
യാഗപാരമ്പര്യം ഉള്‍കൊള്ളുന്ന മണ്ണാണ് പഞ്ഞാള്‍. മഹാഋഷി പാരമ്പര്യത്തെ ഒന്നാകെ ആവാഹിച്ച പുണ്യഭൂമി. കേരളത്തിലെ അവസാനത്തെ സാമവേദഗ്രാമം. ഇവിടെ ഓരോ മണല്‍ത്തരികളും ഉരുക്കഴിക്കുന്നത് വേദമന്ത്രങ്ങളാണ്. യജ്ഞസംസ്‌കൃതി പൂത്തുലഞ്ഞ മലയാളക്കരയിലെ ദേവചൈതന്യം വഹിക്കുന്ന വിശുദ്ധ ഗ്രാമം. പറഞ്ഞറിയിക്കാന്‍ കഴിയാത്ത ചൈതന്യവിശേഷമാണ് ഇവിടെ നിറഞ്ഞുനില്‍ക്കുന്നത്. ഇതൊന്നും എന്റേതല്ലെന്ന് ആവര്‍ത്തിക്കുന്ന മഹാപാരമ്പര്യം. ഇദം നഃ മമഃ എന്നാവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു, ഈ മനോഹരമായ നിളാതീരം. ഋഗ്വേദത്തിലെ ആദ്യ മന്ത്രമാണിത്. വേദഗ്രാമമായ പാഞ്ഞാളില്‍ തലമുറകള്‍ കെടാതെ സൂക്ഷിച്ച ത്രേതാഗ്‌നിയുണ്ട്. സര്‍വചരാചരങ്ങള്‍ക്കും സ്വസ്തിനേരുന്ന മഹാപാരമ്പര്യം നിറയുന്ന മണ്ണ് ലോകാസമസ്താ സുഖിനോ ഭവന്തു എന്ന് ആവര്‍ത്തിക്കുന്നു.
തൃശ്ശൂര്‍ ജില്ലയില്‍ തലപ്പിള്ളി താലൂക്കില്‍ ഭാരതപ്പുഴയ്ക്കു സമീപം സ്ഥിതിചെയ്യുന്ന പാഞ്ഞാളിലെ പുരാതനമായ ലക്ഷ്മീനാരായണക്ഷേത്രം പാഞ്ചാലരാജാവ് ദ്രുപദനാണ് സ്ഥാപിച്ചതെന്നും ഇതാണ് ഈ പേരിനാധാരമെന്നും കരുതുന്നു. വടക്ക് കോഴിക്കോട്ട് കോരപ്പുഴയ്ക്കും തെക്ക് ആലുവ പുഴയ്ക്കുമിടയില്‍ കൃഷ്ണമൃഗം സഞ്ചരിക്കുന്നതുകൊണ്ടാണ് പാഞ്ഞാള്‍ യജ്ഞത്തിന് യോഗ്യമായ സ്ഥലമായി മാറിയതെന്ന് ആചാര്യമതം. എ.ഡി. 16 മുതല്‍ 18 ശതകം വരെ സാമൂതിരി രാജാക്കന്മാര്‍ കൊച്ചിരാജ്യത്തെ നിരന്തരം ആക്രമിച്ചതിനാല്‍ അറുപത്തിനാലു നമ്പൂതിരിഗ്രാമങ്ങളില്‍ മുഖ്യഗ്രാമമായ പെരുവനം ഗ്രാമത്തില്‍ നിന്നും പാഞ്ഞുവന്നവരാണ് ഇവിടുത്തുകാരെന്നും ആയതിനാല്‍ ഈ സ്ഥലത്തെ പാഞ്ഞാള്‍ എന്നും വിളിച്ച് പോരുന്നുവെന്നും പറയപ്പെടുന്നു.
Also Read
വേലയും പൂരവും ഉത്സവങ്ങളും ഇവിടെ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. അങ്ങാടിക്കാവ് വേല, വാഴാലിക്കാവ് വേല, പാഞ്ഞാള്‍ ഉത്രം വേല ഇങ്ങനെ പോകുന്നു വേലയാഘോഷങ്ങള്‍. സാമൂഹികപരിഷ്‌ക്കരണത്തിന്റെ ഭാഗമായി 1105-ല്‍ സ്ഥാപിച്ച 'നമ്പൂതിരി ബാലിക വിദ്യാലയം' പാഞ്ഞാള്‍ ഹൈസ്‌ക്കൂളും പിന്നീട് ഹയര്‍ സെക്കൻഡറി സ്‌കൂളും ആയി ഉയര്‍ത്തപ്പെട്ടു എന്നും നാടിന്റെ സാംസ്‌കാരിക ചരിത്രം..
ഋക്-സാമ വേദികളുടെ നാടാണ് പാഞ്ഞാള്‍. പൊതുരംഗത്തേയ്ക്ക് കൂത്തിനേയും കൂടിയാട്ടത്തേയും കൊണ്ടുവരുന്നതില്‍ പ്രധാനപങ്ക് വഹിച്ച പൈങ്കുളം രാമചാക്യാര്‍, കേരളത്തില്‍ അന്യമായിക്കൊണ്ടിരിക്കുന്ന തോല്‍പ്പാവക്കൂത്തില്‍ പ്രഗല്ഭനായിരുന്ന ചെറുവത്തൂര്‍ ബാലന്‍ നായര്‍ എന്നീ മണ്‍മറഞ്ഞ കലാകാരന്മാര്‍ ഇവിടുത്തുകാരായിരുന്നു. കൂടാതെ, കളമെഴുത്തുപാട്ട്, തിരുവാതിരക്കളി, അടുക്കുകൊട്ട്, തുടികൊട്ട്, പാക്കനാര്പാട്ട്, കയ്യാംകളി കലാകാരന്മാരും ഇവിടെയുണ്ട്. ആനപരിപാലനരംഗത്തും ചികിത്സാരംഗത്തും പേരുകേട്ടവരുണ്ടായിരുന്നു.
പാഞ്ഞാള്‍ കേന്ദ്രീകരിച്ച് നിരവധി വിദേശ പണ്ഡിതര്‍ വിവിധ വിഷയങ്ങളില്‍ പഠനം നടത്തിയിട്ടുണ്ട്. 1957-ല്‍ പ്രൊഫസര്‍ സ്റ്റാളും പിന്നീട് യാര്‍ക്കോ പര്‍പ്പോള എന്ന വിദേശിയും വേദപഠനങ്ങള്‍ നടത്തി. സോഷ്യോളജിസ്റ്റും ആന്ത്രപ്പോളജിസ്റ്റുമായ ജോണ്‍ മെഞ്ച്യര്‍ ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തെപ്പറ്റി പഠനം നടത്തിയിട്ടുണ്ട്. അമേരിക്കന്‍ നരവംശ ശാസ്ത്രജ്ഞനും മോണ്ട്ക്ലെയർ സര്‍വകലാശാലയിലെ മുന്‍ പ്രൊഫസറുമായിരുന്ന റിച്ചാര്‍ഡ് ഫ്രാങ്കിയും ഭാര്യ ബാര്‍ബറ ചേസും ഇവിടെ താമസിച്ച് പഠനം നടത്തിയിരുന്നു.
സഹസ്രാബ്ദങ്ങളായി ഭാരതമൊട്ടാകെ നടപ്പുണ്ടായിരുന്ന വൈദിക കര്‍മത്തെയാണ് യാഗം എന്ന് വിശേഷിപ്പിക്കുന്നത്. 'യജ്'ധാതുവില്‍നിന്നാണ് 'യാഗ'മെന്ന പദത്തിന്റെ ഉല്‍പ്പത്തി. കൂടാതെ ഹോമം, സവം, ക്രതു, അധ്വരം, മഖം, ആഹവം, ഇഷ്ടി, സവനം, ഹവം, ഹവനം, അഭിഷബം, മഹം തുടങ്ങിയവയും യാഗത്തിന്റെ പര്യായങ്ങളാണ്. സദ്ഫലങ്ങളുണ്ടാക്കുക എന്നതാണ് യാഗത്തിന്റെ ലക്ഷ്യം. നെയ്യ്, സോമരസം, വപ എന്നിവ അഗ്നിയില്‍ ആഹുതി ചെയ്യപ്പെടുകയും അഗ്നി അവയെ ദേവന്മാര്‍ക്കെത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. ഈ വസ്തുക്കള്‍ അന്തരീക്ഷത്തേയും ഭൂമിയേയും യഥാക്രമം നീരാവിയാലും മഴമൂലവും ശുദ്ധീകരിക്കുന്നു. ഇതാണ് യാഗത്തെക്കുറിച്ചുള്ള സങ്കല്‍പ്പം.
1975-ലാണ് ലോകം മുഴുവന്‍ ചര്‍ച്ചചൈയ്ത മഹായാഗത്തിനു പാഞ്ഞാള്‍ സാക്ഷ്യം വഹിച്ചത്. പതിറ്റാണ്ടുകള്‍ക്കുശേഷമായിരുന്നു അന്ന് കേരളം ഒരു യാഗത്തിനു മുതിര്‍ന്നത്. അതിനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. ഫ്രിറ്റ്‌സ് സ്റ്റാള്‍ എന്ന ഇംഗ്ളീഷുകാരനായിരുന്നു അന്ന് എല്ലാത്തിനും മേല്‍നോട്ടം വഹിച്ചത്. വരണ്ടുണങ്ങി കിടക്കുന്ന പാഞ്ഞാള്‍പാടത്തായിരുന്നു യാഗശാല. യാഗസമാപനത്തില്‍ യജ്ഞശാല കത്തിക്കുമ്പോള്‍ മഴപെയ്യണമെന്നാണു വിധി. പാഞ്ഞാള്‍പാടക്കരയില്‍ അന്ന് ആയിരങ്ങള്‍ സമാപനത്തിനു സാക്ഷിയാകാന്‍ എത്തിയിരുന്നു.
യജമാനനും പത്നിയും അവഭൃതസ്‌നാനം നടത്തുമ്പോള്‍ യാഗത്തിനുപയോഗിച്ച മരപ്പാത്രങ്ങളും ഉപകരണങ്ങളും ജലത്തില്‍ സമര്‍പ്പിക്കും. പിന്നീട് മുങ്ങിക്കുളിച്ച് ചടങ്ങ് പൂര്‍ത്തിയാക്കി യാഗാഗ്നിയെ ത്രേതാഗ്നിയാക്കി ആവാഹിച്ച് മടങ്ങുന്നതോടെ യാഗശാല അഗ്നിക്ക് സമര്‍പ്പിക്കും. ഈ സമയത്ത് മഴ പെയ്യും എന്നാണ് വിധി. 1975-ല്‍ നടന്ന യാഗസമാപനത്തില്‍ മഴപെയ്യുമെന്ന് അന്ന് ആരും കരുതിയില്ലെന്ന് പഴമക്കാര്‍ പറയുന്നു. അത്രത്തോളം സൂര്യന്‍ കത്തിജ്വലിച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ എല്ലാവരേയും അത്ഭുതപ്പെടുത്തികൊണ്ട് പിന്നീട് നടന്നത് അവിശ്വസനീയമായ കാഴ്ചയായിരുന്നുവത്രെ. വേദപണ്ഠിതര്‍ക്കൊപ്പം മന്ത്രങ്ങള്‍ ഏറ്റുചൊല്ലി, ഓരോ ചടങ്ങുകളും ഡോക്യൂമെന്റ് ചെയ്തുകൊണ്ടിരുന്ന നടത്തിപ്പുകാരനായ സ്റ്റാള്‍ എന്ന സായിപ്പ് ആ കാഴ്ച കണ്ട് പൊട്ടിക്കരഞ്ഞുപോയി എന്നാണ് സാക്ഷ്യം വഹിച്ചിട്ടുള്ളവര്‍ ഇതിനെക്കുറിച്ച് എഴുതിയിട്ടുള്ളത്.
മേടസൂര്യന്‍ കത്തിജ്വലിച്ചു നിന്ന ആകാശത്ത് പെട്ടന്ന് കാര്‍മേഘങ്ങള്‍ നിറയുകയും പാഞ്ഞാള്‍ പാടത്ത് തിങ്ങിനിറഞ്ഞിരുന്ന ആയിരങ്ങളിലേക്കു പെരുമഴ പെയ്തിറങ്ങുകയും ചെയ്തു. യാഗത്തെ അനുകൂലിച്ചവര്‍ക്കും എതിര്‍ത്തവര്‍ക്കും ഒരുപോലെ അവിശ്വസനീയകാഴ്ചയായിരുന്നൂ അതെന്ന് കാലം രേഖപ്പെടുത്തുന്നു. ഒരിക്കിലും മറക്കാനാവാത്ത അനുഭവത്തിന്റെ നേര്‍സാക്ഷ്യമായി പാഞ്ഞാളിലെ ആ അതിരാത്രം. ഇതോടെ പാഞ്ഞാള്‍ യാഗചരിത്രത്തില്‍ വേദഭൂമിയായി മാറി.
ആയിരത്താണ്ടുകളുടെ യാഗപാരമ്പര്യത്തിന്റെയും വൈദികപാരമ്പര്യത്തിന്റെയും പുനര്‍ജനിയായി ഈ അതിരാത്രം മാറി. അന്ന് യാഗനടത്തിപ്പിനു വന്ന ചിലവ് 99,000 രൂപയായിരുന്നുവത്രെ. ഫ്രിറ്റ്‌സ് സ്റ്റാള്‍ എന്ന സായിപ്പാണ് ഈ ചെലവ് വഹിച്ചത്. ശാസ്ത്രീയോപകരണങ്ങള്‍ അത്രയേറെ വികസിച്ചിട്ടില്ലെങ്കിലും അന്ന് സ്റ്റാള്‍ രേഖപ്പെടുത്തിയ യാഗച്ചടങ്ങുകള്‍ പിന്നീട് ആധികാരികമായ 'ടെക്സ്റ്റബുക്ക്' ആയിമാറി- 'അഗ്നി'. അഗ്നിചയനം എന്നറിയപ്പെടുന്ന അതിരാത്രചടങ്ങുകള്‍ സമ്പൂര്‍ണമായി വിവരിക്കുന്ന വിശ്വവിഖ്യാത കൃതി.

യാഗഭൂമിയല്ലാത്ത ഒരു ഭൂമിയുമില്ല എന്നാണ് വെപ്പ്. ഭാരതത്തിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും ചെറുതും വലുതുമായ യാഗങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇവയില്‍ നിന്നും വ്യത്യസ്ഥമാണ് പാഞ്ഞാള്‍. സാമവേദജ്ഞര്‍ മുഴുവനും കേന്ദ്രീകരിച്ചിട്ടുളളത് ഇവിടെയാണ്. ഇവര്‍ യാഗങ്ങള്‍ക്കും യജ്ഞങ്ങള്‍ക്കുമുള്ള ജൈമിനീയ ശാഖയില്‍പെട്ടവരായാണ് അറിയപ്പെടുന്നത്. അഞ്ചു കുടുംബങ്ങളാണ് ഇതിലുള്ളതത്രെ- മുട്ടത്തുകാട്ടില്‍ മാമണ്ണ്, നെല്ലിക്കാട്ടില്‍ മാമണ്ണ്, കൊരട്ടിക്കര ഇല്ലം, പെരാങ്ങാട്ട്, തോട്ടം. മാമണ്ണ് എന്നത് ഓതിക്ക സ്ഥാനമാണ്. സാമവേദികളില്‍ സംശയമോ തര്‍ക്കമോ ഉണ്ടായാല്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടവരാണ് ഓതിക്കന്‍മാര്‍. പിന്നെ ഋഗ്വേദത്തില്‍ അഞ്ചുകുടുംബങ്ങളും ഇവിടെയുണ്ട്- മാത്തൂര്‍ മന, വയക്കാക്കര മന, പാതിരപ്പിള്ളി, കയ്പഞ്ചേരി, പിന്നെ പാഞ്ഞാള്‍ പട്ടേരി. യജുര്‍വേദക്കാര്‍ ഇരിങ്ങാലക്കുട ഗ്രാമക്കാരാണ്.
മൂന്നുവേദങ്ങളും യാഗങ്ങളില്‍ ഉപയോഗിക്കപ്പെടുന്നു. അതുകൊണ്ട് പാഞ്ഞാളിന് പ്രാധാന്യവും ഏറും.
അന്നാദ്ഭവന്തി ഭൂതാനി
പര്‍ജ്ജന്യാദന്ന സംഭവ:
യജ്ഞാദ് ഭവതി പര്‍ജ്ജന്യോ
യജ്ഞ കര്‍മ്മസമുദ്ഭവ.....
എന്നാണ് ഭഗവത്ഗീതയില്‍ യജ്ഞത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
സദ്ഗുണങ്ങളുണ്ടാക്കുക എന്നതാണ് യാഗത്തിന്റെ ലക്ഷ്യം. നെയ്യ്, സോമരസം, വപ എന്നിവ അഗ്‌നിയില്‍ സമര്‍പ്പിക്കുകയും അഗ്നി അവയെ ദേവന്മാര്‍ക്കെത്തിച്ചുകൊടുക്കുകയും ചെയ്യുന്നു എന്ന് സങ്കല്‍പം. 'അഗ്‌നി മീളേ പുരോഹിതം' എന്നാണ് ഋഗ്വേദ ആരംഭം തന്നെ. ഈ വസ്തുക്കള്‍ അന്തരീക്ഷത്തേയും ഭൂമിയേയും ശുദ്ധീകരിക്കുന്നു എന്ന് സങ്കല്പം.
ശ്രൗതം, സ്മാര്‍ത്തം എന്നിങ്ങനെ രണ്ടുതരം യാഗങ്ങളുണ്ട്. ശ്രുതിയെ സംബന്ധിക്കുന്നത് ശ്രൗതവും സ്മൃതിയെ സംബന്ധിക്കുന്നത് സ്മാര്‍ത്തവും. ഹവിസ് അര്‍പ്പിച്ചുചെയ്യുന്ന യജ്ഞവിഭാഗത്തില്‍പ്പെടുന്ന യാഗങ്ങള്‍ക്ക് ഏഴു ഉപവിഭാഗങ്ങള്‍ ഉണ്ട്. അവ അഗ്ന്യാധാനം, അഗ്നിഹോത്രം, ദര്‍ശപൂര്‍ണമാസം, ആഗ്രയണം, ചാതുര്‍മാസ്യം, നിഗൂഢപശുബന്ധം, സൗത്രാമണി എന്നിവയാണ്. സോമയജ്ഞങ്ങളെ അഗ്‌നിഷ്ടോമം, അത്യഗ്‌നിഷ്ടോമം, ഉകത്ഥ്യം, ഷോഡശി, വാജപേയം, അതിരാത്രം, അപ്‌തോര്‍യാമം എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.
യാഗാധികാരം ക്ഷത്രിയര്‍ക്ക് ചെയ്യാവുന്നതെന്നും ബ്രാഹ്‌മണര്‍ക്ക് ചെയ്യാവുന്നതെന്നുമായി തിരിച്ചിരിക്കുന്നു. അശ്വമേധം, രാജസൂയം സര്‍പ്പസത്രം തുടങ്ങിയവ ക്ഷത്രിയര്‍ക്കും അതിരാത്രം, സോമയാഗം, പുത്രകാമേഷ്ടി, സര്‍വ കാമേഷ്ടി തുടങ്ങിയവ ബ്രാഹ്‌മണര്‍ക്കും വിധിച്ചിരിക്കുന്നു. ഇതില്‍ അഗ്ന്യാധാനം അഥവാ ആധാനം, അഗ്നിഷ്ടോമം അഥവാ സോമയാഗം, അതിരാത്രം അഥവാ അഗ്നി എന്നിവ മാത്രമേ ഇന്നുവരെ കേരളത്തില്‍ നടത്തിയിട്ടുള്ളൂ. അഗ്ന്യാധാനം ചെയ്തയാള്‍ അടിതിരിയും അഗ്നിഷ്ടോമം ചെയ്തയാള്‍ സോമയാജിയും അതിരാത്രം ചെയ്തയാള്‍ അക്കിത്തിരിയുമായിത്തീരുന്നു.
ശ്രൗതയജ്ഞങ്ങളിലും സോമയാഗങ്ങളിലും ഏറ്റവും ശ്രേഷ്ഠമായതാണ് അഗ്നി എന്ന അതിരാത്രം. രാത്രിയെ അതികരിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് അതിരാത്രം എന്നപേര് വന്നത്. സാധാരണ യാഗത്തിന്റെ ചടങ്ങുകള്‍ ആറു ദിവസം കൊണ്ട് തീരും. അതിരാത്രത്തിന് പന്ത്രണ്ട് ദിവസം വേണം.
ഒരു കുടുംബത്തില്‍ മൂത്തയാള്‍ യാഗംചെയ്താലേ പിന്മുറക്കാര്‍ക്ക് അത് തുടര്‍ന്നുകൊണ്ടു പോകാനാവൂ. നെല്ലിക്കാട്ടു മനയ്ക്കലെ മൂന്നു തലമുറവരെ അതിരാത്രയാഗം നടത്തിയിരുന്നതായി ഓര്‍ക്കപ്പെടുന്നുണ്ട്. 1901, 1918, 1954 വര്‍ഷങ്ങളിലായിരുന്നുവത്രെ അത്.
ഒരു യാഗത്തിനു മുന്നോടിയായി മാസങ്ങള്‍ നീളുന്ന തയ്യാറെടുപ്പും പരിശീലനവും ആവശ്യമാണ്. ചിട്ടകള്‍ അതികഠിനവും. യാഗശാലയുടെ നിര്‍മാണം മുതല്‍ നിരവധി പ്രത്യേകതകളുണ്ട്. ജ്യാമിതീയ സൗന്ദര്യമാണ് ഓരോ യാഗശാലയുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. യജമാനനാകുന്ന വ്യക്തിയുടെ നെറുകയില്‍ തൊഴുകൈയോടെ നില്‍ക്കുന്ന രൂപം അളന്ന് അതിനെ ഗണിതാടിസ്ഥാനത്തില്‍ മൂന്നിലൊന്നും നാലിലൊന്നുമൊക്കെയാക്കി കണക്കാക്കി അതിന്റെ അടിസ്ഥാനത്തിലാണ് യാഗശാല തീര്‍ക്കുക. വലുതാക്കിയാലും ചെറുതാക്കിയാലും ഈ അളവുകള്‍ മാറില്ലത്രെ.
യാഗശാലയിലെ പ്രധാനഭാഗത്ത് നിര്‍മിക്കുന്ന ഗരുഡന്റെ ആകൃതിയിലുള്ള യാഗവേദിയാണ് ശ്വേനചിതി എന്ന് അറിയപ്പെടുന്നത്. പറക്കുന്ന രീതിയിലുള്ള ഗരുഡന്റെ രൂപമാണിതിന്. ഇതിനു മുകളിലിരുന്നാണ് യജ്ഞത്തിന്റെ ഒന്‍പതാം ദിവസം മുതലുളള ക്രിയകള്‍ നടത്തുന്നത്. നാലു മുതല്‍ എട്ടു വരെയുളള ദിവസങ്ങളിലാണ് ചിതി നിര്‍മിക്കുന്നത്. ഋത്വിക്കായ പ്രധാന പുരോഹിതനും യജമാനനും ആചാര്യന്മാരുടെ നിര്‍ദേശമനുസരിച്ചാണ് ചിതി നിര്‍മിക്കുന്നത്. തണലില്‍ ഉണക്കിയെടുത്ത ഇഷ്ടികകള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം. പലഅളവുകളിലുളള ഇഷ്ടികകളുടെ പടുക്കല്‍ പൂര്‍ത്തിയായാല്‍ ഒറ്റവിടവുപോലും കാണില്ല. ഹവനത്തിനായി മുകള്‍വശത്ത് കാണുന്ന ഒരു ദ്വാരം മാത്രമാണ് ശേഷിക്കുന്നത്. ഇഷ്ടി എന്ന വാക്കിന് യാഗം എന്നാണര്‍ഥം. അതിനാലാണ് ഇഷ്ടികയെന്ന പേര് വന്നത്. ഓരോ ഇഷ്ടികയും യജൂര്‍വേദമന്ത്രത്താല്‍ പൂരിതമാക്കി, നാലാം ദിവസം മുതല്‍ പടുക്കുന്ന ചിതി എട്ടാം ദിവസം പൂര്‍ത്തിയായി. പറക്കുന്ന ഗരുഡരൂപത്തില്‍.
'ഒന്‍പതാം ദിവസം അഗ്നി ശ്വേനചിതിയില്‍ എത്തിച്ച് പഞ്ചപത്രിക എന്ന പടവിന്റെ മുകളില്‍ സ്ഥാപിച്ച് അതിന്മേലാണ് ഹവിസുകള്‍ ഹോമിക്കുക. അകമ്പടിയായി വേദമന്ത്രോച്ചാരണം ഉണ്ടാകും. യജ്ഞകര്‍മ്മങ്ങള്‍ ചെയ്യുന്നവരുടെ ജീവിതം അക്കാലയളവില്‍ കര്‍ക്കശ്ശമായിരിക്കും. യാഗത്തിന്റെ യജമാനന്‍ ദീക്ഷിതനാവും വരെ കൈമുഷ്ടികള്‍ ചുരുട്ടിപ്പിടിച്ചിരിക്കും. അത് നിവര്‍ത്തുകയില്ല. നാലു ദിവസത്തോളമാണിത്. സംസാരിക്കാന്‍ പാടില്ല. ചിരിക്കരുത്. ശരീരം ചൊറിഞ്ഞാല്‍ കൈകൊണ്ടു മാന്തിക്കൂടാ. അതിനു കൃഷ്ണമൃഗത്തിന്റെ കൊമ്പുതന്നെ വേണം. പാലും പഴങ്ങളുമായിരിക്കണം ആഹാരം. വീടോ ദേശമോ വിട്ടുപോകരുത്.
കേരളത്തിലെ യാഗപാരമ്പര്യത്തിന്റെ തനിമ തിരിച്ചറിഞ്ഞാണ് ഹാര്‍വാര്‍ഡ് സര്‍വകലാശായുടെ സാമ്പത്തിക സഹായവുമായി വര്‍ഷങ്ങള്‍ക്കു മുമ്പ് ഫ്രിറ്റ്‌സ് സ്റ്റാള്‍ എന്ന സായിപ്പ് എത്തുന്നത്. കേരളത്തില്‍ ഈ രംഗത്തെ ആചാര്യന്‍മാരായ ചെറുമുക്ക് വല്ലഭന്‍ നമ്പൂതിരിയുടെയും മാമ്മണ്ണ് ഇട്ടിരവി നമ്പൂതിരിയുടേയും കീഴില്‍ സോമയാഗ ചടങ്ങുകളും വേദമന്ത്രങ്ങളും പഠിക്കാന്‍ ഫ്രിറ്റ്‌സ് സ്റ്റാള്‍ തയ്യാറായി. ഈ വേദജ്ഞരെ കുറിച്ച് സ്റ്റാള്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ലാളിത്യമായിരുന്നു ജീവിതം, ത്യാഗമായിരുന്നു സന്ദേശം, അറിവായിരുന്നു ആഹുതി. ഇതൊന്നും എന്റേതല്ല എന്ന സമര്‍പ്പണം... ത്യാഗത്തിലൂടെ സംസ്‌കരിച്ചെടുക്കപ്പെട്ട ആത്മനിഷഠമായ സഫലജീവിതം.
യഥാര്‍ഥത്തില്‍ കാലങ്ങള്‍ കടന്നെത്തിയ ഈ മഹാപാരമ്പര്യം കണ്ട് സ്റ്റാള്‍ അമ്പരന്നുപോയത്രെ. ആംസ്റ്റര്‍ഡാം യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പിനായി ആറു പേരെ നിര്‍ദേശിച്ചപ്പോള്‍ അതില്‍ ചെറുമുക്കു വല്ലഭന്‍ നമ്പൂതിരിയുടേയും, മാമ്മണ്ണ് ഇട്ടിരവി നമ്പൂതിരിയുടേയും പേരുകള്‍ ഉണ്ടായിരുന്നു എന്നത് അവരുടെ മഹത്വമാണ് നിളിച്ചോതുന്നത്.
1975-ലെ അതിരാത്രം മറ്റൊരുകാര്യത്തിലും പ്രസക്തമായിരുന്നു. യാഗത്തില്‍ മൃഗബലിയുണ്ട്. അന്ന് ജനകീയ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും ചര്‍ച്ചകള്‍ നടന്നു. വേദജ്ഞര്‍ക്കും അതില്‍ എതിര്‍പ്പുണ്ടായി. പിന്നീട് അരിമാവുകൊണ്ടോ നെയ്യുകൊണ്ടോ മൃഗരൂപം ഉണ്ടാക്കി ഹവനമാകാമെന്ന തീര്‍പ്പിലെത്തി. യുനെസ്‌കോ, അതിരാത്രത്തെ മനുഷ്യകുലത്തിന്റെ വിശദീകരിക്കാനാവാത്ത സാംസ്‌കാരിക പാരമ്പര്യം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് യജ്ഞസംസ്‌കാര പ്രകാരം അഗ്‌നി അറിവാണ്. പഞ്ചഭൂതങ്ങളില്‍ ഒന്നാണ് അഗ്‌നി. തെക്കുകിഴക്കേ ദിക്കിന്റെ അധിപനായ അഗ്‌നിയെ അഷ്ടദിക്ക്പാലകരിലെ പ്രധാനിയായും കരുതുന്നു. ഇന്ദ്രന്‍ കഴിഞ്ഞാല്‍ വേദത്തില്‍ പ്രാധാന്യം അഗ്‌നിക്കാണ്. അവസാനദിവസങ്ങളിലെ സുപ്രധാന ക്രിയ സോമാഹൂതിയാണ്. അതിവിശിഷ്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സോമലത പിഴിഞ്ഞെടുത്ത് സാമവേദഗീതികളോടെ അഗ്നിക്ക് സമര്‍പ്പിക്കുന്ന ചടങ്ങാണിത്.
പത്താംദിനം മുതലാണ് പവിത്രമായ സോമാഹുതി. സോമം ഉണ്ടാക്കാനുള്ള സോമലത നല്‍കാനുള്ള അവകാശം കൊല്ലങ്കോട്ടു രാജാവിനാണ്. യാഗം സംബന്ധിച്ച് പുരോഹിത ശ്രേഷ്ഠര്‍ രാജാവിന് ഓല അയയ്ക്കും. യാഗത്തിനു വേണ്ടി മാത്രമേ ലത ഉപയോഗിക്കൂ എന്നൊരു സാക്ഷ്യം അതിലുണ്ടാകും. കല്ലടിക്കോടന്‍ മലയിലുണ്ടാകുന്ന സോമലതയ്ക്കാണ് ഔഷധവീര്യത്തില്‍ ഉത്കൃഷ്ടത. രാജാവ് അത് ശേഖരിച്ച് കൊടുത്തയയ്ക്കും. ഇത് കുരുമുളകുവള്ളിപോലെയുണ്ടാകും. ഒരുപാട് ഔഷധഗുണം അതിനുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
സോമം ദേവകള്‍ക്ക് പ്രിയങ്കരമത്രെ. പതിത്വം ഭവിച്ച അശ്വിനിദേവകള്‍ക്ക് സോമരസം പാടില്ലെന്ന് വിധി. അവര്‍ യാഗശാലയുടെ പുറത്തു നില്‍ക്കുകയേയുള്ളൂ. അവരുടെ പതിത്വം തീര്‍ക്കുന്ന ചടങ്ങുകള്‍ക്കുശേഷം അവരും യാഗശാലയില്‍ പ്രവേശിക്കും. ലോഹംകൊണ്ടുള്ള ഒരു വസ്തുവും യാഗത്തിനുപയോഗിക്കില്ല. കത്തിക്കു പകരം ചീന്തിയ മുളയുടെ മൂര്‍ച്ചയുള്ള ഭാഗം ഉപയോഗിക്കും.
എല്ലാം പ്രകൃതിക്ക് തിരിച്ചു നല്‍കുക എന്ന സങ്കല്പത്തില്‍ യാഗാനന്തരം മണ്‍പാത്രങ്ങള്‍ മണ്ണിലേയ്ക്കും മരപ്പാത്രങ്ങള്‍ ജലത്തിലേക്കും മറ്റുള്ളവയെല്ലാം-യാഗശാലയടക്കം- അഗ്നിക്കും സമര്‍പ്പിക്കും. യജ്ഞശാലയിലെ മൂന്നു ഹോമകുണ്ഡങ്ങളില്‍ നിന്നും ആവാഹിച്ചെടുത്ത അഗ്നി യജമാനന്റെ ഇല്ലത്തെത്തിക്കും അവിടെ കുണ്ഡങ്ങളിലാക്കി സൂക്ഷിക്കും. ത്രേതാഗ്‌നി എന്ന പേരിലറിയപ്പെടുന്ന ഈ അഗ്നികുണ്ഡം കെടാതെ പരിരക്ഷിക്കേണ്ടത് യജമാനന്റെ ചുമതലയാണ്. യജമാനനനോ പത്‌നിയോ ആരാണോ ആദ്യം മരിക്കുന്നത് അവരുടെ ചിതയ്ക്ക് തീ പകരുന്നത് ഈ അഗ്നികൊണ്ടാണ്.
ഹിന്ദു വേദിക ശ്രൗത പാരമ്പര്യത്തിലെ ഏറ്റവും ഉയര്‍ന്ന യാഗമാണ് അതിരാത്രം. ലോകത്തിലെ നിലനില്‍ക്കുന്നതില്‍ ഏറ്റവും പുരാതനവും ദൈര്‍ഘ്യമേറിയതും ആയ ആനുഷ്ഠാനമാണ് ഇത്. സോമയാഗത്തിന്റെ കൂടെയും അതിരാത്രം നടത്തും. കേരളത്തിലെ ചില ബ്രാഹ്‌മണ നമ്പൂതിരി കുടുംബങ്ങളില്‍ മാത്രമെ ഈ പാരമ്പര്യം നിലവിലുള്ളു. സോമയാഗം എന്നറിയപ്പെടുന്ന അഗ്നിഷ്ടോമവും, അഗ്നിചയനം എന്ന അതിരാത്രവുമാണ് നമ്പൂതിരിമാര്‍ അനുഷ്ഠിക്കുന്നത്. അമേരിക്കയിലെ ഹാര്‍വാര്‍ഡ്, ബര്‍ക്ക്‌ലി സര്‍വകലാശാലകളും ഫിന്‍ലാന്‍ഡിലെ ഹെല്‍സിങ്കി സര്‍വകലാശാലയും മുന്‍കൈയ്യെടുത്താണ് 1975-ല്‍ തൃശൂര്‍ ജില്ലയിലെ പാഞ്ഞാളില്‍ അതിരാത്രം നടത്തിയത്. പിന്നീട് 35 വര്‍ഷങ്ങള്‍ക്ക് ശേഷം 2011 ഏപ്രില്‍ 4 മുതല്‍ 15 വരെ അതിരാത്രം നടന്നു. ഒറ്റപ്പാലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വര്‍ത്തതേ എന്ന ട്രസ്റ്റാണ് പാഞ്ഞാളിലുള്ള ലക്ഷ്മി നാരായണ ക്ഷേത്രത്തിനു സമീപം അതിരാത്രം നടത്തിയത്. ഭൂമിശാസ്ത്രവിധി പ്രകാരമുള്ള വാസ്തു, സൂര്യനഭിമുഖമായ യാഗശാല, പണ്ഡിതരായ വൈദികശ്രേഷ്ഠന്മാരുടെ സാന്നിധ്യം എന്നിവ അതിരാത്രത്തിന്റെ പ്രത്യേകതയാണ്.
'വഴിയടയാളങ്ങള്‍'- മുന്‍ ലക്കങ്ങള്‍ വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം
1984-ല്‍ തിരുവനന്തപുരത്തും 2003-ല്‍ തൃശ്ശൂരിലും 2009-ല്‍ ആലുവയിലും വച്ച് നടത്തിയത് അഗ്നിഷ്ടോമം അഥവാ സോമയാഗമായിരുന്നു. 1900-ല്‍ കൊടകര കൈമുക്ക് മനയിലും 1955-ല്‍ ചെറുമുക്കിലും 1975-ല്‍ പാഞ്ഞാളിലും 1990-ല്‍ കുണ്ടൂരിലും 2006-ല്‍ മൂലംങ്കോടും 2011-ല്‍ പാഞ്ഞാളിലും നടത്തിയ യാഗങ്ങള്‍ അതിരാത്രങ്ങളായിരുന്നു. കേരളത്തില്‍ ശ്രൗതസംസ്‌ക്കാരത്തിന്റെ നവോത്ഥാനത്തിന് വേദിയായ കൊടകര മറ്റത്തൂര്‍കുന്ന് കൈമുക്ക് മനയില്‍ 2012-ല്‍ പകഴിയം സബ്രദായത്തില്‍ അതിരാത്രം നടന്നു. 112 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇത്തരത്തില്‍ ഒരു യാഗം നടന്നത്.
2003-ല്‍ തൃശൂര്‍ ബ്രഹ്‌മസ്വം മഠത്തില്‍ സോമയാഗം (അഗ്നിഷ്ടോമം)നടന്നു. 6 ദിവസത്തെ സോമയാഗം. തൈക്കാട്ട് വൈദികന്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുത്തില്ലം രാമാനുജന്‍ നമ്പൂതിരിയെ യജമാനനായി സോമയാഗം നടത്തിയത്. യാഗത്തിന്റെ ആകെ ചെലവ് 25 ലക്ഷം രൂപയായിരുന്നു. നാല്‍പ്പത്തിയെട്ടു വയസ്സുള്ള ഋഗ്വേദ വിദഗ്ധന്‍ ഭട്ടി പുത്തില്ലത്ത് രാമാനുജന്‍ നമ്പൂതിരി ആയിരുന്നു യജമാനന്‍. സോമയാഗത്തിനുശേഷം അദ്ദേഹം ഭട്ടി പുത്തില്ലത്ത് രാമാനുജന്‍ സോമയാജിപ്പാടായി. അദ്ദേഹത്തിന്റെ ഭാര്യ ധന്യ 'പത്തനാടി' ആയി. കുണ്ടൂര്‍ അതിരാത്രത്തിലെ യജമാനന്‍ ഭട്ടി പുത്തിലത്ത് രവി അക്കിത്തിരിപ്പാടിന്റെ മകനാണ് രാമാനുജന്‍ സോമയാജിപ്പാട്. മൃഗസ്നേഹികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ആട്ടിന്‍കുട്ടികള്‍ക്ക് പകരം 'പിഷ്ട പശു' എന്ന പ്രത്യേക സസ്യാഹാരം തയ്യാറാക്കിയാണ് ബലിയര്‍പ്പിച്ചത്. പാഞ്ഞാളിലും (1975), കുണ്ടൂരിലും (1990) നടന്ന അതിരാത്രത്തിലും തിരുവനന്തപുരത്തു (1984) നടന്ന സോമയാഗത്തിലും മൃഗങ്ങളെ ബലി നല്‍കിയിട്ടില്ല.
ഒന്നാം ദിവസം മൂന്ന് വിശുദ്ധ അഗ്നികളും വഹിച്ച് യജമാനരും അദ്ദേഹത്തിന്റെ പുരോഹിതരും യാഗശാലയില്‍ പ്രവേശിക്കും. പ്രധാനയാഗപാത്രം കളിമണ്ണുകൊണ്ട് നിര്‍മിച്ചതായിരിക്കും. വായുദേവനുവേണ്ടി പ്രതീകാത്മകമായ ഒരു മൃഗബലിയും അന്ന് നടക്കും. അഞ്ച് പുരോഹിതരെ തിരഞെടുത്താല്‍ അരണി കടഞ്ഞ് തീയുണ്ടാക്കും. യജമാനന് തലേക്കെട്ട് ധരിപ്പിക്കുന്നതാണ് അടുത്ത ചടങ്ങ്. സ്വര്‍ണത്തിന്റെ മാര്‍ച്ചട്ടയും ദണ്ഡും നല്‍കി യജമാനന്റെ മുഷ്ടി അടയ്ക്കും. മന്ത്രങ്ങള്‍ ഉച്ചരിക്കാനല്ലാതെ അഗ്നി തീരുംവരെ യജമാനന്‍ സംസാരിക്കാന്‍ പാടില്ല. കുളിക്കാനും പാടില്ല. അഗ്നി ഉള്‍ക്കൊള്ളുന്ന പ്രധാനപാത്രവും എടുത്ത് യജമാനന്‍ മൂന്ന് ചുവടുകള്‍ വെക്കും.
രണ്ടാം ദിവസം കളിമണ്ണില്‍ നിന്ന് മറ്റൊരു പാത്രം ഉണ്ടാക്കും. പ്രധാന യാഗവേദിയുടെ രൂപകല്‍പന തയ്യാറാക്കും. ഇന്ദ്രദേവനെ അഗ്നിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കും. ഉഴുതനിലത്ത് വിത്തുകള്‍ വിതയ്ക്കുന്നതും ഒന്നാം ദിവസത്തെ പ്രധാനപാത്രം കുഴിച്ച് മൂടുന്നതും ആണ് മറ്റ് പ്രധാന ചടങ്ങുകള്‍. പക്ഷിയുടെ ആകൃതിയുള്ള പ്രധാനവേദിയുടെ നിര്‍മാണവുമന്നു തന്നെ ആരംഭിക്കും.
അഞ്ചു മുതല്‍ ഏഴു ദിവസം വരെ പ്രഭാതത്തിലെ ആചാരങ്ങള്‍ക്ക് ശേഷം യാഗവേദിയുടെ അടരുകള്‍ ഓരോന്ന് വീതം കെട്ടിയുയര്‍ത്തി തുടങ്ങും. സന്ധ്യക്കും വൈദിക ചടങ്ങുകളുണ്ട്. ഏട്ടാം ദിവസം ദൈനംദിന ചടങ്ങുകള്‍ക്ക് ശേഷം അഞ്ചാമത്തെ അടര്‍ കെട്ടിയുയര്‍ത്തും. ഇഷ്ടികകളെ പശുക്കളായിമാറ്റണമെന്ന് യജമാനന്‍ ആഗ്രഹിക്കുന്നതാണ് പിന്നീട് നടക്കുന്നത്. രുദ്രദേവനുള്ള സമര്‍പ്പണവുമുണ്ടാകും. ഒന്‍പതാം ദിവസം മുന്‍ പ്രക്രിയകളില്‍ ഉപയോഗിച്ച വസ്തുവകകള്‍ ഒരു മനുഷ്യരൂപത്തില്‍ യാഗശാലയില്‍ നിരത്തും. പുതിയ ഗാര്‍ഹികവേദിയില്‍ നിന്നുള്ള തീ പുതിയ യാഗശാലയിലേക്ക് പകരും. തുടര്‍ച്ചയായി ദീര്‍ഘനേരം നെയ്യും മറ്റ് ദ്രവ്യങ്ങളും അഗ്നിദേവന് സമര്‍പ്പിക്കും. പ്രതീകാത്മക മൃഗബലി ഉണ്ടാകും.
പത്താം ദിവസം മുതല്‍ പന്ത്രണ്ടാം ദിവസം വരെയുള്ള ചടങ്ങുകള്‍ രണ്ട് ദിവസത്തേയും രാപ്പകലുകള്‍ മുഴുവന്‍ നീളും. പത്താം ദിവസം യജമാനനും ഏതാനും പുരോഹിതന്മാരും അഗ്നി സമര്‍പ്പണങ്ങള്‍ക്കായി യാഗവേദിയിലേക്ക് ഇഴഞ്ഞ് ചെല്ലും. പല ആചാരാനുഷ്ഠാനങ്ങള്‍ ഒരേ സമയം നടക്കും. മന്ത്രോച്ചാരണം നടക്കുന്ന ഭാഗത്തെ സോമകുണ്ഡലങ്ങളിലും അഗ്നി ജ്വലിച്ച് തുടങ്ങും.
പന്ത്രണ്ടാം ദിവസം യജമാനനും പത്നിയും അവഭൃതസ്നാനം നടത്തും. തന്റെ ഗൃഹത്തില്‍ തിരിച്ചെത്തുന്ന യജമാനന്‍ മൂന്ന് അഗ്നി കൊളുത്തും. തുടര്‍ന്ന് രാവിലേയും വൈകീട്ടും ജീവിതകാലം മുഴുവന്‍ അഗ്നിഹോത്രം നടത്താന്‍ യജമാനന്‍ ബാധ്യസ്ഥനാണെന്നാണ് വിശ്വാസം.
ഓരോ ദിവസത്തേയും ആചാരങ്ങള്‍ക്ക് വ്യത്യാസമുണ്ട്. സോമലത, സോമലത പിഴിഞ്ഞ നീര്, പന്ത്രണ്ടിലേറേ തരം സസ്യങ്ങള്‍ എന്നിവയാണ് മിക്കവാറും ദിവസങ്ങളില്‍ അഗ്നിക്ക് സമര്‍പ്പിക്കുന്നത്. രണ്ട് മരക്കഷ്ണങ്ങള്‍ (അരണി) കടഞ്ഞാണ് അഗ്നി ഉണ്ടാക്കുന്നത്. അഗ്നിഹോമത്തിന്റെ പതിനൊന്നാം ദിവസം കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്കും ഗര്‍ഭിണികള്‍ക്കും സൗമ്യം എന്ന പ്രസാദം ലഭ്യമാക്കും. അനേകം ക്രിയകള്‍ക്കുശേഷം അനവധി സവിശേഷ മന്ത്രങ്ങള്‍ ചൊല്ലി മന്ത്രമുഖരിതമാക്കിയശേഷം സാമവേദികളുടെ യജ്ഞായജ്ഞീയം എന്ന പ്രസിദ്ധ സാമസ്തുതിക്കുശേഷമാണ് സൗമ്യം തയ്യാറാക്കുന്നത്.
ഋഗ്വേദമന്ത്രസ്തുതികളുടെ എണ്ണം അനുസരിച്ചാണ് സോമയാഗങ്ങളുടെ വിഭജനം. അതിരാത്രത്തിന് ഇരുപത്തിയാറ് ശാസ്ത്രങ്ങളാണ് വേണ്ടത്. ഹോമത്തിനുള്ള മണ്‍പാത്രങ്ങള്‍ തയ്യാറാക്കല്‍, ദേവതകള്‍ക്കുള്ള അര്‍ച്ചനകള്‍, ക്രിയാകര്‍മങ്ങള്‍ക്ക് പുരോഹിതരെ അധികാരപ്പെടുത്തല്‍, ശാലാപ്രവേശം, ത്രേതാഗ്നിസ്ഥാപനം, കുശ്മാണ്ഡഹോമം, യജമാനന്റെ വ്രതാനുഷ്ഠാനാരംഭം തുടങ്ങിയ പ്രധാന ചടങ്ങുകള്‍ ആദ്യദിനം നടന്നുകഴിഞ്ഞാല്‍, വിവിധ വേദവിധികള്‍ പ്രകാരമുള്ള ഹോമങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും. പത്താംദിനം മുതലാണ് പവിത്രമായ സോമാഹുതി നടക്കുക.
സോമലത എന്ന വള്ളി പിഴിഞ്ഞുണ്ടാക്കുന്ന നീരുകൊണ്ടുള്ള ഹോമവും പാനവും അതിരാത്രത്തിലെ പ്രധാന ചടങ്ങാണ്. അതിരാത്രത്തിന് 10,11,12 ദിവസങ്ങളിലാണ് ഇത് നടത്തുന്നത്. വേദി ഒരുക്കല്‍, വപഹോമവും. സോമഹോമവും, യാഗശാലയെരിച്ചില്‍ എന്നീ നാലു കാര്യങ്ങളാണ് അതിരാത്രത്തിലെ മുഖ്യഘടകങ്ങള്‍. എല്ലാകര്‍മങ്ങളും ഇവയെ ചുറ്റിപ്പറ്റി നില്‍ക്കുന്നു.
കൈമുക്ക് മനയില്‍ പകഴിയം അതിരാത്രം നടക്കുമ്പോള്‍ സാമവേദപ്രയോഗം പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അത്യന്തം ക്ലേശം നിറഞ്ഞതും സങ്കീര്‍ണവുമായ സ്വരപ്രയോഗങ്ങളാണ് സാമവേദത്തെ ശ്രദ്ധേയമാക്കുന്നത്. സാമവേദത്തിലെ സംഹിതയ്ക്ക് പുറമെ ഊഹം, ഊഷാണി എന്നീ ഭാഗങ്ങളിലെ മന്ത്രങ്ങളും അതിരാത്രത്തില്‍ പ്രയോഗിക്കപ്പെടുന്നുണ്ട്.
Content Highlights: History of Yagam a hindu ritual in India
Published: 29 Dec 2024, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented