ശാസ്ത്രത്തിന്റെ നിരീശ്വരമുഖം അവിടെ അഴിഞ്ഞുവീഴുകയായിരുന്നു; കേംബ്രിഡ്ജിൽ 1936-ൽ നടന്ന ഒരു ലേലത്തിൽ ആ പഴയ തടിപ്പെട്ടി തുറക്കപ്പെട്ട നിമിഷം. ഭൂഗുരുത്വത്തിന്റെ സമവാക്യങ്ങൾകൊണ്ട് ശാസ്ത്രത്തെ യുക്തിയുടെ സിംഹാസനത്തിലിരുത്തിയ സർ ഐസക് ന്യൂട്ടന്റെ സ്വകാര്യ കുറിപ്പുകളായിരുന്നു അതിൽ. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ജോൺ മെയ്നാർഡ് കെയ്ൻസ് ആ മഞ്ഞച്ച കടലാസുകൾ ഓരോന്നായി മറിച്ചുനോക്കിയപ്പോൾ കണ്ടത് ഗണിതശാസ്ത്ര സിദ്ധാന്തങ്ങളായിരുന്നില്ല; മറിച്ച്, നൂറ്റാണ്ടുകളായി മറച്ചുവെക്കപ്പെട്ട രഹസ്യ ആൽക്കെമി (രസവാദ) പരീക്ഷണങ്ങളും ബൈബിൾ പ്രവചനങ്ങളും പ്രകൃതിയുടെ നിഗൂഢ സത്യങ്ങളുമായിരുന്നു! കെയ്ൻസ് അന്ന് ലോകത്തോട് വിളിച്ചുപറഞ്ഞു: 'ന്യൂട്ടൺ യുക്തിയുഗത്തിലെ ആദ്യ ശാസ്ത്രജ്ഞനായിരുന്നില്ല; മറിച്ച്, ബാബിലോണിയക്കാരെയും ഹീബ്രു പണ്ഡിതന്മാരെയുംപോലെ പ്രപഞ്ചത്തെ ഒരു ദൈവിക സമസ്യയായി കണ്ട അവസാനത്തെ മാന്ത്രികനായിരുന്നു (The last of the magicians).' ശാസ്ത്രത്തിന്റെ സൂര്യനായി ലോകം വാഴ്ത്തുന്ന ന്യൂട്ടനെ ആകർഷിച്ച, യൂറോപ്പിന്റെ ചരിത്രത്തെ തിരശ്ശീലയ്ക്കു പിന്നിലിരുന്ന് നിയന്ത്രിച്ച ആ അദൃശ്യ പ്രസ്ഥാനമായിരുന്നു 'റോസിക്രൂഷ്യൻസ്' (The Rosicrucians).

To advertise here,

റോസിക്രൂഷ്യൻ ഓർഡറിന്റെ പിറവി

മധ്യകാല യൂറോപ്പ് അന്ധവിശ്വാസങ്ങളുടെയും മതവിചാരണകളുടെയും തീച്ചൂളകളിൽ കത്തിയെരിഞ്ഞ കാലത്താണ് 'റോസിക്രൂഷ്യൻ ഓർഡർ' എന്ന നിഗൂഢ കൂട്ടായ്മ രൂപംകൊള്ളുന്നത്. നടുവിൽ ചുവന്ന റോസാപ്പൂ വിരിഞ്ഞുനിൽക്കുന്ന കുരിശായിരുന്നു ഇവരുടെ അടയാളം. ഭൗതികശരീരത്തെ കുരിശായും അതിനുള്ളിൽ വിരിയുന്ന ആത്മീയബോധത്തെ റോസാപ്പൂവായും അവർ സങ്കല്പിച്ചു.

പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ക്രിസ്ത്യൻ റോസൻക്രൂസ് എന്ന സന്ന്യാസിയാണ് ഇതിന്റെ സ്ഥാപകൻ എന്ന് വിശ്വസിക്കപ്പെടുന്നു. അങ്ങനെയൊരാൾ ജീവിച്ചിരുന്നിട്ടില്ല എന്ന അഭിപ്രായവുമുണ്ട്. ബാല്യത്തിൽ കുടുംബം മുഴുവൻ നഷ്ടപ്പെട്ടതിനെത്തുടർന്ന് ഒരു സന്ന്യാസിമഠത്തിൽ വളർന്ന റോസൻക്രൂസ്, യൗവനത്തിൽ ദമാസ്‌കസിലേക്കും ഈജിപ്തിലേക്കും മൊറോക്കോയിലെ ഫെസിലേക്കും തീർഥാടനം നടത്തി. അവിടെയുള്ള ജ്ഞാനികളിൽനിന്ന് പ്രകൃതിയുടെ നിഗൂഢതകളെക്കുറിച്ചും അമർത്യതയെക്കുറിച്ചും ധ്യാനമുറകളെക്കുറിച്ചും പഠിച്ച അദ്ദേഹം, യൂറോപ്പിൽ തിരിച്ചെത്തി 'ഹൗസ് ഓഫ് ദ ഹോളി സ്പിരിറ്റ്' എന്ന രഹസ്യകേന്ദ്രം സ്ഥാപിച്ചു.

106-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചപ്പോൾ ഏഴു കോണുകളുള്ള ഒരു രഹസ്യ നിലവറയിലാണ് അടക്കം ചെയ്യപ്പെട്ടത്. 120 വർഷങ്ങൾക്കുശേഷം മാത്രമേ ഈ അറ തുറക്കാവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യശാസനം. 1604-ൽ ഈ അറ യാദൃച്ഛികമായി തുറക്കപ്പെട്ടപ്പോൾ ലോകം അമ്പരന്നു. കൃത്രിമമായി സ്വയം കത്തുന്ന ഒരു വിചിത്ര സൂര്യന്റെ വെളിച്ചത്തിൽ, അഴുകാത്ത ശരീരത്തോടെ റോസൻക്രൂസിന്റെ ഭൗതികദേഹം അവിടെ ഇരിപ്പുണ്ടായിരുന്നു! ഒപ്പം പ്രപഞ്ചരഹസ്യങ്ങൾ കുറിച്ചുവെച്ച 'ബുക്ക് എം' (Book M) എന്ന രേഖയും.

ജർമനിയിൽ 1614 മുതൽ 1616 വരെയുള്ള കാലത്ത് അജ്ഞാതമായി പ്രസിദ്ധീകരിക്കപ്പെട്ട ഫാമ ഫ്രാറ്റെർണിറ്റാറ്റിസ്, കൺഫെസിയോ ഫ്രാറ്റെർണിറ്റാറ്റിസ്, ദ കെമിക്കൽ വെഡ്ഡിങ് ഓഫ് ക്രിസ്ത്യൻ റോസൻക്രൂസ് എന്നീ മൂന്ന് കൃതികളിലൂടെയാണ് ഈ അദൃശ്യസംഘം ചരിത്രത്തിൽ കോളിളക്കം സൃഷ്ടിച്ചത്.

സാഹോദര്യത്തിന്റെ ആറ് നിയമങ്ങൾ

റോസിക്രൂഷ്യൻ സാഹോദര്യത്തിലെ അംഗങ്ങൾ കർശനമായി പാലിക്കേണ്ട ആറ് നിയമങ്ങൾ 'ഫാമ ഫ്രാറ്റെർണിറ്റാറ്റിസ്' വ്യക്തമാക്കിയിരുന്നു:

രോഗികളിൽനിന്ന് ഒരുതരത്തിലുമുള്ള പ്രതിഫലവും വാങ്ങാതെ സൗജന്യമായി ചികിത്സിക്കുക; മറ്റ് തൊഴിലുകൾ പരസ്യമായി ചെയ്യാതിരിക്കുക.

സന്ന്യാസവസ്ത്രങ്ങൾ ധരിക്കാതെ, ഏതു നാട്ടിലാണോ ജീവിക്കുന്നത് അവിടത്തെ സാധാരണ ജനങ്ങളുടെ വസ്ത്രധാരണരീതി പിന്തുടരുക.

  • എല്ലാ വർഷവും നിശ്ചിതദിവസം 'സി' (C) എന്ന രഹസ്യകേന്ദ്രത്തിൽ ഒത്തുകൂടുക.
  • മരണത്തിനുമുൻപ് തങ്ങൾക്കു പകരമായി യോഗ്യതയുള്ള ഒരു പിൻഗാമിയെ കണ്ടെത്തുക.
  • 'C.R.' എന്ന മുദ്ര തങ്ങളുടെ രഹസ്യ അടയാളമായി ഉപയോഗിക്കുക.
  • ഈ സാഹോദര്യം നൂറു വർഷത്തേക്ക് രഹസ്യമായി തുടരുക.

ആധുനിക പാശ്ചാത്യ ചിന്താലോകത്തെ മാറ്റിമറിച്ച സർ ഫ്രാൻസിസ് ബേക്കണിന്റെ ആശയങ്ങളിലൂടെയും ലണ്ടനിലെ റോയൽ സൊസൈറ്റിയുടെ ആദിമരൂപമായ 'ഇൻവിസിബിൾ കോളേജി'ലൂടെയും (Invisible College) ഈ പ്രസ്ഥാനം വേരുപിടിച്ചു. സംഘടനയെ നയിക്കുന്നത് 12 ആചാര്യന്മാരാണെന്നും അവരെ നയിക്കാൻ ഭൗതികലോകത്തിനപ്പുറമുള്ള അദൃശ്യനായ 13-ാമതൊരു ഗുരുവുണ്ടെന്നും ഇവർ വിശ്വസിച്ചു. കാലങ്ങളെ അതിജീവിച്ച അമർത്യനായ സെന്റ് ജർമെയ്ൻ പ്രഭു (Count of St. Germain), റോസൻക്രൂസിന്റെ പുനർജന്മമായിരുന്നുവെന്ന് റുഡോൾഫ് സ്റ്റെയ്‌നർ അടക്കമുള്ള പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ ജീവിച്ചിരുന്ന ഏറ്റവും ദുരൂഹവും കൗതുകമുണർത്തുന്നതുമായ വ്യക്തിത്വങ്ങളിലൊരാളാണ് കൗണ്ട് ഓഫ് സെന്റ് ജർമെയ്ൻ. രസതന്ത്രജ്ഞൻ, സംഗീതജ്ഞൻ, നയതന്ത്രജ്ഞൻ, ആൽക്കെമിസ്റ്റ് എന്നീ നിലകളിലെല്ലാം അദ്ദേഹം യൂറോപ്യൻ രാജസദസ്സുകളിൽ പ്രശസ്തനായിരുന്നു. പതിറ്റാണ്ടുകളോളം അദ്ദേഹത്തിന് 40-45 വയസ്സു മാത്രമേ തോന്നിച്ചിരുന്നുള്ളൂ എന്ന് സമകാലികർ രേഖപ്പെടുത്തിയിട്ടുണ്ട്. തനിക്ക് നൂറുകണക്കിന് വർഷത്തെ പ്രായമുണ്ടെന്നും ജീവൻ അനന്തമായി നിലനിർത്തുന്ന രഹസ്യക്കൂട്ടുകൾ (Elixir of Life) കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നതായി കഥകളുണ്ട്.

ഈ സൊസൈറ്റിയിൽ സ്ത്രീകളും അംഗങ്ങളായിരുന്നു. പല മതവിശ്വാസങ്ങളുടെ ഒരു സങ്കലനമായിരുന്നു റോസിക്രൂഷ്യൻസ്.

ഭാരതീയ വേരുകളും നിഗൂഢരീതികളും

1617-ൽ, വിശുദ്ധ റോമൻ ചക്രവർത്തി റുഡോൾഫ് രണ്ടാമന്റെ കൊട്ടാരം വൈദ്യനും റോസിക്രൂഷ്യൻ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവുമായിരുന്ന മൈക്കൽ മെയർ (Michael Maier) 'സൈലൻഷ്യം പോസ്റ്റ് ക്ലാമോറസ്' (Silentium Post Clamores) എന്ന പുസ്തകത്തിൽ തങ്ങളുടെ പാരമ്പര്യത്തെക്കുറിച്ച് ഇങ്ങനെ എഴുതി:

'ഞങ്ങളുടെ വേരുകൾ ഈജിപ്ഷ്യൻ, ബ്രാഹ്‌മണ (Brahminic) സംസ്‌കാരങ്ങളിലേക്ക് നീളുന്നു; എലൂസിസിന്റെയും സമോത്രേസിന്റെയും അഗാധമായ നിഗൂഢതകളുമായി ഇഴചേർന്നുകിടക്കുന്നു. പേർഷ്യൻ മാന്ത്രികരിൽനിന്നും പൈതഗോറിയൻ പണ്ഡിതരിൽനിന്നും അറബികളിൽനിന്നും ഞങ്ങൾ പ്രചോദനം ഉൾക്കൊള്ളുന്നു.'

ഇതിൽ പറയുന്ന 'ബ്രാഹ്‌മണിക്' എന്നത് പുരാതന ഭാരതത്തിലെ വേദ-ബ്രാഹ്‌മണ പാരമ്പര്യത്തെ നേരിട്ട് പരാമർശിക്കുന്നതാണ്. ആദ്യകാല യൂറോപ്യൻ നിഗൂഢ ശാസ്ത്രജ്ഞർ ഭാരതത്തെ ആദിമ വിജ്ഞാനത്തിന്റെ ഉറവിടമായാണ് കണ്ടിരുന്നത്.

മാർക്ക് ബൂത്തിന്റെ 'ദ സീക്രട്ട് ഹിസ്റ്ററി ഓഫ് ദ വേൾഡ്' പോലുള്ള ഗ്രന്ഥങ്ങൾ പറയുന്നതുപോലെ, റോസിക്രൂഷ്യൻ സമ്പ്രദായങ്ങളിൽ ബാഹ്യലോകം ഭയത്തോടെ നോക്കിക്കണ്ട പല ഇരുണ്ട രഹസ്യങ്ങളും (Dark Secrets) ഉണ്ടായിരുന്നു. അതിലൊന്നാണ് 'മരണപരീക്ഷണവും മരണഭാവവും' (Trial by Death & The Death Posture). ഇന്ദ്രിയങ്ങളെ ബാഹ്യലോകത്തുനിന്ന് പൂർണമായി പിൻവലിച്ച്, കൃത്രിമമായി മരണതുല്യമായ കോമ അല്ലെങ്കിൽ ട്രാൻസ് അവസ്ഥകൾ അവർ സൃഷ്ടിച്ചിരുന്നു. മനുഷ്യന്റെ തലച്ചോറിലെ യുക്തിപരമായ ചിന്തകൾ നിലയ്ക്കുമ്പോൾ മാത്രമേ ആത്മാവിന്റെ ദിവ്യദൃഷ്ടി ഉണരുകയുള്ളൂ എന്നതായിരുന്നു ഇതിനു പിന്നിലെ തത്ത്വം.

ലൈംഗികതയെ പാപമായല്ല, മറിച്ച് പ്രപഞ്ചത്തെ സൃഷ്ടിച്ച ഊർജമായാണ് അവർ കണ്ടത്. ശാരീരിക രതിമൂർച്ഛയെ തടഞ്ഞുനിർത്തി ആ ഊർജത്തെ സുഷുമ്‌നാ നാഡിയിലൂടെ തലച്ചോറിലെ ചക്രങ്ങളിലേക്ക് വഴിതിരിച്ചുവിടുന്ന 'കരീസ്സ' (Karezza) എന്ന വിദ്യ അവർ രഹസ്യമായി അഭ്യസിച്ചു.

സാധാരണ മതങ്ങൾ സാത്താനെയും ലൂസിഫറെയും ശപിക്കപ്പെട്ടവരായി കാണുമ്പോൾ, റോസിക്രൂഷ്യന്മാർ ഇവരെ പരിണാമത്തിന്റെ ചാലകശക്തികളായി കണ്ടു. ശനി (Saturn/Rex Mundi) പ്രപഞ്ചത്തിന് ഭൗതികരൂപവും അസ്തിത്വവും നൽകിയപ്പോൾ, ലൂസിഫർ (ശുക്രൻ/Venus) ശാന്തമായി കിടന്ന സസ്യതുല്യ മനുഷ്യനിലേക്ക് ഇച്ഛകളും സ്വന്തം വ്യക്തിത്വവും പകർന്നു നൽകി. ലൂസിഫറുടെ വീഴ്ചയിൽ അദ്ദേഹത്തിന്റെ നെറ്റിയിൽനിന്ന് തെറിച്ചുവീണ മരതകമാണ് മനുഷ്യന് നഷ്ടപ്പെട്ട 'മൂന്നാം കണ്ണ്' (Third Eye) എന്ന് അവർ വിശ്വസിച്ചു.

പ്രാചീനകാലത്ത് മനുഷ്യന്റെ തലയോട്ടി ഉറയ്ക്കുന്നതിനുമുൻപ് ആത്മീയലോകത്തെ കാണാൻ പീനിയൽ ഗ്രന്ഥിയുമായി ബന്ധപ്പെട്ട ഒരു അവയവം (Lantern of Osiris) പുറത്തേക്ക് തള്ളിനിന്നിരുന്നു എന്ന് അവർ കരുതി. കാലക്രമേണ അസ്ഥികൾ കട്ടിയാവുകയും (Calcification of the Mind) ആന്തരികലോകം മാഞ്ഞുപോവുകയും ചെയ്തു. ഈ നിഷ്‌ക്രിയ അവയവത്തെ ഉണർത്താനാണ് അവർ രഹസ്യമരുന്നുകളും ധ്യാനമുറകളും ഉപയോഗിച്ചത്.

ന്യൂട്ടന്റെ പരീക്ഷണശാലയും ബേക്കണിന്റെ കോഡുകളും കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലെ സ്വന്തം മുറിയോടു ചേർന്ന് ന്യൂട്ടൺ സ്വന്തമായി ഒരു ആൽക്കെമി പരീക്ഷണശാലയും ചൂളയും ഒരുക്കിയിരുന്നു. സാധാരണ ലോഹങ്ങളെ സ്വർണമാക്കി മാറ്റാനും നിത്യയൗവനവും അമർത്യതയും നൽകാനും കഴിയുമെന്ന് വിശ്വസിച്ചിരുന്ന 'ഫിലോസഫേഴ്‌സ് സ്റ്റോൺ' കണ്ടെത്തുകയായിരുന്നു ന്യൂട്ടന്റെ പ്രധാന പരീക്ഷണ ലക്ഷ്യങ്ങളിലൊന്ന് എന്ന് ഗൂഢാലോചനാ സിദ്ധാന്തക്കാർ (Conspiracy Theorists) പറയുന്നു.

വെറും ഭൗതിക ലോഹങ്ങളെ മാറ്റിയെടുക്കുക എന്നതിലുപരി, ഭൗതിക പദാർഥങ്ങൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ജീവശക്തിയെയും (Spirit of matter) ദൈവിക നിയമങ്ങളെയും കണ്ടെത്താനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന് ആൽക്കെമി. രസവാദ പരീക്ഷണങ്ങൾക്കിടയിൽ മെർക്കുറി (രസം), ലെഡ് (ഈയം), ആഴ്‌സനിക് തുടങ്ങിയ മാരക ലോഹങ്ങൾ സ്ഥിരമായി ചൂടാക്കി ശ്വസിച്ചതും രുചിച്ചുനോക്കിയതും കാരണം അദ്ദേഹത്തിന് വിഷബാധയേൽക്കുകയും, 1693-ൽ കടുത്ത മാനസികത്തകർച്ചയ്ക്ക് (Nervous breakdown) കാരണമാവുകയും ചെയ്തുവെന്ന് ചരിത്രകാരന്മാർ വിലയിരുത്തുന്നു.

ആൽക്കെമി രഹസ്യങ്ങൾ പുറത്തുപോകാതിരിക്കാൻ 'ജെഹോവ സാങ്ക്ടസ് യൂനസ്' (Jehovah Sanctus Unus) അദ്ദേഹത്തിന്റെതന്നെ ലാറ്റിൻ പേരായ Isaacus Neuutonus എന്നതിന്റെ അക്ഷരങ്ങൾ മാറ്റിമറിച്ചത്) തുടങ്ങിയ രഹസ്യനാമങ്ങളിലാണ് അദ്ദേഹം പലതും എഴുതിയത്. ഗ്രീക്ക് പുരാണങ്ങളിലെ ദൈവങ്ങളുടെ പേരുകൾ ഓരോ ലോഹത്തിന്റെയും പ്രതീകങ്ങളായി കോഡ് ചെയ്താണ് അദ്ദേഹം പരീക്ഷണങ്ങൾ കുറിച്ചുവെച്ചത്. ന്യൂട്ടൺ കണ്ടുപിടിച്ച ഗുരുത്വാകർഷണ ബലത്തെക്കുറിച്ചുള്ള സങ്കല്പംപോലും (ശൂന്യതയിലൂടെ രണ്ടു വസ്തുക്കൾ തമ്മിൽ ആകർഷിക്കുന്ന അദൃശ്യശക്തി) അദ്ദേഹത്തിന്റെ ആൽക്കെമിയിലെ നിഗൂഢാകർഷണ ചിന്തകളിൽനിന്ന് രൂപപ്പെട്ടതാണെന്ന് ആധുനിക ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു.

സർ ഫ്രാൻസിസ് ബേക്കണിന്റെ അപൂർണമായ തത്ത്വചിന്താ നോവലായ 'ദ ന്യൂ അറ്റ്‌ലാന്റിസി'ൽ (1627) അവതരിപ്പിച്ചിരിക്കുന്ന ഏറ്റവും വിപ്ലവകരമായ സങ്കല്പമാണ് 'സോളമന്റെ ഭവനം' (Salomon's House / The College of the Six Days' Works). പ്രകൃതിരഹസ്യങ്ങളെ പരീക്ഷണങ്ങളിലൂടെയും യുക്തിയിലൂടെയും കണ്ടെത്തി, മനുഷ്യരാശിയുടെ ക്ഷേമത്തിനായി പ്രയോജനപ്പെടുത്തുന്ന ഒരു ഉട്ടോപ്യൻ ഗവേഷണകേന്ദ്രമായാണ് ബേക്കൺ ഇതിനെ വിഭാവനം ചെയ്തത്. സോളമന്റെ ഭവനം ഒരു കാല്പനിക കഥയായി ഒതുങ്ങിയില്ല. ബേക്കൺ വിഭാവനം ചെയ്ത ഈ ഗവേഷണ സ്ഥാപനത്തിന്റെ മാതൃക പിന്തുടർന്നാണ് 1660-ൽ ലണ്ടനിൽ 'ദി റോയൽ സൊസൈറ്റി' (The Royal Society) സ്ഥാപിതമായത്. റോബർട്ട് ബോയിൽ, ഐസക് ന്യൂട്ടൺ തുടങ്ങിയ പ്രതിഭകൾ സോളമന്റെ ഭവനത്തിന്റെ തനിപ്പകർപ്പായാണ് റോയൽ സൊസൈറ്റിയെ മുന്നോട്ടു നയിച്ചത്.

ഷേക്‌സ്പിയർ നാടകങ്ങളിലെ രഹസ്യമുദ്രകൾ

വില്യം ഷേക്‌സ്പിയറുടെ കൃതികൾക്കു പിന്നിൽ സർ ഫ്രാൻസിസ് ബേക്കൺ ആണെന്നൊരു വാദമുണ്ട് (Baconian Theory). ഷേക്‌സ്പിയറുടെ കൃതികളിൽ റോസിക്രൂഷ്യൻ നിഗൂഢതത്ത്വങ്ങളും രഹസ്യകോഡുകളും അടങ്ങിയിരിക്കുന്നുവെന്ന സിദ്ധാന്തവും നൂറ്റാണ്ടുകളായി പണ്ഡിതന്മാരും നിഗൂഢശാസ്ത്ര ഗവേഷകരും ചർച്ചചെയ്യുന്ന ഒന്നാണ്.

ഫ്രാൻസിസ് ബേക്കൺ സ്വയം വികസിപ്പിച്ചെടുത്ത ഒരു രഹസ്യലിപി സമ്പ്രദായമുണ്ട്; രണ്ടു വ്യത്യസ്ത ഫോണ്ടുകൾ ഉപയോഗിച്ച് സന്ദേശങ്ങൾ ഒളിപ്പിക്കുന്ന ഒരു രീതി. ഷേക്‌സ്പിയറുടെ ആദ്യകാല അച്ചടിപ്പതിപ്പുകളിൽ ബേക്കണിന്റെ ഈ സൈഫർ (Cipher) രീതി ഉപയോഗിച്ചിട്ടുണ്ടെന്ന് ചില ക്രിപ്‌റ്റോഗ്രാഫർമാർ അവകാശപ്പെടുന്നു. ബേക്കണിന്റെ പേരിന്റെ അക്ഷരമൂല്യം (Gematria രീതിയിൽ F-R-A-N-C-I-S B-A-C-O-N) കണക്കാക്കിയാൽ 33 എന്നും പൂർണരൂപത്തിന് 111 അല്ലെങ്കിൽ 157 എന്നും ലഭിക്കും. ഷേക്‌സ്പിയറുടെ നാടകങ്ങളിലെ പല വരികളിലും പേജ് നമ്പറുകളിലും ഈ സംഖ്യകൾ ആവർത്തിച്ചുവരാറുണ്ട്. ഇത് യാദൃച്ഛികമല്ലെന്നും, താനാണ് യഥാർഥ രചയിതാവെന്ന് സൂചിപ്പിക്കാൻ ബേക്കൺവെച്ച അടയാളങ്ങളാണെന്നും ഇവർ വാദിക്കുന്നു.

റോസിക്രൂഷ്യൻ ആശയങ്ങൾ ഏറ്റവും കൂടുതൽ പ്രകടമാകുന്ന കൃതിയായി 'ദി ടെംപെസ്റ്റ്' (The Tempest) കണക്കാക്കപ്പെടുന്നു. നായകനായ പ്രോസ്‌പെറോ ഒരു സാധാരണ രാജാവല്ല; മറിച്ച് പ്രകൃതിയുടെ മൂലകങ്ങളെയും (Elemental spirits - ഏരിയൽ പോലുള്ളവ) അദൃശ്യശക്തികളെയും നിയന്ത്രിക്കുന്ന ഒരു ഉയർന്ന 'ഹെർമെറ്റിക് മാന്ത്രികനാണ്' (Mage). ഭൗതികമായ പ്രതികാരചിന്തകൾ വെടിഞ്ഞ് ക്ഷമയിലേക്കും ആത്മീയ പരിവർത്തനത്തിലേക്കും പ്രോസ്‌പെറോ എത്തുന്ന പ്രക്രിയ 'ആത്മീയ ആൽക്കെമി'യുടെ പ്രതിഫലനമാണ്. മരണത്തെക്കുറിച്ചും ഭൗതികശരീരത്തിന്റെ നശ്വരതയെക്കുറിച്ചുമുള്ള ആഴമേറിയ നിഗൂഢധ്യാനങ്ങൾ 'ഹാംലെറ്റി'ൽ ഉടനീളം കാണാം.

സ്ട്രാറ്റ്ഫോർഡിൽനിന്നുള്ള സാധാരണക്കാരനായ വില്യം ഷേക്‌സ്പിയർക്ക് സർവകലാശാലാ വിദ്യാഭ്യാസമോ വിദേശയാത്രകളോ ഉണ്ടായിരുന്നില്ല. എന്നാൽ നാടകങ്ങളിലെ അഗാധമായ നിയമവിജ്ഞാനം, ലാറ്റിൻ-ഗ്രീക്ക് പദസമ്പത്ത്, കൊട്ടാരരീതികൾ, തത്ത്വചിന്താപരമായ പക്വത എന്നിവ ഫ്രാൻസിസ് ബേക്കണിനെപ്പോലെയുള്ള ഒരു ഉന്നത പണ്ഡിതനു മാത്രമേ സാധ്യമാകൂ എന്ന് ബേക്കൺ പക്ഷക്കാർ പറയുന്നു. അന്നത്തെ ഇംഗ്ലണ്ടിൽ ഉയർന്ന കൊട്ടാര ഉദ്യോഗസ്ഥനായിരുന്ന ബേക്കണിന് നാടകങ്ങളെഴുതുന്നത് സാമൂഹികമായി വിലക്കപ്പെട്ടിരുന്നതിനാലാണ് അദ്ദേഹം ഷേക്‌സ്പിയർ എന്ന നടനെ മുൻനിർത്തി രചനകൾ പുറത്തിറക്കിയതെന്നാണ് ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനം.

ഷേക്‌സ്പിയറുടെ കവിതകളിലും നാടകങ്ങളുടെ ആദ്യ പതിപ്പുകളിലെ ചിത്രീകരണങ്ങളിലും റോസിക്രൂഷ്യൻ ചിഹ്നങ്ങളായ കുന്തം, പെലിക്കൻ പക്ഷി, റോസാപ്പൂവ് തുടങ്ങിയവ പലയിടത്തായി കാണാം. അജ്ഞതയെ കുത്തിത്തുളയ്ക്കുന്ന ജ്ഞാനത്തിന്റെ കുന്തമാണ് 'സ്പിയർ' (Spear / Shake-speare) എന്നാണ് അവർ പറയുന്നത്. മനുഷ്യന്റെ ജ്ഞാനോദയത്തിനായി (Enlightenment) കലയിലൂടെയും നാടകങ്ങളിലൂടെയും അവരുടെ ഉപബോധമനസ്സിലേക്ക് സത്യങ്ങൾ നിറയ്ക്കാൻ ബേക്കൺ കണ്ട വഴിയായിരുന്നു ഈ ഷേക്‌സ്പീരിയൻ നാടകങ്ങൾ എന്ന് നിഗൂഢ ഗവേഷകർ കരുതുന്നു. എന്നാൽ, ചരിത്രപരമായ തെളിവുകളുടെ അഭാവംമൂലം മുഖ്യധാരാ സാഹിത്യ ചരിത്രകാരന്മാർ ഈ വാദങ്ങളെ വെറുമൊരു 'ഗൂഢാലോചനാ സിദ്ധാന്തമായി' (Conspiracy Theory) തള്ളിക്കളയുന്നു.

ആധുനിക യുഗത്തിലെ നിഴലുകൾ

ഇന്നത്തെ സിലിക്കൺ വാലിയിലെയും ആഗോള ലാബുകളിലെയും അതിരഹസ്യമായ ആന്റി-ഏജിങ് (Anti-aging), ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് തുടങ്ങിയ സാങ്കേതിക മുന്നേറ്റങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്ന ചില ഉന്നത ശാസ്ത്രജ്ഞർ ഇത്തരം റോസിക്രൂഷ്യൻ രഹസ്യസംഘങ്ങളുടെ ഭാഗമാണെന്ന സിദ്ധാന്തങ്ങളും സജീവമാണ്.

ഏകാന്ത സന്ന്യാസികളായി ഒതുങ്ങിക്കൂടുന്നതിനു പകരം, സമൂഹത്തിൽ ഉന്നത പദവികൾ വഹിച്ച് സാധാരണ മനുഷ്യരെപ്പോലെ ജീവിച്ചുകൊണ്ട് ലോകസംഭവങ്ങളെ നിഴലിലിരുന്ന് നയിക്കാനാണ് റോസിക്രൂഷ്യൻ സാധകർക്ക് നിർദേശം നൽകിയിരുന്നത്. ലോകത്തിലെ പ്രധാന കത്തീഡ്രലുകളുടെ വാസ്തുവിദ്യയിലും, വാഷിങ്ടൺ ഡി.സി. പോലുള്ള നഗരങ്ങളുടെ ഭൂപടങ്ങളിലും ചുരുളുകൾ കൈയിലേന്തിയ ലോകനേതാക്കളുടെ ശില്പങ്ങളിലും ഷേക്‌സ്പിയറുടെ നാടകങ്ങൾ മുതൽ 'ആലീസ് ഇൻ വണ്ടർലാൻഡ്' വരെയുള്ള കുട്ടിക്കഥകളിൽപ്പോലും ഇവർ തങ്ങളുടെ നിഗൂഢസന്ദേശങ്ങൾ ഒളിപ്പിച്ചു കടത്തിവിട്ടു. സാധാരണ ലോഹത്തെ സ്വർണമാക്കുക എന്നതിലപ്പുറം, മനുഷ്യന്റെ സ്വാർഥവും അപക്വവുമായ മനസ്സിനെ (Lead) ഉന്നതമായ ആത്മീയബോധത്തിലേക്ക് (Gold) മാറ്റിയെടുക്കുക എന്നതായിരുന്നു ഇവരുടെ യഥാർഥ 'ആത്മീയ രസതന്ത്രം'.

സാധാരണക്കാരുടെ കണ്ണുകൾക്ക് അപ്രാപ്യമായ പ്രകൃതിയുടെ നിഗൂഢതാളങ്ങളെയും മനുഷ്യബോധത്തിന്റെ അജ്ഞാത തലങ്ങളെയും പരസ്പരം കോർത്തിണക്കാനുള്ള അത്യുജ്ജ്വലമായ ഒരു മഹാശ്രമമായിരുന്നു റോസിക്രൂഷ്യനിസം. ആധുനിക മനുഷ്യൻ ഭൗതികശാസ്ത്രത്തിന്റെ കണ്ണിലൂടെ പുറമേയുള്ള ലോകത്തെ മാത്രം അളന്നുതിട്ടപ്പെടുത്തുമ്പോൾ അവൻ തന്നിലേക്കുതന്നെ നോക്കാൻ മറന്നുപോകുന്നു. നിഗൂഢ തത്ത്വചിന്തകനായ മാൻലി പി. ഹാൾ എഴുതിയ അവിസ്മരണീയമായ വരികൾ ഇന്നും പ്രസക്തമാണ്: 'ഇരുട്ടിന്റെ ഹൃദയത്തിലാണ് യഥാർഥ വെളിച്ചം കുടികൊള്ളുന്നത് എന്ന് തിരിച്ചറിയാതെ, മനുഷ്യർ വെളിച്ചം തേടി പുറമേയുള്ള ഇരുട്ടിൽ അലഞ്ഞുതിരിയുകയാണ്.'

പുറംലോകത്തിന്റെ തിളക്കങ്ങളിൽ തീരുന്ന ഒന്നല്ല പ്രപഞ്ചം; മനുഷ്യന്റെ ആന്തരികബോധത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ മാത്രം വെളിപ്പെടുന്ന ഒരു മഹാത്ഭുതമാണത്.