
കേരളസംസ്‌ക്കാരവുമായി വേര്‍പിരിയാനാവാത്ത വിധം ഇഴുകിച്ചേര്‍ന്നു കിടക്കുന്നു, നിളയെന്നു പുകള്‍പെറ്റ ഭാരതപ്പുഴ. ശാന്തമായ നിളയുടെ തീരത്തിന് ഒട്ടേറെ കഥകള്‍ പറയാനുണ്ട്. അതിലൊരു കഥയാണ് പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ. കേട്ടാലും കേട്ടാലും മതിവരാത്ത കഥ.
വിക്രമാദിത്യ സദസ്സിലെ പണ്ഡിതനായ വരരുചി തനിക്ക് പറയ കുലത്തില്‍ പിറക്കുന്ന ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കേണ്ടി വരുമെന്ന് മനസ്സിലാക്കി, പരിചാരകരെ ഉപയോഗിച്ച് ആ കുട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. തലയില്‍ തീപ്പന്തം കുത്തിയിറക്കി പരിചാരകര്‍ ആ കുട്ടിയെ നദിയിലൊഴുക്കുന്നു. നദിയിലൂടെ തലയില്‍ തീപ്പന്തവുമായി ഒഴുകിവന്ന പെണ്‍കുട്ടിയെ മക്കളില്ലാതിരുന്ന നരിപ്പെറ്റ മനയിലെ അന്തര്‍ജ്ജനം എടുത്തു വളര്‍ത്തുന്നു. നിളയുടെ കരയില്‍ ചരിത്രമുറങ്ങുന്ന നരിപ്പെറ്റ മന. പറയിപ്പെറ്റ പന്തിരുകുലത്തിലെ മാതാവായ പഞ്ചമി എന്ന പറയപ്പെണ്ണിനെ എടുത്തുവളര്‍ത്തിയ മന. രാമായണത്തിലെ പ്രധാന ശ്ലോകം കെണ്ടത്തിയ വിക്രമാദിത്യസദസ്സിലെ നവരത്നങ്ങളില്‍ പ്രധാനിയായ വരരുചി തീര്‍ത്ഥാടനത്തിനിടയില്‍ എത്തപ്പെട്ടത് സാക്ഷാല്‍ നരിപെറ്റ മനയില്‍. മനയില്‍ തന്നെ പരിചരിച്ച കന്യകയില്‍ വരരുചിക്ക് അനുരാഗം തോന്നിയത് വിവാഹത്തില്‍ കലാശിച്ചു. വിധിമഹിമ അലംഘനീയമാണെന്ന കാര്യത്തിന്റെ ഊട്ടിഉറപ്പിക്കല്‍ കൂടിയായിരുന്നു ആ വിവാഹം.
അവിടെവെച്ച് സ്വയം ഭ്രഷ്ട് കല്‍പ്പിച്ച് വരരുചിയും ഭാര്യയും ദേശാടനത്തിന് ഇറങ്ങി. ആ യാത്രയില്‍ പിറന്ന പന്ത്രണ്ട് മക്കളില്‍ ഒരാളാണ് മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നാറാണത്ത് ഭ്രാന്തന്‍. നീണ്ട യാത്രക്കിടയിലാണ് പഞ്ചമി പന്ത്രണ്ട് മക്കള്‍ക്ക് ജന്മം നല്‍കുന്നത്. വരരുചിയുടെ നിര്‍ദേശ പ്രകാരം പഞ്ചമിക്ക് തന്റെ എല്ലാ മക്കളെയും ഉപേക്ഷിക്കേണ്ടി വന്നു. ഉപേക്ഷിക്കപ്പെട്ട മക്കളെ വ്യത്യസ്ത ജാതിയിലുള്ളവര്‍ ഏറ്റെടുത്തു വളര്‍ത്തി. വ്യത്യസ്ത കുലങ്ങളില്‍ വളര്‍ന്ന അവര്‍ അതാത് കുലങ്ങളിലെ കര്‍മ്മ മണ്ഡലങ്ങളില്‍ മികച്ചവരായി അറിയപ്പെട്ടു. പന്തിരുകുലത്തിലെ കടിഞ്ഞൂല്‍ ജന്മം മേഴത്തോള്‍ അഗ്നിഹോത്രി ആയിരുന്നു, തുടര്‍ന്ന് പാക്കനാര്‍, പെരുന്തച്ചന്‍, രചകന്‍ വള്ളോന്‍, വടുതല നായര്‍, ഉപ്പുകൂറ്റന്‍ അകവൂര്‍ ചാത്തന്‍, പാണനാര്‍, നാറാണത്ത് ഭ്രാന്തന്‍, വായിലാകുന്നിലപ്പന്‍ കൂടെ പന്തിരുകുലത്തില ഏക പെണ്‍തരിയായി കാരക്കല്‍ അമ്മയും പിറന്നു.
നാറാണത്തിനെ പ്രവര്‍ത്തിയുടെ അടിസ്ഥാനത്തില്‍ എല്ലാവരും ഭ്രാന്തനെന്നു വിളിച്ചു. പക്ഷേ അദ്ദേഹത്തിന്റെ പ്രവര്‍ത്തികളില്‍ മഹത്തായ ഒരു തത്വശാസ്ത്രം കാണാം. അദ്ദേഹം കല്ലുകള്‍ മലമുകളിലേക്ക് കഷ്ടപ്പെട്ട് തള്ളി കൊണ്ടുപോകും. എന്നിട്ട് മുകളില്‍ എത്തിയാല്‍ താഴെക്ക് ഉരുട്ടിവിടും. അത് കണ്ട് അദ്ദേഹം കൈകൊട്ടി പൊട്ടിച്ചിരിക്കും. കേവലം ഒരു ഭ്രാന്തന്‍ എന്നതിലുപരി ഒരു അവതാരമായാണ് അദ്ദേഹത്തെ സങ്കല്‍പിച്ചുപോരുന്നത്. പാലക്കാട് ജില്ലയിലെ ചെത്തല്ലൂരില്‍ അത്തിപ്പറ്റ കുന്നിനടുത്തുള്ള നാരായണമംഗലത്ത് (ആമയൂര്‍ മന) ആണ് അദ്ദേഹം വളര്‍ന്നത് എന്നു കരുതപ്പെടുന്നു. പിന്നീട് പഠനത്തിനായി പട്ടാമ്പി രായിരനല്ലൂരുള്ള തിരുവേഗപ്പുറം ഇല്ലത്തു വന്നു. നാറാണത്തുഭ്രാന്തന് ഗ്രീക്ക് പുരാണത്തിലെ 'സിസിഫസ്' എന്ന ദേവനുമായി സാമ്യമുണ്ടെന്ന് പറയപ്പെടുന്നു. സ്യൂസ് ദേവന്റെ ശിക്ഷയായിട്ടാണ് സിസിഫസ് ആയുഷ്‌കാലം മുഴുവന്‍ മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റുന്നതും തള്ളി താഴേക്കിടുന്നതുമെങ്കില്‍ നാറാണത്തുഭ്രാന്തന്‍ സ്വന്തം താതാപര്യത്താലാണ് ഈ പ്രവൃത്തി ചെയ്യുന്നത്.
ഭാരതപ്പുഴ ചെത്തല്ലൂരില്‍ എത്തുമ്പോള്‍ ഉരുണ്ട പാറക്കെട്ടുകളില്‍ തട്ടിത്തെറിച്ച് പതറിപ്പാഞ്ഞൊഴുകുന്നു.ഇവിടുത്തെ മണല്‍തിട്ടയിലൂടെയാണ് ആറുവിരലുകളുള്ള കാലുമായി ഒരു ഭ്രാന്തന്‍ നടന്നു നീങ്ങിയത്. മന്തന്‍ കാല്‍പ്പാടുകള്‍ക്കൊപ്പംനടന്നാല്‍ കേള്‍ക്കാം,അനുസൃൂതമായ പൊട്ടിച്ചിരിക്കുന്ന ശബ്ദം. ചങ്ങലയുടെ കിലുക്കം. ചുടലക്കളത്തില്‍ വെച്ചുണ്ട് അവിടെ അന്തിയുറങ്ങിയ ഭ്രാന്തന്‍.
ചുടല ഭദ്രകാളി പ്രത്യക്ഷപ്പെ' ഭ്രാന്തന്റെ ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റിയതും ഇവിടെവെച്ചാണ്. എപ്പോഴും യാത്രയിലായിരിക്കുന്ന നാറാണത്ത് ഭ്രാന്തന്‍ രാത്രി എവിടെയാണോ എത്തുന്നത് അവിടെ വെള്ളവും തീയും ഉള്ള സ്ഥലമാണെങ്കില്‍ അവിടെത്തന്നെ അടുപ്പു കൂട്ടുകയും അന്നു ഭിക്ഷ യാചിച്ചു കിട്ടുന്ന അരി വേവിച്ചു കഴിച്ചു അവിടെത്തന്നെ കിടന്നുറങ്ങുകയും ചെയ്യും. അപ്രകാരം ഒരു ദിവസം നാറാണത്തു ഭ്രാന്തന്‍ എത്തിച്ചേര്‍ന്നതു ഒരു ചുടുകാട്ടിലായിരുന്നു. അവിടെ അന്നൊരു ശവം ദഹിപ്പിക്കല്‍ ഉണ്ടായിരുതിനാല്‍ ധാരാളം തീക്കനല്‍ കിട്ടാനുണ്ടായിരുന്നു. ഇന്നത്തെ വിശ്രമം ഇവിടെത്തന്നെ എന്നു നിശ്ചയിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ചശേഷം തന്റെ മന്തുകാല്‍ അടുപ്പുകല്ലില്‍ കയറ്റിവച്ചു ഭ്രാന്തന്‍ വിശ്രമിക്കുന്ന സമയത്താണു ചുടലയക്ഷിയും (ഭദ്രകാളി) പരിവാരങ്ങളും അവിടെ എത്തിച്ചേര്‍ന്നത്. അസമയത്തു ചുടലപ്പറമ്പിലിരിക്കുന്ന ആളെ ഒന്നു ഭയപ്പെടുത്തുകതയെന്നു കരുതി അവര്‍ ഭീകരശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും മറ്റും ചെയ്തു.
ചുടലപ്പറമ്പില്‍ കാളിയുടെയും ഭൂതഗണങ്ങളുടെയും ഭയാനകനൃത്തം കണ്ട് ഭയക്കാതിരുന്ന നാറാണത്തുഭ്രാന്തനോട് കാളി എന്തുവരവും ചോദിക്കുവാന്‍ പറഞ്ഞപ്പോളാദ്യം താന്‍ മരിക്കാന്‍ ഇനി എത്ര ദിവസം ഉണ്ടെന്നു ചോദിച്ചു. കാളി ഉത്തരം പറഞ്ഞപ്പോള്‍ ഏനിക്ക് ഒരു ദിവസം കൂടുതല്‍ ആയുസ്സു വേണമെന്നു പറഞ്ഞു. അതു നടക്കില്ലെന്നായി കാളി. ശരി ഒരു ദിവസം കുറവു മതി ആയുസ്സെന്നായി ഭ്രാന്തന്‍. അതും സാധ്യമല്ല. എങ്കില്‍ ഒന്നു പോയിത്തരണമെന്നു ഭ്രാന്തന്‍. ആ ദിവ്യന്റെ മുമ്പില്‍ എന്തെങ്കിലും ഒരു വരം വാങ്ങണമെന്ന അപേക്ഷയായി. തന്റെ വലതുകാലിലെ മന്ത് ഇടതുകാലിലേക്കു മാറ്റിത്തരൂ എന്നാണ് അവരെ കളിയാക്കുന്ന മട്ടല്‍നാറാണത്തുഭ്രാന്തന്‍ ആവശ്യപ്പെട്ടത്.
ചെറുപ്പത്തിലെ അസാധാരണ പെരുമാറ്റത്തിന് ഉടമയായ നാറാണത്ത് രായിരനെല്ലൂര്‍ മലയിലേക്ക് കല്ലുരുട്ടി തന്റെ പെരുമാറ്റ വൈചിത്രം ആവര്‍ത്തിച്ചു. നാറാണത്ത് കല്ലുരുട്ടി കയറ്റിയ രായിരനെല്ലൂര്‍ മല ചരിത്രമായി.തുലാം ഒന്നിന് രായിരനെല്ലൂര്‍ മലകയറിയാല്‍ കുട്ടികളുടെ വിദ്യാതടസം നീങ്ങി ഭാഗ്യദേവത അനുഗ്രഹിക്കുമെന്ന് വിശ്വാസം. പട്ടാമ്പിയില്‍ നിന്നും കൊപ്പം വളാഞ്ചേരി റൂട്ടില്‍ ഒന്നാന്തി പടിയില്‍ നിന്നാണ് രായിരനെല്ലൂര്‍ മലകയറ്റം തുടങ്ങുന്നത്.
നാല് കുന്നുകള്‍ക്ക് നടുവിലാണ് രായിരനല്ലൂര്‍ മല. മുത്തശ്ശിയാര്‍ കുന്ന് ,ചളമ്പ്രകുന്ന്, പടവെട്ടികുന്ന് ,ഭ്രാന്താചലം എന്നിവയാണവ. മലയുടെ അടിവാരത്താണ് നാരായണമംഗലത്തുമന. ഇവിടെനിന്ന് ഒരംഗം എല്ലാദിവസവും മലകയറി രായിരനല്ലൂര്‍ ക്ഷേത്രത്തില്‍ എത്തും. നൂറ്റാണ്ടുകളായി തുടരുന്ന ആചാരം. അറിവ് ആരാധനയാകുന്ന ക്ഷേത്രമാണ് രായിരനല്ലൂര്‍ ദേവീക്ഷേത്രം.
ഐതീഹ്യത്തിനുമപ്പുറം മനുഷ്യന്റെ പ്രവര്‍ത്തികളുടെ അര്‍ത്ഥമില്ലായ്മയെ ചിന്തോദീപ്തമാക്കിയ പറയിപെറ്റ പന്തിരു കുലത്തിലെ മഹാനായ ഭ്രാന്തന്റെ വിളനിലമാണ് രായിരനെല്ലൂര്‍ മല. മനോഹരമായ കുന്നിന്‍മുകളും പ്രതിഷ്ഠയില്ലാത്ത ക്ഷേത്രവും നാറാണത്തിന്റെ ഭീമാകാരമായ പ്രതിമയും താഴ്‌വാരത്തിലെ മനോഹര കാഴ്ചകളും ഇവിടെ ചരിത്രാന്വേഷണ സഞ്ചാരികള്‍ക്കൊരു മുതല്‍ കൂട്ടാവും.
ഒരിക്കലൊരു തുലാമാസം ഒന്നാം തീയതിയാണ് ഭ്രാന്തന് വനദുര്‍ഗ്ഗയായ ദേവി പ്രത്യക്ഷമാകുന്നത്. ഭ്രാന്തനെ കണ്ട് ദേവി ഓടിമറഞ്ഞു എന്നും കല്ലില്‍ കാലടിപ്പാടു പതിഞ്ഞു എന്നും കഥ. ആ കാലടിപ്പാടുകള്‍ ഇന്നും അവിടെ കാണാം. നാറാണത്തിന് മലമുകളില്‍ ദര്‍ശനം നല്‍കിയ ശേഷം ദേവി പ്രദക്ഷിണ രീതിയില്‍ ഒന്‍പത് കാലടികള്‍ വെച്ചുവെന്നും ആ ചുവടുകള്‍ പാറപ്പുറത്ത് പതിഞ്ഞുവെന്നുമാണ് വിശ്വാസം. പ്രതിഷ്ഠയൊന്നുമില്ലാത്ത ക്ഷേത്രത്തില്‍ ആ കാലടിപാടുകളിലാണ് പൂജ. ആറാമത്തെ കാലടിപ്പാടിലൂറുന്ന ജലമാണ് തീര്‍ത്ഥം.
ക്ഷേത്രത്തിന്നടുത്തുള്ള കാഞ്ഞിരമരത്തില്‍ ഭ്രാന്തനെ തളച്ച ചങ്ങല കണ്ണികള്‍ ഇന്നുമുണ്ട്. രായിരനെല്ലൂരില്‍ നിന്നും വിളിപ്പാടകലെ ഭ്രാന്തന്‍ തപസ്സിരുന്ന പാറക്കുന്ന് ഭ്രാന്തങ്കോട്ട അഥവാ ഭ്രാന്താചലം എന്നറിയുന്നു. ആര്‍ക്കിയോളജി വകുപ്പിന്റെ അധീനതയിലുള്ള ഈ ഒറ്റക്കല്‍ ഗുഹ വാസ്തുവിദ്യാവിസ്മയം ആണ്. അതിനടുത്ത് മൂന്നു ഗുഹാക്ഷേത്രങ്ങള്‍. ഭ്രാന്തന്റെ ഭൂതങ്ങള്‍ കൈകൊണ്ട് മാന്തി ഉണ്ടാക്കിയതാണത്രെ. ഇവിടെ ഒരിക്കലും വറ്റാത്ത നീരുറവകളുണ്ട്. ഭ്രാന്തന്‍ പ്രതിഷ്ഠിച്ച അമ്പലവും കാഞ്ഞിരമരത്തിലെ പൊട്ടാത്ത ചങ്ങലയും ഇവിടെ കാണാം. തെളിയാത്ത ബുദ്ധിക്ക് ഉടമയായിരുന്ന നാറാണത്തിന് ബുദ്ധി തെളിഞ്ഞത് മലമുകളിലെ ദേവീദര്‍ശനത്തിന് ശേഷമായിരുന്നുവത്രെ. അതിനാല്‍ ഇവിടെ തുലാം ഒന്നിന് എത്തിയാല്‍ ബുദ്ധി തെളിയുമെന്ന് വിശ്വാസം.
ദേവിയുടേതെന്ന് കരുതുന്ന ചുവടുകളിലാണ് ഇവിടെ പൂജ. ഒന്‍പത് ചുവടുകളില്‍ ഏഴ് ചുവടുകള്‍ ക്ഷേത്രത്തിന് പുറത്ത് നിന്ന് കാണാനാകും. രണ്ട് ചുവടുകള്‍ ഉള്ളിലേക്കാണ്. ഇതില്‍ ഇടതുവശത്തെ ചുവടില്‍ നിന്ന് ജലം ഊറി വരുന്നതുകാണാം. ഈ ജലമാണ് ഭക്തര്‍ക്ക് തീര്‍ത്ഥമായി നല്‍കുന്നത്. ക്ഷേത്ര ആവശ്യങ്ങള്‍ക്കുള്ള ജലത്തിനായി ഇവിടെ രണ്ട് കിണറുകള്‍ കുഴിച്ചെങ്കിലും വെള്ളം കിട്ടാത്തിനാല്‍ നികത്തി. എന്നാല്‍ ഇവിടെ പാറപ്പുറത്ത് ജലം ഊറുന്നത് ഇന്നും കാഴ്ചയാണ്.
ശാന്തസ്വരൂപിയായ ദേവീ സങ്കല്‍പമാണ് ഇവിടെയുള്ളത്. ഉപദേവത സങ്കല്പത്തില്‍ ഗണപതിയും അയ്യപ്പനും. പെണ്‍കുട്ടികളുണ്ടാകാന്‍ ഓടം കമഴ്ത്തുന്ന വഴിപാടുള്ള ഏക ക്ഷേത്രമെന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. കുഞ്ഞുപിറക്കാന്‍ വേണ്ടി മല കയറുന്ന ദമ്പതികളും ധാരാളമായി ഇവിടെ എത്താറുണ്ട്. മലര്‍ പറയാണ് ഇവിടുത്തെ പ്രധാന വഴിപാട്. മലയുടെ കിഴക്കേ ചരുവില്‍ നാറാണത്ത് ഭ്രാന്തന്റെ കൂറ്റന്‍ പ്രതിമയുണ്ട്. ക്ഷേത്രത്തില്‍ നിന്ന് വിളിപ്പാടകലെയാണ് നാറാണത്ത് ഭജനമിരിക്കുന്നുവെന്ന് വിശ്വസിക്കുന്ന ഭ്രാന്താചലം. ഈ പാറക്കുന്നില്‍ കയറാന്‍ 63 പടികള്‍ കൊത്തിയെടുത്തിട്ടുണ്ട്. ആയിരത്തിലധികം അടി ഉയരത്തിലാണ് രായിരനല്ലൂര്‍ മല സ്ഥിതിചെയ്യുന്നത്. പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ നിന്ന് രായിരനല്ലൂരിലേക്ക് 22 കിലോ മിറ്റര്‍ ദൂരം. പട്ടാമ്പിയാണ് സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഒരു മണിക്കൂറോളം സമയം വേണം രായിരനല്ലൂര്‍ മല നടന്നു കയറാന്‍.
രായിരനല്ലൂര്‍ മലയുടെ ഉച്ചിയിലേക്ക് കൂറ്റന്‍ കരിമ്പാറ ഉരുട്ടി കയറ്റിയതിനുശേഷം അത് താഴേക്ക് തള്ളിയിട്ട് രസിച്ച നാറാണത്ത് ഭ്രാന്തന്‍ ഉറക്കെപാടി.
"ഉന്നതിവരുത്തുവാനെത്രെയോ പരാധീനം
പിന്നെയങ്ങതോഗധിക്കെത്രെയും എളുപ്പമാം"
ഇന്നുംപ്രസക്തിയോടെ നില്‍ക്കുന്നു ഭ്രാന്തന്റെ വചനം. ഭ്രാന്താചലത്തിലെ കാഞ്ഞിരമരത്തില്‍ കാണുന്ന ചങ്ങലക്കണ്ണികള്‍ ഉന്‍മാദനാളുകളില്‍ നാറാണത്തിനെ തളച്ചതാണെന്ന് ഐതിഹ്യം. രായിരനല്ലൂര്‍ മലകയറ്റം തുടങ്ങുന്ന സ്ഥല നാമമായി ഒന്നാന്തിപടിക്ക് ആ പേരു വന്നതിനു പിന്നിലുമുണ്ട് ചരിത്രം. രായിനല്ലൂര്‍ ക്ഷേത്രത്തില്‍ തുലാം ഒന്നിനുള്ള പ്രാധാന്യം കൊണ്ട് ലഭിച്ച വിളിപ്പേരാണത്രെ ഒന്നാന്തിപടി.
ഐതീഹ്യങ്ങള്‍ക്കപ്പുറം ചില വിശ്വാസ്യതയുടെ തെളിവുകള്‍ കൂടി രായിരനല്ലൂര്‍ മല കാട്ടിത്തരുന്നു. കാഞ്ഞിരവും ,ചങ്ങലയുമൊക്കെ ഇതിന്റെ ഭാഗം മാത്രം. രായിരനല്ലൂരില്‍ നിന്ന് വിളിപ്പാടകലത്തില്‍ കാണുന്ന ഭ്രാന്താചലം എന്ന ഒറ്റക്കല്‍ ഗുഹ വാസ്തു വൈദഗ്ദ്ധത്തിന്റെ വിസ്മയമായി സ്ഥിതിചെയ്യുന്നു. ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ സംരക്ഷണയിലാണ് ഇപ്പോള്‍ ഇത് സ്ഥിതിചെയ്യുന്നത്.
ഭ്രാന്താചലത്തിന്റെ കിഴക്ക് ഭാഗത്തായി കരിമ്പാറയില്‍ തുരെന്നടുത്തതുപോലെ കാണുന്ന ഗുഹയിലായിരുന്നു നാറാണത്ത് ഭ്രാന്തന്റെ തപസ്സ്. വരരുചി ഉപേക്ഷിച്ചുപോയ ഭ്രാന്തന്‍കുട്ടിയെ എടുത്തുവളര്‍ത്തിയ നാരായണ മംഗലത്ത് മനയ്ക്ക് ആമയൂര്‍ മന എന്നും പേരുണ്ട്. ആമയൂര്‍ മനയിലെ ഇരുപതുപേര്‍ക്ക് രായിനെല്ലൂര്‍ ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ അവകാശമുണ്ടത്രെ. രായിരനെല്ലൂര്‍ മലയില്‍ ദേവി പ്രത്യക്ഷപ്പെച്ചതിനെ തുടര്‍ന്നാണ് അവിടെ പൂജ ആരംഭിച്ചത്. അതിനായി ആദ്യം മൂലകുടുംബമായ ചെത്തല്ലൂരില്‍ നിന്ന് ഒരാളെ പൂജക്ക് നിയോഗിച്ചു. പിന്നീട് രായിരനല്ലൂര്‍ മലയടിവാരത്ത് ഒരു ഇല്ലം പണികഴിപ്പിച്ച് കുടുംബാംഗങ്ങള്‍ അങ്ങോട്ട് താമസം മാറ്റി.
പരഹിതകരണം' എന്ന ജ്യോതിശാസ്ത്രഗ്രന്ഥത്തിന്റെ കര്‍ത്താവാണ് ഭ്രാന്തന്‍ എന്നു പറയപ്പെടുന്നു. കട്ടുറുമ്പുകളെ എണ്ണുക അദ്ദേഹത്തിന്റെ മറ്റൊരു വിനോദമായിരുന്നു. അദ്ദേഹം പ്രസിദ്ധനായ ഒരുതാന്ത്രികനുമായിരുന്നു. കേരളത്തില്‍ ഒരുപാട് ക്ഷേത്രങ്ങളില്‍ ഭ്രാന്തന്‍ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. താമ്പൂലം കൊണ്ട് പ്രതിഷ്ഠ ഉറപ്പിച്ച ഭ്രാന്തന്റെ കഥയും വാമൊഴിയായും വരമൊഴിയായും പടര്‍ന്നിട്ടുണ്ട്. ബ്രാഹ്‌മണനായി പിറന്നിട്ടും ആചാരങ്ങള്‍ തെറ്റിച്ചതിനാലാകണം ഇളയതായത്.
ഭിക്ഷയെടുക്കല്‍ ആയിരുന്നു നാറാണത്ത് ഭ്രാന്തന്റെ ഉപജീവന മാര്‍ഗം. എപ്പോഴും യാത്രയിലായിരിക്കുന്ന നാറാണത്ത് ഭ്രാന്തന്‍ രാത്രി എവിടെയാണോ എത്തുന്നതു അവിടെ വെള്ളവും തീയും ഉള്ള സ്ഥലമാണെങ്കില്‍ അവിടെത്തന്നെ അടുപ്പു കൂട്ടുകയും അന്നന്നു ഭിക്ഷ യാചിച്ചു കിട്ടുന്ന അരി വേവിച്ചു കഴിച്ചു അവിടെത്തന്നെ കിടന്ന് ഉറങ്ങുകയും ചെയ്യും. നേരം വെളുത്താല്‍ വീണ്ടും കല്ലുരുട്ടിക്കയറ്റാന്‍ തുടങ്ങും. ഒരു വലിയ മലയുടെ മുകളിലേക്ക് കല്ലുകള്‍ ബദ്ധപ്പെട്ട് ഉരുട്ടിക്കയറ്റി മുകളിലെത്തുമ്പോള്‍ അത് താഴേക്കിട്ട് കൈകൊട്ടി ചിരിക്കുന്ന നാറാണത്തു ഭ്രാന്തനെ ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ച്ചകളെ പുഞ്ചിരിയോടെ സ്വീകരിച്ച യോഗി എന്നു പറയാം മനുഷ്യന്റെ അര്‍ഥമില്ലാത്ത ചിന്തകള്‍ക്കും മൂല്യമില്ലാത്ത പെരുമാറ്റങ്ങള്‍ക്കും തക്ക മറുപടി നല്കി ജീവിച്ചിരുന്ന നാറാണത്തു ഭ്രാന്തന്റെ കഥകള്‍ അതിശയിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കുന്നതുമാണ്. അദ്ദേഹത്തിനു ദേവി ദര്‍ശനം ലഭിച്ച ഇടം എന്ന നിലയില്‍ പ്രസിദ്ധമായ രായിരനെല്ലൂര്‍ ഇന്ന് കേരളത്തിലെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്.
പറയിപെറ്റ പന്തിരുകുലത്തിലെ കഥാപാത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കേട്ടിരിക്കുന്നത് പെരുന്തച്ചനെപ്പറ്റിയും, നാറാണത്ത് ഭ്രാന്തനെപ്പറ്റിയുമാണ്. മനുഷ്യന്റെ അഹങ്കാരത്തിന് മുകളിലൂടെയായിരുന്നു നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റിയത്. താഴേക്ക് ഉരുണ്ട് വീഴുന്ന കല്ലിനു തുല്യമാണ് മനുഷ്യസ്ഥിതി എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊടുത്ത നാറാണത്ത് എക്കാലത്തേയും വലിയ ചിന്തയുടെ ജ്വലനമാണ്. ആ ദിവ്യത്വത്തിന് മുന്നില്‍ മനസ്സുകൊണ്ടു നമിക്കാതെ ആര്‍ക്കും രായിരനല്ലൂര്‍ മല ഇറങ്ങാന്‍ സാധ്യമല്ല.
Content Highlights: Story of Naranath Bhranthan Rayiranellur Mala
Published: 09 Mar 2025, 12:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented