1979 ഫെബ്രുവരി മാസത്തിന്റെ രണ്ടാം പാതിയിലെ ഒരു ഞായറാഴ്ച. കോട്ടയത്ത് നിന്നും മെത്രാനച്ചന്‍ വന്നു കൂദാശചെയ്ത തെള്ളിത്തോട് പള്ളിയില്‍ ഉച്ചമണി അടിച്ചിരുന്നു. മണിയൊച്ചയുടെ മുഴക്കം നിന്നുപോകുംമുന്‍പേ ആരെങ്കിലുമൊക്കെ 'കര്‍ത്താവിന്റെ മാലാഖ' ചൊല്ലി പ്രാര്‍ത്ഥിച്ചിരിക്കണം. ഞങ്ങളുടെ വീട്ടില്‍ അന്ന് ആരും കുരിശു വരച്ചില്ല; പ്രാര്‍ത്ഥിച്ചില്ല. അന്ന് അപ്പന്‍ അമ്മയേയും ഞങ്ങള്‍ നാലു മക്കളേയും ഉപേക്ഷിച്ചു പോകുമ്പോള്‍ എനിക്ക് അഞ്ചു വയസ്സ് പൂര്‍ത്തിയായിരുന്നില്ല. അനുജത്തിക്കുട്ടി ബിന്ദുവിന് രണ്ടു വയസ്സ്. മേച്ചില്‍പ്പുല്ലുകൊണ്ട് മേഞ്ഞ, മഴയത്ത് ചോര്‍ന്നൊലിച്ച ഞങ്ങളുടെ വീടിന്റെ പിറകിലെ മണ്‍ഭിത്തി വിണ്ടുകീറിയിട്ടുണ്ടായിരുന്നു. എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാനായി തയ്യാറെടുത്തിരുന്ന ഞങ്ങളുടെ വീടിന്റെ ഭിത്തികളും ഞങ്ങളെപ്പോലെതന്നെ അപ്പന്റെ യാത്ര നിസ്സഹായതയോടെ നോക്കിനിന്നു. ചില നേരങ്ങളില്‍ തൂവിപ്പോയ കണ്ണീര്‍ത്തുള്ളികള്‍ക്ക് ഭണ്ഡാരത്തില്‍ വീഴുന്ന ചില്ലറത്തുട്ടുകളുടെ വില പോലും കര്‍ത്താവും കല്‍പ്പിക്കുകയില്ല. 

To advertise here,

മുറ്റത്തുനിന്നും നടവഴിയിറങ്ങി അപ്പന്‍ പോകുമ്പോള്‍ എനിക്ക് സന്തോഷമായിരുന്നു. വീട്ടില്‍ പതിവായി ഉണ്ടായിരുന്ന രാത്രിമേളങ്ങള്‍ കാരണമാകാം ഞാന്‍ അങ്ങനെ ചിന്തിച്ചതും സന്തോഷിച്ചതും. പതിവായി രാത്രി മദ്യപിച്ചെത്തുന്ന അപ്പന്‍ തെള്ളിത്തോട് പള്ളിയുടെ മുമ്പിലെത്തുമ്പോള്‍ മുതല്‍ തെറിപ്പാട്ട് വീട്ടില്‍ കേള്‍ക്കാം. പള്ളിയുടെ മുമ്പിൽ മണ്‍വഴിയുടെ ഓരംപറ്റി നിന്നിരുന്ന നീലകുരിശും അതിനുമുന്നിലുണ്ടായിരുന്ന നേര്‍ച്ചഭണ്ഡാരവും വഴിവിളക്കുകള്‍ ഇല്ലാതിരുന്നിട്ടു പോലും അപ്പന്റെ രാത്രിസഞ്ചാരങ്ങള്‍ക്ക് സാക്ഷികളായി. കുരിശടിക്ക് മുകളില്‍ പുതിയതായി പണിതീര്‍ത്ത ദേവാലയത്തിന്റെ അള്‍ത്താരയ്ക്ക് മുന്നില്‍ യൗസേപ്പിതാവ് തന്റെ അനിഷ്ടമെല്ലാം വെളിവാക്കാനെന്നപോലെ ഒരു കയ്യില്‍ ഉണ്ണിമിശിഹയേയും മറ്റേക്കയ്യില്‍ ലില്ലിപ്പൂക്കളും പിടിച്ചു തറയിലേക്ക് കണ്ണുംനട്ട് നിന്നു. രാത്രി ഏറെ വൈകി എത്തുന്ന അപ്പന്‍ അമ്മയുമായി വഴക്കുണ്ടാക്കുന്നതും അടിപിടിയില്‍ കലാശിക്കുന്നതുമൊക്കെ വളരെ ചെറുപ്പത്തില്‍തന്നെ എനിക്ക് ശീലമായിരുന്നു. അത്തരം രാത്രികളില്‍ അമ്മയും ഞങ്ങള്‍ നാലു മക്കളും ഉറങ്ങിയിരുന്നത് വീടിനു മുകളിലെ തൊടിയില്‍ കാട് പിടിച്ചു കിടന്ന ഭാഗത്തിന്റെ ഒത്ത നടുക്ക് വെട്ടിത്തെളിച്ച്, കുട്ടിച്ചാക്കുകളും കീറിയ പായയുമൊക്കെ വിരിച്ച് ഞങ്ങള്‍ത്തന്നെ സൃഷ്ടിച്ച ഒരു ഒളിസങ്കേതത്തിലാണ്. 

ഞങ്ങളുടെ വീടിന്റെ മുറ്റത്ത് വര്‍ഷം മുഴുവന്‍ നിറയെപൂക്കുന്ന ഒരു ഗന്ധരാജനും ഒരിക്കലും പൂക്കാത്ത ഒരു കുറ്റിമുല്ലയുമുണ്ടായിരുന്നു. പൂക്കാത്ത കുറ്റിമുല്ലയുടെ ശിഖരങ്ങള്‍, തഴച്ചുനിന്ന ഗന്ധരാജന്റെ കൊമ്പുകള്‍ക്കിടയില്‍ കെട്ടുപിണഞ്ഞു കിടന്നു. ചൊട്ടയിടാന്‍തക്ക പ്രായമാകാത്ത ഒരു തെങ്ങ് അവയ്ക്ക് രണ്ടിനും തണലായി മുറ്റത്തിന് തൊട്ടുതാഴെ നിന്നു. ആ തെങ്ങിനും കുറേ താഴെയായി ചുവട്ടില്‍ ശിഖിരങ്ങളൊന്നുമില്ലാത്ത ഒരു മഞ്ഞക്കശുമാവ് വേനലാകുമ്പോള്‍ നിറയെ കായ്ക്കും. അതിനടുത്തായി ഒരു ചുമന്ന ഉണ്ടക്കപ്പിലുമാവുമുണ്ട്. തൊടിയിലുണ്ടായിരുന്ന നാലു കശുമാവുകളേയും ഞങ്ങള്‍ നാലു മക്കളും ഓരോരുത്തര്‍ക്കായി ഭാഗം വച്ചെടുത്തിരുന്നു. അപ്പന്‍ ഞങ്ങളെ ഉപേക്ഷിച്ചുപോയ അന്ന് ബിന്ദുവും ഞാനും ചേര്‍ന്ന് ഞങ്ങളുടേതായി നിശ്ചയിച്ചിരുന്ന രണ്ടു കശുമാവുകളുടേയും ചുവട്ടില്‍ വീണുകിടന്ന കശുമാങ്ങ പെറുക്കിത്തിന്ന് കശുവണ്ടി ഒരു കവുങ്ങിന്‍ പാളയിലാക്കി മുറ്റത്ത് കൊണ്ടുവന്നു വച്ചിരുന്നു. അപ്പന്‍ കൊണ്ടുപോയി വില്‍ക്കുമെന്നു അറിയാമായിരുന്നതിനാല്‍ വീടിന്റെ പിന്മുറ്റത്ത് വീണുകിടന്ന കടപ്ലാവിലകള്‍ വാരിയെടുത്ത് ഞാന്‍ ആ പാള മൂടിയിട്ടു. തൊടിയില്‍ കശുമാവിനു താഴെ കുര്യാക്കോച്ചേട്ടന്റെ പറമ്പിനോട് ചേര്‍ന്ന് വളര്‍ന്നുനിന്ന നെന്മേനിവാക അപ്പോളും പൂത്തിരുന്നില്ല. 

അപ്പന്‍ തൊടി കടന്ന് വട്ടംതൊട്ടിക്കാരുടെ പാടവരമ്പിലൂടെ നടന്ന്, തോട് മുറിച്ചു കടക്കുന്നതുവരെ ഞാന്‍ നോക്കിനിന്നു. മുറ്റത്തു മരയുരലിലിട്ട് വെള്ളുകപ്പ ഇടിച്ചുപൊടിച്ചുകൊണ്ടിരുന്ന അമ്മ തന്റെ ദേഷ്യവും നിരാശയുമെല്ലാം ആ പാതി പൊടിഞ്ഞു കിടന്ന കപ്പയോടു തീര്‍ത്തു. 'ഞാന്‍ തെള്ളിയെടുക്കാം..' എന്ന് പറഞ്ഞുകൊണ്ട് മുറവുമായി വന്ന എന്റെ മൂത്ത സഹോദരി പത്തു വയസ്സുകാരി ജെസിയെ അമ്മ ശ്രദ്ധിച്ചില്ല. ഉലക്കകൊണ്ടുള്ള ഇടികളില്‍ ചിലത് ഉരലിന്റെ വക്കില്‍ തട്ടിത്തെറിച്ചു. പൊടിഞ്ഞ വെള്ളുകപ്പയില്‍ മുന്തിയ ഭാഗവും മുറ്റത്തേക്ക് ചിതറിവീണു. അങ്ങനെ തെറിച്ചുവീണ വെള്ളുകപ്പ എന്റെ പാത്രത്തില്‍ എത്തേണ്ട കപ്പക്കുറുക്കിന്റെ അളവ് കുറക്കുമെന്ന വേദന എന്നെ അലട്ടി. അപ്പോള്‍ ഉച്ചയാകാറായിട്ടുണ്ടാകണം. അന്ന് രാവിലെ പള്ളി കഴിഞ്ഞുവന്ന് വെറുംവയറുമായി ഞങ്ങളെല്ലാവരും കാത്തിരിക്കയാണ്. കുര്‍ബാനകഴിഞ്ഞു കമ്പിളികണ്ടത്ത് പോയി അരിയും കുമാരന്‍ചേട്ടന്റെ കശാപ്പ്കടയില്‍നിന്ന് ഇറച്ചിയും വാങ്ങി വരാമെന്നു പറഞ്ഞ അപ്പനെ, ഉച്ചയാകുന്നതുവരെയും മടങ്ങിവരുന്നത് കാണാത്തതിനാലാണ് അമ്മ ഉണക്കിവച്ച വെള്ളുകപ്പ പൊടിക്കാന്‍ തുടങ്ങിയത്. ഒന്നും വാങ്ങാതെ കയ്യുംവീശി വീട്ടിലെത്തിയ അപ്പന്‍ ഒരു മലബാര്‍യാത്രയുടെ പേരും പറഞ്ഞു തൊടിയിറങ്ങിപ്പോയി.

ഏഴു വയസ്സുണ്ടായിരുന്ന എന്റെ രണ്ടാമത്തെ സഹോദരി ലാലി അമ്മയുടെ കാലില്‍ വട്ടം പിടിച്ചു അവളുടെ തല അമ്മയോട് ചേര്‍ത്ത് നിന്നത് ഒരു ചിത്രംപോലെ ഇന്നും എന്റെ മനസ്സിലുണ്ട്. ഞങ്ങള്‍ നാലുപേരില്‍ അപ്പന് ഇഷ്ടം കൂടുതലുണ്ടായിരുന്നത് അവളോടാണ്. ലാലിയെ എടുത്തുമ്മവച്ച് പലവട്ടം അവളോട് യാത്രപറഞ്ഞാണ് അപ്പന്‍ അന്ന് ഇറങ്ങിപ്പോയത്. വെള്ളുകപ്പ ഇടിച്ചുപൊടിച്ചുകൊണ്ടിരുന്ന അമ്മ ഉലക്ക ഉരലില്‍ത്തന്നെ വച്ച്, താടി ഉലക്കയുടെ അറ്റത്തമര്‍ത്തി കുറേനേരം അങ്ങനെ നില്‍ക്കുന്നത് മണ്ണപ്പം ചുടുന്നതിനിടയിലും ഞാന്‍ കണ്ടു. ലാലിയുടെ തലയില്‍ ഒന്ന് തലോടിയിട്ട് സ്വബോധം തിരിച്ചുകിട്ടിയിട്ടെന്നപോലെ അമ്മ ഉലക്കയെടുത്ത് വീടിന്റെ ഭിത്തിയില്‍ ചാരിവച്ചു. തിണ്ണയില്‍ പോയിരുന്ന് തലയില്‍ രണ്ടു കയ്യും വട്ടംപിടിച്ചു കുഞ്ചിരക്കാട്ട് പാറയിലൂടെ വരകളിടുമ്പോലെ മെലിഞ്ഞൊഴുകിയ തെള്ളിത്തോട്ടിലേക്ക് തുറിച്ചുനോക്കി.

'പറക്കമുറ്റാത്ത ഈ നാലു പിള്ളേരെയും കൊണ്ട് ഞാനെന്ത് ചെയ്യാനാ....? ബാങ്കില്‍ നിന്ന് ജപ്തിക്കു വന്നാല്‍ ഞാന്‍ എന്ത് ചെയ്യും? ഈ പിള്ളേരുമായി ഞാന്‍ എങ്ങോട്ടു പോകാനാ...? ' 
അമ്മ ആരോടെന്നില്ലാതെ ചോദിച്ചുകൊണ്ടിരുന്നു. ജെസിയും ലാലിയും അമ്മയുടെ അടുക്കല്‍ വന്ന് ഒന്നും മിണ്ടാതെ താഴെ കണ്ടത്തിലേക്ക് നോക്കിയിരുന്നു. അപ്പന്‍ തൊടിയിറങ്ങി പോകുന്നതിനു മുന്‍പും ഇതേ ചോദ്യങ്ങള്‍തന്നെയാണ് അമ്മ ചോദിച്ചിരുന്നത്. അവയ്‌ക്കൊന്നുമുള്ള ഉത്തരങ്ങള്‍ അപ്പന്‍ കൊടുത്തതായി ഞാന്‍ ഓര്‍ക്കുന്നുമില്ല. ബിന്ദുവും ഞാനും മുറ്റത്തിന്റെ ഒരു മൂലയില്‍ മണ്ണപ്പം ചുട്ടുകൂടി. നെന്മേനി വാകയുടെ ഓരംപറ്റി തനിയെ മുളച്ചു വളര്‍ന്ന വെള്ളപ്പൊട്ടാമ കാറ്റിനൊപ്പം സ്വരവികൃതികള്‍ സൃഷ്ടിച്ചു. മുറ്റത്തു നിന്ന ചുവന്ന കടലാസ് റോസയുടെ അരുകിലൂടെ ബിന്ദുവും ഞാനും മെല്ലെയിറങ്ങി നടന്ന്, പൂത്തു തുടങ്ങിയ വട്ടയുടെ മുഴുത്ത ഇലകള്‍ പറിച്ചെടുത്ത് മുറ്റത്ത് ചുട്ടുകൂട്ടിയിരുന്ന മണ്ണപ്പങ്ങള്‍ അവയില്‍ വിളമ്പിവച്ചു. അപ്പന്‍ ഉപേക്ഷിച്ചുപോയ ദുഃഖംകൊണ്ടാകണം, ബിന്ദുവും ഞാനും ചുട്ട്, വട്ടയിലയില്‍ വിളമ്പിയ മണ്ണപ്പത്തിന്റെ രുചി നോക്കാന്‍ ആര്‍ക്കും താല്പര്യമുണ്ടായിരുന്നില്ല. 

മലബാറില്‍ പോയി സമ്പന്നനായി മടങ്ങിവരുന്ന അപ്പന്‍, തെള്ളിത്തോട്ടിലെ മേക്കാട്ടു ചേട്ടത്തിയുടെ കടയിലെ ചില്ലലമാരയില്‍ നിറഞ്ഞുകിടന്ന്, എന്നെ കൊഞ്ഞനംകുത്തി കളിയാക്കിയിരുന്ന പലഹാരങ്ങളില്‍ ചിലതും വാങ്ങി വീട്ടിലെത്തുന്നതും സ്വപ്നം കണ്ടുള്ള ഞങ്ങളുടെ ജീവിതം ആഴ്ചകളില്‍നിന്ന് മാസങ്ങളിലേക്ക് വഴിമാറി. മേക്കാട്ടു കടയിലെ, ദിവസങ്ങള്‍ പലതു കഴിഞ്ഞും വിറ്റുപോകാതിരുന്ന ബോണ്ടയും ഉള്ളിവടയും മടക്കും അപ്പനൊരിക്കല്‍ പാതി വിലയ്ക്ക് വാങ്ങിക്കൊണ്ടുവന്നയോര്‍മയും എനിക്കുണ്ട്. ചെറിയൊരു മണവും പഴക്കുചുവയും ഉണ്ടായിരുന്നെങ്കിലും സഹോദരിമാരോടൊപ്പം അന്ന് കഴിച്ചതുപോലെ വീണ്ടും കിട്ടുമെന്ന പ്രതീക്ഷയാണ് എനിക്ക് അപ്പന്റെ തിരിച്ചു വരവിനെ കാത്തിരിക്കാനുള്ള ഏക പ്രചോദനമായത്. തെള്ളിത്തോടു പള്ളിയില്‍ ഞായറാഴ്ചക്കുര്‍ബാനക്കു പോകുമ്പോള്‍ കൊതിയോടെ ഞാന്‍ നോക്കിനിന്ന എണ്ണപ്പലഹാരങ്ങളുമായി അപ്പന്‍ ഒരിക്കലും മടങ്ങിവന്നില്ല. 

പലഹാരങ്ങളുമായുള്ള അപ്പന്റെ മടങ്ങി വരവിന് സാധ്യത ഒന്നുമില്ല എന്ന അവബോധം ജനിക്കുന്നത് 1979 ഏപ്രില്‍ മാസം അവസാനം ജപ്തി നടപടികളുമായി, ചെണ്ട കൊട്ടിയും ഡ്രമ്മടിച്ചും നിക്കറിട്ട രണ്ട് പോലീസ്സുകാരുടെ അകമ്പടിയോടെ പാറത്തോട് സഹകരണ ബാങ്കില്‍നിന്ന് ഒരുകൂട്ടം ആളുകള്‍ വീട്ടില്‍ വന്നപ്പോളാണ്. അപ്പന്‍ നാടുവിട്ടു പോയി രണ്ടുമാസത്തിലേറെ കഴിഞ്ഞാണ് കൃഷിവായ്പ തിരിച്ചടക്കാത്തതിനാല്‍ സഹകരണ ബാങ്കില്‍നിന്ന് ജപ്തി നടപടികളുമായി ആളുകളെത്തിയത്. ഒരിക്കലും വിളവിറക്കാത്ത ഏതോ കൃഷിയുടെ പേരു പറഞ്ഞ് മറ്റു രണ്ടാളുകളുടെ കൂട്ടുജാമ്യത്തില്‍ അപ്പന്‍ എടുത്ത ആയിരത്തി മുന്നൂറ്റിപതിമൂന്ന് രൂപകൊണ്ട് കന്നുകാലിക്കച്ചവടം നടത്തി കിട്ടിയ മുതലും ലാഭവുമൊക്കെ കള്ളുഷാപ്പിലും ചീട്ടുകളിക്കുന്നുകളിലും പൊലിഞ്ഞുപോയിരുന്നു.. ജപ്തിക്ക് സാധ്യത ഉണ്ടെന്നും പലിശയടച്ചു ലോണ്‍ പുതുക്കണമെന്നും കൂട്ടുജാമ്യക്കാരന്‍ കമ്പിളികണ്ടത്ത് വച്ചു പറഞ്ഞതുകൊണ്ടാണ് അരിയും ഇറച്ചിയും വാങ്ങാതെ അപ്പന്‍ അന്ന് തറവാട്ടു വീട്ടിലേക്കു പോയത്. പലചരക്കുകടയും മീന്‍കടയുമൊക്കെ ഇളയ ആണ്‍മക്കളെ ഏല്പിച്ച് വല്യപ്പന്‍ വീട്ടില്‍ എത്തിയിരുന്നു. 

വല്യപ്പന്‍ കുടുംബവിഹിതം കൊടുത്താല്‍ ജപ്തി നടപടികള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് അപ്പന് അറിയാമായിരുന്നു. വല്യപ്പനെയും വല്യമ്മയെയും കൂടാതെ അപ്പന്റെ നേരെ ഇളയ അനുജനുമാണ് അന്നത്തെ ആ കുടുംബയോഗത്തില്‍ പങ്കെടുത്തത്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപ്പന്‍ നാടുവിട്ടു പോയപ്പോള്‍ നാനൂറ്റിമുപ്പത് രൂപ വാങ്ങിയതിനെ കുടുംബവിഹിതമായി കണ്ട വല്യപ്പന്‍ അപ്പനെ സഹായിക്കാന്‍ തയ്യാറായില്ല. വീട്ടില്‍ വാറ്റിയെടുത്ത കോട്ടോടി ഒന്നിച്ചിരുന്നു കുടിക്കുമ്പോള്‍ കോട്ടയത്തെ കുടുംബക്കാരില്‍ പലരും മലബാറില്‍ കുടിയേറി സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ ആയെന്നും അതിനാല്‍ അപ്പന്‍ മലബാറിനു പോകുന്നതാണ് നല്ലതെന്നും വല്യമ്മ അഭിപ്രായപ്പെട്ടു. ഭാര്യയുടെ ഉപദേശം ശരിവച്ചുകൊണ്ട് വല്യപ്പന്‍ യാത്രപ്പടിയായി അന്‍പതു രൂപയും നല്‍കി. അപ്പന്‍ ഞങ്ങളെ വിട്ട് മലബാറിനെന്നു പറഞ്ഞു പോയി മൂന്നുമാസങ്ങള്‍ക്ക് ശേഷം ജപ്തി നടപടികള്‍ക്കായി വീട്ടില്‍ വന്ന ബാങ്ക് അധികാരികളില്‍നിന്ന് പലിശ അടക്കാന്‍ കുറച്ചു മാസത്തെ അവധി വാങ്ങിച്ചെടുക്കുമ്പോഴും അതിനുള്ള വക എവിടെനിന്നു കിട്ടുമെന്ന് അമ്മയ്ക്കറിയില്ലായിരുന്നു. മേരി വാക്കുപാലിക്കുമെന്ന ഉറപ്പില്‍ സഹകരണ ബാങ്ക് ജീവനക്കാരും നിക്കറിട്ട പോലീസുകാരും ചെണ്ട കൊട്ടാതെയും ഡ്രം അടിക്കാതെയും കുഞ്ചിരക്കാട്ട്പാറ കയറി തെള്ളിത്തോട് വഴി മടങ്ങിപ്പോയി.

ചെണ്ടകൊട്ടിയെത്തിയ ബാങ്ക് ജീവനക്കാരുടെ മുന്നില്‍ അമ്മയും ഞങ്ങള്‍ കുട്ടികളും നാണംകേട്ട് നില്‍ക്കുന്നത് കണ്ടതുകൊണ്ടാകണം തൊടിയുടെ താഴെയുള്ള വാകമരത്തിനും വെള്ളപ്പൊട്ടാമക്കും ഇടയില്‍ നിന്ന യൂക്കാലിപ്‌സ് മരത്തിന്റെ വേരുകളില്‍ ചിലതും രണ്ട് ശിഖിരങ്ങളും അവരുടെ പറമ്പിലേക്കു ചാഞ്ഞു നിന്നതിനാല്‍ ആ മരത്തിന്റെ പകുതിക്ക് അവകാശമുണ്ടെന്ന് അയല്‍വാസി കുര്യാക്കോസു ചേട്ടന്‍ അവരുടെ കണ്ടം കിളക്കാന്‍ വന്നപ്പോള്‍ ഔപചാരികമായി തുറന്നു പ്രഖ്യാപിച്ചത്. ആ അവസരം ഉപയോഗിച്ചു തന്നെയാണ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ അമ്മക്ക് പറമ്പിന്റെ അതിര്‍ത്തി അറിയില്ല എന്ന് പറഞ്ഞു ഞങ്ങളുടെ തൊടിയുടെ കിഴക്കേ അതിരില്‍ ചിലയിടങ്ങളിലായി വളര്‍ന്ന് നിന്നിരുന്ന കൊന്നവേലി പറിച്ചെടുത്ത് രണ്ടടി ഞങ്ങളുടെ പറമ്പിലേക്കു കയറ്റി നടാന്‍ അപ്പുറഞ്ഞെ പറമ്പുകാരന്‍ വര്‍ക്കിച്ചേട്ടന്‍ പ്രത്യേകം ശ്രദ്ധ വച്ചത്. ആ നാളുകളില്‍ വര്‍ക്കിച്ചേട്ടന്‍ പറമ്പില്‍ പണിയുന്നതിലേറെ സമയം അതിര്‍ത്തി നിര്‍ണ്ണയിച്ചുറപ്പിക്കാന്‍ പെടാപ്പാട്‌പെട്ടു. അപ്പന്‍ പോകുമ്പോള്‍, വീടിന്റെ പടിഞ്ഞാറായി കന്നുകാലികള്‍ ഒന്നു പോലുമില്ലാത്ത ഒരു തൊഴുത്തുണ്ടായിരുന്നു. എന്നിട്ടും അതിനോട് ചേര്‍ന്നുനിന്ന കടപ്ലാവ് സമയാസമയങ്ങളില്‍ കായ്ച്ചു. കടപ്ലാവിനോട് ചേര്‍ന്ന് നിന്ന കാപ്പി മരങ്ങള്‍ കപ്പിക്കുരുവിനേക്കാളേറെ ഞങ്ങളെ അടിക്കാനുള്ള വടികള്‍ അമ്മക്ക് നിര്‍ലോഭം സമ്മാനിച്ചു. അപ്പനോടുള്ള പരാതികള്‍ കൂടുമ്പോള്‍ അമ്മ കാപ്പിക്കമ്പുകള്‍ കൊണ്ട് ഞങ്ങളെ നന്നായി സല്‍ക്കരിച്ചു. അവിടെ നിന്നും കുറച്ചുമാറി വല്ലപ്പോഴും മാത്രം മടിച്ചുമടിച്ചു കായ്ച്ച ഒരു കുടമ്പുളിയുടെ തഴെയായി പകുതിയോളം പൊട്ടിച്ചു മാറ്റിയ ഒരു പാറയ്ക്കും കായ്ക്കുന്ന മാങ്ങാ മുഴുവന്‍ വിണ്ടുകീറിപ്പോകുന്ന ഒരു പ്ലാത്തിമാവിനും ഇടയിലായിരുന്നു പന്നിക്കൂട്. അപ്പന്‍ പോകുമ്പോള്‍ ചെനയുള്ള ഒരു കാളിപ്പന്നി ആ കൂട്ടില്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ പ്രഭാതാവശ്യങ്ങള്‍ നടത്തിയിരുന്ന ആ പന്നിക്കുടിന്റെ കെട്ടിനോട് ചേര്‍ന്ന് വളര്‍ന്നതുകൊണ്ടാണ് പ്ലാത്തിമാവില്‍ ഉണ്ടായ മാങ്ങായെല്ലാം വിണ്ടുകീറി പുഴുപിടിച്ചു പോകുന്നതെന്ന് ജെസ്സി ഞങ്ങള്‍ ഇളയവരെ പറഞ്ഞു വിശ്വസ്സിപ്പിച്ചിരുന്നു. 

സഹകരണബാങ്കില്‍നിന്ന് ജപ്തി നടത്താന്‍ വന്നതിനുശേഷമുള്ള ഞായറാഴ്ച കുര്‍ബാന കഴിഞ്ഞു വല്യപ്പന്‍ വീട്ടിലേക്ക് വന്നു. വല്യമ്മയും വല്യപ്പാപ്പൻ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന അപ്പന്റെ നേരെ ഇളയ അനിയനും വല്യപ്പനോടൊപ്പം ഉണ്ടായിരുന്നു. 'നീ ഇങ്ങനെ പിള്ളേരെയും ആയി ഒറ്റക്ക് ഇവിടെയിങ്ങനെ താമസിച്ചാല്‍ അതെങ്ങനെയാ ശരിയാവുക? നമുക്ക് ഒരു നാട്ടുനടപ്പൊക്കെ ഇല്ലേ. പിള്ളേരെ നാലുപേരെയും തറവാട്ടില്‍ തന്നിട്ട് നീ ആങ്ങളമാരുടെ കൂടെ നിന്റെ വീട്ടില്‍ പോയി നിക്ക്...'അമ്മ കൊടുത്ത കടുംചായ തിണ്ണയിലിരുന്ന് ഊതിയൂതി കുടിക്കുന്നതിനിടയില്‍ വല്യപ്പന്‍ പറഞ്ഞു. അന്നും മുറ്റത്തിരുന്നു മണ്ണപ്പം ചുട്ടു കളിച്ചിരുന്ന ബിന്ദുവും ഞാനും പൂത്തുനിന്നിരുന്ന കടലാസ് റോസപ്പൂക്കള്‍ പറിച്ച് കൂട്ടാനൊരുക്കാനും മറന്നില്ല. 
'ഞാന്‍ എങ്ങോട്ടും പോണില്ല..' 

നിരാശയും ദുഖവും നിറഞ്ഞ അമ്മയുടെ മുഖത്ത് ലോകത്തോട് മുഴുവനുമുള്ള പകയും ഉണ്ടായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. അപ്പന്‍ നാടുവിട്ടു പോയതില്‍ വല്യപ്പനും കാരണക്കാരനാണെന്ന് അമ്മ കൂടെക്കൂടെ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ വല്യപ്പാപ്പനോടും വല്യമ്മയോടുമൊപ്പം വല്യപ്പന്‍ അന്നവിടെ വന്നത് അമ്മക്ക് ഇഷ്ടമായില്ല എന്നത് അമ്മയുടെ വാക്കുകളിലും നടത്തത്തിലും മുഴച്ചുനിന്നു. അമ്മയുടെ മറുപടി ഇഷ്ടമാകാത്തതിലുള്ള ദേഷ്യം മുഖത്ത് കാണിച്ചുകൊണ്ട് വല്യമ്മ തിണ്ണയില്‍നിന്ന് എഴുന്നേറ്റ് പൂത്തുനിന്ന ഗന്ധരാജന് അടുക്കലേക്ക് നടന്നു. അതില്‍നിന്ന് രണ്ടുമൂന്നു പൂക്കളും വിടര്‍ന്നു തുടങ്ങുന്ന മൊട്ടുകളും പറിച്ചു കീറി ഞെരിച്ച് തെങ്ങിന്റെ ചുവട്ടിലേക്കെറിഞ്ഞു.
 'കുഞ്ഞാഞ്ഞ ആ ചെനയുള്ള പന്നിയെ എനിക്ക് വിറ്റു കാശ് വാങ്ങിയിരുന്നു. ഞങ്ങള്‍ അതിനെ പിടിച്ചോണ്ട് പോകാന്‍കൂടിയാ വന്നത്..' 
വല്യപ്പാപ്പന്‍ പറയുന്നത് നുണയാണന്നബോധ്യം അമ്മയുടെ മുഖഭാവം വിളിച്ചു പറഞ്ഞു. അല്ലെങ്കില്‍ത്തന്നെ അപ്പന്‍ പന്നിയെ വില്‍ക്കില്ലെന്ന ഉറപ്പും അമ്മയ്ക്കുണ്ടായിരുന്നിരിക്കണം.
'പന്നിയെ വിറ്റകാര്യം കൊച്ച് എന്നോട് പറഞ്ഞിട്ടില്ല. അതുകൊണ്ട്തന്നെ, നിന്നെ എനിക്ക് വിശ്വാസമില്ല. ഞാന്‍ നിനക്ക് പന്നിയെ തരുകേലാ ...' 
വല്യപ്പന്‍ ചായ കുടിച്ചുതീര്‍ത്തുവച്ച ഗ്ലാസ്സുമെടുത്തു നടക്കുമ്പോള്‍ കൂസലില്ലാതെതന്നെ അമ്മ പറഞ്ഞു. അപ്പന് വീട്ടിലും നാട്ടിലും കൊച്ച് എന്നാണ് വിളിപ്പേര്. 
'നീ എന്റെ ചെറുക്കനെ നൊണയനാക്കുവാണോ.....? നിന്റെ സ്വഭാവം ശരിയല്ലാത്തകൊണ്ടാ എന്റെ കൊച്ച് നാടുവിട്ടു പോയത്..' 
അഴിഞ്ഞു തോളിലേക്ക് വീണ മുടി വാരിക്കെട്ടിക്കൊണ്ടു വല്യമ്മ അമ്മയുടെ നേരെ വന്നു. വല്യപ്പാപ്പന്‍ കൈ ഉയര്‍ത്തി അമ്മയെ അടിക്കാനോങ്ങിയിട്ട് അതൊഴിവാക്കുകയാണെന്ന് പറഞ്ഞുകൊണ്ട് നടവഴി ഇറങ്ങി നടന്നു.
''എന്റ സ്വഭാവം ശരിയാണോ തെറ്റാണോ എന്നൊന്നും നിങ്ങള്‍ ഇനി അന്വേഷിക്കണ്ട. ബാങ്കില്‍നിന്ന് ജപ്തിക്കു വരുമെന്നും കുടുംബവിഹിതമായി കുറച്ചു പണം തന്നാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമെന്നും കൊച്ച് അച്ചാച്ചനോട് പറഞ്ഞതല്ലേ. അപ്പോള്‍ പണ്ടെങ്ങോ കടമായി കൊടുത്ത കുറച്ചു പണത്തിന്റെ പേരുപറഞ്ഞു കുടുംബവിഹിതം ഇനി തരില്ല എന്ന് പറഞ്ഞിട്ടില്ലേ... കൂട്ടത്തിലിരുത്തി കോട്ടോടിയും കുടിച്ചിട്ട് മലബാറിനു ചുരം കയറാന്‍ ഉപദേശിച്ചു അന്‍പതു രൂപയും കൊടുത്തു വിടുമ്പോള്‍ നിങ്ങളുടെ മകന് കെട്ട്യോളും നാലു മക്കളും ഉണ്ടെന്ന് ഓര്‍ക്കണാരുന്നു. ഇനി മേലില്‍ ഇങ്ങോട്ടുവന്ന് നിങ്ങളാരും എന്റെ സ്വഭാവത്തിന്റെ കണക്കെടുക്കേണ്ട.''
 വല്യപ്പനും വല്യമ്മയും അപ്പാപ്പനും തൊടിയിറങ്ങി നടക്കുമ്പോള്‍ മുറ്റത്തു നിന്ന് അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു........ 
''അങ്ങനെ നിന്റെ തോന്ന്യാസത്തിന് ജീവിക്കാന്‍ നിന്നെ ഞങ്ങള്‍ വിടില്ല. ഇവിടെ പള്ളിയും പട്ടക്കാരുമൊക്കെയില്ലേ....? '
വയല്‍ വരമ്പത്തു കൂടി നീങ്ങുമ്പോള്‍ വല്യപ്പന്‍ വിളിച്ചു പറഞ്ഞു. തോടുകടന്നു നീങ്ങുമ്പോള്‍ വല്യപ്പന്‍ മടിയില്‍നിന്ന് ബീഡിയെടുത്തു കത്തിച്ചു വലിച്ചുകൊണ്ട് ഞങ്ങളുടെ വീട്ടിലേക്കു കുറേനേരം നോക്കിനിന്നു. അപ്പനോടൊപ്പം വല്യപ്പാപ്പനും ബീഡി വലിക്കുന്നുണ്ടായിരുന്നു. അവരെ കാത്തുനിന്നു മടുത്ത വല്യമ്മ വാറ്റുവര പണിക്കത്തിയുടെ വീട്ടിലേക്ക് കയറി ഞങ്ങളുടെ വീട്ടില്‍ അസമയത്ത് ആരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കാന്‍ പറഞ്ഞേല്‍പ്പിച്ചു പോകാന്‍ മറന്നില്ല. 

അന്നത്തെ അഞ്ചു വയസ്സുകാരന്റെ ഓര്‍മകള്‍ക്കും അപ്പുറം അപ്പന്റെയും അമ്മയുടെയും കുടുംബങ്ങളുടെ ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റ ചരിത്രം കൂടി പറയേണ്ടതുണ്ട്. 1979 ഫെബ്രുവരി മാസത്തിനു മുന്‍പുള്ള ഓര്‍മകളൊന്നും എനിക്കില്ല. അമ്മയുടെയും അപ്പന്റെയും കുടുംബങ്ങളെക്കുറിച്ചും, കുടിയേറ്റത്തെക്കുറിച്ചും അവരുടെ കുടുംബജീവിതാരംഭത്തെക്കുറിച്ചും പില്‍ക്കാലത്ത് അപ്പനും അമ്മയും പറഞ്ഞുതന്ന കഥകള്‍ക്കൂടി പറയുമ്പോള്‍ മാത്രമേ എന്റെ ഓര്‍മകഥകള്‍ ഒരു കാലഘട്ടത്തിന്റെയും ഒരു പ്രദേശത്തിന്റെയും കഥയാകുകയുള്ളു. അപ്പനും അമ്മയ്ക്കും ഞാന്‍ ഉണ്ടാകുന്നതുവരെയുമുള്ള ഓര്‍മകള്‍ നിറങ്ങള്‍ ചേര്‍ക്കാതെ കുറിക്കുകയാണ്. 

1966-ല്‍ ആണ് അപ്പന്‍ അമ്മയെ പാറത്തോട് പള്ളിയില്‍ വച്ചു കല്യാണം കഴിച്ചത്. കോട്ടയത്ത് നിന്നും വല്യപ്പനും സഹോദരങ്ങളും കിഴക്കന്‍ മലയോരക്കാടുകളിലേക്ക് കൂടിയേറുമ്പോള്‍ അപ്പന് പ്രായം ഒന്‍പത്. അമ്മയുടെ വല്യപ്പനും കുടുംബവും തൊടുപുഴയ്ക്ക് അടുത്ത് നിന്നാണ് ഹൈറേഞ്ചിലേക്ക് കുടിയേറിപ്പാര്‍ത്തത്. അപ്പന് പതിനെട്ടു വയസ്സുള്ളപ്പോള്‍ നല്ല ആരോഗ്യവും കൊമ്പന്‍ മീശയുമുള്ളതിനാല്‍ പോലീസില്‍ സെലക്ഷൻ കിട്ടിയെങ്കിലും 'നല്ല കുടുംബത്തില്‍ പിറന്നവര്‍' പോലീസ് ആകാന്‍ പാടില്ല എന്നായിരുന്നു വല്യമ്മയുടെ അഭിപ്രായം. അപ്പന്റെ അമ്മയുടേത് കോട്ടയത്ത് കല്ലറ പ്രദേശത്തെ അറിയപ്പെടുന്ന ഒരു പുരാതന നസ്രാണി കുടുംബം ആണെന്നും ആയതിനാല്‍ത്തന്നെ തങ്ങളുടെ കുടുംബത്തില്‍ ആരും പൊലിസുദ്യോഗം അതുവരെയും ചെയ്തിട്ടില്ലെന്നും വല്യമ്മ അവതരിപ്പിച്ചപ്പോള്‍ അപ്പനോ വല്യപ്പനോ എതിര്‍ത്ത്പറയാന്‍ ധൈര്യമുണ്ടായിരുന്നില്ല. ഹൈറേഞ്ച് കുടിയേറ്റത്തിന്റെ ആ നാളുകളില്‍ കന്നുകാലികളെ പങ്കുകൂടി കൊന്നും പന്നിയെ കുടുംബങ്ങള്‍ ചേര്‍ന്ന് വെട്ടിയും വട്ടയിലയില്‍ ഇറച്ചി പകുത്തെടുത്തും ജീവിച്ച ഒരു കാലം തെള്ളിത്തോട്ടിലും പൂതാളിയിലും പാറത്തോട്ടിലും കമ്പിളികണ്ടത്തുമൊക്കെ ഉണ്ടായിരുന്നു. കുടുംബക്കാരും അയല്‍വാസികളും കൂട്ടുകാരുമൊക്കെച്ചേര്‍ന്ന് കശുമാങ്ങായോ മറ്റു പഴങ്ങളോ വാറ്റി കലങ്ങള്‍ ഒന്നിനുമെല്‍ ഒന്നായി അടുക്കി കൊട്ടോടി ഉണ്ടാക്കി കുടിച്ചാസ്വദിച്ച ഒരു കാലം. അതുകഴിഞ്ഞാണ് കമ്പിളികണ്ടത്ത് കള്ളുഷാപ്പ് വന്നതും തെങ്ങും പനയുമെല്ലാം സ്ഥിരമായി ചെത്താന്‍ തുടങ്ങിയതും. പള്ളികളും ക്ഷേത്രങ്ങളും വഴികളില്‍ ഒന്നിടവിട്ട വളവുകളില്‍ കുരിശുപള്ളികളും അവയെ അലങ്കരിച്ച നേര്‍ച്ചപ്പെട്ടികളും വന്നതൊക്കെ ഏറെകഴിഞ്ഞാണ്. വല്യപ്പന്മാര്‍ കമ്പിളികണ്ടം കള്ളുഷാപ്പില്‍ അന്തിക്കള്ളു മോന്തി പറഞ്ഞുറപ്പിച്ചതാണ് അപ്പന്റെയും അമ്മയുടെയും വിവാഹം. പാറത്തോട് പള്ളിയില്‍ത്തന്നെ മൂന്ന് വിളിച്ചുചൊല്ലി ഒത്തുകല്യാണവും കെട്ടും നടത്തി. കല്യാണം കഴിഞ്ഞാണ് അമ്മയും അപ്പനും പരസ്പരം കാണുന്നതും മിണ്ടുന്നതും. കല്യാണം കഴിഞ്ഞ് അമ്മ അപ്പന്റെ തറവാട്ടുവീട്ടിലെത്തി ഏതാനും ആഴ്ചകള്‍ക്കകം വല്യമ്മ ഇളയ മകനെ പ്രസവത്തി നായി കോട്ടയത്തെ സ്വന്തം തറവാട്ടിലേക്കു പോയി. അപ്പന് നാല് അനുജന്മാരും ഒരു സഹോദരിയുമാണ്.

വല്യപ്പന്‍ അക്കാലത്ത് തെള്ളിത്തോടിന്റെ മുകളിലെ കുരിശുകുത്തിക്കുന്നില്‍ വനം തെളിച്ചും മറ്റുള്ളവരോട് വാങ്ങിയുമൊക്കെയായി കുറെ കൃഷിസ്ഥലം സ്വന്തമാക്കി. രാവിലെ അടുക്കളപ്പണിയൊക്കെ കഴിഞ്ഞ്, ഉച്ചയൂണിനു ശേഷം പറമ്പില്‍ ഭര്‍ത്താവിനോടും അമ്മായിയപ്പനോടും രണ്ടനുജന്മാരോടുമൊപ്പം പറമ്പില്‍ പണിയെടുക്കുമ്പോള്‍ അപ്പനോടൊപ്പം തന്നെ ആയിരിക്കുന്നതിലുള്ള ഇഷ്ടമായിരുന്നു അമ്മയുടെ സന്തോഷം. പ്രസവശേഷം അന്‍പത്തിയാറുവരെ കോട്ടയത്തെ സ്വന്തം തറവാട്ടില്‍ ആയിരുന്ന വല്യമ്മ മടങ്ങി എത്തിയപ്പോള്‍ അടുക്കളയിലും തൊടിയിലുമൊക്കെ പണിയെടുക്കുന്ന മരുമകളെയും അവളുടെ രീതികളെയും സംശയദൃഷ്ടിയോടെയാണ് നോക്കിയത്.
''നീ ഒരു പെങ്കോന്തനായല്ലോ...' 
അപ്പനും അമ്മയും അടുത്തിടപഴകുന്നതോ ഒന്നിച്ച് ഒരേ കട്ടിലില്‍ കിടക്കുന്നതോ ഒന്നും വല്യമ്മക്ക് ഇഷ്ടമായില്ല. 
''നീ ഇന്നുമുതല്‍ എന്റെ കൂടെ കിടന്നാല്‍ മതി...' 
മടങ്ങിവന്ന വല്യമ്മ ആദ്യദിവസം തന്നെ തന്റെ തീരുമാനം അറിയിച്ചു. തൊടിയില്‍ കപ്പയും ഇഞ്ചിയും മഞ്ഞളും ചേനയും കാച്ചിലും ചേമ്പുമൊക്കെ നടുമ്പോള്‍ അപ്പനും അമ്മയും അടുത്തടുത്തു നില്‍ക്കുന്നില്ലായെന്നും വല്യമ്മ ഉറപ്പുവരുത്തി.
''അവനങ്ങനെ എപ്പോഴും മേരിയോട് വര്‍ത്തമാനം പറഞ്ഞിരിക്കേണ്ട. നീ അവന്റെകൂടെ എപ്പോളും കാണണം.'' 
വല്യമ്മ രണ്ടാമത്തെ മകനെ തന്റെ തന്ത്രങ്ങളുടെ ഭാഗമാക്കി. സന്ധ്യയാകുവോളം തൊടിയിലെ പണിക്കിടയിലും അപ്പനും അമ്മയും പ്രണയത്തില്‍ വളര്‍ന്നു. അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിഞ്ഞു. അവരുടെ കളിചിരികള്‍ക്കും ഒളിച്ചുനിന്നുള്ള വര്‍ത്തമാനങ്ങള്‍ക്കും സാക്ഷിയാകാന്‍ വല്യപ്പാപ്പന്‍ അവര്‍ക്കൊപ്പം തന്നെ ഉണ്ടായിരുന്നു.
''പറഞ്ഞുവച്ച സ്ത്രീധനത്തില്‍ ആയിരത്തിയഞ്ഞൂറ് രൂപകൂടി ഇവളുടെ വീട്ടുകാര്‍ തരാനുണ്ട്...'
വല്യമ്മയുടെ കൂടെക്കൂടെയുള്ള കുത്തുവാക്കുകളും സ്ത്രീധനകണക്കുകളും അമ്മയെ അപ്പനോട് കൂടുതല്‍ അടുപ്പിച്ചു. ഇന്ന് തിരിഞ്ഞുനിന്നു നോക്കുമ്പോള്‍ ശക്തരായ രണ്ടു സ്ത്രീകളുടെ ഇടയില്‍ പെട്ടുപോയ നിസ്സഹായനായ മനുഷ്യനായിരുന്നിരിക്കണം അപ്പന്‍ എന്നെനിക്ക് തോന്നാറുണ്ട്. 

ഭര്‍ത്താവിന്റെ കീഴില്‍ അനുസരണയും വിധേയത്വവുമുള്ള ഭാര്യയുടെ റോള്‍ വല്യമ്മ വഹിച്ചിരുന്നുവെങ്കിലും വല്യപ്പനോ മക്കള്‍ക്കോ അവര്‍ പറയുന്നതിനപ്പുറം എന്തെങ്കിലും പറയാനോ ചെയ്യാനോ ധൈര്യമുണ്ടായിരുന്നില്ല. വല്യമ്മ കോട്ടയത്തെ സ്വന്തം വീട്ടില്‍ ചെല്ലുമ്പോള്‍പ്പോലും അവിടെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അവര്‍ക്ക് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു എന്നാണ് കേട്ടറിവ്. ഏതാനും മാസങ്ങള്‍ക്കകം അമ്മയുടെ കുളിതെറ്റി. എട്ടാം മാസം അമ്മയെ പ്രസവത്തിനു കൂട്ടിക്കൊണ്ടുപോകാന്‍ അമ്മയുടെ വീട്ടില്‍നിന്നും ആളുകള്‍ വന്നപ്പോള്‍ അപ്പന്‍ ഏറെ ദു:ഖിതനായിരുന്നുവെന്ന് അമ്മ പില്‍ക്കാലത്തു പറഞ്ഞ ഓര്‍മയുണ്ട്. അപ്പന്‍ പെങ്കോന്തനാണെന്നും ഭാര്യയോട് കഴിവുള്ള ആണുങ്ങളൊന്നും പരിധിവിട്ട അടുപ്പം കാണിക്കാന്‍ പാടില്ലെന്നുമുള്ള അഭിപ്രായക്കാരി ആയിരുന്നു വല്യമ്മ. എട്ടാം മാസത്തില്‍ അമ്മ പ്രസവത്തിനു പോയപ്പോള്‍ മുതല്‍ ആഴ്ച്ചയില്‍ ഒരു തവണയെങ്കിലും അപ്പന്‍ അമ്മയെ കാണാന്‍ പോയി.

പൂതാളിയിലെ അമ്മവീട്ടില്‍ തന്നെയായിരുന്നു പ്രസവം. ആണ്‍കുട്ടി. ജനിച്ചു മൂന്നാം ദിവസം കുട്ടി ഉറക്കമുണര്‍ന്നില്ല. പാറത്തോട് പള്ളിയുടെ സെമിത്തേരിയുടെ മൂലചേര്‍ന്നയിടത്ത് കുഞ്ഞിനെ അടക്കി, തൊട്ടടുത്ത ആഴ്ച്ചയില്‍ തന്നെ അമ്മ അപ്പന്റെ വീട്ടിലേക്കു മടങ്ങി. കുഞ്ഞു മരിച്ചതിന്റെ ഉത്തരവാദിത്വം അമ്മയുടേതെന്ന എന്ന രീതിയിലുള്ള കുത്തുവാക്കുകള്‍ വല്യമ്മ കൂടെക്കൂടെ ആവര്‍ത്തിച്ചു. അമ്മയുടെ വാക്കുകള്‍ ശരിവയ്ക്കുന്ന രീതിയില്‍ സംസാരിക്കാന്‍ അപ്പന്റെ നേരെ ഇളയ രണ്ട് അനുജന്മാരും ബാധ്യസ്ഥരുമായി. തുടര്‍ന്നുവന്ന ഒരു വര്‍ഷക്കാലം ഒറ്റപ്പെടലിന്റെ ജീവിതമായിരുന്നു അമ്മയുടേത്. അപ്പനും അമ്മയും ഒരേ പായില്‍ കിടക്കുന്ന രാത്രികള്‍ ഒഴിവാക്കാനുള്ള തന്ത്രങ്ങളെല്ലാം വല്യമ്മ മെനഞ്ഞു. ദിവസംതോറും വീട്ടില്‍ വാറ്റിയെടുത്ത ചാരായം പൂസാവുവോളം അപ്പന്‍ കുടിക്കുന്നതിനെ വല്യമ്മ പ്രോത്സാഹിപ്പിച്ചു. അപ്പന് പൂസാകുമ്പോള്‍ അമ്മയെക്കുറിച്ച് തനിക്കു തോന്നുന്നതെല്ലാം പറഞ്ഞുപിടിപ്പിക്കാന്‍ വല്യമ്മ പ്രത്യേകം ശ്രദ്ധിച്ചു. എന്നിരുന്നാലും അപ്പന് അമ്മയോടുള്ള പ്രണയം തീവ്രമായിത്തന്നെ തുടര്‍ന്നു. അധികം വൈകാതെ അമ്മ വീണ്ടും ഗര്‍ഭിണിയായി. ഇക്കുറിയും അമ്മയുടെ അമ്മയും അനുജത്തിയും പ്രസവത്തിനു കൂട്ടിക്കൊണ്ടുപോകാന്‍ വന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അമ്മയേക്കാണാന്‍ പോകാന്‍ ഇറങ്ങിയ അപ്പനോട് സ്ത്രീധനത്തുകയില്‍ മിച്ചമുള്ള ആയിരത്തിയഞ്ഞൂറ് രൂപ തരാതെ പ്രസവം കഴിഞ്ഞ് അമ്മയെയും കുഞ്ഞിനേയും കൂട്ടിക്കൊണ്ട് പോകില്ലയെന്ന് അമ്മയുടെ വീട്ടില്‍ അറിയിക്കാന്‍ വല്യമ്മ വല്ല്യപ്പനെ പ്രത്യേകം പറഞ്ഞേല്‍പ്പിച്ചു. സ്ത്രീധനത്തിന്റെ ബാക്കി പണം തരാതെ അമ്മയെ പ്രസവം കഴിഞ്ഞു കൂട്ടിക്കൊണ്ട് വന്നാല്‍ വീട്ടില്‍ താമസിപ്പിക്കില്ല എന്ന് വല്യപ്പനെക്കൊണ്ട് പറയിക്കാനും വല്യമ്മ മറന്നില്ല. 

അപ്പന്‍ പറഞ്ഞതുപോലെ സ്ത്രീധനപ്പണമായ ആയിരത്തഞ്ഞൂറു രൂപ നല്‍കാന്‍ തൊട്ടടുത്ത വിളവെടുപ്പ് വരെയും അധിക സമയം ചോദിച്ച് അമ്മയുടെ അപ്പനും മൂത്ത ആങ്ങളയും അപ്പന്റെ വീട്ടില്‍ എത്തിയെങ്കിലും പരിധിവിട്ടു കുടിച്ചുതീര്‍ത്ത കോട്ടോടിയുടെ കെട്ടില്‍ അങ്ങോട്ടുമിങ്ങോട്ടും തെറിപറഞ്ഞു പിരിയേണ്ടി വന്നു ഇരു കൂട്ടര്‍ക്കും. ഭര്‍ത്താവിന്റെ മദ്യപാനം കാരണമാണ് ഒരു പരിഹാരം കാണാന്‍ സാധിക്കാത്തത് എന്ന് കരുതി അമ്മയുടെ അമ്മതന്നെ അപ്പന്റെ വീട്ടില്‍ വന്നു അവധി നീട്ടിക്കിട്ടാന്‍ അപേക്ഷിച്ചെങ്കിലും വല്യമ്മക്ക് അതൊന്നും സ്വീകര്യമായിരുന്നില്ല. പത്താം ക്ലാസ്സുവരെ പഠിച്ച അപ്പന്റെ നേരെ ഇളയ അനിയന്‍ വല്യപ്പാപ്പന് പറത്തോട്ടിലെ പള്ളിക്കൂടത്തില്‍ പ്യൂണായി ജോലി കിട്ടാനുള്ള സാധ്യത ആക്കാലത്തു ഉണ്ടായിരുന്നതിനാല്‍ വല്യമ്മ വിട്ടുവീഴ്ചകള്‍ക്കൊന്നും തയ്യാറല്ലായിരുന്നു. വീട്ടില്‍ തന്നെയായിരുന്നു പ്രസവം. പെണ്‍കുട്ടി ജനിച്ച അന്ന് അപ്പന്‍ അമ്മവീട്ടിലേക്കു പോകാനിറങ്ങിയെങ്കിലും വല്യമ്മയും വല്യപ്പനും അതനുവദിച്ചില്ല. കോട്ടയത്ത് വല്യമ്മയുടെ നടായ കല്ലറയില്‍നിന്നും ഒരാള്‍ വീട്ടില്‍ വരുന്നുണ്ടെന്നും കഷ്ടകാലങ്ങള്‍ മാറാനായി അദ്ദേഹം പ്രത്യേകം പൂജ ചെയ്യുമെന്നുമൊക്കെ വല്യമ്മ പറഞ്ഞപ്പോള്‍ അപ്പന്‍ അമ്മയെയും കുഞ്ഞിനേയും കാണാന്‍ പോകാനുള്ള യാത്ര മാറ്റിവച്ചു. അന്ന് രാത്രി വല്യമ്മയുടെ ആങ്ങളയുടെ കൂടെ വന്ന മണിയപ്പന്‍ എന്ന ആള്‍ അപ്പന്റെ അരയില്‍ ഒരു ചെമ്പ് തകിട് കെട്ടിക്കൊടുത്തു.

''മേരിടെ സ്വഭാവം ശരിയല്ല. ഞാന്‍ നിന്നോട് എത്ര കാലമായി പറയുന്നു. അവള്‍ അവളുടെ അനിയനെ വരെ കണ്ണും കാലും കാണിച്ചു മയക്കാന്‍ നോക്കുന്നുണ്ട്...' സ്വന്തം ഭാര്യയെ ഒത്തിരി പ്രണയിച്ചിരുന്ന അപ്പന്‍ രോഷാകുലനായി. 
''നീ ഞങ്ങളോട് മെക്കിട്ടു കേറിയിട്ടു കാര്യമില്ല. നിനക്ക് ഇപ്പോളും ഉറപ്പില്ലേല്‍ അനിയൻ ഇവിടുണ്ടല്ലോ. നീ തന്നെ ചോദിക്ക്.'' 
ആത്മവിശ്വാസത്തോടെ അമ്മ പറഞ്ഞപ്പോള്‍ അപ്പന്‍ അനുജനെ നോക്കി.
''അമ്മ പറഞ്ഞത് ശരിയാ. ചേട്ടത്തി എന്നെ കേറിപ്പിടിച്ചിട്ടുണ്ട്. ചേട്ടായിയെ ഓര്‍ത്താ ഞാനൊന്നും പറയാതിരുന്നത്.''
വല്യപ്പാപ്പാന്‍ അപ്പന്റെ കണ്ണുകളിലേക്ക് നോക്കാതെ തന്നെ പറഞ്ഞു. ഒന്നും മിണ്ടാതെ അപ്പന്‍ മുറ്റത്തേക്കിറങ്ങി. മടിയില്‍ നിന്നെടുത്ത ചുരുട്ടു ബീഡികളിലൊന്നു കത്തിച്ച് ആഞ്ഞു വലിക്കുമ്പോള്‍ ചട്ടിക്കോപ്പയില്‍ പകര്‍ന്ന കോട്ടോടി വല്യമ്മ കൊണ്ടുവന്നു നല്‍കി. ഒന്ന് രണ്ട് ഗ്ലാസ്സ് വാറ്റുമടിച്ച് അപ്പന്‍ അടുക്കളയ്ക്കരികിലുള്ള മുറിയില്‍ മണിയപ്പന് മുന്നില്‍ ചമ്രംപടിഞ്ഞിരുന്നു. ദോഷങ്ങള്‍ മാറാനുള്ള ചെമ്പ് തകിട് മണിയപ്പന്‍ അപ്പന് കെട്ടിക്കൊടുത്തു. 
''കൊച്ചിന്റെ ഭാര്യ ശരിയല്ല. അവള്‍ നിന്നെ വഞ്ചിക്കും. നിന്റെ കുടുംബം തകര്‍ക്കും. കുറച്ചുനാള്‍ നീയിവിടുന്നു മാറിനില്‍ക്കുന്നത് നല്ലതാ.''
അപ്പന്റെ തലയില്‍ രണ്ട് കയ്യും അമര്‍ത്തിക്കൊണ്ട് മണിയപ്പന്‍ പറഞ്ഞു. പിറ്റേന്ന് തന്റെ കുഞ്ഞിനെ ഒന്ന് കാണാന്‍പോലും പോകാതെ വല്യപ്പന്‍ കൊടുത്ത നാനൂറ്റി മുപ്പതു രൂപയുമായി അപ്പന്‍ മലബാറിന് വണ്ടികയറി. ജെസ്സിക്ക് നാലു വയസ്സായപ്പോളാണ് അപ്പന്‍ മടങ്ങി വന്നത്. 

നാലു വര്‍ഷത്തിനു ശേഷം അപ്പന്‍ മടങ്ങി വന്നത് അമ്മയേയും ജെസ്സിയേയും കൂട്ടിക്കൊണ്ട് വരുവാനായിരുന്നില്ല. കുറച്ചു ദിവസത്തേക്ക് സ്വന്തം വീട്ടില്‍ വന്ന അപ്പന്‍ ഒരാഴ്ച കഴിഞ്ഞ് മലബാറിന് മടങ്ങാനായിരുന്നു പരിപാടി. എന്നാല്‍ ചേട്ടന്‍ മടങ്ങിവന്ന സന്തോഷത്തില്‍ പൊട്ടിച്ചു കുടിച്ച കോട്ടോടി കുപ്പികളുടെ എണ്ണം മൂന്നു കഴിഞ്ഞപ്പോള്‍, ചേട്ടത്തിയല്ല തന്നെ കേറിപ്പിടിച്ചതെന്നും താനാണ് മേരിയെ പിടിച്ചതെന്നും പകുതി ബോധത്തില്‍ വല്യപ്പാപ്പന്‍ അപ്പനോട് പറഞ്ഞു. പിറ്റേന്ന് തന്നെ അമ്മവീട്ടില്‍ പോയി, മിച്ചമുണ്ടായിരുന്ന സ്ത്രീധനത്തുകയും കൈപ്പറ്റി അമ്മയേയും ജെസ്സിയേയും ആയി വന്ന അപ്പന്‍ തറവാട് വീടിനു മുകളിലായി വലിയ വിലയില്ലാതെ കിട്ടിയ ഒരു പറമ്പ് വാങ്ങി അവിടെ ചെറിയൊരു കുടില്‍ കെട്ടി താമസമാക്കി. കാലം എന്നെ നടത്തിയ കനല്‍പ്പാടങ്ങളുടെ തുടക്കമാണിത്.