താമസിക്കുന്ന ആറാം നിലയിലെ ബാൽക്കണിയിൽ നിന്നുകൊണ്ട് ഞാൻ കഴിച്ചുകൊണ്ടിരുന്ന പേരക്കായുടെ ബാക്കി താഴെ പാർക്കിലെ പുല്ലിൽ പുഴുക്കളെ തിരഞ്ഞുതിന്നുകൊണ്ടിരുന്ന പ്രാവുകൾക്കെറിഞ്ഞുകൊടുത്തപ്പോഴാണ് മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത്. പേരക്കാക്കഷണം ഞാൻ എറിഞ്ഞത് ഒരു പെൺപ്രാവിനെ ശല്യപ്പെടുത്തിക്കൊണ്ടിരുന്ന ആൺ പ്രാവിന്റെ ശ്രദ്ധ തെറ്റിക്കാൻ കഴിയുമോ എന്ന ഉന്നം വെച്ചായിരുന്നു. എന്നാൽ എൻ്റെ ഉദ്ദേശത്തെ പരാജയപ്പെടുത്തി മധ്യവയസ്കനെന്ന് തോന്നിപ്പിച്ച പ്രാവ് കറുത്ത നിറമുണ്ടായിരുന്ന പെൺപ്രാവിനെ ബലാൽസംഗം ചെയ്‌തു. ആറാം നിലയിലെ ബാൽക്കണിയിൽ നിന്ന് ഞാൻ ആ പ്രാവിനോട് ഉച്ചത്തിൽ വിളിച്ചു ചോദിച്ചു, 'കോകിലാ...നീ എന്തിന് അതനുവദിച്ചു കൊടുത്തു ? നിനക്ക് പറന്നു പോയ്കൂടായിരുന്നില്ലേ?' അതു കേൾക്കാത്ത മട്ടിൽ അവൾ ഞാനെറിഞ്ഞു കൊടുത്ത പേരക്കാമുറി കഴിച്ചു, എന്നിട്ട് പറന്നുപോയി. അകലെയേതോ പച്ചപ്പിൽ ആ പേരക്കായുടെ കുരു അവൾ കാഷ്ഠിക്കും. അവിടെ ഒരു പേരമരം വളരും. എൻ്റെ മകന് ഉണ്ടാകേണ്ടിയിരുന്ന കുഞ്ഞുങ്ങൾ ഭാവിയിലെ ഒരു നവംബറിൽ ആ മരത്തിലെ പേരക്ക കഴിക്കുന്നതെക്കുറിച്ച് ഞാൻ ആലോചിച്ചു. ബാൽക്കണിയിൽ എൻ്റെ ഉടൽ ഒരു ചൂഴ് നിലയായി.
ബാൽക്കണിയിൽ നിന്ന് തിരികേ മുറിയിലെത്തി പത്രം വായിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു എന്തുകൊണ്ടായിരിക്കാം മേതിൽ രാധാകൃഷ്ണൻ എഴുത്തച്ഛനെപ്പോലൊരാളെ നിത്യാധുനികനെന്ന് വിളിച്ചതെന്ന്. ഹരിനാമകീർത്തനമെഴുതിയ എഴുത്തച്ഛൻ എന്ന് മേതിൽ ഊന്നിപ്പറഞ്ഞതായും എവിടെയോ വായിച്ചു. ഹരിനാമകീർത്തനം എഴുത്തച്ഛനാണോ എഴുതിയതെന്ന് തർക്കമുണ്ടല്ലോ. അങ്ങനെയൊരു തർക്കമുണ്ടല്ലോ എന്നൊരിക്കൽ ഞാൻ ബാലചന്ദ്രൻ ചുള്ളിക്കാടിനോട് ചോദിച്ചപ്പോൾ കവി പറഞ്ഞ മറുപടി 'ഹരിനാമകീർത്തനം എഴുതിയ ആളാണ് എഴുത്തച്ഛൻ' എന്നാണ്. ആ സൂക്ഷ്മബുദ്ധിയുടെ യുക്തിയിൽ ഞാൻ ആഹ്ളാദിച്ചു. കമ്പ്യൂട്ടറുകൾ അക്ഷരങ്ങളും വാക്കുകളും സംഖ്യകളും മനുഷ്യൻ വായിക്കുന്നതുപോലെയല്ല മനസ്സിലാക്കുന്നത്. മലയാളിയുടെ അക്ഷരമാലാക്രമത്തെ അടിസ്ഥാനമാക്കി അദ്വൈതത്തെ ഡീകോഡ് ചെയ്ത ഹരിനാമകീർത്തനത്തിൽ എഴുത്തച്ഛൻ അപാരമായ പ്രോഗ്രാമിങ്ങാണ് ചെയ്തത്. മനുഷ്യന്റെ ഭാഷാവ്യാകരണത്തിന് കംപ്യൂട്ടറിന്റെ വ്യാകരണവുമായി ബന്ധമില്ലെങ്കിലും 'ഉടൽ ഒരു ചൂഴ്‌നില' എന്ന കഥയിൽ മേതിൽ ഇത്തരം എങ്കിലുകളെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ട് :
' വരാനിരിക്കുന്നതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നതും പ്രോഗ്രാമിങ്ങിൽ തുടക്കക്കാരെ പേടിപ്പിക്കുന്നതുമായ കുരുക്കാണത്, (എങ്കിലുകൾ). പക്ഷേ ഞാൻ തുടക്കക്കാരനല്ല, ഒടുക്കങ്ങൾ കുറിക്കുന്നവനാണ്. എനിക്കറിയാമായിരുന്നു ഒരു ഫ്ലോ ചാർട്ടിൽ മൂർത്തമാകുന്ന വിപര്യയത്തിലേക്ക് അവൾ വരും. വിചാരണ കാത്ത് തടവിൽ കഴിയുന്ന തേവരെ കാണാൻ. വെറും കൗതുകം മൂലമാവാം, നന്ദി പ്രകടിപ്പിക്കാനാവാം, അല്ലെങ്കിൽ അബോധപൂർവം 'പ്രവാഹലേഖയെ' (flowchart)പിന്തുടർന്നാവാം. എങ്ങനെയായാലും കോകില വരും. ഞാനത് മുൻകൂട്ടി കണ്ടു, സമ്മതിക്കുന്നു, അപകടം പിടിച്ചൊരു ബൂളിയൻ എക്സ്പ്രഷൻ ഇതിലുണ്ട്'.

ബൂളിയൻ എക്സ്പ്രഷൻ (Boolean Expression) എന്നത് കമ്പ്യൂട്ടർ സയൻസിലും പഴയ ഗണിതശാസ്ത്രത്തിലും ഉപയോഗിക്കുന്ന ഒരു യുക്തിപരമായ പ്രസ്താവനയാണ്. അതിന്റെ മൂല്യം രണ്ട് സാധ്യതകളിൽ ഒന്ന് മാത്രമായിരിക്കും: ശരി (True അഥവാ 1), തെറ്റ് (False അഥവാ 0).

ഹരിനാമകീർത്തനത്തിന്റെ രചനാശാസ്ത്രത്തിൽ ഇല്ലാത്തയൊന്നാണ് ശരി / തെറ്റ് എന്ന ദ്വന്ദം. അദ്വൈതത്തിന്റെ പ്രത്യേകതയാണത്. രണ്ടില്ല അവിടെ. എന്നിട്ടും മേതിലിനെ അത്ഭുതപ്പെടുത്തുന്നുണ്ട് ആ കൃതി. മേതിൽ സമയകല എന്നു വിളിച്ച സംഗീതവുമായി ബന്ധപ്പെടുത്തി വിഷമം പിടിച്ച ഒരക്ഷരത്തെ എങ്ങനെ എഴുത്തച്ഛൻ ഹരിനാമകീർത്തനത്തിൽ ആശ്ലേഷിച്ചു എന്നു നോക്കൂ. എല്ലാ മലയാള അക്ഷരങ്ങളിലും, അക്ഷരമാലാക്രമത്തിൽ ശ്ലോകങ്ങൾ എഴുതിവന്ന എഴുത്തച്ഛൻ 'ഠ' യിലെത്തി.

'ഠായങ്ങൾ ഗീതമിവ നാദപ്രയോഗമുട-
നേകശ്രുതീങ്കലൊരുമിക്കുന്നപോലെയുമി-
തേകാക്ഷരത്തിലിതടങ്ങുന്നു സർവ്വവുമി-
താകാശസൂക്ഷ്മതനു നാരായണായ നമഃ'

(വ്യാഖ്യാനം : പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ : ഠായങ്ങൾ എന്നാൽ സംഗീതത്തിലെ ഗമകങ്ങൾ. സംഗീതത്തിലെ ഗമകങ്ങൾ രാഗം തന്നെയായിരിക്കുന്നതുപോലെയും വിവിധതരത്തിലുള്ള നാദങ്ങളുടെ പ്രയോഗം ഒരേ സ്വരത്തിൽ ഏകീഭവിക്കുന്നതുപോലെയും ഏകാക്ഷരത്തിൽ ഇക്കാണുന്ന പ്രപഞ്ചം മുഴുവൻ ഉൾക്കൊണ്ടു നിൽക്കുന്നു. ആ പരമാത്മാവാകട്ടെ, ആകാശം പോലെ സൂക്ഷ്മരൂപിയാണ്.)

To advertise here,

 

മേതിൽ കഥകളുടെ ആകാശസൂക്ഷ്മതനുവാണ് അവയെ മലയാളത്തിൽ അനന്യമായി നിലനിർത്തുന്നത്. അതിൻ്റെ ഏറ്റവും നല്ല ഉദാഹരണങ്ങളിൽ ഒന്നായ 'ഉടൽ ഒരു ചൂഴ്‌നില' യാണ് ഈ ലക്കം ആഴ്ചപ്പാടുകളിൽ എൻ്റെ ചിന്തയെ മുന്നോട്ടുകൊണ്ടുപോകുന്നതോ ചിതറിപ്പിക്കുന്നതോ ആയ പ്രേരണ.

ഹരിനാമകീർത്തനത്തിൽ എഴുത്തച്ഛൻ വിവിധ വിപരീതങ്ങളെ ഒരുമിച്ചുകൊണ്ടുവന്ന് ഏകശ്രുതിയിൽ ഒരുമിപ്പിക്കുന്നു എന്ന ശ്രദ്ധയാണ് പുലർത്തിയതെങ്കിൽ മേതിലിൽ ശ്രദ്ധ ആവേശിക്കപ്പെടുന്നത് എഴുതുന്നു എന്ന പ്രക്രിയയിലാണ്. ആ ക്രിയയുടെ അവാന്തരഫലം മാത്രമാണ് ആ രചനയിലെ സൂക്ഷ്മശ്രുതിയുടെ ഏകാഗ്രതയും ഭംഗിയും.

ഹരിനാമകീർത്തനത്തിൽ വിപരീതങ്ങളെ ഏകാഗ്രത്തിൽ കോർക്കുന്ന വിദ്യ സൂചിപ്പിക്കുവാൻ ഒരു ഭാഗം മാത്രം ഇവിടെ നൽകാം . വിഷ്ണു ചെയ്ത രണ്ടു വിപരീതങ്ങളെക്കുറിച്ചു പറഞ്ഞിട്ട് രണ്ടും ഒന്നുതന്നെയെന്നാണ് പറയുന്നത് :

ചമ്മട്ടിപൂണ്ടു കടിഞ്ഞാണും മുറുക്കിയുട-
നിന്ദ്രാത്മജന്നു യുധി തേർപൂട്ടിനിന്നു ബത!
ചെമ്മേ മറഞ്ഞൊരു ശരം കൊണ്ടുകൊന്നതുമൊ-
രിന്ദ്രാത്മജന്നെ ഹരി നാരായണായ നമഃ

(ഇന്ദ്രൻ്റെ ഒരു മകനുവേണ്ടി (അർജുനനുവേണ്ടി) യുദ്ധത്തിൽ നീ തേർ തെളിച്ചു നിന്നു. അതേ സമയം തന്നെ ഇന്ദ്രൻ്റെ മറ്റൊരു മകനെ (ബാലി) യെ ഒളിയമ്പെയ്തു കൊന്നതും നീ തന്നെ )

ഈ വിദ്യയല്ല 'ഉടൽ ഒരു ചൂഴ്‌നില'യുടെ പ്രവാഹലേഖ. എന്നാൽ ഹരിനാമകീർത്തനത്തിലെ രചനാധിഷണ അതിലെ ആശയലോകത്തേക്കാൾ മേതിൽ രാധാകൃഷ്ണനെ ആകർഷിക്കുന്ന ഒന്നായി നിലനിൽക്കുന്നതും നാം ശ്രദ്ധിക്കണം.

ശ്രദ്ധയാണ് മേതിലിന്റെ സ്വക്ഷേത്രബലം. കഠോപനിഷത്തിൽ നചികേതസ്സിൽ ശ്രദ്ധ ആവേശിച്ചപ്പോഴാണ് അയാൾ അച്ഛനെ ചോദ്യം ചെയ്തത്. മേതിൽ മലയാളത്തിലെ സർഗ്ഗലോകശീലങ്ങളെ യൗവ്വനത്തിൽ ചോദ്യം ചെയ്തത് ശ്രദ്ധ ആവേശിച്ചപ്പോഴാണ്. ശ്രദ്ധ ആവേശിച്ചപ്പോഴാണ് എഴുത്തച്ഛനും വിപ്ലവകരമായ നാലു വരികൾ ഹരിനാമകീർത്തനത്തിൽ എഴുതിച്ചേർത്തത് :

' ഋതുവായപെണ്ണിനുമിരപ്പവനും ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്തഭൂസുരനും
ഹരിനാമകീർത്തനമിതൊരുനാളുമാർക്കുമുട-
നരുതാത്തതല്ല ഹരി നാരായണായ നമഃ'

(വ്യാഖ്യാനം : പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ : മാസമുറ ആചരിച്ച് പുറത്തുമാറിയ സ്ത്രീക്കും, തെണ്ടിനടക്കുന്നവനും, ശവം ദഹിപ്പിക്കുന്ന ജോലി ചെയ്യുന്നവനും, യാഗാദി കർമ്മങ്ങൾ ചെയ്ത് ആഢ്യനായിക്കഴിയുന്ന ബ്രാഹ്മണനും, എന്നുവേണ്ട ആർക്കും ഒരിക്കലും ഹരിനാമകീർത്തനം എന്ന ഈ കൃതി നിഷേധിക്കപ്പെട്ടിട്ടില്ല).

ഇത്തരം അലോസരപ്പെടുത്തലുകൾ മേതിലിലെ പ്രോഗ്രാമിങ്ങ് ആണ്. 'ഉടൽ ഒരു ചൂഴ്‌നില'യിൽ ഇങ്ങനെ പറയുന്നുണ്ട്:

'ഇവിടെ ഞാൻ പ്രവേശിക്കുന്നു. എനിക്കൊരു ഇതിവൃത്തമുണ്ടായിരുന്നു. ഒരു ഫ്ലോ ചാർട്ടിലെന്നതുപോലെ ഞാനതു പിന്തുടരുകയായിരുന്നു. തിരിഞ്ഞുമറിഞ്ഞ് നിശ്ചിതത്വത്തോടടുക്കുന്ന ആകസ്മികതകൾ, വ്യാസം ചുരുങ്ങിച്ചുരുങ്ങിവരുന്ന സാധ്യതകളുടെ വലയം, ഇങ്ങനെ ചിലതെല്ലാം എന്നെ ഒരു ഘട്ടത്തിലേക്ക്, പ്രസക്തിയിലേക്ക്, പടിപടിയായി നയിക്കുകയായിരുന്നു.'

ഈ വാചകങ്ങളെ കഥയുടെ ഉൾക്കരുത്തിൻ്റെ കിനാവള്ളിപ്പിടുത്തത്തിൽ നിന്ന് പുറത്തുകടക്കാൻ ഞാൻ അനുവദിക്കുകയാണ്. എന്നിട്ട് അവയെ മേതിലിന്റെ തച്ചിലേക്ക്, അതിൻ്റെ syntax ആയി വർത്തിക്കുവാൻ ഞാൻ വിടുകയാണ്. മേതിലിന്റെ കഥകളിലെല്ലാം തന്നെ ശബ്ദത്തിൽ അർത്ഥമെന്നോണം ഇത്തരം മന്ത്രങ്ങൾ, ഒന്നോ രണ്ടോ വരികൾ, കണ്ടെത്താവുന്നതാണ്. ഒരു ഫ്ലോ ചാർട്ടിലെന്നതുപോലെ മേതിൽ അതിനെ പിന്തുടരുകയായിരുന്നു. ഉദാഹരണത്തിന്:

'ഇവിടെയോ പരിസരങ്ങളിലോ താൻ ഉണ്ടാകില്ലെന്ന് സ്ഥാപിക്കാൻ വേണ്ടി മാത്രം ഇറങ്ങിപ്പോകുന്നൊരാൾ. സത്യത്തിൽ, ഇത്രമേൽ ശാഠ്യത്തോടെ തൻ്റെ ചിത്രങ്ങളിൽ ഇടപെടുന്നൊരു സംവിധായകൻ വേറെയില്ല. നീ പറയുമോ, അത്തരം ഒരു ഹിച്കോക്കാണ് എൻ്റെ കവിതകളിലെ ദൈവമെന്ന് ? അലക്ഷ്യമായി കയറിയിറങ്ങിപ്പോയാലും ആത്യന്തികമായി എന്തിനെയും പിടിച്ചുലയ്ക്കുകയും എല്ലാം കർശനമായി നിയന്ത്രിക്കുകയും ചെയ്യുന്ന ഒരാളാണ് അതെന്ന് ? ഹിച്കോക്ക് ഏകാധിപതിയാണ്' (ഹിച്കോക്കിന്റെ ഇടപെടൽ )

മേതിലിന്റെ ഈ പ്രവാഹലേഖ എങ്ങനെയാണ് ആ സർഗ്ഗപ്രതിഭയുടെ സഹായിയായി വർത്തിച്ചത് ? ഒരു ഫ്ലോചാർട്ട് (Flowchart) എന്നത് ഒരു അൽഗോരിതത്തിന്റെയോ പ്രോഗ്രാമിന്റെ യുക്തിസഹമായ പ്രവർത്തനക്രമത്തിന്റെയോ ദൃശ്യാവിഷ്കാരമാണ്. ഇതിനായി അംഗീകൃതമായ ജ്യാമിതീയ രൂപങ്ങളും അമ്പടയാളങ്ങളും ഉപയോഗിച്ച് പ്രവർത്തനങ്ങൾ ഓരോ ഘട്ടത്തിലും ഏത് ക്രമത്തിലാണ് നടക്കുന്നതെന്ന് വ്യക്തമാക്കുന്നു.

ഒരു വരി കോഡ് പോലും എഴുതിത്തുടങ്ങുന്നതിനു മുമ്പ്, കടലാസിലോ കമ്പ്യൂട്ടർ സ്ക്രീനിലോ ഒരു പ്രോഗ്രാമിന്റെ പ്രവർത്തനക്രമം രൂപകൽപ്പന ചെയ്യാനും പരിശോധിക്കാനും ഫ്ലോചാർട്ടുകൾ ഡെവലപ്പർമാരെ സഹായിക്കുന്നു. ഇതുവഴി പ്രോഗ്രാമിന്റെ ഘടനാപരമായ പിഴവുകൾ കുറയ്ക്കാനും സാധിക്കുന്നു. മേതിലിനെ സംബന്ധിച്ചിടത്തോളം തന്നിലെ സർഗാത്മകനായ മനുഷ്യന്റെ മനസ്സിനെ ഭാഷയിൽ ഇതുവരെ പരിചിതമല്ലാതിരുന്ന ഒരു ചിന്താസൂത്രണമാർഗത്തിനോട് സമരസപ്പെടുത്താനുള്ള ജൈവപദ്ധതിയായി അത്.

കേരളപ്പിറവിയുടെ എഴുപതാം വാർഷികവേളയിലാണ് മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത്. അറുപതാം വാർഷികവേളയിൽ എൻ. എസ്. മാധവൻ മലയാളഭാഷയിലെ എണ്ണം പറഞ്ഞ അറുപതു കഥകൾ സമാഹരിച്ചപ്പോൾ അതിൽ ഉൾപ്പെടുത്തിയ മേതിൽ കഥ 'കയറിന്റെ അറ്റം' ആയിരുന്നു. അസാധാരണ മികവുള്ള കഥയാണത്. ഡിലൻ തോമസ് ഇന്ദ്രജാലക്കാരനായിരുന്നില്ല, കവിയായിരുന്നു. എന്നിട്ടും ജാലവിദ്യയ്ക്കിടയിൽ തിരോഭവിക്കുന്ന പന്തുകളെയും പിഞ്ഞാണങ്ങളെയും പോലുള്ള വസ്തുക്കളെക്കുറിച്ചുള്ള സൂചനപോലെയാണ് ഡിലന്‍റെ ഒരു കവിത അവസാനിക്കുന്നതെന്ന് മേതിൽ കഥയിൽ പറയുന്നുണ്ട്. അന്നു കളിയ്ക്കുമ്പോൾ ഞാൻ മുകളിലേക്കെറിഞ്ഞ പന്ത് ഇനിയും ചുവട്ടിൽ വീണിട്ടില്ല.....മേതിൽ തൻ്റെ സാഹിത്യലോകത്തിലെ മന്ത്രികക്കയറിന്റെ മുകളിൽ നിന്ന് എറിഞ്ഞ ആശയങ്ങൾ എങ്ങോട്ടേക്കാണ് പോയത് ?

കഥ അവസാനിക്കുന്നതുപോലെ താഴെ നേർവരയിലുള്ളൊരു മരണത്തെത്തുടർന്നുള്ള വിജനതയിൽ മൈതാനം ഒരു ചരിത്രാവശിഷ്ടം പോലെ ഊഹാപോഹങ്ങൾക്കായി തുറന്നുകിടക്കുന്നു .

ശ്രദ്ധിച്ചുനോക്കൂ...മേതിലിന്റെ മാന്ത്രികപ്പന്തുകൾ നമ്മുടെ ജീവിതത്തിന്റെ കുപ്പായകീശകളിൽ അയാൾ കൊണ്ടിട്ടിരിക്കുകയാണ്.