
കുട്ടിയമ്മയുടെ കണ്ണോപ്പറേഷന്‍ കഴിഞ്ഞു. അവര്‍ക്ക് കാഴ്ച തിരിച്ചുകിട്ടിയപ്പോള്‍ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. എന്റെ വിവാഹം നടന്നു കാണണമെന്നതായിരുന്നു അവരുടെ ഏറ്റവും വലിയ ആഗ്രഹം. റാമിന്റെ കാര്യം ഞാന്‍ ആദ്യം പറഞ്ഞതും കുട്ടിയമ്മയുടെ അടുത്തായിരുന്നു. അവരുടെ മുഖത്ത് സന്തോഷം ഉണ്ടായിരുന്നെങ്കിലും എന്തൊക്കെയോ ഒരു ആശങ്ക അവരില്‍ നിറഞ്ഞിരുന്നു. എന്റെ ശാരീരിക പരിമിതികൾ അറിഞ്ഞുകൊണ്ട് സ്വീകരിക്കാന്‍ തയ്യാറുള്ള മനുഷ്യന്‍ ആണോ എന്ന ആശങ്ക അവരില്‍ ഉണ്ടായിരുന്നിരിക്കണം എന്നാലും എന്റെ സന്തോഷമാണ് വലുതെന്നവര്‍ പറഞ്ഞു. അതിനിടയില്‍ എനിക്ക് നിരവധി വിവാഹാലോചനകള്‍ വന്നെങ്കിലും അതൊക്കെയും നിരസിച്ചുകൊണ്ടിരുന്നു. എന്റെ പഠനവും പ്രണയവും കവിതയും പുസ്തകങ്ങളുമായി ജീവിതം നീങ്ങിക്കൊണ്ടിരിക്കുമ്പോഴായിരുന്നു എന്നെ തീരാത്ത വേദനയിലാഴ്ത്തിക്കൊണ്ട് കുട്ടിയമ്മ കിടപ്പിലാകുന്നത്. പെട്ടെന്നൊരു ദിവസം കുഴഞ്ഞുവീണതായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് അറിഞ്ഞത്, വീഴ്ചയ്ക്കുള്ള കാരണം മസ്തിഷ്‌കാഘാതം ആയിരുന്നുവെന്ന്. അതേത്തുടര്‍ന്ന് അവരുടെ ശരീരത്തിന്റെ ഇടതുഭാഗം തളര്‍ന്നുപോയി.
കുട്ടിയമ്മയുടെ വീഴ്ച എന്നെ വല്ലാതെ ഉലച്ചു. അവരുടെ മടിത്തട്ടു പോലെ സുരക്ഷിതമായ ഒരിടം എവിടെയും കിട്ടില്ലെന്നെനിക്കറിയാമായിരുന്നു. കുട്ടിയമ്മയുടെ ചലനശേഷി നഷ്ടപ്പെട്ട കൈകളില്‍ തലോടിക്കൊണ്ട് ഞാന്‍ അവരുടെ കിടയ്ക്കക്കരികില്‍ത്തന്നെയിരുന്നു. ദൈവവിശ്വാസി അല്ലാതിരുന്നിട്ടും കുട്ടിയമ്മയെ ജീവിതത്തിലേയ്ക്ക് മടക്കിത്തരേണമേ എന്ന് ഞാന്‍ എല്ലാ ദൈവങ്ങളോടും പ്രാര്‍ത്ഥിച്ചു. അവരുടെ കണ്ണുകളെ നോക്കി ആശുപത്രി മുറിയില്‍ ഞാന്‍ ഉറങ്ങാതിരുന്നു. കുട്ടിയമ്മയുടെ മുറുക്കാൻകറ പിടിച്ച പല്ലുകാട്ടിയുള്ള ചിരിയായിരുന്നു ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സൗന്ദര്യമുള്ള കാഴ്ച. ഓരോ കോശങ്ങളിലും സ്‌നേഹവും കാരുണ്യവും മാത്രം നിറച്ച അപൂര്‍വമായ ഒരു ജന്മമായിരുന്നു അവരെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത്ര വലുതായിട്ടും രാത്രികളില്‍ അവരുടെ മടിയില്‍ കിടന്ന് കഥകള്‍ പറയാന്‍ ഞാനാവശ്യപ്പെടുമായിരുന്നു. എനിക്കവസാനമായി പറഞ്ഞുതന്ന കഥ ഞാനിപ്പോഴും ഓര്‍ക്കുന്നു. അതൊരു ഒരു ഗര്‍ഭിണിയുടേതായിരുന്നു.
Also Read
''ഒരു ദിവസം രാത്രി കുട്ടിയമ്മയും അപ്പൂപ്പനും ഉറങ്ങാന്‍ കിടക്കുമ്പോള്‍ അപ്പൂപ്പന്‍ കുട്ടിയമ്മയോട് പറഞ്ഞത്രേ: ''എടി കുട്ട്യേ... രണ്ട് പൈതങ്ങടെ കരച്ചില്‍ കേള്‍ക്കണ്ട്, കൊറച്ചുകഴിയുമ്പോള്‍ ഒന്ന് പടിഞ്ഞാറുവരെ പോകേണ്ടിവരും വരും.'' ഇതുകേട്ട് കുട്ടിയമ്മ പറഞ്ഞു ''എന്നിട്ട് ഞാന്‍ കേക്കണില്ലല്ലാ കെടന്നൊറങ്ങാന്‍ നോക്ക് മനുഷ്യാ...വെറുതെ പിച്ചും പേയും പറയാതെ.'' കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വാതിലിലൊരു മുട്ട് കേട്ട് അപ്പൂപ്പന്‍ പറഞ്ഞു; ''അവരായിരിക്കും.''കുട്ടിയമ്മ വാതില്‍ തുറന്നു നോക്കിയപ്പോള്‍ കയ്യില്‍ എരിയുന്ന ഓലച്ചൂട്ടും പിടിച്ചുകൊണ്ട് മൂന്നുപേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. കാര്യം തിരക്കിയപ്പോള്‍ അവരിലൊരാള്‍ പറഞ്ഞത് ''ഞങ്ങള്‍ പള്ളിത്തോട്ടീന്നു വരിയേണ്. എന്റെ മകള് എന്തോ കണ്ട് പേടിച്ചുനിലോളിക്കേണ്. അവക്കാണേല്‍ വയറ്റിലും ഉണ്ട് മാസം തികഞ്ഞിരിക്കേണ്... ശാന്തി ഒന്ന് വന്നു ഓതണം.''
അതുകേട്ട് അത്ഭുതത്തോടെ നോക്കിനില്‍ക്കുന്ന കുട്ടിയമ്മയുടെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് അപ്പൂപ്പന്‍ അവര്‍ക്കൊപ്പം പോയി. അപ്പൂപ്പന്‍ തിരികെ വന്നപ്പോള്‍ നേരം വെളുക്കാറായിരുന്നു. അതുവരെ ഓട്ടുവിളക്കും കത്തിച്ചുവച്ചു കുട്ടിയമ്മ ഉറങ്ങാതിരുന്നു. അപ്പൂപ്പന്റെ അത്ഭുതസിദ്ധിയെകുറിച്ചോര്‍ത്ത് കുട്ടിയമ്മ അഭിമാനം കൊണ്ടു. അപ്പൂപ്പനോട് പോയ കാര്യം തിരക്കിയപ്പോള്‍ അപ്പൂപ്പന്‍ വിശദീകരിച്ചു. അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച ഏകദേശം പത്തിരുപത് വയസ്സ് തോന്നിക്കുന്ന നിറഗര്‍ഭിണിയായ സ്ത്രീ നിര്‍ത്താതെ കൈകാലുകളിട്ടടിച്ചുകൊണ്ട് ഉച്ചത്തില്‍ കരയുന്നതായിരുന്നു. ഏതു നിമിഷവും പ്രസവിച്ചേക്കാവുന്ന തരത്തിലായിരുന്നു അവരുടെ അവസ്ഥ. അപ്പൂപ്പന്‍ ആ സ്ത്രീയുടെ കൈ പിടിച്ചിട്ട് അല്‍പനേരം നിന്നിട്ട് അവരുടെ നെറുകയില്‍ നിന്ന് മൂന്ന് മുടി പിഴുതെടുത്ത് കത്തിച്ചിട്ട് മന്ത്രം ചൊല്ലി ചരട് ജപിച്ച് ആ സ്ത്രീയുടെ കയ്യില്‍ കെട്ടി. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുടെ ശരീരത്തിലെ ബാധ ഇറങ്ങിപ്പോയെന്നും കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അവര്‍ ഇരട്ടകുട്ടികളെ പ്രസവിക്കുകയും ചെയ്തു എന്ന് പറയുമ്പോള്‍ കുട്ടിയമ്മയ്ക്ക് തന്റെ ഭര്‍ത്താവിനെകുറിച്ചോര്‍ത്ത് അത്ഭുതവും അഭിമാനവും തോന്നി. ഈ കഥ എന്നോട് പറയുമ്പോള്‍പോലും അവരുടെ കണ്ണുകളില്‍ അത് തുളുമ്പി നിന്നു.
കുട്ടിയമ്മ പറയുന്ന ഇത്തരം കഥകള്‍ എന്റെ യുക്തിബോധവുവായി നിരന്തരം സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടുമായിരുന്നെങ്കിലും. ആ കഥകളും അതിലെ സങ്കല്‍പലോകവും ഞാന്‍ അത്രയും ഇഷ്ടപ്പെട്ടിരുന്നു. ഒരുപക്ഷെ എന്റെ ഉള്ളിലെ കഥകളുടേയും കവിതകളുടെയും ഉറവ പൊട്ടിയത് അവിടെ നിന്നായിരിക്കണം.
ചലനശേഷി നഷ്ടപ്പെട്ട കുട്ടിയമ്മയുടെ കാലുകളില്‍ തൊട്ട് അവരോടൊപ്പമുള്ള ഓര്‍മകളിലൂടെ ഞാന്‍ പിന്നിലേയ്ക്ക് ഒഴുകിക്കൊണ്ടിരുന്നു. ഇടയ്ക്കിടെ ജലോപരിതലത്തില്‍ വന്നു ശ്വാസമെടുക്കുന്ന ചില്ലുകൂട്ടിലിട്ട മീന്‍കുഞ്ഞുങ്ങളെപ്പോലെ വല്ലപ്പോഴും മാത്രമായിരുന്നു ഞാന്‍ യഥാര്‍ത്ഥ ലോകത്ത് എത്തിയിരുന്നുള്ളൂ. കുട്ടിയമ്മ എന്റെ മരക്കാലിനെ കൊഞ്ചിക്കാറുണ്ടായിരുന്നതുപോലെ അവരുടെ തളര്‍ന്ന കാലുകളെ തൊട്ടും തലോടിയും ഞാന്‍ അവരുടെ കട്ടിലിന്റെ അരികില്‍ത്തന്നെയിരുന്നു. അവര്‍ക്ക് എന്ത് പ്രായമുണ്ടായിരുന്നെന്നു എനിക്കറിയില്ലായിരുന്നു പലപ്പോഴും ഞാന്‍ ചോദിച്ചിട്ടുണ്ടായിരുന്നെങ്കിലും ഓരോ തവണ പറയുമ്പോഴും ഒന്നോ രണ്ടോ വയസ്സ് വ്യത്യാസം ഉണ്ടായിരിക്കും. ഏതോ ഒരു മകരമാസത്തിലെ വെള്ളപ്പൊക്കത്തിന് ശേഷമായിരുന്നു കുട്ടിയമ്മ ജനിച്ചതെന്ന് അവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അവര്‍ക്കോ അവരുടെ അച്ഛനമ്മമാര്‍ക്കോ പോലും അറിയില്ല എന്നതായിരുന്നു സത്യം. കുട്ടിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഇരുപ്പത്തിരണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഡോക്ടര്‍ അച്ഛനെ വിളിച്ചു പറഞ്ഞത് ''ഇനി പ്രതീക്ഷ വയ്ക്കേണ്ടതില്ല. ഇത്രയും പ്രായമായില്ലേ ഇനി ഒന്നും ചെയ്യാനില്ല വീട്ടിലേയ്ക്ക് കൊണ്ടുപൊയ്ക്കോളൂ. അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കൂ''എന്നായിരുന്നു. വീട്ടിലേയ്ക്ക് കൊണ്ടുവന്ന ദിവസം മുതല്‍ അമ്മയും ഞാനും ചിറ്റയും (അമ്മയുടെ അനിയത്തി) ചിറ്റയുടെ മകള്‍ അഭിയും കുട്ടിയമ്മയുടെ മുറിയിലായിരുന്നു ഉറങ്ങിയിരുന്നത്. ഏതു നിമിഷവും മരണം സംഭവിക്കാവുന്ന കുട്ടിയമ്മയെ നോക്കി ഞങ്ങളിരുന്നു. മുകളിലേയ്ക്ക് മാത്രം നോക്കി ഒരേ കിടപ്പ് കിടക്കുമ്പോള്‍ അവരുടെ കണ്ണിന്റെ ഇരുകോണുകളില്‍നിന്നും കണ്ണുനീരൊഴുകുമായിരുന്നു. ഞാനത് തുണികൊണ്ട് ഒപ്പി. ബന്ധുക്കളോരോരുത്തരായി വരുന്നതും ആ അവസ്ഥയില്‍ കുട്ടിയമ്മയെ കാണുന്നതും ഞാന്‍ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. അവരെ കാണാന്‍ വരുന്നവരൊക്കെ എന്നെ നോക്കി നെടുവീര്‍പ്പിടുന്നതും ഞാന്‍ അങ്ങേയറ്റം വെറുത്തു.
ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി നാലാമത്തെ ദിവസം ഏകദേശം അര്‍ധരാത്രിയോടടുത്തപ്പോള്‍ കുട്ടിയമ്മ എന്തൊക്കെയോ ശബ്ദമുണ്ടാകുന്നത് കേട്ടാണ് ഞങ്ങളുണര്‍ന്നത്. നോക്കുമ്പോള്‍ കുട്ടിയമ്മ എന്തൊക്കെയോ ശബ്ദങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. കണ്ണുകള്‍ മിഴിഞ്ഞു വാ തുറന്ന അവസ്ഥയില്‍ അവര്‍ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അവരുടെ വായയുടെ ഒരു കോണില്‍ നിന്നും രക്തമൊഴുകുന്നുണ്ടായിരുന്നു. ഞങ്ങള്‍ പരിഭ്രമപ്പെട്ട് കുട്ടിയമ്മയുടെ അടുത്തേയ്ക്ക് ചേര്‍ന്നിരുന്നു. കുട്ടിയമ്മ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ നിമിഷത്തെ ഉള്‍ക്കൊള്ളാന്‍ എനിക്കാകുമായിരുന്നില്ല. അവരീ ഭൂമിയില്‍ ഇല്ലെങ്കില്‍ പിന്നെ ഞാന്‍ എന്തുചെയ്യും എന്നായിരുന്നു എന്റെ ചിന്ത. ഞാന്‍ കുട്ടിയമ്മയുടെ കൈകളില്‍ തൊട്ടു. കുട്ടിയമ്മയുടെ കൈവിരലുകള്‍ നന്നായി തണുത്തിരുന്നു. അവരുടെ തൊലിപ്പുറങ്ങളിലൂടെ തണുപ്പ് അരിച്ചുകയറുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. കുട്ടിയമ്മ എന്റെ കൈകളില്‍ മുറുക്കെപ്പിടിച്ചുകൊണ്ട് അടുത്തിരുന്ന അമ്മയുടെ ശരീരത്തിലേയ്ക്ക് ചോര ഛര്‍ദിച്ചു. അത് കണ്ടുനില്‍ക്കാനാകാതെ അഭി (അമ്മയുടെ അനിയത്തിയുടെ മകള്‍) കരഞ്ഞുകൊണ്ട് കണ്ണുകള്‍ ഇറുക്കിയടച്ചു. മരണം അവരിലേയ്ക്ക് ഇരമ്പിക്കയറുന്നത് ഞാന്‍ നോക്കി നിന്നു. മൂന്നാമത്തെ ഊര്‍ദ്ധന്‍ വലിച്ചതും അവരുടെ കണ്ണുകള്‍ മെല്ലെയടഞ്ഞു. അമ്മയുടെയും ചിറ്റയുടെയും നിലവിളി ഉച്ചത്തിലായി. എനിക്ക് വല്ലാതെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. നിലവിളി കേട്ട് അയല്പക്കത്തെ വീടുകളില്‍ നിന്നും ആളുകള്‍ ഓടിക്കൂടി. അതൊരു മരണവീടായി മാറി. എനിക്കാകെ ഒരു തരം മരവിപ്പായിരുന്നു. കുട്ടിയമ്മ തിരികെ സ്വാഭാവിക ജീവിതത്തിലേയ്ക്ക് മടങ്ങിവരില്ലെന്ന് അറിയാമായിരുന്നെങ്കിലും അവരുടെ മരണത്തെക്കുറിച്ചു ഞാന്‍ ചിന്തിക്കാറേയില്ലായിരുന്നു. അതെന്നെ അത്രത്തോളം അരക്ഷിതയാക്കുമായിരുന്നു. ഈ ലോകത്ത് ഞാന്‍ അനാഥയായിരിക്കുന്നു എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു. പിന്നീട് അവരുടെ തണുത്തുമരവിച്ച ശരീരത്തില്‍ ഞാന്‍ തൊട്ടില്ല. എന്റെ ഏക ആശ്രയവും ആശ്വാസവുമായിരുന്ന അവരുടെ ശരീരത്തിലെ ചൂട് നഷ്ടപ്പെട്ടുകഴിഞ്ഞു. അതില്ലാത്ത കുട്ടിയമ്മയുടെ മരവിച്ച ശരീരത്തെ നോക്കുമ്പോഴൊക്കെ എന്റെ ഹൃദയം നുറുങ്ങി. അവരുടെ ശരീരം ചിതയില്‍ വച്ചപ്പോഴും അതില്‍ തീ പടരുമ്പോഴും എന്റെ ശരീരം ചുട്ടുപഴുത്തു. എന്നെ തലോടുന്ന അവരുടെ വിരലുകള്‍ക്ക് തീപിടിക്കുന്നതോര്‍ത്തപ്പോള്‍ ഞാന്‍ വെന്തുപൊള്ളി. ഞാന്‍ കിടക്കാറുള്ള അവരുടെ മടിത്തട്ടിലെ തുടകളില്‍ നിന്നും മാംസം പൊള്ളിയടര്‍ന്നു വീഴുന്നത് ഞാനോര്‍ത്തു. എനിക്ക് സമനില തെറ്റി. എനിക്ക് ചുറ്റുമുള്ള മനുഷ്യരൊക്കെ പ്രേതരൂപങ്ങളായി ചുറ്റും നീങ്ങുന്നതുപോലെ തോന്നി. കുട്ടിയമ്മയുടെ ചിത കത്തിത്തീര്‍ന്നപ്പോള്‍ അവരുടെ ചുട്ടുപഴുത്തതും ചാരമായതുമായ അസ്ഥിക്കഷ്ണങ്ങള്‍ നോക്കി ഞാനിരുന്നു. അതില്‍നിന്നും ഉയര്‍ന്നു പൊങ്ങുന്ന പുകച്ചുരുളിനുള്ളില്‍ അവരുടെ മണം തേടി ഒരു വളര്‍ത്തുനായയെപ്പോലെ ഞാന്‍ പരതി. കുട്ടിയമ്മയുടെ മുറിക്കും കട്ടിലിനും മറ്റൊരു രൂപം പ്രാപിച്ചു കഴിഞ്ഞിരുന്നു. അവരുടെ പായും തലയിണയും പുതപ്പുമെല്ലാം ബന്ധത്തിലുള്ള ഒരു സ്ത്രീ മറ്റൊരിടത്തിട്ട് കത്തിക്കുന്നത് കണ്ടപ്പോള്‍ അവരുടെ കഴുത്തുഞെരിച്ചു ശ്വാസം മുട്ടിച്ചു കൊല്ലാനുള്ള ദേഷ്യം തോന്നി. അന്നുരാത്രി കുട്ടിയമ്മയുടെ ഓര്‍മകളില്‍ പുതഞ്ഞുകിടക്കുകയായിരുന്നു ഞാന്‍. അവര്‍ മരിക്കുന്നതും അവസാന നിമിഷം എന്തോ പറയാന്‍ ശ്രമിച്ചിരുന്നതുമെല്ലാം എന്റെ ഓര്‍മയിലേയ്ക്ക് വന്നു. മരണത്തെക്കുറിച്ചു മാത്രമായിരുന്നു എന്റെ ചിന്ത. ഒരിക്കല്‍ മരണമെന്നത് എന്നെ ഏറെ മോഹിപ്പിച്ചിരുന്ന ഒന്നായിരുന്നു. മരിക്കാനായുള്ള നിരവധി ശ്രമങ്ങള്‍ നടത്തി പരാജയപ്പെട്ടവള്‍ ആയിരുന്നല്ലോ ഞാന്‍. മരണത്തെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പ് പോലെ സങ്കീര്‍ണമായ ഒന്നുമില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാന്‍ എന്റെ കൈത്തണ്ടയില്‍ മെല്ലെ തടവി. ഒരിക്കല്‍ മരണത്തെ പ്രണയിച്ചതിന്റെ സ്മാരകരൂപങ്ങള്‍ എന്റെ ഞരമ്പിനുമുകളിലായി തിണര്‍ത്തു കിടന്നിരുന്നു .
തുടര്‍ന്നുള്ള ദിവസങ്ങള്‍ ഞാന്‍ കടുത്ത വിഷാദിയായിരുന്നു കുട്ടിയമ്മയുടെ മരണം എന്നിലുണ്ടാക്കിയ ശൂന്യത അത്രത്തോളമായിരുന്നു. ഇത്രമേല്‍ ഒരു മരണവും എന്നെ വേട്ടയാടിയിട്ടില്ല. രാത്രികള്‍ കടിച്ചു കുടഞ്ഞു പകലിലേയ്ക്കും പകലുകള്‍ അതിന്റെ തീ നാവുകള്‍കൊണ്ട് നക്കിത്തുടച്ചു രാത്രിയിലേയ്ക്കും എന്നെ ദയാരഹിതമായി എടുത്തെറിഞ്ഞുകൊണ്ടിരുന്നു.
കുട്ടിയമ്മയുടെ കട്ടിലിനു താഴെ രണ്ടിരുമ്പ് പെട്ടികള്‍ ഉണ്ടായിരുന്നു. ഒന്നില്‍ അപ്പൂപ്പന്റെ പൂജാപാത്രങ്ങളും നാരായവും ചെമ്പും വെള്ളിയും തകിടുകളും രണ്ടു പേനാക്കത്തിയുമായിരുന്നു. മറ്റൊന്നില്‍ കുട്ടിയമ്മയുടെ സെറ്റും നേര്യേതും കെട്ടുബോഡിയും ബ്ലൗസുകളും തോര്‍ത്തും കൈലിമുണ്ടും പുതപ്പുമൊക്കെയായിരുന്നു. അസാധാരണമായ രണ്ടു ജീവിതങ്ങളുടെ ബാക്കിയായ ഓര്‍മകളെ അടച്ചുവെച്ച് അവയ്ക്ക് നടുവിലിരിക്കുന്ന പെണ്‍കുട്ടിയാണ് ഞാന്‍ ഇപ്പോഴും. ഒരിക്കലും പുറപ്പെടാത്ത ആവിയന്ത്രം പോലെ ആ ഇരുമ്പു പെട്ടികള്‍ക്കിടയിലെ പാളത്തിനുള്ളില്‍ തലയറ്റു കിടപ്പാണ് ഞാന്‍ ഇന്നും.
(തുടരും)
Content Highlights: remya thuravoor autobiography pathiyatha kalppadukal
Published: 28 Jan 2025, 12:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented