മൂടിയിടാൻ എത്ര വെമ്പൽ കൊണ്ടാലും ഭൂതകാലത്തിന്റെ ഭാരം പേറുന്ന ഓർമകൾ ഇടയ്ക്കിടെ ഒച്ചവയ്ക്കും. ഓർമകളുടെ ആരവം കേട്ടില്ലന്ന് നടിച്ച്, വാർത്തമാനകാലത്തിന്റെ വർണ്ണങ്ങളിൽ ഒട്ടകപ്പക്ഷിയെപ്പോലെ മുഖമൊളിപ്പിച്ച നാളുകളുണ്ട്. പക്ഷെ, ഇടയ്‌ക്കെങ്കിലും  ഓർമകൾ കുട്ടിക്കാലത്തെ ഉണങ്ങിത്തുടങ്ങിയ മുറിവുകളെ കിള്ളിപ്പൊളിക്കും. ആ നീറ്റലിൽ ഒഴുകിയിറങ്ങുന്ന ചോരയും പഴുപ്പുകലർന്ന ഇഴുകിയ വെള്ളവുമൊന്നും കണ്ടില്ലന്ന് നടിക്കാൻ എത്ര കാലത്തേക്കാണ് സാധിക്കുക? കാലം മായ്ക്കാത്ത മുറിവുകളില്ലെന്നത് പറഞ്ഞു പഴകിയ ഒരു നുണയായേ എന്നും തോന്നിയിട്ടുള്ളു. അതുകൊണ്ടുതന്നെ ഓർമകളെ അക്ഷരങ്ങളായി കോറിയിടുമ്പോൾ, ആ മുറിവുണങ്ങുമെന്നും പിന്നെ ശേഷിക്കുക ആത്മാവിന്റെ ഭിത്തികളിൽ അവയുടെ തടിച്ച പാടുകൾ മാത്രമാവുമെന്നും ഞാനെന്നോട് പറയും.

To advertise here,

കുറച്ചു മാസങ്ങൾക്കുമുൻപ് ഒരവധിക്കാലത്ത് കളത്തോട്ടിലെ അനാഥശാലയിൽ ഒരു സന്ദർശനത്തിനു പോയത് ഓർമകൾ ഉറങ്ങുന്നിടത്ത് കുറച്ചു നേരം ചെലവഴിക്കാനാണ്. കാലം ഒരുക്കിയ നല്ല മാറ്റങ്ങൾ കണ്ടപ്പോൾ ഇന്നത്തെ കുഞ്ഞുങ്ങളെ ഓർത്ത് ഒത്തിരി സന്തോഷിച്ചു. സൗകര്യങ്ങളുള്ള പുതിയ കെട്ടിടങ്ങൾ, മതിൽ കെട്ടിത്തിരിച്ച കോമ്പൗണ്ട്. പണ്ട് കൃഷിയിറക്കിയിരുന്ന തൊടിയും വയലുമൊക്കെ പുതിയ വീടുകൾക്കും ഫ്‌ളാറ്റുകൾക്കും വഴിമാറിയിരിക്കുന്നു. തുറന്ന സെപ്റ്റിക് ടാങ്കോ ചെമ്പരത്തി വേലിയോ കന്നുകാലിക്കൂടോ ഒന്നും അവിടില്ല. നൂറിലേറെ കുട്ടികൾ തിങ്ങിപ്പാർത്ത കാളത്തോടിലെ അനാഥശാലയിൽ മുപ്പതിൽ താഴെ മാത്രം കുഞ്ഞുങ്ങൾ. 

കുറച്ചുനേരം അവിടെത്തങ്ങിയിട്ട്, ആ മുറ്റത്തും പരിസരത്തുമൊക്കെ നടക്കുമ്പോൾ മനസ്സ് കലുഷിതമായി. ആ കെട്ടിടത്തിന്റെ മുൻവരാന്തയിലും ഭിത്തികളിലും തൊടിയിലും വയലിലും വരണ്ടുണങ്ങിയ തോട്ടിലുമെല്ലാം എന്റെ കണ്ണീരിന്റെയും തേങ്ങലുകളുടെയും ഓർമച്ചിത്രങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ആ ഭിത്തികളിൽ തൊട്ടപ്പോൾ, ആ മുറ്റത്ത് കുറച്ചുനേരം ചടഞ്ഞിരുന്നപ്പോൾ, മൂകനായ ഒരു ഒൻപത്  വയസ്സുകാരന്റെ ഓർമകളെല്ലാം ശിലായുഗത്തിൽ വരച്ചിട്ട ഗുഹാച്ചിത്രങ്ങൾപ്പോലെ തെളിഞ്ഞു വന്നു.

നാലാം ക്ലാസിലെ ഓണാവധിക്കും അമ്മ ഞങ്ങളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയില്ല. ആ അവധിക്കെങ്കിലും അമ്മ ഞങ്ങളെ കൂട്ടിക്കൊണ്ടുപോകുമെന്ന പ്രതീക്ഷ പതിവുപോലെ  അസ്ഥാനത്തായി. 
''എന്റെ മോൻ നന്നായി പഠിക്കണം. മകൻ പഠിച്ചു നല്ല നിലയിലായാലേ അമ്മേടെ കഷ്ടപ്പാടൊക്കെ മാറുവൊള്ളൂ.''
എന്റെ മുഖം ഇരുകൈകൊണ്ടും പിടിച്ച് ഉമ്മവച്ചു മടങ്ങിപ്പോകുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നോ? അനാഥലയത്തിനു മുന്നിലെ മണ്ണുവഴിയിലൂടെ അമ്മ കാളത്തോട്ടിലേക്കു വണ്ടി കയറാൻ പോകുമ്പോൾ ഞങ്ങൾ മൂന്നുപേരും നിശബ്ദരായി കരഞ്ഞു. 

ഓണം കഴിഞ്ഞുവന്ന ഞായറാഴ്ച്ച, പള്ളി കഴിഞ്ഞു പോരുമ്പോൾ ഇടവകയിൽനിന്ന് തന്ന ഇറച്ചി വലിയ കൂടുകളിലാക്കി ചേട്ടന്മാരും ചേച്ചിമാരും അനാഥശാലയിലേക്ക് കൊണ്ടുവന്നു. ദുബായിൽനിന്ന് അവധിക്കുവന്ന ഒരു കുടുംബം അനാഥരായ ഞങ്ങളോട് കരുണ തോന്നി തന്നതായിരുന്നു അത്. അനാഥശാലയിലേക്ക് മടങ്ങും മുൻപ്, വികാരിയച്ചനെയും ഞങ്ങൾ കുട്ടികളെയും ആയമാരെയുമൊക്കെ പള്ളിക്കു മുന്നിൽ നിർത്തി അവർ ഫോട്ടോ എടുത്തു. ആ ഫോട്ടോ, തൊട്ടടുത്ത മാസം അവരുടെ സഭയുടെ മാസികയുടെ ഉൾപേജിൽ അച്ചടിച്ചുവന്നു. നിലത്തു കുത്തിയിരുന്ന ഞങ്ങൾ കൊച്ചു കുട്ടികൾക്കും മുന്നിലായി ആ കുടുംബം ഞങ്ങൾക്ക് സമ്മാനിച്ച ഇറച്ചിപ്പൊതികൾ ഫോട്ടോയിൽ നിറഞ്ഞുനിന്നു. ഫോട്ടോ എടുക്കൽ കഴിഞ്ഞ്, മടങ്ങിപ്പോകുന്നതിനു മുൻപായി ഞങ്ങൾ കുട്ടികൾ ഓരോരുത്തരായിച്ചെന്ന് കുടുംബനാഥനോട് 'താങ്ക്യൂ സാർ' എന്ന് പറയുന്ന ഒരു ചടങ്ങും അന്നുണ്ടായിരുന്നു. ഇറച്ചിപ്പൊതികൾക്ക് പിന്നിൽ ഫോട്ടോ എടുക്കുന്നതും കാത്തിരുന്ന എന്നെ എന്റെ ക്ലാസ്സിൽ പഠിക്കുന്ന അനാഥരല്ലാത്ത കുട്ടികൾ നോക്കി ചിരിച്ചുകൊണ്ട് പോയി.

ഏത്തക്കാ ഇട്ടുവച്ച ഇറച്ചിക്കറി അന്നത്തെ അത്താഴത്തിനാണെന്ന് അമ്മിണിച്ചേച്ചി ഉച്ചഭക്ഷണത്തിന്റെ സമയത്ത് ഔദ്യോഗികമായി വിളിച്ചുപറഞ്ഞപ്പോൾ വായിൽ വെള്ളമിറക്കി ഞാൻ വൈകുന്നേരത്തിന്റെ വരവും കാത്തിരുന്നു. ഏത്തക്കായിട്ട് ഇറച്ചിക്കറി വയ്ക്കുന്ന രീതി ഇടുക്കിയിലെ ഞങ്ങളുടെ മലയോരത്ത് ഉണ്ടായിരുന്നില്ല. വിശപ്പിന്റെ തീവ്രതകൊണ്ടാണോ അതോ ഇറച്ചിക്കറിയോടുള്ള കൊതികൊണ്ടാണോ എന്നൊന്നുമറിയില്ല, കായ ഇട്ടുവച്ച ആ പോത്തുകറിയുടെ രുചി മറ്റൊരിടത്തുനിന്നും എനിക്കിതുവരെ കിട്ടിയിട്ടില്ല.

അന്നുച്ചകഴിഞ്ഞു ചാണകക്കുഴി കാലിയാക്കുന്ന പണിയായിരുന്നു ഞങ്ങൾ കുട്ടികൾക്ക്. രണ്ടും മൂന്നും മാസം കൂടുമ്പോൾ ചാണകക്കുഴി നിറയും. അപ്പോൾ അത് കോരി വയലിന് അക്കരെയുള്ള മോട്ടർ പുരയുടെ പിറകിലെ തൊടിയിൽ കൊണ്ടുപോയി ഉണങ്ങാനിടണം. പതിവുപോലെ രാജേട്ടനും ജോസേട്ടനും വള്ളിക്കൊട്ടയിൽ ചാണകം കോരി കരയ്ക്ക് വയ്ക്കും. മുതിർന്ന ചേച്ചിമാർ രണ്ടുപേർ ചേർന്ന് ഞങ്ങളുടെ തലയിലത് പിടിച്ചുവയ്ക്കും. തുണി വട്ടം ചുരുട്ടി ഉണ്ടാക്കിയ ചുമ്മാടും കടന്നു ഒലിച്ചിറങ്ങുന്ന ചാണകം നിറഞ്ഞ കുട്ടകളുമായി ഞങ്ങൾ തൊടിയിലേക്ക് പോകും. മടങ്ങുന്ന വഴിക്ക് കളിക്കാൻ പോകുന്നവരെയും ഒളിച്ചിരിക്കുന്നവരെയും കയ്യോടെ പിടിക്കാനായി അമ്മിണിച്ചേച്ചിയും മറ്റ് ആയമാരും വഴിയിലും വയലിലും തൊടിയിലുമൊക്കെ ഉണ്ടാകും. വൈകുന്നേരം ഞങ്ങളെ കാത്തിരിക്കുന്ന ഏത്തക്ക ഇട്ടുവെച്ച ഇറച്ചിക്കറിയെക്കുറിച്ചോർക്കുമ്പോൾ, അതിനെക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോൾ കണ്ണനും ഞാനും  നടപ്പിന്റെ വേഗത കൂട്ടും.

കുട്ടികളാണ് ആദ്യം അത്താഴം കഴിക്കുക. ആയമാരും മുതിർന്ന ചേച്ചിമാരും അത് കഴിഞ്ഞാണ് ഭക്ഷണം കഴിക്കുന്നത്. ഞാൻ കിണ്ണത്തിലെ കഞ്ഞി കഴിച്ച് തീർന്നുകഴിഞ്ഞാണ് അമ്മിണിച്ചേച്ചി അലൂമിനിയം തൊട്ടിയിൽ ഇറച്ചിക്കറിയുമായി വന്നത്. ഒന്നോ രണ്ടോ ഇറച്ചിക്കഷണങ്ങൾ. അവയ്ക്കു മീതെ പറ്റിച്ചേർന്നു കിടക്കുന്ന തൊലി പൊളിക്കാത്ത കായക്കഷണങ്ങൾ. തൊട്ടിയുമായി അമ്മിണിച്ചേച്ചി ഹാളിൽ കയറുമ്പോൾത്തന്നെ അവിടെ നിറയുന്ന മസാലയുടെ മണം. ഒറ്റ പ്പിടുത്തത്തിനു ഞാൻ കറി അകത്താക്കി. കിണ്ണം നിറയെ കഞ്ഞിയുമായി ഇറച്ചിക്കറി കാത്തിരുന്ന കണ്ണൻ പിന്നെയും ഏറെ കഴിഞ്ഞാണ് കഴിച്ചു തീർന്നത്. ബാക്കി കുട്ടികളെല്ലാം ഭക്ഷണം കഴിഞ്ഞ്, അടുക്കളയുടെ പിന്നിലെ കിണറ്റുകരയിൽ പോയി പാത്രം കഴുകി കൊണ്ടുവന്ന് ഊണുമുറിയിൽ അവരവരുടെ ഇടങ്ങളിൽ കമിഴ്ത്തി.

'പെട്ടന്ന് കഴിക്കടാ..' ഇറച്ചിക്കറി സമയമെടുത്ത് രുചിച്ച് കഴിച്ചുകൊണ്ടിരുന്ന കണ്ണനോട് ഞാൻ പറഞ്ഞു. അമ്മിണിച്ചേച്ചിയും ആയമാരും ചേട്ടന്മാരും ചേച്ചിമാരുമൊക്കെ കഴിക്കാൻ വരുമ്പോഴും അവൻ കഴിച്ച് തീർന്നില്ലങ്കിൽ അതു കഴിഞ്ഞുള്ള ഉല്ലാസത്തിന് അമ്മച്ചിയുടെ കയ്യിൽനിന്നും അവനു മാത്രമല്ല എനിക്കും അടികിട്ടും എന്നറിയാവുന്നതിനാൽ ഞാൻ ധൃതി പിടിച്ചുകൊണ്ടിരുന്നു. പള്ളിക്കൂടത്തിൽനിന്ന് ചോറ്റുപാത്രത്തിൽ കൊണ്ടുവന്ന ഗോതമ്പ് ഉപ്പുമാവ് പകുത്തെടുക്കുന്ന കാര്യത്തിൽ തലേന്ന് ലാലിയുമായി ഉണ്ടായ തർക്കം ഞങ്ങൾ തമ്മിലുള്ള അടിപിടിയിൽ കലാശിച്ചിരുന്നു. അതിന്റെ പേരിൽ തലേ ദിവസത്തെ അമ്മച്ചിയുടെ ഉല്ലാസയടിയുടെ യോഗം എനിക്കായിരുന്നു. അതുകൊണ്ടുതന്നെ കണ്ണൻ താമസിച്ചു കഴിച്ചു തീരുന്നതിന്റെ പേരിൽ കിട്ടാൻ സാധ്യതയുള്ള അടി എനിക്കുകൂടി കിട്ടുമല്ലോ എന്നോർത്തപ്പോൾ ഞാൻ അവനേയും പിടിച്ചു വലിച്ചുകൊണ്ട് പിന്മുറ്റത്തേക്ക് പോയി. ചരുവത്തിൽ കഞ്ഞിയും വലിയ തൊട്ടിയിൽ ഇറച്ചിക്കറിയുമായി അമ്മിണിച്ചേച്ചിയും ആയമാരും എത്തുന്നതിനു മുൻപേ ഞങ്ങൾ മുറ്റത്തെത്തിയിരുന്നു.

കണ്ണന്റെ കിണ്ണത്തിലെ കറിയും കഞ്ഞിയും തീർന്നിരുന്നില്ല. കിണറ്റുകരയിൽ കിടന്നിരുന്ന ഒരു കരുങ്കല്ലിലിരുന്ന് അവൻ കഴിച്ചു തീർത്തു. 
'എനിക്ക് ഇനിയും ഇറച്ചിക്കറി വേണം...' ഒരു കുസൃതിച്ചിരിയോടെ കണ്ണൻ പറഞ്ഞു. 
'അതിന് കറി ഇല്ലല്ലോ...' ഞാൻ പറഞ്ഞു.
അടുക്കളയിൽനിന്ന് കിണറിന് അരികിലേക്ക് ഇറങ്ങാൻ ഒരു വാതിലുണ്ട്. ആ വാതിലിനും കിണറിനും ഇടയിൽ പിന്മുറ്റത്ത് പല വലിപ്പത്തിലുള്ള കലങ്ങളും ചരുവങ്ങളും പാത്രങ്ങളുമൊക്കെ ചിതറിക്കിടപ്പുണ്ട്. അടുക്കളയിലെ പുകഞ്ഞ ബൾബിലെ മങ്ങിയ വെളിച്ചം തുറന്നു കിടന്ന വാതിലിലൂടെ മടിച്ചുമടിച്ചു പുറത്തേക്ക് വന്നു. അവന്റെ കിണ്ണം എന്നെ ഏൽപ്പിച്ചിട്ട് കണ്ണൻ അടുക്കളയിലേക്ക് കയറി. ഊണുമുറിയിൽ ആയമാരും മുതിർന്നവരും കൂടുതൽ ഇറച്ചി കഷണങ്ങളുള്ള കറി കൂട്ടി അത്താഴം കഴിക്കുന്ന തിരക്കിലാണ്. 

വാതിലിനരുകിൽ വന്നുനിന്ന് ഞാൻ കണ്ണന്റെ സാഹസത്തെ കൊതിയോടെ നോക്കി. പാതകത്തിൽ നിരയായി അച്ചടക്കം പാലിച്ച അടുപ്പുകളിൽ ഒന്നിൽ പുകനിറഞ്ഞു കരിഞ്ഞ ചെമ്പുകലത്തിന് മുകളിലെ മൂടി പൊക്കി കണ്ണൻ തൊട്ടടുത്ത അടുപ്പിന് മുകളിൽ വെച്ചു. അവൻ തല താഴ്ത്തി ചെമ്പുകലത്തിലേക്കു നോക്കുമ്പോൾ കണ്ണന്റെ മുഖം സന്തോഷത്തിൽ തെളിയുന്നത് ഞാൻ കണ്ടു. ചെമ്പുകലത്തിന്റെ അടപ്പിന് മുകളിൽ ഉണ്ടായിരുന്ന തവി എടുക്കുക പോലും ചെയ്യാതെ അവൻ രണ്ടു കയ്യും ചെമ്പുകലത്തിലേക്കിട്ടു. കൈ നിറയെ കിട്ടിയ ഇറച്ചികഷണങ്ങൾ വായിലേക്ക് അവൻ അടുപ്പിച്ചതും അവനറിയാതെ കൈ തട്ടി അടപ്പിന് മുകളിലിരുന്ന തവി ഒച്ചവച്ചുകൊണ്ട് നിലത്തേക്കു വീണു. കണ്ണൻ ഓടി പുറത്തിറങ്ങും മുൻപേ അമ്മിണിച്ചേച്ചിയും ആയമാരും അടുക്കളയിലെത്തി അവനെ പിടികൂടി. 

ഇറച്ചിക്കഷണങ്ങൾ കഴിക്കാൻ കൊതിയോടെ നിന്ന എന്നെ പിറകിൽ നിന്നു പിടിച്ചുവലിച്ചു കൊണ്ടുപോയത് അലോഷിയാണ്. അലോഷി എന്റെ നാട്ടുകാരൻ തന്നെയാണ്. ഞങ്ങൾ വരുന്നതിനു മുൻപേ അലോഷിയും അവന്റെ ചേച്ചിയും അനാഥലയത്തിൽ എത്തിയതാണ്. എന്നേക്കാൾ രണ്ടുമൂന്നു വയസ് കൂടുതലുള്ള അലോഷിയെ ആ ദിവസം വരെ എനിക്കിഷ്ടമായിരുന്നില്ല. എപ്പോഴും ആകാശം നോക്കി സ്വപ്നം കണ്ടു നടന്നിരുന്ന എന്നെ 'മാനം നോക്കി' എന്ന് വിളിച്ചു കളിയാക്കുന്ന പതിവ് അലോഷിക്കുണ്ടായിരുന്നു. മറ്റുള്ളവർക്ക് മുന്നിൽ വച്ച് 'മിഴികണ്ണൻ' എന്ന് വിളിച്ചു കളിയാക്കാനും അലോഷി മുടക്കം വരുത്തിയില്ല. എന്റെ മേൽപ്പല്ലുകൾ മുകളിലേക്ക് ഉയർന്ന് എന്റെ ചുണ്ടുകളെ തമ്മിൽ കൂട്ടിമുട്ടാൻ അനുവദിക്കാതിരുന്നതുകൊണ്ടാകണം അലോഷി അവന്റെ കൂട്ടുകാരോട് ചേർന്ന് എന്നെ 'പൊന്തൻ പല്ലൻ' എന്ന് വിളിച്ചും കളിയാക്കി. പക്ഷേ, അന്ന് അവനെന്നെ അമ്മച്ചിയുടെ അടിയിനിന്ന് രക്ഷിച്ചതിന്റെ നന്ദി അനാഥശാലയിൽ ജീവിച്ച കാലമത്രയും ഞാൻ അലോഷിയോട് കാണിച്ചു. 

ഓണാവധി തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞാണ് അമ്മ ഞങ്ങളെ കാണാൻ വന്നത്. അമ്മയുടെ വരവും കാത്ത് ദിവസങ്ങൾ എണ്ണി നീക്കിയ ലാലിക്കും ബിന്ദുവിനും എനിക്കും അമ്മ ഓണക്കോടികളുമായാണ് വന്നത്. കമ്പിളിക്കണ്ടത്തെ ഷാജി ക്ലോത്തിൽ തുണിയെടുത്ത് തയ്പ്പിച്ചുകൊണ്ടുവന്ന ആ ഓണക്കോടികളുടെ പുതുമണം ഞങ്ങൾക്ക് കൊണ്ടുവന്ന സന്തോഷം എത്രമാത്രമായിരുന്നു...! ആ രാത്രി അമ്മയോട് ചേർന്ന് ഹാളിൽ കിടക്കുമ്പോൾ വിശന്നാലും അമ്മയോടൊപ്പം ജീവിച്ചാൽമതി എന്ന പൂതി മാത്രമായിരുന്നു ഉള്ളിൽ.

'ഇവിടെ ഞങ്ങക്ക് മടുത്തു അമ്മേ.... ഞങ്ങളെ എപ്പളാ അമ്മ വീട്ടിലേക്ക് തിരിച്ചു കൊണ്ടുപോകുന്നത്...?'
ഇരുട്ടിൽ ചോദിച്ച ആ ചോദ്യത്തിന് അമ്മ മറുപടിയൊന്നും പറഞ്ഞില്ല.
ലാലിയുടെയും ബിന്ദുവിന്റെയും തലയിൽ പേൻ നിറഞ്ഞിരുന്നു. പിറ്റേന്ന് അവരുടെ രണ്ടു പേരുടെയും തലയിലെ പേൻ മുഴുവൻ ചീവി കൊന്നശേഷം അമ്മ കൊണ്ടുവന്ന ലൈഫ്‌ബോയ് സോപ്പിട്ടു അവരെ കുളിപ്പിച്ച് തോർത്തി ഓണക്കോടി അണിയിച്ചു. ആട്ടിൻ കൂടിനടുത്തു മുറ്റത്തെ പുല്ലിൽ ഇരുന്ന് എന്റെ തലമുടിക്കിടയിലൂടെ അമ്മ കണ്ണും കയ്യുമോടിച്ചു. 

'പെമ്പിള്ളേരുടെ തലയിലേക്കാൾ പേൻ നിന്റെ തലയിലാണല്ലോ.' പേൻ ചീപ്പുകൊണ്ടു എന്റെ തലയിലെ പേനെല്ലാം അമ്മയന്ന് ചീവിക്കൊന്നു. എന്റെ പുരികത്തിലും കൺപീലികൾക്കിടയിലുമെല്ലാം പേൻ നിറഞ്ഞിരുന്നു. കുളി കഴിഞ്ഞ് അമ്മ ഞങ്ങളെ കാളത്തോട്ടിലെ ഒരു ചായക്കടയിൽ കൊണ്ടുപോയി വയറ് നിറയെ പലഹാരങ്ങൾ വാങ്ങിത്തന്നു. കാളത്തോട്ടിലെ മസ്ജിദിന് എതിർവശത്തുള്ള ആ കടയിൽനിന്ന്, അലോഷിക്കും സാലുവിനും കണ്ണനും മുറിച്ചു വീതംവെച്ചുകൊടുക്കാനായി ഒരുള്ളിവട ഞാൻ എന്റെ ട്രൗസറിന്റെ പോക്കറ്റിൽ ഇട്ടു. ഞങ്ങളെ അനാഥശാലയിൽ എത്തിച്ച്, ക്രിസ്മസ് അവധിക്കു വരാമെന്നു പറഞ്ഞു അമ്മ പോകുമ്പോൾ അമ്മയെ നോക്കിനിൽക്കാൻ പോലും ഞാൻ ഇഷ്ടപ്പെട്ടില്ല. ഞങ്ങളെ എന്തിന്റെ പേരിലായാലും അനാഥാലയത്തിലാക്കിയ അമ്മയോട് അന്നെനിക്ക് ദേക്ഷ്യം തോന്നി. മസ്ജിദും കടന്ന് അമ്മ പോകുന്നതും നോക്കി കരഞ്ഞുകൊണ്ട് ലാലിയും ബിന്ദുവും അനാഥാലയത്തിനു മുന്നിലെ മൺവഴിയിൽ ഏറെനേരം നിന്നു. ആൺകുട്ടികളുടെ കെട്ടിടം കടന്ന് അനാഥാലയത്തിന്റെ തൊടിയുടെ അതിർത്തി ചേർന്ന് കിടന്ന മസ്ജിദിന്റെ ശ്മശാനത്തിൽ ആരുടെയോ കബറടക്കം കഴിഞ്ഞ് ആളുകൾ മടങ്ങി. വീട്ടിൽ തിരികെപ്പോകാനുള്ള പ്രതീക്ഷകളുടെ കബറടക്കി ഞാൻ വയൽ വരമ്പിൽ തനിയെ ഇരുന്ന് വൈകുന്നേരമാക്കി.

ആ ഓണാവധിക്കാണ് വിക്രമൻ അനാഥശാലയിൽ വന്നത്. പീച്ചിയിലുള്ള അവന്റെ ബന്ധുക്കളാണ് അവനെ കാറിൽ കൊണ്ടുവന്നാക്കിയത്. പീച്ചി എന്നൊക്കെ ഞാനന്ന് കേട്ടിട്ടേയുള്ളു. അവനന്ന് പന്ത്രണ്ട് വയസാണ്. എന്നേക്കാൾ മൂന്നു വയസ് കൂടുതലുണ്ട്. പള്ളിക്കൂടം വിട്ടു വരുമ്പോൾ മണ്ണൂത്തിക്ക് പോകുന്ന വഴിയിലൂടെ പീച്ചിക്കുള്ള ബസുകൾ പോകുന്നത് കണ്ടിട്ടുണ്ട്. വട്ടമുഖവും  ഉണ്ടക്കണ്ണുകളുമുള്ള വിക്രമൻ അധികം സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല. അവന്റെ മുഖം തെള്ളിത്തോട്ടിലെ ഞങ്ങളുടെ ഇടവകപ്പള്ളിയിലെ സക്രാരിക്ക് ഇരുവശവുമുള്ള മാലാഖമാരുടേത് പോലെയായിരുന്നു.  ഒന്ന് ചിരിക്കുകപോലും ചെയ്യാത്ത വിക്രമൻ പാടത്തും പറമ്പിലും കെട്ടിടത്തിന്റെ നടകളിലുമൊക്കെ ഒറ്റയ്ക്ക് പോയിരിക്കും. ആ ഇരുപ്പിൽ അവന്റെ കണ്ണ് നിറഞ്ഞൊഴുകും. അവന്റെ നിക്കറും ഉടുപ്പുകളും അവൻ കൊണ്ടുവന്ന സ്‌കൂൾ ബാഗും അവന്റെ തുണി നിറച്ച പെട്ടിയുമൊക്കെ അവൻ സമ്പന്ന കുടുംബത്തിൽ നിന്നുള്ളതാണെന്ന് വിളിച്ചു പറഞ്ഞു. അവന്റെ ബാഗിൽ കുട്ടിക്കൂറ പൗഡറും ചെമന്ന വട്ടച്ചീപ്പുമൊക്കെ ഉണ്ടായിരുന്നു. വിക്രമന് മൂന്നു ജോഡി ചെരുപ്പുകൾ ഉണ്ടായിരുന്നു. 

വിക്രമന്റെ അപ്പനും അമ്മയും ചേട്ടനും ഒരു കാറപകടത്തിൽ മരിച്ചുപോയതാണ്. തലേവർഷത്തെ വേനലവധിക്ക് കുടുംബമായി എവിടെയോ യാത്രപോയി മടങ്ങുമ്പോൾ ലോറി ഇടിച്ചതാണെത്രെ. വിക്രമൻ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. അപ്പനും അമ്മയും ചേട്ടനും മരിച്ചതിനു ശേഷം അവൻ പീച്ചിയിലെ ഒരു ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. പിന്നെയെന്തിനാണ് അവർ അവനെ അനാഥശാലയിൽ കൊണ്ടുവന്നാക്കിയതെന്ന്‌ അവനും മനസ്സിലായിരുന്നില്ല. ഓണാവധി കഴിഞ്ഞ് അവനും ഞങ്ങളുടെ പള്ളിക്കൂടത്തിലായി പഠനം. 

1983-ലെ ഡിസംബർ മാസത്തിന്റെ തുടക്കത്തിലാണ്. ക്രിസ്മസ് പരീക്ഷക്ക് ഒരുങ്ങുന്ന സമയം. അന്ന് വൈകീട്ട് പള്ളിക്കൂടം കഴിഞ്ഞ് വന്നുള്ള പതിവുജോലിക്കു കന്നുകാലിത്തൊഴുത്തിലേക്കു രാജേട്ടനുമായി പോകുമ്പോൾ അമ്മിണിച്ചേച്ചി പിറകെ വന്നു. 
'ഇന്നു മുതൽ വിക്രമനും നിങ്ങളുടെ കൂടെയാ പണി.'

അവന് അത്തരം പണികളൊന്നും ചെയ്തു ശീലമില്ലെന്ന് എനിക്കറിയാമായിരുന്നു. പരിഭവങ്ങൾ ഒന്നും പറയാതെ അവൻ ചാണകം വാരി തൊഴുത്തു വൃത്തിയാക്കി. അന്ന് വൈകീട്ട് ഉല്ലാസം കഴിഞ്ഞ് രാജേട്ടനോടൊപ്പം ആൺകുട്ടികൾ ഞങ്ങളുടെ കെട്ടിടത്തിലേക്ക് പോകുമ്പോൾ ഏറ്റവും പിന്നിലാണ് ജോസേട്ടൻ നടന്നത്. അയാളുടെ ഒരു കൈ വിക്രമന്റെ തോളത്തുണ്ടായിരുന്നു. ഞങ്ങളുടെ കെട്ടിടത്തിന്റെ മുന്നിൽ എത്തിയപ്പോൾ രാജേട്ടൻ എല്ലാവരോടും മൂത്രമൊഴിക്കാൻ പറഞ്ഞു. പിറകിലെ വയലിനരുകിൽ നിരനിരയായി നിന്ന് ഞങ്ങൾ എല്ലാവരും മൂത്രമൊഴിച്ചിട്ട്  കിടക്കുന്ന ഹാളിലേക്ക് കയറി.

മൂലയിൽ മടക്കി വച്ചിരുന്ന പായകൾ ഒരറ്റം മുതൽ മറ്റേ അറ്റം വരെ വിരിച്ച് ഞങ്ങൾ ഓരോരുത്തരും ഞങ്ങളുടെ സ്ഥിരമിടങ്ങളിൽ കിടന്നു. പതിവുപോലെ എന്റെ തൊട്ടടുത്തായി വിക്രമൻ അവന്റെ പുതപ്പു പുതച്ചു കിടന്നു. ജോസേട്ടൻ ഒരിക്കലും ഞങ്ങളോടൊപ്പമല്ല കിടക്കുക. അയാൾ ജനാലക്കരികിൽ പായ വിരിച്ച് പുതപ്പിനുള്ളിൽ ചുരുണ്ടു. രാജേട്ടൻ ലൈറ്റണച്ചു.

''ശൂ ശൂ'' എന്ന് രാജേട്ടൻ ഒച്ചവച്ചാൽ പിന്നെ നേരം വെളുക്കുന്നതുവരെ ആരും സംസാരിക്കാൻ പാടില്ലെന്ന അലിഖിത നിയമം അപ്പോഴും നിലവിലുണ്ട്. ഞങ്ങളുടെ കിടപ്പുമുറി പൂർണ്ണനിശബ്ദതയിലായി. കമ്പിളിക്കണ്ടവും അമ്മയും ജെസ്സിയും വീടുമൊക്കെ എന്നെത്തേടി എല്ലാ രാത്രിയിലും വരും. അപ്പോൾ ഞാൻ കണ്ണടച്ചങ്ങ് കിടക്കും. എപ്പോഴെങ്കിലും ആ ഓർമകളുമായി ഞാൻ ഉറങ്ങിപോകും.

തുറന്നു കിടന്ന ജനലിലൂടെ മസ്ജിദിന്റെ ശ്മശാനത്തിൽനിന്ന് ആത്മാക്കളെ വഹിച്ചിട്ടെന്നപോലെ തണുത്ത കാറ്റ് വീശി. നിലാവെളിച്ചം ജോസേട്ടന്റെ പായയും കടന്ന് ഞങ്ങളുടെ അടുക്കലും എത്തിനോക്കി. 
''മിണ്ടിപ്പോകരുത്. ഒച്ചവച്ചാൽ നിന്നെ കൊന്നുകളയും ഞാൻ..'' 
തൊട്ടടുത്തു നിന്ന് ജോസേട്ടന്റെ സ്വരം കേട്ടു ഞാൻ കണ്ണു തുറന്നു. ഒരു കൈകൊണ്ട് വിക്രമന്റെ വായ മൂടിപ്പിടിച്ച ജോസേട്ടൻ എത്ര നേരം അവന്റെ ദേഹത്തുണ്ടായിരുന്നു എന്നോർമ്മയില്ല. വിക്രമന്റെ വിതുമ്പലുകൾ ഉറക്കം നടിച്ചുകിടന്ന എനിക്ക് കേൾക്കാമായിരുന്നു. കുറേ കഴിഞ്ഞ് ജോസേട്ടൻ അടിവസ്ത്രവും കയറ്റിയിട്ട് മുണ്ടും വാരിക്കുത്തി ജനലിനടുത്തുള്ള അയാളുടെ പായയിലേക്ക് പോകുമ്പോഴും വിക്രമന്റെ തേങ്ങൽ എനിക്ക് കേൾക്കാമായിരുന്നു. നിസ്സഹായനായ അവനെ സഹായിക്കാനോ ഒച്ചവയ്ക്കാനോ മടിച്ച എന്നിലെ ഭീരുവിനോട് എനിക്ക് ഇന്നും അവജ്ഞയാണ്. പിന്നീടങ്ങോട്ട് വിക്രമന്റെ മൗനത്തിന് മരണത്തിന്റെ ഗന്ധമുണ്ടായിരുന്നു.