
പത്തൊമ്പതാമത്തെ വയസ്സിലാണ് ആദ്യമായി കടല്‍ കാണാന്‍ പോകുന്നത്. അതുവരെ കടല്‍ എന്നത് എനിക്ക് ചിത്രങ്ങളില്‍ മാത്രം കണ്ടും കേട്ടും വായിച്ചുമുള്ള അറിവ് മാത്രമായിരുന്നു. ഞാന്‍ കടല്‍ കണ്ടിട്ടില്ല എന്നറിഞ്ഞപ്പോള്‍ സോണിയാണ് എന്നെ കടല്‍ കാണിക്കാന്‍ കൊണ്ടുപോയത്. അക്കൊല്ലം അര്‍ത്തുങ്കല്‍ പള്ളിപെരുന്നാള്‍ നടക്കുന്ന ഒരു ഞായറാഴ്ച ഞങ്ങള്‍ രണ്ടുപേരും ഹോസ്റ്റലില്‍ നിന്ന് കടല്‍ കാണാന്‍ പോയി. ആദ്യമായി കടല്‍ കാണാന്‍ പോകുന്നതിന്റെ ആകാംഷ എന്നില്‍ നിറഞ്ഞിരുന്നു. ഹൃദയം പതിവിലും കൂടുതലായി മിടിക്കുന്നുണ്ടായിരുന്നു. പള്ളിയുടെ മുന്നില്‍ ചെന്നിറങ്ങിയതും അവിടെ കണ്ട ജനസാഗരം എന്നെ അത്ഭുതപ്പെടുത്തി.
അറബിക്കടലിന് അഭിമുഖമായിട്ടായിരുന്നു പള്ളി സ്ഥിതിചെയ്യുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ പണിത പളളിയായിരുന്നു അത്. കരിങ്കല്ലും കുമ്മായവും കൊണ്ട് മാത്രം പണിത പള്ളി കേരളത്തിലെ മറ്റു പള്ളികളില്‍ നിന്നും രൂപപരമായി വ്യത്യസ്തത പുലര്‍ത്തിയിരുന്നു.
കേരളത്തിലെ നാട്ടു രാജ്യങ്ങളിലൊന്നായ മൂത്തേടത്ത് രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു അര്‍ത്തുങ്കല്‍. കടലും മത്സ്യബന്ധനവുമായി ജീവിക്കുന്ന അവിടുത്തെ ജനങ്ങള്‍ ഭൂരിഭാഗവും ക്രൈസ്തവരായിരുന്നു. അവരുടെ ആരാധനയ്ക്കും മതപരമായ ചടങ്ങുകള്‍ക്കുമായി ഒരു ആരാധനാലയം അവര്‍ക്കുണ്ടായിരുന്നില്ല. പോര്‍ച്ചുഗീസുകാരുടെ വരവോടുകൂടി മെഷിനറിമാര്‍ മൂത്തേടം സന്ദര്‍ശിക്കുകയും അവിടുത്തെ ജനങ്ങളുമായി സൗഹൃദം സ്ഥാപിക്കുകയും അവരുടെ ആവശ്യപ്രകാരം അവിടെയൊരു പള്ളി സ്ഥാപിക്കുകയും ചെയ്തു എന്നാണ് ചരിത്രം. പില്‍ക്കാലത്ത് ഈ പള്ളി കേരളത്തിലെ
പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായി മാറുകയായിരുന്നു.
ആള്‍ത്തിരക്കുകള്‍ക്കിടയിലൂടെ എന്റെ കൈയുംപിടിച്ചുകൊണ്ട് സോണി നടന്നു. എന്നെയും കൊണ്ട് അവള്‍ പള്ളിയുടെ അകത്തേയ്ക്ക് കയറി. വിശാലമായ അള്‍ത്താര, അവിടമാകെ കുന്തിരിക്കത്തിന്റെ ഗന്ധം പടരുന്നുണ്ടായിരുന്നു. പലതരം പൂക്കളും ഇലകളും കൊണ്ട് മനോഹരമായി അലങ്കരിച്ചിരിക്കുന്ന അള്‍ത്താരയ്ക്ക് നടുവിലായി ഒരു മരത്തടിയില്‍ അമ്പേറ്റ് വീണു കിടക്കുന്ന സെബാസ്ത്യാനോസ് പുണ്യാളന്റെ രൂപത്തിന് മുന്നില്‍ അവള്‍ മുട്ട് കുത്തിയിരുന്നു പ്രാര്‍ത്ഥിച്ചു. ആ വലിയ പ്രാര്‍ത്ഥനാ മുറിക്ക് പിന്നിലെ കസേരയില്‍ ഞാനിരുന്നു. എന്റെ ശ്രദ്ധ പോയത് അവിടുത്ത കുമ്പസാരക്കൂട്ടിലേയ്ക്കായിരുന്നു. മനുഷ്യരൊക്കെ ചെയ്യുന്ന പാപങ്ങളെല്ലാം മോചിപ്പിക്കുന്ന ഇടത്തെ വലിയ അതിശയത്തോടെയാണ് ഞാന്‍ നോക്കിക്കണ്ടത്. മനുഷ്യന്റെ പുണ്യപാപങ്ങള്‍ക്ക് മതങ്ങള്‍ കൊടുക്കുന്ന വ്യാഖ്യാനങ്ങള്‍ എന്നെ ആശയക്കുഴപ്പത്തിലാക്കി. എന്റെ ചിന്തകള്‍ എവിടെയൊക്കെയോ പോയിക്കൊണ്ടിരുന്നു.
''നമുക്ക് പോയാലോ'' സോണിയുടെ ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത്. അവള്‍ എന്റെ കൈ പിടിച്ചുകൊണ്ട് പള്ളിയില്‍നിന്നും കടല്‍ത്തീരത്തേയ്ക്ക് നടന്നു. പോകുന്ന വഴി ഞാനവളോട് ചോദിച്ചു ''ആരാ ഈ സെബാത്യാനോസ് പുണ്യാളന്‍''
''അത് വലിയൊരു കഥയാണ്.''സോണി തുടര്‍ന്നു. ഫ്രാന്‍സിലെ മെഡിറ്റേറിനിയന്‍ സമുദ്രത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന നാര്‍ബോണാ എന്ന സ്ഥലത്ത് ഒരു കത്തോലിക്കാ കുടുംബത്തിലായിരുന്നു സെബസ്ത്യാനോസിന്റെ ജനനം. നാര്‍ബോണയിലായിരുന്നു ജനിച്ചതെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം ഇറ്റലിയിലെ മിലാനിലായിരുന്നു. അക്കാലത്ത് രാജാവിന്റെ സൈനികന്‍ ആകുക എന്നത് വലിയൊരു പദവി ആയിരുന്നതിനാല്‍ സെബാസ്ത്യാനോസിന് താത്പര്യമില്ലാതിരുന്നിട്ടും മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി സൈനിക സേവനത്തിനു പോകേണ്ടിവന്നു. അങ്ങനെ അദ്ദേഹം മിലാന്‍ വിട്ട് റോമില്‍ എത്തിച്ചേര്‍ന്നു. റോമില്‍ കാറിനാസ് എന്ന രാജാവിന്റെ ഭരണകാലമായിരുന്നു അന്ന്. രാജാവ് കടുത്ത മതവിശ്വാസിയായിരുന്നു. തന്റെ ഭൃത്യന്മാരും പ്രജകളുമെല്ലാം റോമന്‍ ദൈവങ്ങളെ ആരാധിക്കണമെന്നു അദ്ദേഹത്തിനു നിര്‍ബന്ധമായിരുന്നു. പ്രത്യേകിച്ച് ക്രിസ്ത്യാനികളായ ഭടന്മാരിലേയ്ക്ക് രാജാവ് തന്റെ വിശ്വാസത്തെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ആ പ്രവൃത്തിക്ക് വഴങ്ങാത്തവരെ രാജാവ് നിഷ്‌കരുണം വധിച്ചു. മരണഭയത്താല്‍ സെബാസ്ത്യാനോസ് താന്‍ ക്രിസ്ത്യാനി ആണെന്ന കാര്യം എല്ലാവരില്‍നിന്നും മറച്ചുവച്ചിരുന്നു. കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഒരു യുദ്ധത്തില്‍ കാറിനാസ് രാജാവ് വധിക്കപ്പെട്ടു.
പിന്നീട് വന്ന രാജാവായ ഡയോക്ലിസ് സെബസ്ത്യാനോസിന്റെ യുദ്ധപാടവം കണ്ട് അദ്ദേഹത്തെ രാജാവിന്റെ സൈന്യാധിപനായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. കടുത്ത മതവിശ്വാസിയും ക്രിസ്തുമത വിരോധിയുമായിരുന്നു ഡയോക്ലിസ് രാജാവ്.രാജ്യത്തുണ്ടാകുന്ന സകല കഷ്ടതകള്‍ക്കും ദുരിതങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും കാരണക്കാര്‍ ക്രിസ്തുമത വിശ്വാസികളാണ് എന്ന് പറഞ്ഞുകൊണ്ട് അവിടുള്ള എല്ലാ ക്രിസ്തുമത വിശ്വാസികളെയും കൊന്നൊടുക്കാന്‍ തുടങ്ങി. തന്റെ സഹോദരങ്ങളുടെ ദുര്‍വിധിയോര്‍ത്ത് സെബാസ്ത്യാനോസ് കഠിനമായി ദുഃഖിച്ചു. അതീവ
രഹസ്യമായി അദ്ദേഹം ക്രിസ്ത്യാനികളുടെ രക്ഷയ്ക്കായി പ്രവര്‍ത്തിച്ചു. എന്നാല്‍ ഒട്ടും വൈകാതെതന്നെ തന്റെ വിശ്വസ്തനായിരുന്ന സെബാസ്ത്യാനോസ് ക്രിസ്തുമത വിശ്വാസിയാണെന്ന് രാജാവ് അറിയുകയും രാജ്യദ്രോഹക്കുറ്റത്തിന് അദ്ദേഹത്തെ തുറങ്കിലടയ്ക്കുകയും ചെയ്തു. കുറച്ചു നാളുകള്‍ക്കുശേഷം രാജാവ് സെബാസ്ത്യാനോസിനോട് ഒരു കാര്യം ആവശ്യപ്പെട്ടു.''ക്രിസ്തുമത വിശ്വാസം വെടിഞ്ഞു റോമന്‍ ദൈവങ്ങളെ ആരാധിക്കുകയാണെങ്കില്‍ വെറുതെ വിടാം''എന്നായിരുന്നു അത്. സെബാസ്ത്യാനോസ് ആ ആവശ്യത്തെ അംഗീകരിച്ചില്ല എന്ന മാത്രമല്ല പ്രപഞ്ച സൃഷ്ടാവായ കര്‍ത്താവിനെ ആരാധിക്കണമെന്നു രാജാവിനെ ഉപദേശിക്കുകയും ചെയ്തു. സെബസ്ത്യാനോസിന്റെ വാക്കുകള്‍ കേട്ട് കോപത്താല്‍ ജ്വലിച്ച രാജാവ് അദ്ദേഹത്തെ മൈതാന മധ്യത്തിലെ മരത്തില്‍ കെട്ടിയിട്ട് അമ്പെയ്തു കൊല്ലാന്‍ കല്‍പ്പിച്ചു. രാജാവിന്റെ സേവകര്‍ അദ്ദേഹത്തെ വിവസ്ത്രനാക്കി മരത്തില്‍ ബന്ധിച്ചിട്ട് നെഞ്ചിലേയ്ക്ക് അമ്പെയ്തു. രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ സെബാസ്ത്യാനോസ് മരിച്ചെന്ന് കരുതി സേവകര്‍ അവിടം വിട്ട് പോയി. എന്നാല്‍ അതുവഴിപോയ ഗ്രാമവാസിയായ ഒരു സ്ത്രീ അദ്ദേഹത്തിന് ജീവനുണ്ടെന്നു മനസ്സിലാക്കുകയും രണ്ടുപേരുടെ സഹായത്താല്‍ അവിടെനിന്നും വീട്ടില്‍ കൊണ്ടുപോയി പരിചരിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കു ശേഷം ആരോഗ്യം വീണ്ടെടുത്ത സെബാസ്ത്യാനോസ് ഡയോക്ലസ് രാജാവിന്റെ മുന്നില്‍ ചെല്ലുകയും ക്രിസ്തുമതത്തെ പ്രകീര്‍ത്തിച്ചു സംസാരിക്കുകയുംചെയ്തു. ദേഷ്യം കത്തിയാളിയാളിയ രാജാവ് രാജസന്നിധിയില്‍ വെച്ചുതന്നെ ഗദകൊണ്ട് അടിച്ചു കൊല്ലാന്‍ കല്‍പ്പിച്ചു. ''രാജസേവകര്‍ രാജാവിന്റെ ആജ്ഞ നടപ്പിലാക്കി. ''സ്‌നേഹം തെളിയിക്കാന്‍ മരണത്തേക്കാള്‍ വലിയൊരു മാര്‍ഗ്ഗമില്ല.'' എന്ന് യേശുക്രിസ്തു പറഞ്ഞ വാക്കുകള്‍ സെബാസ്ത്യാനോസ് യാഥാര്‍ഥ്യമാക്കികൊണ്ട് ക്രിസ്തുവിനോടുള്ള സ്‌നേഹം തെളിയിച്ചു.
സെബാസ്ത്യാനോസിന്റെ ശരീരം ഭടന്മാര്‍ ഓടയില്‍ വലിച്ചെറിഞ്ഞു. അന്ന് രാത്രി ആ നാട്ടിലുള്ള ഒരു സ്ത്രീക്ക് സ്വപ്നദര്‍ശനം ലഭിച്ച പ്രകാരം ആ സ്ത്രീ സെബസ്ത്യാനോസിന്റെ ശരീരം ആപ്യന്‍ എന്ന മലയിടുക്കുകള്‍ക്ക് അടുത്തുള്ള ഒരു ഭൂഗര്‍ഭത്തില്‍ അടക്കം ചെയ്തു. ഈ വിവരം അറിഞ്ഞ രാജാവ് ആ സ്ത്രീയെ വധിക്കുകയും ചെയ്തു. കുറച്ചുനാളുകള്‍ക്ക് ശേഷം ആ നാടാകെ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചു. ആ സമയം ക്രിസ്തുമത വിശ്വാസികള്‍
സെബാസ്ത്യാനോസിനിന്റെ തിരുരൂപവുമായി അവിടമാകെ പ്രദക്ഷിണം ചെയ്തപ്പോള്‍ അത്ഭുതകരമായ രോഗശാന്തി ഉണ്ടാകുകയും ചെയ്തു എന്നാണു വിശ്വാസം.
കുറെ വര്‍ഷങ്ങള്‍ക്കുശേഷം അവിടുത്തെ കുറച്ചു വിശ്വാസികള്‍ സെബസ്ത്യാനോസിന്റെ തിരുരൂപവുമായി കപ്പലില്‍ ലോകം ചുറ്റാന്‍ തീരുമാനിച്ചു. അങ്ങനെ ലോകം ചുറ്റുന്നതിനിടയില്‍ ഒരു കടല്‍ക്ഷോഭം ഉണ്ടാകുകയും കപ്പല്‍ ആര്‍ത്തുങ്കല്‍ കടത്തീരത്ത് എത്തുകയും അവിടെ കപ്പല്‍ നിന്നുപോകുകയും ചെയ്തുവത്രേ. എത്ര ശ്രമിച്ചിട്ടും കപ്പല്‍ അനങ്ങിയില്ല. അന്ന് രാത്രി ഈ തിരുസ്വരൂപം അടുത്തുള്ള അര്‍ത്തുങ്കല്‍ ദേവാലയത്തില്‍ ഏല്‍പ്പിക്കണമെന്ന് കപ്പിത്താന് ദിവ്യദര്‍ശനം ഉണ്ടായി. അങ്ങനെയാണ് സെബാസ്ത്യാനോസ് പുണ്യാളന്‍ ഇവിടുത്തെ തിരുരൂപമാകുകയും ചെയ്തത് എന്നാണ് കഥ.
സോണിയുടെ വല്യമ്മച്ചിയില്‍ നിന്നും അവള്‍ കേട്ടറിഞ്ഞ കഥയാണിത്. ഒരുപക്ഷേ, പള്ളിയുടെ ചരിത്രത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചും ഇത്ര ആഴത്തില്‍ ഞങ്ങളോടൊപ്പം താമസിക്കുന്ന ആ പ്രദേശവാസികളായ പെണ്‍കുട്ടികള്‍ക്ക് അറിയുമോ എന്ന് പോലും സംശയമായിരുന്നു.
അവളുടെ കൈപിടിച്ചുകൊണ്ട് ഞാന്‍ കടത്തീരത്തേയ്ക്ക് നടന്നു. ഞാന്‍ ആദ്യമായി കടല്‍ കാണാന്‍ പോകുകയാണ്. എന്റെ വീട്ടില്‍ നിന്നും കടലിലേയ്ക്ക് കേവലം അഞ്ചു കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. എന്നിട്ടും ഒരിക്കല്‍ പോലും എനിക്ക് കടല്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. പലപ്പോഴും ഞാനത് ആഗ്രഹിച്ചിരുന്നെങ്കിലും എനിക്കതിനു കഴിഞ്ഞില്ല, ആരും കൊണ്ടുപോയതുമില്ല.
ആദ്യമായി കടല്‍ കണ്ടതും അതിഭയങ്കരമായ ഒരു വിഷാദം എന്നെ മൂടി. ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കുന്ന ആ കടല്‍ത്തീരം എന്നെ അസ്വസ്ഥയാക്കി. കുറച്ചു ദൂരെമാറി ആളുകളൊഴിഞ്ഞ ഒരിടത്ത് ഒരു മരത്തണലില്‍ ഞങ്ങള്‍ ചെന്നിരുന്നു. ബലൂണ്‍ വില്പനക്കാരെയും നിലക്കടല വില്പനക്കാരെയും മറ്റനവധി കച്ചവടക്കാരെയും കൊണ്ട് കടല്‍ത്തീരം നിറഞ്ഞിരുന്നു. അമിതമായ സന്തോഷം പോലും വിഷാദിയാക്കി മാറ്റുന്ന വിചിത്രമായ ഒരു ജീവിയായിരുന്നു ഞാന്‍.
അനന്തമായ ആ കടലിലേയ്ക്ക് നോക്കി ഞാനിരുന്നു. ദൂരെ ഭൂമിയുടെ അറ്റത്തേയ്‌ക്കെന്നപോലെ ഇളകി മറിയുന്ന ചെറുതോണികള്‍, അതിനുള്ളില്‍ ഉണ്ടെന്നോ ഇല്ലെന്നോ തോന്നിപ്പിക്കുന്ന മനുഷ്യരെ പോലെയായിരുന്നു ആ കടല്‍ത്തീരത്ത് ഞാനിരുന്നത്. തീരത്തേയ്ക്ക് ആഞ്ഞടിക്കുന്ന തിരമാലകളില്‍ ഇറങ്ങിയും നീന്തിയും കളിക്കുന്ന കുട്ടികളും ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്മാരും തീരത്തെ ശബ്ദമുഖരിതമാക്കി. എന്നോട് കടലിലേയ്ക്കിങ്ങാന്‍ സോണി ആവശ്യപ്പെട്ടെങ്കിലും ഞാനത് നിരസിച്ചു. എനിക്ക് ഭയമായിരുന്നു. അവളോട് പോകാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഞാനാ മരച്ചുവട്ടില്‍ത്തന്നെയിരുന്നു. അവള്‍ കടലിലേയ്ക്കിറങ്ങിയപ്പോള്‍ അവളുടെ കാല്‍ചുവടുകളെ നോക്കി ഞാനിരുന്നു. തിരമാലകള്‍ക്കനുസരിച്ചു കടലിലേയ്ക്കിറങ്ങിയും തീരത്തേയ്ക്ക് ഓടിക്കയറുകയും ചെയ്തുകൊണ്ടിരുന്ന അവളുടെ കാല്‍പാദങ്ങളേയും അതില്‍ ചുറ്റിക്കിടക്കുന്ന വെള്ളിക്കൊലുസ്സുകളെയും ഒരു നെടുവീര്‍പ്പോടെ
ഞാന്‍ നോക്കികൊണ്ടേയിരുന്നു. അവളുടെ ശരീരചലനങ്ങളും പ്രവൃത്തിയും എന്നില്‍ കൗതുകമുളവാക്കി. അവള്‍ക്കരികിലായി കുറെ കുട്ടികള്‍ പട്ടം പറത്തുന്നുണ്ടായിരുന്നു. ഏറ്റവും ഉയരത്തിലെത്തിക്കാനുള്ള കുട്ടികളുടെ ആവേശത്തെ അവള്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അല്‍പ നിമിഷങ്ങള്‍ക്കുശേഷം ഏതോ ഒരു കുട്ടിയുടെ കയ്യിലിരുന്ന പട്ടം വാങ്ങി അവള്‍ പറത്താന്‍ തുടങ്ങി.
കടലിനു മുകളിലൂടെ പല രൂപങ്ങള്‍ പ്രാപിച്ച മേഘങ്ങള്‍ നീങ്ങിക്കൊണ്ടേയിരുന്നു. അതിനിടയില്‍ നിന്നായിരുന്നു മാലാഖ ചിറകുകളുള്ള ഒരു കുതിരയെ ഞാന്‍ കണ്ടത്. അത് ചിറകുകള്‍ വിടര്‍ത്തി മുന്‍കാലുകള്‍ കുന്തിച്ചു പതുക്കെ നീങ്ങിക്കൊണ്ടിരുന്നു. അതിനു പിന്നിലായി കുറെ സ്ത്രീരൂപങ്ങളും. അവരുടെ വെള്ളിമുടിച്ചുരുളുകള്‍ കടലിലേയ്ക്ക് നീട്ടിയിട്ടിരിക്കുന്നതുപോലെ എനിക്ക് തോന്നി. മനസ്സില്‍ സന്തോഷവും വിഷാദവും ഒരുപോലെ മിന്നിമറഞ്ഞുകൊണ്ടിരുന്നു. ശരീരത്തിന് ചേരാത്ത വസ്തുക്കളെ ശരീരം തന്നെ പിന്തള്ളുന്ന ജൈവിക പ്രവൃത്തിപോലെ കടല്‍ ചില മനുഷ്യരെയും വസ്തുക്കളെയും തീരത്തേയ്ക്ക് കശക്കിയിടുന്നുണ്ടായിരുന്നു.
അല്പമകലെനിന്നും ഒരു സ്ത്രീ നടന്നു വരുന്നുണ്ടായിരുന്നു. കറുത്ത് തടിച്ച് ഇളം ചോപ്പ് നിറത്തിലുള്ള സാരി അലസമായുടുത്ത് ഇരുകൈകളിലും പച്ച കുപ്പിവളകളണിഞ്ഞ സുന്ദരിയായ ഒരുസ്ത്രീ. കടല്‍മണ്ണില്‍ പൂണ്ടുപോകുന്ന അവരുടെ കാലുകള്‍ക്കും നടത്തത്തിനും ഒരു പ്രത്യേക താളമായിരുന്നു. അവര്‍
എന്നെ ലക്ഷ്യമാക്കിയാണ് വരുന്നതെന്ന് എനിക്ക് മനസ്സിലായി. അവര്‍ എന്റെ അടുത്തായി ഇരുന്നശേഷം ഒരു കടലാസുപെട്ടി എന്റെ അരികത്തായി വച്ചു. ആ കടലാസുപെട്ടിയില്‍ നിറയെ ചുട്ട ചോളക്കൂമ്പുകള്‍ ആയിരുന്നു. ഭംഗിയായി അടുക്കിവെച്ച ചോളക്കൂമ്പുകള്‍ ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ ആയിരുന്നു. അവരുടെ നെറ്റിയിലും കഴുത്തിലും വിയര്‍പ്പ്തുള്ളികള്‍ ഇറ്റുനില്‍ക്കുന്നുണ്ടായിരുന്നു. എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവര്‍ പറഞ്ഞു ' ഇത് വാങ്കി സാപിടമ്മാ റൊമ്പ ടേസ്റ്റായിരുക്കും'' മനോഹരമായ ശബ്ദത്തില്‍ അവര്‍ സംസാരിച്ചുകൊണ്ടേയിരുന്നു. അവരെ
പറഞ്ഞുവിടാന്‍ തോന്നിയില്ല.
''അക്കാ ഉന്‍ പേരെന്നാ''- ഞാന്‍ ചോദിച്ചു.
''സെമ്പകം''- അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു
''ഉനക്ക് തമിഴ് തെരിയുമാ?''
ഞാന്‍ തലയാട്ടി
അവരുടെ കണ്ണുകള്‍ തിളങ്ങി.
''റൊമ്പ അഴകാന പേര്''ഞാന്‍ പറഞ്ഞു.
''എന്‍ താത്താ വച്ച പേര്''എന്‍ അപ്പാവും അമ്മാവും സെന്ത് എനക്ക് വച്ച പേര് വന്ത് മുത്തുലച്ചമി ആനാ താത്താ വച്ച പേര് താ എല്ലോറുക്കും പുടിച്ചത്.'' അവര്‍ എന്നോട് നിര്‍ത്താതെ സംസാരിച്ചുകൊണ്ടേയിരുന്നു.
''നീങ്കെ ഇങ്ക പക്കം താനാ?'' ഞാന്‍ മറുപടി പറയുന്നതിന് മുന്നേ അവര്‍ തുടര്‍ന്നു.
''എന്‍ ഊര് വന്ത് തെങ്കാശി. അങ്കെ ഉലകമ്മന്‍ കോവില്‍ എന്ന ഒരു പുകഴ്‌പെട്ര കോവില്‍ ഇറക്ക്. അങ്കെ പക്കം താ എന്‍ വീട്. നിര്‍ത്താതെയുള്ള
അവരുടെ സംസാരം ഞാന്‍ കേട്ടുകൊണ്ടിരുന്നു. അവരുടെ തമിഴ് കേള്‍ക്കാനായി ഞാന്‍ ഓരോന്ന് ചോദിച്ചു കൊണ്ടേയിരുന്നു.
''അക്കാ നീ എതുക്ക് ഇങ്കെ വേല സെയ്ഞ്ചിട്ടിരിക്ക് ?''
''അത് വന്ത് രണ്ടു വരിടത്തിക്ക് പിന്നാടിയേന്‍ പുരുഷന്‍ എരന്തിട്ടാങ്കെ. അപ്പുറം എന്‍ വാഴ്കെ റൊമ്പ കഷ്ടമായിരുക്ക്. എനക്ക് രണ്ട് ചിന്ന കൊളൈന്തകള്‍ താ. അവങ്കളെ പഠിക്കവെക്കരുതുക്കും വളത്തുക്കരുതു്ക്കും നാന്‍ ഊരു സുട്രി എല്ലാ വേലയും സെഞ്ചിക്കിട്ടിരിക്കേന്‍.''
അവരുടെ കഠിനമായ ജീവിതവും വേദനയും അവരുടെ കഴുത്തില്‍നിന്നും ഒഴുകിയിറങ്ങിയ വിയര്‍പ്പുതുള്ളികള്‍ പറയുന്നുണ്ടായിരുന്നു. ആ സമയം സോണി ഞങ്ങള്‍ക്കരികിലേയ്ക്ക് വന്നു.
''ഇത് ഉന്‍ ഫ്രണ്ടാ?'' സോണിയെ നോക്കി അവര്‍ എന്നോട് ചോദിച്ചു. ഞാന്‍ തലയാട്ടി.
''നീങ്കെ രണ്ടാളും റൊമ്പ അഴകായിരുക്ക്.''
ചിരിച്ചുകൊണ്ട് ഞങ്ങള്‍ അവരോട് രണ്ട് ചോളക്കൂമ്പുകള്‍ ആവശ്യപ്പെട്ടു. കടലാസു പെട്ടിയില്‍ നിന്നും രണ്ടു ചുട്ട ചോളക്കൂമ്പുകളെടുത്ത് മുളകുപൊടിയും ഉപ്പും കലര്‍ത്തിയ ലായിനി ഒഴിച്ച് ഞങ്ങള്‍ക്ക് നേരെ നീട്ടി. ഞങ്ങള്‍ കൊടുത്ത കാശ് വാങ്ങിയശേഷം ' നീങ്കെ തെങ്കാശിക് വരുമ്പോത് കണ്ടിപ്പാ എന്‍ വീട്ടുക്ക് വരണം.'' എന്ന് പറഞ്ഞു കൊണ്ട് തിടുക്കത്തില്‍ നടന്നുപോയി. എനിക്കവരോട് വീണ്ടും സംസാരിക്കണമെന്ന് തോന്നി. എന്നെങ്കിലും ഒരിക്കല്‍ തെങ്കാശിക്ക് പോകുമ്പോള്‍ റോഡരികിലോ കോവിലിനു മുന്നിലോ പാടവരമ്പത്ത് വച്ചോ സെമ്പകാക്കയെ കാണുന്നത് വെറുതെ സങ്കല്പിച്ചുകൊണ്ടിരുന്നു. പിന്നെയും ഞങ്ങള്‍ കുറേനേരം കടല്‍ത്തീരത്തെ മരച്ചോട്ടിലിരുന്നു. ഞങ്ങള്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നെങ്കിലും എന്റെ മനസ്സ് അവിടെയായിരുന്നില്ല. മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് പിന്നാലെ പായുന്നവളാണല്ലോ ഞാന്‍. സെമ്പകവും അവരുടെ വേദനകളും എന്റെ മനസ്സില്‍ ഉരുണ്ടു കൂടികൊണ്ടിരുന്നു. അവരുടെ നാടും വീടും മക്കളെയും എന്റെ സങ്കല്‍പ്പത്തില്‍ കൊണ്ടുവന്നു.
''നമുക്ക് പോകാം ഇനിയുമിരുന്നാല്‍ തിരക്ക് കൂടും.'' സോണി പറഞ്ഞു.
ഞങ്ങള്‍ എഴുന്നേറ്റു
''ആദ്യമായി കടല്‍ കണ്ടിട്ട് നിനക്കെന്തു തോന്നുന്നു?'' നടക്കുന്നതിനിടെ അവളെന്നോട് ചോദിച്ചു.
ഞാന്‍ ഒന്നും മിണ്ടിയില്ല ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവളെ നോക്കുകമാത്രം ചെയ്തു. എനിക്കവളോട് അതിരറ്റ സ്‌നേഹം തോന്നി. എന്റെ ഏറെനാളത്തെ ആഗ്രഹമായിരുന്നു അവളിലൂടെ സാധ്യമായിരിക്കുന്നത്. ഞാന്‍ മൗനമായിരുന്നതേ ഉള്ളൂ. ചില നിമിഷങ്ങളെ വാക്കുകളിലേയ്ക്ക് പകര്‍ത്താനാവില്ലല്ലോ. അവളുടെ കൈ പിടിച്ചുകൊണ്ട് ആ കടല്‍മണ്ണിലൂടെ നടക്കുമ്പോള്‍ ഓരോ ചുവട്ടിലും ഞാന്‍ വീഴാതിരിക്കാന്‍ അവളെന്നെ കൂടുതല്‍ മുറുക്കി പിടിച്ചിരുന്നു. തിരക്കേറിയ ആ നടപ്പാതയ്ക്കിരു വശത്തുമായി കച്ചവടക്കാരുടെ നീണ്ട നിരകള്‍ ഉണ്ടായിരുന്നു. അവിടെ കാഴ്ച്ചകള്‍ കണ്ടുകൊണ്ട് ഞങ്ങള്‍ മെല്ലെ നടന്നു. നടപ്പാതയുടെ അല്പമകലെയായി കൊലുസ്സ് വില്‍ക്കുന്ന ഒരു പെണ്‍കുട്ടി ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ രൂപം കണ്ടാല്‍ ഒരുത്തരേന്ത്യക്കാരി ആണെന്ന് തോന്നും. പൂച്ചക്കണ്ണുകളും ചെമ്പന്‍ മുടിയും വിളഞ്ഞ നെല്ലിന്റെ നിറവുമായിരുന്നു അവള്‍ക്ക്. അവളുടെ രൂപവും സൗന്ദര്യവും എന്നെ ഏറെ ആകര്‍ഷിച്ചു. ഞാന്‍ ആ പെണ്‍കുട്ടിയുടെ അടുത്തായി നിന്നു. ഒരു കാല്‍ ഉള്ളിലേയ്ക്ക് വളച്ചും മറ്റേക്കാല്‍ നീട്ടിവച്ചും താഴെ വിരിച്ച ഒരു നീല സില്‍ക്ക് തുണിയില്‍ നിരത്തിവെച്ച കൊലുസ്സുകള്‍ക്ക് പിന്നിലായിരുന്നു. ഞങ്ങളെ നോക്കികൊണ്ട് നിഷ്‌കളങ്കമായി അവള്‍ ചിരിക്കുണ്ടായിരുന്നു. ഒരു കൊലുസ്സ് വാങ്ങാന്‍ എന്റെ മനസ്സ് വല്ലാതെ കൊതിച്ചു. വെള്ളി നിറമുള്ള ഒരു ചെയിനില്‍ കറുത്ത മുത്തുകള്‍ പതിപ്പിച്ച ഒരു കൊലുസ്സ് ഞാന്‍ കയ്യിലെടുത്തു. ഇതാര്‍ക്കാണെന്ന മട്ടില്‍ സോണിയെന്നെ നോക്കുന്നുണ്ടായിരുന്നു.
''ഇതെന്റെ സഹോദരിക്ക് സമ്മാനിക്കാനാണ്.'' ഞാനവളോട് പറഞ്ഞു. കൊലുസ്സ് വാങ്ങി ഞങ്ങള്‍ മുന്നോട്ട് നടന്നു. കൊലുസ്സ് വില്പനക്കാരിയായ ആ പെണ്‍കുട്ടി എന്റെ മനസ്സില്‍ നിറഞ്ഞുനിന്നിരുന്നു. എനിക്കവളുടെയോ അവള്‍ക്കെന്റെയോ ഭാഷ അറിയില്ലായിരുന്നു. അറിയാമായിരുന്നെങ്കില്‍ ഞാനവളോട് സംസാരിക്കുമായിരുന്നു. അത്രമാത്രം അവള്‍ എന്റെ മനസ്സില്‍ പതിഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഞാനെഴുതിയ ചിത്രപ്രദര്‍ശനം എന്ന കവിത ആ പെണ്‍കുട്ടിയെക്കുറിച്ചായിരുന്നു.
''അവളുടെ ബ്ലൗസിന്റെ
മൂന്നാമത്തെ കുടുക്കില്‍നിന്നും
മറ്റൊരുവള്‍ ഇറങ്ങി വരുന്നു''
എന്നെഴുതിയപ്പോള്‍ അവളുടെ വേദനകളില്‍നിന്നും ഞാന്‍ തന്നെ ഇറങ്ങി വരുന്നതായി ആദ്യ കാഴചയിലേ എനിക്ക് തോന്നിയിരുന്നു.
''അവളുടെ കണ്ണിന്റെ വലത്തേകോണില്‍നിന്നും
അരികിലേയ്ക്ക് പടരുന്ന വേദനയുടെ കാട്
അതിനുള്ളില്‍നിന്നും
പുറത്തേയ്ക്ക് കുതിക്കുന്ന
മറവിയുടെ ആട്ടിന്‍പറ്റങ്ങള്‍
എനിക്ക് പിടിതരാതെ കുതറികൊണ്ടിരുന്നു''
ഈ വരികള്‍ ഓരോര്‍മയില്‍നിന്നെന്നപോലെ എന്നിലേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു.
നാളുകള്‍ക്ക് ശേഷം അവളുടെ ഓര്‍മ്മകള്‍ ഒരു കവിതയായി എന്നില്‍നിന്ന് പുറപ്പെടുവാന്‍ തക്കവണ്ണം അവളെന്നെ സ്വാധീനിച്ചിരുന്നു.
ഹോസ്റ്റലിലേയ്ക്കുള്ള മടക്കയാത്രയില്‍ എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. എന്റെ പിന്നിലായിരമ്പുന്ന കടല്‍ എന്റെ ഉള്ളിലും അലയടിക്കുന്നുണ്ടായിരുന്നു. അന്നത്തെ ദിവസം വല്ലാത്തൊരു അനുഭവമായിരുന്നു. അന്ന് രാത്രി ഭക്ഷണശേഷം സോണിയറിയാതെ അവള്‍ക്കായി വാങ്ങിയ പച്ചയും ചുവപ്പും നിറമുള്ള കുപ്പിവളകള്‍ ഞാനവള്‍ക്ക് സമ്മാനിച്ചു. അപ്പോള്‍ അവളുടെ കണ്ണുകളിലെ തിളക്കം ഭൂമിയിലെ ഏറ്റവും മനോഹരമായ ഒന്നായി എനിക്ക് തോന്നി. ഞങ്ങള്‍ ഏറെനേരം സംസാരിച്ചിരുന്നതിനു ശേഷമാണ് അവള്‍ ഉറങ്ങാനായി മുറിയിലേയ്ക്ക് പോയത്. അവള്‍ പോയതും ഞാന്‍ വാതിലിലടച്ചു ഞാന്‍ മാത്രമുള്ള ലോകത്തേയ്ക്ക് കയറി.
എന്റെ കട്ടിലില്‍ വന്നിരുന്നിട്ട് ബാഗില്‍ നിന്നും സഹോദരിക്ക് വേണ്ടിയാണ് എന്ന് പറഞ്ഞു വാങ്ങിയ കൊലുസ്സുകള്‍ ഞാന്‍ കയ്യിലെടുത്തു. സത്യത്തില്‍ അതെനിക്ക് വേണ്ടി തന്നെയായിരുന്നു വാങ്ങിയത്. ഒരു കാലില്‍ മാത്രം കൊലുസ്സിടുന്നതിന്റെ അസ്വാഭാവികത സോണിക്ക് തോന്നാതിരിക്കാന്‍ ഞാന്‍ അവളോട് കള്ളം പറഞ്ഞതായിരുന്നു. കൊലുസ്സിടാനുള്ള കടുത്ത ആഗ്രഹം കൊണ്ട് ഞാന്‍ വാങ്ങിയതായിരുന്നു.
കൊളുത്ത് അകത്തി ഞാനാ കൊലുസ്സ് എന്റെ വലതുകാലില്‍ അണിഞ്ഞു. അതിലെ മൂന്ന് വെള്ളി മണികളുടെ ശബ്ദം എന്റെ കാതുകളില്‍ മുഴങ്ങി. എന്റെ കാല്‍പ്പാദങ്ങള്‍ക്ക് അസാധാരണമാവിധം ഭംഗി തോന്നിയെനിക്ക്. ഒറ്റക്കാലില്‍ കൊലുസ്സണിഞ്ഞു ആ രാത്രി ഏറെനേരം ഞാനാ മുറിക്കുള്ളില്‍ തലങ്ങും വിലങ്ങും നടന്നുകൊണ്ടിരുന്നു. ഓരോ ചുവട് വയ്ക്കുമ്പോഴും എന്റെ കാല്‍പ്പാദത്തില്‍നിന്നും കേള്‍ക്കുന്ന കൊലുസ്സിന്റെ ശബ്ദം എന്നെ ആനന്ദിപ്പിച്ചുകൊണ്ടിരുന്നു. വേറേതോ ലോകത്തെത്തിയപോലെ ഞാന്‍ എന്നെത്തന്നെ മറന്നു. എന്റെ കണ്ണുകളിലുറക്കം വരുന്നത് വരെ സമയബോധമില്ലാതെ കൊലുസ്സ് കിലുക്കി ഞാന്‍ നടന്നുകൊണ്ടിരുന്നു. ചില രാത്രികളില്‍ പുലരുവോളം ഞാന്‍ നടന്നു. നേരം വെളുക്കുമ്പോള്‍ കൊലുസ്സുകളഴിച്ചുമാറ്റിയിട്ട് രാത്രിയാകാന്‍ കാത്തിരിക്കുമായിരുന്നു. ഏതോ നര്‍ത്തകി പരകായപ്രവേശം ചെയ്ത പോലെ കാല്‍പ്പാദങ്ങള്‍ അമര്‍ത്തിചവുട്ടി ഒരുന്മാദിനിയായി ആ മുറിയിലാകെ ഞാന്‍ നടന്നുകൊണ്ടേയിരുന്നു.
(തുടരും)
Content Highlights: remya thuravoor autobiography pathiyatha kalppadukal anklet
Published: 10 Dec 2024, 11:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented