ലോകപ്രശസ്ത കുറ്റാന്വേഷക നോവലിസ്റ്റായ ആർതർ കോനൻ ഡോയൽ തന്റെ സൂപ്പർനായകനായ ഷെർലക് ഹോംസിനെ 'മരിച്ച'തിന് ശേഷം തിരിച്ചുകൊണ്ടുവന്നത് സാഹിത്യ ചരിത്രത്തിലെ വലിയ കൗതുകമാണ്. കുറച്ചുകൂടി ഗൗരവമുള്ള എഴുത്തിന്റെ വഴിയിലേക്ക് തിരിയാൻവേണ്ടി 'ദ ഫൈനൽ പ്രോബ്ളം' എന്ന കഥയിൽ ഹോംസ് മരിച്ചതായി അവതരിപ്പിക്കുകയായിരുന്നു. എന്നാൽ വായനക്കാരുടെ കടുത്ത നിർബന്ധം കാരണം 'ദ അഡ്വഞ്ചർ ഓഫ് ദ എംറ്റി ഹൗസ്' എന്ന കഥയിൽ അദ്ദേഹത്തെ പുനർജീവിപ്പിപ്പിക്കേണ്ടിവന്നു. ഒരു കഥാപാത്രത്തെ വായനക്കാർ എത്രത്തോളം ആഴത്തിൽ നെഞ്ചോടുചേർത്തു എന്നതിന്റെ തെളിവാണിത്. ഇത് സാഹിത്യത്തിലെ കാര്യമാണെങ്കിൽ യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ മരിച്ചതിന് ശേഷം തിരിച്ചുവന്നുവെന്ന് അവകാശപ്പെടുന്ന കഥകൾ എത്രയോ ഉണ്ട്. അത്തരക്കാർ പറയുന്ന അനുഭവങ്ങൾക്ക് ഒട്ടേറേ സമാനതകളുമുണ്ട്. മരിച്ചതിന് ശേഷം തിരിച്ചുവരിക എന്നത് ശാസ്ത്രീയമായി അസംഭവ്യമാണെങ്കിലും അത്തരം അവകാശവാദങ്ങളുയർത്തുന്ന കഥകൾ എക്കാലവും ജനകീയമാണ്. കേട്ടിരിക്കാൻ കൗതുകവും ആകാംക്ഷയുമുണർത്തുന്ന ഇത്തരം കഥകൾക്ക്, കഥകൾ മെനയുകയും പറയുകയും ചെയ്യുന്ന ഏക ജീവിയെന്ന നിലയിൽ മനുഷ്യർക്കിടയിൽ വലിയ സ്വാധീനവുമുണ്ട്. മുൻ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, തന്റെ മരിച്ചുപോയ ഭാര്യയോട് സംസാരിച്ചതും മുൻ ഡി.ജി.പി. അലക്സാണ്ടർ ജേക്കബ്ബ് പ്രേതത്തെ ഉപയോഗിച്ച് കുറ്റം തെളിയിച്ചതുമായ കഥകൾ കേട്ട് ത്രസിച്ചിരിക്കുന്നവർ ഇക്കാലത്തുമുണ്ട് എന്നോർക്കണം. ഇതുപോലെത്തന്നെയാണ് മരണാസന്നാനുഭവങ്ങളും (Near death Experience). മരണത്തെ നേർക്കുനേർ കണ്ട് തിരിച്ചുവന്നു എന്നു തോന്നിക്കുന്ന അനുഭവങ്ങൾ. ഇതൊക്കെ അനുഭവിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത് യഥാർത്ഥ അനുഭവം തന്നെയാണ്. വലിയൊരു ശതമാനവും ഇതെല്ലാം ശരിക്കും അനുഭവിച്ചവരാണ്. ആ അനുഭവങ്ങളെ നിഷേധിക്കാൻ നമുക്കാവില്ല, എന്നാൽ ഇന്ന് ശാസ്ത്രീയമായി അതിനെയെല്ലാം വിശദീകരണമുണ്ടെന്ന് മാത്രം. അത്തരം ചില അനുഭവ കഥകൾ കേൾക്കാം.

To advertise here,

കൊല്ലപ്പെട്ടയാൾ കൊലയാളിയെ ചൂണ്ടിക്കാണിക്കുന്നു...

മുൻ ഡി.ജി.പി.അലക്സാണ്ടർ ജേക്കബല്ല 'മരിച്ചുപോയ'വരെ ഉപയോഗിച്ച് കുറ്റം തെളിയിച്ച ആദ്യത്തെയാൾ എന്നാണ് പറയാൻ പോകുന്നത്. കുറേ പിന്നോട്ടുപോയാൽ വേറേയും അനുഭവകഥകൾ ഇത്തരത്തിൽ ഉണ്ട്. 1977 ലെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സംഭവമാണ് തെരേസിറ്റ ബാസ കേസ്. അമേരിക്കയിലേ ഷിക്കാഗോയിൽ നടന്ന ഒരു സംഭവമാണിത്. 47 വയസ്സുള്ള തെരേസിറ്റ ബാസ എന്ന നഴ്സിനെ സ്വന്തം അപ്പാർട്ട്മെന്റിൽ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തെളിവില്ലാതാക്കാൻ മൃതദേഹം കത്തിക്കാനും ശ്രമിച്ചിട്ടുണ്ട്. അതിന്റെ അന്വേഷണം ഊർജ്ജിതമായി നടക്കുന്നതിനിടയിലാണ് തെരേസിറ്റയുടെ കൂടെ ജോലിചെയ്യുന്ന മറ്റൊരു നഴ്സായ റെമിചുവക്ക് ചില സ്വഭാവവ്യത്യാസങ്ങൾ ഉണ്ടാവുന്നത്. ഒരു ദിവസം അബോധാവസ്ഥയിലായ റെമിചുവ ഉണർന്നതോടെ മറ്റൊരു ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങി. താൻ തെരേസിറ്റ ബാസയാണെന്നു പറഞ്ഞുകൊണ്ടാണ് അവൾ സംസാരിച്ചത്. മാത്രമല്ല, തന്റെ ഭർത്താവിനോട് തെരേസിറ്റയുടെ കൊലപാതകി അലൻ ഷൊവറി എന്ന ആശുപത്രി ജീവനക്കാരനാണെന്നും പറഞ്ഞു. തെരേസിറ്റയുടെ ആഭരണങ്ങൾ അവൻ മോഷ്ടിച്ച് അവന്റെ കാമുകിക്ക് കൊടുത്തതായും വെളിപ്പെടുത്തി.

ഭർത്താവ് ഇക്കാര്യം പോലീസിൽ അറിയിച്ചു. ആദ്യം കാര്യമായെടുത്തില്ലെങ്കിലും ആഭരണങ്ങൾ അലന്റെ കാമുകിയിൽ നിന്ന് കണ്ടെടുത്തതോടെ പോലീസ് കൂടുതൽ ജാഗ്രതയിലായി. ഗൗരവമായി പോലീസ് കേസന്വേഷിച്ചു. ഒടുവിൽ അലൻ കുറ്റം സമ്മതിക്കുകയും അറസ്റ്റിലാവുകയും ചെയ്തു. ഈ കേസിന്റെ ഔദ്യോഗികരേഖകളിലും ഈ അത്ഭുത വെളിപ്പെടുത്തൽ 'വോയ്സ് ഓഫ് ദ ഗ്രേവ്' എന്ന പേരിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ് കൗതുകം.

രണ്ടുതരത്തിലാണ് മനശ്ശാസ്ത്രജ്ഞർ ഈ സംഭവം വിശദീകരിക്കുന്നത്. ക്രിപ്റ്റോംമ്നേഷ്യ (Cryptomnesia) എന്ന അവസ്ഥയാണ് ഇതിന് കാരണമെന്ന് അവർ പറയുന്നു. അബോധമനസ്സിലെ ഓർമയാണത്. നേരത്തേ കാണുകയോ കേൾക്കുകയോ ചെയ്ത കാര്യങ്ങൾ പിന്നീട് മറന്നുപോകും. എന്നാൽ ആ വിവരങ്ങൾ അബോധമനസ്സിൽ തങ്ങിക്കിടക്കും. ഇവരെല്ലാവരും ഒരേ ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ ഈ കൊലപാതകത്തിന്റെ എന്തെങ്കിലുമൊക്കെ വിവരങ്ങൾ ഏതെങ്കിലും രീതിയിൽ റെമിചുവ അറിഞ്ഞിട്ടുണ്ടാവും, പിന്നീട് മറന്നതാവാം. ഒരവസരം വന്നപ്പോൾ ആ ഓർമകൾ പുറത്തുവന്നതാവാം. മറ്റൊരു സാധ്യത, 'ഡിസോസിയേറ്റീവ് ട്രാൻസ് സ്റ്റേറ്റ്'എന്ന അവസ്ഥയാണ്. കടുത്ത ഭയം, കുറ്റബോധം, സംഘർഷം എന്നിവയുണ്ടാവുമ്പോൾ സ്വന്തം വ്യക്തിത്വം താത്കാലികമായി മറ്റൊരു വ്യക്തിത്വത്തിലേക്ക് മാറുന്ന അവസ്ഥയാണിത്. അത്തരമൊരു അവസ്ഥയിൽ അബോധമനസ്സിൽ ഉറങ്ങിക്കിടക്കുന്ന വിവരങ്ങൾ പുറത്തുവരാം. ഈ കൊലപാതകത്തിൽ അലൻഷൊവറിയെ സംശയമുണ്ടായിരുന്ന റെമിചുവക്ക് അത് നേരിട്ടു പറയാൻ ധൈര്യമില്ലാത്തതിനാൽ ഇത്തരമൊരു നാടകം രൂപപ്പെടുത്തിയതുമാവാം എന്ന സംശയവും മനശാസ്ത്രജ്ഞർ പ്രകടിപ്പിച്ചിരുന്നു. എന്തൊക്കെയായാലും ആത്മാക്കളെത്തി കേസുതെളിയിക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നത് ഇങ്ങനെയൊക്കെയാണ് എന്നാണ് ഈ കേസ് പറയുന്നത്.

കാറപകടത്തിൽ കാഴ്ച കിട്ടിയ കഥ

മനശാസ്ത്രജ്ഞർ ഏറെ കൗതുകത്തോടെ ഏറ്റെടുത്ത മറ്റൊരു കേസാണ് വാഷിങ്ടണിലെ സിയാറ്റിനിൽ ജീവിച്ച വിക്കി ഉമിപെഗ് എന്ന വിക്കി നോറതുകിന്റേത്. ജനന സമയത്ത് ഇൻകുബേറ്ററിൽ വെച്ച് ഓക്സിജൻ കൂടുതൽ നൽകിയതിനാൽ അവരുടെ ഒപ്റ്റിക് നാഡികൾ തകർന്ന് ജൻമനാ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. 22-ാം വയസ്സിൽ രാത്രി നൈറ്റ് ക്ലബ്ബിൽ നിന്ന് മടങ്ങുമ്പോൾ സംഭവിച്ച കാറപകടത്തിൽ തലയോട്ടി തകരുകയും മെഡിക്കൽ സെന്ററിലേക്ക് മാറ്റുകയും ചെയ്തു. അവിടെ വെച്ചാണ് വിക്കിക്ക് അത്ഭുതകരമായ ആ നിയർ ഡെത്ത് എക്സ്പീരിയൻസ് ഉണ്ടായത്.

ഇന്നുവരെ ഒരു കാഴ്ചയും കണ്ടിട്ടില്ലാത്ത അവൾക്ക് താൻ തന്റെ ശരീരത്തിന് മുകളിലേക്ക് പൊങ്ങിപ്പോകുന്നതായി തോന്നി. താഴെ എമർജൻസി മുറിയിൽ ഡോക്ടർമാർ ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നത് കണ്ടു. ആ ശരീരം തന്റേതാണെന്ന് ആദ്യം മനസ്സിലായില്ല, എന്നാൽ വിരലിലെ വിവാഹമോതിരവും മുടിയുടെ ഘടനയും കണ്ട് അത് താൻ തന്നെയാണെന്ന് തിരിച്ചറിഞ്ഞു. ഡോക്ടർമാരുടേയും നഴ്സ്മാരുടേയും വസ്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവയെല്ലാം അവൾ കണ്ടു. എന്നാൽ പരിക്കെല്ലാം ഭേദപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോഴും അവൾക്ക് കാഴ്ചയില്ലായിരുന്നു!

വേറിട്ട, അത്ഭുതകരമായ ഈ അനുഭവം മനശാസ്ത്രജ്ഞനായ ഡോ.കെന്നത്ത് റിങ് വിശദമായി പഠിച്ചു. അദ്ദേഹം നൽകിയ ചില വിശദീകരണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. 'പ്രോട്ടോകോൺഷ്യസ്നസ്' എന്ന ഒരവസ്ഥ വിക്കിക്ക് ഉണ്ടായിട്ടുണ്ടാവാം എന്ന് അദ്ദേഹം പറയുന്നു. അത് കണ്ണുകൾകൊണ്ടുള്ള കാഴ്ചയല്ല, മറിച്ച് ബോധമനസ്സിന്റെ കാഴ്ചയാണ്. ബോധമനസ്സ് മറ്റ് ഇന്ദ്രിയങ്ങൾവഴി ശേഖരിക്കുന്ന വിവരങ്ങൾ വെച്ച് ഒരു പ്രത്യേക കാഴ്ചരൂപപ്പെടുത്തുന്നതാണിത്. മറ്റൊരു വ്യാഖ്യാനം സിനസ്തേസ്യയുമായി ബന്ധപ്പെട്ടതാണ്. തലച്ചോറിലെ പരിക്കുകാരണം ഓക്സിജൻ പ്രവാഹം കുറയുമ്പോൾ ശബ്ദങ്ങളും സ്പർശനങ്ങളും ഗന്ധങ്ങളുമെല്ലാം കാഴ്ചരായി അനുഭവപ്പെടുന്ന അവസ്ഥ. മോതിരം സ്പർശിക്കുകയും ഡോക്ടറുടേയും നഴ്സുമാരുടേയും ശബ്ദം കേൾക്കുകയും ആശുപത്രിയിലെ ഗന്ധം ശ്വസിക്കുകയും ചെയ്യുമ്പോൾ അവളുടെ മനസ്സ് നിർമിച്ചെടുത്ത ഒരു ലോകമായിരുന്നു അത്. ബോധംപോകുന്നതിന് മുൻപോ ശേഷമോ കേട്ട സംസാരങ്ങളും വിവരങ്ങളുമെല്ലാം ഈ ശബ്ദ-സ്പർശന വിവരങ്ങളുമായി ചേർത്തുകുഴച്ച് തലച്ചോറുണ്ടാക്കിയ ഒരു കാഴ്ചാനുഭവമാവാം വിക്കിക്കുണ്ടായത് എന്നാണ് ഡോ.കെന്നത്ത് റിങ് വിശദീകരിച്ചത്.

അനിത മൂർജാനി കണ്ട 'പര'ലോകം

ഈ വിഷയത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒന്നാണ് അനിത മൂർജാനി എന്ന ആനി റൈലിയുടെ അനുഭവങ്ങൾ. 2002 ൽ ലിംഫോമ അസ്ഥികളിലേക്കും മറ്റ് അവയവങ്ങളിലേക്കും പടർന്ന് 2006 ൽ കോമ സ്ഥിതിയിലായ അവർ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്ന് തന്റെ വിചിത്രാനുഭവങ്ങൾ പുസ്തകമാക്കി. 'ഡൈയിങ് ടുബി മി' എന്ന പുസ്തകത്തിലാണ് തന്റെ മരണാനന്തരാനുഭവങ്ങൾ അവർ എഴുതിയത്. മരിച്ചുപോയ പിതാവിനേയും സുഹൃത്തിനേയും കണ്ടുമുട്ടിയെന്നുവരെ അവർ എഴുതി. തനിക്ക് വേദനയില്ലാത്ത അവസ്ഥയുണ്ടായി. കോമയിൽ കിടക്കുന്ന സമയത്ത് ചുറ്റും നടക്കുന്നതെല്ലാം താൻ അറിഞ്ഞിരുന്നുവെന്നും ഡോക്ടറും നഴ്സുമാരും കുടുംബക്കാരുമായുള്ള സംസാരംപോലും തനിക്കറിയാമാമെന്നും അവർ അവകാശപ്പെട്ടു. ഭൂമിയിലേക്ക് മടങ്ങണമെന്നും ലിംഫോമ മാറുമെന്നും ലോകത്തിന് സന്ദേശം നൽകണമെന്നും 'നിർദ്ദേശം' ലഭിച്ചതിനെത്തുടർന്നാണ് താൻ കോമയിൽ നിന്ന് ഉണർന്നത് എന്നാണ് അനിത പറഞ്ഞത്.

ഇത് ന്യൂറോ സയന്റിസ്റ്റുകൾ വിശദമായി പഠിച്ച ഒരു കേസാണ്. അവർക്ക് അതിന്റെ കാരണം കണ്ടെത്താനായി. മസ്തിഷ്‌കത്തിലെ ഓക്സിജന്റെ കുറവുകാരണം ടെമ്പറോപരീറ്റൽ ലോബ് പ്രവർത്തനരഹിതമാകുമ്പോഴാണ് ഇത്തരം ശരീരബാഹ്യാനുഭവം ഉണ്ടാകുന്നതെന്ന് അവർ വിശദീകരിച്ചു. മസ്തിഷ്‌കത്തിന്റെ സമ്മർദ്ദംകാരണം ഉത്പാദിപ്പിക്കപ്പെടുന്ന എൻഡോർഫിൻ (Endorpthins) കാരണമാണ് വേദനയറിയാതിരുന്നത്. ഓക്സിജന്റെ കുറവുകൊണ്ടുതന്നെ വിഷ്വൽ ഹാലൂസിനേഷൻ ഉണ്ടാവാം. അതുവഴി വെളിച്ചത്തിന്റെ ഇടനാഴി, മരിച്ചുപോയവരുടെ രൂപങ്ങൾ എന്നിവയൊക്കെ കാണാനാകുമെന്ന് ശാസ്ത്രജ്ഞർ വിശദീകരിച്ചു. ലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണാറുള്ള 'സ്പോണ്ടേനിയസ് റെമിഷൻ' എന്ന അവസ്ഥയാവാം അനിതയുടെ ലിംഫോമ ഭേദമാവാൻ കാരണമെന്ന് അവർ കരുതുന്നു. ശരീരത്തിലെ പ്രതിരോധ വ്യവസ്ഥ സ്വയം ഉത്തേജിക്കപ്പെട്ട് അർബുദകോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥയാണത്.

തീക്കട്ടയിൽത്തന്നെ ഉറുമ്പരിച്ചപ്പോൾ

ഇത്തരം വിചിത്രാനുഭവങ്ങളെ ശാസ്ത്രീയമായി വിശദീകരിക്കുന്നവരാണ് ന്യൂറോ സയന്റിസ്റ്റുകളും സർജൻമാരും. എന്നാൽ അവർക്കുതന്നെ ഇത്തരമൊരു അനുഭവമുണ്ടായാലോ. അത്തരമൊരു അനുഭവമാണ് ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ അധ്യാപകനും ന്യൂറോസർജനുമായിരുന്ന ഡോ.ഈബൻ അലക്സാണ്ടറുടേത്. 2008ലാണ് അദ്ദേഹത്തിന് ഇ കോളി മെനിഞ്ചൈറ്റിസ് ബാധിച്ചത്. അത് അദ്ദേഹത്തിന്റെ ഓർമ, ചിന്ത, ബോധം എന്നിവയെ നിയന്ത്രിക്കുന്ന കോർട്ടക്സിനെ തളർത്തി. ഏഴുദിവസം കോമയിലായ അദ്ദേഹത്തിന് ജീവൻ നിലനിർത്താൻ വെന്റിലേറ്റർ വേണ്ടിവന്നു. എന്നാൽ അത്ഭുതകരമായി ഏഴാം ദിവസം അദ്ദേഹം തിരിച്ചുവന്നു. പിന്നീട് സാവധാനം പൂർണാരോഗ്യത്തിലേക്കെത്തി. അപ്പോഴാണ് തനിക്കുണ്ടായ അത്ഭുതകരമായ അനുഭവങ്ങൾ ഡോ.ഈബൻ വിവരിച്ചത്.

ചെളിനിറഞ്ഞ ലോകത്തുനിന്ന് പ്രകാശമാനമായ ലോകത്തേക്ക് പോകുന്നപോലെ ഒരു അനുഭവമായിരുന്നു തന്റേത്. അവിടെനിന്ന് സംഗീതവും വെളിച്ചവുമുള്ള മറ്റൊരു ലോകത്തേക്ക് ഉയർന്നു. ശലഭച്ചിറകുള്ള ഒരു സുന്ദരിയുടെ ചിറകിലേറി പറക്കുന്ന അനുഭവമുണ്ടായി. അവൾ തന്നോട് സംസാരിച്ചതായും ഡോക്ടർ പറഞ്ഞു. ആ സുന്ദരിക്ക് തന്റെ സഹോദരിയുടെ മുഖമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹവും എഴുതി ഒരു പുസ്തകം, അതാണെങ്കിൽ ഒരു പടികൂടി കടന്നതായിരുന്നു. പ്രൂഫ് ഓഫ് ഹെവൺ, എ ന്യൂറോ സർജൻസ് ജേർണി ഇൻടു ദ ആഫ്ടർലൈഫ്' എന്നായിരുന്നു പുസ്തകത്തിന്റെ പേര്. പോരേ പൂരം, മരണാനന്തരജീവിത വാദികൾക്ക് ഒരു ബംപർ ലോട്ടറിയായിരുന്നു ആ പുസ്തകം. ഒരു ന്യൂറോ സർജന്റെ അനുഭവമായതിനാൽ ഏറെ ഗൗരവത്തോടെയാണ് ശാസ്ത്രലോകം ഇതെല്ലാം പരിശോധിച്ചത്.

തന്റെ കോർട്ടക്സ് പൂർണമായും പ്രവർത്തനരഹിതമായിരുന്നു, എന്നിട്ടും ഇങ്ങനെ വ്യക്തമായ ചിത്രങ്ങളും അനുഭവങ്ങളും എങ്ങനെ ഉണ്ടായി എന്നാണ് അദ്ദേഹം ചോദിച്ചത്. കോമയിലേക്ക് പോകുന്ന സമയത്തോ, ഉണരുന്ന സമയത്തോ മസ്തിഷ്‌കം നിർമിച്ച ഭാവനകളാണ് ഈ അനുഭവങ്ങൾ എന്ന് ശാസ്ത്രജ്ഞർ വിശദീകരിച്ചു. ഹാലൂസിനേഷന്റെ സമയത്ത് മസ്തിഷ്‌കത്തിന്റെ ചിലഭാഗങ്ങളെങ്കിലും ഭാഗികമായി പ്രവർത്തിച്ചിരിക്കാം. പിന്നെ, ബാക്ടീരിയയുടെ വിഷാംശവും മരുന്നുകളും ഇത്തരം ഭ്രമാത്മകമായ അനുഭവങ്ങൾ ഉണ്ടാക്കാമെന്നും അവർ പറഞ്ഞു.

ചില ഇന്ത്യൻ അനുഭവങ്ങൾ

പാശ്ചാത്യലോകത്തു മാത്രമല്ല, ഇന്ത്യയിലും ഏറെ ചർച്ച ചെയ്യപ്പെട്ട മരണാനന്തരാനുഭവങ്ങളുണ്ടായിട്ടുണ്ട്. അനുഭവങ്ങളിൽ ഐകരൂപ്യമുണ്ടെങ്കിലും സാംസ്‌കാരികവും കഥാപരവുമായ ചില വ്യത്യാസങ്ങളുണ്ട്. ബെംഗളൂരുവിലെ പ്രശസ്തമായ നിംഹാൻസ് എന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡോ.സത്വന്ത് പശ്രിച, ഡോ.ഇയാൻ സ്റ്റീവൻസൺ തുടങ്ങിയവർ ഇത്തരം അനുഭവങ്ങളെക്കുറിച്ച് പഠിച്ചിട്ടുമുണ്ട്. അവരുടെ കേസ് ഡയറിയിലെ ഒരു സംഭവമാണ് ഉത്തർപ്രദേശ് സ്വദേശി വാസുദേവ് ശർമയുടെ അനുഭവം.

കടുത്ത പനിബാധിച്ച് കോമയിലായിപ്പോയിരുന്നു അദ്ദേഹം. പിന്നീട് ജീവിതം തിരിച്ചുപിടിച്ചു. അപ്പോഴാണ് അദ്ദേഹം തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് ഡോക്ടർമാരോട് പറഞ്ഞത്. കറുത്ത വസ്ത്രംധരിച്ച ചില രൂപങ്ങൾ തന്നെ പിടിച്ചുകെട്ടി മുകളിലേക്ക് കൊണ്ടുപോവുകയും അവിടെ പുസ്തകം പിടിച്ചിരിക്കുന്ന, ചിത്രഗുപ്തനെപ്പോലുള്ള ഒരാളുടെ മുന്നിൽ എത്തിക്കുകയും ചെയ്തു. അയാൾ ആ രൂപങ്ങളോട് ചോദിച്ചു, ആരെയാണ് നിങ്ങൾ കൊണ്ടുവന്നത്? അവർ പേരുപറഞ്ഞു. പുസ്തകം നോക്കിയ അയാൾ, ഇത് അയാളല്ല, ആ ഗ്രാമത്തിലെ വേറൊരാളെയാണ് വേണ്ടത് എന്ന് വിളിച്ചുപറഞ്ഞു. അതോടെ ആ രൂപങ്ങൾ വാസുദേവനെ താഴേക്ക് തള്ളിയിടുകയും ചെയ്തു. വീട്ടുകാർ ശവസംസ്‌കാരത്തിന് തയ്യാറെടുക്കുമ്പോഴാണ് അയാൾ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഇനി ഇതേ ശാസ്ത്രസംഘം തന്നെ പഠിച്ച, മധുരയിലെ രാമസ്വാമിയുടെ കേസിൽ, പാമ്പുകടിയേറ്റ് മരണാസന്നനായിരുന്നു അദ്ദേഹം. ആ സമയത്ത് തന്നെ അതിവേഗം ഒരു ഇരുണ്ടവഴിയിലൂടെ ആരോ കൊണ്ടുപോയപോലെ തോന്നി. ഒരു വലിയ കെട്ടിടത്തിന് മുന്നിലെത്തിയപ്പോൾ അവിടെയുള്ളവർ തന്റെ കാലിലെ പാമ്പുകടിച്ച അടയാളം നോക്കി എന്തോ പറയുകയും തിരികെ അയക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതോടെ ബോധം തിരിച്ചുകിട്ടുകയും പതിയെ ആരോഗ്യസ്ഥിതി വീണ്ടെടുക്കുകയും ചെയ്തു.

ഈ സംഭവങ്ങളെല്ലാം സൂക്ഷ്മമായി പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്, സാംസ്‌കാരികാന്തരീക്ഷം മാറുമ്പോൾ മരണാസന്നാനുഭവങ്ങളുടെ സ്വഭാവവും മാറുന്നു. അവരുടെ അനുഭവങ്ങളിലും അതിനനുസരിച്ചുള്ള മാറ്റങ്ങളുണ്ടാകുന്നു. അമേരിക്കയിലുള്ള ഒരാളും മരിച്ചുകഴിഞ്ഞ് ചിത്രഗുപ്തനെ കണ്ടിട്ടില്ല. ഹൈന്ദവവിശ്വാസികൾ ആരും മാലാഖമാരേയും കണ്ടിട്ടില്ല. പൊതുവെ ചില തോന്നലുകൾക്ക് സാദൃശ്യമുണ്ടെങ്കിലും ഓരോരുത്തരുടേയും വിശ്വാസങ്ങൾ, കേട്ട കഥകൾ, വായിച്ച പുസ്തകങ്ങൾ എല്ലാം അവരുടെ അനുഭവങ്ങളേയും കാഴ്ചകളേയും സ്വാധീനിച്ചിട്ടുണ്ട്. ഇതെല്ലാം വ്യക്തമാക്കുന്നത് ഇത്തരം വിചിത്രാനുഭവങ്ങൾ മറ്റേതോ ലോകത്തിന്റെ ലക്ഷണങ്ങളല്ലെന്നും അപാരസാധ്യതകളുള്ള തലച്ചോറിന്റെ കളികളാണെന്നും തന്നെയാണ്.