ലോകത്തിൽ വൃദ്ധരുടെ എണ്ണം കൂടുകയാണ്. കുഞ്ചൻ നമ്പ്യാരുടെ 'പഞ്ചേന്ദ്രോപാഖ്യാനം' എന്ന പറയൻ തുള്ളലിൽ ഉൾപ്പെടുന്ന പ്രശസ്തമായ കവിതയാണ് 'കാലനില്ലാത്ത കാലം.' കാലനെ ശിവൻ വധിക്കുന്നതിലൂടെ ലോകത്ത് ആർക്കും മരണമില്ലാതാകുകയും തുടർന്ന് പല്ലും കണ്ണും കാതും ശേഷിയില്ലാതെ അവശരായ വൃദ്ധന്മാരെക്കൊണ്ട് ഭൂമി നിറയുന്ന വിചിത്രവും ഹാസ്യഭരിതമായ അവസ്ഥയുമാണ് ഈ കവിതയിൽ അദ്ദേഹം വർണ്ണിക്കുന്നത്. മഹാകവി ഇങ്ങനെ എഴുതി:

To advertise here,

'വൃദ്ധന്മാരൊരുകൂട്ടം നിറഞ്ഞു ഭൂതലം തന്നിൽ
ചത്തു കൊൾവതിനേതും കഴിവില്ലാ കാലനില്ല.
മുത്തച്ഛൻ മുതുക്കന്റെ മുത്തച്ഛനിരിക്കുന്നു
മുത്തച്ഛനവനുള്ള മുത്തച്ഛൻ മരിച്ചീല.'

പതിനെട്ടാം നൂറ്റാണ്ടിൽ കുഞ്ചൻ നമ്പ്യാർ കാവ്യഭാവനയിൽ കണ്ട് ഞെട്ടിയ സാധ്യാവസ്ഥ ആധുനിക വൈദ്യശാസ്ത്രവും ജീവിതനിലവാരവും ഭൂമുഖത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. നോബൽ സമ്മാനാർഹനായ ജൈവതന്ത്രജ്ഞൻ വെങ്കി രാമകൃഷ്ണൻ 'എന്തുകൊണ്ട് നമ്മൾ മരിക്കുന്നു' (Why We Die) എന്ന പുസ്തകത്തിൽ പറയുന്നുണ്ട്, ആരോഗ്യമില്ലാത്ത ജീവിതദൈർഘ്യം മരണത്തേക്കാൾ ദുരന്തമാണെന്ന്. അപ്പോൾ വാർദ്ധക്യത്തെ എങ്ങനെ സമീപിക്കണം എന്നത് മറ്റെന്നെത്തേക്കാളും വലിയ ചോദ്യമായി മാറിയിരിക്കുകയാണ്. Ageing gracefully എന്ന് ഇംഗ്‌ളീഷിൽ പറയും. എങ്ങനെ മാന്യമായി പ്രായമാകാം? എങ്ങനെ അതൊരു സൗന്ദര്യമാക്കാം? എങ്ങനെ അത് മറ്റുള്ളവർക്ക് ഒരു മാതൃകയാക്കാം? അത്തരമൊരുദാഹരണമാണ് അമേരിക്കയിൽ താമസമാക്കിയ ഇന്ത്യൻ എഴുത്തുകാരി സഹാന സിങ്‌ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്. അവരുടെ പത്മ അമ്മായി തൊണ്ണൂറ്റിയഞ്ചാം വയസ്സിൽ അന്തരിച്ചപ്പോൾ എഴുതിയ ഹൃദയസ്പർശിയായ കുറിപ്പാണ് ഇത്തവണത്തെ 'ആഴ്ചപ്പാടുകൾ' എന്ന പംക്തിയ്ക്ക് കാരണമായി ഭവിച്ചത്. അവരുടെ കുറിപ്പിലെ ഭാഗങ്ങൾ ഈ ലേഖനത്തിൽ ഉൾപ്പെടുത്താനും പത്മ അമ്മായിയുടെ ഫോട്ടോ ഉപയോഗിക്കാനും അനുമതി ചോദിച്ചപ്പോൾ സഹാന സ്‌നേഹപൂർവ്വം അതിനനുവദിച്ചു.

വിധവയായ പത്മ, വീട്ടിൽ ഏകാന്തജീവിതം നയിക്കേണ്ടി വന്ന പത്മ, എത്ര സുന്ദരമായിട്ടാണ് ആ ജീവിതസായാഹ്നത്തെ കരുപ്പിടിപ്പിച്ചത് എന്നത് നമ്മെയെല്ലാവരെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ഗരണി പത്മാവതി മൈസൂരുവിലെ ഒരു സ്‌കൂളിലെ ഹിന്ദി അദ്ധ്യാപികയായിരുന്നു. സഹാന ഇങ്ങനെ എഴുതിത്തുടങ്ങി:

'ഒരു കാലഘട്ടം അവസാനിക്കുകയാണ്. തൊണ്ണൂറ്റിയഞ്ചുകാരിയായ എന്റെ പത്മ ആന്റി മുഖത്ത് ശാന്തമായൊരു പുഞ്ചിരിയുമായാണ് ഈ ലോകത്തോട് വിടപറഞ്ഞത്. മക്കളില്ല, വിധവയാണ്, ഹിന്ദി അധ്യാപികയായി ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രം. എന്നിട്ടും എങ്ങനെ ജീവിക്കണമെന്ന് അവർ ഞങ്ങളെ പഠിപ്പിച്ചു.'

വാർദ്ധക്യത്തിൽ ഒറ്റയ്ക്കായാൽ എങ്ങനെ ജീവിക്കണമെന്ന് ഓർക്കുമ്പോഴൊക്കെ എന്റെ മനസ്സിൽ വരാറുള്ളത് നാരായണൻ വല്യച്ഛനെക്കുറിച്ചുള്ള ഓർമ്മകളാണ്. എന്റെ അമ്മയുടെ ചേച്ചിയായിരുന്ന കുമാരി വല്യമ്മയെ വിവാഹം കഴിച്ച കള്ളികാട്ട് നാരായണൻ നായർ. കുമാരി വല്യമ്മ നേരത്തേ മരിച്ചു. മക്കളെല്ലാം അതീവ ബുദ്ധിശാലികളും പഠിക്കാൻ സമർത്ഥരുമായിരുന്നു. അവർ ഈ വിസ്തൃത ലോകത്തിന്റെ പല ഭാഗങ്ങളിൽ പ്രഗത്ഭരായി വളരുന്നത് കണ്ട് സന്തോഷിച്ച വല്യച്ഛൻ ആർപ്പൂക്കരയിലെ തറവാട്ടിൽ വാർദ്ധക്യത്തിൽ നയിച്ചിരുന്ന ഏകാന്തജീവിതം സംതൃപ്തിയാൽ സൗന്ദര്യവും ശാന്തതയാൽ അചഞ്ചലഗഭീരത നിറഞ്ഞതുമായിരുന്നു. വർഷത്തിലൊരിക്കൽ ഡൽഹിയിൽനിന്ന് നാട്ടിലെത്തുമ്പോൾ നിശ്ചയമായും ഞാൻ കാണാൻ പോകുമായിരുന്നു. എന്റെ വാർദ്ധക്യത്തിൽ നാരായണൻ വല്യച്ഛൻ എനിയ്ക്ക് ഒരു പാഠപുസ്തകം പോലെ വർത്തിക്കണേ എന്ന് ഞാനെപ്പോഴും ആഗ്രഹിച്ചിരുന്നു. ഒരു രാത്രിയിലെപ്പോഴോ അദ്ദേഹം ഏകാന്തയോഗികൾ സമാധിയാകുമ്പോലെ തന്റെ ദൈവത്തിലേക്ക് പ്രശാന്തിയിൽ പെൻഷൻ പറ്റി. സഹാന അവരുടെ അമ്മായിയെക്കുറിച്ച് എഴുതിയതു വായിച്ചപ്പോൾ നാരായണൻ വല്യച്ഛന്റെ ശാന്തവാർദ്ധക്യമാണ് മനസ്സിലേക്കു വന്നത്.

എന്നാൽ, പത്മാവതിയുടെ ജീവിതം വ്യത്യസ്തമായിരുന്നു. അവർക്ക് യൗവ്വനത്തിലും പിന്നീടുള്ള ജീവിതത്തിലും വലിയ കഷ്ടപ്പാടുകൾ ഉണ്ടായിരുന്നു. സഹാനയുടെ വാക്കുകളിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത് ജീവിതം പത്മ അമ്മായിയോട് അധികം കരുണ കാണിച്ചിട്ടില്ല എന്നാണ്. സുന്ദരിയായിരുന്ന അവർ വിവാഹം കഴിച്ചത് ഔപചാരിക വിദ്യാഭ്യാസം കാര്യമായി ലഭിക്കാത്ത, ഒരു ജോലിയിലും ഉറച്ചുനിൽക്കാൻ കഴിയാതിരുന്ന ഒരാളെയായിരുന്നു. അദ്ദേഹം സഹാനയുടെ അമ്മാവനായിരുന്നു. 'പക്ഷേ, സാഹചര്യങ്ങൾക്കു മുന്നിൽ കീഴടങ്ങുന്ന ഒരാളായിരുന്നില്ല ആന്റി. സ്വയം ഹിന്ദി പഠിച്ചെടുത്തു. ആ ഭാഷ പഠിപ്പിച്ച് സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നത്ര പ്രാവീണ്യം നേടുന്നതുവരെ അവർ പരിശ്രമിച്ചുകൊണ്ടിരുന്നു.' സഹാന ചരമോപചാരത്തിൽ എഴുതി. കുറിപ്പിൽനിന്ന് വലിയൊരു ഭാഗം ഇവിടെ ഉദ്ധരിക്കുകയാണ്:

'മറ്റുള്ളവരുടെ ഭാരങ്ങൾ സ്വന്തം ചുമലിലേറ്റുക- എല്ലാം ജീവിതത്തിന്റെ സ്വാഭാവികമായ താളത്തിന്റെ ഭാഗം മാത്രമാണെന്ന മട്ടിൽ. ആത്മസഹതാപമില്ല, ചെയ്ത ത്യാഗങ്ങളുടെ കണക്കെടുപ്പില്ല, ആരെങ്കിലും നന്ദി പറയണമെന്ന പ്രതീക്ഷയുമില്ല. ഞാൻ അവരുടെ സ്ഥാനത്തായിരുന്നെങ്കിൽ ചുറ്റുമുള്ളതെല്ലാം വലിച്ചെറിഞ്ഞ് തകർത്തേനെ!

അമ്മാവൻ മരിച്ചശേഷം പതിറ്റാണ്ടുകളോളം അവർ തനിച്ചാണ് ജീവിച്ചത്. ആരെയും ആശ്രയിക്കാത്ത, അസാധാരണമായ സ്വയംപര്യാപ്തതയുള്ള ജീവിതം. എൺപത്തെട്ടാം വയസ്സിലും സ്വന്തം വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങാൻ കടകളിലേക്ക് നടന്നുപോകുന്ന അവരെ ഞാൻ ഓർക്കുന്നു. ഭക്ഷണം സ്വയം പാകം ചെയ്യും. ഞങ്ങൾ അവരെ കാണാൻ ചെല്ലുമ്പോഴെല്ലാം സജ്ജിഗെയോ (കേസരി പോലുള്ള മധുരപലഹാരം) അക്കിറൊട്ടിയോ മറ്റേതെങ്കിലും വീട്ടിൽ തയ്യാറാക്കിയ പലഹാരമോ ഉണ്ടാക്കി ഞങ്ങൾക്ക് വിളമ്പുകയും ചെയ്യും. അതിഥി ദേവോ ഭവ എന്ന സങ്കൽപ്പം ജീവിതരീതിയായിരുന്ന ഒരു കാലത്തിന്റെ പ്രതിനിധിയായിരുന്നു അവർ. അതിഥി ദൈവത്തെപ്പോലെ ആദരിക്കപ്പെടേണ്ടയാളായിരുന്നു; തലവേദനയായി കാണേണ്ട ഒരാളല്ല! തൊണ്ണൂറാം വയസ്സിൽ, ബംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വേൾഡ് കൾച്ചറിൽ നടന്ന എന്റെ പുസ്തകപ്രകാശനച്ചടങ്ങിൽ പങ്കെടുക്കാൻപോലും അവർ എത്തി. സദസ്സിൽ അവരെ കണ്ടപ്പോൾ എനിക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടിയില്ല.

എന്നെ ഏറ്റവും വിസ്മയിപ്പിച്ചത് മറ്റൊന്നാണ്. തുച്ഛമായ വരുമാനമുണ്ടായിരുന്നിട്ടും വളരെ മിതമായി ജീവിച്ച അവർ പണം സമ്പാദിച്ചുവെച്ചു. സ്വന്തമായി ഒരു വീട് വാങ്ങാൻ മാത്രമല്ല, വിദ്യാഭ്യാസമേഖലയിലെ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകാനും. ഒടുവിൽ, മറ്റാരെയും ബുദ്ധിമുട്ടിക്കാതെ മാന്യമായ അന്ത്യകർമങ്ങൾ നടത്താനുള്ള പണംപോലും അവർ കരുതിവെച്ചിരുന്നു! അവരുടെ ദാനത്തിന്റെ ഗുണഭോക്താക്കളിലൊന്നായിരുന്നു ഭഗിനി സേവാ സമാജ്. ഒന്നുമില്ലാത്തവളെപ്പോലെ ജീവിച്ചിരുന്ന ഒരാൾക്ക് എങ്ങനെയാണ് ഇത്രയധികം നൽകാൻ കഴിയുന്നതെന്ന് എനിക്ക് എന്നും അത്ഭുതമായിരുന്നു. മിതജീവിതത്തിന്റെ ശക്തി സമൃദ്ധി സൃഷ്ടിക്കുന്നു എന്നതിന്റെ തെളിവായിരുന്നു അവരുടെ ജീവിതം.

കഴിഞ്ഞ വർഷം, മൈസൂരിലെ ഭഗിനി സേവാ സമാജത്തിന് (BSS) അവർ നൽകിയ സംഭാവനയെക്കുറിച്ചുള്ള ചിത്രങ്ങൾ അച്ഛൻ എനിക്ക് അയച്ചുതന്നു. അവ കണ്ടപ്പോൾ ആദ്യം അവിടത്തെ മനോഹരമായ സ്‌കൂൾ പരിസരം എന്നെ അമ്പരപ്പിച്ചു. അതിനുശേഷം കുട്ടികൾക്ക് ചെസ്സ് കളിക്കാനായി പണിത മനോഹരമായ മുറിയും. പത്മ അമ്മായിയുടെ പേര് ആ മുറിയുടെ പുറത്ത് ഒരു ഫലകത്തിൽ കൊത്തിവെച്ചിരുന്നു.'

ഇത്രയും ദൈർഘ്യമുള്ള ഒരു ഭാഗം സഹാനയുടെ കുറിപ്പിൽനിന്ന് ഞാൻ ഉദ്ധരിച്ചത് അതിലെ ഒരു വരിയ്ക്ക് അടിവരയിടാനാണ്. 'മിതജീവിതത്തിന്റെ ശക്തി സമൃദ്ധി സൃഷ്ടിക്കുന്നു എന്നതിന്റെ തെളിവായിരുന്നു അവരുടെ ജീവിതം' എന്നതാണ് ആ വാചകം. ടാഗോറിന്റെ പ്രശസ്തമായ ഒരു വരിയില്ലേ, ‘ഒരു ചിത്രശലഭത്തിന് മാസങ്ങൾ എണ്ണാനില്ല, മറിച്ച് നിമിഷങ്ങളേയുള്ളൂ. എങ്കിലും അതിന് എത്രമാത്രം സമയമാണ് സ്വന്തമായുള്ളത്' എന്ന്. അതുപോലെ ചിലയാളുകൾക്ക് വലിയ ബാങ്ക് നിക്ഷേപമൊന്നുമുണ്ടാകില്ല. എന്നാൽ, പല ധനികരേക്കാളും ആത്മാവിൽ സമ്പന്നമായ ജീവിതം വർദ്ധക്യകാലത്ത് അവർ നയിക്കും.

എങ്ങനെ വൃദ്ധനാകണം എന്നാലോചിക്കുമ്പോൾ എന്റെ മനസ്സിലേക്കു വരുന്ന രണ്ടു പാഠപുസ്തകസമാന വർദ്ധക്യങ്ങൾ സത്യജിത്ത് റായുടേയും എം.ടി. വാസുദേവൻ നായരുടേതുമാണ്. സമൂഹത്തിൽ വലിയ സ്ഥാനങ്ങൾ അലങ്കരിച്ച അവർ വാർദ്ധക്യത്തിൽ തനിയ്ക്കു ചുറ്റുമുള്ള അന്തരീക്ഷത്തെ ശബ്ദായമാനമാക്കിയില്ല. അവർ അങ്ങനെ പറയരുതായിരുന്നു എന്ന് ആളുകളെക്കൊണ്ട് പറയിപ്പിക്കാവുന്ന ഒരു തെറ്റായ വാചകം പറയാനിട വരുത്താതെ അവർ പിൻവാങ്ങി. അവർ കാണപ്പെടാൻ ഉദ്ദേശിക്കാത്ത ഒരിടത്തും അവർ കാണപ്പെട്ടില്ല. ചില അസാന്നിധ്യങ്ങൾ അസഹ്യബഹളങ്ങളുടെ വർത്തമാനകാലത്ത് അതിസുന്ദരങ്ങളാകും. ജി. അരവിന്ദന്റെ വാർദ്ധക്യമായിരുന്നിരിക്കണം ഏറ്റവും സുന്ദരം. പക്ഷേ, അതിനവസരം നൽകാതെ അദ്ദേഹം നേരത്തേ പോയി. മരണദേവനെ എന്നെങ്കിലും നേരിട്ടുകണ്ടാൽ എനിയ്‌ക്കൊരു ചോദ്യമേ ചോദിക്കാനുണ്ടാകൂ, എന്തിനാണ് ജി. അരവിന്ദന്റെ മനോഹര വാർദ്ധക്യം ഞങ്ങളിൽനിന്ന് തട്ടിപ്പറിച്ചതെന്ന്. ഇക്കാലത്ത് എന്നിൽ സ്വാധീനമുണ്ടാക്കുന്ന മറ്റൊരു വാർദ്ധക്യം യേശുദാസിന്റേതാണ്. കേരളത്തിൽ അദ്ദേഹം കാണപ്പെടാതിരിക്കുന്നതും ശബ്ദായമാനമായ സാമൂഹ്യാന്തരീക്ഷത്തിൽ മൗനമായി നിറയുന്നതും സുന്ദരമാണ്. 'തന്റെ ഗാനമാണ് തന്റെ സന്ദേശം' എന്ന് ഓർമ്മിപ്പിക്കുംവിധം ആ ഗാനങ്ങൾ എവിടേയും എപ്പോഴും നാം കേട്ടുകൊണ്ടിരിക്കുന്നു. വാർദ്ധക്യത്തിലെ ആ മൗനവും സന്ദേശമാണ്.

അടുത്തകാലത്ത് എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ മറ്റൊരു വാർദ്ധക്യം വിശ്വചലച്ചിത്രകാരനായ ഗൊദാർദിന്റേതാണ്. തനിയ്ക്ക് സമൂഹത്തിനായി ഇനി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നു തിരിച്ചറിഞ്ഞ അദ്ദേഹം തൊണ്ണൂറ്റിയൊന്നാം വയസ്സിൽ സ്വിറ്റ്സ്സർലാൻഡിൽ അനുവദിക്കപ്പെട്ട വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ ചെയ്തു. ശവസംസ്‌കാരച്ചടങ്ങുകൾ പോലും പാടില്ലെന്നു നിഷ്‌കർഷിച്ചിരുന്നു. മരണത്തെ തോൽപ്പിക്കേണ്ടത് ഒരിക്കലും മരിക്കാതെയല്ല; മറിച്ച് എങ്ങനെ ജീവിച്ചു എന്നതിലൂടെയാണെന്ന്‌ ഗൊദാർദും പത്മ അമ്മായിയും നാരായണൻ വല്യച്ഛനും സത്യജിത് റായിയും എം.ടിയും പഠിപ്പിക്കുന്നു.