പ്രശ്നം അധികാരത്തിന്റേതാണ്. ഇര ജനാധിപത്യവും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലുണ്ടായ വലിയൊരു ജനാധിപത്യ നിഷേധം തിരുത്താൻ ബിജെപി സർക്കാർ ഇനിയും അമാന്തിക്കരുത്. ഏഴ് വർഷങ്ങളായി സംസ്ഥാന പദവി നഷ്ടപ്പെട്ട ഒരു ദേശത്തിന്റെ വിലാപം പാർലമെന്റിന് മേലും മോദി സർക്കാരിന് മേലും തീർക്കുന്ന കരിനിഴൽ കാണാതിരിക്കാൻ ജനാധിപത്യ വിശ്വാസികൾക്കാവില്ല.

മിന്നൽ പ്രഹരങ്ങളിൽ പ്രധാനമന്ത്രി മോദിക്കുള്ള കമ്പം ലോകപ്രശസ്തമാണ്. നോട്ടുനിരോധനവും ബാലാക്കോട്ടിലെ സൈനിക ഇടപെടലും പോലൊരു മിന്നൽ പ്രഹരമായിരുന്നു ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളയൽ. ജമ്മു കശ്മീരിന് പ്രത്യേക പദവി ഉറപ്പാക്കിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് നിർവീര്യമാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു ജമ്മു കശ്മീർ വിഭജനം. 2019 ഓഗസ്റ്റ് അഞ്ചിന് 370-ാം വകുപ്പ് നിർവീര്യമാക്കിക്കൊണ്ട് രാഷ്ട്രപതിയുടെ വിജ്ഞാപനം വന്നു. ജമ്മു കശ്മീർ പുനഃസംഘടനാ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയത് നാല് ദിവസങ്ങൾക്ക് ശേഷം ഓഗസ്റ്റ് ഒമ്പതിനായിരുന്നു.
ജമ്മു കശ്മീരിന്റെ സമഗ്ര വികസനത്തിന് ഈ രണ്ട് നടപടികളും അനിവാര്യമായിരുന്നു എന്നാണ് ബിജെപി മുന്നോട്ടുവെച്ച വാദം. ഏഴ് വർഷം പിന്നിടുമ്പോൾ ബിജെപിയുടെ ഈ അവകാശവാദം മുഴങ്ങുന്ന പെരുമ്പറ പോലെ പൊള്ളയായിരിക്കുന്നു. ഭരണഘടനയുടെ 370-ാം വകുപ്പിന്റെ റദ്ദാക്കൽ ഒരു മിന്നൽ പ്രഹരമായിരുന്നില്ല. പിറവി മുതലേ ഈ അജണ്ട ബിജെപിക്കൊപ്പമുണ്ടായിരുന്നു. ബിജെപിയുടെ ആദിരൂപമായ ജനസംഘത്തിന്റെ സ്ഥാപകൻ ശ്യാമ പ്രസാദ് മുഖർജി മരിക്കുന്നത് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം വകുപ്പിനെതിരെയുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിലിലായിരിക്കെയാണ്.
ആർട്ടിക്കിൾ 370 എൻ.ജി. അയ്യങ്കാർ
370-ാം വകുപ്പ് താൽക്കാലികമായിരുന്നുവെന്ന് ഭരണഘടനാ നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു. പക്ഷേ, അതിന്റെ റദ്ദാക്കലിൽ ജനാധിപത്യ വിരുദ്ധതയുണ്ടെന്ന വിമർശം തള്ളിക്കളഞ്ഞുകൊണ്ടാണ് 2023 ഡിസംബറിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് കേന്ദ്ര സർക്കാർ നടപടി ശരിവെച്ചത്. നെഹ്രു മന്ത്രിസഭയിൽ അംഗമായിരുന്ന എൻ.ജി. അയ്യങ്കാരാണ് 370-ാം വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് രൂപം നൽകിയത്. നെഹ്രുവിന്റെ മന്ത്രിസഭയിൽ എത്തുന്നതിനുമുമ്പ് ആറു കൊല്ലത്തോളം അയ്യങ്കാർ കശ്മീർ ദിവാനായിരുന്നു. കശ്മീർ ഉള്ളംകയ്യിലെ നെല്ലിക്കപോലെ അറിയാമായിരുന്ന അയ്യങ്കാരെ നെഹ്രു തന്റെ മന്ത്രിസഭയിൽ എടുത്തതുതന്നെ ഈ ലക്ഷ്യത്തോടെയായിരുന്നു. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി പുനഃപരിശോധിക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്ന വ്യവസ്ഥ ബില്ലിലുണ്ടായിരുന്നു. പക്ഷേ, അതിനുള്ള അനുമതി ജമ്മു കശ്മീർ ഭരണഘടനാ നിർമ്മാണ സമിതിയിൽനിന്ന് ലഭിച്ചിരിക്കണമെന്നും എടുത്തു പറഞ്ഞിരുന്നു.
ജമ്മു കശ്മീർ ഭരണഘടനാ സമിതി നിലവിലില്ലാതിരിക്കെ ഭരണഘടനാ നിർമ്മാണ സമിതി എന്നത് നിയമസഭയാണെന്നു വായിച്ചുകൊണ്ടാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. അതിനുമുമ്പ് നിയമസഭ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടിരുന്നു. അതോടെ നിയമസഭയുടെ അധികാരം പാർലമെന്റിനായി. ഈ അവസ്ഥാവിശേഷം വിദഗ്ദ്ധമായി ഉപയോഗിച്ചുകൊണ്ടാണ് മോദി സർക്കാർ ശ്യാമപ്രസാദ് മുഖർജിയുടെ സ്വപ്നം സാക്ഷാത്കരിച്ചത്. 370-ാം വകുപ്പിന്റെ റദ്ദാക്കൽ ഇപ്പോൾ ജമ്മു കശ്മീരിൽ ഒരു രാഷ്ട്രീയ സംഘർഷ വിഷയമാണെന്ന് തോന്നുന്നില്ല. ഒമർ അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസോ മെഹ്ബൂബയുടെ പിഡിപിയോ നിലവിൽ 370-ാം വകുപ്പിനെ ചൊല്ലി വലിയ ബഹളമൊന്നും സൃഷ്ടിക്കുന്നില്ല. സംസ്ഥാന പദവി തന്നെ നഷ്ടപ്പെട്ടിരിക്കെ സംസ്ഥാനത്തിന്റെ പ്രത്യേക പദവിക്കായി ശ്രമിക്കുന്നതിലെ അസംബന്ധം ഇരുവരും തിരിച്ചറിയുന്നുണ്ടാവാം.
വികസനം എന്ന മരീചിക
ജമ്മു കശ്മീർ ശരിക്കുമൊരു പറുദീസയായെന്ന് ഏഴ് കൊല്ലങ്ങൾക്കിപ്പുറം കടുത്ത മോദി ആരാധകർ പോലും അഭിപ്രായപ്പെടാനിടയില്ല. അടുത്തു വന്ന ചില പഠനങ്ങൾ അനുസരിച്ച് 2019-നേക്കാൾ മോശമായ അവസ്ഥയിലാണ് ജമ്മു കശ്മീരിന്റെ മൊത്തത്തിലുള്ള അവസ്ഥ. ഔദ്യോഗിക രേഖകകൾ പ്രകാരം ജമ്മു കശ്മീരിലെ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമാണ്. ദേശീയ ശരാശരിയേക്കാൾ ഉയർന്ന നിരക്കാണിത്. 15 വയസ്സിനും 29 വയസ്സിനുമിടയിലുള്ള വിദ്യാസമ്പന്നരായ യുവാക്കളിൽ 22 ശതമാനം തൊഴിൽരഹിതരാണ്. ഇതേ പ്രായത്തിലുള്ള വനിതകളിൽ തൊഴിലില്ലാതെ നിൽക്കുന്നവർ 46 ശതമാനത്തിനും 53 ശതമാനത്തിനുമിടയിൽ വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എംപ്ലോയ്മെന്റ് പോർട്ടലിൽ പേര് ചേർത്തിട്ടുള്ള 3.71 ലക്ഷം യുവാക്കളിൽ 31 ശതമാനവും ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരാണ്. 370-ാം വകുപ്പ് റദ്ദാവുന്നതോടെ ജമ്മു കശ്മീരിലേക്ക് നിക്ഷേപങ്ങളുടെ പ്രവാഹമായിരിക്കുമെന്നും തൊഴിലില്ലായ്മ ചരിത്രമായി മാറുമെന്നുമായിരുന്നു ബിജെപിയുടെ അവകാശവാദം.
2.86 ലക്ഷം കോടി രൂപയാണ് നിലവിൽ ജമ്മു കശ്മീരിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം. 2019-ൽ ഇത് 1.59 ലക്ഷം കോടി രൂപയായിരുന്നു. പക്ഷേ, പൊതുകടത്തിലുള്ള വർദ്ധന ഈ മുന്നേറ്റം നിർവ്വീര്യമാക്കുന്നണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. 2019-ൽ 83,573 കോടി രൂപയായിരുന്നു പൊതുകടം. നിലവിൽ ഇത് 1,37,607 കോടി രൂപയാണ്. ജിഡിപിയുടെ 67 ശതമാനമാണിത്. ഭൂനിയമങ്ങളിലും മറ്റുമുണ്ടായ മാറ്റങ്ങൾ ജമ്മു കശ്മീരിന് പുറത്തു നിന്നുള്ളവരെയാണ് തുണയ്ക്കുന്നതെന്നും പ്രാദേശിക തലത്തിലുള്ള വികസനത്തെ ഇത് തടസ്സപ്പെടുത്തുകയാണെന്നും വിമർശമുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള പ്രവേശനം 2019-ൽ 24.7 ശതമാനമായിരുന്നെങ്കിൽ 2023-24-ൽ അത് 21.2 ശതമാനമായി കുറഞ്ഞു.
യുഎപിഎ പ്രകാരം 2019-ൽ 255 കേസുകൾ എടുത്തിരുന്നെങ്കിൽ 2024-ൽ ഇത് 215 ആയി കുറഞ്ഞു. 2025-ലെ കണക്കുകൾ ഇതുവരെ കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടില്ല. കരുതൽ തടങ്കലിൽ എടുത്തവരുടെ എണ്ണം 2019-ൽ 404 ആയിരുന്നെങ്കിൽ 2024-ൽ 667 ആയി ഉയർന്നു. വിചാരണത്തടവുകാരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. 2019-ൽ ഇവരുടെ എണ്ണം 3075 ആയിരുന്നെങ്കിൽ 2024-ൽ 4593 ആയി വർദ്ധിച്ചു. ജമ്മു കശ്മീരിലെ സംഘർഷാവസ്ഥയിൽ അയവുണ്ടാവുന്നില്ലെന്നു തന്നെയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
സുപ്രീം കോടതി പറഞ്ഞത്
370-ാം വകുപ്പിന്റെ റദ്ദാക്കൽ ശരിവെച്ച സുപ്രീം കോടതി പക്ഷേ, കേന്ദ്ര സർക്കാരിനോട് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2023 ഓഗസ്റ്റിൽ ഇതുമായി ബന്ധപ്പെട്ട കേസിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സൊളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ട ഒരു കാര്യം ഇക്കാര്യത്തിൽ ഒരു സമയക്രമം നിശ്ചയിക്കാൻ കേന്ദ്ര സർക്കാരിനാവുമോ എന്നതായിരുന്നു.
സംസ്ഥാന പദവി എടുത്ത് കളഞ്ഞ് ജമ്മു കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കിയ നടപടി ശരിക്കുമൊരു മിന്നൽ പ്രഹരമായിരുന്നു. ജനാധിപത്യ ഇന്ത്യ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന മിന്നൽ പ്രഹരം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു നീക്കം. ഒരു സംസ്ഥാനം വിഭജിച്ച് പുതിയൊരു കേന്ദ്ര ഭരണ പ്രദേശത്തിന് രൂപം നൽകാൻ ഭരണഘടനയുടെ മൂന്നാം വകുപ്പ് അനുവദിക്കുന്നുണ്ടെങ്കിലും ഒരു സംസ്ഥാനം അതുവരെ അനുഭവിച്ചിരുന്ന സംസ്ഥാന പദവി ഇല്ലാതാക്കാൻ പാർലമെന്റിന് അധികാരമുണ്ടോ എന്നാണ് സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് എസ്.കെ. കൗൾ അത്ഭുതം കൂറിയത്.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞത് എക്കാലത്തേക്കുമുള്ള സംവിധാനമാവാൻ പറ്റില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. മൂന്ന് കൊല്ലം മുമ്പ് കേന്ദ്ര സർക്കാരിന്റെ സൊളിസിറ്റർ ജനറൽ തുഷാർ മേത്ത രാജ്യത്തെ പരമോന്നത കോടതിയോട് പറഞ്ഞത് അധികം വൈകാതെ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും എന്നായിരുന്നു. അന്ന് സുപ്രീം കോടതി ഈ വിഷയത്തിൽ സമയക്രമം നിശ്ചയിക്കാതിരുന്നതിനെ ദുഷ്യന്ത് ദവെയെപ്പോലുള്ള ഭരണഘടനാ വിദഗ്ദ്ധരായ അഭിഭാഷകർ വിമർശിച്ചിരുന്നു.
എന്തുകൊണ്ടാണ് 2023 ഓഗസ്റ്റിൽ സുപ്രീം കോടതി ഇക്കാര്യത്തിൽ സമയക്രമം നിശ്ചയിക്കാതിരുന്നതെന്ന് ഈ ലേഖകൻ ഒരഭിമുഖത്തിൽ ജസ്റ്റിസ് ചന്ദ്രചൂഡിനോട് ചോദിച്ചിരുന്നു. ''ഞങ്ങൾ കേന്ദ്ര സർക്കാരിനെ വിശ്വസിച്ചു'' എന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മറുപടി. ബാബറി മസ്ജിദ് തകർക്കില്ലെന്ന് യുപിയിലെ കല്ല്യാൺസിങ് സർക്കാർ നൽകിയ സത്യവാങ്മൂലം പാലിക്കപ്പെടാതിരുന്നത് സുപ്രീം കോടതി ചിലപ്പോൾ ഓർത്തിരിക്കില്ല.
നിറവേറാതെ വാഗ്ദാനങ്ങൾ
ഇക്കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ പലപ്പോഴും പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ജമ്മു-കശ്മീരിന് സംസ്ഥാന പദവി തിരിച്ചുനൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. രണ്ട് വർഷം മുമ്പ് ജമ്മു കശ്മീരിലെ കത്രയിൽ തിരഞ്ഞെടുപ്പ് റാലിയിൽ മോദി ഈ വാഗ്ദാനം ആവർത്തിച്ചു. ഇത് വെറും വാഗ്ദാനമല്ലെന്നും മോദിയുടെ ഉറപ്പാണെന്നുമാണ് മോദി ജനങ്ങളോട് പറഞ്ഞത്. നിയമസഭാ മണ്ഡലപുനർനിർണ്ണയവും തിരഞ്ഞെടുപ്പും കഴിഞ്ഞാൽ സംസ്ഥാന പദവി തിരിച്ചുകൊടുക്കുമെന്നും വാഗ്ദാനമുണ്ടായി. 2022-ൽ പുനർനിർണ്ണയവും 24-ൽ നിയമസഭാ തിരഞ്ഞെടുപ്പും നടന്നു. പക്ഷേ, ഒരു വാഗ്ദാനവും പാലിക്കപ്പെട്ടില്ല.
ജമ്മു കശ്മീരിൽ ബിജെപിക്ക് അധികാരം കിട്ടാതെ പോയതാണോ കേന്ദ്ര സർക്കാരിന്റെ നിലപാടിന് പിന്നിൽ എന്ന് സംശയിക്കുന്നവരുണ്ട്. ജമ്മു കശ്മീരിൽ ബിജെപിക്കൊരു മുഖ്യമന്ത്രി ഉണ്ടാവണമെങ്കിൽ നൂറുകൊല്ലം പോരാതെ വരുമെന്നാണ് ജമ്മു കശ്മീരിനെ ആഴത്തിൽ പഠിച്ചിട്ടുള്ള സാമൂഹ്യ ശാസ്ത്രജ്ഞ രാധാകുമാർ പറയുന്നത്. 2015-ൽ പിഡിപിയുമായി ഉണ്ടാക്കിയ സഖ്യം ബിജെപിക്ക് അധികാര പങ്കാളിത്തം ലഭ്യമാക്കിയിരുന്നു. 2014-ലെ തിരഞ്ഞടുപ്പിൽ ആർക്കും ഭൂരിപക്ഷം കിട്ടാതിരുന്ന സാഹചര്യം മുതലെടുത്താണ് പിഡിപിയുമായി ബിജെപി സഖ്യത്തിലേർപ്പെട്ടത്.
പ്രത്യയശാസ്ത്രപരമായി രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള സഖ്യം അധികകാലം നിലനിൽക്കില്ലെന്ന് അന്നുതന്നെ രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു. അതുപോലെ തന്നെ 2018-ൽ സഖ്യം തകർന്നു. പിഡിപിയുടെയും ബിജെപിയുടെയും വിശ്വാസ്യത തകർന്നു എന്നതായിരുന്നു ഈ ഹ്രസ്വകാല സഖ്യത്തിന്റെ അനന്തര ഫലങ്ങളിൽ ഒന്ന്. ഈ തിരിച്ചടിയിൽനിന്നു രക്ഷപ്പെടാനാണ് 2022-ൽ നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണ്ണയത്തിലൂടെ ബിജെപി ശ്രമിച്ചതെന്ന് കരുതുന്നവരുണ്ട്. എന്തായാലും രാധാകുമാർ ചൂണ്ടിക്കാട്ടിയതുപോലെ ജമ്മു കശ്മീരിൽ ഒരു ബിജെപി മുഖ്യമന്ത്രിയുണ്ടാവുക എന്നത് സമീപകാലത്തെങ്ങാൻ യാഥാർത്ഥ്യമാവാനുള്ള സാദ്ധ്യത വിരളമാണ്.
പേരിനൊരു സർക്കാർ
തങ്ങൾക്കില്ലെങ്കിൽ വേറെ ആർക്കും വേണ്ടെന്ന നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് ബിജെപി തിരിച്ചറിയുക തന്നെ വേണം. നിലവിൽ തന്റെ അവസ്ഥ അത്യന്തം പരിതാപകരമാണെന്നാണ് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറയുന്നത്. ഒരു പ്രധാന ഉദ്യോസ്ഥനേയും നിശ്ചയിക്കുന്നതിനുള്ള അധികാരം ഇപ്പോൾ ജമ്മു കശ്മീർ മുഖ്യമന്ത്രിക്കില്ല. ധന, ഊർജ്ജ, ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി ഒമർ അബ്ദുള്ളയാണ്. പക്ഷേ, ഈ വകുപ്പുകളിൽ സെക്രട്ടിമാരെ നിയമിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കില്ല. ആഭ്യന്തര വകുപ്പിൽ സെക്രട്ടറിയെ നിശ്ചയിക്കാനുള്ള അധികാരമില്ലെങ്കിൽ അമിത് ഷാ എങ്ങിനെയാണ് പ്രവർത്തിക്കുകയെന്ന് ഒമർ അബ്ദുള്ള ചോദിക്കുന്നു.
ജമ്മു കശ്മീരിന്റെ നന്മയും പുരോഗതിയുമാണ് ബിജെപിയുടെ ലക്ഷ്യമെങ്കിൽ സംസ്ഥാന പദവി എത്രയും പെട്ടെന്ന് തിരിച്ചു നൽകാനാണ് മോദി ഭരണകൂടം തയ്യാറാവേണ്ടത്. ഇന്ത്യയുടെ ഫെഡറൽ ഘടനയ്ക്കേറ്റ കനത്ത പ്രഹരമായിരുന്നു ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കൽ. ഇതൊരു കീഴ്വഴക്കമായാൽ രാജ്യത്തെവിടെയും ഇതുപോലെ അസ്ഥിരതയുണ്ടാക്കാൻ കേന്ദ്ര സർക്കാരിന് കഴിയും. ഏത് സംസ്ഥാനത്തിനും ഭാവിയിൽ സംസ്ഥാന പദവി നഷ്ടപ്പെടാം. അതിർത്തി സംസ്ഥാനമാണ് അതുകൊണ്ടു തന്നെ ജമ്മു കശ്മീരിന്റെ കാര്യത്തിൽ പ്രത്യേക സമീപനമാണ് വേണ്ടതെന്ന് കേന്ദ്ര സർക്കാർ വാദിച്ചപ്പോൾ പഞ്ചാബും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും അതിർത്തി പങ്കിടുന്നില്ലേ എന്നും അവിടെയൊക്കെ ഇതേ സമീപനമാണോ എന്നും സുപ്രീം കോടതി ചോദിച്ചിരുന്നു.
കുനിയുന്ന ശിരസ്സ്
ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഒരു ഭരണകൂടത്തിനും ആത്യന്തികമായി സമാധാനം കൊണ്ടുവരാനാവില്ല. ജമ്മു കശ്മീരിലെ ഭീകര പ്രവർത്തനത്തിന്റെ ഉറവിടം പാക്കിസ്താൻ ആണെന്ന് മോദി ഭരണകൂടം തന്നെ പല വട്ടം വ്യക്തമാക്കിയിട്ടുണ്ട്. പാക്കിസ്താനിൽ നിന്നുള്ള വേരുകൾ ഇല്ലാതാക്കാൻ കഴിയുന്നില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വം മോദി സർക്കാർ തന്നെയാണ് ഏറ്റെടുക്കേണ്ടത്്. വാസ്തവത്തിൽ കഴിഞ്ഞ വർഷം ആദ്യം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തോട് കാശ്മീർ ജനത പ്രതികരിച്ചത് അത്യധികം ജനാധിപത്യപരമായിട്ടായിരുന്നു. ഭീകരതയ്ക്കെതിരെ ഒന്നിച്ച് കൈകോർക്കുന്ന ജനതയെയാണ് അന്ന് കാശ്മീർ താഴ്വരയിൽ കണ്ടത്. ആ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നതിന് മോദി സർക്കാരിന് ചെയ്യാവുന്ന ഏറ്റവും മികച്ച നടപടി ആവുമായിരുന്നു സംസ്ഥാന പദവിയുടെ പുനഃസ്ഥാപനം. അതുണ്ടായില്ല.
പ്രശ്നം അധികാരത്തിന്റേതാണ്. ഇര ജനാധിപത്യവും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലുണ്ടായ വലിയൊരു ജനാധിപത്യ നിഷേധം തിരുത്താൻ ബിജെപി സർക്കാർ ഇനിയും അമാന്തിക്കരുത്. ഏഴ് വർഷമായി സംസ്ഥാന പദവി നഷ്ടപ്പെട്ട ഒരു ദേശത്തിന്റെ വിലാപം പാർലമെന്റിന് മേലും മോദി സർക്കാരിന് മേലും തീർക്കുന്ന കരിനിഴൽ കാണാതിരിക്കാൻ ജനാധിപത്യ വിശ്വാസികൾക്കാവില്ല. ഇന്ത്യ സ്വതന്ത്രയായിട്ട് എൺപത് വർഷം തികയുകയാണ്. സ്വയം നിർണ്ണയത്തിനുള്ള ഭാഗധേയമാണ് 1947 ഓഗസ്റ്റ് 15-ന് ഇന്ത്യൻ ജനത നേടിയെടുത്തത്.
അർദ്ധരാത്രിയിൽ നേടിയ ആ സ്വാതന്ത്ര്യത്തിന് അതിരുകൾ തീർക്കുകയല്ല അതിനെ അനുദിനം വികസ്വരമാക്കുകയാണ് ഭരണകൂടങ്ങൾ ചെയ്യേണ്ടത്. തങ്ങൾ തിരഞ്ഞെടുക്കുന്ന സർക്കാരിന്റെ അധികാരങ്ങൾ കവർന്നെടുക്കപ്പെടുന്നത് ഒരു ജനതയ്ക്കും അംഗീകരിക്കാനാവില്ല. ജമ്മു കശ്മീർ കേന്ദ്ര ഭരണപ്രദേശമായി തുടരുന്ന ഓരോ നിമിഷവും ഇന്ത്യൻ ജനാധിപത്യത്തിന്റെ ശിരസ്സ് കുനിഞ്ഞുകൊണ്ടേയിരിക്കും.
വഴിയിൽ കേട്ടത്: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപനത്തിനിടയിൽ സോണിയ ഗാന്ധി കൈ ഉയർത്തിയത് ആലാപനം അവസാനിപ്പിക്കാൻ ആയിരുന്നില്ലെന്നും പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് കസേര ലഭ്യമാക്കാനായിരുന്നുവെന്നും പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേഷ്. ഇങ്ങനെയുള്ള വ്യാഖ്യാന കേസരികൾ ഉള്ളപ്പോൾ കോൺഗ്രസിന് ആസ്ഥാന കോമാളികളുടെ ആവശ്യമില്ല!
Content Highlights: Jammu and Kashmir has been stripped of its statehood for seven years, resulting in a severe democratic deficit., Economic promises following the abrogation of Article 370, including job creation and GDP growth, have largely fallen short while public debt surged., Chief Minister Omar Abdullah lacks even basic administrative powers, highlighting the toothless nature of the current UT government., The Supreme Court urged the restoration of statehood, yet the central government continues to delay fulfilling its promises.
Published: 22 Aug 2026, 01:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented