'കെ.ജി.എഫ്' ഒന്നും രണ്ടും ഭാഗങ്ങളിലൂടെ 'റോക്കി ഭായ്' എന്ന പേരിൽ പാൻ- ഇന്ത്യൻ തലത്തിൽ തരംഗമായി മാറിയ നടനാണ് കന്നഡ സൂപ്പർതാരം യഷ്. ഗീതു മോഹൻദാസിന്റെ 'ടോക്‌സിക്: എ ഫെയറിടേൽ ഫോർ ഗ്രോൺ-അപ്‌സ്', 'രാമായണ' എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ തന്റെ കരിയറിലെ ഏറ്റവും വലിയ ഘട്ടത്തിലേക്ക് കടക്കുകയാണ് താരം. ഏറെ പ്രചോദനാത്മകമാണ് യഷിന്റെ സിനിമായാത്ര.

To advertise here,

സിനിമാമോഹങ്ങളുമായി കൈയിൽ വെറും 300 രൂപ മാത്രം കരുതി പതിനാറാം വയസ്സിലാണ് നവീൻ കുമാർ എന്ന യഷ് വീടുവിട്ടിറങ്ങുന്നത്. തുടക്കകാലത്ത് പ്രതിദിനം 50 രൂപ മാത്രം വരുമാനത്തിൽ ചായ വിറ്റും മറ്റ് ചെറുകിട ജോലികൾ ചെയ്തുമാണ് താരം ഉപജീവനം കണ്ടെത്തിയിരുന്നത്. തുടർന്ന് നാടകസംഘങ്ങളിൽ പ്രവർത്തിച്ച യഷ്, അവിടെനിന്നാണ് അഭിനയത്തിലേക്ക് കടക്കുന്നത്.

2004-ൽ 'ഉത്തരായന' എന്ന ടെലിവിഷൻ പരമ്പരയിലൂടെ മിനിസ്ക്രീനിലെത്തിയ യഷ്, പിന്നീട് 'നന്ദ ഗോകുല', 'മേലെ ബില്ലു', 'പ്രീതി ഇല്ലാദ മേലെ' തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയനായി. 2007-ൽ 'ജംബാഡ ഹുഡുഗി' എന്ന ചിത്രത്തിൽ സഹനടനായാണ് വെള്ളിത്തിരയിൽ അരങ്ങേറിയത്. 2008-ൽ പുറത്തിറങ്ങിയ 'റോക്കി' എന്ന ചിത്രത്തിലൂടെ നായകനിരയിലേക്ക് ഉയരുകയും 2010-ൽ പുറത്തിറങ്ങിയ 'മൊദലശാല' എന്ന റൊമാന്റിക് കോമഡി ചിത്രത്തിലൂടെ ജനപ്രീതി നേടുകയും ചെയ്തു. ഇതിനിടെ സിനിമയിൽ സംവിധാന സഹായിയായും പ്രവർത്തിച്ചു.

2018-ൽ പുറത്തിറങ്ങിയ 'കെ.ജി.എഫ്: ചാപ്റ്റർ വൺ' യഷിന്റെ കരിയറിൽ വൻ വഴിത്തിരിവായി. ആഗോളതലത്തിൽ 250 കോടിയിലധികം രൂപ കളക്ഷൻ നേടുന്ന ആദ്യ കന്നഡ ചിത്രമായി 'കെ.ജി.എഫ്' മാറി. അതിലെ 'റോക്കി ഭായ്' എന്ന സ്റ്റൈലിഷ് ഗ്യാങ്സ്റ്റർ കഥാപാത്രം ഇന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേമികൾക്കിടയിൽ യഷിനെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തി. 1,200 കോടിയിലേറെയാണ് ചിത്രത്തിന്റെ രണ്ടാംഭാഗം ആഗോളതലത്തിൽ ബോക്‌സ് ഓഫീസിൽ സ്വന്തമാക്കിയത്.

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ 'രാമായണ'ത്തിൽ രാവണന്റെ വേഷത്തിലാണ് യഷ് എത്തുന്നത്. രൺബീർ കപൂർ രാമനായും സായി പല്ലവി സീതയായും അഭിനയിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ് യഷ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്‌സിക്' എന്ന ആക്ഷൻ ത്രില്ലറിൽ രായ എന്ന കഥാപാത്രമായാണ് യഷ് എത്തുന്നത്.

ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഡ്രൈവറായിരുന്ന അരുൺ കുമാറിന്റെയും വീട്ടമ്മയായ പുഷ്പയുടെയും മകനാണ് യഷ്. നടി കൂടിയായ രാധിക പണ്ഡിറ്റ് ആണ് യഷിന്റെ ഭാര്യ. നീണ്ട പ്രണയത്തിനൊടുവിൽ 2016-ൽ ഇരുവരും വിവാഹിതരായി. രണ്ടു മക്കളുണ്ട്.

വിവിധ റിപ്പോർട്ടുകൾ പ്രകാരം 60 കോടിയോളമാണ് ഇന്ന് യഷിന്റെ ആസ്തി. നോർത്ത് ബെംഗളൂരുവിലെ പ്രസ്റ്റീജ് ഗോൾഫ്‌ഷെയറിൽ ഏഴുകോടിയോളം വിലവരുന്ന റീഗൽ ഡുപ്ലെക്‌സ് വസതി യഷിന് സ്വന്തമായുണ്ട്. ഇതിന് പുറമെ ബെംഗളൂരുവിലും പുറത്തുമായി ഒട്ടേറെ വസ്തുക്കളും ആഡംബര കാറുകളുടെ ശേഖരവും താരത്തിനുണ്ട്.