭാരവും കുറച്ചെങ്കിലും പുറത്തേക്ക് വിടാം. കാരണം വീട് വൃത്തിയായാൽ നമുക്ക് താമസിക്കാൻ സുഖമാകും. മനസ്സ് വൃത്തിയായാൽ ജീവിക്കാൻ സുഖമാകും. വീട്ടിൽ കിടക്കുന്ന പഴയ പാത്രത്തിന് നമ്മളോട് പിണങ്ങാനൊന്നും കഴിയില്ല. പക്ഷേ പഴയ പിണക്കം നമ്മളെ വിട്ടുപോകാതെ കൂടെ നടക്കും. അതുകൊണ്ട് അടുത്ത പുതുവർഷത്തിൽ, അല്ലെങ്കിൽ അടുത്ത ഞായറാഴ്ച... വീടിന്റെ ഒരു മൂല മാത്രം വൃത്തിയാക്കാതെ നോക്കൂ.

മനസ്സിന്റെയും ഒരു മൂല വൃത്തിയാക്കൂ. പഴയ സാധനങ്ങൾ കളയുമ്പോൾ 'ഇനി ഇത് വേണ്ട' എന്ന് പറയാൻ നമുക്ക് കഴിയുന്നുണ്ടെങ്കിൽ, പഴയ പിണക്കങ്ങൾക്കും ഒരിക്കൽ അതേ വാക്ക് പറയാൻ പഠിക്കാം.

'ഇനി ഇത് വേണ്ട.'അതാണ് ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും നല്ല ക്ലീനിങ്.

കാരണം...

കാരണം വീട്ടിൽ പൊടി കെട്ടിയാൽ അലർജി വരും.

മനസ്സിൽ പിണക്കം കെട്ടിയാൽ ജീവിതം തന്നെ അലർജിയാകും.

വീടിന് ഇടയ്ക്കിടെ ക്ലീനിങ് വേണം.ബന്ധങ്ങൾക്കും. മനസ്സിനും.