
കോളേജ് വിദ്യാഭ്യാസകാലത്തെ ഓര്‍മകളില്‍ നിന്ന് ഞാന്‍ മോചിപ്പിക്കപ്പെട്ടിരുന്നില്ല. അവിടെ നിന്ന് എനിക്ക് കിട്ടിയ മനുഷ്യരും അവരുടെ വേദനകളും ഓരോ നിമിഷവും എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. അതില്‍നിന്നുള്ള രക്ഷപ്പെടലിനായി പുസ്തകങ്ങളില്‍ അഭയം പ്രാപിച്ചു. ഹൃദയം നിലച്ചുപോകുമെന്ന് തോന്നുന്ന അവസ്ഥകളില്‍ കവിതകളെഴുതി. കായലിറമ്പത്ത് ചുറ്റിനടന്നു. പണ്ട് അമ്മ കൊയ്യാനിറങ്ങുമ്പോള്‍ എന്നെയിരുത്തിയ പാടവരമ്പും എന്റെ നേരെ ഇഴഞ്ഞുവന്ന പാമ്പും എഴുന്നേറ്റ് ഓടാനാകാതെ ഭയന്ന് നിലവിളിച്ച എന്നെയും ഓര്‍ത്ത് ഞാനവിടെ കുറേനേരമിരിക്കുമായിരുന്നു. എനിക്ക് ഏറെ ഇഷ്ടമുള്ള കൈതപ്പൂക്കളും പാമ്പിന്‍ മാളത്തെ ഒളിപ്പിച്ച കൈതക്കാടും കൈതപ്പൂക്കളുടെ ലഹരിപിടിപ്പിക്കുന്ന മണവും അവിടെയില്ലായിരുന്നു. ഒക്കെയും രൂപാന്തരം പ്രാപിച്ചിരിക്കുന്നു. എനിക്ക് പരിചിതമല്ലാത്ത മറ്റൊരു പ്രകൃതിയും അവയ്ക്ക് പരിചയമില്ലാത്ത മറ്റൊരു ഞാനുമായിരുന്നു അത്. വര്‍ഷാവര്‍ഷം കൃഷിയിറക്കാറുള്ള പാടങ്ങള്‍ വെറും വെള്ളക്കെട്ടുകള്‍ മാത്രമായി. അതിലാകെ ആമ്പലുകളും പായല്‍പ്പോളകളും കൊണ്ട് നിറഞ്ഞു. പാടവരമ്പത്തെ കാക്കപ്പൂവും കമ്മല്‍പ്പൂക്കളും ഓര്‍മകളില്‍ മാത്രം പൂവിട്ടുനിന്നു.
നാട്ടുവഴികളും ഇടവഴികളുമെല്ലാം ടാറുപാകിയ റോഡുകളായി. കൈത്തോടുകള്‍ നികത്തി അവിടെ പുതിയ വീടുകള്‍ വന്നു. എന്റെ ജനാലയിലൂടെയുള്ള കാഴ്ചകളും മാറിയിരുന്നു. എന്റെ വീടിനു മുന്നിലെ തോടിനു കുറുകെയുള്ള തടിപ്പാലം മാറ്റി കോണ്‍ക്രീറ്റ് പാലം വന്നു. അമ്മിണിയമ്മ തൂങ്ങിച്ചത്ത അമ്പഴമരം മുറിച്ചുമാറ്റിയിരുന്നു. അയല്‍പക്കത്തുള്ള എന്റെ കൂട്ടുകാരൊക്കെ സുന്ദരികളും സുന്ദരന്മാരുമായി. പെണ്‍കുട്ടികളൊക്കെ മുടി നീട്ടി വളര്‍ത്തിയും കരിമഷിയെഴുതിയും പൊട്ടുതൊട്ടും അതീവ സുന്ദരികളായി കാണപ്പെട്ടു. അവരുടെ ചുരുണ്ടതും മിനുമിനുത്തതുമായ രോമം നിറഞ്ഞ കാലുകളെ നോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു. ആണ്‍കുട്ടികള്‍ക്ക് മീശ മുളച്ചു. അവരുടെ കവിളുകളില്‍ മുഖക്കുരു വന്ന് ചുവന്നു കൂമ്പി. രണ്ടു കാര്യങ്ങള്‍ മാത്രമായിരുന്നു മാറ്റമില്ലാതായി നിന്നിരുന്നത്. അതിലൊന്ന് പാടവരമ്പത്തെ കൈതക്കാടിനോട് ചേര്‍ന്നുനില്‍ക്കുന്ന മുരിക്ക് മരം. അതിന്റെ തടിയുടെ ഒത്ത നടുക്ക് നിന്നും കുറച്ചുഭാഗം പുറത്തേയ്ക്ക് തള്ളിനിന്നിരുന്നതിനാല്‍ അതിനെ നാട്ടിലെ ആണ്‍കുട്ടികള്‍ ഒറ്റമുലച്ചി എന്നായിരുന്നു വിളിച്ചുകൊണ്ടിരുന്നത്. അതിന്റെ രക്തവര്‍ണമുള്ള പൂക്കളോട് എനിക്ക് നല്ല ഇഷ്ടമായിരുന്നു. പണ്ടൊക്കെ ആ പൂവ് കയ്യിലെടുക്കുമ്പോള്‍ കുട്ടിയമ്മ വഴക്കിടുമായിരുന്നു. എന്നിട്ടു പറയും 'അതുകൊണ്ട് കളിക്കാന്‍ പാടില്ല കൊച്ചെ, കണ്ണുപൊട്ടിപ്പോകും'. പിന്നീട് അതോര്‍ക്കുമ്പോഴൊക്കെ എനിക്ക് ചിരിവരുമായിരുന്നു. രണ്ടാമത്തേത് കുട്ടിക്കാലത്ത് ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ട ആ വിചിത്രമായ ശബ്ദം കേട്ടിരുന്നയിടത്തെ ആ ഭീമന്‍ കശുമാവായിരുന്നു. എന്തൊക്കെയോ അന്ധവിശ്വാസങ്ങള്‍ ആ പറമ്പിനെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നതുകൊണ്ടാവാം അവിടുത്തെ മരം മുറിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. മുതിര്‍ന്നപ്പോള്‍ പലതവണ ഞാനാ കാട്ടുപറമ്പില്‍ പോയിരിക്കാറുണ്ടായിരുന്നു. ഭ്രാന്തന്‍ മോഹനന്റെ ശബ്ദം എന്റെ ഓര്‍മ്മകള്‍ തുളച്ച് എനിക്കു ചുറ്റും മുഴങ്ങിക്കേള്‍ക്കുമായിരുന്നു. മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കുമിടയില്‍ ഓര്‍മകളുടെ ദൂരം മാത്രമേ ഉള്ളൂ എന്നെനിക്ക് തോന്നി.
Also Read
ആസ്തമയും മറ്റു ശാരീരിക പ്രശ്‌നങ്ങളും കാരണം എന്റെ തുടര്‍വിദ്യാഭ്യാസം വൈകി. എന്റെ വന്യമായ ചിന്തകളും ഭ്രാന്തുകളുമായി നടന്ന കാലങ്ങള്‍. ചങ്ങമ്പുഴയുടെയും വയലാറിന്റെയും പി കുഞ്ഞിരാമന്‍ നായരുടെയും കടമ്മനിട്ടയുടെയും ഡി വിനയചന്ദ്രന്റെയും മധുസൂദനന്‍ നായരുടെയും എ അയ്യപ്പന്റെയും കവിതകള്‍ വായിച്ചും കേട്ടും ബാധ കയറിയതുപോലെ നടന്ന കാലം. അക്കാലത്തെ എന്റെ കവിതകളില്‍ അവരുടെ കവിതകള്‍ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു.
അതുകൊണ്ടുതന്നെ ഈണത്തിലും താളത്തിലുമുള്ള കവിതകളായിരുന്നു ഞാന്‍ എഴുതിക്കൊണ്ടിരുന്നത്. അത് ഈണത്തില്‍ ചൊല്ലുന്നത് കൊണ്ട് കവിയരങ്ങുകളിലൊക്കെ ഞാന്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. കവിത ചൊല്ലാന്‍ ഞാൻ എല്ലായിടത്തും ക്ഷണിക്കപ്പെട്ടു. എല്ലാ വര്‍ഷവും തുലാം പത്തിന് വയലാര്‍ രാമവര്‍മയുടെ വീട്ടില്‍ വെച്ച് നടത്തിവരാറുള്ള അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന കവിയരങ്ങില്‍ ഞാന്‍ സ്ഥിരം സാന്നിധ്യമായിരുന്നു. ധാരാളം സൗഹൃദങ്ങളും ആരാധകരും എനിക്കവിടെ ഉണ്ടായിരുന്നു. അങ്ങനെ ഒരിക്കല്‍ അവിടെവച്ചാണ് എഴാച്ചേരി മാഷിനെ പരിചയപ്പെടുന്നത്. തുടര്‍ന്നങ്ങോട്ട് അദ്ദേഹവുമായി നല്ല സൗഹൃദത്തിലാവുകയും ചെയ്തു. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ കവിതകള്‍ ഞാന്‍ ചൊല്ലിക്കൊടുക്കുമായിരുന്നു. 'കള്ളിയങ്കാട്ടുനീലി' എന്ന അദ്ദേഹത്തിന്റെ കവിത ഞാന്‍ ഏറ്റവും കൂടുതല്‍ ചൊല്ലിയ ഒന്നായിരുന്നു. യക്ഷി സങ്കല്പത്തോടുള്ള എന്റെ ഇഷ്ടം കൊണ്ടാവാം, ഒരുപക്ഷേ, ആ കവിത എന്റെ പ്രിയപ്പെട്ടതായത്. പിന്നീടൊരിക്കല്‍ ഞാന്‍ അദ്ദേഹത്തിന് എന്റെ കവിതകള്‍ വായിക്കാന്‍ കൊടുത്തു. വായിച്ചിട്ട് അഭിപ്രായം കേള്‍ക്കാൻ വേണ്ടി മാത്രമായിരുന്നു അത്.
ഒരു മാസത്തിനുശേഷം അദ്ദേഹം എന്നെ വിളിച്ചിട്ട് പറഞ്ഞു: 'രമ്യാ, ഞാന്‍ നിന്റെ കവിതകള്‍ വായിച്ചു. നല്ല കവിതകളാണ് ഈ കവിതകള്‍ വെളിച്ചം കാണണം. നമുക്കിതൊരു പുസ്തകമാക്കി ഇറക്കാം'. അദ്ദേഹത്തില്‍ വാക്കുകള്‍ കേട്ടതും ഞാന്‍ സന്തോഷം കൊണ്ട് മതിമറന്നു. ഒരു പുസ്തകത്തെക്കുറിച്ച് ഞാന്‍ അതുവരെ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നില്‍ പ്രതീക്ഷയുണര്‍ത്തി. ഈ വിശാലമായ കാവ്യലോകത്ത് ഞാന്‍ അടയാളപ്പെടാന്‍ പോകുന്നു എന്ന ചിന്ത എന്നെ ഏറെ ആനന്ദിപ്പിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ അവതാരികയോടുകൂടി സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലേയ്ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഏകദേശം മൂന്ന് മാസങ്ങള്‍ക്കുള്ളിൽ തന്നെ 'പറഞ്ഞു തീരാത്തത്' എന്ന പേരില്‍ എന്റെ ആദ്യ കവിതാസമാഹാരം പുസ്തകമായി ഇറങ്ങി. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങിൽ മന്ത്രി ജി സുധാകരന്‍ പുസ്തകം പ്രകാശനം ചെയ്യുമ്പോള്‍ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെ കടന്നുപോകുകയായിരുന്നു ഞാന്‍.
അന്ന് രാത്രി കുട്ടിയമ്മയുടെ മടിയില്‍ കിടക്കുമ്പോള്‍ അതുവരെയുള്ള ജീവിതത്തെക്കുറിച്ചു ഞാന്‍ ചിന്തിക്കുകയായിരുന്നു. വായനയും എഴുത്തുമൊക്കെ എനിക്ക് രക്ഷപ്പെടാനുള്ള ഉപാധികൾ മാത്രമായിരുന്നു. ഒരിക്കല്‍പ്പോലും മരണത്തിന് വിട്ടുകൊടുക്കാതെ പച്ചയ്ക്ക് ചുട്ടെടുത്ത പോലെ ജീവിതം എന്നില്‍ക്കിടന്ന് പൊട്ടി മലര്‍ന്നുകൊണ്ടിരുന്നു. തിമിരം വന്നുമൂടി കുട്ടിയമ്മയുടെ കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. അവരുടെ ചുളുങ്ങി മെല്ലിച്ച കൈവിരലുകള്‍കൊണ്ട് എന്റെ തലമുടിയില്‍ തലോടിക്കൊണ്ടിരുന്നു. കുട്ടിയമ്മയുടെ ശരീരത്തിലെ ധന്വന്തരം കുഴമ്പിന്റെ മണം എന്നെ ഏതോ കാലത്തിലേയ്ക്ക് വലിച്ചുകൊണ്ടുപോയി. ഓര്‍മകള്‍ പരുന്തിന്‍കൂട്ടങ്ങള്‍ പോലെ എനിക്കു ചുറ്റും വട്ടമിട്ടു പറന്നുകൊണ്ടിരുന്നു.
വേദനയ്ക്ക് പുറമെ കടുത്ത ശ്വാസംമുട്ടല്‍ എന്നെ അലട്ടി. പല രാത്രികളിലും ശ്വാസം കിട്ടാതെ ഞാന്‍ മരണത്തെ നേരില്‍ക്കണ്ടു. കൂടുതല്‍ സമയങ്ങളിലും ആശുപത്രിയില്‍ ചെലവഴിച്ചു. നാല് നേരമുള്ള, കുത്തിവെയ്പ്പും മരുന്നുകളും എന്നെ അവശയാക്കി എന്നില്‍ നിന്നും വമിക്കുന്ന മരുന്നിന്റെ മണത്തിൽ ഞാന്‍ ഓക്കാനിച്ചു. കുളമ്പുരോഗം വന്ന നാല്‍ക്കാലിയെപ്പോലെ ഞാന്‍ മുറിയില്‍ ഞരങ്ങിയും മൂളിയും വളഞ്ഞുകിടന്നു. പുസ്തകങ്ങള്‍ മാത്രമായിരുന്നു എന്റെ ഏക ആശ്വാസം.
നാട്ടിലെ വായനശാല അടച്ചുപൂട്ടിയതിനുശേഷം തുറവൂര്‍ പഞ്ചായത്ത് ലൈബ്രറിയിലായിരുന്നു വായിക്കാനായി ഞാന്‍ സ്ഥിരമായി പോയിരുന്നത്. അസുഖം മാറുന്ന സമയത്തൊക്കെ ഞാന്‍ അവിടെ പോയിരുന്ന് വായിക്കും. രണ്ടുനില കെട്ടിടത്തിന്റെ മുകളിലായി കൃഷിഭവനും താഴെ ലൈബ്രറിയുമായിരുന്നു. ഒറ്റമുറിയായിരുന്നെങ്കിലും അതില്‍ നിറയെ പുസ്തകങ്ങളായിരുന്നു. മിക്ക ദിവസങ്ങളിലും അങ്ങോട്ടുള്ള വരവും പോക്കും വലിയ ബുദ്ധിമുട്ടായിരുന്നു എന്നാല്‍പ്പോലും ഞാന്‍ പോകുമായിരുന്നു.
ആ സമയത്തായിരുന്നു ഞാന്‍ എന്റെ ഒരു ബന്ധുവിന്റെ മകളായ ഗാര്‍ഗിയുമായി കൂട്ടുകൂടുന്നത് അപ്പൂപ്പന്റെ (അമ്മയുടെ അച്ഛന്‍) അനിയന്റെ മകന്റെ മകളായിരുന്നു ഗാര്‍ഗി. എന്റെ വീടിന്റെ അടുത്തായിരുന്നു അവള്‍ താമസിച്ചിരുന്നതെങ്കിലും ഞങ്ങള്‍ അതുവരെ സംസാരിച്ചിട്ടേയില്ലായിരുന്നു. പൊതുവേ ഞാന്‍ മനുഷ്യരോട് അത്ര വേഗത്തില്‍ ഇണങ്ങുന്ന ജീവി അല്ലായിരുന്നതിനാല്‍ ഞാന്‍ പല സ്വന്തക്കാരോടും മിണ്ടിയിരുന്നില്ല. കവിതയും കഥയുമൊക്കെ വളരെ ഇഷ്ടമുള്ളതുകൊണ്ടാവാം അവളെന്നോട് വേഗത്തില്‍ കൂട്ടുകൂടി. എന്നേക്കാള്‍ നാലോ അഞ്ചോ വയസ്സിനു ഇളയതായിരുന്നു അവള്‍. സുന്ദരിയും രസികത്തിയുമായ അവളെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. വായിക്കാന്‍ താല്പര്യമുള്ള ഒരാളെ കിട്ടിയതില്‍ ഞാനും സന്തോഷിച്ചു. അവളോട് കൂട്ടുകൂടിയതിനുശേഷം മിക്കവാറും ദിവസങ്ങളില്‍ അവളുടെ സൈക്കിളിനു പിന്നില്‍ ഇരുന്നായിരുന്നു ഞാന്‍ ലൈബ്രറിയില്‍ പോയിരുന്നത്.
പാടവരമ്പിലൂടെയും നാട്ടുവഴികളിലൂടെയും എന്നെയും പിന്നിലിരുത്തി അവള്‍ സൈക്കിള്‍ ചവിട്ടി. കഥകള്‍ പറഞ്ഞും തമാശകള്‍ പറഞ്ഞും ഞങ്ങള്‍ പോയി. അവള്‍ സംസാരിക്കുമ്പോള്‍ അവളുടെ ഇടതൂര്‍ന്ന കറുത്തുചുരുണ്ട മുടിയും നീളന്‍ മൂക്കും അതിലെ ഒറ്റക്കല്‍ മൂക്കൂത്തിയും അവളുടെ ഭംഗി കൂട്ടി. അവളുടെ സംസാരവും കഥകളുമൊക്കെ കേട്ടിരിക്കാന്‍ നല്ല രസമായിരുന്നു. അവളുടെ സ്‌കൂളിലെയും കോളേജിലെയും കഥകള്‍ പറയുമ്പോള്‍ ഞാന്‍ എല്ലാം മറന്നു ചിരിക്കുമായിരുന്നു. എന്റെ വിചിത്രമായ ചില ഇഷ്ടങ്ങള്‍ മനസ്സിലാക്കിയതുകൊണ്ടാവാം ചില ദിവസങ്ങളിലോക്കെ അവളുടെ വീടിനു മുന്നിലെ വലിയ പാടത്തുനിന്ന് എനിക്ക് ആമ്പല്‍ക്കിഴങ്ങുകള്‍ പറിച്ച് കൊണ്ടുവന്നുതരുമായിരുന്നു. ആമ്പല്‍ത്തണ്ടുകള്‍ കൊണ്ട് എനിക്കവള്‍ മാലയുണ്ടാക്കി. കുറച്ചുനാള്‍ മുമ്പുവരെ പരസ്പരം സംസാരിക്കുക പോലുമില്ലാതിരുന്ന രണ്ടുപേര്‍ അത്ര വേഗത്തിലായിരുന്നു ആത്മസുഹൃത്തുക്കളായത്.
എന്റെ വായനാജീവിതത്തില്‍ അവളുടെ പങ്ക് വളരെ വലുതായിരുന്നു. പല ദിവസങ്ങളിലും എന്നെയും പിന്നിലിരുത്തി മൂന്ന് കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടുമായിരുന്ന അവളോട് അതിരറ്റ സ്‌നേഹവും വാത്സല്യവുമായിരുന്നു എനിക്ക്. പല കാലങ്ങളിലായി എന്റെ സങ്കടങ്ങളെയും കഷ്ടപ്പാടുകളെയും വേദനകളെയൊക്കെ ലഘൂകരിക്കാന്‍ എന്നിലേയ്ക്കെത്തിച്ചേര്‍ന്ന ചില മനുഷ്യര്‍ ചേര്‍ന്നാണ് എന്റെ ഉള്ളിലെ സ്‌നേഹം എന്ന സങ്കല്പത്തെ പുതുക്കിക്കൊണ്ടിരിക്കുന്നത്.
വയലാര്‍ രാമവര്‍മ അനുസ്മരണത്തിന് പോയപ്പോഴാണ് ആദ്യമായി റാമിനെ കാണുന്നത്. ഒരു കവിയെന്ന നിലയില്‍ അറിയപ്പെട്ടു തുടങ്ങിയ കാലമായിരുന്നു അത് സമകാലിക മലയാളം, ദേശാഭിമാനി, ഭാഷാപോഷിണി തുടങ്ങിയ നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നു, അക്കാലത്ത്. അന്ന് വയലാര്‍ അനുസ്മരണവേദിയില്‍ കവിത ചൊല്ലിക്കഴിഞ്ഞപ്പോള്‍ റാം എന്റെ അടുത്തേയ്ക്ക് വന്ന് സ്വയം പരിചയപ്പെടുത്തി: 'ഞാന്‍ രാംദാസ്. മാര്‍ക്കറ്റിങ് മേഖലയിലാണ് ജോലി ചെയ്യുന്നത്. ഒരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. ഞാന്‍ രമ്യയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കവിതകള്‍ ഒന്നുംതന്നെ വായിച്ചിട്ടില്ല. ഇനി വേണം വായിക്കാന്‍'. അദ്ദേഹത്തിന്റെ സത്യസന്ധമായ പരിചയപ്പെടുത്തല്‍ എനിക്കിഷ്ടമായി. ഞങ്ങള്‍ പിന്നെയും കുറേനേരം എന്തൊക്കെയോ സംസാരിച്ചിരുന്നു. കാണാന്‍ അതീവ സുന്ദരനും ആരെയും ആകര്‍ഷിക്കുന്ന സംസാരശൈലിയുമായിരുന്നു റാമിന്റെത്. പുതിയ കവിതകളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും അയാള്‍ പറഞ്ഞുകൊണ്ടിരുന്നു. നല്ല വായനാശീലവും നിരീക്ഷണവുമുള്ള ആളാണ് അയാളെന്ന് മനസ്സിലായി. കുറച്ചു നേരം നീണ്ടുനിന്ന സംസാരത്തിനുശേഷമാണ് ഞങ്ങള്‍ പിരിഞ്ഞത്.
തിരികെ പോരുമ്പോള്‍ അയാളുടെ തെളിഞ്ഞ കണ്ണുകളും കുറ്റിത്താടിയും ഇളം ചെമ്പു നിറം കലര്‍ന്ന മുടിയും രോമാവൃതമായ കൈ വിരലുകളും സ്ഫടികനിറമുള്ള നഖങ്ങളും എന്റെ കാഴ്ചയില്‍ തങ്ങിനിന്നു. പിന്നീട് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ എം.എയ്ക്ക് പഠിക്കുന്ന എന്റെ കോളേജില്‍ എന്തോ ആവശ്യത്തിന് വേണ്ടി റാം വന്നപ്പോഴാണ് അയാളെ വീണ്ടും കണ്ടത്. ഏറെനാളത്തെ പരിചയമെന്നപോലെ അയാള്‍ എന്റെ അടുത്തു വന്നു സംസാരിക്കാന്‍ തുടങ്ങി. ആ ലക്കം ദേശാഭിമാനിയില്‍ വന്ന എന്റെ കവിത വായിച്ചെന്നും നന്നായിട്ടുണ്ടെന്നും എന്നോട് പറഞ്ഞു. പിന്നീട് പലപ്പോഴും ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടാന്‍ ഇടയായി. ഞാന്‍ പോകുന്ന കവിയരങ്ങുകളിലും സാംസ്‌കാരിക പരിപാടികളിലുമൊക്കെ റാം സ്ഥിരം സാന്നിധ്യമായി ഞങ്ങളുടെ സൗഹൃദം വളര്‍ന്നു. അയാളുടെ സാമീപ്യം എന്നെ സന്തോഷിപ്പിച്ചു. എന്റെ കവിതകളുടെ ആദ്യ വായനക്കാരന്‍ എന്ന ഒരു നിലയിലേയ്ക്ക് എത്താന്‍ മാത്രം അദ്ദേഹമെന്റെ ജീവിതത്തെ സ്വാധീനിച്ചുതുടങ്ങി.
റാമുമായി കൂടുതല്‍ അടുക്കുംതോറും ഞാന്‍ തേടിയ എന്തൊക്കെയോ അയാളില്‍ ഉണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞുകൊണ്ടിരുന്നു. എന്നാലും എല്ലാരോടുമെന്നപോലെ ഞാന്‍ അദ്ദേഹത്തോടും അകലം പാലിച്ചു. എനിക്ക് അദ്ദേഹത്തെ വിശ്വസിക്കാന്‍ പാടായിരുന്നു. എന്നോടുഉള്ള സ്‌നേഹത്തെ പോലും സംശയത്തോടെ മാത്രം ഞാന്‍ കണ്ടു. എന്നെ എങ്ങനെ മനുഷ്യര്‍ക്ക് സ്‌നേഹിക്കാന്‍ കഴിയും എന്ന അപകര്‍ഷതാബോധം എന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍, ഒട്ടും വൈകാതെ ഞാന്‍ കരുതിയതുപോലെ തന്നെ റാം എന്നോടുള്ള അയാളുടെ പ്രണയം തുറന്നുപറഞ്ഞു. രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ ഞാനത് നിരസിച്ചു. അത് റാമിനെ വിഷമിപ്പിച്ചു. എങ്കിലും അയാള്‍ പിന്മാറിയില്ല. എന്നോട് കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു. എന്നെ സന്തോഷിപ്പിക്കാനും എന്റെ വേദനകള്‍ക്ക് താങ്ങാകാനും അറിഞ്ഞോ അറിയാതെയോ അയാള്‍ ശ്രമിച്ചുകൊണ്ടിരുന്നു. അതുവരെ അനുഭവിക്കാത്ത സ്‌നേഹം, പ്രണയം, വാത്സല്യം സുരക്ഷിതത്വം ഒക്കെ ഞാന്‍ അയാളില്‍ നിന്ന് അറിയുകയായിരുന്നു. അദ്ദേഹത്തിന്റെ സാമീപ്യം എനിക്ക് അനിവാര്യമായ ഒന്നായി മാറുന്ന ഒരു അവസ്ഥയിലേയ്ക്ക് ആ സ്‌നേഹം എന്നെ വലിച്ചിടുപ്പിച്ചു. ഞാന്‍ അയാളെ പ്രണയിക്കാന്‍ തുടങ്ങിയിരുന്നു. പിന്നീടങ്ങോട്ട് അദ്ദേഹം എന്റെ വേദനകളെ ഇല്ലാതാക്കിക്കൊണ്ടിരുന്നു. അല്ലെങ്കില്‍ അയാളുടെ സ്‌നേഹത്തില്‍ എന്റെ വേദനകളെ ഞാന്‍ മറന്നു.
വിവാഹത്തെ കുറിച്ചൊക്കെ അദ്ദേഹം എന്നോട് സംസാരിക്കുമ്പോള്‍ എന്നെ വല്ലാത്തൊരു ഭയം പിടികൂടുമായിരുന്നു. എന്റെ വീട്ടില്‍ അച്ഛന്റെയും അമ്മയുടെയും തീവ്രയുദ്ധങ്ങള്‍ കണ്ടുവളര്‍ന്ന എനിക്ക് വിവാഹമെന്ന സങ്കല്പത്തോട് വെറുപ്പും ഭയവും ആയിരുന്നു. അങ്ങനൊരു അപകടത്തില്‍ ഒരിക്കലും ചെന്ന് വീഴാതിരിക്കാനും ആഗ്രഹിച്ചു. പക്ഷേ, റാം എന്റെ എല്ലാ ധാരണകളെയും മാറ്റിമറിച്ചു. പരസ്പരം സ്‌നേഹിച്ചും പ്രണയിച്ചും ലാളിച്ചും ഞങ്ങള്‍ ഈ ജീവിതം ജീവിച്ചു തീര്‍ക്കും എന്ന് ഞാന്‍ വിശ്വസിച്ചു. ''നീ കാണാന്‍ സുന്ദരിയാണ്, എനിക്ക് മാത്രമായി കിട്ടിയത് എന്റെ പുണ്യമാണ്.'' അദ്ദേഹമെന്റെ കണ്ണുകളില്‍ നോക്കി പറഞ്ഞു.
എന്റെ ഉള്ളിലെ അപകര്‍ഷതാബോധത്തിന്റെ ഉറച്ച പാറക്കൂട്ടങ്ങള്‍ എന്റെയുള്ളില്‍ അലിഞ്ഞില്ലാതായിക്കൊണ്ടിരുന്നു. റാം എന്റെ വീട്ടിലും അദ്ദേഹത്തിന്റെ വീട്ടിലും ഞങ്ങളെക്കുറിച്ചു പറഞ്ഞു. രണ്ടിടത്തുനിന്നുമുള്ള കഠിനമായ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് ഞങ്ങള്‍ പ്രണയിച്ചു കൊണ്ടേയിരുന്നു. അതിനിടയില്‍ എം.എ പഠനം കഴിഞ്ഞു കേരളം സാഹിത്യ അക്കാദമില്‍ ഗവേഷണപഠനത്തിനായി ഞാന്‍ അവിടെ താമസമാക്കി. വായനയുടെയും സൗഹൃദത്തിന്റെയും വിശാലമായ ഒരു ലോകത്ത് ഞാന്‍ മതിമറന്നു ജീവിച്ച കാലങ്ങള്‍ എന്റെ വായനയേയും എഴുത്തിനെയും കൂടുതല്‍ പുതുക്കിക്കൊണ്ടിരുന്നു. എന്നെ തേടി നിരവധി പുരസ്‌കാരങ്ങള്‍ എത്തി. എന്റെ കാവ്യജീവിതം കൂടുതല്‍ സജീവമായി. അപ്പോഴൊക്കെയും റാമിന്റെ സ്‌നേഹത്തിനുള്ളില്‍ ഞാന്‍ കെട്ടിക്കിടന്നു. അദ്ദേഹമില്ലാത്തൊരു നിമിഷത്തെപ്പറ്റി പോലും ചിന്തിക്കാന്‍ കഴിയാതെ എന്നെത്തന്നെ ഉരുക്കി ഞാനദ്ദേഹത്തെ പ്രണയിച്ചുകൊണ്ടിരുന്നു. ഒത്തിരി യാത്രകള്‍ ചെയ്തു കാലുകള്‍ വേദനിക്കുമ്പോള്‍ എന്നെ ചേര്‍ത്തുപിടിച്ചു. എന്റെ വേദനകളില്‍ എന്നോടൊപ്പം വേദനിച്ചു. അപ്പോഴും സ്വാര്‍ത്ഥതയുടെ ഒരിരുമ്പു കൂടിനുള്ളില്‍ സ്‌നേഹത്തില്‍ പൊതിഞ്ഞു എന്നെ തളച്ചിട്ടിരുന്നത് ഞാന്‍ അറിയാതെ ആസ്വദിച്ചുകൊണ്ടിരുന്നു. മറ്റെന്തിനേക്കാളും സ്‌നേഹമായിരുന്നു എനിക്ക് വേണ്ടിയിരുന്നത്.
(തുടരും)
Content Highlights: remya thuravoor pathiyatha kalppadukal autobiography
Published: 15 Jan 2025, 09:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented