വെറും 34-ാം വയസ്സിൽ, ഇംഗ്ലണ്ടിലെ ആഷ്ഫോർഡിൽ അവർ മരിച്ചു. പട്ടിണിയും ക്ഷയരോഗവും മൂലമുണ്ടായ ഹൃദയസ്തംഭനമായിരുന്നു മരണകാരണം.

ഇരുപതാം നൂറ്റാണ്ടിലെ ഫ്രാൻസിനെ ചിന്തയാൽ തീപിടിപ്പിച്ച സിമോൺ വെയിലിനെ ഇപ്പോൾ ഓർക്കുമ്പോൾ
ഫ്രാൻസിൽ ഇത് ശരത്കാലമാണ്. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും മരങ്ങളിലും മനുഷ്യരിലും വെയിലിന്റെ സ്വർണവെളിച്ചം വീഴുന്ന ഈ ഫ്രഞ്ച് ശരത്കാലത്ത് ഞാൻ മറ്റൊരു വെയിലിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. മുപ്പത്തിനാലാം വയസ്സിൽ മരിച്ച ഒരു ഫ്രഞ്ച് വെയിൽ.
2026-ലെ ശരത് കാലത്തിനെ ഫ്രാൻസും യൂറോപ്പും അടുത്തകാലത്തൊന്നും മറക്കാൻ പോകുന്നില്ല. ഗ്രീഷ്മം പിൻവാങ്ങുന്ന ഈ ഒക്ടോബറിൽ ഫ്രാൻസിലെ നഗരങ്ങളിൽ വിദ്യാർത്ഥികൾ തെരുവിലിറങ്ങി രാഷ്ട്രീയവേനലിന്റെ കാലം ദീർഘിപ്പിക്കുമ്പോൾ, ആ പ്രതിഷേധരോഷം മറ്റു യൂറോപ്യൻ നഗരങ്ങളിലേക്കും പടരുമ്പോൾ ലോകരാഷ്ട്രീയനിരീക്ഷകർ വിസ്മയത്തോടെ ഇക്കാലത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തീവ്ര ഇടതുപക്ഷമാണ് പ്രക്ഷോഭങ്ങൾക്കു പിന്നിൽ എന്ന് ഫ്രാൻസിലെ മുഖ്യധാരയുടെ അനുയായികൾ ആരോപിക്കുന്നുണ്ട്. കലാലയവിദ്യഭ്യാസച്ചെലവ് ക്രമാതീതമായി വർദ്ധിച്ചതും, നീണ്ടുപോകുന്ന റഷ്യൻ -ഉക്രൈൻ യുദ്ധവും, അമേരിക്ക-ഇറാൻ സംഘർഷവും യൂറോപ്പിലെ ജീവിതച്ചെലവ് ഉയർത്തിയതും, തൊഴിലില്ലായ്മയും, വംശവെറിയുടെ സാമൂഹ്യാന്ധകാരം പരക്കുന്നതുമെല്ലാം ഈ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട് എന്ന് എല്ലാവരും സമ്മതിക്കുന്നുമുണ്ട്. ഇന്നത്തെ ആഗോള രാഷ്ട്രീയസാഹചര്യത്തിൽ യൂറോപ്പ് ഒരു അന്തരാളഘട്ടത്തിലാണ്. ഏതുതരം രാഷ്ട്രീയാന്തരീക്ഷമാണ് യൂറോപ്പിനെ കാത്തിരിക്കുന്നത് എന്ന് ഇപ്പോൾ പ്രവചിക്കാൻ പുറപ്പെട്ടാൽ അത് തത്തമ്മ ചീട്ടെടുത്തുപറയുന്ന ഭാവി പോലെ പരിഹാസ്യമാകുകയേയുള്ളൂ.
സിമോൺ അഡോൾഫ് വെയിലിനെ (1909-1943) കുറിച്ച് ഈ അവസരത്തിൽ ഓർക്കുവാൻ ഒരു പ്രത്യേക കാരണമുണ്ട്. ഞാൻ ഒരു പുതിയ പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ്. മെഘൻ ഒ'ഗിയെബ്ലൈൻ (Meghan O'Gieblyn) എഴുതിയ Will and Attention: A Memoir എന്ന ആത്മകഥ. മദ്യത്തിന് അടിമപ്പെട്ട ഒരു ജീവിതത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചപ്പോൾ അമിതമതവിശ്വാസത്തിന് അടിമപ്പെട്ടുപോകുകയും വീണ്ടും കടുത്ത മദ്യപാനത്തിലേക്ക് തിരിച്ചുപോകുകയും ചെയ്ത മെഘൻ എഴുതിയ ഈ ഓർമ്മപ്പുസ്തകം സമാനാന്തരീക്ഷമുള്ള ഭൂപ്രദേശമായ കേരളത്തിലെ അമിത മദ്യ-മതലോലുപർ വായിച്ചിരിക്കേണ്ട പുസ്തകമാണ്. ആ പുസ്തകമാണ് എന്നെ സിമോൺ വെയിലിനെക്കുറിച്ചുള്ള ചിന്തകളിലേക്ക് കൊണ്ടുപോയതും ഇന്നത്തെ ഫ്രാൻസിനെക്കുറിച്ചും യൂറോപ്പിനെക്കുറിച്ചും ആ വെയിലിന്റെ വെളിച്ചത്തിൽ ആലോചിയ്ക്കാൻ പ്രേരിപ്പിച്ചതും.
ഇച്ഛാശക്തിയാണോ അതോ ശ്രദ്ധയാണോ ജീവിതത്തെ കരുപ്പിടിപ്പിക്കുന്നത് എന്ന വിഷയം മെഘൻ ചർച്ച ചെയ്യുമ്പോഴാണ് സിമോൺ വെയിലിനെക്കുറിച്ച് പുസ്തകത്തിൽ പറയുന്നത്. “We have to try to cure our faults by attention and not by will.” 'നമ്മുടെ തെറ്റുകൾ തിരുത്താൻ നാം ശ്രമിക്കേണ്ടത് ഇച്ഛാശക്തിയിലൂടെയല്ല, ശ്രദ്ധയിലൂടെയാണ്' എന്ന ഉദ്ധരണയിലൂടെയാണ് പുസ്തകത്തിൽ വെയിൽ വരുന്നത്. അതിനുശേഷം നൂറിലേറെ പ്രാവശ്യം പുസ്തകത്തിൽ ആ ഫ്രഞ്ചുചിന്തക കടന്നുവന്നപ്പോൾ പണ്ട് അവരെക്കുറിച്ച് വായിച്ചതൊക്കെ ഓർമ്മകളിലേക്ക് തിരത്തള്ളൽ പോലെ വന്നു, പ്രത്യേകിച്ച് യൂറോപ്യൻ നഗരങ്ങളിൽ താമസിക്കുന്ന നിരവധി മലയാളി യുവാക്കളുടെ മാതാപിതാക്കൾ പുതിയ സമരാന്തരീക്ഷത്തെക്കുറിച്ച് എന്നോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ. സിമോൺ അഡോൾഫ് വെയിൽ അവരുടെ കൗമാരത്തിലും യൗവ്വനത്തിലും കുഴയ്ക്കുന്ന നിരവധി ചോദ്യങ്ങളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതിയിലെ ഫ്രഞ്ച് മധ്യവർഗ്ഗ ആത്മസംതൃപ്തിയെ അലോസരപ്പെടുത്തി.
ഫ്രഞ്ച് വിപ്ലവകാലത്ത് 1794-ൽ പാരീസിൽ സ്ഥാപിതമായ École normale supérieure-യിൽ പഠിച്ച സിമോൺ അഡോൾഫ് വെയിലും അതേ കാലത്ത് പാരീസിൽ തത്ത്വചിന്ത പഠിച്ചിരുന്ന സിമോൺ ദ ബൊവാറും പിൽക്കാലത്ത് ലോകചിന്തയെ പല നിലകളിൽ സ്വാധീനിച്ച രണ്ടു സമകാലികരായിരുന്നു. 1920-കളുടെ അവസാനത്തിൽ അവർ തമ്മിലുണ്ടായ ഒരു സംഭാഷണം വെയിലിന്റെ തീക്ഷ്ണത നമുക്കു വെളിപ്പെടുത്തിത്തരും.
ലോകം അന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം പട്ടിണിയാണെന്നും ഭൂമുഖത്തെ എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കുന്ന ഒരു വിപ്ലവമാണ് ഏറ്റവും പ്രധാനമെന്നും വെയിൽ പറഞ്ഞു. അതിന് ദ ബൊവാർ നൽകിയ മറുപടി, മനുഷ്യന്റെ പ്രശ്നം അവന്റെ ജീവിതത്തിന് അർത്ഥം കണ്ടെത്തുക എന്നതാണ് മറിച്ച് തൃപ്തി തേടുകയല്ല എന്നായിരുന്നു. വെയിൽ അവരെ സൂക്ഷിച്ചുനോക്കിക്കൊണ്ട് പറഞ്ഞു: “നിങ്ങൾ ഒരിക്കലും പട്ടിണി കിടന്നിട്ടില്ലെന്ന് ഈ മറുപടിയിൽനിന്ന് വ്യക്തമാണ്.” (Source: Memoirs of a Dutiful Daughter by Simone de Beauvoir)
തന്നെക്കാൾ ഒരു വയസ്സുമാത്രം പ്രായം കൂടുതലുണ്ടായിരുന്ന ദ ബൊവാറുമായുള്ള ആ സംഭാഷണം അവിടെ അവസാനിച്ചെങ്കിലും, അതിലെ ചോദ്യം അവസാനിച്ചില്ല: വിശക്കുന്ന മനുഷ്യന് ആദ്യം വേണ്ടത് ജീവിതത്തിന്റെ അർത്ഥമാണോ, അതോ ജീവിക്കാനുള്ള ഭക്ഷണമോ?
ഇന്ന് യൂറോപ്പിലെ തെരുവുകളിലേക്കിറങ്ങുന്ന യുവാക്കളുടെ പ്രതിഷേധങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ, വെയിലിനെ അസ്വസ്ഥയാക്കിയ ആ ചോദ്യം വീണ്ടും നമ്മുടെ മുന്നിലെത്തുന്നു. ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ്, ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കേണ്ടതില്ലേ?
ഇനി ഞാൻ നിങ്ങളെ സിമോൺ വെയിലിന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ്. അത് വായിച്ചാൽ നമ്മുടെ സമയം ജ്വരാതുരമാകും. അത്ര തീക്ഷ്ണമായാണ് ബാല്യം മുതൽ മുപ്പത്തിനാലാം വയസ്സിലെ മരണം വരെ അവർ ജീവിച്ചത്. ഫ്രഞ്ച് തത്ത്വചിന്തകയും ക്രൈസ്തവ മിസ്റ്റിക്കുമായിരുന്ന സിമോൺ വെയിൽ സർവതിലുമുപരി ഒരു രാഷ്ട്രീയപ്രവർത്തകയായിരുന്നു. ബാല്യം മുതൽ മരണം വരെ വിട്ടുവീഴ്ചയില്ലാത്ത ആത്മത്യാഗത്തിന്റേതായിരുന്നു ആ ജീവിതം. വളരെ ചെറുപ്പത്തിൽത്തന്നെ ആഡംബരങ്ങളോട് വെയിൽ വിരക്തി പുലർത്തി.
സ്വന്തം മരണത്തെപ്പോലും മുൻകൂട്ടി സൂചിപ്പിക്കുന്നതെന്നു തോന്നാവുന്ന ഒരു സംഭവം ബാല്യത്തിലുണ്ടായി. അധിനിവേശത്തിലായിരുന്ന ഫ്രാൻസിലെ പട്ടിണിയനുഭവിക്കുന്ന ജനങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി, ക്ഷയരോഗബാധിതയായിരിക്കെത്തന്നെ, തനിക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ അളവ് അവിടത്തെ ജനങ്ങൾക്ക് ലഭിക്കുന്നതിനപ്പുറം പോകാതിരിക്കാൻ അവർ നിർബന്ധം പിടിച്ചു. 1943-ൽ, വെറും 34-ാം വയസ്സിൽ, ഇംഗ്ലണ്ടിലെ ആഷ്ഫോർഡിൽ അവർ മരിച്ചു. പട്ടിണിയും ക്ഷയരോഗവും മൂലമുണ്ടായ ഹൃദയസ്തംഭനമായിരുന്നു മരണകാരണം.
സ്വന്തം ധാർമിക നിലപാടുകളോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയുടെ പേരിൽ അൽബേർ കമ്യു അവരെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: “നമ്മുടെ കാലത്തെ ഏക മഹത്തായ ആത്മാവ്.” അക്കാലത്ത് ഇന്ത്യയിൽ മറ്റൊരു മഹാത്മാവ് വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയോടെ സത്യാന്വേഷണങ്ങൾ നടത്തുന്നുണ്ടായിരുന്നു. സിമോൺ വെയിലിനെക്കുറിച്ച് കമ്യു എഴുതിയ വാക്കുകളിലും ഗാന്ധിയെക്കുറിച്ച് ടാഗോർ ഉപയോഗിച്ച വിശേഷണത്തിലും രണ്ടു വ്യത്യസ്ത ജീവിതങ്ങളോടുള്ള ആഴമേറിയ ആദരവിന്റെ വെളിച്ചമുണ്ട്.
ആദ്യകാലത്തെ മാർക്സിസ്റ്റ് ചായ്വുകളും വിപ്ലവരാഷ്ട്രീയത്തിലെ സജീവ ഇടപെടലുകളും മൂലം വെയിൽ The Red Virgin-ചുവപ്പുകന്യ- എന്ന പേരിൽ അറിയപ്പെട്ടു. ധാർമിക നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാത്ത അവരുടെ പ്രകൃതം സഹപാഠികൾക്കിടയിൽ മറ്റൊരു വിശേഷണവും നേടിക്കൊടുത്തു: Categorical Imperative in Skirts- നൈതിക കാർക്കശ്യം എന്ന പാവാടക്കാരി. ഇന്ത്യയിലെ നഗരങ്ങളിൽ ഇന്ന് കൗമാരക്കാരായ പെൺകുട്ടികൾ അസാമാന്യ ധൈര്യത്തോടെ അധികാരപീഠങ്ങളെ ചോദ്യം ചെയ്യുന്നതു കാണുമ്പോൾ, ഈ വിശേഷണം അവർക്കും ചേരുമെന്ന് തോന്നുന്നു.
സോവിയറ്റ് വിപ്ലവത്തിന്റെ നേതാക്കളിലൊരാളും പിന്നീട് നാടുകടത്തപ്പെട്ട വിപ്ലവകാരിയുമായിരുന്ന ലിയോൺ ട്രോട്സ്കിയുമായി വെയിൽ നടത്തിയ സംവാദവും ശ്രദ്ധേയമാണ്. 1933-ൽ ഫ്രാൻസിലെത്തിയ ട്രോട്സ്കി പാരീസിൽ വെയിലിന്റെ മാതാപിതാക്കളുടെ വീട്ടിൽ താമസിച്ചപ്പോൾ, സോവിയറ്റ് യൂണിയന്റെ അധികാര സ്വഭാവത്തെക്കുറിച്ചും വിപ്ലവത്തിന്റെ പേരിൽ അധികാരം മനുഷ്യരെ അടിച്ചമർത്തുന്നതിനെക്കുറിച്ചും ഇരുവരും കടുത്ത വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടു.
യുദ്ധത്തെയും ഹിംസയെയും അക്രമത്തെയും സംശയത്തോടെ കണ്ടിരുന്ന വെയിൽ, സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ ഘട്ടത്തിൽ ഫാസിസത്തിനെതിരായ പോരാട്ടത്തിൽ നേരിട്ടു പങ്കുചേരാൻ തീരുമാനിച്ചു. അങ്ങനെ, അഹിംസയോടുള്ള ആദ്യകാല ആഭിമുഖ്യത്തിൽനിന്ന് സായുധ ചെറുത്തുനിൽപ്പിന്റെ യാഥാർഥ്യങ്ങളിലേക്കും അവരുടെ ജീവിതം നീങ്ങി. സ്വന്തം ആശയങ്ങളെ ജീവിതത്തിൽ പരീക്ഷിക്കാൻ മടിക്കാത്ത ഒരാളായിരുന്നു വെയിൽ. ഇന്ത്യൻ മഹാത്മാവിൽ നിന്നും വെയിലിനെ വ്യത്യസ്തപ്പെടുത്തിയത് ഗാന്ധിയുടെ അടിസ്ഥാനം അഹിംസയിലായിരുന്നെങ്കിൽ വെയിലിന്റെ അടിസ്ഥാനം വ്യവസ്ഥകളെ ചോദ്യം ചെയ്യുന്നതിലായിരുന്നു എന്നതാണ്.
പത്താം വയസ്സിൽ താനൊരു ബോൾഷെവിക് ആണെന്ന് പ്രഖ്യാപിച്ച ആ ഫ്രഞ്ച് ബാലിക പിൽക്കാലത്ത് ക്രിസ്തീയ മിസ്റ്റിസിസത്തിൽ ആകൃഷ്ടയാകുകയും എന്നാൽ പള്ളികളെ ചോദ്യം ചെയ്തു പോരികയും ചെയ്തു. ദേവാലയങ്ങളിൽ ധനികർക്ക് പ്രവേശനം നിഷേധിച്ചാലേ താൻ അവിടെ പ്രാർത്ഥിക്കുവാൻ പ്രവേശിക്കൂ എന്നതായിരുന്നു നിലപാട്. പള്ളികളുടെ വാതിലിൽ അങ്ങനെ എഴുതിതൂക്കണമെന്ന് അവർ പറഞ്ഞിട്ടുണ്ട്.
ദാർശനികയായിരുന്ന സിമോൺ വെയിലിന്റെ ചിന്താപ്രപഞ്ചത്തെക്കുറിച്ചുകൂടി ചില കാര്യങ്ങൾ പറയാം. അക്കാദമികമായ ഒരു വിഷയമായിരുന്നില്ല അവർക്ക് ദർശനം. ജീവിക്കാനുള്ള പ്രേരണയായിരുന്നു അത്. ഫിലോസഫിയെ വെയിൽ പഠിക്കുക മാത്രമല്ല, അനുഭവിക്കുക കൂടിയായിരുന്നു. സ്വേച്ഛാധിപത്യങ്ങൾ ചിന്തയെ അസാധ്യമാക്കുമെന്നും വ്യക്തിസ്വാതന്ത്ര്യം ദാർശനിക അന്വേഷണത്തിന് അനിവാര്യമാണെന്നും അവർ കരുതി.
കുറച്ചു കാലമേ ജീവിച്ചുള്ളൂ എങ്കിലും, തീക്ഷ്ണമായി ജീവിച്ച വെയിൽ വ്യവസ്ഥാപിത അധികാരകേന്ദ്രങ്ങളെ ചോദ്യം ചെയ്യുന്ന മുന്നേറ്റങ്ങളിലും വ്യക്തിയുടെ സത്യാന്വേഷണങ്ങളിലും അൽബേർ കമ്യു വിശേഷിപ്പിച്ചതുപോലെ, നമ്മുടെ കാലത്തെ മഹത്തായ ആത്മാവായി വെളിച്ചം പകരും.
ഫ്രാൻസിലെ തെരുവുകളിലെ സമരക്കാർ ഈ ശരത്കാലത്തിൽ കഴിഞ്ഞ നൂറ്റാണ്ടിനെ കോരിത്തരിപ്പിച്ച ആ വെയിലിനെ ഓർക്കുന്നുണ്ടാവില്ല. എന്നാൽ മനുഷ്യചരിത്രത്തിൽ നീതിക്കുവേണ്ടി ഉയർന്നുവരുന്ന ഓരോ ചിന്താവിപ്ലവത്തിലും ആ ത്യാഗജീവിതം പ്രകാശകണങ്ങളായി സ്ഫുരിച്ചുകൊണ്ടിരിക്കും.
Content Highlights: Examines the 2026 student protests in France and their socio-economic triggers like rising living costs and global conflicts., Draws parallels between modern youth uprisings and the life and radical philosophy of French thinker Simone Weil., Reflects on Meghan O'Gieblyn's 'Will and Attention' and Weil's emphasis on attention over sheer will., Highlights Simone Weil's historical debates with Simone de Beauvoir and Leon Trotsky on hunger, justice, and revolution.
Published: 22 Oct 2026, 03:07 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented