ആ വാകമരച്ചോട്ടില്‍ നിന്ന് അഗുവാണെന്നെ വിളിച്ചുണര്‍ത്തിയത്. 
`നീ എന്തിനാടീ ഇവിടെ കിടക്കുന്നത്?`
`ഹേയ് ചുമ്മാതാടാ രാത്രിയില്‍ ആകാശവും നോക്കി ഇവിടെ കിടക്കാന്‍ നല്ല രസം. ഇത്രയും നാള്‍ പകല്‍ മാത്രമല്ലേ ഈ ക്യാമ്പസ് ആസ്വദിച്ചിട്ടുള്ളൂ രാത്രി അനുഭവം ഇതാദ്യമല്ലേ.`
`ഓഹ്... നിങ്ങള്‍ ഏകാന്തതയുടെ അയല്‍ക്കാരാണല്ലോ.` അവനെന്നെ കളിയാക്കി. 
`നമ്മള്‍ ഈ കോളേജില്‍ കുറച്ചുനാളുകള്‍ മാത്രമല്ലേയുള്ളൂ. ഇനിയിതുപോലെ ഇരിക്കാനോ മിണ്ടാനോ പറ്റില്ലല്ലോ അതോര്‍ക്കുമ്പോള്‍ നിനക്ക് സങ്കടമുണ്ടോ?`ഞാന്‍ ചോദിച്ചു. 
`ഇതുപോലെ നിന്റെ കൈവിരലുകള്‍ കോര്‍ത്തുപിടിക്കാന്‍ ആവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടമുണ്ട്. പക്ഷേ, സാരമില്ല നമ്മള്‍ ഇവിടുന്ന് മാത്രമല്ലേ പിരിയുന്നുള്ളൂ. നമ്മള്‍ എന്നും ഉണ്ടാവും.`
അവന്റെ വാക്കുകള്‍ എന്നെ സന്തോഷിപ്പിച്ചു.

To advertise here,

ഈ മൂന്ന് വര്‍ഷവും ഒരു മടുപ്പും കൂടാതെ എന്നെ ലൈബ്രറിയില്‍ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും ഓരോ മരപ്പടിയിലും എന്റെ കാലുകള്‍ ഇടറാതെ അവനെന്നെ ചേര്‍ത്തുപിടിച്ചതും ഓര്‍ത്തപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു.

അവന്‍ എന്റെ കൈവിരലുകളില്‍ തലോടിക്കൊണ്ട് പറഞ്ഞു. 

`ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നീ എന്നോട് ദേഷ്യപ്പെടരുത്.'
`ഇല്ല നീ പറയ്‌...`
`ഞാന്‍ ചെയ്തത് തെറ്റാണെങ്കില്‍ നീ എന്നോട് ക്ഷമിക്കണം.`

ഞാന്‍ ആകാംക്ഷയോടെ അവന്റെ മുഖത്തേയ്ക്ക് നോക്കി.`
`റോബിക്ക് വേണ്ടി ആ പ്രേമലേഖനം നിനക്ക് എഴുതിയത് ഞാനായിരുന്നു.`
അവന്റെ വെളിപ്പെടുത്തല്‍ എന്നെ ഞെട്ടിച്ചു. 
ഞാന്‍ അവിശ്വസനീയതയോടെ അവനെത്തന്നെ നോക്കിയിരുന്നു.

അവന്‍ എന്നോട് ക്ഷമ ചോദിച്ചുകൊണ്ടേയിരുന്നു.

`റോബിക്ക് നിന്നോടുള്ള ഇഷ്ടത്തിന്റെ തീവ്രത കണ്ടപ്പോള്‍ അവനെ എനിക്ക് സഹായിക്കണമെന്ന് തോന്നി. അതുകൊണ്ടായിരുന്നു എനിക്കിങ്ങനെ ചെയ്യേണ്ടി വന്നത് എന്നോട് ക്ഷമിക്കടീ.`

അവന്‍ എനിക്ക് വേണ്ടി ചെയ്യുന്നതൊക്കെ ഓര്‍ക്കുമ്പോഴും പ്രണയത്തിന്റെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥ നാന്‍സി സിസ്റ്ററിലൂടെ അനുഭവിക്കുന്നതുകൊണ്ടും ക്ഷമിക്കാനാവാത്ത തെറ്റൊന്നുമായിരുന്നില്ല അവന്‍ ചെയ്തത് എന്നെന്റെ മനസ്സ് പറഞ്ഞു. അല്‍പനേരം മിണ്ടാതിരുന്നിട്ട് ഞാനുറക്കെ ചിരിച്ചു.

`ഹോ... സമാധാനമായി ഇതറിയുമ്പോള്‍ നീ എന്നോട് ദേഷ്യപ്പെടുമെന്നായിരുന്നു ഞാന്‍ കരുതിയത്. നീ ചിരിച്ചല്ലോ. വലിയൊരു ഭാരം ഇറങ്ങിയതുപോലെ`എന്നുപറഞ്ഞുകൊണ്ട് അവനെന്റെ കൈകളില്‍ അമര്‍ത്തി.

മനുഷ്യരൊക്കെ എത്ര പാവങ്ങളാണെന്ന് ഞാനോര്‍ത്തുപോയി. ഓരോ മനുഷ്യനും ഓരോ അത്ഭുതങ്ങളാണ്. അതുപോലെതന്നെയാണ് എനിക്കവനും. എനിക്ക് ചുറ്റുമുള്ള ഓരോ മനുഷ്യരും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. അവരുടെ ജീവിതം കൊണ്ട് എന്നെ കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. കോളേജിലെ അവസാനദിനങ്ങള്‍ അടുക്കുംതോറും എന്റെ ഹൃദയത്തിനു ഭാരം കൂടി വന്നു. എന്നെ സങ്കടംകൊണ്ട് കൊത്തിക്കീറിയ ഒരുവള്‍ കൂടിയുണ്ട്. അവളുടെ വേദനകള്‍ കൂടി ചേര്‍ന്നതാണ് ഞാന്‍.

 കോളേജ് ജീവിതം തീരാന്‍ മാസങ്ങള്‍ മാത്രം ഉള്ളപ്പോഴായിരുന്നു ഡെല്‍ന എന്നോട് കൂട്ടുകൂടുന്നത്. എല്ലാവരോടും കളിതമാശകള്‍ പറഞ്ഞുകൊണ്ട് ഹോസ്റ്റലില്‍ പാറിപ്പറന്നു നടന്നിരുന്ന അവള്‍ എന്നോട് കൂടുതലായൊന്നും സാംസാരിക്കുമായിരുന്നില്ല (ഞാന്‍ ആരോടും അധികം കൂട്ടുകൂടുന്ന പ്രകൃതമല്ലെന്നു അവള്‍ക്ക് തോന്നിക്കാണും). ഞാന്‍ കാണുമ്പോഴൊക്കെ അവള്‍ ആരോടെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുകയാവും. വളരെ ഉറക്കെയായിരുന്നു അവള്‍ ചിരിക്കുന്നത് അതുകൊണ്ടുതന്നെ അവളുടെ ചിരി വളരെ പ്രശസ്തമായിരുന്നു. കോളേജിലും ഹോസ്റ്റലിലും അവള്‍ക്ക് ലാഫിങ് ഗേള്‍, ചിരിക്കുടുക്ക എന്ന പല വിളിപ്പേരുകളും ഉണ്ടായിരുന്നു. സംസാരപ്രിയയായിരുന്നതിനാല്‍ അവള്‍ എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു.     

`ഹോസ്റ്റലിനു മുന്നിലായി പടര്‍ന്നുകിടക്കുന്ന സപ്പോട്ടാ മരച്ചുവട്ടില്‍ ഇരിക്കുമ്പോഴായിരുന്നു ആദ്യമായി അവളെന്റെ അടുത്തേയ്ക്ക് വന്നത്.
`രമ്യാ... എനിക്കൊരു പാട്ടു പാടിത്തരുമോ?`
`തരാല്ലോ. ഏത് പാട്ടാണ് കേള്‍ക്കേണ്ടത്?`ഞാന്‍ ചോദിച്ചു. 
`ഓ മൃദുലേ... ഹൃദയ മുരളിയിലൊഴുകിവാ..`

ആ പാട്ടെനിക്ക് മുഴുവനായും അറിയില്ലായിരുന്നെങ്കിലും അറിയാവുന്നപോലെ ഞാനവള്‍ക്ക് പാടി കൊടുത്തു. ഞാന്‍ പാടുമ്പോള്‍ നിറയെ പീലികളുള്ള അവളുടെ വിടര്‍ന്ന കണ്ണുകള്‍ ചലിപ്പിച്ചുകൊണ്ട് അവള്‍ എന്നെത്തന്നെ നോക്കിയിരുന്നു.
അവളുടെ കാമുകന് ഏറ്റവും ഇഷ്ടമുള്ള പാട്ടായിരുന്നത്രെ!

ഞാന്‍ പാട്ടു പാടികഴിഞ്ഞതും ഡെല്‍ന അവളുടെ കാമുകനെക്കുറിച്ചു എന്നോട് വാചാലയായി. അയാള്‍ നല്ലവനാണെന്നും അവളോട് നല്ല സ്‌നേഹമാണെന്നുമൊക്കെ പറഞ്ഞുകൊണ്ടിരുന്നു. അവളുടെ മുഖത്തുണ്ടായ സന്തോഷവും തിടുക്കത്തിലുള്ള അവളുടെ സംസാരശൈലിയും ഞാന്‍ കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. അവള്‍ പിന്നെയും എന്തൊക്കെയോ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ `പാട്ട് കേള്‍ക്കാന്‍ തോന്നുമ്പോള്‍ ഞാന്‍ ഇനീം വരും അപ്പോ ഈ പാട്ട് മുഴുവനും പഠിച്ചുവെച്ചേക്കണം` എന്നുപറഞ്ഞുകൊണ്ട് എന്റെ അടുത്തുനിന്നും അവള്‍  ഓടിപ്പോയി. അധികം നീളമില്ലെങ്കിലും ഇളം തവിട്ട്‌നിറം കലര്‍ന്ന ഇടതൂര്‍ന്ന അവളുടെ മുടി തിരമാലപോലെ ഇളകിക്കൊണ്ടിരുന്നു. അതിനുശേഷം എപ്പോ കണ്ടാലും എന്നോട് എന്തെങ്കിലുമൊക്കെ വിശേഷങ്ങള്‍ എന്നോട് പറയുമായിരുന്നു. ഒരു ദിവസം ചാപ്പലിനു മുന്നിലെ ഓര്‍ക്കിഡ് പുഷ്പങ്ങള്‍ക്കരികില്‍ നിന്ന് ഒറ്റയ്ക്ക് അവള്‍ എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു. എനിക്ക് മാത്രമല്ലല്ലോ ഈ സൂക്കേട് എന്നോര്‍ത്ത് എന്റെ ഉള്ളിലൊരു ചിരി പടരുകയും ചെയ്തു.

വായനയും പരീക്ഷാ തിരക്കുകളുമൊക്കെയായിരുന്നതിനാല്‍ പിന്നീട് അവളെന്റെ ശ്രദ്ധയില്‍ പെട്ടില്ല. ഒരു ദിവസം രാവിലെ ഡെല്‍നയുടെ അപ്പച്ചന്റെ മരണവാര്‍ത്ത സോണിയാണ് എന്നോട് വന്നു പറഞ്ഞത്. രണ്ടു ദിവസം മുന്‍പ് വീട്ടില്‍ ആര്‍ക്കോ സുഖമില്ലെന്നു പറഞ്ഞു ഡെല്‍ന വീട്ടിലേയ്ക്ക് പോയിരുന്നു. പക്ഷേ, അപ്പച്ചന്‍ മരിക്കാന്‍ മാത്രം ഗൗരവമുള്ള ഒരു അവസ്ഥ ആയിരുന്നെന്നു അവള്‍ പറഞ്ഞതുമില്ല. ഹോസ്റ്റലിലുള്ള മറ്റു കൂട്ടുകാര്‍ക്കൊപ്പം ഞാനും മരണവീട്ടിലേയ്ക്ക് പോയി. അവിടെ ചെന്നപ്പോള്‍ ഒറ്റമുറി മാത്രമുള്ള ഒരു ചെറിയ ഷെഡ്ഡിന്റെ മുറ്റത്ത് ശവപ്പെട്ടിയില്‍ കിടത്തിയിരിക്കുന്ന അവളുടെ  അപ്പച്ചന്റെ മൃതദേഹത്തിനരികില്‍ നിര്‍വികാരയായിരിക്കുന്ന ഡെല്‍നയെയാണ് കണ്ടത്. ഞങ്ങളെ കണ്ടതും അവളെഴുന്നേറ്റ് അടുത്തേയ്ക്കുവന്നു. 

വിറയ്ക്കുന്ന ചുണ്ടുകളോടെ അവളെന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ, ഞങ്ങള്‍ അത് തടഞ്ഞുകൊണ്ട് അവളെ ചേര്‍ത്തുപിടിച്ചു. അവളുടെ അമ്മച്ചിയേയും സഹോദരങ്ങളെയും തിരഞ്ഞെങ്കിലും മൃതദേഹത്തിനരികില്‍ അവരെ കാണാന്‍ കഴിഞ്ഞില്ല. അവളുടെ വേദനയില്‍ അവളോടൊപ്പം ചേര്‍ന്ന് നില്‍ക്കുമ്പോഴായിരുന്നു വീടിന്റെ പിന്നില്‍ നിന്നും ഉച്ചത്തിലുള്ള ഒരു ശബ്ദം കേട്ടത്. ഞങ്ങളെല്ലാവരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് പോയി നോക്കിയപ്പോള്‍ ഏകദേശം അന്‍പത് വയസ്സിനോടടുത്തുള്ള ഒരു സ്ത്രീ ഒരു മരത്തിന്റെ ചോട്ടിലിരുന്ന് ഉറക്കെ കരയുകയായിരുന്നു. അതിനോടൊപ്പം അവര്‍ കൈ കൊട്ടുന്നുമുണ്ടായിരുന്നു. പെട്ടെന്നാണ് മരവുമായി ബന്ധിപ്പിച്ചിരിക്കുന്ന അവരുടെ കാലിലെ ചങ്ങലകള്‍ കണ്ടത്. ഹൃദയം തകരുന്ന ആ കാഴ്ച കണ്ട് അടുത്തുനില്‍ക്കുന്നവരോട് അന്വേഷിച്ചപ്പോഴാണ് അത് ഡെല്‍നയുടെ അമ്മച്ചിയാണെന്ന് അറിഞ്ഞത്. നെഞ്ച് പിളരുന്ന വേദനയോടെയാണ് ആ കാഴ്ച കണ്ടുനിന്നത്. അപ്പോഴാണ് തൊട്ടടുത്ത മരത്തിലായി മറ്റൊരാളെയും ചങ്ങലയ്ക്കിട്ടിരിക്കുന്നത് കാണാനിടയായത്. സ്വയം ശരീരം മാന്തി മുറിപ്പെടുത്തുകയും കൈത്തണ്ട കടിച്ചുപൊട്ടിക്കുകയും ചെയ്ത അയാളുടെ ചെയ്തികളെ മൂന്നുപേര്‍ ചേര്‍ന്ന് തടയുകയും അയാളെ അടക്കി നിര്‍ത്താന്‍ ശ്രമിക്കുന്നുമുണ്ടായിരുന്നു. അക്രമാസക്തനായ അയാള്‍ ഡെല്‍നയുടെ മൂത്ത സഹോദരനായിരുന്നു. മരണവീട്ടിലെ ആള്‍ക്കൂട്ടം കണ്ട് മാനസികാസ്വാസ്ഥ്യമുള്ള അവളുടെ അമ്മച്ചിയും സഹോദരനും കൂടുതല്‍ അസ്വസ്ഥരായിക്കൊണ്ടിരുന്നു. അമ്മച്ചി ഉറക്കെ നിലവിളിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
  
ദൈവമേ... എന്ത് കാഴ്ചയായിരുന്നു അത്! ഞാന്‍ ചവുട്ടി നില്‍ക്കുന്ന മണ്ണ് ചുട്ടുപഴുക്കുന്നതായെനിക്ക് തോന്നി. നിന്നിടത്തുനിന്നും അനങ്ങാനാവാതെ എന്റെ ശരീരം വെന്തടരുന്നതുപോലെ എനിക്കനുഭവപ്പെട്ടു.

`എനിക്ക് വയ്യ, എനിക്കിത് കാണാനുള്ള ശക്തിയില്ല നമുക്ക് പോകാം.` ഒരു കാഴ്ചയും കാണാനാവാത്ത വിധം കണ്ണുനീര്‍ എന്നെ മറച്ചിരുന്നു. കരഞ്ഞുതളര്‍ന്ന സോണിയുടെ കയ്യും പിടിച്ചു ഞാനാ വീട്ടില്‍നിന്നുമിറങ്ങി. തിരികെ പോരുന്ന വഴിക്ക് മരണവീട്ടില്‍ ആരോ പറഞ്ഞറിഞ്ഞു സോണിയാണ് എന്നോട് പറഞ്ഞത് ഡെല്‍നയുടെ അപ്പച്ചനും മാനസികരോഗി ആയിരുന്നെന്നും അതിനു പുറമെ ഉണ്ടായ ഹൃദ്രോഗം ആണ് മരിക്കാന്‍ കാരണമെന്നും. ആദ്യമായാണ് ഒരു മരണം എന്നില്‍ ആശ്വാസം ഉണ്ടാക്കിയത്. ഡെല്‍നയുടെ ജീവിതഭാരം ഓര്‍ത്തപ്പോള്‍ ആ മരണം അവള്‍ക്ക് അല്പം ഭാരം കുറച്ചു കൊടുത്തല്ലോ എന്ന് ചിന്തിച്ചുപോയി. ഒരിക്കല്‍പ്പോലും അങ്ങനൊരു ജീവിതത്തെക്കുറിച്ച് അവള്‍ ഹോസ്റ്റലിലെ ആരോടും തന്നെ പറഞ്ഞിരുന്നില്ല. ഇത്രയും വേദനകള്‍ക്കിടയിലും അവള്‍ പഠിച്ചിരുന്നതും ഇത്ര ഊര്‍ജസ്വലയായി ചിരിച്ചുകളിച്ചു നടന്നതും ഓര്‍ത്തപ്പോള്‍ കഠിനമായ വേദന തോന്നി. അതേസമയം അവളെയോര്‍ത്ത് എനിക്ക് അഭിമാനവും തോന്നി. പക്ഷേ, എനിക്ക് കരച്ചിലടക്കാനായില്ല. 

 ഹോ! എന്ത് ജീവിതമാണ് അവളുടേത്. `ദൈവമേ, വീണ്ടും വീണ്ടും ചോദിച്ചു പോകുകയാണ് എന്ത് ക്രൂരനാണ് നീ. അവള്‍ ചൊല്ലുന്ന കൊന്തയ്ക്കും  പ്രാര്‍ഥനകള്‍ക്കും പകരമായി നീ ഇതാണോ കൊടുക്കുന്നത്? ചുറ്റുമുള്ളവര്‍ എല്ലാവരും നിന്നെ മാത്രം വിശ്വസിച്ചു ജീവിതം ചിട്ടപ്പെടുത്തുമ്പോള്‍ ഞാനിപ്പോഴും നിന്നെയോര്‍ത്ത് ആശയക്കുഴപ്പത്തിലാകുന്നു. മനുഷ്യജീവിതം അനായാസമാക്കിയില്ലെങ്കിലും മനുഷ്യന് സാധ്യമാകുന്ന ഒരു പരിധിയിലെങ്കിലും നിലനിര്‍ത്താന്‍ കഴിയാത്ത ഒരാളാണോ നീ എന്നത് എന്നെ കൂടുതല്‍ സംശയാലുവാക്കുന്നു. നിന്റെ പ്രതിക്കൂട്ടില്‍നിന്നും ഒരിക്കലെങ്കിലും പുറത്തുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അന്നത്തെ ദിവസം ഹോസ്റ്റല്‍ നിശബ്ദമായിരുന്നു. ഡെല്‍നയും ആ മരണവീടും മാനസികരോഗികളായ അമ്മച്ചിയും ചേട്ടനും ഞങ്ങളുടെ നെഞ്ചിലും കണ്ണുകളിലും കെട്ടിക്കിടന്നു. ആരും അന്ന് ഭക്ഷണം കഴിച്ചില്ല. ഉറങ്ങിയതുമില്ല.

പൂച്ചകള്‍ സ്വന്തം കുഞ്ഞുങ്ങളെ കടിച്ചെടുത്ത് നടക്കുന്നതുപോലെ അത്രയും കാലം എന്റെ വേദനകളെ കടിച്ചുതൂക്കി നടക്കുകയായിരുന്നു ഞാന്‍. പക്ഷേ, എന്റെ വേദനകള്‍ ഒരു വേദനയേ അല്ലെന്ന് ഓരോ ജീവിതങ്ങളും എന്നെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു.

രണ്ടാഴ്ചക്കുശേഷം ഡെല്‍ന ഹോസ്റ്റലില്‍ വന്നപ്പോള്‍ അവളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ സങ്കടപ്പെട്ടിരുന്ന ഞങ്ങളോട് ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലായിരുന്നു അവളുടെ പെരുമാറ്റം. പഴയതുപോലെ തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ഡെല്‍നയെ ഞങ്ങളെല്ലാവരും അത്ഭുതത്തോടെ നോക്കി. സങ്കടങ്ങളുടെ നിലയില്ലാക്കയത്തില്‍പ്പെട്ട അവളെ വീഴാതെ ചേര്‍ത്തുപിടിക്കുന്ന അവളുടെ കാമുകന്‍ കാരണമാകാം അവള്‍ക്കിങ്ങനെ പെരുമാറാന്‍ കഴിയുന്നതെന്ന് എന്ന് ഞങ്ങള്‍ കരുതി.   

മൂന്നാം വര്‍ഷാവസാന പരീക്ഷയുടെ തിരക്കുകളിലായിരുന്നു ഞങ്ങളെല്ലാവരും. ഡെല്‍ന സ്വാഭാവിക ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നതിനാല്‍ ഞങ്ങള്‍ ആരുംതന്നെ അവളെ കാര്യമായി ശ്രദ്ധിച്ചില്ല. മാത്രമല്ല അവളും പഠനത്തിന്റെ തിരക്കില്‍ ആയിരുന്നു. രാപ്പകളില്ലാതെയുള്ള അവളുടെ പഠനം കാണുമ്പോള്‍ ഞങ്ങളെല്ലാവരും അവളുടെ വിജയത്തിന് വേണ്ടി ആഗ്രഹിച്ചു.

ഒരു ദിവസം രാത്രി ഏകദേശം രണ്ടുമണിയോടടുത്ത് എന്റെ മുറിക്ക് മുന്നിലായി തുടര്‍ച്ചയായുള്ള കാല്‍പ്പെരുമാറ്റം കേട്ട് അല്പം ഭയത്തോടെയാണെങ്കിലും വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഇടനാഴിയിലൂടെ തലങ്ങും വിലങ്ങും തിടുക്കത്തില്‍ നടക്കുന്ന ഡെല്‍നയെയാണ് കണ്ടത്. അവളുടെ കയ്യില്‍ ഒരു പുസ്തകവുമുണ്ടായിരുന്നു. ഉറക്കം പോലുമില്ലാതെ പഠിക്കുന്ന അവളെ കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി.

'ഒരുപാട് രാത്രിയായി, മതി പഠിച്ചത്, നീ പോയിക്കിടന്നുറങ്ങാന്‍ നോക്ക് ഇനി നാളെ പഠിക്കാം' അവളുടെ കയ്യിലിരുന്ന ബുക്ക് വാങ്ങിക്കൊണ്ട്  ഞാന്‍ പറഞ്ഞു 

അവള്‍ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു.

'ശ്...ശ് മിണ്ടരുത്. നീ കിടന്നോ പുറത്ത് മാലാഖമാരും കാവല്‍ക്കാരും വന്നിട്ടുണ്ട്. അന്യന്റെ ശബ്ദം കേട്ടാല്‍ അവര്‍ പോകും.'

എന്റെ നെഞ്ച് പടാ പടാ മിടിക്കാന്‍ തുടങ്ങി. ഞാന്‍ അപ്പുറത്തെ മുറിയില്‍ ചെന്ന് വാതിലില്‍ മുട്ടി സോണിയെ വിളിച്ചുണര്‍ത്തി കാര്യം പറഞ്ഞു. ഞങ്ങള്‍ നോക്കുമ്പോള്‍ എന്നോട് പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ട് അവള്‍ തലങ്ങും വിലങ്ങും നടക്കുകയായിരുന്നു. അടുത്ത മുറിയിലുള്ള രണ്ടുപേരെക്കൂടി വിളിച്ചുണര്‍ത്തി ഞങ്ങള്‍ ഡെല്‍നയെ പിടിച്ച് മുറിയില്‍ കൊണ്ടുചെന്നു കട്ടിലില്‍ കിടത്തി. അവളുടെ കണ്ണില്‍ ഉറക്കം വരുന്നതുവരെ മാലാഖമാരെന്നും കാവല്‍ക്കാരെന്നും അവള്‍ പറഞ്ഞുകൊണ്ട് ഇടയ്ക്കിടെ പുറത്തേയ്ക്ക് വിരല്‍ ചൂണ്ടിക്കൊണ്ടിരുന്നു. 

ഡെല്‍നയും അവളുടെ അമ്മയുടെയും ചേട്ടന്റെയും ലോകത്തേയ്ക്ക് നടന്നുകൊണ്ടിരിക്കുകയാണെന്ന് ഞങ്ങള്‍ അപ്പോഴാണറിഞ്ഞത്. ശരീരവും മനസ്സും ഒരുപോലെ മരവിച്ചു. എന്ത് ചെയ്യണമെന്നറിയാതെ സങ്കടം സഹിക്കാനാകാതെ ഞങ്ങള്‍ പുലരുവോളം ആ മുറിയിലിരുന്ന് കരഞ്ഞുകൊണ്ടിരുന്നു.
 
പിറ്റേ ദിവസം ഡെല്‍നയുടെ അനിയനെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. അയാളോടൊപ്പം അവളെ വീട്ടിലേയ്ക്ക് പറഞ്ഞുവിടുമ്പോള്‍ പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ പറഞ്ഞുകൊണ്ട് അവള്‍ ഞങ്ങളെയെല്ലാവരെയും കെട്ടിപ്പിടിച്ചു.

അവള്‍ക്ക് ചുറ്റും കൂടി നിന്ന ഞങ്ങളെല്ലാവരും ഓരോ ചുട്ടുപഴുത്ത ഗ്രഹങ്ങളായെനിക്ക് തോന്നി. ചാപ്പലിനുള്ളിലിരിക്കുന്ന ആ കുരിശുരൂപത്തെ ഞാന്‍ അങ്ങേയറ്റം വെറുപ്പോടെ നോക്കി. തന്റെ പെങ്ങളുടെ കൈയും പിടിച്ച് നടന്നകലുന്ന അവളുടെ അനിയന്റെ കണ്ണീരോളം ആഴമേറിയ ഒരു കടലും ഞാനിന്നേവരെ കണ്ടിട്ടില്ല. 

അവസാനത്തെ പരീക്ഷയെഴുതി ക്ലാസ്സില്‍ നിന്ന് പുറത്തേയ്ക്കിറങ്ങുമ്പോള്‍. ഹരി സാര്‍ എന്നെ കാത്ത് പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു. സാറിന്റെ  കയ്യില്‍ ഒരു ബാഗും ഉണ്ടായിരുന്നു.

'സാറെന്താ ബാഗൊക്കെയായിട്ട്? എവിടെയെങ്കിലും പോകുവാണോ?'

'അല്ല ഈ ബാഗ് നിനക്കുള്ളതാ ഇതില്‍ കുറച്ചു പുസ്തകങ്ങളാണ്. എന്റെ ശേഖരത്തില്‍നിന്നുള്ളത.് ഇന്ന് പരീക്ഷ തീരുവല്ലേ, നിനക്ക് ലൈബ്രറിയിലേയ്ക്ക് വരാന്‍ പറ്റിയില്ലെങ്കിലോ എന്നോര്‍ത്താണ് ഞാന്‍ ഇങ്ങോട്ടു വന്നത്.'

എനിക്കത്ഭുതം തോന്നി ജീവന്‍ പോയാലും ആര്‍ക്കും പുസ്തകങ്ങള്‍ കൊടുക്കാത്ത സാര്‍ ഒരു ബാഗ് നിറയെ പുസ്തകങ്ങള്‍ എനിക്ക് തന്നിരിക്കുന്നു. സങ്കടമോ സന്തോഷമോ എന്നറിയാത്ത എന്തോ ഒന്ന് എന്റെ  ഉള്ളില്‍ നിറഞ്ഞു. 
'ഞാന്‍ ഇന്ന് പോകില്ല. രണ്ട് ദിവസം കൂടി ഹോസ്റ്റലില്‍ ഉണ്ടാകും.' ഞാന്‍ പറഞ്ഞു. 
സാര്‍ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. 

'ഞാന്‍ ഫോണ്‍ ഉപയോഗിക്കാറില്ല.എങ്കിലും എന്നെ വിളിച്ചാല്‍ കിട്ടുന്ന നമ്പര്‍ ബാഗിനുള്ളില്‍ ഒരു ഡയറിയില്‍ എഴുതിയിട്ടുണ്ട് ഇടയ്ക്ക് വിളിക്കൂ.' സാര്‍ നടന്നകന്നു. ഈ ലോകവുമായി ഒരു ബന്ധവും നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്ത മനുഷ്യന്‍ എനിക്ക് നമ്പര്‍ തന്നിരിക്കുന്നു. വീണ്ടും വിളിക്കണമെന്ന് പറയുന്നു. എനിക്ക് സന്തോഷം അടക്കാനായില്ല.

സാര്‍ പോയപ്പോള്‍ അഗുവും റോബിയും വിദ്യയും റോഷനും റൂബിയും എന്റെ അടുത്തേയ്ക്ക് വന്നു. കോളേജിലെ ഞങ്ങളുടെ അവസാന ദിവസമായിരുന്നതിനാല്‍ അതിന്റെ കനം ഞങ്ങളുടെ ഹൃദയത്തിലും തൊണ്ടയിലും കെട്ടിക്കിടന്നിരുന്നു. ഞങ്ങള്‍ അങ്ങേയറ്റം വേദനയോടെ കെട്ടിപ്പിടിച്ചു. അതീവ പ്രണയബദ്ധരായ റോഷനും റൂബിയും കൈകോര്‍ത്തുപിടിച്ചു നടന്നകന്നു. വിദ്യ എന്റെ നാട്ടുകാരി ആയതുകൊണ്ടും അവളെ കാണാനുള്ള സാധ്യത മുന്നില്‍ ഉണ്ടായിരുന്നതുകൊണ്ടും അവളെ പിരിയുന്നതായി എനിക്ക് തോന്നിയില്ല. റോബി എന്നെ നോക്കിക്കൊണ്ട് പ്രതീക്ഷ കൈവിടാതെ പറഞ്ഞു: 'പോട്ടെ` എന്റെ  കണ്ണുനിറഞ്ഞു. എപ്പോഴൊക്കെയോ ഞാന്‍ അവനെ പ്രണയിച്ചിരുന്നു എന്ന് എനിക്കവനോട് പറയണമായിരുന്നു. പക്ഷേ, ഞാന്‍ പറഞ്ഞില്ല. എന്തോ എന്റെ തൊണ്ടയില്‍ കെട്ടിക്കിടന്നു. യാത്ര പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. വിദ്യ ദേഷ്യത്തോടെ എന്നെ നോക്കുകമാത്രം ചെയ്തിട്ട് അവനോടൊപ്പം പോയി. അവര്‍ പോയപ്പോള്‍ അഗു എന്നോട് ചോദിച്ചു:
 
`നിനക്ക് എങ്ങനെയാണ് അവന്റെ  സ്‌നേഹം കണ്ടില്ലെന്നു വയ്ക്കാന്‍ പറ്റുന്നത്?`

ഒറ്റപ്പെടലും സങ്കടവും ഇഴചേര്‍ന്നു കിടക്കുന്ന ആ മാനസികാവസ്ഥയില്‍ ഞാന്‍ അവനോട് പറഞ്ഞു. 
'അതിനു ഒറ്റ ഉത്തരമേയുള്ളൂ നീ.'
അവന്‍ അവിശ്വസനീയതയോടെ എന്നെ നോക്കി.

'ആദ്യമായി നീ എന്റെ കൈവിരലുകളില്‍ കോര്‍ത്തുപിടിച്ച ദിവസം മുതല്‍ അതെന്നുമുണ്ടാകണമെന്ന് ഞാനാഗ്രഹിച്ചു. നിന്നോടൊത്തുള്ള ഓരോ നിമിഷവും ഞാന്‍ മതിമറന്നാനന്ദിച്ചു. റോബിയെ ഞാന്‍ പ്രണയിച്ചാല്‍ നിന്നെ എനിക്ക് നഷ്ടമാകുമോ എന്ന് ഞാന്‍ എപ്പോഴൊക്കെയോ ഭയന്നു. എനിക്ക് നീ കൂടെ വേണമായിരുന്നെടാ.'

എന്നെ കേട്ടുകൊണ്ടിരുന്നപ്പോള്‍ അവന്റെ  ഹൃദയമിടിപ്പിന്റെ വേഗതകൂടുന്നത് ഞാനറിയുന്നുണ്ടായിരുന്നു.
അവന്‍ എന്റെ കൈകളില്‍ മുറുകെപ്പിടിച്ചുകൊണ്ട് പറഞ്ഞു.
 
`എന്നോട് ക്ഷമിക്കെടീ. എനിക്ക് നിന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല` അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. എന്റെ വിരലുകളില്‍ അമര്‍ത്തി ചുംബിച്ചിട്ട് നിറഞ്ഞ കണ്ണുകളോടെ അവന്‍ ഒന്നും മിണ്ടാതെ എന്റെ  അടുത്തു നിന്നും പോയി. എന്റെ  കാഴ്ചയില്‍ നിന്ന് മറയുന്നതുവരെ അവനെ ഞാന്‍ നോക്കിനിന്നു. എനിക്കുറക്കെ കരയാന്‍ തോന്നി. സ്‌നേഹിക്കുന്നവര്‍ അകലുന്നത് എന്നില്‍ അത്രയും വേദന നിറച്ചു. വിടുതല്‍ രോഗം ബാധിച്ച മദ്യപാനിയെപ്പോലെ ഞാന്‍ പിടഞ്ഞു. അവസാനത്തെ ആളും പിരിഞ്ഞുപോയ കടത്തീരം പോലെ ഞാന്‍ പൊള്ളിക്കിടന്നു.

അന്ന് രാത്രി ഉറക്കമേ വന്നില്ല കോളേജും ഹോസ്റ്റലും അവിടുത്തെ മൂന്നുവര്‍ഷത്തെ ജീവിതവും എന്നില്‍ നിറഞ്ഞു. ഞാനെന്റെ  മുറിയേയും ചുമരുകളെയും നോക്കിക്കിടന്നു. തീ ആളുന്നപോലുള്ള എന്റെ  വേദനകളും സങ്കടങ്ങളും രഹസ്യങ്ങളും ഏറ്റുവാങ്ങിയ എന്റെ മുറി, എന്റെ  ഉറക്കത്തിന്റെ  ആഴമറിയാവുന്ന എന്റെ കട്ടില്‍. എന്റെ  ഓര്‍മകളില്‍ എന്നും വന്ന് മുട്ടാറുള്ള അന്നയും മനുവും, നാന്‍സി സിസ്റ്ററും  ഡെല്‍നയും. അവര്‍ എനിക്ക് തന്നിട്ടുപോയ അവരുടെ ഹൃദയം. സോണിയുടെ കുസൃതിയും സ്‌നേഹവും. ബൊഗൈന്‍ വില്ലാ ചെടികള്‍ക്ക് താഴെയുള്ള എന്റെ  വായനാലോകം. എനിക്ക് മാത്രം കിട്ടാറുള്ള ചില മണങ്ങള്‍, എന്റെ  ക്ലാസ് റൂം അവിടുത്തെ കൂട്ടുകാര്‍. പ്രണയമെന്നോ സൗഹൃദമെന്നോ നിര്‍വചിക്കാനാവാത്ത എന്റെ അഗു. എന്നെ ജീവനുതുല്യം സ്‌നേഹിച്ച റോബി. ലൈബ്രറിയിലെ ജനാലകള്‍ക്ക് പുറത്തെ കാഴ്ച്ചകള്‍ ഇടയ്ക്കിടെ വന്നുപോകാറുള്ള നാക മോഹനും പിന്നെ പേരറിയാത്ത പക്ഷികളും. എന്റെ ഹരിസാര്‍, ഞങ്ങളുടെ വിചിത്രമായ ആത്മബന്ധം. ലൈബ്രറിയില്‍ ഇനിയും വായിച്ചുതീര്‍ക്കാത്ത നിരവധിയായ പുസ്തകങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ എന്റെ സങ്കടം ഇരട്ടിച്ചു. അപ്പോഴാണ് ഹരിസാര്‍ തന്ന പുസ്തകങ്ങളെക്കുറിച്ചോര്‍ത്തത്. ബാഗ് തുറന്നു. അതില്‍ ഇരുപതോളം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ നിന്നും ഹെര്‍മെന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥ എന്ന പുസ്തകം പുറത്തെടുത്തു വായിക്കാന്‍ തുടങ്ങി. 

വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഞാനാ പുസ്തകം വായിച്ചു. അവനവന്‍ തന്നെയാണ് ശരിയും തെറ്റുമെന്നും സംഘര്‍ഷങ്ങളും ശാന്തിയും ഉടലെടുക്കുന്നത് സ്വന്തം മനസ്സുകളില്‍ തന്നെയാണെന്നും വെളിച്ചവും ഇരുട്ടും നമ്മള്‍ തന്നെയാണെന്ന് ഒരു ബുദ്ധഭിക്ഷുവിലൂടെ പറയുന്ന ആ പുസ്തകം എന്നെ ഏറെ ആകര്‍ഷിച്ചു. പിന്നെയും ഉറക്കം വരാതെ ഓരോന്നാലോചിച്ചു ഞാന്‍ കിടന്നു. പിന്നീട് അവിടെ ചിലവഴിച്ച രണ്ടു ദിവസവും പകല്‍ നേരങ്ങളില്‍ ക്യാമ്പസ്സിലും വാകമരച്ചോട്ടിലും അക്കേഷ്യാ മരച്ചുവട്ടിലുമൊക്കെ ചുറ്റി നടന്നു. ഹോസ്റ്റലിലെ ഓരോരുത്തരായി എന്നോട് യാത്ര പറഞ്ഞുകൊണ്ടിരുന്നു. രാത്രി നേരങ്ങളില്‍ ഞാനിരിക്കാറുള്ള ഹോസ്റ്റലിലെ ഓരോ ഇടങ്ങളിലും സങ്കടത്തോടെ ഓര്‍മകളെ വാരിപ്പിടിച്ചുകൊണ്ട് ഞാനിരുന്നു. ആ രാത്രി നേരം പുലര്‍ന്നപ്പോള്‍ ചാപ്പലിലെ അള്‍ത്താരയ്ക്ക് മുന്നില്‍ ചെന്നുനിന്നു. അവിടുത്തെ കുരിശുരൂപത്തെ നോക്കി ഞാന്‍ യാത്രപറഞ്ഞു. `ദൈവമേ,  ഞാന്‍ ഏറ്റവും കൂടുതല്‍ കലഹിച്ചത് നിന്നോടാണല്ലോ. എന്റെ  ചോദ്യങ്ങള്‍ക്കൊന്നും നിന്റെ കൈയില്‍ ഒരിക്കലും ഉത്തരമുണ്ടാകില്ലെന്ന് എനിക്ക് മനസ്സിലായി. നിന്റെ നിസ്സഹായതയെ ഓര്‍ത്ത് ഞാന്‍ വേദനിക്കുന്നു. ഒരിക്കലും കണ്ടുമുട്ടാന്‍ സാധ്യതയില്ലാത്ത രണ്ടിടങ്ങളിലിരുന്ന് എനിക്കിനിയും നിന്നോട് ചോദ്യങ്ങള്‍ ചോദിക്കേണ്ടി വന്നേക്കാം. അപ്പോഴും നീ അറിയുക സംശയത്തോടെയാണെങ്കിലും ഞാന്‍ നിന്നെ പിന്തുടരുന്നുണ്ടെന്ന.്` ഞാന്‍ യാത്ര പറയുമ്പോള്‍ ഹോസ്റ്റലില്‍ കര്‍ത്താവിന്റെ  മാലാഖമാര്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. ആ സമയം അവരുടെ മനസ്സില്‍ എന്തായിരുന്നു എന്നെനിക്കറിയില്ല. എങ്കിലും അവരെന്നെ ചിരിച്ചുകൊണ്ട് കെട്ടിപ്പിടിച്ചു എന്നെ യാത്രയാക്കി. കോളേജിന് മുന്നില്‍ ഞാന്‍ കണ്ണീരോടെ കുറേനേരം നിന്നു. എന്നെ ഞാനാക്കിയ ആ കോളേജില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും ഞാന്‍ എന്നെന്നേക്കുമായി വിട പറഞ്ഞു.

വീട്ടില്‍ എത്തിയപ്പോള്‍ ഞാനാകെ തകര്‍ന്നിരുന്നു ആരോടും ഒന്നും മിണ്ടാനോ വിശേഷങ്ങള്‍ പറയാനോ ഉള്ള മാനസികാവസ്ഥ ഇല്ലായിരുന്നു. അന്ന് രാത്രി കുട്ടിയമ്മയുടെ മടിയില്‍ കിടന്ന് അവര്‍ അറിയാതെ ഞാന്‍ കരഞ്ഞു. കോളേജിലെ എല്ലാവരെയും ഓര്‍മ വന്നു. അപ്പോഴാണ് ഹരിസാറിന്റെ നമ്പര്‍ ഡയറിയില്‍ കുറിച്ചിട്ടുണ്ടെന്ന് സാര്‍ പറഞ്ഞത് ഓര്‍മയിലേയ്ക്ക് വന്നത്. ഞാന്‍ വേഗം സാര്‍ തന്ന ബാഗ് തുറന്നു നീല പുറംചട്ടയുള്ള ആ ചെറിയ ഡയറി തുറന്നു അതിലെ ആദ്യപേജ്  വായിച്ചപ്പോള്‍ എന്റെ ഹൃദയം നുറുങ്ങി.

`കരളു പങ്കിടാന്‍ 
വയ്യെന്റെ പ്രണയമേ... 
പകുതിയും കൊണ്ടുപോയ് 
ലഹരിയുടെ പക്ഷികള്‍...`

അയ്യപ്പന്റെ വരികളും അതിനു താഴെ സാറിന്റെ ഫോണ്‍ നമ്പറും! സങ്കടം കടലുപോലെ എന്നില്‍ ഇരമ്പി. ഞാന്‍ ആരുമറിയാതെ കരഞ്ഞു. പിറ്റേ ദിവസം തന്നെ ഞാന്‍ സാറിനെ വിളിച്ചെങ്കിലും കിട്ടിയില്ല. പലതവണ ശ്രമിച്ചിട്ടും സാറിനോട് സംസാരിക്കാന്‍ കഴിഞ്ഞില്ല. മാസങ്ങളോളം ശ്രമിച്ചപ്പോള്‍ ഒരുതവണ സാറിനെ കിട്ടി. വിളിച്ചിട്ട് കിട്ടാത്തതിന്റെ പരിഭവം പറഞ്ഞപ്പോള്‍ സാര്‍ നാട്ടില്‍ ഇല്ലായിരുന്നു എന്നായിരുന്നു മറുപടി. ഏറെ നേരം സംസാരിച്ചു കഴിഞ്ഞപ്പോള്‍ എന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. പിന്നീട് വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാതെയായി. മാസങ്ങള്‍ക്ക് ശേഷമായിരിക്കും സാറിനോട് സംസാരിക്കാന്‍ പറ്റുന്നത്. അത് പിന്നീടും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പിന്നീടങ്ങോട്ട് സാറിനെ ഒട്ടും കിട്ടാതെയായി. സാറിനെപ്പറ്റി ഒരു വിവരവും ഇല്ലാതെയായി. എന്റെ  മനസ്സ് വല്ലാതെ പിടഞ്ഞു. പോകെപ്പോകെ എന്റെ പഠനങ്ങളിലും ജീവിതപ്രശ്‌നങ്ങളിലും പെട്ട് സാര്‍ എന്റെ  ഓര്‍മകളുടെ ഏതോ ഒരു കോണില്‍ മൂടിക്കിടന്നു. 

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു കവിയായി അറിയപ്പെട്ടതിനുശേഷം ഒരു ദിവസം കോളേജ്‌ഡേ ഉത്ഘാടനം ചെയ്യാന്‍ ക്ഷണിക്കപ്പെട്ട അതിഥിയായി ഞാന്‍ എന്റെ കോളേജില്‍ എത്തി. കോളേജും പരിസരവും ആകെ മാറിയിരുന്നു. അവിടുത്തെ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ ഓര്‍മ്മകള്‍ എന്നെ വരിഞ്ഞുമുറുക്കി. എന്റെ  ക്ലാസ്സ് മുറികളിലും പ്രിയപ്പെട്ട ഇടങ്ങളിലുമൊക്കെ ഞാന്‍ എന്റെ ഓര്‍മ്മകളെയും കെട്ടിപ്പിടിച്ച് ഇരുന്നു. 

ലൈബ്രറിയിലെത്തിയപ്പോള്‍ ഹരിസാറുമായി ചെലവഴിച്ച നിമിഷങ്ങള്‍ നനുത്ത കാറ്റുപോലെ എന്നെ തഴുകി. അവിടുത്തെ ഒരു അധ്യാപകനോട് സാറിനെക്കുറിച്ചു ചോദിച്ചപ്പോള്‍ സാര്‍ മരിച്ചിട്ട് അഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടെന്നും കരളിന് അര്‍ബുദം ബാധിച്ചതാണ് മരണകാരണമെന്നും അറിയാന്‍ കഴിഞ്ഞു. ആ വാര്‍ത്ത എന്നെ തകര്‍ത്തെറിഞ്ഞു. പിന്നീട് അവിടെ നിന്ന ഓരോ നിമിഷവും അത്ര കഠിനമായിരുന്നു. എന്റെ കണ്ണുനീരൊളിപ്പിക്കാന്‍ ഞാന്‍ പാടുപെട്ടു. ലൈബ്രറിയില്‍ ഞാനും സാറും ഇരിക്കാറുള്ള ഇടങ്ങളില്‍ സാറിന്റെ ഓര്‍മകളും പേറി ഞാന്‍ കുറെ നേരമിരുന്നു. അവസാനമായി സാറിനോട് സംസാരിച്ചപ്പോള്‍ എന്നോട് പറഞ്ഞ വാക്കുകള്‍ എന്റെ  ചെവിയില്‍ വീണ്ടും കേട്ടപോലെ എനിക്കുതോന്നി. 

`രമ്യാ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്.' 

(തുടരും)