ഓണാവധിക്കുശേഷം പള്ളിക്കൂടം തുറക്കുന്നതിന്റെ തലേന്ന് വെളുപ്പിനെ പി.എം.എസ്സിനാണ് അമ്മ ഞങ്ങള്‍ ഇളയ മൂന്നു മക്കളെയുമായി ഇടുക്കിയിലെ കമ്പിളികണ്ടത്തുനിന്ന് തൃശ്ശൂരിലുള്ള അനാഥശാലയിലേക്ക് പോയത്. ആ ജൂണ്‍ മാസം മുതല്‍ ഞങ്ങളുടെ നാട്ടില്‍നിന്നുള്ള, ഒരേ ഇടവകയില്‍പ്പെട്ട മറ്റൊരു വീട്ടിലെ രണ്ടു കുട്ടികളെ തൃശ്ശൂരിലെ ആ സ്ഥാപനത്തില്‍ ലൈസി ചേച്ചിയുടെ ശുപാര്‍ശയില്‍ ആക്കിയിട്ടുണ്ട് എന്നതാണ് അമ്മയ്ക്ക് ആശ്വാസമായത്. ജെസ്സിയെ കൂടെ നിര്‍ത്തി, ലാലിയെയും ബിന്ദുവിനെയും എന്നെയും രണ്ടു വര്‍ഷത്തേക്ക് തൃശ്ശുരുള്ള അനാഥശാലയിലാക്കാന്‍ അമ്മ തീരുമാനിച്ചത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബാങ്കിലെ വായ്പ പൂര്‍ണമായും അടച്ചുതീര്‍ക്കേണ്ടതുകൊണ്ടാണ്. രണ്ടു വര്‍ഷമായി പലിശ അടച്ച് പുതുക്കിയിരുന്ന ആ വായ്പയുടെ കാര്യത്തില്‍ അത്തരമൊരു തീരുമാനം എടുക്കാന്‍ ബാങ്ക് സെക്രട്ടറി നിര്‍ബന്ധിതനായത് കുടുംബക്കാരില്‍നിന്നുള്ള സമ്മര്‍ദം കൊണ്ടാണെന്നു സെക്രട്ടറി പില്‍ക്കാലത്തു അമ്മയോട് പറയുകയുണ്ടായി.

To advertise here,

അമ്മ ഞങ്ങളെ തൃശ്ശൂരിലെ അനാഥശാലയില്‍ കൊണ്ടുപോയതിന്റെ തലേന്ന്, ഞങ്ങളെല്ലാവരും ഞങ്ങളുടെ ചാണകം മെഴുകിയ തിണ്ണയിലിരുന്നു വയറുനിറയെ ഭക്ഷണം കഴിച്ചു. അന്ന് രാവിലെ കുമാരന്‍ചേട്ടന്റെ കശാപ്പ്കടയില്‍നിന്ന് ഒരുകിലോ ഇറച്ചിയും വാങ്ങിയിരുന്നതിനാല്‍ ഞങ്ങളുടെ അന്നത്തെ അത്താഴം കേമമായിരുന്നു. ക്രിസ്മസ്സിനും ഈസ്റ്ററിനും മാത്രം ഇറച്ചി വാങ്ങിയിരുന്ന ഞങ്ങള്‍ക്ക് അങ്ങനൊരു സദ്യ ഇടവകപ്പള്ളിയിലെ പെരുന്നാളിന് എന്നപോലായിരുന്നു. അത്താഴം കഴിഞ്ഞ് രാത്രി ഏറെയാകുംവരെ അമ്മ ഞങ്ങളോടു വര്‍ത്തമാനം പറഞ്ഞിരുന്നു.
''സഹകരണ ബാങ്കിലെ ലോണ്‍ അടച്ചില്ലേല്‍ അവര്‍ നമ്മുടെ വീട് ജപ്തി ചെയ്യും. രണ്ടു വര്‍ഷം മക്കള്‍ അവിടെ നിന്നാല്‍ മതി. അപ്പോഴേക്കും നമ്മുടെ കടമൊക്കെ തീരും. അമ്മ മക്കളെ തിരിച്ചുകൊണ്ടുവന്നു പാറത്തോട്ടിലെ പള്ളിക്കൂടത്തില്‍ ചേര്‍ക്കും.''
മടിയില്‍ ബിന്ദുവിനെയും വച്ച് അമ്മ പറയുമ്പോള്‍ ഇരുട്ടില്‍, ദൂരെ ശൂന്യതയിലേക്ക് കണ്ണുംനട്ട് ഞാനിരുന്നു. ലാലി അമ്മയുടെ ദേഹത്തേക്ക് ചാരി ഏങ്ങലടിച്ചുകൊണ്ടിരുന്നു. കട്ടിളപ്പടിയില്‍ ജെസ്സി അമ്മയുടെ രണ്ടാമത്തെ അനുജത്തിയെ ചാരിയിരുന്നു.
''അമ്മയില്ലാതെ, ഞങ്ങള്‍ക്ക് അവിടെ ആരാ ഉള്ളത്? ഞങ്ങള്‍ക്ക് പേടിയാവൂല്ലേ..?''
ഇരുട്ടിലേക്ക് തന്നെ നോക്കികൊണ്ട് ഞാന്‍ ചോദിച്ചു.
''അതൊന്നുമോര്‍ത്ത് എന്റെ മക്കള്‍ വിഷമിക്കേണ്ട. അവിടെ നിങ്ങളെ നോക്കാന്‍ കൊറേ ചേച്ചിമാരൊക്കെ ഉണ്ട്. നമ്മുടെ വീട്ടിലെപ്പോലെ അല്ല. മൂന്നു നേരം നിങ്ങള്‍ക്ക് ഭക്ഷണം വയറു നിറച്ചു കിട്ടും. പിന്നെ നമ്മുടെ പള്ളിയില്‍വരുന്ന അച്ചുക്കുട്ടി ചേടത്തിയുടെ പിള്ളേര്, ലിസ്സിയും അലോഷിയും മൂന്നുമാസമായി അവിടെയാ പഠിക്കുന്നെ. അവിടെ നല്ലതാന്നാ ചേടത്തി പറഞ്ഞത്. ഇടയ്ക്കിടെ മൊഠായി ഒക്കെ കിട്ടും. മിക്കവാറും സായിപ്പന്മാരൊക്കെ വരൂന്നും അവര്‍ അവിടുന്ന് മിഠായിയൊക്കെ കൊണ്ടുവരുമത്രേ.''
അത് പറയുമ്പോള്‍ അമ്മയുടെ സ്വരം ഇടറിയിരുന്നു.
''ചേച്ചി ഇങ്ങനെ ഇരുന്നാലെങ്ങനാ... വെളുപ്പിന് പോകേണ്ടതല്ലേ...' പിറ്റേന്ന് ജെസ്സിക്ക് കൂട്ടിരിക്കാന്‍ വന്ന അമ്മയുടെ അനുജത്തി, കൊച്ചാന്റി പറഞ്ഞു.
''കിടക്കാം...' അമ്മ ദീര്‍ഘനിശ്വാസം വിട്ടു.
''നിങ്ങള്‍ മൂന്നുപേരും മാത്രമാ നാളെ തൃശ്ശൂര്‍ക്ക് പോകുന്നത്. ജെസ്സി അമ്മയുടെ കൂടെ നില്‍ക്കട്ടെ... അമ്മയ്ക്കും ആരെങ്കിലും കൂട്ടു വേണ്ടേ...' അമ്മ പറഞ്ഞുകൊണ്ടേയിരുന്നു.
''അതെന്നാമ്മേ ഞങ്ങളെ മാത്രം വിടുന്നത്...?'' ജെസ്സി അമ്മയുടെ കൂടെ നില്‍ക്കുന്നതോര്‍ത്തപ്പോള്‍ ഉണ്ടായ അസൂയയാണോ അതോ അമ്മയില്‍നിന്ന് പിരിയാനുള്ള വിഷമമായിരുന്നോ എന്നെ അലട്ടിയത്? കൃത്യമായി ഉത്തരമില്ലാത്ത ഒത്തിരി ചോദ്യങ്ങള്‍ ഇന്നും എന്നെ അലട്ടുന്നുണ്ട്. അല്ലെങ്കില്‍ തന്നെ വേദനകളുടെ ആ നാളുകള്‍ നീക്കിവെച്ചുപോയ പല ചോദ്യങ്ങളും ഉത്തരങ്ങള്‍ ഇല്ലാതെ എന്റെ മനസ്സിന്റെ മണ്‍വഴികളില്‍ ഇപ്പോഴും ചിതറിക്കിടപ്പുണ്ട്.
''അമ്മയിവിടെ തന്നെ താമസിച്ചാല്‍ നാട്ടുകാരും വീട്ടുകാരുമൊക്കെ പലതും പറയും...'
ബിന്ദുവിനെ തോളിലിട്ട് അകത്തേക്ക് നടക്കുമ്പോള്‍ അമ്മ പറഞ്ഞു. അന്ന് ജെസ്സി അമ്മയുടെ കൂടെയല്ല കിടന്നത്. ഒരു കാലൊടിഞ്ഞ, ആ ഭാഗത്ത് മണ്‍കട്ട അടുക്കി ലെവല്‍ ആക്കിയ, കയറു പാകിയ ചെറിയ കട്ടിലില്‍ ജെസ്സിയും കൊച്ചാന്റിയും കിടന്നു. അമ്മയുടെ കട്ടിലില്‍, അമ്മയുടെ ഇരുവശവും ബിന്ദുവും ഞാനും. ബിന്ദുവിനോട് ചേര്‍ന്ന് അമ്മയെ കൈ നീട്ടി എത്തിച്ചു കെട്ടിപ്പിടിച്ചു ലാലിയും കിടന്നു. അഞ്ച് ഇരുപതിന്റെ പി.എം.എസ്. പിടിക്കാന്‍ കമ്പിളികണ്ടത്തേക്ക് പോകുംവരെ അമ്മ ഉറങ്ങിയിരുന്നുവെന്നു തോന്നുന്നില്ല. ഞാന്‍ ഉറങ്ങുന്നതുവരെയും ഇടയ്ക്കിടെ അമ്മയുടെ ഏങ്ങലടി കേള്‍ക്കാമായിരുന്നു.

കോതമംഗലത്തുനിന്ന് മാനന്തവാടിക്കുള്ള ഫാസ്റ്റ് പാസ്സഞ്ചറില്‍ കയറി തൃശ്ശൂരില്‍ ഇറങ്ങി, അവിടെ നിന്നു മണ്ണൂത്തിക്കുള്ള സ്വകാര്യ ബസ്സില്‍ കയറിയാണ് ഞങ്ങള്‍ കാളത്തോട്ടില്‍ എത്തിയത്. മലയോരം വിട്ട് ഒരിക്കലും യാത്ര ചെയ്യാത്ത അമ്മയ്ക്ക് ലൈസി ചേച്ചി എഴുതിക്കൊടുത്ത കുറിപ്പായിരുന്നു വഴികാട്ടി. കാളത്തോട്ടില്‍ ബസ്സിറങ്ങി വഴി മുറിച്ചുകടന്നു, മസ്ജിദിനും ഒരു ചെറിയ ആശുപത്രിക്കും ഇടയിലൂടെ പോകുന്ന വണ്ടിയോടുന്ന മണ്‍വഴിയോട് ചേര്‍ന്ന് ഒരു ബോര്‍ഡ് അപ്പോള്‍ വന്ന കാറ്റില്‍ ഒച്ചവെച്ചാടി. ആ കറുത്ത ബോര്‍ഡില്‍ അനാഥാലയത്തിന്റെ പേര്, മലയാളത്തിലും ഇംഗ്ലീഷിലും വെളുത്ത അക്ഷരങ്ങളില്‍ എഴുതിയിട്ടുണ്ട്. അവിടവിടെ പാടുവീണ, അരികില്‍ തുരുമ്പുപിടിച്ച ആ ബോര്‍ഡ് ഞങ്ങളുടെ അനാഥത്വത്തെ പ്രതിനിധീകരിച്ചോ? മസ്ജിദിന്റെ തൊടിയുടെ വെട്ടുകല്ലുകൊണ്ട് കെട്ടിയ മതില്‍, ശ്മശാനം കഴിയുംവരെ വഴിയുടെ വലതുവശം ചേര്‍ന്നു നിന്നു. അതിനപ്പുറം വലിയ തടികള്‍ കൂട്ടിയിട്ടിരുന്ന തടിമില്ലും കടന്നു നടന്നെത്തുമ്പോള്‍ ഇടതുവശത്തെ ഒറ്റനില കെട്ടിടമാണ് അനാഥശാല. മുറ്റത്തു പല പ്രായത്തിലുള്ള കുട്ടികള്‍ ഓടി നടന്നു. മുറ്റത്തിനപ്പുറം തൊടിയില്‍ ആടുകളും പശുക്കളും കുട്ടികളും ഇടകലര്‍ന്നു നടക്കുന്നു. കെട്ടിടത്തിന്റെ മുന്‍വശത്തെ തുറന്ന വരാന്തയുടെ ഇടതുവശത്തെ വാതിലിനു മുകളില്‍ അനാഥാലയത്തിന്റെ ഉടമയായ സ്ത്രീയുടെ പേരെഴുതിയ ബോര്‍ഡ് ഗൗരവം കൈവിടാതെ നിന്നു. കറുത്തു മെലിഞ്ഞ്, കവിളൊട്ടിയ അമ്മിണിച്ചേച്ചി വന്നു അമ്മയുടെ കയ്യില്‍നിന്ന് കുറേ പേപ്പറുകളില്‍ ഒപ്പിട്ടു വാങ്ങി അനാഥശാലയുടെ ഉടമയുടെ മുറിയിലേക്ക് പോയി.

അന്ന് രാത്രി വരാന്തയോട് ചേര്‍ന്നുള്ള ഹാളില്‍ നിലത്തു പായ വിരിച്ചു അമ്മയും ഞങ്ങളും കിടന്നു. അനാഥരല്ല എന്ന തോന്നല്‍ ഉണ്ടാക്കുന്ന ഇത്തരം രാത്രികള്‍ തുടര്‍ന്നുള്ള കുറേ കാലത്തേക്ക് ഞങ്ങളെത്തേടി എത്തിയില്ല. ഹാളിന്റെ ഇരുവശവുമുള്ള മുറികളില്‍ പല പ്രായത്തിലുള്ള പെണ്‍കുട്ടികളായിരുന്നു. ഹാളില്‍ നിരത്തിക്കെട്ടിയിരുന്ന തൊട്ടിലുകളില്‍ കൊച്ചുകുഞ്ഞുങ്ങള്‍ രാത്രിയില്‍ ഉണര്‍ന്നു കരഞ്ഞു. കുട്ടികളുടെ വിസര്‍ജ്യത്തിന്റെയും ഭക്ഷണത്തിന്റെയും എല്ലാം കൂടിയ ഒരു ദുര്‍ഗന്ധം അനാഥശാല മുഴുവന്‍ നിറഞ്ഞുനിന്നു.

പിറ്റേന്ന് രാവിലെ തടിമില്ലും കടന്നു,  മണ്‍വഴിയിലൂടെ അമ്മ പോകുമ്പോള്‍ ആ പിറകെ ഓടി ഒപ്പമെത്താന്‍ ഞാന്‍ ആഗ്രഹിച്ചെങ്കിലും ലാലി എന്നെ തടഞ്ഞു. അകലെയൊരു പൊട്ടുപോലെ അമ്മ മാഞ്ഞുപോയപ്പോള്‍ ഞങ്ങള്‍ ശരിക്കും അനാഥരായി. അമ്മയെ എന്നെന്നേക്കുമായി നഷ്ടമായി എന്ന തോന്നലിലാകണം ആ എട്ട് വയസ്സുകാരന്‍ അലറിക്കരഞ്ഞു. എന്നെ  ആശ്വസിപ്പിക്കാന്‍ ലാലിയും അമ്മിണിചേച്ചിയും, മറ്റ് ആയമാരും പരിശ്രമിച്ചെങ്കിലും, കലുഷിതമായ എന്റെ മനസടങ്ങിയില്ല.
''എനിക്കെന്റെ അമ്മയുടെ കൂടെ പോകണം...' കരച്ചിലിനിടയിലും ഞാന്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ബിന്ദു ഒരു കൈകൊണ്ട് എന്റെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ചു വിതുമ്പി.
പുറത്ത് തടിച്ച ചൂരലിന്റെ അടിയേറ്റപ്പോള്‍ വീണ്ടും ഉറക്കെ കരയണോ അതോ കരച്ചില്‍ നിര്‍ത്തണോ എന്നറിയാതെ ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ എന്റെ മുന്നില്‍ ചട്ടയും മുണ്ടുമുടുത്ത ഒരു സ്ത്രീ. നീണ്ട, മുഴുവന്‍ നരച്ച മുടി അഴിച്ചിട്ടു ഭ്രാന്തമായ ആവേശത്തില്‍ എന്നെ അടിക്കുന്ന ഒരു സ്ത്രീ. അനാഥശാലയുടെ ഉടമയുടെ മുറിയുടെ വാതില്‍ മലര്‍ക്കേ തുറന്നുകിടന്നു. അമ്മിണിചേച്ചിയും മറ്റ് ആയമാരും ഭക്തിപുരസരം ഓച്ചാനിച്ചുനിന്നു.
''നിര്‍ത്തെടാ'' എന്നലറിക്കൊണ്ട് വെളുത്തു തുടുത്ത കവിളുള്ള, ചട്ടയും മുണ്ടും ധരിച്ച ആ സ്ത്രീ അലറിക്കൊണ്ടിരുന്നു. അവരുടെ കയ്യിലിരുന്ന തടിച്ചു നീണ്ട ചൂരല്‍ എന്റെ പുറത്തും വയറിലും കാലിലുമെല്ലാം തുരുതുരാ പതിച്ചു. ലാലി ഓടിവന്നു എന്നെ പൊത്തിപിടിച്ചു. ആ സ്ത്രീയുടെ കുറേ അടി അവളുടെ പുറത്തും പതിഞ്ഞു. അമ്മിണിചേച്ചിയും മറ്റു സ്ത്രീകളും ചേര്‍ന്നു ലാലിയെ പിടിച്ചു മാറ്റുമ്പോളും ''അമ്മച്ചി'' അടി തുടര്‍ന്നു. ബിന്ദുവിനെ അമ്മിണിച്ചേച്ചി പിടിച്ചു വച്ചു. നിര്‍ത്താതെയുള്ള അടിയുടെ വേദന, എട്ടു വയസ്സുള്ള എന്റെ ദേഹമാസകലം തടിച്ച പാടുകളും ചോരപ്പൊടിപ്പും സൃഷ്ടിച്ചപ്പോള്‍ കരച്ചില്‍ ഇനിയും തുടര്‍ന്നാല്‍ ആ സ്ത്രീ എന്നെ കൊല്ലുമെന്ന തോന്നല്‍ എന്നെ ഗ്രസിച്ചു.
നിലത്തു കുത്തിയിരുന്ന് ഞാന്‍ ആ സ്ത്രീയുടെ ഇരു കാലുകളിലും വട്ടം പിടിച്ചു കരഞ്ഞു. 'എന്നെ ഇനിയും അടിക്കരുതേ' എന്ന യാചന ഇരുകൈകള്‍ കൊണ്ടും വാ പൊത്തി വിങ്ങിപ്പൊട്ടിയിരുന്ന എന്റെ കണ്ണുകളില്‍ ഉണ്ടായിരുന്നു. ആ സ്ത്രീയുടെ താണ്ഡവം കാണാനെന്നവണ്ണം മെലിഞ്ഞു കവിളൊട്ടിയ കുട്ടികളെല്ലാം അനാഥാലയത്തിന്റെ തിണ്ണയില്‍ തടിച്ചുകൂടി. വീണ്ടും മൂന്നുനാലുവട്ടം എന്നെ അടിച്ചിട്ട് ചൂരല്‍ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു ആ സ്ത്രീ അവരുടെ മുറിയിലേക്ക് പോയി. ആയമാരില്‍ ഏറ്റവും മുതിര്‍ന്ന അമ്മിണിച്ചേച്ചി, നിലത്തു കിടന്ന ചൂരലെടുത്ത്, ഭക്ത്യാദരവോടെ അമ്മച്ചിയുടെ മുറിയിലേക്ക് പോയി.

പള്ളിക്കൂടത്തില്‍ പോകാന്‍ സമയമാകുംവരെ ഞാന്‍ ആ മുറ്റത്തു ചടഞ്ഞിരുന്നു. പതിനെട്ടു വയസ്സായിട്ടും പോകാന്‍ ഇടമില്ലാതിരുന്ന രാജേട്ടന്‍ എന്നെ പിടിച്ചുകൊണ്ടുപോയി കിണറ്റിൻകരയില്‍ നിര്‍ത്തി വെള്ളം കോരി എന്റെ ദേഹത്തൊഴിച്ചു കുളിപ്പിക്കാന്‍ തുടങ്ങി. തൊട്ടടുത്തിരുന്ന കല്ലിനരുകില്‍ അലക്കാനായി കൂട്ടിയിട്ടിരുന്ന തുണികള്‍ക്കിടയില്‍നിന്ന്  501 ബാര്‍സോപ്പെടുത്തു രാജേട്ടന്‍ എന്റെ ദേഹം ഉരച്ചു കഴുകിയപ്പോള്‍ ഞാന്‍ നീറിപ്പുകഞ്ഞു. ഞങ്ങള്‍ക്കുമുന്നേ ആ അനാഥശാലയില്‍ ഉണ്ടായിരുന്ന സ്വന്തം നാട്ടുകാരായ ലിസി ചേച്ചിയോടും സഹോദരന്‍ അലോഷിയോടും ഒപ്പമാണ് അന്ന് ഞങ്ങള്‍ പള്ളിക്കൂടത്തില്‍ പോയത്.

അനാഥശാലയുടെ ഉടമയായ, ഞങ്ങള്‍ എല്ലാവരും 'അമ്മച്ചി' എന്ന് വിളിച്ചിരുന്ന സ്ത്രീ കാളത്തോട്ടിലെ ഉന്നത കുടുംബത്തില്‍പ്പെട്ട ആളായിരുന്നു. തൃശ്ശൂരുള്ള ഒരു പൗരസ്ത്യ സഭയില്‍ പ്രമാണികുടുംബത്തില്‍പ്പെട്ട ആളായിരുന്നു അമ്മച്ചി. അനാഥശാലയും അതിനടുത്തുണ്ടായിരുന്ന തൊടിയും വയലുമെല്ലാം  അമ്മച്ചിയുടെയും കുടുംബത്തിന്റെയും ആയിരുന്നു. അനാഥാലയത്തിന്റെ പിന്‍വശത്തു അടുക്കളയോട് ചേര്‍ന്ന് അരഭിത്തി കെട്ടി, കപ്പിയും കയറുമിട്ടു ഇരുവശത്തേക്കും തൊട്ടികള്‍ വച്ചിരുന്ന ഒരു കിണറുണ്ടായിരുന്നു. അതിനടുത്തായി ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ കുട്ടികള്‍ കഴുകാനായി അടുക്കളയില്‍നിന്ന് കൊണ്ടുവന്നു കൂട്ടിയ പല വലിപ്പത്തിലുള്ള പാത്രങ്ങളും ചരുവങ്ങളും കലങ്ങളും കൂടിക്കിടക്കും. അടുക്കളയില്‍നിന്ന് മുപ്പതടിയോളം നടന്നാല്‍ അനാഥാലയത്തിന്റെ പറമ്പിന്റെ അതിര്‍ത്തി തിരിച്ചു വച്ചുവളര്‍ത്തിയ ഇടതൂര്‍ന്ന ചെമ്പരത്തി വേലികളില്‍ ഇടയ്ക്കിടെ വിവിധ രൂപങ്ങളിലും നിറങ്ങളിലുമുള്ള പൂക്കള്‍ വിടര്‍ന്നത് ഞങ്ങള്‍ കുട്ടികളാരും ശ്രദ്ധിച്ചില്ല.
ചെമ്പരത്തിവേലിയോട് ചേര്‍ന്ന്, അനാഥാലയത്തിന്റെ തൊടിക്കപ്പുറം പുല്ലുമേഞ്ഞ ഒരു കുടിലുണ്ടായിരുന്നു. ആ കൊച്ചുവീട്ടില്‍ മുപ്പതു വയസ്സോളം പ്രായമുള്ള സുഖുച്ചേട്ടനും ഭാര്യയും അവരുടെ കുഞ്ഞുമാണ് താമസിച്ചിരുന്നത്. അമ്മച്ചിയുടെ അപ്പന്റെ കാലത്തു അവരുടെ തറവാട്ടു പറമ്പില്‍ പണിയെടുത്തതിനുള്ള പാരിതോഷികമോ കൂലിയോ ആയി കൊടുത്ത അഞ്ചു സെന്റ് സ്ഥലത്താണ് അവര്‍ വീട് വച്ചു താമസിച്ചിരുന്നത്. അവരുടെ വീടിനോട് ചേര്‍ന്നാണ് ഞങ്ങള്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാനുള്ള രണ്ടു കക്കൂസുകള്‍ ഉണ്ടായിരുന്നത്. വലതുവശത്തു പെണ്‍കുട്ടികള്‍ക്കുള്ളതും ഇടതു വശത്തു ആണ്‍കുട്ടികളുടേതും.

കക്കൂസിന്റെ പിറകിലെ സെപ്റ്റിക് ടാങ്ക് അടപ്പൊന്നുമില്ലാതെ തുറന്നുതന്നെ കിടന്നു. സെപ്റ്റിക് ടാങ്കിനും സുഖുച്ചേട്ടന്റെ വീടിനും ഇടയിലുണ്ടായിരുന്ന ചെമ്പരത്തിവേലി ഞങ്ങള്‍ അവിടെ എത്തുന്നതിനൊക്കെ ഒത്തിരി മുന്നേ അകാലചരമമടഞ്ഞിരുന്നു. തുറന്നുകിടന്ന സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള ദുര്‍ഗന്ധം മൂലം വീട്ടില്‍ താമസിക്കുക അസാധ്യമാണെന്നും അവിടെനിന്നും ദൂരെമാറി ഞങ്ങള്‍ കുട്ടികള്‍ക്കുള്ള കക്കൂസ് പണിയണമെന്നുമൊക്കെ സുഖുച്ചേട്ടന്‍ പലവട്ടം അമ്മച്ചിയെ കണ്ടു പറഞ്ഞെങ്കിലും അവര്‍ അതിനൊന്നും കൂട്ടാക്കിയില്ല. സെപ്റ്റിക് ടാങ്ക് മൂടിയിടാന്‍ ആവശ്യപ്പെട്ടെങ്കിലും അമ്മച്ചി അനുകൂലമായ തീരുമാനങ്ങളൊന്നും എടുത്തില്ല. ''വാല്യക്കാരന് ദാനം കിട്ടിയ കിടപ്പാടം ആഡംബരമാണ്'' എന്ന അഭിപ്രായക്കാരി ആയിരുന്നു അമ്മച്ചി.

അമ്മച്ചിയുടെ സഭ നടത്തിയിരുന്ന പള്ളിക്കൂടത്തിലാണ് ഞങ്ങള്‍ പോയിരുന്നത്. അന്തേവാസികള്‍ എല്ലാം പഠിക്കാന്‍ പോയിരുന്ന സഭയുടെ സ്കൂളുകളിൽ വര്‍ഷത്തിലെപ്പോഴെങ്കിലും പരിശോധനക്കെത്തിയ ഡിഇഒയ്ക്ക് നിറഞ്ഞ ക്ലാസുകളാണ് കാണാന്‍ കഴിയുക. അസുഖമുണ്ടെങ്കിലും പള്ളിക്കൂടത്തില്‍ പോകാതിരുന്നാല്‍ അമ്മച്ചി സ്ഥിരമായി കയ്യില്‍ കരുതിയിരുന്ന ചൂരലിന്റെ പ്രയോഗം കിട്ടും എന്നതിനാല്‍ ഞങ്ങള്‍ കുട്ടികളാരും പള്ളിക്കൂടത്തില്‍ പോകാന്‍ മടി കാണിച്ചില്ല. അല്ലെങ്കിൽതന്നെ അസുഖം വരാന്‍പോലും അവകാശമുള്ളവര്‍ ആയിരുന്നില്ല ഞാനടക്കമുള്ള അനാഥര്‍. അക്കാലത്തു  ഉച്ചഭക്ഷണ വിതരണം പരീക്ഷിച്ചു പഠിക്കാന്‍, സര്‍ക്കാര്‍ തിരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ പെട്ടതായിരുന്നു ഞങ്ങള്‍ പോയിരുന്ന പള്ളിക്കൂടം. കടുകും ഉള്ളിയും വത്തലമുളകുമെല്ലാമിട്ട് വരട്ടിയുണ്ടാക്കിയ ഗോതമ്പ് ഉപ്പുമാവ് എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഉച്ചക്ക് വയറു നിറയെ കഴിക്കാം. അനാഥശാലയില്‍നിന്നും വന്ന ഞങ്ങള്‍, ഭക്ഷണ വിതരണസമയത്തു ഏറ്റം അവസാനം നില്‍ക്കണമായിരുന്നെങ്കിലും, ഞങ്ങള്‍ക്ക് വയറു നിറയുംവരെയും കഴിക്കാനായി രണ്ടോ മൂന്നോ വട്ടം വിളമ്പാന്‍ അധ്യാപകര്‍ മടി കാട്ടിയില്ല. മറ്റു ദിവസങ്ങളില്‍ ഗോതമ്പു കഞ്ഞി ആയിരുന്നു. അനാഥശാലയിലും വൈകുന്നേരങ്ങളില്‍ ഗോതമ്പ് കഞ്ഞി ആയിരുന്നതിനാല്‍ ഉപ്പുമാവുള്ള ദിവസങ്ങളില്‍ പള്ളിക്കൂടത്തിലെത്താന്‍ എനിക്ക് പ്രത്യേക ആവേശമായിരുന്നു. അനാഥശാലയിലെപ്പോലെ പള്ളിക്കൂടത്തിലെ ഗോതമ്പ് കഞ്ഞിയില്‍ വെളുത്ത, ചത്തു പൊങ്ങിയ പുഴുക്കള്‍ ഉണ്ടായിരുന്നില്ല. രണ്ടാമതൊ മൂന്നാമതോ ഒക്കെ കിട്ടിയ ഉപ്പുമാവ് ചോറ്റുപാത്രത്തിലാക്കി അനാഥശാലയില്‍ കൊണ്ടുപോകാന്‍ പറ്റിയ ദിവസങ്ങളില്‍ എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമായിരുന്നു. അങ്ങനെ കൊണ്ടുവരുന്ന ഉപ്പുമാവ്, ലാലിയും ബിന്ദുവും ഞാനും, വൈകുന്നേരത്തെ ഞങ്ങളുടെ ജോലി കഴിയുമ്പോള്‍ അനാഥാലയത്തിനും കന്നുകാലിത്തൊഴുത്തിനും ഇടയിലുള്ള തൊടിയിലിരുന്നു കഴിക്കും.

പള്ളിക്കൂടം വിട്ട് അനാഥശാലയില്‍ എത്തിയാല്‍ ഞങ്ങള്‍ കുട്ടികള്‍ക്കോരോരുത്തര്‍ക്കും നേരത്തെ നിശ്ചയിച്ച പണികളുണ്ടാകും. ആദ്യ വര്‍ഷത്തില്‍ അനുജത്തി ബിന്ദുവിനോടൊപ്പം ആടിന്റെയും മുയലിന്റെയും കൂടുകള്‍ വൃത്തിയാക്കലും ആട്ടുംകാട്ടം പെറുക്കി തൊടിയിലെ തെങ്ങിന്‍ചുവട്ടില്‍ കൊണ്ടുപോയിടാനുള്ള പണിയായിരുന്നു എനിക്ക്. ലാലിക്ക് തൊടിയില്‍ ചാണകം വള്ളിക്കൊട്ടയില്‍ ചുമന്നു കൊണ്ടുപോയി ഇടുന്ന പണിയായിരുന്നു. ആ വര്‍ഷത്തിന്റെ അവസാനം കൊച്ചുകുട്ടികളുടെ കൂടെ നിന്ന് എന്നെ മാറ്റി, കന്നുകാലിക്കൂട് വൃത്തിയാക്കുന്ന പണിയായി എനിക്ക്. പത്താം തരത്തില്‍ പലവട്ടം തോറ്റ് പഠിപ്പ് നിര്‍ത്തി, പോകാന്‍ ഇടമൊന്നും ഇല്ലാതിരുന്ന ഇരുപതോളം വയസ്സുള്ള രാജേട്ടനായിരുന്നു തൊഴുത്തു വൃത്തിയാക്കല്‍ ടീമിന്റെ തലവന്‍. രാജേട്ടനെ കൂടാതെ സാലുവും ഞാനും ചേര്‍ന്ന് എല്ലാ ദിവസവും തൊഴുത്തിലെ ചാണകം വാരി കുഴിയിലിട്ട്, പുല്‍ക്കൂട്ടിലെ മിച്ചമുള്ള മുറിപ്പുല്ലുകള്‍ വാരി ചാണകക്കുഴിയില്‍ ഇട്ട്, വലിയ ഒരു മുളയുടെ തോട്ടി ഉപയോഗിച്ച് ഇളക്കണമായിരുന്നു. ചാണകക്കുഴിയില്‍ മുറിപ്പുല്ലിട്ട് ഇളക്കുന്നത് നന്നായി ചെയ്യുന്നുണ്ടോ എന്നുറപ്പു വരുത്താന്‍ കയ്യില്‍ ചൂരലുമായി അമ്മച്ചിയോ ചൂരല്‍ ഇല്ലാതെ അമ്മിണിച്ചേച്ചിയോ മറ്റു ആയമാരോ ഒന്ന് രണ്ടുവട്ടം ദിവസവും തൊഴുത്തിനരികെ വന്നു നില്‍ക്കും.

അത്താഴത്തിനുശേഷം അനാഥശാലയുടെ മുന്നിലെ വരാന്തയില്‍ ഇരുന്നുള്ള 'ഉല്ലാസം' എന്നും പതിവായിരുന്നു. അമ്മിണിചേച്ചിയും മറ്റ് ആയമാരും ചേര്‍ന്ന് ഞങ്ങള്‍ കുട്ടികളെ നിലത്തു നിരത്തിയിരുത്തും. പെണ്‍കുട്ടികള്‍ ഒരു വശത്തും ആണ്‍കുട്ടികള്‍ അതിനെതിര്‍വശത്തും. പ്രായപൂര്‍ത്തിയായിട്ടും അനാഥശാല വിട്ടു പോകാത്ത ചേട്ടന്മാര്‍ ഞങ്ങളുടെ പിറകില്‍ നില്‍ക്കും. പോകാന്‍ ഇടമില്ലാത്ത പത്തോളം ചേച്ചിമാര്‍ പെണ്‍കുട്ടികളുടെ പിറകില്‍ നില്‍ക്കും. അമ്മച്ചിയുടെ വരവിനായുള്ള ആ കാത്തിരിപ്പു സമയത്ത് പൂര്‍ണ്ണ നിശബ്ദത നിര്‍ബന്ധിതമായിരുന്നു. അമ്മച്ചിയുടെ ചൂരല്‍ കൊണ്ടുള്ള അടി പലവട്ടം കിട്ടിയിട്ടുള്ളതിനാല്‍ നിശബ്ദനായി നിലത്തിരിക്കാന്‍ ഞാന്‍ പഠിച്ചു. ഉല്ലാസത്തിനു അമ്മച്ചി എത്തുമ്പോള്‍ അമ്മിണിച്ചേച്ചിയുടെ നേതൃത്വത്തില്‍ അന്ന് അനുസരണക്കേടോ വികൃതിയോ കാട്ടിയ കുട്ടികളുടെ പേരും അവരുടെ കുറ്റകൃത്യങ്ങളും വിളിച്ചു പറയും. അവര്‍ക്കുള്ള ശിക്ഷ കൊടുക്കുക അമ്മച്ചി തന്നെയാണ്. 

അനാഥാലയത്തിന്റെ മൊന്തളത്തിലേക്കു അമ്മച്ചിയുടെ വരവ് ഒരു പ്രത്യേക ചടങ്ങുപോലെ ആയിരുന്നു. അമ്മച്ചിയുടെ ചാരുകസേര ചേച്ചിമാര്‍ ആരെങ്കിലും എടുത്തുകൊണ്ടുവന്നു ഞങ്ങളുടെ ഒത്ത നടുക്കായി വയ്ക്കും. അമ്മച്ചിയുടെ ഇരുവശവും ആയമാര്‍ നിന്നാണ് അമ്മച്ചിയെ മുറിയില്‍നിന്ന് ഞങ്ങളുടെ ഇടയിലേക്ക് ആനയിക്കുക. ചട്ടയും മുണ്ടുമുടുത്തു ഞൊറിഞ്ഞു കുത്തിയ കവണിക്ക് മുകളില്‍ തിളങ്ങുന്ന പൗച്ചും വച്ചു, അഴിച്ചിട്ട മുഴുവന്‍ നരച്ച അരക്കെട്ടോളം നീണ്ടുകിടക്കുന്ന തൂവെള്ള മുടിയില്‍ ഇടയ്ക്കു കയ്യോടിച്ചുള്ള ഒരു നടപ്പ്. അമ്മച്ചി അണിഞ്ഞിരുന്ന തടിച്ച സ്വര്‍ണമാല പത്തു പവന്‍ ഉണ്ടെന്നും മകന്‍ വാങ്ങികൊടുത്തതാണെന്നും ആയമാരോട് ഇടയ്ക്കിടെ പറയും. തൊട്ടുപിറകില്‍ രണ്ടോ മൂന്നോ ചൂരലും പിടിച്ചു നടക്കുന്ന അമ്മിണിച്ചേച്ചി ഏറെ ഭവ്യതയോടെ അവയെ അമ്മച്ചിയുടെ ചാരുകസേരയ്ക്കരികില്‍ ഇട്ട സ്റ്റൂളിന് മുകളില്‍ വച്ചിട്ട് അമ്മച്ചിയുടെ പിന്നിലേക്ക് മാറി നില്‍ക്കും. അമ്മച്ചിയുടെ ഇരുവശത്തും ചേച്ചിമാര്‍ വന്നുനില്‍ക്കും. ഇരുവരുടേയും കയ്യില്‍ കോലുചീപ്പും പേന്‍ചീപ്പും ഉണ്ടാകും. എണ്ണതേച്ചു അമ്മച്ചിയുടെ മുടി ചീകി ജടകളയുന്ന ചടങ്ങാണ് ആദ്യം. ആ സമയത്തു അടുക്കളയില്‍ കയറി ഭക്ഷണം കട്ടുകഴിച്ചവരുടെയോ, പണി സമയത്തു കക്കൂസില്‍ കയറി ഒളിച്ചിരുന്നവരുടെയോ, പ്രാര്‍ഥനാസമയത്ത് പാട്ട് പാടാന്‍ കൂട്ടാക്കാത്തവരുടെയോ ഒക്കെ പേര് വിളിക്കുന്ന ചടങ്ങും നടക്കും. കുറ്റകൃത്യത്തിന്റെ കാഠിന്യം കണക്കിലെടുത്തു അമ്മച്ചി കസേരയില്‍നിന്ന് എഴുന്നേറ്റ് ചൂരല്‍ ശിക്ഷയും കൊടുക്കും. പാദം മുതല്‍ മുട്ടുവരെ അമ്മച്ചിയുടെ കാലുകള്‍ അമര്‍ത്തി തിരുമ്മാനായി വലിയ ക്ലാസ്സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളും ഉണ്ടാകും. ഇടക്കൊക്കെ ലാലിക്കും തിരുമ്മുജോലി കിട്ടി. തിരുമ്മുന്നവർക്കും മുടി ചീവുന്നവര്‍ക്കുമൊക്കെ അമ്മച്ചി മീഠായിയോ ഉടുപ്പുമൊക്കെ കൊടുക്കും.

ശിക്ഷകളോ ചൂരല്‍ സാന്നിധ്യമോ ഇല്ലാത്ത സന്ധ്യാ ഉല്ലാസങ്ങളും ഉണ്ടായിരുന്നു. അമ്മച്ചിയുടെ അനാഥശാലയില്‍നിന്ന് സ്വീഡനില്‍നിന്നും ജര്‍മനിയില്‍നിന്നും മറ്റു പല പാശ്ചാത്യ രാജ്യങ്ങളില്‍നിന്നും കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ വന്ന് കൊച്ചുകുട്ടികളെ ദത്തെടുത്തു കൊണ്ടുപോകുമായിരുന്നു. കൂടാതെ ഈ രാജ്യങ്ങളില്‍നിന്നെല്ലാം ക്രിസ്തുനാമത്തില്‍ അമ്മച്ചി നടത്തിയ അനാഥശാലക്ക് സ്‌പോണ്‍സര്‍മാരും ഉണ്ടായിരുന്നു. ദമ്പതികളോ മറ്റു സ്‌പോണ്‍സര്‍മാരോ വരുന്ന ദിവസങ്ങളില്‍ ഉല്ലാസത്തിന്, തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ ഡാന്‍സും പാട്ടുമൊക്കെയായി ഒരു കലാസന്ധ്യതന്നെ ഉണ്ടായിരുന്നു. ഞാനവിടെ ജീവിച്ച മുഴുവന്‍ കാലവും അത്തരം ഉല്ലാസങ്ങളിലെ കലാവിരുന്നുകള്‍ എല്ലാം ഒന്നുതന്നെ ആയിരുന്നു. അന്നൊക്കെ കുട്ടികളെ കൊണ്ടുപോകാന്‍ വന്ന വെള്ളക്കാര്‍ എന്നെകൂടി ദത്തെടുത്തെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്.

വര്‍ഷാവസാനത്തെ പരീക്ഷ കഴിഞ്ഞും അമ്മ ഞങ്ങളെ വീട്ടില്‍ കൂട്ടിക്കൊണ്ട് പോയില്ല. അവധി തുടങ്ങി കുറച്ചുദിവസങ്ങള്‍ കഴിഞ്ഞ് അമ്മ ഞങ്ങളെ കാണാന്‍ വന്നു. ക്രിസ്മസ് അവധിക്കാലത്തെപ്പോലെ രണ്ടു ദിവസം ഞങ്ങളോടൊപ്പം അമ്മ താമസിച്ചു. തലയിലും പുരികങ്ങളിലും കണ്‍പീലികളിലുമൊക്കെ നിറഞ്ഞുകൂടിയ പേനുകളെ കൊന്നു തീര്‍ത്തു, അമ്മ വാങ്ങിക്കൊണ്ടുവന്ന മണമുള്ള സോപ്പ് തേച്ച് ഞങ്ങളെ കുളിപ്പിച്ച് അമ്മ മടങ്ങി. അതിനടുത്ത ആഴ്ച്ച അനാഥശാലക്ക് പുറകിലുള്ള കക്കൂസ്സുകള്‍ വൃത്തിയാക്കലും സെപ്റ്റിക് ടാങ്കുകള്‍ കാലിയാക്കലും ഞങ്ങള്‍ കുട്ടികളുടെ പണിയായി. എപ്പോഴും ചിരിച്ചു നടന്നിരുന്ന രാജേട്ടനും ആരോടും ചിരിക്കപോലും ചെയ്യാത്ത ജോസേട്ടനും സെപ്റ്റിക് ടാങ്കുകളിലേക്ക് ഇറങ്ങും. വര്‍ഷം മുഴുവന്‍ ഞങ്ങള്‍ തൂറിക്കൂട്ടിയ തീട്ടം വള്ളിക്കൊട്ടയില്‍ കോരി കരക്ക് വയ്ക്കും. ലാലിയും, ബിന്ദുവും, ഞാനും മറ്റു കുട്ടികള്‍ക്കൊപ്പം അവരവരുടെ പ്രായത്തിനൊത്ത പാത്രങ്ങളിലോ വള്ളികൊട്ടകളിലോ തീട്ടവും തലയില്‍ ചുമന്ന് അനാഥാലയത്തിന്റെ മുന്നിലൂടെയുള്ള മണ്‍വഴി കടന്ന് തൊടിയിലൂടെ നടന്ന്, കുളത്തിനും മോട്ടര്‍ പുരയ്ക്കും അപ്പുറം വയലില്‍ കൊണ്ടുപോയി നിരത്തിയിടും. ദുര്‍ഗന്ധം വമിക്കുന്ന വിസര്‍ജ്യവും ചുമന്നുള്ള ആ പോക്കില്‍ വള്ളിക്കൊട്ടയുടെ വിടവുകളിലൂടെ ഒലിച്ചിറങ്ങുന്ന ദ്രവം മുഖത്തുകൂടെ ഒഴുകി ദേഹം മുഴുവനാകും. വൈകുന്നേരം മോട്ടര്‍ അടിച്ചു ചിതറിത്തെറിക്കുന്ന വെള്ളത്തില്‍ കുളിച്ചു കയറി.

അന്ന് വൈകുന്നേരം സൂപ്പര്‍ ഭക്ഷണമാണ്. ഏത്തക്കാ, തൊലി പൊളിക്കാതെ ഇട്ട് വച്ച ഇറച്ചിക്കറിയും ചോറും. ഞങ്ങള്‍ അനാഥാലയത്തില്‍ വന്നതിനുശേഷം ഞങ്ങള്‍ക്ക് ആദ്യമായാണ് അന്ന് ചോറ് കിട്ടിയത്. എല്ലാ ദിവസവും വൈകുന്നേരം ഗോതമ്പ് കഞ്ഞിയാണ് അത്താഴം. ശനിയാഴ്ചയും ഞായറാഴ്ചയും പച്ചരിക്കഞ്ഞി കിട്ടും. ആ ദിവസങ്ങളില്‍ ഒന്നില്‍ കൂര്‍ക്കയോ ഏത്തക്കായോ ഇട്ടുവച്ച ഇറച്ചിക്കറി ഉണ്ടാകുമെങ്കിലും പലപ്പോഴും കൂര്‍ക്കയും ചാറും മാത്രമാണ് പാത്രത്തിലെത്തുക. ഗോതമ്പു കഞ്ഞിക്കു മാറ്റം ഉണ്ടാകുന്നതു കുട്ടികളെ ദത്തെടുക്കാന്‍ വിദേശത്തുനിന്ന് ആളുകള്‍ വരുമ്പോള്‍ മാത്രമാണ്. അന്ന് വര്‍ഷം മുഴുവന്‍ തുറന്നിരുന്ന സെപ്റ്റിക് ടാങ്കുകളില്‍ നിറഞ്ഞു കിടന്ന തീട്ടം ചുമന്ന് തൊടിയിലെത്തിച്ചതിന്റെ കൂലിയെന്നപോലെ ഏത്തക്കാ ഇട്ടുവച്ച ഇറച്ചിക്കറിയും ചോറും കിട്ടി. കുളിച്ചിട്ടും വിട്ടുപോകാത്ത വിസര്‍ജ്ജനത്തിന്റെ ഗന്ധം അര്‍ഹിക്കാത്ത അത്താഴത്തിനു മുന്നില്‍ ഞങ്ങള്‍ കുട്ടികള്‍ മറന്നുപോയി. പിന്നെയങ്ങോട്ടും അനാഥാലയത്തിലെ സെപ്റ്റിക് ടാങ്കുകള്‍ വാ തുറന്ന്,  മാനം നോക്കിക്കിടന്നു.