
ഇന്ത്യ ഒരു രാജ്യമാണെങ്കിലും ഇവിടെയുള്ളവർ ഒരൊറ്റ ജനത ആണെന്ന് പറയുക ബുദ്ധിമുട്ടാണ്. അങ്ങനെ പറയുന്നതിൽ ദേശാഭിമാന വിരോധിയായിട്ടൊന്നുമില്ല. വിവിധ ഭാഷകളിൽ, സംസ്‌കാരങ്ങളിൽ, വിശ്വാസങ്ങളിൽ, ആചാരങ്ങളിൽ, ഗോത്രങ്ങളിൽ, നിറങ്ങളിൽ, ആകാരങ്ങളിൽ, മത-ജാതികളിൽ, ഭൂപ്രകൃതികളിൽ രൂപപ്പെട്ടുവന്ന മനുഷ്യർ ഒരൊറ്റ ജനതയാണെന്ന് എങ്ങനെ പറയും? എന്നിട്ടും ഈ രാജ്യമണ്ഡലത്തിൽ താമസിക്കുന്നവർ ഇന്ത്യ എന്ന ഒരു വികാരം ഏതോ പൊതുവായ ഒരർത്ഥത്തിൽ, ഒരവ്യക്ത ജീവവായുവായി പങ്കുവെയ്ക്കുന്നുണ്ട്. എന്നാൽ, ലച്ചിത് ബോർ ഫൂക്കനോ ശങ്കര ദേവനോ ഭൂപൻ ഹസാരികയോ അസമിലെ ജനതയുടെ നായകബിംബങ്ങളാകുമ്പോൾ മലയാളികൾക്ക് അവരാരും അങ്ങനെയാകുന്നില്ല. നമ്മുടെ തൊട്ടയൽപക്കമായ തമിഴ്‌നാടിന് തിരുവള്ളുവർ എന്നോ സുബ്രഹ്‌മണ്യ ഭാരതിയെന്നോ തന്തൈ പെരിയാറെന്നോ കേൾക്കുമ്പോഴുള്ള തദ്ദേശീയതാവികാരം ആ പേരുകൾ കേൾക്കുമ്പോൾ മലയാളികൾക്കുണ്ടാകുന്നില്ലല്ലോ. യേശുദാസ്, എഴുത്തച്ഛൻ, മോയിൻകുട്ടി വൈദ്യർ, നാരായണഗുരു, അയ്യങ്കാളി എന്നീ പേരുകൾ കേൾക്കുമ്പോൾ പഞ്ചാബികൾക്കുണ്ടാകാത്ത ഒരു സാംസ്‌കാരിക അടുപ്പവും അഭിമാനവും മലയാളികൾക്കുണ്ടാകുന്നു. എന്തിനേറെ പറയുന്നു മലയാളികൾക്കിടയിൽതന്നെ മോയിൻകുട്ടി വൈദ്യർ എന്നു കേൾക്കുമ്പോഴുണ്ടാകുന്ന അഭിമാനവും എഴുത്തച്ഛൻ എന്നു കേൾക്കുമ്പോഴുണ്ടാകുന്ന വികാരവും രണ്ടാണല്ലോ.
ഇനി മറ്റൊരു തരം ദേശീയതാ ബിംബങ്ങളുമുണ്ട്. പുത്തൻ കൃത്രിമനിർമ്മിതികൾ. ഒരുദാഹരണം മാത്രം പറയാം. സ്വാതന്ത്ര്യസമരകാലത്തും പിന്നീടും ഗാന്ധി, നെഹ്റു, അംബദ്കർ, സരോജിനി നായിഡു, നേതാജി, ഭഗത് സിങ്, മൗലാന ആസാദ്, സർദാർ പട്ടേൽ എന്നൊക്കെയുള്ള പേരുകൾക്കൊപ്പം ഇന്ത്യക്കാർ മുഖ്യധാരയിൽ പറയാതിരുന്ന ഒരു പുതിയ പേര് കഴിഞ്ഞ കുറേ ദശകങ്ങളായി പ്രചുരപ്രചാരത്തിൽ വന്നു. അത് സവർക്കറുടേതാണ്. ദേശീയത എന്ന ആശയത്തിന് കാലാകാലങ്ങളിൽ വരുന്ന മാറ്റങ്ങൾ പുതിയ ബിംബങ്ങളേയും ഉണ്ടാക്കും എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഇത്രയും നീണ്ട ഒരു മുഖവുര എഴുതിയത് ഇന്ത്യ ഉപഭൂഖണ്ഡം രാഷ്ട്രീയമായി വിഭജിക്കപ്പെടുന്നതിനു മുൻപ് ജനിച്ച രണ്ടുപേരെ കുറിച്ച് 2026 ഒക്ടോബറിൽ പറയാനാണ്. അതിൽ ഒരാൾ ജനിച്ചത് പിൽക്കാലത്ത് പാകിസ്താനിലായിപ്പോയ പഞ്ചാബിലെ കസൂർ പ്രദേശത്താണ്. രണ്ടാമത്തെയാൾ ജനിച്ചത് പിൽക്കാലത്ത് കിഴക്കൻ പാകിസ്താനും പിന്നീട് ബംഗ്ലാദേശുമായിപ്പോയ പ്രദേശത്തെ ഫരീദ്പൂരിൽ ആയിരുന്നു. ഒരാൾ ഗായികയായിരുന്നെങ്കിൽ മറ്റേയാൾ ചിത്രകാരനായിരുന്നു. ചിത്രകാരൻ എൺപത്തിയേഴാം വയസ്സിൽ 2026 ഒക്ടോബർ ഇരുപത്തിയഞ്ചാം തീയതി അന്തരിച്ചു. ഗായികയുടെ ജന്മശതാബ്ദി നാമൊക്കെ ഇപ്പോൾ ജീവിക്കുന്ന 2026-ലാണ്. ഗായിക നൂർജഹാൻ മരിച്ചത് പാകിസ്താനിൽ. ചിത്രകാരൻ ജോഗൻ ചൗധുരി മരിച്ചത് ഇന്ത്യയിൽ. അവർ അപ്പോൾ ഏത് ദേശീയതയുടെ പ്രതിനിധികളാണ്? ഞാൻ പറയും ഇന്ത്യൻ ദേശീയതയുടേതെന്ന്, അതേശ്വാസത്തിൽ ഞാൻ പറയും ലോകമാനവികതയുടേതെന്നും.
ഇന്ത്യയ്ക്കു രാജ്യവിഭജനത്തോടൊപ്പം സ്വാതന്ത്ര്യവും കിട്ടിയ 1947-ന് പതിനെട്ടു വർഷങ്ങൾക്കു മുൻപ് അതുമായി ബന്ധപ്പെടാത്ത ഒരു സന്ദർഭത്തെക്കുറിച്ച് എഴുതവേ ആൽബർട്ട് ഐൻസ്റ്റീൻ ഇങ്ങനെയെഴുതിയിരുന്നു: 'അമിതമായ ദേശീയത ഒരു രോഗംപോലെ പടരുന്നതും ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തിൽ ദുരന്തങ്ങൾ വിതയ്ക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. ദേശീയത ഒരു ശൈശവരോഗമാണ്. മനുഷ്യരാശിയുടെ അഞ്ചാം പനിയാണത്.' (The Saturday Evening Pots-ന് നൽകിയ അഭിമുഖത്തിൽനിന്ന്)
ഐൻസ്റ്റീൻ 'അമിതമായ ദേശീയത' എന്നുപറഞ്ഞത് നാം പ്രത്യേകം ശ്രദ്ധിക്കണം. സത്യത്തിനും ഇന്ത്യയ്ക്കുമിടയിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കേണ്ടി വരുന്ന ദുരന്തമുഹൂർത്തം ഭാവിയിൽ എപ്പോഴെങ്കിലുമുണ്ടായാൽ താൻ സത്യത്തെ തിരഞ്ഞെടുക്കുമെന്ന് ഗാന്ധി വിശ്വസിച്ചിരുന്നു. അതിനോട് ചേർത്തുവെച്ചുവേണം ഗാന്ധിയുടെ മൗലികാശയലോകത്തെ മാരിവില്ല് കാണുന്ന കുഞ്ഞിനെപ്പോലെ വിസ്മയത്തോടെ കണ്ടിരുന്ന ഊർജ്ജതന്ത്രജ്ഞന്റെ വാക്കുകൾ വായിക്കുവാൻ.
ഇക്കൊല്ലം നൂർ ജഹാന്റെ ജന്മശതാബ്ദിയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ 'ഇന്ത്യ' എന്ന ഭൂപടം അവിഭാജ്യമായിരുന്ന കാലത്ത് അത് 565 നാട്ടുരാജ്യങ്ങളുടെയും ബ്രിട്ടീഷ് പ്രവിശ്യകളുടെയും സമുച്ചയം മാത്രമായിരുന്നു. അക്കാലത്ത് ബോംബെ, കൽക്കത്ത കേന്ദ്രങ്ങളായി വളർന്നുവന്ന ചലച്ചിത്ര തരംഗത്തിലെ ആദ്യ സ്ത്രീതാരങ്ങളിൽ ഒരാളായിരുന്നു നൂർ ജഹാൻ എന്ന മഹാഗായികയും അഭിനേത്രിയും. ഹിന്ദുസ്ഥാനി സംഗീതത്തിലെ എക്കാലത്തേയും വലിയ ഗായകരിൽ ഒരാളായി ആദരിക്കപ്പെടുന്ന ഉസ്താദ് ബഡേ ഗുലാം അലി ഖാൻ ജനിച്ച കസൂർ (ഇന്നത്തെ പാകിസ്താനിൽ) എന്ന പ്രദേശത്തായിരുന്നു 1926-ൽ അവർ ജനിച്ചത്. യഥാർത്ഥ പേര് അള്ളാ രഖി വസൈ എന്നായിരുന്നു. തബലയിലെ പഞ്ചാബ് ഖരാനയിലെ വിശ്രുത കലാകാരൻ അള്ളാ രഖാ ജനിച്ചത് കസൂറിൽനിന്ന് 160 കിലോമീറ്റർ ദൂരെയുള്ള ഗഗ് വാളിലായിരുന്നു (ജമ്മു), 1919-ൽ. ഇപ്പോൾ കസൂറിനും ഗഗ് വാളിനുമിടയിലൂടെ ഇന്ത്യ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിരേഖ പായുന്നു. എന്നിട്ടും പാകിസ്ഥാനിലുള്ളവർ അള്ളാ രഖയുടെ താളങ്ങൾ കേൾക്കുന്നു, ഇന്ത്യയിലുള്ള ഞാൻ ഇപ്പോൾ നൂർ ജഹാൻ പാടിയ ഗസൽ കേട്ടുകൊണ്ടിരിക്കുന്നു.
हमारी सांसों में आज तक वो हिना की खुशबू महक रही है
लबों पे नगमें मचल रहे हैं नज़र से मस्ती छलक रही है
(നമ്മുടെ ശ്വാസങ്ങളിൽ ഇന്നും ആ മൈലാഞ്ചിയുടെ സുഗന്ധം നിറഞ്ഞുനിൽക്കുന്നു;
അധരങ്ങളിൽ ആ ഗാനങ്ങൾ തുടിച്ചുണരുന്നു, നോട്ടങ്ങളിൽ ആ ലഹരി തുളുമ്പുന്നു)
എന്നാൽ, 2026-ൽ പാകിസ്താനിലെ സംഗീതപ്രേമികൾ ഖേദസ്വരത്തിൽ പറയുന്നത് നൂർ ജഹാന്റെ ജന്മശതാബ്ദി ആ രാജ്യത്തിൽ ആരും ശ്രദ്ധിക്കാതെ കടന്നുപോകുന്നുവെന്നാണ്. അത് പാകിസ്താനിൽ ഔദ്യോഗികമായി കാര്യമായ ആഘോഷങ്ങളില്ലാതെ കടന്നുപോയി എന്ന നിരീക്ഷണത്തിന് സമകാലിക റിപ്പോർട്ടുകളുണ്ട്. പാകിസ്താനിൽനിന്നുതന്നെ സംഗീതപ്രേമികളും അവരുടെ കുടുംബാംഗങ്ങളും ഇതിൽ നിരാശ പ്രകടിപ്പിച്ചതായി വാർത്തകൾ വന്നിട്ടുണ്ട്. 1947-ൽ പുതിയ രാഷ്ട്രമായ പാകിസ്താന് അക്കാലത്ത് അഭിമാനിക്കാനുണ്ടായിരുന്ന ചുരുക്കം പ്രസിദ്ധ താരകളിലെ ഏറ്റവും ഉയർന്ന പ്രകാശ ധാവള്യമായിരുന്നു നൂർ ജഹാന്റേത് എന്നതും നാം ഓർക്കണം. ലാഹോറിൽനിന്നും സിന്ധ് പ്രദേശത്തുനിന്നും പെഷവാറിൽനിന്നും ബോംബെയിലെ ഹിന്ദി ചലച്ചിത്രരംഗത്തേക്ക് 1930-കളിൽ വന്ന നടികളും നടന്മാരും ഗായകരുമെല്ലാം രാജ്യവിഭജനശേഷം ബോംബെയിൽ തുടർന്നപ്പോൾ നൂർ ജഹാൻ തിരഞ്ഞെടുത്തത് പാകിസ്താനായിരുന്നു. ഭർത്താവും ചലച്ചിത്രസംവിധായകനുമായിരുന്ന ഷൗക്കത്ത് ഹുസൈൻ റിസ്വി (ജനിച്ചത് ഉത്തർ പ്രദേശിലെ അസംഗഡിൽ)യോടൊത്താണ് അവർ പാകിസ്താനിലേക്ക് പോയത്.
ഒരു മതേതര ജനാധിപത്യത്തിലെ കലാസ്വാദന ലോകത്തിന്റെ മഹാന്തരീക്ഷം ഇന്ത്യയിൽ ഇപ്പോഴുമുണ്ട്. അതുകൊണ്ടാണ് പാകിസ്താനിൽ അനുസ്മരിക്കപ്പെടുന്നതിനേക്കാൾ കൂടുതലായി ആ ഗായികയുടെ ജീവിതം ഈ ജന്മശതാബ്ദിനാളിൽ ഇന്ത്യയിൽ ആചരിക്കപ്പെടുന്നത്. എന്താണ് ഒരു മതേതര ജനാധിപത്യത്തിലെ കലാസ്വാദനാന്തരീക്ഷം എന്നത് വ്യക്തമാക്കുവാൻ ആധുനിക കലാതന്ത്രജ്ഞരുടെ വ്യാഖ്യാനങ്ങൾ ആവശ്യമില്ല. നൂർ ജഹാൻ ജനിച്ച കസൂറിൽതന്നെ പതിനേഴ്- പതിനെട്ട് നൂറ്റാണ്ടുകളിൽ ജീവിച്ച കവി ബുല്ലേ ഷായുടെ ഈ വരികൾ വായിച്ചാൽ മതിയാകും :
ബുള്ളാ, ഞാനാരെന്ന് എനിക്കറിയില്ല
ബുള്ളാ, ഞാനാരെന്ന് എനിക്കറിയില്ല.
ഞാൻ പള്ളിയിലെ വിശ്വാസിയല്ല,
അവിശ്വാസിയുടെ ആചാരങ്ങളിലും ഞാനില്ല.
ശുദ്ധിയിലോ അശുദ്ധിയിലോ
എന്നെ കണ്ടെത്താനാവില്ല.
വേദങ്ങളിലോ വിശുദ്ധഗ്രന്ഥങ്ങളിലോ
ഞാൻ കുടികൊള്ളുന്നില്ല.
കറുപ്പിലോ മദ്യത്തിലോ ഞാനില്ല,
ലഹരിയിൽ സ്വയം മറന്നവനിലുമില്ല.
സന്തോഷമല്ല ഞാൻ, ദുഃഖവുമല്ല;
ശുദ്ധിയല്ല, അശുദ്ധിയുമല്ല.
ജലത്തിൽനിന്നുള്ളവനല്ല ഞാൻ,
മണ്ണിൽനിന്നുള്ളവനുമല്ല.
തീയല്ല ഞാൻ, കാറ്റുമല്ല.
അറബിയിലല്ല എന്റെ വേരുകൾ,
ലാഹോറിലുമല്ല എന്റെ വാസം.
നാഗൗറിലെ ഇന്ത്യക്കാരനുമല്ല ഞാൻ,
ഹിന്ദുവല്ല, പെഷവാറിലെ തുർക്കിയുമല്ല.
മതങ്ങൾക്കിടയിലെ ഭേദങ്ങൾ
ഞാനുണ്ടാക്കിയതല്ല.
ആദമിനെയും ഹവ്വയെയും
ഞാൻ ജനിപ്പിച്ചതുമല്ല.
എനിക്കൊരു പേര് നൽകിയതുപോലും
ഞാനല്ല.
ആദിയിലും അന്തത്തിലും
എനിക്കറിയാവുന്നത് എന്നെത്തന്നെ.
മറ്റൊന്നിനെ വേറിട്ടൊന്നായി
ഞാൻ തിരിച്ചറിഞ്ഞിട്ടില്ല.
എന്നെക്കാൾ ജ്ഞാനിയാരുണ്ട്?
ബുള്ളാ!
ഇവിടെ നിൽക്കുന്നത് ആരാണ്?
ബുല്ലേ ഷായിൽനിന്നാണ് ഞാൻ ജോഗൻ ചൗധുരിയിലേക്ക് പോകുന്നത്. ആദ്യമേ പറഞ്ഞതുപോലെ അവിഭക്ത ഇന്ത്യയിലെ ബംഗാളിൽ ജനിച്ച അദ്ദേഹത്തിന്റെ ജന്മദേശം ഇന്നത്തെ ബംഗ്ലാദേശിലാണ്. ആധുനിക ഇന്ത്യൻ ചിത്രകലയിലെ ദീപ്തമുദ്രകളിൽ ഒന്ന് അദ്ദേഹത്തിന്റെ ഒപ്പു തന്നെയാണ്. അദ്ദേഹത്തിന്റെ അതിപ്രശസ്തമായ ഒരു ചിത്രത്തെ കുറിച്ച് പറഞ്ഞു തുടങ്ങാം. അരക്ഷിതമായ സാമൂഹ്യാന്തരീക്ഷത്തിൽ ഒരാൾ ജീവിക്കാനിടയാകുന്ന ലോകത്തിലെ ഏതിടത്തും ഈ ചിത്രത്തിന് പ്രസക്തിയുണ്ട്. ഇന്നത്തെ ഇന്ത്യയിലും അതിനാൽ പ്രസക്തമാകുന്നു.
'നിലാവുള്ള രാത്രിയിലെ കടുവ' എന്ന ഈ ചിത്രം ഇന്ത്യയിലെ 1975-1977 കാലത്തെ അടിയന്തിരാവസ്ഥയോടുള്ള ജോഗൻ ചൗധുരിയുടെ പ്രതികരണമായിട്ടാണ് അറിയപ്പെടുന്നത്. ചന്ദ്രികാചർച്ചിതമായ ഈ രാത്രിയിലെ പൗരന്റെ സുഖ സുഷുപ്തിയിൽ അവനരികിൽ കാത്തുനിൽക്കുന്ന ഹിംസ്രമൃഗത്തെ നാം നമ്മെ വിഴുങ്ങാനിരിക്കുന്ന അമിതാധികാരകേന്ദ്രമായി വായിച്ചുപോകുകയാണ്. ബംഗ്ലാദേശിലെയും പാകിസ്താനിലെയും ഇന്ത്യയിലെയും മാത്രമല്ല, ലോകത്തിൽ മറ്റെവിടെയും പൗരന്റെ നിദ്രകളിൽ ആ ജീവിതത്തിന്റെ സ്വാതന്ത്ര്യത്തെ, ജീവസന്ധാരണത്തിന്റെ അടിസ്ഥാനങ്ങളെ കവർന്നെടുക്കുന്ന വ്യവസ്ഥകൾ ഈ ചിത്രത്തിൽ വിമർശിക്കപ്പെടുന്നു.
അതേസമയം, ഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിന്റെ ഔദ്യോഗിക വിവരണം ചിത്രത്തിലെ മനുഷ്യരൂപവും കടുവയും തമ്മിലുള്ള ബന്ധത്തെ അരക്ഷിതത്വം, ദുർബലത, ലൈംഗിക ഊർജം തുടങ്ങിയ ഘടകങ്ങളിലൂടെ വായിച്ചെടുക്കാൻ ശ്രമിക്കുകയാണ് എന്നതും ഈ അവസരത്തിൽ സൂചിപ്പിക്കുകയാണ്. ഭരണകൂടങ്ങൾ ചിത്രകല വായിക്കുന്നത് എപ്പോഴും പ്രത്യേക രീതിയിലാണല്ലോ.
ജോഗൻ ചൗധുരിയ്ക്കുള്ള ചരമോപചാരത്തിൽ കലാചരിത്രകാരനും നിരൂപകനും ക്യൂറേറ്ററുമായ ആർ. ശിവകുമാർ ഇങ്ങനെ എഴുതിയിരിക്കുന്നു: 'രാജ്യവിഭജനശേഷം അഭയാർത്ഥിയായി കൽക്കത്തയിൽ എത്തിയ അദ്ദേഹത്തിന്റെ ആദ്യകാലാനുഭവങ്ങൾ ആഴത്തിലുള്ള അടയാളപ്പെടുത്തലുകൾ ആ കലാജീവിതത്തിലും വ്യക്തിത്വത്തിലും ഉണ്ടാക്കി.'
കൊൽക്കത്തയിലുള്ള ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈ കമ്മീഷൻ പുറപ്പെടുവിച്ച ആദരാഞ്ജലിയിൽ ഇങ്ങനെ പറയുന്നു:
'1971-ലെ വിമോചനസമരകാലത്ത് ബംഗ്ലാദേശിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഇന്ത്യൻ കലാലോകത്തിന് അസാധാരണമായ സംഭാവനകൾ നൽകുകയും ചെയ്ത വിശിഷ്ട ചിത്രകാരൻ ശ്രീ ജോഗൻ ചൗധരിയുടെ നിര്യാണത്തിൽ ഞങ്ങൾ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും ആദരവോടെ സ്മരിക്കപ്പെടും.
അതിരുകൾക്കപ്പുറത്തേക്ക് വ്യാപിച്ച അദ്ദേഹത്തിന്റെ സർഗാത്മക ദർശനം മാനവികതയുടെയും സ്വാതന്ത്ര്യത്തിന്റെയും സാംസ്‌കാരിക സാഹോദര്യത്തിന്റെയും നിലനിൽക്കുന്ന ബന്ധങ്ങളെയാണ് പ്രതിഫലിപ്പിച്ചത്. ബംഗ്ലാദേശിന്റെ വിമോചനസമരത്തിന്റെ ആദർശങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം, നീതിയുടെയും മനുഷ്യാന്തസ്സിന്റെയും പക്ഷത്ത് നിലകൊള്ളുന്നതിൽ കലയ്ക്കും കലാകാരന്മാർക്കുമുള്ള ശക്തിയുടെ സാക്ഷ്യമായി നിലകൊള്ളുന്നു.
ഇന്ത്യയിലെയും ബംഗ്ലാദേശിലെയും അതിനപ്പുറത്തെയും കലാകാരന്മാർക്കും കലാസ്വാദകർക്കും അദ്ദേഹത്തിന്റെ പൈതൃകം വരുംതലമുറകളിലും പ്രചോദനമേകും.
ജോഗൻ ചൗധരിയുടെ കുടുംബാംഗങ്ങളോടും സഹപ്രവർത്തകരോടും ആരാധകരോടും ബംഗ്ലാദേശ് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു!'
നൂർ ജഹാന്റെയും ജോഗൻ ചൗധുരിയുടെയും ജീവിതങ്ങൾ രാഷ്ട്രീയ ഭൂപടങ്ങളിൽനിന്ന് സ്വതന്ത്രമായി ചിറകുവിരിച്ച് പറക്കുന്ന, അതിർത്തി നിരാസശേഷിയുള്ള കലയുടെ ആഗോള മാനവികതയെ പ്രതിനിധാനം ചെയ്യുന്നു. ഒരു കലാകാരിയുടെയോ കലാകാരന്റെയോ സാംസ്‌കാരിക പൈതൃകം അവരുടെ പൗരത്വത്തിന്റെയോ ദേശീയാതിർത്തിയുടെയോ മാത്രം സ്വത്തല്ല.
ഒരൊറ്റ കോഴിക്കോടൻ രാത്രികൊണ്ട് അത് വിശദമാക്കാം. ജി. അരവിന്ദൻ പറഞ്ഞിട്ടുള്ളതാണിത്. 1970-കളിൽ അരവിന്ദനും പട്ടത്തുവിളയും ആർട്ടിസ്റ്റ് നമ്പൂതിരിയും കൂടി രാത്രിയിൽ ഒരു കോഴിക്കോടൻ ചായക്കടയിൽ ഇരിക്കുകയായിരുന്നു. റേഡിയോയിലൂടെ നൂർ ജഹാന്റെ പാട്ട് ഒഴുകിവരുന്നുണ്ടായിരുന്നു. അപ്പോൾ ചായക്കടയിലെ ഒരു ബെഞ്ചിലിരുന്നിരുന്ന ഒരു തടിമാടൻ പൊട്ടിക്കരഞ്ഞു. അയാൾ കഴിഞ്ഞ ദിവസം കോഴിക്കോടെത്തിയ ഒരു പത്താനായിരുന്നു. അയാൾ പറഞ്ഞത്രേ, നൂർ ജഹാൻ കസൂറിൽ ബാല്യകാലത്ത് അയൽപക്കത്തെ കളിക്കൂട്ടുകാരിയായിരുന്നുവെന്ന്. അതുകൊണ്ടാണ് കോഴിക്കോട് അഖണ്ഡമായ ലാവണ്യലോകത്തിന്റെ പ്രധാന വിനിമയകേന്ദ്രങ്ങളിൽ ഒന്നായി ഇന്നും നിലനിൽക്കുന്നത്.
Published: 29 Oct 2026, 04:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented