കേരളത്തിലെ ആദ്യത്തെ വനിതാ കസ്റ്റംസ് ആന്ഡ് എക്‌സൈസ് ഓഫീസറും അമേരിക്കന് സെനറ്റിലെ ആദ്യത്തെ ഇന്ത്യന് ഉദ്യോഗസ്ഥയുമായ വത്സലാ ശേഖറിന്റെ ആത്മകഥ പാതയില് പതറാതെ അവസാന അധ്യായം.

മിക്ക പ്രവാസികളെയും പോലെ ഒരു കാലത്ത് തിരികെ നാട്ടിലേക്കു വരാമെന്നും ജീവിതഭാരങ്ങളെല്ലാം ഇറക്കിവെച്ചിട്ട് ബന്ധുക്കളോടൊപ്പം കഴിയാമെന്നും ജനിച്ചുവീണ ഭൂമിയിൽ നിത്യവിശ്രമം കൊള്ളാമെന്നുമൊക്കെ വളരെയധികം ആഗ്രഹിച്ചിരുന്നു ഞാനും. അമേരിക്കയിൽ വന്ന കാലത്ത് കുറച്ചുനാൾ ഇവിടെ ജോലി ചെയ്ത് തിരികെ നാട്ടിലേക്കുതന്നെ പോകണമെന്നായിരുന്നു എന്റെ ഉറച്ച തീരുമാനം. കുഞ്ഞുങ്ങളുണ്ടായപ്പോൾ അവരുടെ പഠനത്തിനും ഭാവിയ്ക്കുമായി ഇവിടെ ജോലിയിൽ തുടർന്നേ മതിയാകുമായിരുന്നുള്ളൂ. കുടുംബമാണല്ലോ ആത്യന്തികമായി നമ്മുടെയെല്ലാം സ്വാർഥത. വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള ഓട്ടങ്ങൾക്കിടയിൽ പണം പകരം തന്ന് എന്നിൽനിന്നു കാലം തിരിച്ചെടുത്തത് ഉറ്റവരോടും ഉടയവരോടുമൊപ്പമുള്ള ജീവിതവും ഓർമകളുമായിരുന്നു.
മക്കളുണ്ടായി അവരെ വളർത്തി, മികച്ച വിദ്യാഭ്യാസം നൽകി ഒന്നു നിലയുറപ്പിച്ച ശേഷം തിരികെ നാടെത്താം എന്നു കരുതി പ്രവാസം നീട്ടിനീട്ടിവെക്കുന്നത് എന്റെ മാത്രം അനുഭവമല്ല. കുട്ടികൾ വലുതായി അവരുടെ പഠനമൊക്കെ പൂർത്തിയായാൽ അടുത്ത ആശങ്ക തലപൊക്കുകയായി; ഇവിടെ വളർന്ന കുട്ടികളെയും കൊണ്ട് നാട്ടിലേക്കു പോയിട്ടെന്തു കാര്യം? അവരവിടെ എങ്ങനെയാണ് ജീവിതം പടുത്തുയർത്തുക? തൊണ്ണൂറ്റിയേഴ് ശതമാനം തൊഴിൽ സാധ്യതയും അനന്തമായ അവസരങ്ങളും വെച്ചുനീട്ടുന്ന ഒരു നാട്ടിൽനിന്ന് അവർ എന്റെ ഗൃഹാതുരത്വത്തിനായി ത്യാഗത്തിന് തയ്യാറാവുമോ? അങ്ങനെ നിർബന്ധിക്കുമ്പോൾ അവർ ജനിച്ചുവളർന്ന നാടുവിട്ട് എന്റെ താൽപര്യം സംരക്ഷിക്കാനായി ഇന്ത്യയിലേക്കു വന്നാൽ അവരുടെ ജീവിതലക്ഷ്യങ്ങൾ സാധൂകരിക്കാൻ കഴിയുന്ന എന്തുറപ്പാണ് എനിക്കു നൽകാനുള്ളത്? അവർ ശീലിച്ച സംസ്‌കാരവും സാമൂഹികാവസ്ഥകളും ജീവിതശൈലികളും എനിക്കുവേണ്ടി ഉപേക്ഷിക്കാൻ നിർബന്ധിക്കുന്നതെങ്ങനെ?
കുട്ടികൾ ഇവിടെത്തന്നെ അവരുടെ സാധ്യതകൾ തേടിപ്പിടിക്കുന്നതുവരെ കാത്തിരിക്കാം എന്ന തീരുമാനത്തിലൂടെ ഞാനെന്റെ പ്രവാസം വീണ്ടും നീണ്ടകാലത്തേക്ക് തുടരുകയായി. അവർക്ക് ഒരു ജീവിതമാകാനുളള അധ്വാനം കൂടി എടുത്ത് തലയിലേറ്റുകയായി. കുട്ടികൾ അവർക്കിഷ്ടവും സംതൃപ്തിയുമേകിയ ജീവിതം പടുത്തുയർത്തിക്കഴിഞ്ഞിട്ടും എന്റെ അലട്ടലുകൾക്ക് അറുതിയില്ലായിരുന്നു. അവരെ ഇവിടെ തനിച്ചാക്കി, അവശ്യസമയത്ത് ഒപ്പം നിൽക്കാനാവാതെ, എങ്ങനെ എന്നേക്കുമായി തിരികെപ്പോകാനാവും?
അപ്പോഴേക്കും നാട്ടിലുള്ള വേരുകൾ ക്ഷയിച്ചുതുടങ്ങിയിരുന്നു. അച്ഛനും അമ്മയും യാത്രയായാൽത്തന്നെ നമ്മുടെ അസ്തിത്വം പാതിവഴിയിലായി. സഹോദരങ്ങൾ എന്നെപ്പോലെതന്നെ സ്വന്തം കുടുംബവുമായി ഇതേ ജീവിതപ്പാതയിലൂടെയുള്ള യാത്രയിലാണല്ലോ. അപ്പോൾ അവർക്ക് താങ്ങായി നിൽക്കേണ്ടതിനു പകരം ആശ്രയിക്കുന്നതെങ്ങനെ? അറബ് രാജ്യങ്ങളിൽ പോയി ജോലി ചെയ്ത് പ്രവാസം മതിയാക്കുന്നതുപോലെ എളുപ്പമല്ല ഇവിടത്തെ കാര്യങ്ങൾ.
ഞങ്ങൾ വന്ന കാലത്ത് ഇവിടെ രണ്ടു സാധ്യതകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ- ഒന്നാമതായി ഗ്രീൻകാർഡ് ഹോൾഡറാവുക എന്നതാണ്. ഇവിടെ താമസിക്കാം, ജോലി ചെയ്ത് ജീവിക്കാം, പക്ഷേ, വോട്ടവകാശമുണ്ടാവില്ല. ഇന്ത്യൻ പൗരത്വമുള്ളതുകൊണ്ട് നാട്ടിൽ പോയി രണ്ടുവർഷം വരെ താമസിക്കാം. രണ്ടുവർഷത്തിനുള്ളിൽ തിരികെ വന്നില്ലെങ്കിൽ ഗ്രീൻകാർഡ് റദ്ദാക്കപ്പെടും. ഇന്ത്യയിൽത്തന്നെ തുടരുകയേ നിവൃത്തിയുള്ളൂ.
രണ്ടാമത്തെ സാധ്യത അമേരിക്കൻ പൗരത്വം സ്വീകരിക്കുക എന്നതാണ്. അമേരിക്കൻ പൗരത്വമെടുത്തു കഴിഞ്ഞാൽ നാട്ടിൽ വന്ന് താമസിക്കാൻ ഇന്ത്യൻ സർക്കാർ അനുവദിക്കില്ല. അതൊരു പ്രതിസന്ധിയായി നിലനിന്നപ്പോഴാണ് ഇന്ത്യൻ സർക്കാർ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ എന്നൊരു ആനുകൂല്യം അനുവദിച്ചത്. പൗരത്വം അമേരിക്കയുടേതാണെങ്കിലും ഇന്ത്യയിൽ വരാം, താമസിക്കാം, സ്വത്തുക്കൾ വാങ്ങാം. പക്ഷേ, വോട്ടവകാശം ഉണ്ടാവില്ല. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ എന്ന കോളത്തിലാണ് ഞങ്ങളെപ്പോലുള്ളവർ ഉള്ളത്.
സെനറ്റിൽനിന്നു വിരമിച്ച ശേഷം ഏതാണ്ട് തിരിച്ചുപോക്കിനു സമാനമായ യാത്രകൾ ഞങ്ങൾ നാട്ടിലേക്ക് നടത്തിക്കൊണ്ടേയിരുന്നു; അമ്മയ്ക്കുവേണ്ടി. വിതുരയിൽ ശേഖറിന് അടുപ്പക്കാരൊന്നും ഇല്ലാത്തതിനാൽ ശേഖറിന് ബുദ്ധിമുട്ടുണ്ടാവരുത് എന്നു കരുതി തിരുവനന്തപുരത്ത് ഞങ്ങൾ ഒരു ഫ്‌ലാറ്റു വാങ്ങി. എന്റെ സഹോദരൻ സുധനും ഞാനും കൂടിയായിരുന്നു അത് വാങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിൽ വർഷത്തിൽ ഒന്നുരണ്ടുമാസം താമസിക്കാം എന്നായിരുന്നു തീരുമാനം. ഞങ്ങൾ വരുന്ന സമയത്തൊക്കെ അമ്മയെയും ഫ്‌ലാറ്റിലേക്ക് കൊണ്ടുവന്നു. നാലുവർഷത്തോളം അങ്ങനെ താമസിച്ചു. ഇവിടെ ശൈത്യം രൂക്ഷമാകുമ്പോഴായിരുന്നു ഞങ്ങൾ നാട്ടിലേക്ക് വന്നത്. പക്ഷേ, ആ പദ്ധതിയും അധികകാലം പോയില്ല.
അമ്മ വിതുരയിലെ വീട്ടിൽനിന്നും ഒന്നു വീണു, ഉമ്മറത്തെ പടിയിൽ തട്ടി നട്ടെല്ല് പൊട്ടി. പിന്നെ എഴുന്നേറ്റില്ല. വിവരമറിഞ്ഞ് ഞാൻ എത്തി. അമ്മയെ കണ്ടു. കുറച്ചുദിവസം ഒപ്പം നിന്നു. പക്ഷേ, എനിക്ക് തിരിച്ച് പോകണമായിരുന്നു. സോണിയ ആദ്യത്തെ കുഞ്ഞിനെ പ്രസവിക്കാൻ വളരെ കുറച്ചു നാളുകൾ മാത്രമേയുള്ളൂ. അവൾക്ക് എന്റെ സാമീപ്യം ആവശ്യമായിരുന്നു. മധ്യവയസ്‌കരായ സ്ത്രീകൾ ഇരുവശത്തും തീപിടിച്ച മെഴുകുതിരി പോലെയാണ്. ഒരുവശത്ത് സ്വന്തം കുടുംബത്തെയും കുട്ടികളെയും പരിപാലിക്കണം; മറുവശത്ത് സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കണം. ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ അവസ്ഥ ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെയാണ്. പല നാട്ടിലുള്ള പല സുഹൃത്തുക്കളും ഇതേപ്പറ്റി സംസാരിക്കാറുണ്ടായിരുന്നു. ജോലി ചെയ്യാൻ ആരോഗ്യവും കഴിവും മനോബലവും ഉണ്ടായിരുന്നിട്ടുകൂടി പല സ്ത്രീകളും നേരത്തേതന്നെ ജോലിയിൽനിന്നു വിരമിക്കാൻ പ്രധാന കാരണവും ഇതൊക്കെത്തന്നെയായിരുന്നു.
നാട്ടിൽനിന്നു ഞാൻ തിരികെയെത്തി അധികം വൈകാതെ വീട്ടിൽനിന്നു ഫോൺ വന്നു; അമ്മ യാത്രയായി, 97-ാം വയസ്സിൽ. വിതുരയിലെ ഇന്ദ്രനൂയി എന്നു ഞങ്ങൾ കളിയായും കാര്യമായും വിളിച്ചിരുന്ന ഭാരതിയമ്മ പകർന്നുതന്ന അറിവും ആർജവവും മാത്രം എന്നിൽ ബാക്കിയായി. എന്റെ ജീവിതയാത്രയുടെ താളുകൾ ഒന്നൊന്നായി ഞാൻ മറിച്ചുനോക്കുമ്പോൾ ഓർക്കുകയായിരുന്നു, അമ്മയും അച്ഛനും പകുത്തുതന്ന ഊർജത്തിന്റെ വളരെ കുറച്ച് അംശം മാത്രമേ ഞാനിത്രയും നാൾ ജീവിതത്തിൽ ഉപകാരപ്പെടുത്തിയിട്ടുള്ളൂ.
വിതുരയിൽനിന്നു അമേരിക്കൻ സെനറ്റുവരെയുള്ള എന്റെ ജീവിതദൂരമാണ് ഞാനിവിടെ രേഖപ്പെടുത്തിവെക്കുന്നതെങ്കിലും ഞാൻ കണ്ട മിക്ക പ്രവാസികളും എന്റെ പ്രതിരൂപമായിരുന്നു. അമേരിക്കൻ മലയാളി അസോസിയേഷനുകളിലും യാത്രകളിലും ആശുപത്രികളിലും കണ്ടുമുട്ടിയ പല മലയാളികളിലും എന്റെ കഥയുടെ വകഭേദങ്ങൾ തന്നെയാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്.
ഇവിടെ ഞാൻ പങ്കുവെച്ചിരിക്കുന്ന വീക്ഷണങ്ങളും നിരീക്ഷണങ്ങളും എന്റെ മാത്രം അഭിപ്രായങ്ങളാണ്. തികച്ചും വ്യത്യസ്തമായ പ്രവാസജീവിതം നയിക്കുന്നവർ ഞങ്ങൾക്കിടയിൽത്തന്നെ ഉണ്ടായിരിക്കും. എന്റെ അനുഭവമല്ല എന്റെ മക്കൾക്ക് പറയാനുണ്ടാവുക. അതുപോലെ തന്നെ അരനൂറ്റാണ്ടുമുമ്പ് കുടിയേറിയ ഞങ്ങളുടെ ജീവിതാനുഭവങ്ങളായിരിക്കില്ല ഇപ്പോൾ ജീവിതത്തിന്റെ പച്ചപ്പുതേടി ഇവിടെ വന്നിറങ്ങുന്നവർക്ക് പങ്കുവെക്കാനുണ്ടാവുക.
മാതൃഭൂമി ഡോട്‌കോമിൽ ഞാൻ പങ്കുവെച്ച ഈ ഓർമകൾ ഒരധ്യായം പോലും വിടാതെ വായിക്കുന്ന ധാരാളം സുഹൃത്തുക്കൾ എനിക്കുണ്ട്. അവരിൽ എന്റെ സെനറ്റുകാലത്തെ സഹപ്രവർത്തകരുമുണ്ട്. ഇംഗ്ലീഷ് വിവർത്തനത്തിന്റെ സഹായത്തോടെയാണ് അവർ വായിക്കുന്നത്. ചിലത് മനസ്സിലാവാതെയാവുമ്പോൾ അവരെന്നെ വിളിച്ച് വിശദാംശങ്ങൾ അന്വേഷിക്കുന്നത് പതിവായിരുന്നു.
കഴിഞ്ഞദിവസം ഒരാൾ വളരെ നിരാശയോടെ എന്നെ വിളിച്ചു. എത്ര മനോഹരമായ ഒരു കാലമായിരുന്നു നിങ്ങൾ ഇവിടെ സെനറ്റിൽ ചെലവഴിച്ചത്. ഞങ്ങൾക്ക് അതെല്ലാം അന്യമായിരിക്കുന്നു. അദ്ദേഹം അങ്ങനെ പറയാൻ കാരണമെന്താണെന്ന് അന്വേഷിച്ചപ്പോൾ സെനറ്റിൽ ഞങ്ങളുടെ ജോലിയിടത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. കോവിഡിനുശേഷം വീട്ടിൽനിന്നു ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടായി. വീട്ടിൽനിന്നു ജോലിയെടുക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇന്റർനെറ്റ് സൗകര്യമുള്ള ഗ്യാലറികൾ അനുവദിച്ചുകൊടുത്തിട്ടുണ്ട്. ഞങ്ങളുടെ കാലത്തുണ്ടായിരുന്ന ആ പങ്കുവെക്കലുകളോ സൗഹൃദാന്തരീക്ഷമോ അവർക്ക് ഇപ്പോൾ അനുഭവിക്കാൻ കഴിയുന്നില്ല. ശരിയാണ്. ഞങ്ങൾക്ക് അതൊരു ക്യാംപസ് കാലമായിരുന്നു.
സെനറ്റുകാലത്തെ ഞങ്ങളുടെ സഹപ്രവർത്തക ഗ്യാങ്ങിൻ തോമസ് മീനൻ എന്നുപേരുള്ള ഒരു സുഹൃത്തുണ്ടായിരുന്നു. ജേണലിസമായിരുന്നു അദ്ദേഹത്തിന്റെ മേഖല. അദ്ദേഹമാണ് സെനറ്റിൽ വെബ് ഡെപലപ്പ്‌മെന്റ് പ്രാവർത്തികമാക്കിയപ്പോൾ അതിലേക്കു വേണ്ടതായ സ്‌റ്റോറികളൊക്കെ ചെയ്തിരുന്നത്. അമേരിക്കൻ ജേണലിസ്റ്റ് അസോസിയേഷനിൽ സജീവമായിരുന്നു തോമസ്. ന്യൂസ് മീഡിയക്കാർ എല്ലാവരും ചേർന്ന് ന്യൂസിയം എന്നൊരു സംഘടനയുണ്ടാക്കിയിരുന്നു. ന്യൂസിയത്തിന് സ്വന്തമായി ഓഫീസും സ്ഥിരമായി പരിപാടികളുമൊക്കെ നടത്തിയിരുന്നു. അവിടെ ജേണലിസ്റ്റ് മോണ്യുമെന്റ്‌സ് എന്നൊരു വിഭാഗമുണ്ട്.
ജോലിക്കിടെ കൊല്ലപ്പെട്ട ജേണലിസ്റ്റുകളുടെ ഫോട്ടോകൾ പ്രദർശിപ്പിച്ചിരുന്നത് ജേണലിസ്റ്റ് മോണ്യുമെന്റ്‌സിലായിരുന്നു. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സമയത്തായിരുന്നു ജേണലിസ്റ്റ് മോണ്യുമെന്റ്‌സ് പ്രദർശിപ്പിച്ചുകൊണ്ടിരുന്നത്. തോമസ്സിനോട് ഗൗരിയുടെ ഫോട്ടോ കൂടി ഉൾപ്പെടുത്താൻ അഭ്യർഥിച്ചു. അദ്ദേഹം അങ്ങനെ ചെയ്തു. ഇപ്പോൾ ന്യൂസിയം സജീവമല്ല, പകരം ഫ്രീഡം ഫോറം എന്ന പേരിൽ ജേണലിസ്റ്റുകൾക്കായി ഒരു സംഘടനയുണ്ട്. അവർ ബൃഹത്തായ പദ്ധതികൾ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ജേണലിസ്റ്റ് മോണണ്യുമെന്റ്‌സ് അവർ തുടരും എന്നു തോമസ് പറഞ്ഞപ്പോൾ ഞാനദ്ദേഹത്തോട് ചോദിച്ചു: ഗൗരി ലങ്കേഷിന്റെ പടം നിങ്ങൾ സൂക്ഷിക്കില്ലേ? ഉണ്ടാവും എന്നദ്ദേഹം പറഞ്ഞു. അമേരിക്കയിലെ വേറെ ഏതൊരു സർക്കാർ സ്ഥാപനത്തിലോ, സ്വകാര്യസ്ഥാപനത്തിലോ ജോലി ചെയ്തിരുന്നെങ്കിൽ ഇത്രയും പ്രൗഢഗംഭീരമായ അനുഭവങ്ങൾ എനിക്ക് ജീവിതത്തോട് ചേർത്തുവെക്കാനാവുമായിരുന്നില്ല. അമേരിക്കയെ മുഴുവനായും പ്രതിനീധികരിക്കുന്ന സെനറ്റർമാർ, ലോകം ഉറ്റുനോക്കുന്ന പ്രസിഡണ്ടുമാർ, നിർണായകമായ ബില്ലുകൾ, നിയമങ്ങൾ, കോടതി ഉത്തരവുകൾ, പ്രതിഷേധങ്ങൾ, പ്രസിഡണ്ടിനെയും നേതാക്കളെയും സന്ദർശിക്കാൻ വരുന്ന ലോകനേതാക്കൾ... ഇവരെയെല്ലാം നേരിൽ കാണാൻ സാധിക്കുക, ചിലരോടെങ്കിലും സംസാരിക്കാൻ അവസരമുണ്ടാവുക... ജീവിതം മനോഹരമാകുന്നത് ഇങ്ങനെയും കൂടിയാണല്ലോ.
എന്റെയും സുഹൃത്തുക്കളുടെയും വിരുന്നുകാരായി നാട്ടിൽനിന്നു വരുന്നവരെ സെനറ്റും കാപിറ്റൽ ഹില്ലുമൊക്കെ കാണിക്കാൻ കൊണ്ടുപോകുമ്പോൾ സാധാരണക്കാർക്ക് പ്രവേശനം സാധ്യമാവാത്തയിടങ്ങളിൽ സെനറ്റ് സ്റ്റാഫ് എന്ന പരിഗണനയോടെ എനിക്ക് അവരെ കൊണ്ടുപോകാൻ കഴിഞ്ഞിരുന്നു. ഗ്യാലറികൾ സന്ദർശിക്കുമ്പോഴായിരുന്നു ആ പരിഗണന കിട്ടിയിരുന്നത്. ചിത്രപ്രദർശവും മറ്റും നടക്കുമ്പോൾ ഞങ്ങൾക്ക് പ്രത്യേക പാസ് ലഭിക്കുമായിരുന്നു. സെനറ്റ് സ്റ്റാഫ് എന്ന നിലയിൽ എന്തെല്ലാം പരിഗണനകൾ ലഭിച്ചിരുന്നു എന്നത് ഇന്നോർക്കുമ്പോൾ അത്ഭുതം തോന്നുകയാണ്.
രാഷ്ട്രീയം അത്രയധികം ഇഴചേർന്നു കിടക്കുന്നതുകൊണ്ടാവാം പൊതുമധ്യത്തിൽവെച്ച് അഭിനന്ദിക്കുക എന്നത് സെനറ്റിലെ സ്ഥിരം കാര്യപരിപാടികളിൽ ഒന്നായിരുന്നു. നമ്മുടെ ഉത്തരവാദിത്തത്തിൽക്കവിഞ്ഞ് എന്തെങ്കിലും അധികം സെനറ്റിനായി സംഭാവന ചെയ്തുവെങ്കിൽ ഉടൻ തന്നെ പൊതുജനങ്ങളെ അറിയിക്കാനായി സെനറ്റിലെ ഫോട്ടോഗ്രാഫറെ വിളിച്ചുവരുത്തുകയായി. സെനറ്റർമാർ പങ്കെടുക്കുന്ന ഒരു ചടങ്ങുണ്ടാക്കി മെഡലും സർട്ടിഫിക്കറ്റും തരികയായി. നമ്മുടെ സേവനത്തിന്റെ സീനിയോറിറ്റി പരിഗണിച്ചുകൊണ്ട് പ്രസ്തുതവർഷത്തെ സ്തുത്യർഹമായ സേവനത്തിന് ഒരു മെഡലും സർട്ടിഫിക്കറ്റും കുറേ നല്ല വാക്കുകളും ആശംസകളും...
തികച്ചും പ്രചോദനമായിരുന്നു സെനറ്റിലെ ഓരോ നാളും. പന്ത്രണ്ടുവർഷം നമ്മുടെ സേവനം പൂർത്തിയായാൽ ജാക്കറ്റിൽ ഒരു പിൻ പതിച്ചുതരും അവർ, അതും വലിയൊരു ചടങ്ങാണ്. ഒരു വ്യാഴവട്ടമാകുമ്പോൾ ഒരു പിൻ, കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ അതിലും ഗംഭീരമായ ഒരു പിൻ... അംഗീകരിക്കുക എന്നത് അവർ തങ്ങളുടെ ഉത്തരവാദിത്തമായി കരുതി. അതുകൊണ്ടുതന്നെ ഞങ്ങളാരും വീട്ടിലേക്കു മടങ്ങേണ്ട സമയത്തെക്കുറിച്ചോർത്ത് വേവലാതിപ്പെട്ടിരുന്നില്ല. അത്തരം അനർഘനിമിഷങ്ങളെല്ലാം ഫോട്ടോഗ്രാഫർ ഒപ്പിയെടുത്ത് അപ്പോൾ തന്നെ നമുക്ക് തന്നിരിക്കും. അങ്ങനെ ഒരുപാട് ഫോട്ടോകളും ഫലകങ്ങളും ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. എന്റെ കാലം കഴിഞ്ഞാൽ അതിലൊരു കൗതുകവും ആർക്കും തോന്നിക്കൊള്ളണമെന്നില്ല.
അതുപോലെ തന്നെ ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇവിടെ വരുന്ന മലയാളി എഴുത്തുകാരും സാംസ്‌കാരികപ്രവർത്തകരും സമ്മാനിച്ച അനർഘനിമിഷങ്ങളും ഫോട്ടോകളായി ഇന്നും ഓർമകൾ പുതുക്കുന്നുണ്ട്. എഴുത്തുകാർ സമ്മാനമായി തരുന്നത് അവരുടെ പുസ്തകങ്ങളിൽ കൈയൊപ്പുപതിപ്പിച്ച കോപ്പികളാണ്. എം.ടി, സുഗതകുമാരി, ഒ.എൻ.വി, സാനുമാഷ് തുടങ്ങിയ മഹാരഥന്മാരുടെയെല്ലാം പുസ്തകങ്ങൾ വലിയൊരു ശേഖരമായി ഞാനിവിടെ സൂക്ഷിച്ചുവെച്ചിരിക്കുന്നു. മാലിനിയും സോണിയയും മലയാളം വായിച്ചു മനസ്സിലാക്കാൻ ഇനി ശ്രമിക്കുമോ എന്നറിയില്ല. ഞാൻ നിധിപോലെ സൂക്ഷിച്ചുവെക്കുന്ന ഈ പുസ്തകങ്ങൾ എന്റെ കാലശേഷം അവർ എന്തായിരിക്കും ചെയ്യാനുദ്ദേശിച്ചിട്ടുണ്ടാവുക? അവർക്കാ പുസ്തകങ്ങളുടെ മൂല്യം തിരിച്ചറിയാൻ പറ്റുമോ? എഴുത്തുകാർ നാട്ടിലെത്തി അയയ്ക്കുന്ന കത്തുകൾ, അവരുടെ കൈയക്ഷരങ്ങൾ... ഇതൊക്കെ പതിറ്റാണ്ടുകളായി ഞാനിങ്ങനെ സൂക്ഷിച്ചുവെക്കുന്നത് ആർക്കുവേണ്ടിയാണെന്നോർക്കുമ്പോൾ എനിക്ക് വിതുരയുടെ മണ്ണിന്റെ മണം ആവോളം അകത്തേക്കെടുക്കാൻ തോന്നും.
ഞാൻ വന്നകാലം തൊട്ട് എനിക്കൊപ്പം നിന്ന, എന്റെ എല്ലാ പ്രവർത്തനങ്ങൾക്കും വലിയ കൈയടികൾ തന്ന ഒരുപാട് മലയാളി സുഹൃത്തുക്കളുണ്ട്. ആദ്യമൊക്കെ ഞങ്ങൾ മാസത്തിലൊരിക്കലെങ്കിലും പരസ്പരം കാണുമായിരുന്നു. ഞങ്ങളുടെ പൊട്ടിച്ചിരികൾകൊണ്ടുകൂടി ഉണർവ്വു ലഭിച്ച നാടായി മാറിയിരുന്നു വാഷിങ്ടൺ ഡിസി. ഇന്നിപ്പോൾ കൂടുതൽ ദൂരം വണ്ടിയോടിച്ചുപോകാൻ കഴിയില്ല. അവരിൽ പലർക്കും പ്രായത്തിന്റെ അലട്ടലുകൾ വന്നുതുടങ്ങി. ചിലരൊക്കെ ഓൾഡ് ഏജ് ഹോമിലേക്ക് ജീവിതം പറിച്ചുനട്ടു. അവരെ അവിടെ പോയി കാണാൻ എനിക്ക് സാധിച്ചിട്ടില്ല. നാട്ടിലേക്ക് തിരികെ പോയവർ എന്റെ അറിവിൽ അധികമില്ല. അന്നു വന്നവർക്കെല്ലാം ഇതൊരു വാഗ്ദത്തഭൂമി തന്നെയായിരുന്നു. ഒന്നോ രണ്ടോ കുടുംബം തിരികെ നാട്ടിൽ സ്ഥിരമാക്കിയെങ്കിലും അവരുമായുള്ള ബന്ധം നിലനിർത്താൻ പറ്റിയില്ല. ബന്ധുക്കളൊന്നുമില്ലാതിരുന്ന കാലത്ത് അവരൊക്കെയായിരുന്നു എല്ലാം. വിശേഷങ്ങളും വിശേഷദിവസങ്ങളും ഒന്നിച്ചുപങ്കിട്ടവരെക്കുറിച്ച് പിന്നീട് അറിവൊന്നുമില്ലാതിരിക്കുന്നത് സങ്കടകരം തന്നെയാണ്.
പലപല രാജ്യങ്ങളിൽനിന്നു ജീവിതത്തിന്റെ സാധ്യതകൾ തേടി അമേരിക്കയിലെത്തി, പലഭാഷകളും സംസ്‌കാരവും ജീവിതരീതകളും ഒന്നിച്ചുചേർന്ന് പുതിയൊരു രാജ്യത്തെ സൃഷ്ടിച്ചതുപോലെയാണ് അമേരിക്ക. ബ്രിട്ടീഷ്- അമേരിക്കൻ, ഇന്ത്യൻ-അമേരിക്കൻ, ചൈനീസ് - അമേരിക്കൻ, ഫ്രഞ്ച്- അമേരിക്കൻ... അങ്ങനെ ഹൈഫനേറ്റഡ് അമേരിക്കൻസാണ് ഇവിടെയുള്ളവർ. ഞങ്ങളെപ്പോലെ കുടിയേറിയവരുടെ കുട്ടികൾ അറിയപ്പെടുന്നത് ഇന്ത്യൻ-അമേരിക്കൻ എന്നാണ്. കേരളമെന്ന നാടിനെക്കുറിച്ചൊന്നും യാതൊരു പരാമർശവുമില്ല. ഈ കുട്ടികൾ വിവാഹം ചെയ്യുന്നത് വേറെ ഏതെങ്കിലും രാജ്യത്തുള്ളവരെയായിരിക്കും. അവരുടെ അടുത്ത തലമുറ അറിയപ്പെടുന്നത് ആ രാജ്യത്തെ കൂടി പ്രതിനിധാനം ചെയ്തുകൊണ്ടായിരിക്കും. അപ്പോഴാണ് ഞാൻ നമ്മുടെ നാട്ടിലെ ജാതിയും തറവാട്ടുമഹിമയുമൊക്കെ ഓർത്തുപോകാറ്. ലോകം തലമുറകളിലൂടെ ഇങ്ങനെ വിശാലതയിലേക്ക് പടർന്നുകയറുമ്പോൾ നമ്മൾ ജാതിയെ തിരഞ്ഞുപോകുന്നു.
നാൽപത്തിയെട്ട് വർഷം. എന്റെ ജീവിതത്തിന്റ വലിയൊരു പങ്കും ഈ നാട്ടിലാണ് ജീവിച്ചിരിക്കുന്നത്. ഈ നാടാണ് എനിക്ക് ജീവിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കിത്തന്നത്. മികച്ച അനുഭവങ്ങളും ഓർമകളും സമ്മാനിച്ചത്. എഴുത്തുകാരൻ സേതു ഒരു അഭിമുഖത്തിൽ പറഞ്ഞത് ഓർക്കുകയാണ്: 'ഓർമ ഒരു ശാപമാണ്, അത് വന്നുചേരുംമുമ്പേ എന്നെക്കുറിച്ചുള്ള ഓർമകൾ കുറിച്ചുവെക്കണമെന്ന് തോന്നി.' എല്ലാ മനുഷ്യർക്കും വേണ്ടിയാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.
ഓർമകളുടെ വലിയൊരു കടൽ നീന്തിക്കടന്ന പ്രതീതിയാണ് ഇപ്പോളെന്നിൽ നിറയുന്നത്. ഞാനിത് എഴുതുമ്പോൾ തലയ്ക്കുള്ളിൽനിന്ന് ഒരു വിമാനത്തിന്റെ ഇരമ്പൽ കടന്നുപോകുന്നു. ഓർമകളിൽ തിരുവനന്തപുരം വിമൻസ് കോളേജ് ഗ്രൗണ്ടിൽ ഹാഫ്‌സാരി മടക്കിക്കുത്തി ജീവിതത്തിന്റെ ഹോക്കിസ്റ്റിക്കുമായി ബൂട്ടില്ലാത്ത പാദങ്ങളോടെ ഒരു കൗമാരക്കാരി ഓടുന്നു. കാലം അവളെ മറ്റൊരു സാരി മടക്കിക്കുത്തിച്ച് ജീവിതത്തിന്റെ ബാലൻസ് ഉറപ്പിക്കാനായി കസ്റ്റംസ് ആൻഡ് എക്‌സൈസ് ഓഫീസർ സെലക്ഷനിലെ സെക്കിൾപ്പരീക്ഷ മറികടത്തുന്നു. പിന്നെയും കാലം നീങ്ങവേ, പട്ടുസാരിയുടുത്ത് മഞ്ഞുറഞ്ഞ പ്രതലത്തിലേക്ക് വിമാനമിറങ്ങി കാലെടുത്തുവെച്ചതും കണ്ണീരോടെ ചുറ്റും നോക്കി തിരികെ പോകണമെന്ന് അവൾ വിലപിക്കുന്നു.
ദയയുടെയും അനുതാപത്തിന്റെയും കൈകൾ നിറമോ ജാതിയോ മതമോ വർഗമോ ഭാഷയോ ഇല്ലാതെ ആ വിതുരക്കാരി വത്സലയ്ക്കുനേരെ നിർലോഭം കാലാനുസൃതമായി നീട്ടിപ്പിടിക്കുന്നു. വത്സലാ കുമാരി വത്സലാ ശേഖറും വാൽശേഖറുമാവുന്നു, പിന്നെ ആരൊക്കെയോ ആയിത്തീരുന്നു. ഇത്രയും കാലത്തെ ജീവിതം അവളെ പഠിപ്പിച്ചത് ഒന്നുമാത്രം; സഹായിക്കുക, തന്നാലാവും വിധം; ഉപദ്രവിച്ചവരെയും. അങ്ങനെയൊരു മനഃസ്ഥിതി ഈ ലോകത്തിനില്ലായിരുന്നെങ്കിൽ ഇത്തരമൊരു ഓർമക്കുറിപ്പെഴുതാൻ ഞാനാരുമല്ലാതാവുമായിരുന്നു.
കാലമേ നിനക്കെന്റെ ജീവിതം കൊണ്ടുതന്നെ വന്ദനം...
(അവസാനിച്ചു)
Published: 13 Oct 2026, 04:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented