എൻ്റെ വിഷാദകാലങ്ങളെ ഞാൻ താണ്ടിയത് റാമിൻ്റെ സ്നേഹം കൊണ്ടായിരുന്നു. അല്ലെങ്കിൽ അയാളോടുള്ള എൻ്റെ സ്നേഹംകൊണ്ടായിരുന്നു. ആ സ്നേഹത്തെ പിൻപറ്റിയല്ലാതെ എനിക്ക് നിലനിൽക്കാൻ കഴിയാത്ത വിധം ഞാനയാളിൽ വീണുകിടന്നിരുന്നു. സ്നേഹം എന്നത് എന്നെ അത്രമേൽ ദുർബലയാക്കിയിരുന്നു. റാമിനുവേണ്ടി  വേണ്ടി ഞാനെന്നെത്തന്നെ അയാളുടെ  ഇഷ്ടാനിഷ്ടങ്ങൾക്ക്  ഉതകും വിധം മാറ്റിക്കൊണ്ടിരുന്നു. അയാളില്ലാത്തൊരു നിമിഷം പോലും എനിക്ക് അതിജീവിക്കാൻ പറ്റാതെയായി. സ്വാർത്ഥതയോടെ റാമെന്നെ ചേർത്തു പിടിക്കുന്നതിൽ ഞാൻ അഹങ്കരിച്ചു. ഞങ്ങൾ ഒരുപാട് യാത്രകൾ ചെയ്തു കഥകളും കവിതകളും സിനിമയുമൊക്കെ ഞങ്ങളുടെ സംസാര വിഷയങ്ങളായി. കടൽ കാണാൻ എനിക്ക് ഇഷ്ടമായിരുന്നു പക്ഷെ കടലിൽ ഇറങ്ങാൻ എനിക്ക് ഭയമായിരുന്നു നിലതെറ്റി ഞാൻ അതിനുള്ളിലേയ്ക്ക് വീണു പോകുമോ എന്നായിരുന്നു എൻ്റെ പേടി. പക്ഷെ റാം  എൻ്റെ കൈകളിൽ  പിടിച്ച് എന്നെ  കടലിലിറക്കി. ആദ്യമായെൻ്റെ കാലുകളിൽ തിരമാല ആഞ്ഞടിച്ചപ്പോൾ ഭയന്ന്  നില തെറ്റിപ്പോയ എന്നെ ഇരു കൈകൾകൊണ്ടും ചേർത്തുപിടിച്ചുകൊണ്ട് “നിന്നെ ഞാൻ എവിടെയും വീഴാൻ അനുവദിക്കില്ലെന്നെൻ്റെ കാതിൽ പറഞ്ഞു”. ആ നിമിഷം ഒരു കടൽക്കുതിരയെപ്പോലെ എൻ്റെ മനസ്സ് പാഞ്ഞു. ആയിരം നക്ഷത്ര മത്സ്യങ്ങൾക്കിടയിലൂടെ കടലിൻ്റെ അടിത്തട്ടിൽ ഞാൻ നീന്തിനടന്നു. പണ്ട് വായിച്ച കഥകളിലെ  കടൽക്കൊട്ടാരങ്ങൾ എനിക്കുമുന്നിൽ തുറന്നു.  മത്സ്യ ദേവതകളും കിനാവള്ളികളുമെല്ലാം എനിക്കൊപ്പം നൃത്തം ചെയ്തു. കുറച്ചകലെയുള്ള പവിഴ ദ്വീപുകളിൽ അവർ എനിക്കായ് വിരുന്നൊരുക്കി. പളുങ്ക് മുത്തുകൾകൊണ്ട് അവർ എനിക്ക് ആഭരണങ്ങൾ സമ്മാനിച്ചു. സ്വർണ വാലുകളുള്ള മത്സ്യക്കുഞ്ഞുങ്ങൾ കടലിലെ നിഗൂഢമായ നിധി പേടകങ്ങൾ എനിക്ക് മാത്രമായി കാട്ടിത്തന്നു.  “ഹോ എൻ്റെ ദൈവമേ ഞാൻ സ്വപ്നം കാണുകയാണോ? എൻ്റെ  കാലുകളിൽ വന്നു തട്ടുന്ന തിരമാലകളുടെ തണുത്ത സ്പർശനം അനുഭവിച്ചുകൊണ്ട് റാമിൻ്റെ കൈകളിൽ മുറുക്കെ പിടിച്ചു സ്വപ്നത്തിലോ യാഥാർഥ്യത്തിലോ  എന്നറിയാനാവാത്ത വിധം ഞാൻ കണ്ണുകളടച്ചു ലഹരിപൂണ്ടു മണിക്കൂറുകളോളം  നിന്നു. കടൽ എന്ന എൻ്റെ ഭയം ആനന്ദമായി പരിണമിച്ചുകൊണ്ടിക്കുകയായിരുന്നു . എൻ്റെ ഉള്ളിലെ സ്വപ്നാടക എൻ്റെ ശരീരത്തെ ഭേദിച്ചുകൊണ്ട് ആ കടലിനു മുകളിലും അടിത്തട്ടിലുമായി ഒഴുകിനടന്നു.  ഞാൻ എത്ര ഭാഗ്യവതിയാണെന്നെനിക്കുതോന്നി. 

To advertise here,

“വാ നമുക്ക് പോയാലോ?”റാം  ചോദിച്ചു 

“കുറച്ചു കഴിയട്ടെ” ഞാൻ പറഞ്ഞു 

ഞങ്ങൾ തിരമാലകളിൽ നിന്ന് കുറച്ചു മാറി തീരത്ത് തന്നെയിരുന്നു. എൻ്റെ കാൽവിരലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കടൽ മണ്ണ് മുണ്ടിൻ്റെ തുമ്പുകൊണ്ട് റാം തുടച്ചു മാറ്റുമ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. എനിക്ക് കുട്ടിയമ്മയെ ഓർമവന്നു പണ്ട് സ്കൂളിൽ നിന്ന് നടന്ന് അവശയായി വരുമ്പോൾ കുട്ടിയമ്മ ഇതുപോലെ അവരുടെ മുണ്ടിൻ്റെ കോന്തലകൊണ്ട് എൻ്റെ ഇരു കാലുകളിലെ മണ്ണും പൊടിയും തുടയ്ക്കുന്നത് ഓർമവന്നു. അതീവ സ്നേഹത്തോടെ ഞാൻ റാമിനെ കെട്ടിപ്പിടിച്ചു.  കുട്ടികളെപ്പോലെ റാം കൊഞ്ചിക്കുമ്പോൾ എനിക്ക് നഷ്ടപ്പെട്ട കുട്ടിയമ്മയുടെ സ്നേഹം എനിക്കനുഭവപ്പെടുകയായിരുന്നു. സത്യത്തിൽ എല്ലാ മനുഷ്യരിലും ഞാൻ തേടിക്കൊണ്ടിരുന്നത് കുട്ടിയമ്മയുടെ സ്നേഹം തന്നെയായിരുന്നു. അവരോടൊപ്പമെത്താൻ ആർക്കും കഴിഞ്ഞിട്ടില്ലായിരുന്നെങ്കിലും അതിൻ്റെ കുറഞ്ഞ അളവിലെങ്കിലും കിട്ടിയാൽ ഞാൻ ആ സ്നേഹത്തിൽ വീണുപോകുമായിരുന്നു. 

ആദ്യമായെൻ്റെ നെറ്റിയിൽ വലിയ വട്ടപ്പൊട്ട് തൊടുവിച്ചത് റാമായിരുന്നു. ”നിൻ്റെ പുരികങ്ങൾക്കിടയിൽ ഞാനെന്നെ മറന്നുവയ്ക്കുന്നു” എന്നയാൾ ഒരിക്കലെന്നോട് പറഞ്ഞു പല രാത്രികളിലും എൻ്റെ ജനൽ തുറന്നിട്ടിരുന്നുകൊണ്ട്  ഞാൻ  കവിതകളെഴുതുമായിരുന്നു. മുറ്റത്ത് പടർന്നു കിടക്കുന്ന വലിയ ഇലഞ്ഞി മരത്തെയും നിലാവ് വീണുകിടക്കുന്ന അതിൻ്റെ ചില്ലകളെയും  കാറ്റത്ത് ഇളകിയാടുന്ന ഇലകളെയും നോക്കി അയാളെക്കുറിച്ചുള്ള ഓർമകളുടെ ആകാശത്തേയ്ക്ക് ഞാനൊരൂഞ്ഞാലിട്ടിരുന്നു. ഇലഞ്ഞിപ്പൂക്കൾ മണക്കുന്ന ആ രാത്രിയിൽ ഞങ്ങൾ മാത്രമുള്ള ആകാശത്തിൻ്റെ ആ  ഒറ്റമുറിയിൽ ഒരു നദിയായി ഞാനൊഴുകി . പ്രണയത്തിൻ്റെ ആകാശവള്ളികൾ ഞങ്ങളെ ചുറ്റി വരിഞ്ഞു.  ഭൂമിയാകെ ഞങ്ങളുടെ സ്വപ്നക്കുമിളകൾ നീല നിറത്തിൽ പറന്നു നടന്നു. അയാളെൻ്റെ കറുത്ത നീണ്ട വിരലുകളെ ചുംബിക്കുമ്പോൾ ഞങ്ങളറിയാതെ പോയ ജന്മങ്ങളെല്ലാം പേരറിയാത്ത പൂക്കളായി എൻ്റെ കവിളുകളിൽ വന്നു തൊട്ടു. “അവൻ്റെ പ്രണയത്തിൻ്റെ  കാട്ടുമരുതുകൾക്കിടയിൽ ഉന്മാദിനിയായി മേയുന്ന കസ്തൂരി മൃഗമാണ് ഞാൻ” എന്നൊക്കെ ഞാനെൻ്റെ ഡയറിയിൽ എഴുതിവെച്ചു. പ്രണയത്തിൽ ഞാനത്രയും ഉന്മാദിനിയായിരുന്നു. കാട്ടുകടന്നൽക്കൂടിളകിയ പോലെ പ്രണയത്തിൽ ഞാനുഴറി. ഒരേ സമയം അതീവ ശാന്തരൂപിയും അത്രയും തന്നെ അപകടകാരിയുമായ ഒരു പ്രണയ സത്വമാണ് ഞാനെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാനതിൽ വീണുപോയാൽ ഉയർത്തെഴുന്നേൽക്കാനാവാത്ത വിധം  ആണ്ടുപോകും. റാമിൻ്റെ സ്നേഹത്തിലും അതുതന്നെയായിരുന്നു സംഭവിച്ചത്. സ്നേഹത്തിനു വേണ്ടി  ഉഴറിയെത്തുന്ന പൂച്ചക്കുഞ്ഞിനെപോലെ ആ വാക്കിൻ്റെ ചൂടുപറ്റി ഞാൻ കിടക്കുമായിരുന്നു. 

ഞാനൊരു സ്വപ്നാടകയെ പോലെ അലഞ്ഞു നടന്നു. നിറയെ കവിതകളെഴുതി. ഞങ്ങളുടെ ചെറിയ പിണക്കങ്ങളിൽ പോലും മരണ വേദനയോടെ ഞാൻ കരഞ്ഞു. എന്നെ മനസ്സിലാകുന്നേയില്ലെന്നു അയാൾ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നെങ്കിലും തൊട്ടടുത്ത നിമിഷം അതിനേക്കാൾ ശക്തമായ സ്നേഹത്തോടെ റാമെന്നെ പൊതിഞ്ഞു. ഓരോ മുറിവുകളിൽ നിന്നിറ്റു വീഴുന്ന ചോര  കഴുകി തുടച്ചു അയാളിലേയ്ക്ക് തന്നെ ഞാൻ  ചെന്നടിഞ്ഞു.

ഒറ്റയ്ക്കുള്ള ബസ്സ് യാത്ര എനിക്ക് സാധ്യമായിരുന്നില്ല. ബസ്സിൽ കയറുന്നതും ഇറങ്ങുന്നതും എന്നെ വല്ലാതെ ഭയപ്പെടുത്തി. മാത്രമല്ല അതിനു മറ്റൊരു കാരണം  കൂടി ഉണ്ടായിരുന്നു. കൈ കാലുകൾ നഷ്ട്ടപ്പെട്ട് കൃത്രിമ ഉപകരണങ്ങൾ വാങ്ങാൻ വരുന്ന  പലർക്കും അവരുടെ അവയവങ്ങൾ നഷ്ട്ടപ്പെട്ടത് വാഹനാപകടങ്ങൾ കാരണമായിരുന്നു  പലരുടെയും അനുഭവങ്ങൾ കേട്ടപ്പോൾ കുട്ടിക്കാലത്ത് എൻ്റെ  ഉള്ളിൽ കയറിയ പേടിയും എന്നെ വേട്ടയാടിയിരുന്നു. കാലുകൾക്ക് മുകളിലൂടെ ബസ്സ് കയറിയിറങ്ങുന്നത് സ്വപ്നം കണ്ട് ഞാൻ ഞെട്ടി ഉണർന്നിട്ടുണ്ട്. മുൻകാലുകൾ ഉയർത്തി ബസ്സിൻ്റെ  പടിയിൽ ചവിട്ടുന്നതിനിടയിൽ കാലൊന്നിടറിയാൽ ഞാൻ നിലംപതിക്കുമെന്ന ആധിയായിരുന്നു എനിക്ക്. എൻ്റെ ബസ്സ് യാത്രകളൊക്കെ വീട്ടുകാരോടോ  കൂട്ടുകാരോടോ  ഒപ്പമായിരുന്നു. റാമുമായുള്ള സൗഹൃദവും പ്രണയവുമാണ് എൻ്റെ ആ  ഭയത്തെയും  ഇല്ലാതാക്കിയത്. ആദ്യമൊക്കെ എന്നെ കൈകളിൽ താങ്ങിയും പിന്നീട് ഒറ്റയ്ക്ക് കയറാനും ഇറങ്ങാനും എന്നെ പ്രാപ്തയാക്കിയത് റാമായിരുന്നു. എനിക്കത് വലിയൊരു നേട്ടമായിരുന്നു. അതിൽ ഞാൻ മതിമറന്ന് ആനന്ദിച്ചു. സാധാരണ മനുഷ്യർക്ക് പ്രസക്തമല്ലാത്ത പല കാര്യങ്ങളും ഒരു ഭിന്നശേഷി സമൂഹത്തിന് അവരുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്ന തരം വമ്പൻ നേട്ടങ്ങളാണെന്നു പറഞ്ഞാൽ എത്രപേർക്ക് മനസ്സിലാകും എന്നറിയില്ല. തനിച്ചു ബസ്സിൽ കയറാൻ കഴിഞ്ഞ ആ ദിവസത്തെ ഞാൻ അടയാളപ്പെടുത്തുന്നത്, ആർക്കും  എത്തിപ്പെടാൻ  ആവാത്ത ഒരു ഗ്രഹത്തെ ഒറ്റയ്ക്ക് കീഴടക്കിയ ഒരു  അനുഭൂതിയോടെയായിരുന്നു. ആ ഒരു നിമിഷത്തെ ദിവസങ്ങളോളം ഞാൻ താലോലിച്ചുകൊണ്ടിരുന്നു.

ബസ്സ് യാത്ര എനിക്ക് ഹരമായിരുന്നു ഞാൻ ഏറ്റവും  കൂടുതൽസ്വപ്നം കാണുന്നതും കവിതകളെഴുതിയതും ബസ് യാത്രയ്ക്കിടയിൽ ആയിരുന്നു. റാമിൻ്റെ കൈ വിരലുകൾ കോർത്തുപിടിച്ചുകൊണ്ട് ബസ്സിലിരിക്കുമ്പോൾ  ഞങ്ങൾക്കൊപ്പം യാത്ര ചെയ്തിരുന്ന ഒരു പറ്റം  വെള്ളി  മേഘങ്ങളെ നോക്കി പൂന്തോട്ടങ്ങളേയും, കുതിരകളേയും, മഞ്ഞുമലകളേയും, ആട്ടിൻ പറ്റങ്ങളെയും  , അരണമരങ്ങളെയും   ഞങ്ങൾ പരസ്‌പരം ചൂണ്ടി കാണിക്കുമായിരുന്നു. ആ സമയത്ത് പണ്ട് ഞാൻ കുട്ടിയായിരുന്നപ്പോൾ  ആകാശം  നോക്കിയിരിക്കുന്ന കഥ ഞാൻ റാമിനോട് പറഞ്ഞു.

“കിഴക്കേ മുറ്റത്തെ ഊഞ്ഞാലാലിനു താഴെയായി പടർന്നു കിടക്കുന്ന കറുകപ്പുല്ലുകൾക്ക് മുകളിൽ ഞാൻ ആകാശം നോക്കികിടക്കുമായിരുന്നു. അപ്പോൾ തലേന്ന് പഠിച്ച പാഠത്തിലെ ആൽബെർട് ഐൻസ്റ്റീൻ ൻ്റെ ചുരുണ്ടവെള്ളി മുടിയും മുഖവുമുള്ള  രൂപം മേഘങ്ങൾക്കിടയിലൂടെ നീങ്ങുന്നത് ഞാൻ കണ്ടു. കുറച്ചു നീങ്ങിയപ്പോൾ ആ മേഘക്കെട്ടുകളുടെ രൂപം മാറി അത് ചെങ്കുത്തായമലഞ്ചരിവുകളായി പിന്നെ ചിലങ്ക കെട്ടിയ ഒരു നർത്തകിയുടെ രൂപത്തിൽ ആ മേഘക്കൂട്ടങ്ങൾ  എൻ്റെകണ്മുന്നിൽ നിന്ന് മറഞ്ഞു”   

“റാം നിനക്കറിയോ എൻ്റെ കണ്ണുകളിൽ ഒരാകാശവും ഒരു കടലും  ഒരു കായലും പിന്നെ എൻ്റെ രഹസ്യങ്ങളെ ഒളിപ്പിക്കാൻ ഒരു കുള്ളഗ്രഹവും എനിക്ക്  സ്വന്തമായുണ്ട്” ഞാൻ പറഞ്ഞു 
          
അതുകേട്ട് റാം ഉറക്കെ ചിരിച്ചുകൊണ്ട് എൻ്റെ കവിളിൽ തലോടി  പറഞ്ഞു 

“നീ എന്നാണ് കുഞ്ഞേ  ഈ ഭൂമിയിൽ ജീവിക്കാൻ പാകമാകുന്നത്” 

അതുകേട്ട് പുഞ്ചിരിച്ചുകൊണ്ട് എനിക്കേറ്റവും ഇഷ്ടമുള്ള ഇളം  പിങ്ക് നഖങ്ങളും നനുത്ത രോമങ്ങളുമുള്ള റാമിൻ്റെ കൈവിരലുകളെ ഞാൻ  ചുംബിച്ചു    

റാമിൻ്റെ ബാല്യത്തെക്കുറിച്ചു ഞാൻ ചോദിച്ചുകൊണ്ടേയിരിക്കുമായിരുന്നു. അയാൾ ഏറ്റവും കൂടുതൽ  വാചാലനാവുന്നത് ബാല്യത്തെക്കുറിച്ചു പറയുമ്പോഴായിരുന്നു. റാമിൻ്റെ ബാല്യത്തിലൂടെ കണ്ണുകളടച്ചു ഞാനും യാത്ര ചെയ്യുമായിരുന്നു. അവരുടെ വീടിൻ്റെ പടിഞ്ഞാറുവശത്തെ കൂറ്റൻ പറങ്കിമാവും അതിൽ കൂട്ടുകാരുമൊത്ത് അണ്ണാൻ കുഞ്ഞുങ്ങളെപ്പോലെ ചാടി നടക്കുന്നതും. ആമക്കുരു (റബ്ബർ പത്തലിൻ്റെ കായ) വെയിലത്തു വച്ച് ചൂടാക്കി കടലാസു കത്തിക്കുന്നതും  തെക്കേ പറമ്പിലെ റാമിൻ്റെ അച്ഛൻ്റെ കൃഷിയിടത്തിൽ നിന്നും വിളഞ്ഞു പൊട്ടാറായ വെള്ളരികൾ പറിച്ചു പങ്കിട്ടു തിന്നുന്നതും. അടുത്തുള്ള കുളത്തിൽ നിന്നും വരാലിനെ ചൂണ്ടയിട്ട് പിടിക്കുന്നതും  പെങ്ങമ്മാരുടെ പൊട്ടിയ കുപ്പിവളകൾ മണ്ണെണ്ണ വിളക്കിൽ കാണിച്ചു ചേർത്തൊട്ടിക്കാൻ നോക്കുന്നതുമെല്ലാം പറയുമ്പോൾ റാമിൻ്റെ മുഖത്തെ ഞരമ്പുകളിലൂടെ വിഷാദവും ആനന്ദവും ഇടകലർന്നൊഴുകുമായിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് നഷ്ടമായ ബാല്യകാലത്തെ റാമിൻ്റെ വാക്കുകളിലൂടെ ഞാൻ അനുഭവിച്ചുകൊണ്ടിരുന്നു.

ഒരുപാട്  ഇഷ്ടമായിരുന്നെങ്കിലും ഞാൻ ഭയപ്പെട്ടിരുന്ന രണ്ടു കാര്യങ്ങളായിരുന്നു കടലും ബസ്സ് യാത്രയും. ഞാൻ മാറിനിന്നുമാത്രം  നോക്കി ആസ്വദിക്കുകയായിരുന്നു അത്രയും കാലം. എൻ്റെ ഉള്ളിലെ ഭയത്തെ സ്നേഹം കൊണ്ട്  ഇല്ലാതാക്കി എന്ന് മാത്രമല്ല അത് എൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം തരുന്ന കാരണങ്ങളാക്കി മാറ്റാൻ റാമിന് കഴിഞ്ഞിരുന്നു. എൻ്റെ പ്രണയം എനിക്ക് കിട്ടിയ പരിഗണനയുടെയും കാരുണ്യത്തിൻ്റെയും സ്നഹേഹത്തിൻ്റെയും പ്രതിഫലനമായിരുന്നു. അതിലെൻ്റെ ഉന്മാദാവസ്ഥയും വന്യമായ സങ്കൽപ്പങ്ങളും  കൂടി ചേരുന്നതുകൊണ്ടാണ് എനിക്കുപോലും പിടിതരാത്ത വിധത്തിൽ അതെന്നിൽ കിടന്ന് തിളച്ചു മറിയുന്നത് എന്ന് ഇടയ്ക്കൊക്കെ  ഞാൻ തിരിച്ചറിയാറുണ്ട് .

അപ്പോഴും വിവാഹമെന്ന   വാക്കിനെ ഞാൻ ഭയപ്പെട്ടിരുന്നു. കുട്ടിക്കാലത്ത് അച്ഛൻ്റെയും അമ്മയുടെയും ഇടയിലെ വഴക്കുകളും സംഘർഷങ്ങളും എന്നെ വിവാഹമെന്ന ഒരു ചിന്തയിൽനിന്ന് അകറ്റിയിരുന്നു. അത്രമാത്രം അരക്ഷിതത്വവും പേടിയുമായിരുന്നു എനിക്ക് ആ വാക്കിനോട്. എൻ്റെ ജീവിതത്തിൽ ഇങ്ങനെ ഒരു പങ്കാളി ഉണ്ടാകില്ല എന്ന തീരുമാനം വളരെ മുൻപേ എടുത്ത ഒന്നായിരുന്നു. അവരുടെ സംഘർഷം നിറഞ്ഞ  ജീവിതം സമ്മാനിച്ച ഭയവും വിഷാദവും ഇപ്പോഴും എന്നിൽനിന്ന് പോയിട്ടില്ല. ആ ഓർമ്മകൾ   ഇടയ്ക്കിടെ പായൽപ്പോളകൾ പോലെ എന്നിൽ വീർത്തുപൊന്തി   നിന്നു. 

ഒരു ദിവസം റാമെനിക്ക് ഒരു പുസ്തകം സമ്മാനിച്ചു. കവിയും വിവർത്തകനുമായ വേണു വി ദേശം പരിഭാഷപ്പെടുത്തിയ “ലല്ലേശ്വരി കവിതകൾ” ആയിരുന്നു അത്. കാശ്മീരി കവിയത്രിയായ ലല്ലേശ്വരിയെ  വായിച്ചപ്പോൾ ഒരേസമയം സന്തോഷവും സങ്കടവും എന്നിൽ നിറഞ്ഞു. പന്ത്രണ്ടാം വയസ്സിൽ വിവാഹിതയായ അവർ ഭർതൃവീട്ടിലെ യാതനകൾ സഹിക്കാനാകാതെ ഇരുപത്തി നാലാമത്തെ ദിവസം വീട്ടിവിട്ടിറങ്ങി അവധൂതയായി ആത്മീയ വഴിയിൽ ജീവിച്ച അവരുടെ ജീവിതവും തത്വചിന്തകളും എന്നെ ഏറെ ആകർഷിച്ചു. അവരുടെ കവിതകൾ ഞാൻ പലയാവർത്തി വായിച്ചു. അവരെക്കുറിച്ച് കൂടുതൽ അറിയാൻവേണ്ടിയായിരുന്നു പുസ്തകത്തിൻ്റെ  പരിഭാഷകനായ വേണു മാഷിനെ ഞാൻ വിളിക്കുന്നതും പരിചയപ്പെടുന്നതും. അത് അതി ഗംഭീരമായ ഒരു സൗഹൃദത്തിൻ്റെ തുടക്കമായിരുന്നു.

ഞാനും റാമും ഒരു ദിവസം മാഷിനെ കാണാനായി അദ്ദേഹത്തിൻറെ നാടായ ദേശത്തേയ്ക്ക് പോയിരുന്നു. ഞങ്ങൾ വരുന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ ഞങ്ങളെ കാത്ത് അദ്ദേഹം ബസ്റ്റോപ്പിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. അതിരറ്റ സ്നേഹത്തോടെ മാഷ് ഞങ്ങളെ ചേർത്തു പിടിച്ചു. പുസ്തകങ്ങളെയും കവിതകളെയും നോവലുകളെയും പറ്റി  ഒരുപാട് സംസാരിച്ചു    പാശ്ചാത്യ സാഹിത്യത്തെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ  അഗാധമായ അറിവിന് മുന്നിൽ ഞാൻ അത്ഭുതപ്പെട്ടു നിന്നു. ദസ്തയോവ്സ്കിയുടെ പല കൃതികളും മാഷിന് കാണാപ്പാഠമായിരുന്നു. ദ ഗാംബ്ലർ, ക്രൈം ആൻഡ് പണിഷ്മെൻഡ്, ഇഡിയറ്റ്, വൈറ്റ് നൈറ്റ്സ് എന്നീ കൃതികളിലെ വരികൾ എന്നെ കാണാതെ പറഞ്ഞു കേൾപ്പിക്കുന്നത് അതിശയത്തോടെ ഞാൻ കേട്ടിരുന്നിട്ടുണ്ട്. പലപ്പോഴും മാഷ് ജീവിതത്തെയും മനുഷ്യ ബന്ധങ്ങളെയും ഉപമിക്കുന്നതുപോലും ദസ്തയോവ്സ്കിയുടെ വരികൾ പറഞ്ഞുകൊണ്ടായിരുന്നു ദസ്തയോവ്സ്കിയെ അത്രയും ഇഷ്ടപ്പെടുന്ന രണ്ടു  മനുഷ്യാത്മാക്കൾ എന്നതുകൊണ്ടാവാം ഞങ്ങൾക്കിടയിലെ സൗഹൃദം പോലും അത്ര ആഴമേറിയത് ആയതെന്നു ഞാൻ വിശ്വസിക്കുന്നു. മാഷുമായുള്ള സൗഹൃദമായിരുന്നു എന്നെ ജിദ്ദു കൃഷ്ണമൂർത്തിയിലേയ്ക്കും, നിത്യ ചൈതന്യ യതിയിലേയ്ക്കും, ഓഷോയിലേക്കുമൊക്കെ എത്തിച്ചത്. അവർ എന്നെ ഏറെ സ്വാധീനിച്ചു. പലകാരങ്ങളായും അസ്വസ്ഥമായിരുന്നു എൻ്റെ മനസ്സിനെ ശാന്തമാക്കാൻ  അവരുടെ  ആത്മീയഭാഷണങ്ങൾക്ക് കഴിഞ്ഞിരുന്നു . അദ്വൈതാശ്രമത്തിൻ്റെ കല്പടവുകളിലിരുന്ന് ആലുവാപ്പുഴയിൽ നോക്കിയിരുന്ന് ഞങ്ങൾ മൂന്നാളും ഏറെനേരം സംസാരിക്കുമായിരുന്നു. ഞങ്ങളുടെ സംസാരങ്ങളത്രയും പുസ്തകങ്ങളെയും കവിതകളെയും കഥകളെയും സംഗീതത്തെക്കുറിച്ചുമായിരുന്നു. ആ വർത്തമാനങ്ങൾക്കിടയിൽ പലതവണ അകാരണമായി പൊട്ടിച്ചിരിക്കുകയും  പെട്ടെന്ന് അഗാധമായ മൗനത്തിലേയ്ക്ക് വീണ്  ഏറെ നേരം കണ്ണുകൾ അടച്ചു ധ്യാനാത്മകമായിരിക്കുകയും ചെയ്യുമായിരുന്നു. അതിവിചിത്രമായ അദ്ദേഹത്തിൻ്റെ ഈ പ്രവൃത്തി എന്നിൽ കൗതുകമുളവാക്കി. സത്യത്തിൽ മറ്റൊരു ദസ്തയോവ്സ്കി എനിക്ക്   മുന്നിൽ ഇരിക്കുന്നതായാണ് എനിക്ക് തോന്നിയത്. വിസ്മയകരമായ ഈ ഭൂമിയിൽ ജീവിക്കുമ്പോൾ  എത്രതരം മനുഷ്യ ബന്ധങ്ങളിലാണ് നമ്മൾ കണ്ണി  ചേർക്കപ്പെടുന്നത് എന്ന് ഞാനാലോചിച്ചു.   കാലം  മനുഷ്യരിൽ നടത്തുന്ന മായാജാലങ്ങളെയോർത്ത് ഞാൻ ഏറെനേരമിരുന്നു. ഇത്തരം മനുഷ്യരിലോ സങ്കല്പങ്ങളിലോ അഭയം പ്രാപിക്കുന്നത് എന്നെ ഏറെക്കുറെ  സ്വസ്ഥമാക്കിയിരുന്നു. അസംതൃപതവും സംഘർഷഭരിതവുമായ  എൻ്റെ  മനോനിലയിൽനിന്നും  ആശ്വാസത്തിലേയ്ക്കുള്ള ഒരു തൂക്കുപാലമായിരുന്നു ഈ മനുഷ്യരൊക്കെ എന്നെനിക്ക് തോന്നിയിട്ടുണ്ട്.

അക്കാലത്ത് വേണുമാഷിൻ്റെ സ്വാധീനം കൊണ്ട് വേർഡ്‌സ് വർത്തിൻ്റെയും വിർജീനിയ വുൾഫിൻ്റെയുംമൊക്കെ ചെറിയ ചില കവിതകൾ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്താൻ  ഞാൻ ശ്രമിച്ചിരുന്നു. എന്നാൽ പരിഭാഷ  എന്നത് ഏറ്റവും ശ്രമകരമായ ഒരു സർഗാത്മക പ്രവർത്തനമാണെന്നും അതൊരു ധ്യാനാവസ്ഥയാണെന്നും എനിക്ക് മനസ്സിലാക്കി തന്നത് വേണുമാഷായിരുന്നു. അദ്ദേഹവുമായുള്ള സൗഹൃദമായിരുന്നു പരിഭാഷയെന്ന  മഹത്തരമായ ഒരു കർമ്മത്തിലേയ്ക്ക് എന്നെ എത്തിച്ചത്. പിന്നീട് ഖലീൽ ജിബ്രാൻ്റെ      ചെറിയ ചില പ്രണയ ലേഖനങ്ങൾ ഞാൻ പരിഭാഷപ്പെടുത്താൻ ശ്രമിച്ചിരുന്നു. ചിലതൊക്കെ മാഷിനെ കാണിക്കുകയും ചെയ്തിരുന്നു. മാഷതിൻ്റെ തെറ്റുകൾ തിരുത്തുകയും അത് ശരിയാക്കാൻ വേണ്ട നിർദ്ദേശങ്ങൾ തരുകയും ചെയ്തിരുന്നു. പിന്നീടൊരിക്കൽ അദ്ദേഹം എന്നെ  വിളിച്ചു  പറഞ്ഞു 

“നീ കുറച്ചു ചെറുകഥകൾ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്താൻ ശ്രമിച്ചു  നോക്ക്..എങ്ങനെയുണ്ടെന്നു നോക്കട്ടെ”

“ആരുടെ ചെറുകഥകളാണ് മാഷേ?”

ലിയോ ടോൾസ്റ്റോയിയുടെ”മാഷ് പറഞ്ഞു 

അത് കേട്ടതും എൻ്റെ നെഞ്ചിടിപ്പ് വർദ്ധിച്ചു 

“യ്യോ..അതൊക്കെ എനിക്ക് പറ്റുവോ മാഷേ? എനിക്കതിനുള്ള ധൈര്യമില്ല”

“സാരമില്ല നീ ഒന്ന് ശ്രമിക്ക് നമുക്ക് നോക്കാം”

മാഷ് തന്ന ധൈര്യത്തിൻ്റെ  ബലത്തിൽ ഒരു മാസത്തോളം നീണ്ടുനിന്ന  കഠിനമായ പരിശ്രമത്തിനു ശേഷം ടോൾസ്റ്റോയിയുടെ അഞ്ചു ചെറുകഥകൾ ഞാൻ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി. മാഷിന് കഥകൾ കൊടുക്കുമ്പോൾ എനിക്ക് നല്ല ഭയമുണ്ടായിരുന്നു. പക്ഷെ മാഷ് അത് വായിച്ചശേഷം എന്നെ വിളിച്ചഭിനന്ദിക്കുകയും വളരെ നന്നായിട്ടുണ്ടെന്നുപറയുകയും ചെയ്‌തു. ആ വാക്കുകൾ എന്നിലുണ്ടാക്കിയ ആനന്ദം ചെറുതല്ലായിരുന്നു. ഈ ലോകം തന്നെ കീഴടക്കിയ സന്തോഷമായിരുന്നു എനിക്കപ്പോൾ. ഏകദേശം മൂന്നോ നാലോ മാസങ്ങൾക്ക് ശേഷം ഒലിവ് പബ്ലിക്കേഷൻ  ഒലിവ് ക്ലാസിക് പരമ്പരയായി  “മൂന്ന് പുണ്യാത്മാക്കളും മറ്റു കഥകളും”എന്ന പേരിൽ   പുസ്തകം ഇറക്കുകയും ചെയ്തു. ഒരു പരിഭാഷക എന്നത് ഒരിക്കൽപ്പോലും ചിന്തിക്കാത്ത ഒന്നായിരുന്നു. 

പക്ഷെ കാലം എന്നെ അവിടെയും അടയാളപ്പെടുത്തി 

“കാലമേ നീ തന്ന മുറിവുകളിലൊക്കെ നീ തന്നെ തേൻ ഇറ്റിക്കുന്നല്ലോ..
നീ തന്ന കൊടും വിള്ളലുകളൊക്കെ 
നീ തന്നെ മൂടുന്നുവല്ലോ” 
 

പതിയാത്ത കാല്‍പ്പാടുകള്‍ ഇതുവരെയുള്ള അധ്യായങ്ങള്‍ വായിക്കാം