
ഞാന്‍ കൃത്രിമക്കാല്‍ വെച്ച് നടക്കാന്‍ തുടങ്ങിയ നാള്‍ മുതല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നായിരുന്നു കാല്‍ വാങ്ങിക്കൊണ്ടിരുന്നത്. മരത്തടിയില്‍ നിര്‍മിച്ചിരുന്ന കാലായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. അതിന്റെ ഭാരവും ചൂടും എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ചൂടും ഭാരവും കാരണം പലപ്പോഴും കാല്‍ പൊട്ടി ചോര വരുമായിരുന്നു.
മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഭാരം കുറഞ്ഞ ആധുനിക സൗകര്യത്തോടുകൂടിയ കാല്‍ ലഭ്യമാകും എന്നറിഞ്ഞതുകൊണ്ടായിരുന്നു അവിടെ പോയി കാലിനു വേണ്ടി രജിസ്റ്റര്‍ ചെയ്തത്. അവിടെച്ചെന്നു കാല്‍ രജിറ്റര്‍ ചെയ്ത് ഏകദേശം മൂന്നോ നാലോ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ത്തന്നെ കാലിന്റെ അളവെടുക്കാനായി എന്നെ വിളിപ്പിച്ചു. ഞാന്‍ അവിടെ ചെന്നപ്പോള്‍ ഒരു മുറിയില്‍ ഇരിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. പരിശീലനം നടക്കുന്ന മുറിയില്‍ത്തന്നെയായിരുന്നു അളവെടുക്കാനായി ഇരുത്തിയതും. പരിശീലന സമയത്ത് പിടിച്ചുനടക്കാനുള്ള ഇരുമ്പു കമ്പികള്‍ തലങ്ങും വിലങ്ങുമായി ഘടിപ്പിച്ചതായിരുന്നു ആ മുറി. മരപ്പശയുടെയും പ്ലാസ്റ്റര്‍ പാരീസിന്റെയും മണം തങ്ങി നില്‍ക്കുന്ന ആ മുറിയില്‍ ഏകദേശം മുപ്പത്തഞ്ചു വയസ്സ് പ്രായം തോന്നിപ്പിക്കുന്ന മറ്റൊരു സ്ത്രീ വീല്‍ചെയറില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവരെ നോക്കി ചിരിച്ചു. നല്ല മനോഹരമായ ചിരിയോടുകൂടി അവരെന്നോട് സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ അവരെ കേട്ടിരുന്നു. മായ എന്നായിരുന്നു അവരുടെ പേര്.
എന്നെക്കുറിച്ചു കൂടുതല്‍ ഒന്നും ചോദിക്കാതെ അവരുടെ ജീവിതത്തെ കുറിച്ച് എന്നോട് പറഞ്ഞുകൊണ്ടിരുന്നു മൂന്ന് വയസ്സുള്ളപ്പോള്‍ പോളിയോ ബാധിച്ച് അരയ്ക്ക് കീഴ്‌പോട്ട് രണ്ടു കാലുകളും തളര്‍ന്നു ശോഷിച്ച അവസ്ഥയിലായിരുന്നു അവര്‍. വീല്‍ചെയറിന്റെയും ഊന്നുവടിയുടെയും സഹായത്തിലായിരുന്നു ശരീരം ചലിപ്പിച്ചുകൊണ്ടിരുന്നത്. ഇരുകാലുകളും സ്വാധീനമില്ലാത്തവര്‍ ഉപയോഗിക്കുന്ന ഇരുമ്പിന്റെ ആവരണമായ കാലിപ്പറിനു വേണ്ടി അളവെടുക്കാന്‍ വന്നതായിരുന്നു ആ സ്ത്രീ. അവിവാഹിതയായ അവര്‍ ചിരട്ടകള്‍ കൊണ്ടും തടികള്‍കൊണ്ടും കരകൗശല വസ്തുക്കള്‍ ഉണ്ടാക്കി വിറ്റായിരുന്നു ജീവിച്ചിരുന്നത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കൃത്രിമ ഉപകരണത്തിനായി അവര്‍ ഈ ആശുപത്രിയെ തന്നെയായിരുന്നു ആശ്രയിച്ചിരുന്നത്. അവര്‍ സംസാരിക്കുന്നത് കണ്ടപ്പോള്‍ വര്‍ഷങ്ങളായി മനുഷ്യരോടു സംസാരിക്കാതിരുന്നിട്ട് ഒരാളെ കണ്ടപ്പോള്‍ ഉള്ളില്‍ കിടന്ന ഭാഷയെല്ലാം ആ നിമിഷം അവരുടെ തൊണ്ടയില്‍നിന്നു പൊട്ടിയൊഴുകുന്നതായി എനിക്ക് തോന്നി.
ജനലിലൂടെ പുറത്തേയ്ക്ക് നോക്കിയപ്പോള്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ തലങ്ങും വിലങ്ങും സഞ്ചരിച്ചുകൊണ്ടിരുന്നു. തിരക്കേറിയ ആ ജീവിതങ്ങള്‍ക്കിടയില്‍ ഒച്ചിന്റെ തോടുപോലെ ജീവിതവും വലിച്ചിഴയുന്ന രണ്ട് മനുഷ്യരായി ഞങ്ങള്‍ അവിടെയിരുന്നു. ആ സമയം ഏകദേശം അന്‍പത് വയസ്സിനു മുകളില്‍ പ്രായം തോന്നിപ്പിക്കുന്ന ഒരാള്‍ ഞങ്ങള്‍ ഇരിക്കുന്ന മുറിയിലേയ്ക്ക് വന്നു. കറുത്ത മെലിഞ്ഞുപൊക്കമുള്ള അയാള്‍ അവിടെ കൃത്രിമോപകരണങ്ങള്‍ നിര്‍മിക്കുന്ന ടെക്നിഷ്യന്മാരില്‍ ഒരാളായിരുന്നു. എന്നെ നോക്കി ചിരിച്ചുകൊണ്ട് അയാളെന്റെ പേരും നാടും വീടും വിദ്യാഭ്യാസ യോഗ്യതയുമൊക്കെ തിരക്കിയിട്ട് എന്നോട് പറഞ്ഞു: ''അല്‍പ സമയം പുറത്തിരിക്കാമോ, മായയുടെ അളവെടുത്ത കഴിഞ്ഞിട്ട് രമ്യയെ വിളിക്കാം.''ഞാന്‍ പുറത്തേയ്ക്കിറങ്ങിയതും എനിക്ക് പിന്നില്‍ ആ പരിശീലന മുറിയുടെ വാതിലടഞ്ഞു. അരമണിക്കൂറിനു ശേഷം വീല്‍ച്ചെയറിലിരുന്ന് ആ സ്ത്രീ ഇരുകാലിലും കാലിപ്പറുകള്‍ ഇട്ടുകൊണ്ട് ഇരുകൈകളിലും ഊന്നുവടികള്‍ പിടിച്ചു മെല്ലെ നടന്ന് പുറത്തേക്ക് വന്നു. അവര്‍ നടക്കുന്നത് കണ്ടാല്‍ അവര്‍ക്കൊപ്പം നമ്മളും കിതയ്ക്കുമായിരുന്നു. ഈ ഭൂമിയിലെ മുഴുവന്‍ ഭാരവും അവരുടെ ശരീരത്തിലെ ഓരോ അവയവങ്ങളിലായി ഘടിപ്പിച്ചിരിക്കുന്നതായേ തോന്നൂ.
'കഴിഞ്ഞോ?'
ഞാന്‍ അവരോട് ചോദിച്ചു. എന്നെ നോക്കി അവര്‍ തലയാട്ടി. അതുവരെ ഞാന്‍ അവരുടെ മുഖത്ത് കണ്ട ഊര്‍ജ്ജവും സന്തോഷവും അപ്പോള്‍ അവരില്‍ ഇല്ലായിരുന്നു. കൂടുതല്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പു തന്നെ പുറത്ത് കാത്തുനിന്ന ഒരു സ്ത്രീയ്‌ക്കൊപ്പം അവര്‍ പോയി.
അടുത്തതായി മുറിയില്‍ നിന്നും എന്റെ പേര് വിളിച്ചു. ഞാന്‍ അകത്തേയ്ക്ക് ചെന്നു. ടെക്‌നീഷ്യന്‍ ആവശ്യപ്പെട്ട പ്രകാരം ഞാന്‍ കാലുകളഴിച്ചു മാറ്റിവച്ചു. അതുവരെകണ്ട ആശുപത്രിയും മുറിയും ആളുകളുമല്ലാതിരുന്നതിനാല്‍ അപരിചിതത്വത്തിന്റെ വീര്‍പ്പുമുട്ടല്‍ എനിക്കനുഭവപ്പെട്ടു. എന്നോട് എന്തൊക്കെയോ ചോദിച്ചും പറഞ്ഞുംകൊണ്ട് അയാള്‍ ആ മുറിക്കുള്ളില്‍ തലങ്ങും വിലങ്ങും നടക്കുന്നുണ്ടായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ നാലഞ്ചു പാക്കറ്റ് പ്ലാസ്റ്റര്‍ പാരീസും ഒരുബക്കറ്റ് വെള്ളവുമായി അയാള്‍ എന്റെ അടുത്തുവന്നിരുന്നു. ഇട്ടിരുന്ന പാവാട ഉയര്‍ത്തി അളവെടുക്കാനായി അയാളുടെ മുന്നില്‍ നിന്നപ്പോള്‍ എന്തെന്നില്ലാത്ത അസ്വസ്ഥത എനിക്കനുഭവപ്പെട്ടു. അയാളുടെ നോട്ടവും സംസാരവും എനിക്കരോചകമായി തോന്നിയെങ്കിലും ആ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ പറ്റാതെ ഞാന്‍ അവിടെ നിന്നു. പ്ലാസ്റ്റര്‍ പാരീസ് കയ്യിലെടുത്തു ബക്കറ്റിലെ വെള്ളത്തില്‍ മുക്കി അയാളെന്റെ പാതി മാംസത്തുടയില്‍ ചുറ്റി. അയാളുടെ കൈവശമുള്ള പ്ലാസ്റ്റര്‍ പാരീസിന്റെ പാക്കറ്റുകള്‍ തീരുന്നതുവരെ അയാളാ പ്രവൃത്തി തുടര്‍ന്നുകൊണ്ടിരുന്നു. അപ്പോഴൊക്കെയും അയാളുടെ കൈവിരലുകള്‍ എന്റെ തുടയിടുക്കുകളിലേയ്ക്കും അരക്കെട്ടിലേയ്ക്കും പലതവണ തെന്നി നീങ്ങുന്നുണ്ടായിരുന്നു. അയാളുടെ നഖങ്ങള്‍ കൊണ്ട് എനിക്ക് മുറിവേറ്റുനീറി. അയാളുടെ വിരല്‍ സഞ്ചാരങ്ങള്‍ ഞാന്‍ തടയാന്‍ ശ്രമിക്കുമ്പോഴൊക്കെയും ഒരു ഭാവമാറ്റവുമില്ലാതെ അയാള്‍ ജോലി തുടര്‍ന്ന് കൊണ്ടിരുന്നു.
എന്റെ ചുണ്ടുകളിലും മാറിടത്തിലും അയാള്‍ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു എന്റെ ഹൃദയമിടിപ്പ് അനിയന്ത്രിതമാം വിധം വര്‍ധിച്ചുകൊണ്ടിരുന്നു. എന്റെ ശരീരമാകെ വിറയ്ക്കുന്നുണ്ടായിരുന്നു. അളവെടുത്തു കഴിഞ്ഞയുടനെ അയാളെന്റെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ചു അയാളിലേയ്ക്ക് അമര്‍ത്തുകയും
എന്നെ ബലമായി ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സര്‍വശക്തിയുമെടുത്ത് ഞാനയാളുടെ നെഞ്ചത്ത് തള്ളി. ഒറ്റക്കാലില്‍ മാത്രം നില്‍ക്കുന്ന
എന്റെ ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഞാന്‍ പിന്നിലേയ്ക്ക് വീണു. ഞാന്‍ അവിടെക്കിടന്നു അയാള്‍ക്ക് നേരെ അലറിയപ്പോള്‍ അയാള്‍ തിടുക്കത്തില്‍ മുറിവിട്ട് പോയി. ഞാന്‍ കിടന്നിടത്ത് നിന്നും പിടഞ്ഞെഴുന്നേറ്റ് അഴിച്ചുവെച്ചിരുന്ന കാല്‍ പിടിപ്പിച്ച് മുറിവിട്ടിറങ്ങി. പുറത്തുനിന്ന അമ്മയോടും ആ ഓഫീസിലെ മറ്റ് ജീവനക്കാരോടും മുറിയില്‍ നടന്ന കാര്യങ്ങള്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ അവിടുത്തെ ഒരു മേലുദ്യോഗസ്ഥ അയാളെ വിളിച്ചു ചോദ്യം ചെയ്തപ്പോള്‍ അയാള്‍ പറഞ്ഞത് 'കാലിന്റെ അളവെടുക്കുമ്പോള്‍ കയ്യൊക്കെ അവിടിവിടൊക്കെ കൊണ്ടെന്ന് വരും. അതൊക്കെ മറ്റേ അര്‍ത്ഥത്തില്‍ എടുക്കാന്‍ പോയാല്‍ ഞാന്‍ എന്ത് ചെയ്യും?' എന്നായിരുന്നു.
അയാളുടെ മറുപടി കേട്ട് എന്നില്‍ ദേഷ്യവും സങ്കടവും ഇരമ്പി. ഈ ലോകത്തിലെ ഏറ്റവും നിസ്സഹായയും ഗതികെട്ടവളുമാണ് ഞാനെന്ന് എനിക്ക് തോന്നി. അവിടുത്തെ മേലുദ്യോഗസ്ഥയായിരുന്ന ആ സ്ത്രീ എന്നെ അടുത്തു വിളിച്ചിരുത്തി പറഞ്ഞു: ''ഇതൊക്കെ വലിയ വിഷയമാക്കേണ്ടതില്ല രമ്യ. അയാള്‍ അറിഞ്ഞോണ്ട് ചെയ്തത് ആവില്ല. മാത്രമല്ല അവരോടൊക്കെ ഒരു മയത്തില്‍ നില്‍ക്കുന്നതാണ് നല്ലത്. നിന്റെ കാലു പണിയേണ്ടത് അയാളാണ് മറ്റൊന്നും വിചാരിക്കേണ്ട. നീ ഇപ്പോള്‍ സമാധാനമായി പോകൂ...'' ആ സ്ത്രീയുടെ വാക്കുകള്‍ എന്നെ കൂടുതല്‍ വേദനിപ്പിച്ചു. അവരെപ്പോലെ പ്രബലരായ ആളുകള്‍ക്ക് മുന്നില്‍ എന്നെപ്പോലെ ദുര്‍ബലയും നിസ്സഹായയുമായ ഒരു പെണ്‍കുട്ടിക്ക് എന്ത് ചെയ്യാന്‍ കഴിയും? എന്നെ കേള്‍ക്കാനോ മനസ്സിലാക്കാനോ ആരും തയ്യാറാകില്ലെന്ന് ഞാന്‍ വേദനയോടെ തിരിച്ചറിഞ്ഞു.
എനിക്കു മുന്‍പ് അവിടെനിന്നിറങ്ങിപ്പോയ മായ എന്ന സ്ത്രീയുടെ മുഖത്തുണ്ടായിരുന്ന അസ്വസ്ഥതയുടെ കാരണമെന്തായിരിക്കുമെന്നുഅപ്പോഴാണെനിക്ക്
മനസ്സിലായത്. ഹൃദയം പച്ചയ്ക്ക് കൊത്തിനുറുക്കുന്ന വേദനയോടെയാണ് ഞാനവിടെനിന്നിറങ്ങയത്. തിരികെ പോരുന്ന വഴിക്ക് അമ്മയെന്നെ എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നെങ്കിലും ഞാന്‍ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ദേഷ്യവും സങ്കടവും കൊണ്ട് ഞാന്‍ തിളച്ചു. ഒരു പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെ കേള്‍ക്കാന്‍ പോലും ആരുമില്ലാത്ത ലോകം അവളെ അവള്‍ക്ക് നേരെ തന്നെ തിരിക്കുന്ന സമൂഹം. എല്ലാ ആക്രമണങ്ങളും അനീതികളും സഹിക്കാനും ക്ഷമിക്കാനും വിധിക്കപ്പെട്ടവളാണെന്ന ഓര്‍മപ്പെടുത്തലാണ് ഓരോ സ്ത്രീ ജീവിതങ്ങളുമെന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു. ആ മുറിയില്‍ വച്ച് എനിക്കുണ്ടായ അനുഭവം എന്നെ തകര്‍ത്തെറിഞ്ഞു. ഓരോ നിമിഷവും അയാളോടുള്ള ദേഷ്യം എന്നില്‍കിടന്നു തിളച്ചുമറിഞ്ഞുകൊണ്ടിരുന്നു.
അന്ന് വൈകിട്ട് എന്റെ ഫോണിലേയ്ക്ക് ഒരു കാള്‍ വന്നു. ''രമ്യാ. ഞാന്‍ മായയാണ് ഇന്ന് ആശുപത്രിയില്‍ വച്ച് കണ്ടില്ലേ?''
''ഓഹ് ..മനസ്സിലായി ചേച്ചി പറയൂ''
''ആശുപത്രിയില്‍ ജോലിചെയ്യുന്ന ഒരു ഫ്രണ്ട് പറഞ്ഞാണ് ഇന്നവിടെ വെച്ചു രമ്യക്കുണ്ടായ അനുഭവത്തെക്കുറിച്ചു അറിഞ്ഞത്. നീ പ്രതികരിച്ചല്ലോ എനിക്ക് സന്തോഷായി അതുകൊണ്ടാണ് ഞാന്‍ നിന്നെയിപ്പോള്‍ വിളിച്ചതുപോലും. ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത ഒന്നാണ് നീ ചെയ്തത്. അതുകൊണ്ട് നടപടികള്‍ ഒന്നും ഉണ്ടാകാന്‍ പോകുന്നില്ലെങ്കിലും അയാളുടെ പ്രവൃത്തി കുറച്ചുപേര്‍ അറിഞ്ഞല്ലോ.''രമ്യാ. നിനക്കറിയാവോ നിനക്കിന്നുണ്ടായ അനുഭവം ഞാനുള്‍പ്പെടെയുള്ള പലരും കുറെ നാളായി അനുഭവിക്കുന്നതാണ് എന്നെപ്പോലെ അരയ്ക്ക് കീഴ്പ്പോട്ട് തളര്‍ന്നവരും രണ്ടു കാലുകളും ഇല്ലാത്തതുമായ മനുഷ്യര്‍ക്ക് ശരീരം കൊണ്ടുപോലും പ്രതികരിക്കാനാവാതെ അയാള്‍ക്ക് കീഴടങ്ങേണ്ടി വന്നിട്ടുണ്ട്. നിന്റെ ധൈര്യം ഞങ്ങള്‍ക്ക് ആര്‍ക്കുമില്ല കുട്ടീ. പ്രതികരിച്ചാലുണ്ടായ ഭവിഷ്യത്ത് ഓര്‍ത്ത് അങ്ങനെ ചെയ്യാനും പേടിയാണ്. ഇന്നുനടന്ന സംഭവം അറിഞ്ഞപ്പോള്‍ നിന്നെ വിളിക്കണമെന്ന് തോന്നി. ശരി രമ്യാ ഞാന്‍ പിന്നെ വിളിക്കാം.''
അവരുടെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് സങ്കടം സഹിക്കാനായില്ല. ഈ ഭൂമി പൊട്ടിത്തെറിക്കുന്നപോലെ ഉറക്കെ കരയാന്‍ തോന്നി. നിസ്സഹായരായ പാവം സ്ത്രീകളെക്കുറിച്ചോര്‍ത്ത് എന്റെ നെഞ്ച് പിളര്‍ന്നു. പിന്നീടുള്ള ദിവസങ്ങളില്‍ രാവും പകലുമില്ലാതെ ആ അനുഭവം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. ഒപ്പം നിരാലംബരായ ആ സ്ത്രീകളെക്കുറിച്ചുള്ള ഓര്‍മകളും. അയാള്‍ക്കെതിരെ കേസിനുപോകാനുള്ള സാമ്പത്തികശേഷിയോ മാനസികാരോഗ്യമോ എനിക്കില്ലായിരുന്നു എങ്കില്‍ക്കൂടിയും അതിനുള്ള ശ്രമങ്ങള്‍ ഞാന്‍ നടത്തിയിരുന്നു. പക്ഷെ അതിനായി അയാള്‍ക്കിരയാകേണ്ടിവന്ന സ്ത്രീകളെ സമീപിച്ചെങ്കിലും അവരാരും അയാള്‍ക്കെതിരെ പ്രതികരിക്കാന്‍ മുന്നോട്ട് വന്നില്ല. ഭയവും അരക്ഷിതാവസ്ഥയും അവരെ അത്രമേല്‍ പിടിമുറുക്കിയിരുന്നു. അവരോട് ഒരിക്കലുമെനിക്ക് ദേഷ്യം തോന്നിയില്ല കാരണം ഒന്ന് എഴുന്നേറ്റിരിക്കണമെങ്കില്‍പ്പോലും മറ്റൊരാളുടെ ആശ്രയം വേണ്ടിവരുന്ന ആ സാധുമനുഷ്യര്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍പ്പോലും പലകാരണത്താലും അതിനു കഴിയില്ലായിരുന്നു.
ദിവസങ്ങള്‍ കഴിയുന്തോറും എന്റെ ഉള്ളിലെ വിഷാദം കനംവച്ചുകൊണ്ടിരുന്നു. പല രാത്രികളിലും അയാളുടെ നോട്ടവും കണ്ണുകളും എന്നെ വലിച്ചടുപ്പിക്കുന്ന അയാളുടെ ബലിഷ്ഠമായ കൈകളും എന്റെ ഉറക്കം കെടുത്തി. നിസ്സഹായരായ പാവം സ്ത്രീകളുടെ അപൂര്‍ണമായ ശരീരത്തിനുമേല്‍ വീഴുന്ന അയാളുടെ കാമക്കണ്ണുകളെയോര്‍ത്ത് കട്ടിലിന്റെ മൂലയ്ക്ക് ഞാന്‍ ഭയന്ന് ചുരുണ്ടിരുന്നു. എന്റെ ജന്മത്തെ ഞാന്‍ കഠിനമായി വെറുത്തു. എഴുതാനോ വായിക്കാനോ കഴിയാതെയായി. ഒരു സൈക്യാട്രിസിറ്റിന്റെ സഹായം തേടി. ഉറങ്ങാന്‍ ഗുളികകളെ ആശ്രയിക്കേണ്ടിവന്നു. സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാന്‍ ഏറെ നാളത്തെ കൗണ്‍സിലിങ്ങിനും മരുന്നിനും വിധേയമാകേണ്ടിവന്നു. ഇപ്പോള്‍ ഇതെഴുതേണ്ടിവന്ന ദുര്യോഗത്തെ ഓര്‍ത്ത് ഈ നിമിഷത്തെയും ഞാന്‍ വെറുക്കുന്നു.
ഏകദേശം ആറു മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ കാല്‍ വന്നുവാങ്ങണമെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് എനിക്ക് ലഭിക്കുന്നത്. ഒരു കൃത്രിമ കാലു
വിലകൊടുത്ത് നിര്‍മിക്കാനുള്ള സാമ്പത്തികശേഷി ഇല്ലാതിരുന്നതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കാതെ മറ്റു മാര്‍ഗ്ഗമില്ലല്ലോ എന്ന ഒറ്റ
കാരണം കൊണ്ട് മാത്രമായിരുന്നു ഞാന്‍ ആ ആശുപത്രിയിലേയ്ക്ക് വീണ്ടും പോകാം കരുതിയതുപോലും. ഞാന്‍ ചെല്ലുന്ന ദിവസം അയാള്‍ അവിടെ
ഉണ്ടായിരുന്നില്ല. അവിടുത്തെ ഉദ്യോഗസ്ഥരും ജീവനക്കാരും ആരുംതന്നെ എന്നോട് വലിയ അടുപ്പം കാണിച്ചിരുന്നില്ല. ആ മുറിയിലേയ്ക്ക് കയറിയതും എന്റെ ഹൃദയമിടിപ്പിന്റെ വേഗം കൂടി. എന്റെ സമനില തെറ്റുമോ എന്ന് ഞാന്‍ ഭയന്നു. മറ്റൊരു ഉദ്യോഗസ്ഥനായിരുന്നു എനിക്കുള്ള കൃത്രിമക്കാലുമായി വന്നത്. അതിട്ട് നടക്കാനോ പരിശീലിക്കാനോ ഉള്ള മാനസികാവസ്ഥ എനിക്കില്ലാതിരുന്നതിനാല്‍ കാലുവാങ്ങി ഓഫീസില്‍ ഒപ്പിട്ടു കൊടുത്തിട്ട് ഞാന്‍ അവിടം വിട്ട് വേഗം വീട്ടിലേയ്ക്ക് മടങ്ങി.
പക്ഷെ അതില്‍ പതിയിരുന്ന പ്രതികാരം ഞാനറിഞ്ഞത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു. ആ കാലുപയോഗിച്ചു രണ്ടുവര്‍ഷത്തോളം ഞാന്‍ നടന്നു. ഏകദേശം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ത്തന്നെ കടുത്ത നടുവേദന എന്നെ അലട്ടികൊണ്ടിരുന്നു എഴുന്നേറ്റ് നില്‍ക്കാനോ ഇരിക്കാനോ കിടക്കാനോ വയ്യാത്ത അത്രയും വേദന. ശരീരത്തിന്റെ പലഭാഗങ്ങളിലും നീരു വന്നുവീര്‍ത്തു. എക്‌സ്‌റേ എടുത്ത് നോക്കിയപ്പോഴാണ് എന്റെ നട്ടെല്ലിന് താഴെയായി വളവുണ്ടെന്ന് കണ്ടെത്തിയത്. അതിന്റെ കാരണം എന്താണെന്നും മനസ്സിലായില്ല. നടുവേദനയുടെ കാഠിന്യം കൂടിയും കുറഞ്ഞും കൊണ്ടിരുന്നു. പലതരം ചികിത്സകള്‍ ചെയ്തിട്ടും വേദന കുറഞ്ഞു എന്നതല്ലാതെ പൂര്‍ണമായും മാറ്റാന്‍ കഴിഞ്ഞില്ല.
രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളേജില്‍ പുതിയ കാലിന് അളവെടുക്കാന്‍ ചെന്നപ്പോഴാണ് ആ പകവീട്ടലിന്റെ കാഠിന്യം ഞാനറിഞ്ഞത്. മുന്‍പ് എനിക്ക് കൃത്രിമ കാല് നിര്‍മിച്ചു തന്ന ആശുപത്രിയില്‍നിന്നും എനിക്ക് തന്ന കാലിന്റെ മുട്ടിന്റെ ഭാഗത്തുള്ള രണ്ടിഞ്ചു വ്യത്യാസം!
കൃത്രിമോപകരണത്തിലുണ്ടാകുന്ന അളവ് വ്യത്യാസം ശരീരത്തിന്റെ സ്വാഭാവിക ഘടനയെ ഗുരുതരമായി ബാധിക്കും എന്നിരിക്കെ എനിക്ക് അങ്ങനൊരു കാല്‍ നിര്‍മിച്ചു തന്നത് എന്നോടുള്ള പ്രതികാരം വീട്ടല്‍ ആയിരുന്നു എന്ന് ഞാന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു. അതുമൂലം എന്റെ നട്ടെല്ലിനുണ്ടായ വളവും വേദനയും ജീവിതകാലം മുഴുവനും ഞാന്‍ അനുഭവിക്കേണ്ട വേദനയാണെന്നും എന്റെ മരണം കൊണ്ട് മാത്രമേ അത് ഇല്ലാതാകൂ എന്നും ഞാന്‍ തിരിച്ചറിഞ്ഞു.
ഇത് വായിക്കുമ്പോള്‍ സാധാരണ ഉണ്ടാകാനിടയുള്ള ചോദ്യങ്ങളിലൊന്ന് 'എന്തുകൊണ്ട് അയാള്‍ക്കെതിരെ കേസ് കൊടുത്തില്ല?' എന്നതായിരിക്കാം. അവരോടൊക്കെ എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ് ''ഒരു സ്ത്രീ ശാരീരികമായും മാനസികമായും സാമ്പത്തികമായും ദുര്‍ബലയാണെങ്കില്‍ അവളുടെ വേദനകളുടെയും തകര്‍ച്ചയുടെയും ആഘാതം വളരെ വലുതായിരിക്കും. അവളൊരു ഭിന്നശേഷി സ്ത്രീയാണെങ്കില്‍ കാലാകാലങ്ങളായി അവളുടെ വൈകല്യത്തെ ഊട്ടി ഉറപ്പിക്കുന്ന തരത്തിലുള്ള സഹതാപവും അപകര്‍ഷതാ ബോധവും പേറി അവഗണനയുടെ കൈപ്പുനീര്‍ കുടിച്ചു ഹൃദയം കൊണ്ട് പല തവണ മരണപ്പെട്ടതിനു ശേഷമായിരിക്കും ജീവിക്കാനുള്ള ഒരു തരി ഊര്‍ജ്ജം സംഭരിക്കുന്നത്. അവിടെ അവള്‍ക്കു മേല്‍ വീഴുന്ന കാമക്കണ്ണുകള്‍ അവളെ തകര്‍ത്തെറിഞ്ഞേക്കും. അതിനെ അതിജീവിക്കാന്‍ നാളുകളെടുത്തെന്നു വരും. ഞാനും അത്രമേല്‍ ദുര്‍ബലയായിരുന്നു. എന്തിനോടും പ്രതികരിക്കാന്‍ ശേഷിയും കരുത്തയുമായ ഒരു സ്ത്രീ ആയിത്തീര്‍ന്നപ്പോള്‍ എനിക്ക് വിട്ടുതരാതെ കാലം അയാള്‍ക്കുമേല്‍ മരണം കൊണ്ട് ശിക്ഷ നടപ്പാക്കിക്കഴിഞ്ഞിരുന്നു.
പതിയാത്ത കാല്‍പ്പാടുകള്‍ ഇതുവരെയുള്ള അധ്യായം വായിക്കാം
(തുടരും)
Content Highlights: remya thuravoor pathiyatha kalppadukal autobiography artificial limb
Published: 09 Jan 2025, 02:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented