കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇക്കഴിഞ്ഞ ശനിയാഴ്ച തമിഴ്നാട്ടിലുണ്ടായിരുന്നു. പാർലമെന്റിൽ അമിത് ഷായെ കാണാനില്ലെന്നും അമിത് ഷാ എവിടെയാണെന്നും പ്രതിപക്ഷം ചോദിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഷാ തമിഴ്നാട്ടിലെ തിരുവണ്ണാമലയിലെത്തിയത്. അവിടെ അരുണാചലേശ്വർ ക്ഷേത്രത്തിൽ പ്രാർത്ഥിച്ച ശേഷം രമണ മഹർഷിയുടെ ആശ്രമവും സന്ദർശിച്ചു. തമിഴകത്തെ ശൈവക്ഷേത്രങ്ങളിൽ ഏറെ വിഖ്യാതമാണ് അരുണാചലേശ്വർ. പഞ്ചഭൂതങ്ങളിലൊന്നായ അഗ്നിക്ക് സമർപ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രം. തിരിച്ചുപോകുംവഴി അമിത് ഷാ ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെയുടെ ജനറൽ സെക്രട്ടറി എടപ്പാടി പഴനിസ്വാമിയുമായി ചെന്നൈയിൽ ചെറിയൊരു കൂടിക്കാഴ്ച നടത്തി.

To advertise here,

അമിത് ഷാ സമ്മർദ്ദത്തിലാണ്. ഷാ മാത്രമല്ല, ബിജെപി മൊത്തത്തിൽ സമ്മർദ്ദത്തിലാണ്. സിജെപിയുടെ പ്രതിഷേധത്തിനും ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കും പിന്നാലെ ബിഹാറിലെ ബങ്കിപ്പൂരിൽ ജൻ സുരാജ് നേതാവ് പ്രശാന്ത് കിഷോർ ജയിച്ചതും മദ്ധ്യപ്രദേശിലെ ദതിയ കോൺഗ്രസ് നിലനിർത്തിയതും ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്. ബങ്കിപ്പുർ 1995 മുതൽ ബിജെപിയുടെ കുത്തകയായായിരുന്നു. ഏകദേശം 1.6 ലക്ഷം സവർണ്ണ സമുദായക്കാരുള്ള ഈ മണ്ഡലം കൈവിട്ടുപോകുമെന്ന് ബിജെപി ഒരിക്കലും കരുതിയിരുന്നില്ല. 3.79 ലക്ഷം വോട്ടർമാരുള്ള ബങ്കിപ്പുരിൽ എൺപതിനായിരത്തോളം പേരേ യാദവ, മുസ്ലിം സമുദായങ്ങളിൽ നിന്നുള്ളു. ഏതാണ്ടെല്ലാ വിഭാഗങ്ങളിൽനിന്നുള്ള വോട്ടർമാരും പ്രശാന്ത് കിഷോറിനെ തുണച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഹിന്ദി ഹൃദയഭൂമി പിടിച്ചാൽ

ഹിന്ദി ഹൃദയഭൂമിയുടെ ഒന്നാന്തരം മാതൃകയായാണ് ബങ്കിപ്പുരിനെ ബിജെപി കണ്ടിരുന്നത്. ഇത്തരം മണ്ഡലങ്ങൾ കൂടുതലുള്ള രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ബിഹാർ, യുപി എന്നിവടങ്ങളിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം കൂട്ടിയാൽ ഇന്ദ്രപ്രസ്ഥത്തിലെ ആ അധികാര സോപാനം എക്കാലവും തങ്ങളുടെ കൈപ്പിടിയിലായിരിക്കും എന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

ബങ്കിപ്പുരിലെ തിരിച്ചടി ഈ കണക്കുകൂട്ടലിൽനിന്ന് ബിജെപിയെ പിന്തിരിപ്പിക്കുന്നില്ല. അതുകൊണ്ടാണ് ഏതുവിധേനയും ലോക്സഭാ മണ്ഡല പുനർനിർണ്ണയം സാദ്ധ്യമാക്കുകയെന്ന പദ്ധതിയുമായി ബിജെപി മുന്നോട്ടു പോകുന്നത്. 2024-ൽ സംഭവിച്ചതുപോലെ കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കുന്ന ഒരവസ്ഥ ഇനിയങ്ങോട്ട് ബിജെപി ആഗ്രഹിക്കുന്നില്ല.

ഏപ്രിലിൽ ഇതുമായി ബന്ധപ്പെട്ട ഭേദഗതി ബിൽ ലോക്സഭയിൽ ബിജെപി അവതരിപ്പിച്ചത് ഒരു പരീക്ഷണം എന്ന നിലയ്ക്കായിരുന്നു. 543 അംഗ ലോക്സഭയിൽ ഭരണഘടനാ ഭേദഗതി നിയമം പാസ്സാകണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ചുരുങ്ങിയത് 362 എംപിമാരെങ്കിലും പിന്തുണയ്ക്കണം. ഏപ്രിൽ 17-ന് ബിൽ വോട്ടിനിട്ടപ്പോൾ 528 പേരാണ് ലോക്സഭയിലുണ്ടായിരുന്നത്. അതിൽ 298 പേർ അനുകൂലിച്ചപ്പോൾ 230 പേർ എതിർത്തു. ഭേദഗതി പാസ്സാക്കാനുള്ള ഭൂരിപക്ഷം എൻഡിഎയ്ക്കില്ലെന്ന് ബിജെപിക്ക് അറിയാമായിരുന്നു. അപ്പോൾപിന്നെ പ്രതിപക്ഷ ഐക്യം എത്ര മാത്രമുണ്ടെന്ന് അറിയാനുള്ള ഒരു ടെസ്റ്റ് ഡോസ് ആയിട്ടായിരിക്കാം ബിജെപി അന്ന് ആ ബിൽ കൊണ്ടുവന്നത്.

മിഷൻ 362

ആ തിരിച്ചടിയിൽ നിരാശരായി കയ്യും കെട്ടി ഇരിക്കുകയല്ല ബിജെപി ചെയ്തത്. ജനങ്ങൾ 2024-ൽ തരാതിരുന്നത് എങ്ങിനെയും പിടിച്ചെടുക്കുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. എഎപിയുടെ രാജ്യസഭാ എംപിമാരെ സ്വന്തമാക്കിക്കൊണ്ടാണ് ബിജെപി ഈ നീക്കത്തിന് തുടക്കമിട്ടത്. ഏപ്രിൽ 17-ന് മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട ഭേദഗതി ലോക്സഭ തള്ളി. പത്ത് ദിവസത്തിനപ്പുറം ഏപ്രിൽ 27-ന് എഎപിയുടെ ഏഴ് രാജ്യസഭാ എംപിമാർ ബിജെപിയിൽ ലയിച്ചതിന് രാജ്യസഭാ അദ്ധ്യക്ഷൻ അംഗീകാരം നൽകി. തൊട്ടടുത്ത മെയ് മാസം ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിഎംസിയെ ബിജെപി തറപറ്റിച്ചു. അധികം വൈകാതെ മമതയുടെ പാർട്ടിയിലെ 28 ലോക്സഭാ എംപിമാരിൽ 20 പേരും കൂറുമാറി പ്രത്യേക വിഭാഗമായി. മഹാരാഷ്ട്രയിൽ ഉദ്ദവിന്റെ ശിവസേനയിൽനിന്ന് ആറ് എംപിാരെയും ബിജെപി പുറത്തുചാടിച്ചു.

ഇപ്പോൾ ലോക്സഭയിൽ 293 പേരുടെ പിന്തുണ എൻഡിഎയ്ക്കുണ്ട്. ടിഎംസി വിമതരായ 20 പേരും ഉദ്ദവ് ശിവസേനയിൽനിന്നും കൂറുമാറിയ ആറുപേരും കൂടിയായാൽ 319 പേരുടെ പിൻബലമായി. ആന്ധ്രയിലെ വൈഎസ്ആർസിപിയുടെ നാല് എംപിമാരുടെ പിന്തുണ ബിജെപിക്കുറപ്പാണ്. അതോടെ എൻഡിഎയെ തുണയ്ക്കുന്നവരുടെ എണ്ണം 323 ആവും. കോൺഗ്രസുമായി ഉടക്കി നിൽക്കുന്ന ഡിഎംകെയ്ക്ക് 22 എംപിമാരുണ്ട്. പഞ്ചാബിലെ ശിരോമണി അകാലിദളിന് ലോക്സഭയിൽ ഒരു എംപിയുണ്ട്.

കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രധാനമന്ത്രി മോദി അകാലിദൾ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് വെറുതെയല്ലെന്നോർക്കുക. ഡിഎംകെയുടെ പിന്തുണ ഇപ്പോഴും ബിജെപിക്ക് ഉറപ്പില്ല. പക്ഷേ, അതിനുള്ള ശ്രമങ്ങൾ അണയറയിൽ ബിജെപി തുടങ്ങിക്കഴിഞ്ഞു. അമിത് ഷായുടെ തിരുവണ്ണാമല സന്ദർശനത്തിന് അങ്ങിനെയൊരു ഉദ്ദേശ്യം കൂടിയുണ്ടായിരുന്നുവെന്നാണ് തമിഴകത്തുനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഡിഎംകെയെ എങ്ങിനെയെങ്കിലും പാട്ടിലാക്കാനായാൽ മണ്ഡല പുനർനിർണ്ണയത്തിന് ലോക്സഭയിൽ എൻഡിഎയ്ക്ക് 355 എംപിമാരുടെ പിന്തുണയാവും. അകാലിദളിന്റെ ഒരു എംപിയ്ക്കൊപ്പം ഝാർഖണ്ഡ് മുക്തി മോർച്ചയുടെ മൂന്ന് എംപിമാരെയും ബിജെപി ലക്ഷ്യമിട്ടേക്കും. സമാജ് വാദി പാർട്ടിക്ക് 33 എംപിമാരാണ് ലോക്സഭയിലുള്ളത്. എസ്പിയെ കൂടി പിളർത്താനായാൽ മണ്ഡലപുനർനിർണ്ണയ ബിൽ വീണ്ടും ലോക്സഭയിൽ കൊണ്ടുവരാൻ ബിജെപി ഒട്ടും തന്നെ താമസിക്കില്ല.

അസം എന്ന പരീക്ഷണശാല

അസമിൽ ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണകൂടം നടത്തിയ നിയമസഭാ മണ്ഡല പുനർനിർണ്ണയമാണ് ഇക്കാര്യത്തിൽ ബിജെപിയുടെ മുന്നിലുള്ള മാതൃക. അവിടെ ആകെയുള്ള 126 മണ്ഡലങ്ങളിൽ പുനർ നിർണ്ണയം നടന്നതിന് ശേഷം മുസ്ലിങ്ങൾക്ക് മേൽക്കൈ ഉള്ള മണ്ഡലങ്ങൾ 22 ആയി കുറഞ്ഞു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അസമിൽ 31 മുസ്ലിങ്ങൾ ജയിച്ചെങ്കിൽ ഇക്കുറി 22 പേർക്കേ നിയമസഭയിലെത്താനായുള്ളു. 2021-ലെ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് 75 സീറ്റുകളും കോൺഗ്രസ് സഖ്യത്തിന് 50 സീറ്റുകളും ലഭിച്ചെങ്കിൽ ഇക്കുറി അത് 102, 21 ആയി. മണ്ഡല പുനർനിർണ്ണയത്തിലൂടെ എങ്ങനെ ഭൂരിപക്ഷം നേടിയെടുക്കാം എന്നതിന്റെ ക്ലാസ്സിക് ഉദാഹരണമായാണ് അസമിനെ ബിജെപി കാണുന്നത്.

ഈ പദ്ധതിയുടെ അഖിലേന്ത്യാ തലത്തിലുള്ള ആവിഷ്‌കാരവും സാക്ഷാത്കാരവുമാണ് ലോക്സഭാ മണ്ഡല പുനർനിർണ്ണയത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. ബിജെപിക്ക് ഏറ്റവുമധികം സ്വാധീനമുള്ള ഹിന്ദി ഹൃദയഭൂമിയിൽ ലോക്‌സഭാംഗങ്ങളുടെ എണ്ണം 38.1 ശതമാനത്തിൽനിന്ന് 43.1 ശതമാനമായി വർദ്ധിക്കും. അതേസമയം, ബിജെപിക്ക് ഇപ്പോഴും ദുർഘടമായി തുടരുന്ന ദക്ഷിണേന്ത്യയിൽ ലോക്‌സഭാംഗങ്ങളുടെ എണ്ണം 24.3 ശതമാനത്തിൽനിന്ന് 22.94 ശതമാനമായി കുറയും.

ഉത്തർപ്രദേശ്, ബിഹാർ, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ചത്തിസ്ഗഢ്, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവയുൾപ്പെടുന്ന ഹിന്ദി ഹൃദയഭൂമിയിൽ നിലവിൽ 202 ലോക്്സഭാ എംപിമാരാണുള്ളത്. മണ്ഡല പുനർനിർണ്ണയത്തോടെ ഇത് 377 ആയി ഉയരും. എന്നാൽ കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണ്ണാടകം എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും 129 എംപിമാരാണ് നിലവിൽ ഉള്ളത്. മണ്ഡല പുനർനിർണ്ണയ ശേഷം ഇത് 195 ആയി മാറും. 850 അംഗ ലോക്സഭയിൽ ഹിന്ദി ഹൃദയഭൂമിയിൽ നിന്നുള്ള 377 സീറ്റുകളിൽ ഭൂരിപക്ഷം പിടിച്ചാൽ കേന്ദ്ര ഭരണം നിലനിർത്താൻ ബിജെപിക്കാവും എന്ന് സാരം.

ഇന്ദിരയും വാജ്പേയിയും ചെയ്തത്

1971-ലെ സെൻസസിന്റെ അടിസ്ഥാനത്തിലുള്ള ലോക്സഭാ സീറ്റുകളാണ് നിലവിലുള്ളത്. ഏകദേശം 55 കോടിയായിരുന്നു അന്നത്തെ ഇന്ത്യൻ ജനസംഖ്യ. 50 കൊല്ലത്തിനിപ്പുറം ഇന്ത്യയിൽ ഇന്നിപ്പോൾ 140 കോടിയോളം ജനങ്ങളുണ്ട്. ഭരണഘടനയുടെ 81, 82 വകുപ്പുകൾ പ്രകാരം ജനസംഖ്യയിലുണ്ടാവുന്ന മാറ്റം കണക്കിലെടുത്ത് മണ്ഡലങ്ങൾ പുനർ നിർണ്ണയിക്കണം. ലോക്സഭയിലും നിയമസഭകളിലും മണ്ഡലങ്ങൾ പുനർനിർണ്ണയിക്കുന്നതിന്റെ അടിസ്ഥാനം ഇതാണ്.

പക്ഷേ, ഇതിനിടയിൽ കേന്ദ്ര സർക്കാർ ജനസംഖ്യാ നിയന്ത്രണം രാജ്യത്തിന്റെ നയമാക്കി. ഈ നയം വിജയകരമായി നടപ്പാക്കിയത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്. ഇക്കഴിഞ്ഞ അര നൂറ്റാണ്ടിൽ തമിഴ്നാട്ടിലെയും കേരളത്തിലെയും ജനസംഖ്യയിൽ 70 ശതമാനവും 80 ശതമാനവും വർദ്ധനവുണ്ടായെങ്കിൽ ബിഹാറിലും യുപിയിലും ഇത് 180-190 ശതമാനമായിരുന്നു. കേന്ദ്ര സർക്കാർ നയം വിജയിപ്പിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജനനനിരക്ക് കുറഞ്ഞപ്പോൾ അതിനനുസൃതമായി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനനനിരക്ക് കുറഞ്ഞില്ല.

2026-ലെ സെൻസസ് അടിസ്ഥാനമാക്കി ലോക്സഭാ സീറ്റുകൾ പുനർനിർണ്ണയിച്ചാൽ അത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുള്ള അനീതിയായിരിക്കുമെന്ന് പറയുന്നത് അതുകൊണ്ടാണ്. കാരണം മണ്ഡല പുനർനിർണ്ണയം ലോക്സഭയിൽ മാത്രമല്ല മാറ്റമുണ്ടാക്കുക. ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തെ മൊത്തത്തിൽ മാറ്റിമറിക്കുന്ന പ്രക്രിയയാണ് മണ്ഡല പുനർനിർണ്ണയം എന്നതാണ് വാസ്തവം.

1976-ൽ ഇന്ദിര ഗാന്ധി ഭരണകൂടവും 2002-ൽ വാജ്പേയി സർക്കാരും ലോക്സഭാ മണ്ഡല പുനർനിർണ്ണയം മരവിപ്പിക്കുന്നതിനായി ഭരണഘടനാ ഭേദഗതികൾ കൊണ്ടുവന്നു. എല്ലാ പാർട്ടികളും ഈ നീക്കത്തെ അനുകൂലിക്കുകയും ചെയ്തു. ലോക്സഭാ സീറ്റുകൾ പുനർനിർണ്ണയിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക എന്ന തിരിച്ചറിവായിരുന്നു ഈ തീരുമാനത്തിന് പിന്നിൽ.

ചർച്ചകളില്ലാത്ത പാർലമെന്റ്

വടക്കേ ഇന്ത്യയിൽ ഒരു എംപി പ്രതിനിധാനം ചെയ്യുന്ന വോട്ടർമാരുടെ ശരാശരി എണ്ണം ഇപ്പോൾ രണ്ടു കോടിയുടെ അടുത്താണെന്നും ഇത് വോട്ടർമാരോടുള്ള അനീതിയാണെന്നുമാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, മണ്ഡല പുനർനിർണ്ണയത്തിന് ശേഷം ഇത് ഒന്നരക്കോടിയോ ഒന്നേകാൽ കോടിയോ ആയാണ് കുറയുക. അതുകൊണ്ടുതന്നെ മണ്ഡല പുനർനിർണ്ണയം കൂടുതൽ വോട്ടർമാർക്ക് എംപിമാരുമായി ബന്ധപ്പെടാനുള്ള അവസരമൊരുക്കുമെന്ന വാദത്തിൽ കാമ്പില്ല.

543 എംപിമാരുള്ള സഭ തന്നെ നിയന്ത്രിക്കാൻ സ്പീക്കർ പെടാപ്പാട് പെടുന്നത് നമ്മൾ കാണുന്നുണ്ട്. നിലവിൽ ശരാശരി 70 ദിവസമാണ് ലോക്സഭ ഒരു വർഷം സമ്മേളിക്കുന്നത്. ഇക്കാലയളവിൽ ഒരു എംപിക്ക് ഏറ്റവും കൂടിയാൽ 20 മിനിറ്റാണ് ലോക്സഭയിൽ സംസാരിക്കാൻ കിട്ടുന്നത്. 850 എംപിമാരായാൽ എത്ര എംപിമാർക്ക് ലോക്സഭയിലെ ചർച്ചകളിൽ പങ്കെടുക്കാനാവും എന്നത് അതീവ പ്രസക്തമായ ചോദ്യമാണ്.

എംപിമാർ നിയമ നിർമ്മാതാക്കളാണ്. പുതിയ നിയമങ്ങളെക്കുറിച്ച് ആഴത്തിലുള്ള ചർച്ചകൾ പാർലമെന്റിലുണ്ടാവണം. എന്നാൽ, 2014-ൽ മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം പാർലമെന്റിൽ ചർച്ചകൾ വല്ലാതെ കുറഞ്ഞു. പ്രധാനപ്പെട്ട നിയമങ്ങളെല്ലാം തന്നെ ചർച്ചകളില്ലാതെ പാസ്സാക്കുകയാണ് ബിജെപി ഭരണകൂടത്തിന്റെ രീതി. പാർലമെന്റ് എന്തിനാണോ നിലവിൽ വന്നത് ആ ലക്ഷ്യം പൂർണ്ണമായും ഇല്ലാതാക്കുന്നതിനായിരിക്കും ലോക്സഭാ സീറ്റുകളുടെ വർദ്ധന് കാരണമാവുകയെന്ന വിമർശം ഉയരുന്നത്് ഈ പശ്ചാത്തലത്തിലാണ്.

 

കൂടുതൽ ലോക്സഭാ സീറ്റുകൾ എന്ന് പറഞ്ഞാൽ കൂടുതൽ പണച്ചെലവ് എന്നും അർത്ഥമുണ്ട്. തിരഞ്ഞെടുപ്പ് മുതൽ എംപിമാരുടെ ശമ്പളത്തിന് വരെ കൂടുതൽ തുക വകയിരുത്തേണ്ടി വരും. ജനാധിപത്യത്തിൽ ഇത് അധികച്ചെലവല്ല എന്ന് പറഞ്ഞാലും ഈ ചെലവുകൊണ്ട് ഗുണപരമായി എന്താണുണ്ടാവുക എന്ന ചോദ്യം തള്ളിക്കളയാനാവില്ല.

ഫെഡറലിസത്തിന്റെ തകർച്ച

വാസ്തവത്തിൽ ലോക്സഭാ സീറ്റുകളുടെ വർദ്ധനവല്ല അധികാര വികേന്ദ്രീകരണമാണ് ഇന്ത്യയുടെ വികസനത്തിന് ഏറ്റവും അത്യാവശ്യം എന്ന നിരീക്ഷണം പ്രസക്തമാവുന്നത് ഈ പരിസരത്തിലാണ്. അധികാരമത്രയും ഡൽഹിയിൽ കേന്ദ്രീകരിക്കുന്നതിന് പകരം സംസ്ഥാന തലത്തിലും പഞ്ചായത്ത് തലത്തിലുമായി വികേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നാണ് ഫെഡറലിസത്തിന്റെ പ്രയോക്താക്കൾ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കൻ ഫെഡറലിസമാണ് ഇക്കാര്യത്തിൽ മാതൃകയാവേണ്ടതെന്നും അവർ പറയുന്നു. പ്രതിരോധം, കറൻസി, വിദേശകാര്യം എന്നിവയൊഴികെയുള്ള മേഖലകളിൽ കേന്ദ്ര സർക്കാർ അധികാര വികേന്ദ്രീകരണത്തിന് സന്നദ്ധമായാൽ ലോക്സഭാ മണ്ഡല പുനർനിർണ്ണയമില്ലാതെ തന്നെ രാജ്യം സാമ്പത്തിക പുരോഗതിയിലേക്ക് കുതിക്കും എന്ന വാദമാണത്. എന്തിനുമേതിനും കേന്ദ്രത്തിന് മുന്നിൽ ഭിക്ഷാപാത്രവുമായി സംസ്ഥാനങ്ങൾ മുട്ടുകുത്തി നിൽക്കുന്ന അവസ്ഥ മാറിയേ തീരൂ.

ബിജെപിയുടെ പ്രഖ്യാപിത അജണ്ട പക്ഷേ, ഈ വീക്ഷണത്തിനെതിരാണ്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഒരു ഭാഷ, ഒരു നികുതി, ഒരു നേതാവ് എന്ന കേന്ദ്രീകരണ വ്യവസ്ഥയാണ് ഹിന്ദുത്വ പദ്ധതിയുടെ സാക്ഷാത്കാരത്തിന് ഏറ്റവും ഉചിതമെന്നാണ് ബിജെപി കരുതുന്നത്. ഈ അജണ്ട നടപ്പാക്കുന്നതിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറല്ലെന്ന് ബിജെപി വ്യക്തമാക്കിക്കഴിഞ്ഞു.

മണ്ഡല പുനർനിർണ്ണയത്തിൽ വിവിധ സംസ്ഥാനങ്ങൾക്കുള്ള ആശങ്കകൾ കേൾക്കാതെ തികച്ചും ഏകപക്ഷീയമായാണ് ഏപ്രിലിൽ ബിജെപി സർക്കാർ ഭരണഘടനാ ഭേദഗതി നിയമം കൊണ്ടുവന്നത്. ഇത്രയും സുപ്രധാനമായ ഒരു ബിൽ അവതരിപ്പിക്കും മുമ്പ് പ്രതിപക്ഷവുമായും വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികളുമായും മോദി സർക്കാർ ചർച്ച നടത്തേണ്ടതായിരുന്നു. അതുണ്ടായില്ല.

രാഹുൽ ഗാന്ധിയും കോൺഗ്രസും

ബിജെപിയുടെ രാഷ്ട്രീയനീക്കത്തെ ചെറുക്കാൻ കോൺഗ്രസ് അടങ്ങുന്ന പ്രതിപക്ഷനിര സമൂർത്തമായി എന്താണ് ചെയ്യുന്നതെന്ന ചോദ്യവും ഈ ഘട്ടത്തിൽ തീർച്ചയായും ഉയർത്തണം. അടുത്തിടെ ചെന്നൈയിൽ വന്ന രാഹുൽഗാന്ധി പറഞ്ഞത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരു പാർട്ടിക്കും മണ്ഡലപുനർ നിർണ്ണയ ബില്ലിനെ പിന്തുണക്കാനാവില്ലെന്നാണ്. ഡിഎംകെയെ ലക്ഷ്യമിട്ടായിരുന്നു രാഹുലിന്റെ ഈ വാക്കുകൾ. രാഹുൽ പക്ഷേ, മനസ്സിലാക്കേണ്ട ഒരു കാര്യം ബിജെപിക്കെതിരെയുള്ള ചെറുത്തുനിൽപിന് ഇത്തരം പ്രസ്താവനകൾ മാത്രം പോര എന്നതാണ്.

ഡിഎംകെയെ ഇന്ത്യ മുന്നണിയിലേക്ക് തിരിച്ചെത്തിക്കാൻ സക്രിയമായി ഇടപെടാൻ രാഹുൽ ഗാന്ധി തയ്യാറാവണം. തമിഴകത്ത് വിജയിന്റെ പാർട്ടിയുമായി സഖ്യത്തിലിരിക്കെ തന്നെ അഖിലേന്ത്യാ തലത്തിൽ ഡിഎംകെയെയും ഉൾക്കൊള്ളുന്ന സമീപനമാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനുമായി ചർച്ചയുടെയും സംഭാഷണങ്ങളുടെയും വാതിലുകൾ തുറന്നെടുക്കാൻ രാഹുലിനാവണം. രാജ്യത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന സുപ്രധാനമായൊരു അജണ്ടയുമായി ബിജെപി മുന്നോട്ടുനീങ്ങുമ്പോൾ ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും അതിജീവനത്തിനായി ചില വിട്ടുവീഴ്ച്ചകൾ വേണ്ടിവന്നാൽ അതിനും കോൺഗ്രസ് തയ്യാറാവണം.

മണ്ഡല പുനർനിർണ്ണയം അത്യധികം സങ്കീർണ്ണമായ പ്രക്രിയയാണ്. ബുൾഡോസർ കൊണ്ട് വീടുകൾ ഇടിച്ചു നിരത്തുന്നതുപോലെ ഒരു സുപ്രഭാതത്തിൽ ഇന്ത്യൻ ജനതയുടെ മേൽ അടിച്ചേൽപിക്കേണ്ട സംഗതിയല്ലിത്. ജനസംഖ്യാ നിയന്ത്രണത്തിൽ ബഹുദൂരം മുന്നേറിയ കേരളവും തമിഴ്നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതിനുള്ള അംഗീകാരം അർഹിക്കുന്നില്ലേ? ജനസംഖ്യയാണ് അടിസ്ഥാനമാക്കുന്നതെങ്കിൽ ജനസംഖ്യ നിയന്ത്രിച്ചതും കണക്കിലെടുക്കണം. ജനസംഖ്യ നിയന്ത്രിച്ചതിന് കൂടുതൽ ലോക്സഭ, നിയമസഭ മണ്ഡലങ്ങൾ അനുവദിക്കണം. അങ്ങിനെ വരുമ്പോൾ കേരളവും തമിഴ്നാടും പോലുള്ള സംസ്ഥാനങ്ങൾക്ക് പ്രത്യേക മാനദണ്ഡങ്ങൾ ഏർപ്പെടുത്തേണ്ടി വരും. ഇതൊന്നും എളുപ്പത്തിൽ ചെയ്യാനാവില്ല. സംസ്ഥാനങ്ങളുമായി കൃത്യമായ ആശയവിനിമയം നടക്കണം. ശരിക്കും സമയമെടുക്കുന്ന പ്രക്രിയയാണിത്.

അതുവരെ മണ്ഡല പുനർനിർണ്ണയം മരവിപ്പിക്കണം. ഇന്ദിരയും വാജ്പേയിയും സഞ്ചരിച്ച വഴിയിലൂടെ നീങ്ങുന്നതാണ് മോദി സർക്കാരിനും അഭികാമ്യം. ബിജെപിയുടെ ഭരണം എന്നെന്നേക്കുമായി നിലനിർത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആലോചിക്കുക സ്വാഭാവികമാണ്. പക്ഷേ, അതിലേക്കുള്ള യാത്ര ഫെഡറലിസത്തിന്റെ കടയ്ക്ക് കത്തിവെച്ചുകൊണ്ടായാൽ ബാക്കിയാവുന്നതിനെ ഇന്ത്യ എന്ന് വിളിക്കാൻ കഴിയുമോ എന്നതാണ് ചോദ്യം.

വഴിയിൽ കേട്ടത്: ആഭ്യന്തര മന്ത്രി അമിത് ഷായെ രാജ്യസഭയിലെ അംഗങ്ങളുടെ വികാരം അറിയിക്കണമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജുജിവിന് നിർദ്ദേശം നൽകി രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ. ഇതുപോലെ ഇപെടൽ നടത്തിയ മുൻ രാജ്യസഭാദ്ധ്യക്ഷൻ ജഗദിപ് ധൻകർ ഇപ്പോൾ എവിടെയാണാവോ!