ഭാരത സംസ്‌കാരത്തിന്റെ കവാടങ്ങള്‍ യൂറോപ്പിന് ശാസ്ത്രിയമായി തുറന്നുകൊടുത്ത ജര്‍മ്മന്‍ ഈശോ സഭ വൈദികനായിരുന്നു അര്‍ണോസ് പാതിരി. 1681ല്‍ ജര്‍മ്മനിലെ ഓഷ്നാം ബ്രൂക്കിനടുത്തുള്ള ഓസ്റ്റര്‍ കാപ്നം എന്ന സ്ഥലത്ത് ജനിച്ച അര്‍ണോസ് 1699ല്‍ ആണ് ഭാരതത്തിലെ സൂറത്തിൽ എത്തുന്നത്. അവിടെനിന്ന് 1701ല്‍ കേരളത്തില്‍ എത്തി. മലയാളത്തില്‍ വ്യാകരണവും നിഘണ്ടുവും രചിച്ച അര്‍ണോസ്  പാതിരി കേരളത്തില്‍ എത്തി ആദ്യം താമസിച്ചത് ചാലക്കുടി അമ്പഴക്കാടിനടുത്തുള്ള സമ്പാളൂരിലാണ്. തൃശ്ശൂര്‍ ജില്ലയില്‍ ഈശോസഭ വൈദിക വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുവാന്‍ സമ്പാളൂരില്‍ സ്ഥാപിച്ച സെമിനാരിയില്‍ ആയിരുന്നു താമസം. അര്‍ണോസ് തന്റെ വൈദികപഠനം പൂര്‍ത്തിയാക്കിയതും ആദ്യ ദിവ്യബലി സമര്‍പ്പിച്ചതും ഇവിടെ വെച്ചായിരുന്നു.

To advertise here,

അന്ന് കേരളത്തില്‍ സംസ്‌കൃത പണ്ഡിതന്‍മാരുടെ കേന്ദ്രസ്ഥാനങ്ങളില്‍ ഒന്ന് തൃശ്ശിവപേരൂര്‍ എന്ന തൃശ്ശൂരായിരുന്നു. തൃശ്ശൂരില്‍ അക്കാലത്ത് പ്രസിദ്ധമായ ഒരു പണ്ഡിത പരിഷത്ത് നിലനിന്നിരുതായി പ്രാചീനരേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ പരിഷത്തിനെ തൃശ്ശിവപേരൂര്‍ സര്‍വ്വകലാശാലയെന്നും  വിളിച്ചിരുന്നുന്നവത്രെ. സംസ്‌കൃത പണ്ഠിതന്‍മാരായിരുന്ന അവരില്‍ ചിലരെ തിരിഞ്ഞുപിടിച്ച് പരിചയപ്പെട്ട്  നൂറു ശതമാനവും ശിഷ്യപ്പെട്ട് അവരില്‍ നിന്നാണ് അര്‍ണോസ് പാതിരി സംസ്‌കൃതവും മലയാളവും പഠിച്ചത്. ഈ അറിവ് ഉപയോഗിച്ചാണ് അര്‍ണോസ് മലയാളത്തിലെ ആദ്യത്തെ വ്യാകരണവും നിഖണ്ഡുവും രചിച്ചത്. തൃശ്ശൂരിനടുത്തുള്ള വേലൂര്‍ പള്ളിമേടയില്‍ താമസിച്ചുകൊണ്ടായിരുന്നു രചന. വിദേശീയരായ ക്രിസ്ത്യാനികളില്‍ കവിത്വം കൊണ്ട് പ്രഥമഗണനീയനായി ശോഭിക്കുന്നത് അര്‍ണോസ് പാതിരിയാണ് എന്ന് മഹാകവി ഉള്ളൂരും മലയാളത്തില്‍ കവിതയെഴുതിയ ഏക വിദേശ മിഷനറി അര്‍ണോസ് പാതിരിയാണ് എന്ന് ശൂരനാട് കുഞ്ഞന്‍പിള്ളയും അഭിപ്രായപ്പെട്ടിട്ടുണ്ട്.

സംസ്‌കൃതം പഠിക്കാനായി തൃശ്ശൂര്‍ പട്ടണത്തില്‍ അര്‍ണോസ് പാതിരി ആദ്യം കുറെനാള്‍ ചുറ്റിത്തിരിഞ്ഞെങ്കിലും കടല്‍കടന്നുവന്ന പാതിരിയെ സംസ്‌കൃതം പഠിപ്പിക്കാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ അങ്കമാലിക്കടുത്തുള്ള രണ്ട് നമ്പൂതിരി പണ്ഡിതന്‍മാര്‍ക്ക് മനസ്സലിവുണ്ടായതിന്റെ ഫലമായാണ് പാതിരി സംസ്‌കൃതം പഠിക്കുന്നത്. രാമായണവും മഹാഭാരതവും വേദങ്ങളും ഉപനിഷത്തുകളുമെല്ലാം പാതിരി പഠിച്ചത് ഇവരില്‍നിന്നാണ്. സംസ്‌കൃതഭാഷാപഠനം ബാലികേറാമലയാണെന്ന യൂറോപ്യന്‍ ധാരണയെ അര്‍ണോസ് തിരുത്തിക്കുറിച്ചു.

1712-ലാണ് അര്‍ണോസ് പാതിരി വേലൂരിലെത്തുന്നത്. അരൂക്കര ഇളയത് എന്ന ആളാണ് അര്‍ണോസിനെ വേലൂരിലേക്ക് കൊണ്ടുവന്നത് എന്നാണ് കഥ. സംസ്‌കൃത ഭാഷയില്‍ കൂടുതല്‍ അറിവ് നേടാന്‍ വേലൂരിലെ ഇളയതുമാര്‍ അര്‍ണോസിനെ സഹായിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ നമ്പൂതിരിമാര്‍ മാത്രം നടത്തിയിരുന്ന ഒരു വിദ്യാപീഠം തൃശ്ശൂരില്‍ ഉണ്ടായിരുന്നു. ഇത് ബ്രഹ്‌മസ്വം മഠം ആയിരുന്നിരിക്കണമെന്നാണ് കണക്കാക്കുന്നത്. ബ്രാഹ്‌മണര്‍ മാത്രം അംഗങ്ങളായുള്ള തൃശ്ശൂര്‍ അക്കാഡമിയിലെ ബ്രാഹ്‌മണ ഗുരുക്കന്‍മാരില്‍നിന്നും പത്തുവര്‍ഷത്തോളം അഭ്യസിച്ചശേഷമാണ് അര്‍ണോസ് പാതിരി തന്റെ വ്യാകരണ ഗ്രന്ഥം രചിക്കുന്നത്. ഇത് ഒരു യൂറോപ്പ്യന്‍ ഭാഷയില്‍ ആദ്യമായി രചിക്കപ്പെട്ട സംസ്‌കൃതവ്യാകരണ ഗ്രന്ഥമായിരുന്നു.

മാത്രമല്ല ചില ഉപനിഷത്തുക്കള്‍, വസിഷ്ഠസാരം, രാമായണം, ഭാരതം, ഭാഗവതം, യുധിഷ്ഠിര വിജയം, വേദാന്തസാരം, അഷ്ടാവക്രഗീത എന്നിവയെ സംബന്ധിച്ച് യൂറോപ്യര്‍ ആദ്യം പരിചയപ്പെട്ടത് അര്‍ണോസ് പാതിരി ലാറ്റിന്‍ ഭാഷയിലെഴുതിയ ലേഖനങ്ങള്‍ വഴിയും. സംസ്‌കൃതത്തെക്കുറിച്ച് അര്‍ണോസ് പാതിരി ലത്തീന്‍ ഭാഷയില്‍ രചിച്ച കൃതികള്‍ അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നുവെങ്കില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ അര്‍ണോസ് പാതിരി ലോകപ്രശസ്തനാകുമായിരുന്നുവെന്ന് മാക്സ്മുള്ളര്‍ രേഖപ്പെടുത്തുന്നു. അര്‍ണോസിന്റെ ലേഖനങ്ങള്‍ റോമിലെ രാജകീയ ഗ്രന്ഥാലയത്തില്‍ സൂക്ഷിച്ചിട്ടുെന്ന് മലയാള സാഹിത്യവും ക്രിസ്ത്യാനികളും എന്ന പുസ്തകം എഴുതിയ ഡോ. പി.ജെ. തോമസ് രേഖപ്പെടുത്തിയിരിക്കുന്നു. ഉദയംപേരൂര്‍ സുനഹദോസിന്റെ വിലക്കുകള്‍ ശക്തമായി നിലനിന്നിട്ടും ഹൈന്ദവസംസ്‌കാരത്തെ ബഹുമാനപൂര്‍വ്വം വീക്ഷിക്കുവാനും തന്റെ ജീവിതത്തിലും രചനകളിലും അതിന്റെ മുദ്രകള്‍ ഉള്‍ച്ചേര്‍ക്കുവാനും അര്‍ണോസ് പാതിരിക്ക് ഉള്‍പ്രേരണ ലഭിച്ചത് ബ്രാഹ്‌മണ സംസര്‍ഗ്ഗം കൊണ്ടാണെന്ന് വിലയിരുത്തപ്പെടുന്നു. ഹൈന്ദവകൃതികളില്‍ കാണുന്ന ധാരാളം പദങ്ങള്‍ അര്‍ണോസ് തന്റെ കാവ്യ രചനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേവന്‍, ദേവി, ഭൂതനാഥന്‍, ദേവകല്പന, ദേവസൂര്യന്‍, മൃത്യുഞ്ജയന്‍, പാഹിപാഹിമാം, പരാപരന്‍, ചിന്മയരൂപിണി, പഞ്ചത്വം തുടങ്ങിയ പദങ്ങള്‍ അര്‍ണോസ് തന്റെ കവിതകളില്‍ അക്കാലത്ത് ഉപയോഗിച്ചിരുന്നത് വിശുദ്ധമായ ഒരു ധിക്കാരമായി ചില നിരൂപകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പര്‍വ്വം എന്ന ശീര്‍ഷകം നല്‍കി അധ്യായ വിഭജനം നടത്തുന്ന രീതി മഹാഭാരതത്തിലാണ് കാണപ്പെട്ടിരുന്നത്. ഈ മാതൃക പിന്‍തുടര്‍ന്ന പാതിരി തന്റെ കൃതികള്‍ക്കു മരണപര്‍വ്വം, വിധിപര്‍വ്വം, മോക്ഷപര്‍വ്വം, നരകപര്‍വ്വം, ഉമ്മാപര്‍വ്വം, ജനോപര്‍വ്വം, എന്നിങ്ങനെ പേരുകള്‍ നല്‍കിയിട്ടുണ്ട്. പുത്തന്‍ പാന, കൂദാശപാന, വ്യാകുലപ്രബന്ധം തുടങ്ങിയ കൃതികളും അര്‍ണോസ് പാതിരിയുടേതാണ്.

എഴുത്തച്ഛനെ ആരാധിച്ചിരുന്ന അര്‍ണോസ് പാതിരി, എഴുത്തച്ഛന്‍ സൃഷ്ടിച്ച ഭക്തിപ്രസ്ഥാനത്തിന്റെ മാതൃകയില്‍ ക്രിത്യാനികളിലും അത്തരം ചിന്ത ജനിപ്പിക്കണമെന്ന ദൃഢനിശ്ചയം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് മാത്യു ഉലകംതറ എഴുതിയ പാതിരിയുടെ ജീവചരിത്രത്തില്‍ പറയുന്നു. ക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി പാതിരി സര്‍പ്പിണി വൃത്തത്തിലെഴുതിയ പുത്തന്‍പാന ക്രൈസ്തവഭവനങ്ങളില്‍ നിതൃപാരായണം ചെയ്യുമായിരുന്നുവെന്നും ഉലകുംതറ പറയുന്നു. അര്‍ണോസ് വേലൂരില്‍ വീടും പള്ളിയും നിര്‍മ്മിച്ചപ്പോഴും ഈ ഹൈന്ദവസ്പര്‍ശം കാണാന്‍ കഴിയും. ഒരു ക്ഷേത്രത്തിലേതുപോലെ അര്‍ണോസ് ദേവാലയത്തിന് ചുറ്റുമതിലും പ്രവേശന ഗോപുരങ്ങളും ഉണ്ട്. ദേവാലയത്തിനകത്തെ ആനകളും കുതിരകളും അര്‍ണോസ് ഭവനത്തിന്റെ ഭിത്തിയില്‍ ഇന്നും ഉന്തിനില്‍ക്കുന്ന മയിലിന്റെ രൂപവും രണ്ട് സംസ്‌കാരങ്ങളുടെ സാംസ്‌കാരിക സമന്വയമാണ് അര്‍ണോസ് ലക്ഷ്യമിട്ടത് എന്നു വ്യക്തമാക്കുന്നു. 1732 മാര്‍ച്ച് 20ന് പഴുവില്‍ വെച്ച് പാമ്പുകടിയേറ്റാണ് അര്‍ണോസ് പാതിരി മരിക്കുന്നത്.

അര്‍ണോസ് പാതിരിയുടെ ജനനത്തേയും ബാല്യത്തേയും പറ്റി ഇന്നും ചരിത്രപണ്ഡിതന്‍മാര്‍ക്കിടയില്‍ വൃത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. 1680 ഉും 1681 ഉും ജനനവര്‍ഷമായി പറയുന്നുണ്ട്. ജനനസ്ഥലത്തെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അര്‍ണോസ് ജനിച്ചത് ജര്‍മ്മനിയിലെ ഹാനോവറില്‍ ഓസ്നാബ്റൂക്കിനു സമീപമുള്ള ഓസ്റ്റര്‍ കാപ്നം എന്ന സ്ഥലത്താണെന്ന് ഒരു കൂട്ടര്‍ പറയുന്നു. ഓസ്നാബ്റൂക്കിനു സമീപമുള്ള ഓസ്റ്റര്‍ കാപ്നം അക്കാലത്ത് ഹംഗറിയുടെ ഭാഗമായിരുന്നതിനാല്‍ അദ്ദേഹം ഹംഗറിക്കാരനാണെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടു കാണുന്നു.
ഫാ.പൗളിനോസ് ബര്‍ത്തലോമ്യയുടെ ഓറിയന്റാലിസ് ക്രിസ്ത്യാനോ എന്ന കൃതിയിലാണ് അര്‍ണോസ് പാതിരി ഹംഗറിക്കാരനാണെന്നു പറയുന്നത്. എന്നാല്‍ ഫാ.ഫെറോളിയുടെ ജസ്യൂട്ട് ഇന്‍ മലബാര്‍ എന്ന പുസ്തകത്തില്‍ പാതിരി ജര്‍മ്മനിക്കാരനാണെന്ന രേഖപ്പെടുത്തിയിരിക്കുന്നു.

പ്രാഥമിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടുതലായി ലഭ്യമല്ല. ഏണസ്റ്റ് ഹാങ്ങ്സില്‍ഡണ്‍ എന്നായിരുന്നു യഥാര്‍ഥ പേര്. അര്‍ണോസ് എന്ന പേര് എങനെ വന്നുവെന്നതും പ്രാഥമിക വിദ്യാഭ്യാസം  എവിടെയായിരുന്നവെന്നതും വ്യക്തമല്ല. എങ്കിലും ഏതാണ്ട്്  ഇരുപതു വയസ്സുവരെ നാട്ടുനടപ്പനുസരിച്ചുള്ള വിദ്യാഭ്യാസവും തത്ത്വശാസ്ത്രവും പഠിച്ചു എന്നു കരുതുന്നു. പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഈശോ സഭാ സന്ന്യാസിയായ വെബ്ബര്‍ പാതിരിയെ കാണാന്‍ ഇടയായതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവായി അര്‍ണോസ് കണക്കാക്കിയത്.

ഇന്ത്യയിലെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുവാനായാണ് അന്ന് വെബ്ബര്‍ പാതിരി ഓസ്നാബ്രൂക്കില്‍ എത്തുന്നത്. കോഴിക്കോട് കേന്ദ്രമാക്കി അന്നു പ്രവര്‍ത്തിച്ചിരുന്ന ഈശോ സഭയുടെ അധികാരികളാല്‍ നിയുക്തനായിരുന്നു ഫാ. വെബ്ബര്‍. ഫാ. വെബ്ബറിന്റെ വ്യക്തി മാഹാത്മ്യം ചെറുപ്പക്കാരനായ അര്‍ണോസിനെയും അര്‍ണോസിന്റെ വിനയവും വിജ്ഞാനതൃഷ്ണയും സ്നേഹശീലവും വെബ്ബര്‍ പാതിരിയേയും ആകര്‍ഷിച്ചു. മാതാ പിതാക്കളോടും സഹോദരങ്ങളോടും വിടപറഞ്ഞ് അദ്ദേഹം വെബ്ബറിന്റെ സംഘത്തില്‍ ചേര്‍ന്നു. തുടര്‍ന്ന് ആഗ്സ്ബര്‍ഗിലെത്തി വൈദികപഠനം ആരംഭിച്ചു. പ്രാഥമിക പരീക്ഷ തൃപ്തികരമായി വിജയിച്ച് അദ്ദേഹം സന്ന്യാസാര്‍ത്ഥിപട്ടം നേടി. വെബ്ബര്‍ അദ്ദേഹത്തിന്റെ അദ്ധ്യാത്മിക പിതൃത്വം ഏറ്റെടുത്തു. 1699 ഒക്ടോബര്‍ 3 ന് ഇന്ത്യയിലേയ്ക്ക് തിരിച്ചു.
ഈ സഞ്ചാരത്തിനിടയിലാണ് അര്‍ണോസ് എന്ന പേര് സ്വീകരിച്ചതെന്നു കരുതുന്നു. ആദ്യഘട്ടത്തില്‍ വെബ്ബറും അര്‍ണോസും മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് മറ്റൊരു വൈദികനായിരുന്ന വില്യം മേയറും ഫ്രാന്‍സ് കാസ്പര്‍ ഷില്ലിങര്‍ എന്നൊരു ക്ഷുരകനും അവരുടെ ഒപ്പംചേര്‍ന്നു. ലിവെര്‍ണൊയിലേയ്ക്കായിരുന്നു അടുത്ത യാത്ര. ഇന്‍സ്ബ്രൂക്ക്, ട്രെന്റ്, വെനിക്എ, ഫൊറാറാ, ബൊളോഞ്ഞോ, ഫ്ളോറന്‍സ് എന്നീ സ്ഥലങ്ങളിലൂടെ നാലാഴ്ച കൊണ്ട്് അവര്‍ ലിവെര്‍ണൊയില്‍ എത്തി. യാത്രയിലെല്ലാം വൈദികപഠനവും നടക്കുന്നുണ്ടായിരുന്നു. ലിവെര്‍ണോയില്‍ ഒരു ഫ്രഞ്ച് കപ്പിത്താന്‍ അവരെ സിറിയയില്‍ എത്തിക്കാമെന്നേറ്റു. എന്നാല്‍, ഭക്ഷണാവശ്യത്തിലേക്കായി ആടിനേയും 48 പൂവന്‍ കോഴിയേയും അവര്‍ കൊണ്ടുപോവേതായി വന്നു. ആറാഴ്ച കഴിഞ്ഞപ്പോള്‍ അവര്‍ അലക്സാണ്‍്രിയയില്‍ എത്തിച്ചേര്‍ന്നു. നവംബര്‍ 3 ന് ആരംഭിച്ച് ഡിസംബര്‍ 15 ന് അവസാനിച്ച ഈ യാത്രക്കിടയില്‍ വെബ്ബര്‍ ഈശോ സഭയുടെ സന്ന്യാസ മുറകളിലും നിയമാവലികളിലും ഉള്ള അവശ്യവിജ്ഞാനം ആ യുവാവിന് പകര്‍ന്നു കൊടുത്തു. ഈ യാത്രക്കിടയില്‍ 1699 നവംബര്‍ 30 ന് അര്‍ണോസ് ഈശോസഭാംഗമായി സന്യാസ വ്രതവാഗ്ദാനം ചെയ്തു.

സിറിയയില്‍ നിന്ന് അര്‍മേനിയ വഴി പേര്‍ഷ്യന്‍ ഗള്‍ഫിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തേക്ക് കരമാര്‍ഗം  സഞ്ചരിച്ചു. അവിടെ നിന്ന് സൂറത്തിലേയ്ക്ക് കപ്പല്‍ കയറി. കരമാര്‍ഗം സഞ്ചരിക്കുന്നതിനിടയില്‍ തുര്‍ക്കിയില്‍ വച്ച് കോര്‍സാ നദി കടക്കുന്നതിനിടെ അധിക ചുങ്കം കൊടുക്കേിവരികയും പിന്നീട് തുര്‍ക്കി പട്ടാളത്തിന്റെ കിരാതമായ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയരാവേണ്ടിവന്നതുമെല്ലാം ഷില്ലിങ്ങറിന്റെ കുറിപ്പുകളില്‍ നിന്ന് മനസ്സിലാക്കാം. സഞ്ചാരത്തിനിടയില്‍  വില്യം പാതിരിയും വെബ്ബറും പുതിയ സന്യാസാര്‍ത്ഥികള്‍ക്ക് നിരന്തരമായി തത്വദീക്ഷ നല്‍കിയിരുന്നു. ബന്ദര്‍ അബ്ബാസിലെത്തിയപ്പൊഴേയ്ക്കും യാത്രക്കാരില്‍ പലരും രോഗഗ്രസ്തരായിക്കഴിഞ്ഞിരുന്നു.

തുടര്‍ന്ന് അഞ്ച് ആഴ്ചയും അഞ്ചുദിവസവും കപ്പലില്‍ യാത്ര ചെയ്ത് 1700 ഡിസംബര്‍ 13ന് സൂറത്തിലെത്തി. അവിടെവെച്ച് രോഗാതുരരായ വെബ്ബര്‍ പാതിരിയും ഫാ. വില്യം മേയറും മൃതിയടഞ്ഞു. തുടര്‍ന്ന് അര്‍ണോസ് പാതിരി ഗോവയിലേയ്ക്ക് യാത്രതിരിച്ചു. 1701ന്റെ ആരംഭത്തില്‍ ഗോവയിലെത്തി. അവിടെയുള്ള പോര്‍ട്ടുഗീസ് മിഷണറി കേന്ദ്രത്തില്‍ തന്റെ സംന്യാസപരിശീലനം പൂര്‍ത്തിയാക്കി. റോമന്‍ പ്രൊപ്പഗാണ്ടാ മിഷനില്‍ പെട്ട അര്‍ണോസിനെ പാദ്രുവാഡോയുടെ കീഴിലുള്ള പോര്‍ട്ടുഗീസ് സംന്യാസ മഠത്തില്‍ പരിശീലനം നല്‍കിയത് അവിടത്തെ അധികാരിയുടെ മഹാമനസ്‌കതയും അര്‍ണോസിന്റെ വിനയവും മൂലമാണ് എന്ന് കരുതപ്പെടുന്നു.

ഗോവയില്‍ നിന്ന് അര്‍ണോസ് കൊച്ചി രാജ്യത്തിലുള്ള സാമ്പാളൂര്‍ എത്തുകയും (ഇന്ന് മാള ഗ്രാമപഞ്ചായത്തില്‍) വൈദികപട്ടം സ്വീകരിക്കുകയും ചെയ്തു. ഭാഷാപഠനത്തില്‍ മുന്‍പന്തിയിലായിരുന്ന അദ്ദേഹം സംസ്‌കൃതം പഠിക്കാന്‍ കാണിച്ചിരുന്ന താല്പര്യം മാനിച്ച് അന്നത്തെ സാംസ്‌കാരിക പണ്ഡിതന്മാരുടെ ആസ്ഥാനമായിരുന്ന തൃശൂരിലേയ്ക്ക് അയച്ചു. അദ്ദേഹം പല സാഹിത്യകാരന്മാരോടും സുഹൃദ്ബന്ധം സ്ഥാപിച്ചു.

എന്നാല്‍, സംസ്‌കൃതം പഠിക്കുക അത്ര എളുപ്പമല്ലായിരുന്നു. അന്ന് ശൂദ്രന്മാരെപോലും സംസ്‌കൃതം പഠിക്കാന്‍ സമ്മതിച്ചിരുന്നില്ല. കടല്‍ കടന്ന ഒരു വിദേശിയെ സംസ്‌കൃതം അഭ്യസിപ്പിക്കാന്‍ അന്നത്തെ നമ്പൂതിരിമാര്‍ ഒട്ടും തയ്യാറായില്ല. എന്നാല്‍, നമ്പൂതിരിമാരില്‍ ഉല്‍പ്പതിഷ്ണുക്കളായ ചിലര്‍ പാതിരിയുടെ വ്യക്തിപ്രഭാവത്തിലും വിനയ, വിജ്ഞാനത്തിലും തത്പരരായി അദ്ദേഹവുമായി അടുത്തിരുന്നു. ഇപ്രകാരം പാതിരിയുടെ ചങ്ങാതിമാരായി മാറിയവരായിരുന്നു അങ്കമാലിക്കാരായ കുഞ്ഞന്‍, കൃഷ്ണന്‍ എന്നീ രണ്ടു നമ്പൂതിരിമാര്‍. അവര്‍ അദ്ദേഹത്തിനെ സംസ്‌കൃതം അഭ്യസിപ്പിച്ചു. താളിയോലയിലെഴുതിയ സിദ്ധരൂപം അവര്‍ അദ്ദേഹത്തിന് നല്‍കി. മഹാഭാരതം, രാമായണം എന്നീ ഇതിഹാസകൃതികള്‍ പഠിച്ചു. ഒട്ടുമിക്ക യൂറോപ്യന്മാര്‍ക്കു ബാലികേറാമലയായിരുന്ന സംസ്‌കൃതം അദ്ദേഹം ഗുരുമുഖത്തുനിന്നുതന്നെ പഠിച്ചെടുത്തു. അതു പോരാഞ്ഞ് യൂറോപ്യന്‍ ഭാഷയില്‍ സംസ്‌കൃതത്തിനു വ്യാകരണഗ്രന്ഥവും എഴുതി. ഇതിനു അദ്ദേഹത്തിന്റെ നമ്പൂതിരി ചങ്ങാതിമാര്‍ നല്ലവണ്ണം സഹായം ചെയ്തിരുന്നു. കൊടുങ്ങല്ലൂര്‍ രൂപതാ മെത്രാന്‍ ജോ റിബെറോയുടെ കൂടെ നാലുവര്‍ഷത്തോളം സഹവസിച്ച് പഠനം നിര്‍വഹിച്ചതായി രേഖകള്‍. പുത്തന്‍ചിറയില്‍ വെച്ച് ഉദരസംബന്ധിയായ അസുഖബാധിതനായ അര്‍ണോസ് പാതിരി ചികിത്സാര്‍ഥം  വേലൂര്‍ ഗ്രാമത്തിലേയ്ക്ക് മാറിത്താമസിച്ചതായി കരുതപ്പെടുന്നു. ചതുരംഗം, വാസ്തുവിദ്യ, ജ്യോതിഷം, ഭാഷാശാസ്ത്രം, കാവ്യരചന എന്നിവയെ കുറിച്ച് വിമര്‍ശനാത്മകമായ പഠനം നടത്തിയ ആദ്യകാല യൂറോപ്യന്മാരില്‍ ഒരാളായിരുന്നു അര്‍ണോസ് പാതിരി.

വേലൂരിലെ പഴയങ്ങാടിയിലെത്തിയ അര്‍ണോസ് ആദ്യം അവിടെ താല്‍ക്കാലികമായി ഒരു ചെറിയ പള്ളി പണിയാന്‍ ശ്രമം ആരംഭിച്ചു. അതിനായി സ്ഥലം നല്‍കാമെന്ന് കൊച്ചി രാജാവ് ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് പിന്‍മാറുകയാണുണ്ടായത്. എന്നാല്‍ സാമൂതിരിക്കെതിരെയുള്ള യുദ്ധത്തില്‍ കൊച്ചിരാജാവിനെ സഹായിച്ച കമാന്‍ഡര്‍ ബെര്‍ണാര്‍ഡ് കെറ്റെല്‍ നി അര്‍ണോസിനെ സഹായിച്ചു. എന്നാല്‍ ഇത് നാടുവാഴി ആയിരുന്ന ചെങ്ങഴി നമ്പ്യാരും, കൊച്ചി രാജാവുമായും ഉള്ള അസ്വാരസ്യങ്ങള്‍ക്ക് വഴി തെളിയിച്ചു. എങ്കിലും ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍, ഇല്ലിക്കള്‍ ഇളയത് എന്നിവരുമായി പാതിരി സൗഹൃദത്തിലാകുന്നു. പാതിരിയ്ക്ക് താമസിക്കാനുള്ള പടിപ്പുര മാളിക പണിയിച്ചത് ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണെന്ന് അഭിപ്രായമുണ്ട്. പടിപ്പുരമാളിക എന്ന ഗോപുരമാണ് ആദ്യം നിര്‍മിച്ചത് അവിടെ താമസിച്ചുകൊണ്ടാണ് അര്‍ണോസ് പാതിരി പള്ളി പണിയുതിനുള്ള മേല്‍നോട്ടം നിര്‍വഹിച്ചത്. രാജാവില്‍ നിന്നും തദ്ദേശീയരായ അക്രൈസ്തവരില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നതു കാരണം അര്‍ണോസ് പാതിരി വേലൂരിന് തൊട്ടടുത്തുള്ള ചിറമന്‍കാട് (ശ്രമംകാട്) വെങ്ങിലശേരി അയ്യപ്പന്‍ കുന്നിലേയ്ക്ക് താമസം മാറ്റുകയുണ്ടായി. അവിടെയിരുന്നാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്.  വി. ഫ്രാന്‍സിസ് സേവ്യറിന്റെ പേരിലാണ് അര്‍ണോസ് വേലൂരിലെ ദേവാലയം പണി കഴിപ്പിച്ചത്.

പള്ളി നിര്‍മ്മാണത്തിന് അനുമതി നല്‍കിയുള്ള ചെമ്പോലയിലെ വട്ടെഴുത്തില്‍ കുത്ത് കീഴൂട്ട് കുമാരന്‍ തമ്പിമാരും കുത്തു പറമ്പിന്റെ പടിഞ്ഞാറേ അതിര്‍ത്തിയില്‍ പത്തു പറയ്ക്ക് സ്ഥലം ചിറമങ്ങാട്ട് പള്ളിയില്‍ പിറഞ്ചാങ്കുന്ന് പുണ്യാളന്‍ തീരുമാനപ്പേരില്‍ ചാമ്പാളൂരുകാരന്‍ അര്‍ണോസ് പാതിരിക്കും... എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

വേലൂരില്‍ അര്‍ണോസ് പാതിരിയെ വധിക്കാന്‍ ചില ജന്മികളും, അവരുടെ ആജ്ഞാനുവര്‍ത്തികളായ കുടിയാന്മാരും ചേര്‍ന്ന് ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയുണ്ടായി. തന്നെ വധിക്കാനുള്ള ഗൂഢാലോചനയില്‍ നിന്ന് രക്ഷപ്പെട്ട പാതിരി പഴുവില്‍ എന്ന സ്ഥലത്തെത്തി വിശുദ്ധ അന്തോണീസിന്റെ പള്ളിയില്‍ അഭയം തേടി. പിന്നീട് അവിടെ ജീവിച്ചുകൊാണ് പ്രേഷിത-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നത്. മുപ്പതു വര്‍ഷത്തോളം സേവനനിരതമായ താപസ ജീവിതം നയിച്ച് കേരളീയനായി ജീവിച്ച അദ്ദേഹം പഴയൂര്‍ (പഴുവില്‍) പള്ളിയില്‍ വച്ച് നിര്യാതനായി എന്നു കരുതപ്പെടുന്നു.

എന്നാല്‍ വേലൂര്‍ വച്ചാണ് മരിച്ചതെന്നും അഭിപ്രായമുണ്ട്. പാതിരിയുടെ മരണം സംഭവിച്ചത് 907 മീനം 20ന് (1732 ഏപ്രില്‍ 3) ആണെന്നും, അതല്ല 1732 മാര്‍ച്ച് 20ന് ആണെന്നും ഭിന്നാഭിപ്രായങ്ങളു്. അനുരഞ്ജന ചര്‍ച്ചയ്ക്ക് എന്ന വ്യാജേന പാതിരിയെ പറഞ്ഞു വിശ്വസിപ്പിച്ച് ശത്രുക്കള്‍ അദ്ദേഹത്തെ വേലൂരില്‍ എത്തിക്കുകയും അവിടെ വെച്ച് ബന്ധനസ്ഥനാക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. അവിടെ വെച്ച് അദ്ദേഹം ക്രൂരമായ പീഡകള്‍ക്ക് ഇരയായി. സുവിശേഷവേല അവസാനിപ്പിക്കണമെും ആ ദേശം വിട്ടുപൊയ്ക്കോളണം എന്നും ശത്രുക്കള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതില്‍ കുപിതരായ ജന്മിമാര്‍ ഉഗ്രവിഷമുള്ള പാമ്പിനെക്കൊണ്ട് പാതിരിയെ കൊത്തിച്ച് അദ്ദേഹത്തെ കൊലപ്പെടുത്തുകയാണ് ഉായത് എന്നും പറയപ്പെടുന്നു. പഴുവിലെ പള്ളിയില്‍ തന്നെയാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്. 1732 ജൂലൈ 27ന് ജര്‍മ്മന്‍കാരനായ ഫാദര്‍ ബെര്‍ണാര്‍ഡ് ബിഷോപ്പിങ്ക് അര്‍ണോസ് പാതിരിയുടെ മരണക്കുറിപ്പ് റോമിലേയ്ക്ക് അയച്ചതിന് രേഖകള്‍. ആര്‍ച്ച് ബിഷപ്പ് പി. മെന്റല്‍ പൊട്ടിക്കരഞ്ഞുവെന്നും കൊച്ചി രാജാവ് വരെ അനുശോചനം അറിയിച്ചുവെന്നും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.

ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ പാതിരിയെ പറ്റി പറയുന്നത് ഇപ്രകാരമാണ് 'വിദേശീയനായ ക്രിസ്ത്യാനികളില്‍ കവിത്വം കൊണ്ട് പ്രഥമഗണനീയനായി പരിശോഭിക്കുത് അര്‍ണോസ് പാതിരിയാകുന്നു..'' അത്രയ്ക്കും നിസ്തുലമാണ് പദ്യസാഹിത്യത്തില്‍ അര്‍ണോസ് പാതിരിയുടെ സംഭാവനകള്‍. ഗദ്യഗ്രന്ഥങ്ങള്‍ ഒന്നും എഴുതിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സംസ്‌കൃത വ്യാകരണഗ്രന്ഥവും (സിദ്ധ രൂപത്തെ അടിസ്ഥാനമാക്കിയിട്ടുള്ളത്) പോര്‍ട്ടുഗീസ്-മലയാള നിഘുവും ആ വിടവു നികത്തുവണ്ണം ഉള്ളതാണ്.
അദ്ദേഹം തയ്യാറാക്കികൊിരുന്ന നിഘു 'ത' എന്ന അക്ഷരം വരെ പൂര്‍ത്തീകരിക്കാനേയായുള്ളൂ. ആ നിഘു പൂര്‍ത്തിയാക്കിയത് അടുത്ത നൂറ്റാണ്ടിൽ ജീവിച്ച ബിഷപ്പ് പി. മെന്റല്‍ ആണ്. നാനാജാതി മതസ്ഥരായ കേരളീയ വിദ്യാര്‍ത്ഥികള്‍ വളരെക്കാലം ആധാരമാക്കിയിരുന്നത് പാതിരിയുടെ വൃക്ഷസിദ്ധരൂപമാണെന്ന് മഹാകവി ഉള്ളൂര്‍ പറയുന്നുണ്ട്. അന്ന് നിലവിലുണ്ടായിരുന്ന ഗദ്യങ്ങള്‍ സംസ്‌കൃതത്തിന്റെ അതിപ്രസരം മൂലം സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്തവയായിരുന്നു. ഇതിനു മാറ്റം വരുത്തിയ അന്നത്തെ പാശ്ചാത്യ സന്ന്യാസിമാരില്‍ അഗ്രഗണ്യന്‍ അര്‍ണോസ് പാതിരി ആയിരുന്നു.

ചതുരന്ത്യം മലയാള ക്രിസ്തീയകാവ്യം, പുത്തന്‍ പാന മലയാള ക്രിസ്തീയകാവ്യം, ഉമ്മാപര്‍വ്വം മലയാള ക്രിസ്തീയകാവ്യം, ഉമ്മാടെ ദുഃഖം, വ്യാകുലപ്രബന്ധം മലയാള കാവ്യം, ആത്മാനുതാപം മലയാള കാവ്യം, വ്യാകുലപ്രയോഗം മലയാള കാവ്യം, ജനോവ പര്‍വ്വം മലയാള കാവ്യം, മലയാള-സംസ്‌കൃത നിഘു, മലയാളം-പോര്‍ട്ടുഗീസു നിഘു, മലയാളം-പോര്‍ട്ടുഗീസ് വ്യാകരണം, സംസ്‌കൃത-പോര്‍ട്ടുഗീസ് നിഘണ്ടു, അവേ മാരീസ് സ്റ്റെല്ലാ ( സമുദ്രതാരമേ വാഴ്ക- ഇതു കു കിട്ടിയിട്ടില്ല.) എന്നിവ അര്‍ണോസിന്റെ കൃതികളാണ്.
സംസ്‌കൃതഭാഷയെ അധികരിച്ച് ലത്തീന്‍ ഭാഷയില്‍ എഴുതിയ പ്രബന്ധങ്ങളില്‍ വാസിഷ്ഠസാരം, വേദാന്തസാരം, അഷ്ടാവക്രഗീത, യുധിഷ്ഠിര  വിജയം എന്നിവ ഉള്‍പ്പെടുന്നു. മറ്റൊരു സംഭാവന ഭാഷാ പഠനത്തിലാണ്. നേരിട്ടല്ലെങ്കില്‍ കൂടിയും പാതിരിയുടെ സംസ്‌കൃത നിഘണ്ടുവും രചനകളും കാണാനിടയായ സര്‍ വില്യം ജോസ് ലത്തീന്‍ ഭാഷയിലും സംസ്‌കൃതത്തിലുമുള്ള സാമ്യങ്ങള്‍ ശ്രദ്ധിക്കുകയും അതുവഴി ഭാഷയുടെ വികാസത്തെപറ്റി പഠിക്കുകയും ചെയ്തു. ഇത് ഭാഷാ പഠനത്തിലെ ഒരു വഴിത്തിരിവാണ്.

അന്നത്തെ കാലത്ത് കലങ്ങിമറിഞ്ഞ അന്തരീക്ഷമായിരുന്നു ഇവിടത്തെ ക്രിസ്ത്യാനികളുടെ ഇടയില്‍ ഉണ്ടായിരന്നുത്. തന്നെയുമല്ല ഇന്നാട്ടുകാരായവരുടെ എതിര്‍പ്പും ശക്തമായിരുന്നു ചില സ്ഥലങ്ങളില്‍. അദ്ദേഹം മലയാളഭാഷയിലും അഗാധമായ പാണ്ഡിത്യം നേടിയിരുന്നതിനാല്‍ സുവിശേഷം പ്രസംഗിക്കുവാന്‍ അദ്ദേഹത്തിന് അസാമാന്യമായ കഴിവുണ്ടായിരുന്നു. വാമൊഴിയായും വരമൊഴിയായും അദ്ദേഹം സുവിശേഷം എത്തിച്ചു. പ്രാര്‍ത്ഥനചൊല്ലുവാനായി ആദ്യമായി മലയാള ഭാഷയില്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത് അദ്ദേഹമാണ്. ഇന്നും അനേകം ക്രിസ്തീയ ഭവനങ്ങളില്‍ അദ്ദേഹം ചിട്ടപ്പെടുത്തിയ പ്രാര്‍ത്ഥനാ ഗാനങ്ങള്‍ കേള്‍ക്കുവാന്‍ സാധിക്കും. അജപാലനകര്‍മ്മത്തിലും ആത്മീയ ശുശ്രൂഷയിലും അദ്ദേഹം വ്യാപരിച്ചു. അമ്പഴക്കാട്ടുനിന്നും പുത്തഞ്ചിറയിലേയ്ക്ക് കൊടുങ്ങല്ലൂര്‍ മെത്രോപൊലീത്തയുടെ സെക്രട്ടറി (കാര്യസ്ഥന്‍) ആയപ്പോള്‍ താമസം മാറി.

പാദ്രുവാഡോയുടെ കീഴിലിരുന്ന മെത്രൊപോലീത്തയെ സഹായിക്കുന്നതില്‍ അര്‍ണോസ് പാതിരിക്ക് വലിയ മടിയൊന്നും ഇല്ലായിരുന്നു. അന്നത്തെ കാലത്തെ വിവിധ സഭകളുടെ ശീത സമരമൊന്നും അദ്ദേഹം കണക്കാക്കിയതേയില്ല. ഉദയംപേരൂര്‍ തുടങ്ങിയ പള്ളികളില്‍ അദ്ദേഹം തുടര്‍ന്ന് സേവനം അനുഷ്ഠിച്ചു. പിന്നീട് വേലൂരിലേയ്ക്ക് താമസം മാറ്റി. ഇവിടെ പള്ളിയും പണിതു. അവിടെ വച്ചാണ് അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികള്‍ ഉണ്ടായതെന്ന് കരുതപ്പെടുന്നു. അദ്ദേഹം കേരളത്തില്‍ വച്ച് പഠിച്ച ചതുരംഗക്കളിയുടെ ഒരു വലിയ മാതൃക തന്നെ അദ്ദേഹം തറയില്‍ ചെയ്യിച്ചു. അദ്ദേഹം ഇതിനിടയ്ക്ക് രോഗഗ്രസ്തനായിക്കഴിഞ്ഞിരുന്നു. ഇതേ മാതൃകയില്‍ തലപ്പള്ളിയിലെ പള്ളിയും അദ്ദേഹം നിര്‍മിച്ചതാണ്. മിശിഹായുടെ പാന എന്നും പുത്തന്‍ പാന എന്നും 'രക്ഷാചരിത കീര്‍ത്തനം' എന്നും പേരുകളുള്ള ഈ കൃതി യേശു ക്രിസ്തുവിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി അര്‍ണോസ് പാതിരിയാണ് രചിച്ചത്. ഈ കാവ്യത്തിന് പുത്തന്‍പാന എന്നു പേരു വിളിക്കാനുള്ള മുഖ്യ ഹേതു ഇതിലെ പന്ത്രണ്ടാം പാദമെന്നു പറയുന്നവരുമുണ്ട്. നാലാം നൂറ്റണ്ടാില്‍ ജീവിച്ചിരുന്ന പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാന പ്രസിദ്ധമാണല്ലോ. അതിന്റെ ചുവടുപിടിച്ചാണ് പുത്തന്‍പാന രചിച്ചിട്ടുള്ളതെന്ന് അനുമാനിക്കാവുന്നതാണ്. ജ്ഞാനപ്പാനയ്ക്കുശേഷം വന്ന പാന എന്ന അര്‍ഥത്തില്‍ പുത്തന്‍പാന എന്ന പേര് പ്രചാരത്തിലായതുമാകാം. അര്‍ണോസ് പാതിരി പുത്തന്‍പാന എഴുതിയതും ജ്ഞാനപ്പാനയുടെ രീതിയിലായിരുന്നു.

പുത്തന്‍പാനയുടെ ഏറ്റം പ്രധാന ഭാഗം 10,11,12 പാദങ്ങളായാണ് കരുതിപ്പോരുന്നത്. അമ്പതുനോമ്പു കാലങ്ങളില്‍ ക്രിസ്തീയ ഭവനങ്ങളില്‍ നിത്യ പാരായണത്തിന് ഉപയോഗിച്ചുപോന്ന ഇതിന്റെ അനേകം പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് രാമായണം പാരായണം ചെയ്യുതിനു സമാനമായാണ് പുത്തന്‍ പാന ഒരു കാലത്ത് കേരളത്തിലെ ക്രിസ്തീയ വീടുകളില്‍ പാരായണം ചെയ്യപ്പെട്ടിരുന്നത്. കേരള ക്രൈസ്തവരുടെ ആദ്ധ്യാത്മികതയുമായി ഇഴുകിച്ചേര്‍ന്ന ഒരു കാവ്യമാണ് പുത്തന്‍ പാന. 1500-ല്‍ പരം വരികളിലായി, പതിനാലു പാദങ്ങളിലായി എഴുതപ്പെട്ട ഈ കൃതിയില്‍ ലോകസൃഷ്ടി മുതല്‍ മിശിഹായുടെ ജനനമരണങ്ങള്‍ വരെ പ്രതിപാദിച്ചിരിക്കുന്നു. പെസഹാ വ്യാഴാഴ്ച രാത്രിയിലും ദുഃഖവെള്ളിയാഴ്ച രാവിലെയും ഇവ പാടുന്ന പതിവ് തലമുറകളായി നിലനില്‍ക്കുന്നു. ശവസംസ്‌കാരത്തിന്റെ തലേരാത്രിയില്‍ പാന വായിക്കുന്ന പതിവ് കേരള ക്രൈസ്തവരുടെ ഇടയില്‍ ഇപ്പോഴുമുണ്ട്.

മൈക്കലാഞ്ചലോയുടെ പിയേത്താ എന്ന വിഖ്യാതമായ ശില്പം. പുത്തന്‍ പാനയിലെ പന്ത്രണ്ടാം പാദവും ഇതേ പശ്ചാത്തലം ഉള്‍കൊണ്ടുകൊണ്ടാണ് ചെയ്തിരിക്കുന്നത്. സര്‍പ്പിണി വൃത്തത്തിലാണ് ഇതിന്റെ രചന. ഒരോ ഖണ്ഡത്തിനും പാദം എന്ന് പേരിട്ടിരിക്കുന്നു. അങ്ങനെ പതിനാലു പാദങ്ങളായാണ് ഈ കൃതി പ്രസിദ്ധം ചെയ്തിരിക്കുന്നത്. ഭാഷ വളരെ ലളിതവും ഹൃദ്യവുമാണ്. സംസ്‌കൃത പദങ്ങള്‍ മറ്റു കൃതികളെ അപേക്ഷിച്ച് കുറവാണ്. അച്ചടിപ്പിശകുകളും ലേഖക പ്രമാദങ്ങളും കട്ടി കൂടിയിരിക്കാനിടയുള്ളതിനാല്‍ പാതിരിയുടെ കാവ്യ മാഹാത്മ്യത്തെക്കുറിച്ച് പറയുന്നത് ശ്രമകരമാണ്. പതിനൊാം പാദത്തില്‍ യേശു ക്രിസ്തുവിന്റെ മരണം വിവരിക്കുന്നു. പന്ത്രണ്ടാം പാദത്തില്‍ കന്യകാ മാതാവിന്റെ വിലാപം വര്‍ണിച്ചിരിക്കുന്നു. ഇത് നതോന്നത വൃത്തത്തില്‍ ആണ് എഴുതപ്പെട്ടിട്ടുള്ളത്. 'ഗണം ദ്വക്ഷരമെട്ടെണ്ണമൊന്നാം പാദത്തില്‍, മറ്റതില്‍ ഗണമാറര നില്‍ക്കേണം രണ്ടുമെട്ടാമതക്ഷരേ, ഗുരുതന്നെയെഴുത്തെല്ലാം ഈശീലിന്‍ പേര്‍ നതോന്നതാ' എതാണ് നതോന്നതയുടെ ലക്ഷണം. വഞ്ചിപ്പാട്ട് വൃത്തമായ നതോന്നതയില്‍ എഴുതപ്പെട്ടിട്ടുള്ള മറ്റ് വിലാപകാവ്യങ്ങള്‍ ഏതെങ്കിലും മലയാളത്തില്‍ ഉണ്ടായിട്ടുേണ്ടാ എന്നു സംശയമാണ്. രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടാണ് നതോന്നത വൃത്തത്തില്‍ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും പ്രശസ്തമായ കൃതി. കുമാരനാശാന്റെ 'കരുണ' എന്ന കാവ്യവും നതോന്നത വൃത്തത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത്.

ഭാഷയിലുള്ള വ്യുല്‍പ്പത്തിയെപ്പറ്റിയുള്ളതാണ് അര്‍ണോസ് പാതിരിയെപ്പറ്റിയുള്ള കഥകള്‍. ജര്‍മ്മനിയില്‍നി്ന്ന കേരളത്തിലെത്തിയ പാതിരി സംസ്‌കൃതം പഠിച്ചത് ഒരത്ഭുതസംഭവമാണ്. സംസ്‌കൃതത്തില്‍ പാതിരി നേടിയ വ്യുല്‍പ്പത്തിയും ചതുരംഗത്തിലുായിരന്നു നിപുണതയുമാണ് വേലൂരില്‍ പാതിരിക്കൊരു ഭവനമൊരുങ്ങാന്‍ കാരണമായത്. പാതിരിയുടെ കഴിവുകളില്‍ ആകൃഷ്ടരായ വേലൂര്‍ പെരുവലിക്കാട് നായര്‍ തറവാട്ടുകാര്‍ വെങ്ങിലശേരി കുന്നിന്‍മേലുള്ള ഭവനം പാതിരിക്കായി വിട്ടു കൊടുക്കുകയായിരുന്നു. വെങ്ങിലിശ്ശേരിയിലുായിരുന്ന പാതിരിയുടെ ഭവനം ഒരു പണ്ഡിതസഭയുമായിരുന്നു. പാതിരിയും കൂട്ടുകാരും ചര്‍ച്ചകള്‍ നടത്തിയിരുന്നതും ചതുരംഗം കളിച്ചിരുന്നതും ഇവിടെ വച്ചായിരുന്നു. ഇടക്കിടെ പാണ്ഡിത്യം തെളിയിക്കാനുള്ള സൗഹൃദമത്സരങ്ങളും ഇവിടെ നടന്നിരുന്നു. അവയിലൊരിക്കല്‍പോലും പാതിരി തോറ്റിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

പാതിരിയെ കളിയാക്കാനായി ചെന്ന ഒരു നമ്പൂതിരിക്ക് സംഭവിച്ച അമളി പ്രസിദ്ധമാണ്. പാതിരിയുടെ നീലനിറത്തിലുള്ള കണ്ണുകളെ പരിഹസിച്ച് നമ്പൂതിരി ഗണപതി വാഹനരിപുനയനായെന്ന് വിളിച്ചുവത്രെ. (ഗണപതിയുടെ വാഹനം = എലി + രിപു (ശത്രു) = പൂച്ച + നയനാ = പൂച്ചക്കണ്ണാ) ഒട്ടും അമാന്തമില്ലാതെ തിരിച്ചടിച്ചു, ദശരഥനന്ദന ദൂതമുഖായെന്ന് (ദശരഥനനന്ദന്‍ = ശ്രീരാമന്‍ + ദൂതന്‍ = ഹനുമാന്‍ + മുഖം= കുരങ്ങിന്‍ മുഖത്തോട് കൂടിയവനേ) ഇനിയൊരിക്കല്‍ ഒരുഇളയതിനാണ് അബദ്ധം പറ്റിയത്. ഭാഷാ വ്യുല്‍പ്പത്തിയില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് ധരിച്ചുവശായ ഇളയത്, പൊക്കം കുറഞ്ഞ പാതിരിയോട് പാതിരി (പാതിരി = ഒരു കാട്ടുവൃക്ഷം) വില്ലിനു ബഹുവിശേഷമാണ് എന്നു പരിഹസിച്ചു. ഉടന്‍ ഇളയതായാല്‍ ഏറ്റവും നെന്നന്ന് പാതിരി തിരിച്ചടിച്ചു. ഈയുദാഹരണങ്ങളില്‍നിന്ന് പാതിരിക്കൈത്രെ വ്യുല്‍പ്പത്തിയും ഭാരതീയ സാഹിത്യത്തിലെത്ര പാണ്ഡിത്യവുമുണ്ടെന്ന് മനസ്സിലാകും. മലയാളഭാഷയ്ക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അര്‍ണോസ് പാതിരിയെക്കുറിച്ച് ഭാരതീയ പുരാണങ്ങളെപറ്റിപഠിച്ച സംസ്‌കൃത പണ്ഡിതന്‍ മാക്സ്മുള്ളര്‍ പറഞ്ഞത് ഇപ്രകാരമാണ് 'സംസ്‌കൃതം അനായാസമായി വശംവദമാക്കാമെന്നു യുറോപ്യന്‍മാരെ പഠിപ്പിച്ച അദ്ദേഹത്തിന്റെ ലത്തീനിലെ മുഴുവന്‍ രചനകളും നഷ്ടപ്പെടാതെ അന്ന് പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ യൂറോപ്പിലെ അറ്റവും വലിയ പണ്ഠിതനും ജ്ഞാനിയുമെന്ന് അദ്ദേഹം വിളിക്കപ്പെടുമായിരുന്നു.'