തൃശ്ശൂർ കാളത്തോട്ടില്‍ ഒന്നര വര്‍ഷക്കാലം ഞങ്ങള്‍ കഴിഞ്ഞ അനാഥശാലയില്‍ അക്കാലത്ത് നൂറോളം കുട്ടികളാണ് ഉണ്ടായിരുന്നത്. സ്ഥാപനത്തിന്റെ ഉടമയായ, ഞങ്ങളെല്ലാം 'അമ്മച്ചി' എന്ന് വിളിച്ചിരുന്ന സ്ത്രീ ആ നാട്ടിലെ ഒരു പ്രധാന പ്രമാണി കുടുംബത്തില്‍പ്പെട്ട ആളായിരുന്നു. അവിടെ വരുന്ന കുട്ടികള്‍ക്ക് പതിനെട്ടു വയസ്സുവരെ അവിടെ താമസിക്കാം എന്നതായിരുന്നു വ്യവസ്ഥ. എങ്കിലും നിശ്ചയിച്ച പ്രായപരിധി കഴിഞ്ഞിട്ടും പോകാന്‍ സ്ഥലമൊന്നും ഇല്ലാതിരുന്ന പല മുതിര്‍ന്ന ചേട്ടന്മാരും ചേച്ചിമാരും അവിടെത്തന്നെ തുടര്‍ന്നു. അവരില്‍ ചിലര്‍ അവിടെത്തന്നെ ആയമാരായി. ചിലര്‍ തമ്മില്‍ വിവാഹം കഴിച്ചു. പലപ്പോഴും അമ്മച്ചി ഇടപെട്ട് അവര്‍ക്ക് ജോലിയും തരപ്പെടുത്തി. ഒന്നോ രണ്ടോ മാസം കൂടി അനാഥശാലയില്‍ താമസിച്ചിട്ട് അവര്‍ അവിടെനിന്ന് താമസം മാറി. 

To advertise here,

തൃശ്ശൂര്‍ ടൗണിലും മണ്ണൂത്തിയിലും പരിസരപ്രദേശങ്ങളിലുമൊക്കെ ആശുപത്രികളിലോ വഴിയിലോ ഒക്കെ ഉപേക്ഷിച്ച ചോരക്കുഞ്ഞുങ്ങളെപ്പോലും അമ്മച്ചിയുടെ അടുക്കല്‍ കൊണ്ടുവരും. അനാഥാലയത്തിന്റെ പ്രധാന കെട്ടിടത്തിന്റെ മുന്‍വരാന്തയില്‍നിന്ന് അകത്തേക്ക് കടക്കുമ്പോള്‍ ഒരു വലിയ ഹാളാണ്. അതിന്റെ പകുതിയിലേറെ ഭാഗത്തും നിരത്തിക്കെട്ടിയ തൊട്ടിലുകളില്‍ കൊച്ചുകുഞ്ഞുങ്ങള്‍ രാവും പകലും അലറിക്കരഞ്ഞു. അനാഥതത്വത്തിന്റ ഇരുളിലേക്ക് വലിച്ചെറിയപ്പെട്ട ആ കുഞ്ഞുങ്ങളോട് അമ്മച്ചിക്ക് സ്‌നേഹമില്ലായിരുന്നെന്ന്  പറഞ്ഞാല്‍ അത് കള്ളമാകും. 

മിക്കവാറും ദിവസങ്ങളില്‍ ആരെങ്കിലുമൊക്കെ കൈക്കുഞ്ഞുങ്ങളുമായി വരുമ്പോൾ അമ്മച്ചി അവരെ ഒത്തിരി വാത്സല്യത്തോടെയാണ് ഏറ്റുവാങ്ങുന്നത്‌. അപ്പോള്‍ അമ്മച്ചിയുടെ കണ്ണുകളില്‍ തിളങ്ങുന്ന വാത്സല്യത്തില്‍ ഒരല്‍പ്പം ഞങ്ങള്‍ മുതിര്‍ന്ന കുട്ടികള്‍ക്കുകൂടി കിട്ടിയിരുന്നെങ്കില്‍ എന്ന്, ഞാന്‍ പലപ്പോഴും ആശിച്ചിട്ടുണ്ട്. ആ കുഞ്ഞുങ്ങളില്‍ പലരെയും വിദേശ രാജ്യങ്ങളില്‍നിന്നു വന്ന മക്കളില്ലാത്ത ദമ്പതിമാര്‍ ദത്തെടുത്തു. അങ്ങനെ കുട്ടികള്‍ക്കായി വെള്ളക്കാരായ ആളുകള്‍ വരുമ്പോള്‍ വൈകുന്നേരത്തെ ഗോതമ്പുകഞ്ഞി, ചോറിനും വിവിധയിനം കറികള്‍ക്കും വഴിമാറും. അത്താഴം കഴിഞ്ഞ് പതിവായി മുന്‍വരാന്തയില്‍ അരങ്ങേറിയിരുന്ന ശിക്ഷാവിധികള്‍, അമ്മച്ചിയുടെ ചൂരലുകളുടെ സാന്നിധ്യം ഇല്ലാത്ത കലാസന്ധ്യക്ക് ഇടം കൊടുക്കും. അത്തരം വിരുന്നുവേളകളില്‍ അരങ്ങേറിയ പാട്ടും ഡാന്‍സുമെല്ലാം എന്നും ഒന്നുതന്നെ ആയിരുന്നു.

വിദേശത്തുനിന്ന് ആളുകള്‍ വരുന്ന ദിവസങ്ങളില്‍ മാത്രം കളിക്കാനുള്ള നൃത്തങ്ങളും മറ്റു കലാപരിപാടികളും നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചവയായിരുന്നു. അവ വേദിയില്‍ അവതരിപ്പിക്കുന്നവര്‍ അത് അനാഥശാലയിലെ അവരുടെ പതിപ്പിച്ചുറപ്പിച്ച അവകാശം പോലെ കൊണ്ടു നടന്നു. കലാപരമായ കഴിവുകള്‍ തീരെ ഇല്ലാതിരുന്ന ഞങ്ങള്‍ കുറേ കുട്ടികള്‍, വരാന്തയിലെ പിന്‍നിരയില്‍ രാജേട്ടനോടൊപ്പമിരുന്ന് കലാകാരന്മാരായ കൂട്ടുകാരെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. പതിനെട്ടു വയസ്സു കഴിഞ്ഞും അനാഥശാലയില്‍ തുടര്‍ന്ന രാജേട്ടന്‍ നന്നേ ചെറുപ്പത്തില്‍ അവിടെ വന്നതാണ്. ജര്‍മനിയില്‍നിന്നോ സ്വീഡനില്‍നിന്നോ വന്നവര്‍ തന്നെ ദത്തെടുക്കാത്തത്തില്‍ രാജേട്ടന്  പരിഭവമുണ്ടായിരുന്നു. അമ്മച്ചി കാരണമാണ് താന്‍ കാളത്തോട്ടിലെ അനാഥശാലയില്‍ത്തന്നെ നിന്നുപോയതെന്ന പരിഭവവും അയാള്‍ക്കുണ്ടായിരുന്നു. 

മണ്ണൂത്തിയിലും തൃശ്ശൂരിന്റെ വിവിധ ഭാഗങ്ങളിലും അക്കാലത്തു ബാന്‍ഡ് മേള മത്സരങ്ങള്‍ നടന്നിരുന്നു. ഞങ്ങളുടെ അനാഥശാലയിലും ഒരു ട്രൂപ്പ് ഉണ്ടായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്നും മറ്റുമായി അനേകം ടീമുകള്‍ പങ്കെടുക്കുന്ന ഒരു വലിയ മത്സരമായിരുന്നു അത്. ഞങ്ങള്‍ പഠിച്ചിരുന്ന സ്‌കൂളില്‍നിന്നും മെച്ചപ്പെട്ട ഒരു ടീം ആ ബാന്‍ഡ്‌ സെറ്റ് മത്സരത്തില്‍ പങ്കെടുക്കുകയും മിക്കവാറും സമ്മാനങ്ങള്‍ നേടുകയും ചെയ്തു. അനാഥാലയത്തില്‍ നിന്നുള്ള ഞങ്ങളെ ആ ടീമില്‍ ചേര്‍ത്തിരുന്നില്ല.

 ''നിങ്ങളുടെ ശാലേന്ന് നിങ്ങക്ക് മാത്രമായി ഒരു ടീം ഉണ്ട്. ഇവിടുത്തെ ടീം സ്‌കൂളിലെ മറ്റു കുട്ടികള്‍ക്ക് വേണ്ടി മാത്രം ഉള്ളതാ....''

സാലുവിനോടും എന്നോടും വത്സല ടീച്ചര്‍ ഒരിക്കല്‍ പറഞ്ഞു. ഞങ്ങള്‍ അനാഥക്കുട്ടികള്‍ ആ പള്ളിക്കൂടത്തില്‍ പഠിക്കുന്നവര്‍ എന്ന് മാത്രമേ ഉള്ളു. മറ്റു കുട്ടികള്‍ക്ക് പിന്നില്‍, വിളിക്കാതെ വിരുന്നു വന്നവരെപ്പോലെ ഞങ്ങള്‍ നിന്നു. ഞങ്ങളുടെ മുഷിഞ്ഞ പച്ച നിക്കറും ക്രീം നിറത്തിലുള്ള ഷര്‍ട്ടും ഞങ്ങള്‍ അനാഥരാണെന്ന് മൗനമായി വിളിച്ചുപറഞ്ഞു. ആ മൗനത്തിന്റെ വാചാലതയില്‍ മറ്റു കുട്ടികള്‍ ഞങ്ങളെ അവജ്ഞയോടെ നോക്കി. പള്ളിക്കൂടത്തിന്റെ മുറ്റത്തെ കിണറിനപ്പുറം എല്ലാ ദിവസവും വത്സല ടീച്ചറിന്റെ നേതൃത്വത്തില്‍ ബാന്‍ഡ് സെറ്റിന്റെയും മാര്‍ച്ച് പാസ്റ്റിന്റെയും പരിശീലനം നടന്നു. കിണറിന്റെ അരഭിത്തിയില്‍ ചാരിനിന്ന്, ഞാനും അനാഥലയത്തില്‍ നിന്നുള്ള മറ്റു കുട്ടികളും ആ ഒരുക്കങ്ങളൊക്കെ സസൂക്ഷ്മം നിരീക്ഷിച്ചു.

അനാഥാലയത്തിലാകട്ടെ, ബാന്‍ഡ് സെറ്റില്‍ വാദ്യോപകരണങ്ങൾ ഉപയോ​ഗിക്കാത്ത, കലാബോധമില്ലാത്ത കുട്ടികളില്‍പ്പെട്ട ഞങ്ങള്‍, വാദ്യോപകരണങ്ങള്‍ വായിക്കുന്നവര്‍ക്ക് പിന്നില്‍ സ്‌കൂള്‍ യൂണിഫോമിട്ട് അണിനിരന്ന് വരിവരിയായി നീങ്ങിയിരുന്ന ആ പ്രകടനത്തിന് മുന്നില്‍ അനാഥശാലയുടെ പേര് എഴുതിയ തുണിയില്‍ തീര്‍ത്ത ബാനര്‍ രണ്ടു മുതിര്‍ന്നവര്‍ അഭിമാനത്തോടെ വലിച്ചുപിടിച്ചിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്ത അത്തരം മത്സരങ്ങളില്‍ വളരെ മികച്ച ടീമുകളും പങ്കെടുത്തിരുന്നു. അതിനാല്‍ത്തന്നെ ഞങ്ങള്‍ക്ക് സമ്മാനം ലഭിക്കാന്‍ സാധ്യതകള്‍ ഒന്നുംതന്നെ ഇല്ലായിരുന്നു. എങ്കിലും, അനാഥരായ ഞങ്ങളെ നോക്കി സ്റ്റേജില്‍നിന്ന് മൈക്കിലൂടെ ഏറെ പുകഴ്ത്തിയ ശേഷം, മുഖ്യാതിഥി എല്ലാ പ്രാവശ്യവും ഒരു പ്രോത്സാഹന സമ്മാനം ട്രോഫിയായി നല്‍കുമായിരുന്നു. ഈ മത്സരങ്ങള്‍ എന്തായിരുന്നെന്നോ എന്തിനായിരുന്നുവെന്നോ എനിക്കിന്ന് ഓര്‍മയില്ല.

മുടി നീളം കുറച്ചു വെട്ടിയിട്ട, മെലിഞ്ഞ ഒരു ചേച്ചി അവിടെ ഉണ്ടായിരുന്നു. ശാന്തിച്ചേച്ചി ആണ്‍കുട്ടികളെപ്പോലെയാണ് പെരുമാറിയിരുന്നത്. പത്താം ക്ലാസ്സില്‍ തോറ്റു പഠനം നിര്‍ത്തിയ ശാന്തിച്ചേച്ചിക്ക് ബന്ധുക്കള്‍ ഇല്ലാതിരുന്നതിനാല്‍ അവിടെത്തന്നെ താമസം തുടര്‍ന്നതാണ്. ശാന്തിച്ചേച്ചിയുടെ പ്രത്യേക ഇഷ്ടമുള്ള ഷേര്‍ലി ചേച്ചിക്കും ബന്ധുക്കളൊന്നും ഉണ്ടായിരുന്നില്ല. കുളിമുറിക്കടുത്തും തൊടിയിലുമൊക്കെ വച്ച് ശാന്തിച്ചേച്ചി ഷേര്‍ളിച്ചേച്ചിയെ കെട്ടിപ്പിടിച്ചും ഉമ്മവച്ചും അവരുടെ പ്രത്യേക ഇഷ്ടം പ്രകടിപ്പിച്ചിരുന്നത് ഞങ്ങള്‍ കുട്ടികള്‍ കണ്ടു. അത്താഴത്തിനു ശേഷമുള്ള ഉല്ലാസവേളകളില്‍ ശാന്തിച്ചേച്ചി കയ്യും കാലും തിരുമ്മുന്നതായിരുന്നു അമ്മച്ചിക്കിഷ്ടം. നന്നായി തിരുമ്മുന്ന ആളായതിനാല്‍ ശാന്തിച്ചേച്ചിക്ക് പുതിയ പാവാടയും ബ്ലൗസുമൊക്കെ അമ്മച്ചി വാങ്ങികൊടുക്കും. 
ഒരു ദിവസം പള്ളിക്കൂടം വിട്ടുവന്നപ്പോള്‍ത്തന്നെ അമ്മിണിച്ചേച്ചി ഞങ്ങളെയെല്ലാം പ്രധാന കെട്ടിടത്തിന്റെ മുറ്റത്തേക്ക് വിളിച്ചു. പതിവില്ലാത്ത ആ ചടങ്ങില്‍ അമ്മച്ചി പങ്കെടുത്തില്ല. 

''അമ്മച്ചിയുടെ പത്തു പവന്റെ മാല ആരോ കട്ടെടുത്തു. ഇന്നു രാവിലെ മുതല്‍ മാല കാണുന്നില്ല. അതുകൊണ്ട് ആരാണ് എടുത്തതെങ്കിലും എന്റെ കയ്യില്‍ വൈകുന്നേരത്തെ ഉല്ലാസത്തിനു മുന്‍പ് കൊണ്ടുവന്നു തന്നാല്‍ ഒരടിപോലും കിട്ടാതെ രക്ഷപ്പെടാം...'

അന്ന് വൈകുന്നേരത്തെ പണിക്കിടയിലും ഗോതമ്പുകഞ്ഞി അത്താഴം കഴിക്കുമ്പോളും ഞങ്ങളൊക്കെ കാണാതെപോയ അമ്മച്ചിയുടെ സ്വര്‍ണ്ണമാല ആരായിരിക്കും എടുത്തതെന്ന ചര്‍ച്ചയിലായിരുന്നു. അതെടുത്തയാള്‍ മാല തിരിച്ചുകൊടുക്കുമെന്നും അമ്മച്ചിയുടെ അടി വാങ്ങുമെന്നും ഒക്കെ ഞങ്ങള്‍ കരുതി. 

അന്ന് വൈകുന്നേരത്തെ മുടിചീകലിനും തിരുമ്മിനുമൊന്നും അമ്മച്ചി വലിയ താല്പര്യം കാണിച്ചില്ല. എങ്കിലും ശാന്തിച്ചേച്ചി അമ്മച്ചിയുടെ അരികിലിരുന്നു അവരുടെ കാലുകള്‍ അമര്‍ത്തി തിരുമ്മി, നഷ്ടപ്പെട്ട മാലയെക്കുറിച്ചുള്ള അവരുടെ ആകുലതക്കും ആസ്വസ്ഥതകള്‍ക്കും ആശ്വാസം നല്‍കി. 

''എന്റെ മുറിയില്‍ കേറി മാല കട്ടയാളെ എനിക്കറിയാം. നാളെ രാവിലെ വരെ സമയം തരാം. എന്നിട്ടും പറഞ്ഞില്ലേല്‍ പോലീസിനെ വിളിക്കും...'

ഇതും പറഞ്ഞു അമ്മച്ചി മുറിയിലേക്ക് പോകുമ്പോള്‍ അമ്മിണിച്ചേച്ചിയുടെ നോട്ടം മല്ലികച്ചേച്ചിയിലേക്കായി.

''ഞാനല്ല...'

പേടിച്ചരണ്ട മല്ലികച്ചേച്ചി പിറകോട്ടു മാറി. അമ്മച്ചിയുടെ മുറിയും കക്കൂസ്സും ദിവസവും അടിച്ചുവാരുന്ന മല്ലികച്ചേച്ചി നാലു വയസ്സായപ്പോള്‍ മുതല്‍ അനാഥശാലയില്‍ താമസിക്കുന്ന ആളാണ്. മണ്ണൂത്തിയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിനരുകില്‍ ഭിക്ഷ എടുത്തു നടന്ന നാലു വയസ്സുകാരിയെ അമ്മച്ചിയുടെ അടുക്കല്‍ എത്തിച്ചത് പോലീസുകാരാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അപ്പോള്‍ മല്ലികച്ചേച്ചിക്ക് പതിനഞ്ചോ പതിനാറോ വയസ്സുണ്ട്. ഞങ്ങള്‍ കാളത്തോട്ടില്‍ എത്തുന്നതിനു കുറേ മാസങ്ങള്‍ക്കു മുന്‍പ്, അമ്മച്ചിയുടെ മുറി അടിച്ചുവാരി തുടക്കുന്നതിനിടയില്‍ മല്ലികച്ചേച്ചിക്ക് ഒരു സ്വര്‍ണ്ണക്കമ്മല്‍ കിട്ടിയെത്രെ. എത്ര ചോദിച്ചിട്ടും കുറ്റം സമ്മതിക്കാതിരുന്ന മല്ലികച്ചേച്ചിയുടെ തുണികള്‍ ചുരുട്ടി വച്ച ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കടിയില്‍നിന്ന് അമ്മച്ചിതന്നെ ആ കമ്മല്‍ കണ്ടെത്തി. ചൂരല്‍ ഒടിയുംവരെ അടികൊടുത്ത്, മല്ലിക ചേച്ചിയെ, മോഷണം ശരിയല്ലായെന്ന് പഠിപ്പിച്ചിരുന്നത്രെ. അതുകൊണ്ടാകണം പത്തു പവനെന്ന്‌ അമ്മച്ചി അവകാശപ്പെട്ട താരമാല കട്ടെടുത്തത് മല്ലികച്ചേച്ചി ആണെന്ന് അമ്മിണിച്ചേച്ചിയും മറ്റു ആയമാരും ചിന്തിച്ചത്. 

ഞങ്ങള്‍ കിടക്കാന്‍ പോകാനായി എഴുന്നേറ്റപ്പോളേക്കും അമ്മച്ചി ചൂരലുമായി തിരിച്ചുവന്ന് മല്ലികച്ചേച്ചിയെ അടിക്കാന്‍ തുടങ്ങി. പുറത്തും തലയിലുമെല്ലാം വീണ അടിയില്‍, വേദനകൊണ്ട് പുളഞ്ഞ്, മല്ലികച്ചേച്ചി ഉച്ചത്തില്‍ നിലവിളിച്ചു.

''ഞാനല്ല അമ്മച്ചി. ഞാന്‍ എടുത്തിട്ടില്ല അമ്മച്ചി...' 

അന്ന് അമ്മച്ചിയെ വട്ടംപിടിച്ച്, അലറിവിളിച്ച മല്ലികച്ചേച്ചി എന്റെ മനസ്സില്‍ അടങ്ങാത്ത വിങ്ങലായി ഇന്നുമുണ്ട്. അഴിഞ്ഞുലഞ്ഞ മുടിയില്‍ കുത്തിപ്പിടിച്ചു അമ്മച്ചി അവളെ അകത്തേക്ക് വലിച്ചിഴച്ചു. ഹാളിന്റെ ഇടതുവശത്ത്, പള്ളിക്കൂടത്തില്‍ പോകുന്നില്ലാത്ത ചേച്ചിമാര്‍ കിടക്കുന്ന മുറിയിലെത്തി, മല്ലികച്ചേച്ചിയുടെ തുണികളും, ചുരുട്ടി വച്ചിരുന്ന പായും അമ്മച്ചി വലിച്ചെറിഞ്ഞു.

''ഇപ്പം സത്യം പറഞ്ഞാല്‍ നിനക്ക് നല്ലത്. ഇല്ലേല്‍ നാളെ പോലീസ് വന്ന് നിന്നെ കൊണ്ടുപോകും. അവര്‍ നിന്നെക്കൊണ്ടു സത്യം പറയിക്കും.''

ഇത് പറയുമ്പോളും അമ്മച്ചിയുടെ കയ്യിലെ ചൂരല്‍ മല്ലികച്ചേച്ചിയുടെ പുറത്തു വീണുകൊണ്ടിരുന്നു. അമ്മിണിച്ചേച്ചിയും ആയമാരും വന്ന് പെണ്‍കുട്ടികളുടെയെല്ലാം ബാഗുകളും തുണികളും നിരത്തിയിട്ടു അമ്മച്ചിയുടെ സ്വര്‍ണ്ണമാല കണ്ടെത്താന്‍ പരിശ്രമിച്ചു. രാത്രി വൈകുവോളം ഞങ്ങള്‍ അവിടെ നിന്നു. കുറേ കഴിഞ്ഞപ്പോള്‍ അമ്മച്ചി മല്ലികച്ചേച്ചിയുടെ മുടിയില്‍ പിടിച്ചു വലിച്ചിഴച്ച് അടുക്കളയുടെ അരികിലൂടെ പിന്മുറ്റത്തെത്തി. കളവ് നിഷേധിച്ചുകൊണ്ട് മല്ലികച്ചേച്ചി അപ്പോഴും അലറിക്കരഞ്ഞു.

'' എടി ശവീ, നീ ഇന്നു ഈ മിറ്റത്തു കെടന്നാ മതി...നിന്റെ മോറ കണ്ടാലറിയാം നീ ഒരു കള്ളിയാണെന്ന്.''

നിലവിളികള്‍ തേങ്ങലുകളായി മാറിയ മല്ലികച്ചേച്ചിയുടെ സ്വരം പിന്നെ ഞങ്ങള്‍ കേട്ടില്ല. കയ്യിലുണ്ടായിരുന്ന ചൂരല്‍ കിണറിനടുത്തേക്ക് വലിച്ചെറിഞ്ഞ് അമ്മച്ചി മുറിയിലേക്ക് പോയി. പിറ്റേന്ന്, അമ്മിണിച്ചേച്ചിയും മറ്റ് ആയമാരും അലറിക്കരയുന്നത് കേട്ടാണ് ഞങ്ങള്‍ കുട്ടികള്‍ അനാഥശാലക്ക് പിന്നിലേക്കെത്തിയത്. മുറ്റത്തു ചുരുണ്ടുകൂടി കിടന്ന മല്ലികച്ചേച്ചിക്ക് അനക്കമുണ്ടായിരുന്നില്ല. മുഖത്തും കൈകാലുകളിലും ചോരപൊടിഞ്ഞ തടിച്ച പാടുകള്‍ ഉണ്ടായിരുന്നു. അമ്മച്ചി പറഞ്ഞതനുസരിച്ചു രാജേട്ടനും ജോസേട്ടനും രണ്ട് ആയമാരും ചേര്‍ന്ന് മല്ലികച്ചേച്ചിയെ എടുത്തുകൊണ്ടു കാളത്തോട്ടിലെ ആശുപത്രിയിലേക്ക് പോയി. മടങ്ങിവന്ന രാജേട്ടന്‍ മല്ലികച്ചേച്ചി മരിച്ചു എന്നാണ് ഞങ്ങള്‍ കുട്ടികളോട് പറഞ്ഞത്.

മല്ലികച്ചേച്ചി മരിച്ചുപോയി എന്ന് കരുതിയിരുന്ന ഞങ്ങള്‍ കുട്ടികളെ അമ്പരപ്പിച്ചുകൊണ്ട് ഉച്ച കഴിഞ്ഞപ്പോള്‍ ഒരു പോലീസ് വണ്ടി മല്ലികച്ചേച്ചിയുമായി അനാഥാലയത്തിന് മുന്നിലെത്തി. നേരെ നില്‍ക്കാന്‍പോലും ശേഷിയില്ലാതിരുന്ന അവരുമായി പോലീസുകാര്‍ കെട്ടിടത്തിലും പറമ്പിലുമെല്ലാം മാല ഒളിപ്പിച്ച സ്ഥലം തേടി നടന്നു. മാല കിട്ടാതെയായപ്പോള്‍ അവര്‍ അവരെ ജീപ്പില്‍ തിരിച്ചു കയറ്റി.

''ഇവളെ സ്റ്റേഷനില്‍ കൊണ്ടുപോയി വേണ്ടതുപോലെ ചോദിച്ചാല്‍ എല്ലാം മണിമണിപോലെ പറയും...'

കൊമ്പന്‍ മീശ തടവിക്കൊണ്ട് പോലീസുകാരന്‍ അമ്മച്ചിയെ നോക്കി യാത്ര പറയുമ്പോള്‍, സ്വര്‍ണ്ണമാല കിട്ടുമെന്ന പ്രതീക്ഷ അമ്മച്ചി കൈവിട്ടില്ല. പിന്നീടൊരിക്കലും മല്ലികച്ചേച്ചിയെ ഞങ്ങള്‍ കണ്ടില്ല. അമ്മച്ചി അവരുടെ സ്വര്‍ണ്ണമാലയും. 

പിന്നെയും കുറെ ആഴ്ചകളെങ്കിലും കഴിഞ്ഞാണ് ശാന്തിച്ചേച്ചിയും ഷേര്‍ലിച്ചേച്ചിയും വയനാട്ടില്‍ എവിടെയോ ഉള്ള ഒരു തീപ്പെട്ടി കമ്പനിയില്‍ ജോലികിട്ടി എന്നുപറഞ്ഞു അനാഥശാല വിട്ടുപോയത്. അവര്‍ പോകുന്ന തീപ്പട്ടി കമ്പനിയില്‍ തന്നെ, രണ്ടാള്‍ക്കും താമസസൗകര്യവും ഉണ്ടെന്നാണ് അവര്‍ അമ്മച്ചിയോടും ആയമാരോടും പറഞ്ഞിരുന്നത്. രണ്ടാള്‍ക്കും നൂറു രൂപ വീതം കൊടുത്താണ് അമ്മച്ചി അവരെ യാത്രയാക്കിയത്. അവര്‍ പോയി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അമ്മച്ചിയുടെ സ്വര്‍ണമാല കട്ടെടുത്തത് ശാന്തിച്ചേച്ചിയാണെന്ന് ആയമാര്‍ തമ്മില്‍ സംസാരമായി. അവരെത്തേടി പിറ്റേന്ന് തന്നെ പോലീസുകാര്‍ വയനാട്ടിലെ തീപ്പെട്ടി കമ്പനിയിലേക്ക് പോകുമെന്നും അവരെ കയ്യോടെ പിടിച്ചുകൊണ്ടുവരുമെന്നും അമ്മച്ചി ഉല്ലാസസമയത്തു പറഞ്ഞു. പിറ്റേന്ന് വയനാട്ടിലെ തീപ്പെട്ടി കമ്പനിയില്‍ ശാന്തിച്ചേച്ചിയേയും ഷേര്‍ലിചേച്ചിയെയും തേടിപ്പോയ പോലീസ് അവിടെ തീപ്പട്ടി കമ്പനിയൊന്നും ഇല്ലന്നറിയിച്ചു. തന്റെ നഷ്ടപ്പെട്ട മാല ഇനിയൊരിക്കലും കിട്ടില്ല എന്നുറപ്പായതിനാലാകണം, പിറ്റേന്ന് മുതല്‍ അമ്മച്ചി മറ്റൊരു സ്വര്‍ണമാല അണിഞ്ഞു. ഒന്നര പതിറ്റാണ്ട് അമ്മച്ചിയുടെ കാലുകള്‍ സായാഹ്ന ഉല്ലാസങ്ങളില്‍ തിരുമ്മിയതിന്റെ കൂലി, സ്വര്‍ണമാലയായി കിട്ടിയ സന്തോഷത്തില്‍ ശാന്തിച്ചേച്ചി ആരും അറിയാത്ത ഒരു നാട്ടില്‍ ഷേര്‍ലിചേച്ചിയുമായി ഇന്നും ജീവിക്കുന്നുണ്ടാകും. 

1983 ജൂണ്‍ മാസം. ഞാന്‍ നാലാം ക്ലാസ്സിലേക്ക് കയറി. അനാഥശാലയിലെ രണ്ടാം അധ്യയന വര്‍ഷത്തിന്റെ തുടക്കം മുതല്‍ എന്റെ താമസം മറ്റു ആണ്‍കുട്ടികളുടെ കൂടെയായി. രാജേട്ടനും ജോസേട്ടനുമായിരുന്നു ഞങ്ങള്‍ ആണ്‍കുട്ടികളെ നിയന്ത്രിച്ചിരുന്നത്. അനാഥാലയത്തിന് മുന്നിലൂടെയുള്ള മണ്‍വഴി കടന്ന്, വയലിലേക്കുള്ള വഴിയിലായിരുന്നു ഞങ്ങള്‍ക്ക് താമസിക്കാനുള്ള കെട്ടിടം. അവിടെ വൃത്തിയുള്ള ഒരു കക്കൂസ് ഉണ്ടായിരുന്നെങ്കിലും രാജേട്ടനും ജോസേട്ടനും അതുപയോഗിക്കാന്‍ ഞങ്ങള്‍ കുട്ടികളെ അനുവദിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ അനാഥാലയത്തിന് പുറകിലുള്ള രണ്ട് കക്കൂസുകളില്‍ ഒന്ന് ഉപയോഗിക്കുന്ന രീതി തുടര്‍ന്നു. 

രാജേട്ടന്‍ ഇല്ലാത്ത സമയം നോക്കി, ജോസ്സേട്ടന്‍ ചില കുട്ടികളെ മാത്രം ആണ്‍കുട്ടികളുടെ കെട്ടിടത്തിലെ കക്കൂസ് ഉപയോഗിക്കാന്‍ അനുവദിച്ചു. ഒരു ദിവസം സുഖുച്ചേട്ടന്റെ വീടിനോട് ചേര്‍ന്നുള്ള കക്കൂസിലേക്ക് പോകാന്‍ തുടങ്ങിയ എന്നെയും സാലുവിനെയും നോക്കി ജോസേട്ടന്‍ വിളിച്ചു പറഞ്ഞു.

''നീ വേണേല്‍ ഇവിടെ പൊക്കോ...' 

അനാഥാലയത്തിന് പിന്നിലെ, സുഖുച്ചേട്ടന്റെ വീടിനോട് ചേര്‍ന്നുള്ള ആണ്‍കുട്ടികളുടെ കക്കൂസ് എന്നും വൃത്തിയില്ലാതെ കിടക്കുകയാണ് പതിവ്. രാവിലെ കാര്യം സാധിക്കണമെങ്കില്‍, അടുക്കളക്കരികിലുള്ള കിണറ്റില്‍നിന്ന് വെള്ളം ബക്കറ്റില്‍ കൊണ്ടുവന്നൊഴിച്ചു ആദ്യമേ കഴുകി വൃത്തിയാക്കണം.  കഴുകി വൃത്തിയാക്കി, അടുത്ത ബക്കറ്റില്‍ വെള്ളവുമെടുത്തു വരുമ്പോള്‍ മുതിര്‍ന്നവര്‍ ആരെങ്കിലും കയറും. അതുകൊണ്ടുതന്നെ ജോസേട്ടന്‍ വിളിച്ചപ്പോള്‍ എനിക്ക് വലിയ സന്തോഷമായി. ഞങ്ങള്‍ രണ്ടാളും അടുത്തു ചെന്നപ്പോള്‍ എന്നോട് പൊക്കോളാന്‍ കൈകൊണ്ടു കാണിച്ചിട്ട് സാലുവിനോട് കക്കൂസ് ഉപയോഗിച്ചോളാന്‍ പറഞ്ഞു. അവനുശേഷം അവസരം കിട്ടുമെന്നു കരുതി അവിടെ ചുറ്റിത്തിരിഞ്ഞ എന്നെ ജോസേട്ടന്‍ വിരട്ടിയോടിച്ചു.

''ജോസേട്ടന്‍ ചീത്തയാടാ..''

അന്ന് വൈകീട്ട് പള്ളിക്കൂടം വിട്ടു വരുമ്പോള്‍ സാലു പറഞ്ഞു. അന്നുച്ചയ്ക്കു പള്ളിക്കൂടത്തില്‍ വച്ചും അവന്‍ പലവട്ടം അതേ വാചകം ആവര്‍ത്തിച്ചിരുന്നു.

''ജോസേട്ടന്‍ നിന്നെയെന്താ ചെയ്‌തേ?''

കാളത്തോട്ടില്‍നിന്നുള്ള മണ്‍വഴിയിലൂടെ നടന്നു പോരുമ്പോള്‍ ഞാന്‍ സാലുവിനോട് ചോദിച്ചു.

അന്നു രാവിലെ അവനെ ആണ്‍കുട്ടികളുടെ കെട്ടിടത്തിലെ കക്കൂസ് ഉപയോഗിക്കാന്‍ ജോസേട്ടന്‍ അനുവദിച്ചതും എന്നെ അവിടെനിന്ന് വിരട്ടിയോടിച്ചതും വെറുതെ ആയിരുന്നില്ല.

''നീയിത് ആരോടും പറയണ്ടാട്ടോ..''

എന്റെ സമപ്രായക്കാരനായ സാലുവിന്റെ മുഖത്ത് ഞാന്‍ അന്ന് കണ്ടത് ഭയമായിരുന്നു. ഇനിയിത് അമ്മച്ചിയറിഞ്ഞാല്‍ സാലുവിന് അടി കിട്ടും എന്ന പേടിയും ഞങ്ങള്‍ക്കുണ്ടായിരുന്നു. സാലുവും ഞാനും ഞങ്ങള്‍ക്കായി മാത്രം സൂക്ഷിച്ച ഒരു രഹസ്യമായിരുന്നു അത്. രാജേട്ടനോട് പോലും ഞങ്ങളത് പറഞ്ഞില്ല. കാളത്തോട്ടിലെ അനാഥശാലയില്‍ ഞങ്ങള്‍ കുട്ടികള്‍ പുഴുവുള്ളതാണെങ്കിലും വയറു നിറയെ ഗോതമ്പ് കഞ്ഞി ദിവസവും കഴിച്ച് ജീവിതം തുടര്‍ന്നു.

പള്ളിക്കൂടം തുറന്നതിന്റെ തൊട്ടടുത്ത ആഴ്ച, അനാഥാലയത്തില്‍നിന്ന് ഞങ്ങള്‍ ഞായറാഴ്ച പോകുന്ന പള്ളിയിലെ ഇടവകക്കാര്‍ പതിവുപോലെ അവരുടെ മക്കള്‍ ഉപയോഗിക്കാത്ത തലേ വര്‍ഷത്തെ യൂണിഫോം നിക്കറുകളും ഷര്‍ട്ടും ഞങ്ങള്‍ക്ക് കൊണ്ടുവന്നു തന്നു. ഉല്ലാസം കഴിഞ്ഞ്, അമ്മിണിച്ചേച്ചി വിതരണം ചെയ്തപ്പോള്‍ എനിക്കും കിട്ടി രണ്ട് പച്ച നിക്കറും രണ്ട് ക്രീം ഷര്‍ട്ടുകളും.

''നീ ഇട്ടിരിക്കണ ട്രൗസറ് എന്റേതാ...'

തൊട്ടടുത്ത ദിവസം ഉച്ചക്ക് ഉപ്പുമാവ്, രണ്ടാമതും വാങ്ങിച്ച് വയറു നിറച്ചു കഴിച്ചശേഷം പള്ളിക്കൂടത്തിന്റെ മുറ്റത്ത് കൂട്ടുകാരുമൊത്ത് കളിക്കുമ്പോള്‍, എന്റെ ക്ലാസ്സില്‍ പഠിക്കുന്ന തിമോത്തിയാസ് അവന്റെ കൂട്ടുകാരെയും കൂട്ടി വന്ന് എന്നോട് പറഞ്ഞു. 

''കണ്ടില്ലേ, ഇടതുവശത്ത് ഞാന്‍ പേനകൊണ്ട് വരച്ച പാട് അലക്കീട്ടും പോയിട്ടില്ല. എന്റെ മമ്മി പറഞ്ഞാരുന്നു, എന്റേം ചേട്ടന്റേം കഴിഞ്ഞ വര്‍ഷത്തെ യൂണിഫോമൊക്കെ അനാഥശാലേല്‍ കൊടുക്കുവാണെന്ന്. ഇതിപ്പോ എന്റെ നിക്കറ് നിനക്ക് തന്നെ കിട്ടി...' 

അവന്റെ കൂട്ടുകാരുമായി തിമോത്തിയോസ് ചിരിച്ചുകൊണ്ട് നടന്നു നീങ്ങുമ്പോള്‍ ഞാന്‍ അപഹാസ്യനായി  നിന്നു. കൂടെ ഉണ്ടായിരുന്ന മറ്റു കുട്ടികള്‍ വീണ്ടും കളിക്കാന്‍ തുടങ്ങി. പള്ളിക്കൂടത്തിന്റെ മുറ്റത്തെ കിണറിന്റെ അരഭിത്തിയില്‍ ഇരുകയ്യും പിടിച്ചു ഞാന്‍ ആഴമറിയാത്ത ആ കിണറ്റിലേക്കു തുറിച്ചു നോക്കി. വെള്ളത്തില്‍ പ്രതിഫലിച്ച സ്വന്തം കണ്ണുകളെപ്പോലും അഭിമുഖീകരിക്കാന്‍ എനിക്ക് പേടി തോന്നി. ഞാന്‍ അണിഞ്ഞ ദാനം കിട്ടിയ നിക്കറും ഷര്‍ട്ടും എന്റെ നഗ്‌നത മറച്ചില്ല എന്ന തോന്നലാണ് ഉണ്ടായത്. ആ കിണറ്റിലെ വെള്ളത്തിനടിയില്‍, ഒരു പാതാളക്കരണ്ടിയും എത്തിപ്പെടാത്ത ഏതെങ്കിലും ഒരു കല്ലിടുക്കില്‍ കുരുങ്ങി മരിച്ചിരുന്നെങ്കിലെന്ന്‌ ഞാനെന്ന ഒന്‍പതു വയസ്സുകാരന്‍ ആഗ്രഹിച്ച നിമിഷം. നിഴല്‍രൂപങ്ങളായി വന്ന പിശാചുക്കള്‍  എന്റെ തലയില്‍ കൂട്ടനൃത്തമാടി. ആ നൃത്തച്ചുവടുകള്‍ക്ക് ഈണമായി, തുള്ളിക്കൊരു കുടമായി, പൊടുന്നനെ പെയ്ത മഴ ഇടവപ്പാതിയുടെ വരവറിയിച്ചു. ഒപ്പം അതിന്റെ വഴിയും.