നമ്മൾ മാറ്റിവെച്ചുകൊണ്ടിരുന്ന ആ "നാളെ"കൾ എല്ലാം കഴിഞ്ഞുപോയി.
ഇനി മാറ്റിവെക്കാൻ ബാക്കിയുള്ളത്...
നമ്മുടെ ജീവിതം മാത്രം.

നമ്മുടെ ജീവിതത്തിലെ ഏറ്റവും തിരക്കുള്ള ദിവസം ഏതാണ്?
നാളെ.
ഇന്നത്തെ എല്ലാ ജോലികളും നാളത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. അതുകൊണ്ട് നാളെ വരുമ്പോൾ ചെയ്യാനുള്ള കാര്യങ്ങളുടെ തിരക്ക് കണ്ട് നാളെ തന്നെ പേടിച്ചോടുമോ എന്നൊരു സംശയമുണ്ട്.
"നാളെ മുതൽ രാവിലെ നടക്കാൻ പോകും."
"നാളെ മുതൽ ജങ്ക് ഫുഡ് നിർത്തും."
"നാളെ മുതൽ ദിവസവും ഒരു മണിക്കൂർ വായിക്കും."
"നാളെ മുതൽ പണം സേവ് ചെയ്യും."
"നാളെ മുതൽ മൊബൈൽ ഉപയോഗം കുറയ്ക്കും."
"നാളെ മുതൽ നേരത്തെ ഉറങ്ങും."
"നാളെ മുതൽ ജീവിതം അടുക്കും."
ഇങ്ങനെ നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളെല്ലാം ഒരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ആ ദിവസത്തിന്റെ പേരാണ് നാളെ.
പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ട്.
നാളെ ഒരിക്കലും ഇന്നാകുന്നില്ല.
നാളെ വന്നാൽ അത് ഇന്ന് ആകും. അപ്പോൾ പുതിയൊരു നാളെ കണ്ടെത്തും.
ഇതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വിജയകരമായ മാനേജ്മെന്റ് ടെക്നിക്.
ചെയ്യേണ്ട കാര്യം മാറ്റിവെക്കുക.
പിന്നെ അതിനൊരു നല്ല കാരണം കണ്ടെത്തുക.
"ഇപ്പോൾ സമയമില്ല."
"കുറച്ച് തിരക്കുണ്ട്."
"മനസ്സൊന്ന് ശരിയാകട്ടെ."
"അടുത്ത മാസം തുടങ്ങാം."
"പുതുവർഷം മുതൽ."
"പിറന്നാൾ കഴിഞ്ഞിട്ട്."
"ഓണം കഴിഞ്ഞിട്ട്."
"ക്രിസ്മസ് കഴിഞ്ഞിട്ട്."
"ഇനി ജനുവരി ഒന്നുമുതൽ പക്കാ."
ജനുവരി ഒന്നിന് രാവിലെ തന്നെ പുതിയൊരു മനുഷ്യനാകാനുള്ള തീരുമാനമെടുക്കും. പുതിയ ഡയറി വാങ്ങും. ആദ്യ പേജിൽ വലിയ അക്ഷരത്തിൽ എഴുതും:
MY GOALS – 2027
താഴെ പത്ത് ലക്ഷ്യങ്ങൾ.
-
ദിവസവും വ്യായാമം
-
ആരോഗ്യകരമായ ഭക്ഷണം
-
ദിവസവും വായന
-
പണം സേവ് ചെയ്യുക
-
പുതിയൊരു സ്കിൽ പഠിക്കുക
-
മൊബൈൽ ഉപയോഗം കുറയ്ക്കുക
-
നേരത്തെ ഉറങ്ങുക
-
നേരത്തെ എഴുന്നേൽക്കുക
-
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക
-
സന്തോഷത്തോടെ ജീവിക്കുക
ജനുവരി 1 – ഉത്സാഹം.
ജനുവരി 2 – യാഥാർഥ്യബോധം.
ജനുവരി 3 – "ഇന്ന് ഞായറാഴ്ചയല്ലേ, നാളെ മുതൽ തുടങ്ങാം."
അങ്ങനെ നമ്മുടെ നാളെ വീണ്ടും തിരിച്ചെത്തും. ഏതു നാളെ, നാളത്തെ നാളെയോ മറ്റന്നാളത്തെ നാളയോ
നമ്മുടെ തലമുറയ്ക്ക് "നാളെ മുതൽ" എന്നൊരു വാക്കുണ്ടായിരുന്നു.
പുതുതലമുറയ്ക്ക് അതിന് ഒരു പുതിയ രൂപമുണ്ട്:
"Tomorrow, for sure."
അത് പറഞ്ഞിട്ട് Instagram തുറക്കും.
ഒരു റീൽ.
അതിനുശേഷം മറ്റൊരു റീൽ.
"ഈ ഒരു വീഡിയോ കൂടി."
അടുത്ത വീഡിയോ വന്നപ്പോൾ:
"ഇത് കഴിഞ്ഞിട്ട് ഫോൺ വെക്കാം."
അടുത്തത്:
"ഇത് എനിക്ക് വളരെ useful ആണ്."
അതിനുശേഷം ഒരു motivational reel.
"If you want to change your life, wake up at 5 AM."
വീഡിയോ കണ്ടപ്പോൾ ജീവിതം മാറിയതുപോലെ തോന്നും.
ഫോൺ താഴെ വെക്കും.
അഞ്ച് മിനിറ്റിനുശേഷം ഉറങ്ങും.
രാവിലെ 9 മണിക്ക് എഴുന്നേറ്റ് പറയും:
"ഇന്നത്തെ ദിവസം പോയി. നാളെ മുതൽ 5 AM."
ഇതാണ് motivational content-ന്റെ ഏറ്റവും വലിയ വിജയം.
നമ്മൾ പ്രചോദിതരാകും.
പക്ഷേ ഒന്നും ചെയ്യില്ല.
പണം സേവ് ചെയ്യുന്നതിലും ഇതുതന്നെ.
ശമ്പളം കിട്ടുന്ന ദിവസം:
"ഈ മാസം മുതൽ ചെലവ് നിയന്ത്രിക്കണം."
രണ്ടുദിവസം കഴിഞ്ഞ് ഒരു ഓൺലൈൻ ഓഫർ.
"ഇത് ഇപ്പോൾ വാങ്ങിയില്ലെങ്കിൽ നഷ്ടമാണ്."
നഷ്ടപ്പെടുന്നത് എന്താണെന്ന് ചോദിച്ചാൽ ₹799.
പക്ഷേ അത് വാങ്ങാതിരുന്നതിന്റെ നഷ്ടം അതിലും വലുതാണെന്ന് മനസ്സ് പറയും.
അങ്ങനെ ₹799, ₹499, ₹299, ₹1,299...
മാസാവസാനം ബാങ്ക് ബാലൻസ് നോക്കും.
അവിടെ സാമ്പത്തിക ശാസ്ത്രത്തിന്റെ ഏറ്റവും വലിയ സത്യം കാണാം:
ശമ്പളം വന്നതിന്റെ വേഗതയിൽ പണം പോയിരിക്കുന്നു.
അപ്പോൾ തീരുമാനം:
"അടുത്ത മാസം മുതൽ പക്കാ സേവിങ്സ്."
അടുത്ത മാസം വരും.
ശമ്പളം വരും.
ഓഫറുകളും വരും.
സേവിങ്സ് മാത്രം വരില്ല.
ആരോഗ്യത്തിന്റെ കാര്യത്തിൽ നമ്മൾ കുറച്ചുകൂടി പ്രതിഭാശാലികളാണ്.
ഡോക്ടർ പറയും:
"വ്യായാമം ചെയ്യണം."
നമ്മൾ തലകുലുക്കും.
"തീർച്ചയായും."
ഡോക്ടർ പറയും:
"ഭക്ഷണം നിയന്ത്രിക്കണം."
"തീർച്ചയായും."
"നടക്കണം."
"തീർച്ചയായും."
വീട്ടിലെത്തിയാൽ:
"ഇന്നത്തേക്ക് പോകട്ടെ. നാളെ മുതൽ തുടങ്ങാം."
അടുത്ത ദിവസം രാവിലെ നടക്കാൻ പോകാനുള്ള ഷൂസ് വാങ്ങും.
ഷൂസ് വളരെ മനോഹരമായിരിക്കും.
നടക്കുക മാത്രം നടക്കില്ല.
ഒടുവിൽ ആ ഷൂസ് ധരിച്ച് പോകുന്നത് വിവാഹത്തിനോ ഷോപ്പിങ്ങിനോ ആയിരിക്കും.
പഠനത്തിലും അതുതന്നെ.
ഒരു പുതിയ സ്കിൽ പഠിക്കണം.
AI പഠിക്കണം.
ഇംഗ്ലീഷ് മെച്ചപ്പെടുത്തണം.
ഒരു പുസ്തകം വായിക്കണം.
ഓൺലൈൻ കോഴ്സ് ചെയ്യണം.
YouTube-ൽ search ചെയ്യും:
"How to learn AI in 30 days."
ആദ്യ വീഡിയോ 17 മിനിറ്റ്.
കാണും.
രണ്ടാമത്തെ വീഡിയോ.
മൂന്നാമത്തെ വീഡിയോ.
പിന്നെ algorithm നമ്മളെക്കുറിച്ച് പഠിച്ചുകഴിഞ്ഞിരിക്കും.
AI പഠിക്കാൻ വന്ന നമ്മൾ രണ്ട് മണിക്കൂർ കഴിഞ്ഞ് "Top 10 places to visit in Kerala" എന്ന വീഡിയോ കാണുന്നുണ്ടാകും.
AI നമ്മളെ പഠിച്ചു.
നമ്മൾ AI പഠിച്ചില്ല.
പ്രശ്നം നമുക്ക് ആഗ്രഹങ്ങളില്ലാത്തതല്ല.
ആഗ്രഹങ്ങൾ വളരെ കൂടുതലാണ്.
പ്രശ്നം ആരംഭിക്കുന്ന സമയമാണ്.
വലിയ കാര്യങ്ങൾ ചെയ്യാൻ വലിയൊരു ദിവസം വരുമെന്ന് നമ്മൾ കാത്തിരിക്കുന്നു.
അത് വരില്ല.
ജീവിതത്തിലെ വലിയ മാറ്റങ്ങൾ പലപ്പോഴും വളരെ ചെറിയ കാര്യങ്ങളിൽ നിന്നാണ് തുടങ്ങുന്നത്.
ദിവസവും പത്ത് പേജ് വായിക്കുക.
ദിവസവും അരമണിക്കൂർ നടക്കുക.
ശമ്പളം കിട്ടുമ്പോൾ ആദ്യം ചെറിയൊരു തുക മാറ്റിവെക്കുക.
ഒരു മണിക്കൂർ ഫോൺ മാറ്റിവെക്കുക.
ഒരു പുതിയ കാര്യം പഠിക്കുക.
അഞ്ച് മിനിറ്റ് മാതാപിതാക്കളോട് സംസാരിക്കുക.
ഒരു പഴയ സുഹൃത്തിനെ വിളിക്കുക.
ഇവയ്ക്ക് പ്രത്യേകിച്ച് "നാളെ" വേണ്ട.
ഇന്നുതന്നെ ചെയ്യാം.
കാരണം ജീവിതം മാറാൻ ഏറ്റവും നല്ല ദിവസം പുതുവർഷമല്ല.
പിറന്നാളുമല്ല.
തിങ്കളാഴ്ചയുമല്ല.
ഇന്നാണ്.
ഒടുവിൽ ഒരു സത്യം പറയാം.
നമ്മൾ പലപ്പോഴും "നാളെ മുതൽ ജീവിതം മാറ്റാം" എന്നാണ് പറയുന്നത്.
പക്ഷേ ജീവിതം നമ്മളോട് ചോദിക്കുന്നത് മറ്റൊന്നാണ്:
"ഇന്ന് എന്താണ് മാറ്റാൻ പോകുന്നത്?"
നാളെ എന്നത് കലണ്ടറിലെ ഒരു തീയതിയാണ്.
ഇന്ന് എന്നത് നമ്മുടെ കൈയിലുള്ള അവസരമാണ്.
നാളെ മുതൽ തുടങ്ങാം എന്ന് പറഞ്ഞുകൊണ്ടിരുന്നാൽ ഒരു ദിവസം നമുക്ക് തിരിഞ്ഞുനോക്കേണ്ടി വരും.
അപ്പോൾ നമ്മുടെ ജീവിതത്തിന്റെ ഏറ്റവും വലിയ തമാശ ഇതായിരിക്കും:
നമ്മൾ മാറ്റിവെച്ചുകൊണ്ടിരുന്ന ആ "നാളെ"കൾ എല്ലാം കഴിഞ്ഞുപോയി.
ഇനി മാറ്റിവെക്കാൻ ബാക്കിയുള്ളത്...
നമ്മുടെ ജീവിതം മാത്രം.
Content Highlights: Explores the psychological trap of postponing goals to 'tomorrow', 'next month', or the 'New Year'., Highlights modern distractions like Instagram reels and motivational content that give a false sense of accomplishment., Examines common procrastination areas including savings, fitness, and learning new skills like AI., Emphasizes that real life changes happen through small daily actions started today, not grand plans for tomorrow.
Published: 04 Sept 2026, 03:36 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented