ഞങ്ങള്‍ ജീവിച്ച കാളത്തോട്ടിലെ അനാഥശാലയിലെ ഓര്‍മകള്‍ ഇന്നും ഒച്ചവെച്ചെത്താറുണ്ട്. ആ ഓര്‍മകൾ  അയവിറക്കുന്നതും അവയെ അക്ഷരങ്ങളായി കോറിയിടുന്നതും അവിടെനിന്നും കിട്ടിയ അഭയത്തോടൊ അവര്‍ തന്ന അന്നത്തോടൊ കടപ്പാട് തോന്നാത്തതുകൊണ്ടല്ല. എട്ടൊമ്പത് വയസുള്ള ഒരു കുട്ടി അവന്റെ മനസ്സിന്റെ അടിത്തട്ടില്‍ ആരും കാണാതെ, അറിയാതെ ഒളിപ്പിച്ച ആ അനുഭവങ്ങള്‍ തീര്‍ത്ത മുറിപ്പാടുകള്‍ക്ക് ഒരു തലോടലേകാനാണ് ഞാനീ വരികള്‍ കുറിക്കുന്നത്. അനാഥശാലയിലെ എന്റെ ഓര്‍മകള്‍ക്ക് നനവ് നല്‍കുന്ന കണ്ണീരിന്റെ ഉപ്പുരസം ഇന്നും എന്നെവിട്ട് പോയിട്ടില്ല. 

To advertise here,

ഞങ്ങള്‍ പള്ളിക്കൂടത്തില്‍ പോയിക്കഴിഞ്ഞാല്‍ ആയമാരും മുതിര്‍ന്ന ചേട്ടന്മാരും ചേച്ചിമാരുമാണ് അനാഥശാലയില്‍ ഉണ്ടാകുക. പ്രധാന കെട്ടിടത്തിന്റെ മുന്‍ വരാന്തയുടെ ഇടതുവശത്തെ തന്റെ ആപ്പീസിലിരുന്ന് അമ്മച്ചി ഉച്ചവരെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കും. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള സ്‌പോണ്‍സര്‍മാര്‍ക്കും സന്നദ്ധസംഘടനകള്‍ക്കുമുള്ള കത്തുകള്‍ എഴുതുന്ന പണിയാണ് അമ്മച്ചി ഉച്ചയാവുവോളം ചെയ്യുക. ദിവസവും പതിനൊന്നു മണിയോടെ രാജേട്ടന്‍ വെള്ള കവറിന്റെ അരികില്‍ നീലയും ചുവപ്പും വരകളുള്ള എയര്‍ മെയില്‍ കത്തുകളുടെ കെട്ടുമായി കാളത്തോട്ടിലെ പോസ്റ്റ് ഓഫീസിലേക്ക് പോകും. കുട്ടികളെ ദത്തെടുക്കാന്‍ വരുന്നവര്‍ക്കുള്ള കത്തുകള്‍ രജിസ്റ്റേര്‍ഡ് ആയി അയക്കാനുള്ള ഫോറങ്ങളും രാജേട്ടന്റെ കയ്യില്‍ കൊടുത്തുവിടും. അകത്തെ ഹാളില്‍ നിരത്തി കെട്ടിയ തൊട്ടിലുകളിലുള്ള കുഞ്ഞുങ്ങളെ എണ്ണ തേച്ചു കുളിപ്പിക്കുന്ന തിരക്കിലാവും ആയമാരും ചേച്ചിമാരും. ജോസേട്ടനും മറ്റു ചേട്ടന്മാരും മോട്ടോർപുരയുടെ അപ്പുറമുള്ള തെങ്ങിന്‍തോപ്പിലാണ് പണി. ഉച്ചയ്ക്ക് അവര്‍ക്കെല്ലാം ഒപ്പമിരുന്ന് അമ്മച്ചി ഭക്ഷണം കഴിക്കുമെന്നാണ് പറഞ്ഞറിവ്.

അമ്മച്ചിക്ക് ഭര്‍ത്താവുണ്ടായിരുന്നോ എന്നൊന്നും എനിക്കറിയില്ല. മക്കളൊക്കെ മുതിര്‍ന്നെന്നും പഠിച്ചു നല്ല നിലയിലാണെന്നും അമ്മിണിച്ചേച്ചി പറഞ്ഞുള്ള കേട്ടറിവാണ്. അമ്മച്ചിയുടെ വീട് അവിടെ പരിസരത്താണെങ്കിലും ഞങ്ങള്‍ കുട്ടികളെ ആയമാരെ ഏല്‍പ്പിച്ച് അവര്‍ ഒരിക്കലും സ്വന്തം വീട്ടില്‍ പോയി കിടന്നില്ല. വിശേഷ ദിവസങ്ങളില്‍ അവരുടെ മക്കള്‍ അവധിക്കു വന്നാല്‍പ്പോലും ഞങ്ങള്‍ അനാഥക്കുട്ടികളെ വിട്ട് അവര്‍ സ്വന്തം മക്കളോടൊപ്പം പോയി താമസിച്ചില്ല. നൂറോളം വരുന്ന കുട്ടികളുടെ പ്രശ്‌നങ്ങളുടെയും ഒച്ചപ്പാടിന്റെയുമൊക്കെ ഇടയില്‍പ്പെട്ട് ഏറെ പിരിമുറുക്കം അനുഭവിച്ചതിനാലാകണം അമ്മച്ചിക്ക് പലപ്പോഴും മനഃസാന്നിധ്യം നഷ്ടപെട്ട് ചൂരലുകൊണ്ട് ഞങ്ങളെ അടിച്ചതും എന്നൊക്കെ ചിന്തിക്കാനാണ് എനിക്ക് താത്പര്യം. ജീവിതസുഖങ്ങളുടെ ഒത്തിരി സാധ്യതകളെ വേണ്ടാന്ന് വെച്ചിട്ട് തന്നെയാണ് അമ്മച്ചി ഞങ്ങള്‍ നൂറോളം വരുന്ന കുട്ടികളെ ആ അനാഥശാലയില്‍ വളര്‍ത്തിയതെന്നത് നിരസിക്കാനാവാത്ത സത്യമാണ്.

നാട്ടില്‍ അമ്മയും ജെസ്സിയും ഒറ്റയ്ക്കായിരുന്നു. ഹൈസ്‌കൂളിലേക്ക് കയറിയ ജെസ്സിയെ ഒരു ദിവസം അതേ സ്‌കൂളില്‍ പ്യൂണായ അപ്പന്റെ നേരെ ഇളയ അനുജന്‍ ഓഫീസ് റൂമിലേക്കു വിളിപ്പിച്ചു. ഹെഡ് മാസ്റ്ററുടെ ആപ്പീസിനോട് ചേര്‍ന്നുള്ള മുറിയില്‍ ജെസ്സി കയറിയതേ വല്യപ്പാപ്പന്‍ വാതില്‍ തഴുതിട്ടു. 
'രാത്രി ആരാ അമ്മയെ കാണാന്‍ വരുന്നത്...?'
സ്വരമുയര്‍ത്താതെ ഒത്തിരി സ്‌നേഹത്തോടെ വല്യപ്പാപ്പന്‍ ചോദിച്ചു.
'ആരും വരാറില്ല...' പേടിച്ചരണ്ട ജെസ്സി പറഞ്ഞു. 
കയ്യില്‍ ചൂരലെടുത്ത് അയാള്‍ ജെസ്സിയുടെ അടുക്കലേക്കു ചെന്നു... 'സത്യം പറഞ്ഞാല്‍ നിനക്ക് അടിയൊന്നും കിട്ടില്ല... ഇല്ലേല്‍ നിന്റെ ചന്തി ഈ ചൂരലുകൊണ്ട് അടിച്ചു പൊട്ടിക്കും ഞാന്‍.' വല്യപ്പാപ്പന്‍ ദേഷ്യം കൊണ്ട് വിറച്ചു.
'ഞങ്ങള്‍ രണ്ടും അല്ലാതെ ആരും വീട്ടില്‍ വരാറില്ല...' മടിച്ചു മടിച്ചു ജെസ്സി അത് പറഞ്ഞതും വല്യപ്പാപ്പന്‍ കയ്യിലിരുന്ന ചൂരലുകൊണ്ട് ജെസ്സിയെ പൊതിരെ തല്ലി. അവളുടെ നിലവിളികേട്ട് വരാന്തയിലൂടെ കടന്നുപോയ ഒരധ്യാപിക വാതിലില്‍ തുരുതുരെ മുട്ടിയപ്പോള്‍ വല്യപ്പാപ്പന്‍ ജെസ്സിയുടെ വാ പൊത്തിപ്പിടിച്ചെങ്കിലും അയാളുടെ കൈവിരലുകളില്‍ ആഞ്ഞു കടിച്ചിട്ട് അവള്‍ ഓടിച്ചെന്ന് വാതിലിന്റെ കൊളുത്തെടുത്തു. കരഞ്ഞുകൊണ്ട് ജെസ്സി ക്ലാസിലേക്ക് ഓടി. അമ്മയോടുള്ള കരുതലായിരുന്നോ അതോ ഭയം കൊണ്ടായിരുന്നോ എന്നൊന്നും അറിയില്ല ഏറെ കാലത്തേക്ക് ജെസ്സി അക്കാര്യം അമ്മയോട് പറഞ്ഞില്ല.

1983. കാളത്തോട്ടില്‍ ഞങ്ങളുടെ ജീവിതം വിരസമായിത്തന്നെ കടന്നുപോയി. അമ്മയെ കാണാനും അമ്മയോടൊപ്പം ആയിരിക്കാനും മനസ്സ് എന്നും തേങ്ങി. ഓണപ്പരീക്ഷയ്ക്കൊക്കെ മുന്‍പാണ്. അനാഥാലയത്തിലെ ഞങ്ങളുടെ ജീവിതം ദിനചര്യകളുടെയും അമ്മച്ചിയുടെ വൈകാരിക സ്ഥിതിയുടെയും താളത്തില്‍ കടന്നുപോയി. ബിന്ദുവും ലാലിയും പ്രധാന കെട്ടിടത്തില്‍ മറ്റു പെണ്‍കുട്ടികളോടും ആയമാരോടുമൊപ്പമായിരുന്നു താമസം. ആ വര്‍ഷത്തിന്റെ ആരംഭത്തില്‍ത്തന്നെ എന്നെ അവിടുന്ന് മാറ്റി, മറ്റ് ആണ്‍കുട്ടികളോടൊപ്പം ആക്കിയിരുന്നു. ജോസേട്ടന്റെയും രാജേട്ടന്റെയും നിയന്ത്രണത്തില്‍ ഞങ്ങള്‍ മുപ്പതോളം ആണ്‍കുട്ടികളാണ് ആ കെട്ടിടത്തില്‍ കഴിഞ്ഞത്. വല്ലപ്പോഴുമൊക്കെ അമ്മിണിച്ചേച്ചി വന്ന് ഒരു പരിശോധനയൊക്കെ നടത്തിപ്പോകുന്നത് ഒഴിച്ചാല്‍ ഞങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളെ അപേക്ഷിച്ച് അമ്മച്ചിയുടെ നേരിട്ടുള്ള നിയന്ത്രണം രാത്രികാലങ്ങളില്‍ ഉണ്ടായിരുന്നില്ല. 

പള്ളിക്കൂടം വിട്ടുവന്നാല്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് നേരത്തെ പറഞ്ഞുവച്ചിട്ടുള്ള പണികള്‍ അടുക്കളയിലും തൊടിയിലുമൊക്കെയായി ചെയ്യാനുണ്ട്. പ്രധാന കെട്ടിടത്തിന്റെ വലതുവശത്തെ ഭിത്തിയോട് ചേര്‍ന്ന് ഒരറ്റത്ത് ആട്ടിന്‍കൂടും അതിനോട് ചേര്‍ന്ന് മുയലുകളെ വളര്‍ത്തുന്ന കൂടുകളുമുണ്ട്. അഞ്ചു വയസ്സുകാരി ബിന്ദു മറ്റു സമപ്രായക്കാരുമായി ആടിന്റെയും മുയലിന്റെയും കാട്ടം പെറുക്കി തൊടിയിലെ തെങ്ങിന്റെയും വാഴയുടേയുമൊക്കെ ചുവട്ടില്‍ കൊണ്ടുചെന്നിടും. ലാലിയോ അവളുടെ കൂടെയുള്ള മറ്റു ചേച്ചിമാരോ ആ സമയം കൂട്ടിലുള്ള ആടുകളെയെല്ലാം അഴിച്ചു പ്രധാന കെട്ടിടത്തോട് ചേര്‍ന്നുള്ള തൊടിയില്‍ വിവിധയിടങ്ങളില്‍ കുറ്റിയടിച്ചു കെട്ടും. ആ തൊടിയുടെ അങ്ങേ അറ്റത്തു അനാഥാലയത്തിന്റെ തൊട്ടടുത്ത സമ്പന്നരുടെ കോളനിയില്‍നിന്ന് വേര്‍തിരിക്കാന്‍ ഒരു തോടും ആ തോടിനപ്പുറം അവര്‍ പണിതുയര്‍ത്തിയ നിറമടിച്ച മതിലുമുണ്ട്. അവരുടെ കുട്ടികള്‍ കളിക്കുന്നത് ഞങ്ങള്‍ അനാഥര്‍ കാണാതിരിക്കാനും അവരുടെ ജീവിതത്തിലേക്ക് ഞങ്ങള്‍ എത്തിനോക്കാതിരിക്കാനും ആ മതില്‍ ഉപകരിച്ചു. അനാഥാലയത്തിന്റെ പ്രധാന കെട്ടിടത്തില്‍നിന്ന് മാറി ആ തൊടിയുടെ വടക്കേ അറ്റത്താണ് കന്നുകാലിത്തൊഴുത്ത്. തൊഴുത്തിനും അതിര്‍ത്തിയിലെ തോടിനും ഇടയിലുള്ള ചാണകക്കുഴി മിക്കവാറും നിറഞ്ഞൊഴുകി.

അന്നവിടെ കറവയുള്ള ആറോ എഴോ പശുക്കളുണ്ട്. രാജേട്ടനും ജോസേട്ടനും മറ്റു മുതിര്‍ന്ന ചേച്ചിമാരില്‍ ചിലരും ചേര്‍ന്നാണ് എല്ലാ ദിവസവും രാവിലെയും ഉച്ചകഴിഞ്ഞും പശുക്കളെ കറക്കുക. ആ പാലൊന്നും ഞങ്ങള്‍ കുട്ടികള്‍ക്കായി എടുത്തിരുന്നില്ല. കന്നാസുകളില്‍ നിറച്ച പാലുമായി ചേട്ടന്മാര്‍ കാളത്തോട്ടിലെ ചായക്കടകളിലും മണ്ണൂത്തിക്കു പോകുന്ന വഴിയില്‍ ഉണ്ടായിരുന്ന പാല്‍ സൊസൈറ്റിയിലേക്കും എല്ലാ ദിവസവും പോയി. പള്ളിക്കൂടത്തില്‍ പോകുന്നതിനു മുന്‍പും കഴിഞ്ഞു വരുമ്പോഴും ഞങ്ങള്‍ കുട്ടികള്‍ക്ക് പാല്‍ച്ചായ കിട്ടും. പക്ഷേ, അത് പാല്‍പ്പൊടി ഇട്ട് ഉണ്ടാക്കിയതായിരുന്നു. 

എല്ലാ ദിവസവും വൈകുന്നേരത്തെ എന്റെ ജോലി കന്നുകാലിക്കൂട് വൃത്തിയാക്കുന്നതായിരുന്നു. പള്ളിക്കൂടം കഴിഞ്ഞു വന്ന്, പാല്‍പ്പൊടിച്ചായയും കുടിച്ചിട്ട്, ഞാനും സാലുവും തൊഴുത്തിലേക്ക് പോകും. രാജേട്ടന്‍ ഞങ്ങളെ കാത്തുനില്‍പ്പുണ്ടാകും. പശുക്കളെയെല്ലാം അഴിച്ച് തൊടിയില്‍ പുല്ലുള്ള ഭാഗം നോക്കി കൊണ്ടുപോയി കെട്ടണം. അതുകഴിഞ്ഞാല്‍ തൊഴുത്ത് വൃത്തിയാക്കണം. അതിനായി ഒരു കൈക്കോട്ടാണ് ഉണ്ടായിരുന്നത്. അത് രാജേട്ടന്‍ ഉപയോഗിക്കും. സാലുവും ഞാനും തൊഴുത്തിലെ ചാണകം കൈകൊണ്ടു വാരി ചാണകക്കുഴിയില്‍ ഇടണം. പുല്‍ക്കൂട്ടിൽ  കിടക്കുന്ന മുറിപ്പുല്ലുകളും കച്ചിയും വാരി ചാണകക്കുഴിയില്‍ ഇടണം. എന്നിട്ട്, ഓട് മേഞ്ഞ തൊഴുത്തിന്റെ ഭിത്തിയില്‍ ചാരി വച്ചിരിക്കുന്ന മുളത്തോട്ടി എടുത്ത്, വാരിയിട്ട പുല്ലും മുറിവയ്‌ക്കോലുമൊക്കെ നന്നായി ഇളക്കണം. പുല്ലൊ കച്ചിയോ ചാണകക്കുഴിയുടെ മുകളില്‍ കണ്ടാല്‍ അമ്മിണിച്ചേച്ചിയോ മറ്റ് ആയമാരോ അക്കാര്യം അമ്മച്ചിയോട് പറഞ്ഞു കൊടുക്കും. അത്താഴത്തിന് ശേഷമുള്ള ഉല്ലാസം അമ്മച്ചിയുടെ ചൂരലിനോടൊപ്പം ആകുമെന്ന് പേടി ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ മുളത്തോട്ടി കൊണ്ട് ചാണകക്കുഴിയില്‍ നന്നായി ഇളക്കും. അത് കഴിഞ്ഞാല്‍ അനാഥാലയത്തിന്റെ അടുക്കളയുടെ പിറകിലെ കിണറ്റില്‍നിന്ന് വെള്ളം കോരി ബക്കറ്റില്‍ കൊണ്ടുവന്ന് തൊഴുത്ത് ഈര്‍ക്കില്‍ ചൂലുകൊണ്ട് അടിച്ചു കഴുകണം. ആ സമയം ലാലിയും സമപ്രായക്കാരും ഉണങ്ങാനായോ പറമ്പില്‍ കോരി നിരത്തിയിരിക്കുന്ന ചാണകം വള്ളിക്കൊട്ടയില്‍ ചുമന്ന് പ്രധാന കെട്ടിടവും ആണ്‍കുട്ടികളുടെ താമസസ്ഥലവും കടന്ന് വയലിനപ്പുറം മോട്ടോർപുരയുടെ പിറകിലുള്ള തെങ്ങിന്‍ തോപ്പില്‍ എത്തിക്കണം.

അന്നൊരു ശനിയാഴ്ച പതിവ് പണിക്കിടയില്‍ സാലു കക്കൂസിലേക്കെന്ന് പറഞ്ഞുപോയി. രാജേട്ടന്‍ ഒരു ഭാഗത്തെ ചാണകം കൈക്കോട്ടുകൊണ്ട് വടിച്ചിട്ടിട്ട് ബാക്കി ഞങ്ങള്‍ ചെയ്തു തീര്‍ക്കുന്നതും കാത്ത് ഒരു കല്ലില്‍ ഇരിപ്പാണ്. ചാണകം വാരാന്‍ തീരെ ഇഷ്ടമില്ലാതിരുന്ന സാലു അതില്‍നിന്നു രക്ഷപ്പെടാന്‍ കക്കൂസില്‍ കയറിയിരിക്കുന്നത് പതിവാണ്. എനിക്കും കൈകൊണ്ട് ചാണകം വാരുന്നത് ഇഷ്ടമായിരുന്നില്ലെങ്കിലും ആണ്‍കുട്ടികളുടെ കക്കൂസില്‍ വെള്ളമൊഴിക്കാതെ കൂടിക്കിടന്ന വിസര്‍ജ്യമോര്‍ക്കുമ്പോള്‍ അതില്‍ കയറി ഒളിച്ചിരിക്കുന്നതിലും ഭേദം പണി ചെയ്യുന്നതാണ് എന്നായിരുന്നു എന്റെ ഭാഷ്യം. ഞങ്ങള്‍ കുട്ടികളുടെ കക്കൂസ് അടുക്കളയില്‍നിന്ന് അമ്പതോളം മീറ്റര്‍ പിറകോട്ട് മാറിയാണ്. അതിനു പിന്നിലെ തുറന്നിരിക്കുന്ന സെപ്റ്റിക് ടാങ്കിനോട് ചേര്‍ന്ന് അതിര്‍ത്തി തിരിച്ചു നട്ട ചെമ്പരത്തി വേലി തഴച്ചു വളര്‍ന്നു. സെപ്റ്റിക് ടാങ്കിനും തൊട്ടടുത്തു താമസിച്ചിരുന്ന സുകുച്ചേട്ടന്റെ വീടിനും ഇടയിലുള്ള ഭാഗത്തെ ചെമ്പരത്തി വേലി ഉണങ്ങിപ്പോയിരുന്നു. കക്കൂസ് തന്റെ വീടിനടുത്തു നിന്നു മാറ്റിപണിയാനുള്ള സുകുചേട്ടന്റെ അപേക്ഷകള്‍ക്ക് അമ്മച്ചി ചെവികൊടുത്തില്ല. 

''സുകു ദാനം കിട്ടിയ പയ്യിന്റെ പല്ലെണ്ണി നോക്കണ്ട.'' എന്നതായിരുന്നു എപ്പോഴും അമ്മച്ചിയുടെ മറുപടി. പണ്ട് അമ്മച്ചിയുടെ വീട്ടില്‍ പണിക്കു നിന്നിരുന്ന സുകുച്ചേട്ടന്റെ അപ്പന് അമ്മച്ചിയുടെ കുടുംബക്കാര്‍ ദാനമായി കൊടുത്തതാണ് ആ അഞ്ച് സെന്റ് സ്ഥലമെന്നാണ് അമ്മച്ചിയുടെ ഭാഷ്യം. സെപ്റ്റിക് ടാങ്ക് ഒരു സ്ലാബിട്ട് മൂടാന്‍ അയാള്‍ പലവട്ടം അമ്മച്ചിയോടും ആയമാരോടും പറഞ്ഞെങ്കിലും അനുകൂല തീരുമാനം ഒന്നും കിട്ടാതെ സുകുച്ചേട്ടനും ഭാര്യയും അവരുടെ കൈക്കുഞ്ഞും വീടിനോട് ചേര്‍ന്ന് തുറന്നിരുന്ന സെപ്റ്റിട് ടാങ്കിന്റെ ദുര്‍ഗന്ധവും സഹിച്ച് ജീവിച്ചു. ഞങ്ങള്‍ കുട്ടികള്‍ കക്കൂസില്‍ പോകാന്‍ ചെല്ലുമ്പോള്‍ തന്റെ മുറ്റത്തുനിന്ന് കല്ലെടുത്തെറിയുന്ന ശീലം സുകുച്ചേട്ടന്‍ ആ അടുത്ത കാലത്ത് തുടങ്ങിയിരുന്നു.

പോയി കുറച്ചു കഴിഞ്ഞപ്പോള്‍ ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് സാലു തൊഴുത്തിനരികിലേക്ക് ഓടിവന്നു. അവന്റെ തലയില്‍നിന്ന് ചോര ഒലിച്ചിറങ്ങി. രാജേട്ടന്‍ പറഞ്ഞിട്ടൊന്നും അവന്‍ കരച്ചില്‍ നിര്‍ത്തിയില്ല. സാലുവിന്റെ നിലവിളി കേട്ട് അമ്മിണിച്ചേച്ചിയും മറ്റ് ആയമാരും അടുക്കള ഭാഗത്തു നിന്നും ഓടിയെത്തി. അവര്‍ക്കെല്ലാം പിറകെ കയ്യിലെ ചൂരലുമായി അമ്മച്ചിയും വന്നു. കക്കൂസില്‍ പോകാന്‍ ചെന്ന സാലുവിനെ സുകുച്ചേട്ടന്‍ കല്ലെറിഞ്ഞു എന്ന് മനസ്സിലാക്കിയ അമ്മച്ചി അയാളുടെ വീടിനടുത്തേക്ക് നടന്നു. 
''എടാ സുകൂ...' ചെമ്പരത്തി വേലിക്കിപ്പുറം നിന്നു അമ്മച്ചി അലറി. ഞങ്ങള്‍ കുട്ടികളെല്ലാം തൊഴുത്തിനു പിറകില്‍ അമ്മച്ചിക്ക് അകമ്പടി ആയി നിന്നു. അമ്മച്ചിയുടെ ഇരുവശവും അമ്മിണിച്ചേച്ചിയും മറ്റ് ആയമാരും നിശബ്ദരായ ഭടന്മാരെപ്പോലെ നിന്നു. ചെമ്പരത്തിവേലി ഉണ്ടായിരുന്നില്ലങ്കില്‍ അമ്മച്ചി സുകുച്ചേട്ടന്റെ മുറ്റത്തു ചെന്നു വഴക്കുണ്ടാക്കുമായിരുന്നു എന്ന് എനിക്ക് തോന്നി. 
''എന്താ'' യാതൊരു ഭാവമാറ്റവും ഇല്ലാത്ത, പല്ലിനിടയില്‍ കയ്യിലിരുന്ന ഈര്‍ക്കിലികൊണ്ട് കുത്തിക്കൊണ്ട് സുകുച്ചേട്ടന്‍ അമ്മച്ചിയുടെ മുഖത്തു നോക്കാതെത്തന്നെ ചോദിച്ചു. 
''എന്റെ പിള്ളേരെ കല്ലെടുത്തെറിയുന്നത് നീ ഒരു പതിവാക്കിയിരിക്കുവാ ആല്ലേ...?'' അമ്മച്ചി രോഷാകുലയായി. കുറേ നാളുകള്‍ക്കു മുന്‍പ് തന്റെ മാല മോഷണം പോയപ്പോള്‍ ഉണ്ടായിരുന്നതിലും വലിയൊരു കലിപ്പ്. പലയിടത്തായി പണി ചെയ്തുകൊണ്ടിരുന്ന ഞങ്ങള്‍ കുട്ടികള്‍ കക്കൂസിനും ചെമ്പരത്തി വേലിക്കും ഇടയില്‍ തടിച്ചുകൂടി. 
''ഞാന്‍ എത്ര വര്‍ഷമായി നിങ്ങളോട് പറയുന്നു ഈ സെപ്റ്റിക് ടാങ്ക് ഒന്ന് സ്ലാബിട്ട് മൂടാന്‍.'' ഇടതു കൈകൊണ്ട് രോമം നിറഞ്ഞ തന്റെ നെഞ്ചും വയറും ചൊറിഞ്ഞുകൊണ്ട് അമ്മച്ചിയോട് ചോദിക്കുമ്പോഴും അയാള്‍ അവരുടെ മുഖത്ത് നോക്കിയില്ല. 
'എനിക്ക് സൗകര്യമില്ലടാ സ്ലാബിടാന്‍...' അമ്മച്ചിയുടെ വെളുത്തു തുടുത്ത കവിള്‍ത്തടം പഴുത്ത തക്കാളിപോലെ തുടുത്തു. അവരുടെ വലത് കവിള്‍ ഇടതിനെ അപേക്ഷിച്ചു അല്പം വലുതായിരുന്നതിനാലാണോ എന്നറിയില്ല, അതിന്റെ മുകള്‍ഭാഗം സ്വതന്ത്രമായി ചലിച്ചുകൊണ്ടിരുന്നു. കളവുപോയ സ്വര്‍ണമാലയ്ക്ക് പകരം വാങ്ങിയ അവരുടെ പുതിയ സ്വര്‍ണമാലയില്‍ അവര്‍ ഇടയ്ക്കിടെ പിടിച്ചു വലിച്ചു. 
'' എന്നാ ഞാന്‍ ഇനിം കല്ലെറിയും...' ഭവമാറ്റമൊന്നും ഇല്ലാതെ സുകുച്ചേട്ടന്‍ പറഞ്ഞു. അപ്പോളും തന്റെ ഇടതു കയ്യിലെ ഈര്‍ക്കിലി കൊണ്ട് പല്ലിനിടയില്‍ കുത്തുന്ന സുകുച്ചേട്ടന്റെ ആ നില്‍പ് എന്റെ മനസ്സില്‍ പതിഞ്ഞു കിടപ്പുണ്ട്. 
''എന്റെ അപ്പന്‍ തന്ന സ്ഥലത്താ നീ താമസിക്കുന്നത് എന്ന് മറക്കണ്ട.'' 
 അമ്മച്ചിയുടെ സ്വരം കൂടുതല്‍ കാട്ടിയാകുന്നത് ഞങ്ങള്‍ കുട്ടികള്‍ മനസ്സിലാക്കി. തൊട്ടു പിന്നാലെ സുകുച്ചേട്ടന് ചൂരലടി കിട്ടുമെന്നാണ് ഞങ്ങള്‍ കരുതിയത്. 
''ചുമ്മാതൊന്നും അല്ലല്ലോ. എന്റെ അപ്പനും അമ്മയും ഞാനുമൊക്കെ വര്‍ഷങ്ങള്‍ പണി ചെയ്തിട്ട് തന്നതല്ലേ ഈ അഞ്ച് സെന്റ്? അതെങ്ങനാ ദാനം ആകുന്നത്. ഇത് ഞങ്ങടെ വെയര്‍പ്പിന്റെ കൂലിയാ....''
അമ്മച്ചിയോടു മുഖത്ത് നോക്കി മറുപടി പറയാനും അവരുടെ ആധിപത്യത്തെ സ്വീകരിക്കാന്‍ തയ്യാറാകുകയും ചെയ്യാത സുകുച്ചേട്ടന്‍ ഒന്‍പതു വയസ്സുള്ള എന്റെ മനസ്സില്‍ ഹീറോ ആയി മാറി. സാലുവിന്റെ തലയിലും നെറ്റിയിലും മുഖത്തുമൊക്കെ അപ്പോഴും ചോര ഒഴുകി. 
''അല്ലേലും കണ്ട ***നോടും ***നോടുമൊക്കെ ഞാനെന്തിനാ സംസാരിക്കുന്നെ...? എനിക്കതിന്റെ ആവശ്യമില്ല. '
ഇത് പറഞ്ഞുകൊണ്ട് അമ്മച്ചി സുകുച്ചേട്ടന് നേരെ കാറിത്തുപ്പി. ചെമ്പരത്തി വേലിക്കപ്പുറം കടന്ന കഫം കലര്‍ന്ന, ആ തുപ്പല്‍ സുകുച്ചേട്ടന്റെ മുഖത്ത് ഒരു വെളുത്ത പതയായി വീണ് താഴോട്ട് ഊര്‍ന്നിറങ്ങി. 
''നീ ചെവിയില്‍ നുള്ളിക്കോ സുകൂ. നിന്നെ ഞാന്‍ പോലീസിനെക്കൊണ്ട് പിടിപ്പിക്കുമെടാ... 'അമ്മച്ചി കുനിഞ്ഞു കുറേ മണ്ണും കല്ലുമൊക്കെ വാരി സുകുച്ചേട്ടന് നേരെ എറിഞ്ഞു. മുഖത്ത് വീണ തുപ്പല്‍ തുടക്കുന്ന തിരക്കില്‍ ആ ഏറ് തടുക്കാന്‍ അയാള്‍ക്കായില്ല. 
''നിന്നെ ഞാന്‍'' എന്നാലറിക്കൊണ്ട് വേദനയും ദേഷ്യവുമൊക്കെയായി സുകുച്ചേട്ടന്‍ ചെമ്പരത്തി വേലി ഭേദിച്ച് അനാഥലയത്തിന്റെ തൊടിയിലേക്ക് കയറാന്‍ ശ്രമിച്ചു. അമ്മച്ചി കയ്യില്‍ കിട്ടിയതെല്ലാം അയാള്‍ക്ക് നേരെ വലിച്ചെറിഞ്ഞു. 
''നിന്നെപ്പോലൊരു **** എന്റെ നേരെ നിന്ന് സംസാരിക്കുന്നോ...' അമ്മച്ചി കലിപൂണ്ട് അലറി. 

അയാളുടെ വീടിന്റെ പിറകിലെ വാതിലില്‍ മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീ തോളില്‍ കുഞ്ഞുമായി പുറത്തേക്ക് വന്നു. സുകുച്ചേട്ടന്റെ ഭാര്യ. മുന്‍പോട്ടു കുത്തിയുടുത്ത മുണ്ടും മുഴുവന്‍ കൊളുത്തും ഇട്ട് തീര്‍ക്കാത്ത അവരുടെ ബ്ലൗസും കാണുമ്പോള്‍ അറിയാം അവര്‍ കുഞ്ഞിന് മുല കൊടുക്കുകയായിരുന്നു എന്ന്. കൈകുഞ്ഞുമായി അവര്‍ ഭര്‍ത്താവിനെ പിടിച്ചു വലിച്ചു വീട്ടിനുള്ളിലേക്ക് കയറ്റാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. കുഞ്ഞിനെ മുറ്റത്തിരുത്തി ആവുന്ന ശക്തിയൊക്കെ എടുത്തു അവര്‍ സുകുച്ചേട്ടനെ വലിച്ചു വീട്ടിനുള്ളില്‍ കയറ്റി. അമ്മച്ചി അപ്പോഴും മണ്ണും കമ്പുമെല്ലാം വാരി എറിഞ്ഞുകൊണ്ടിരുന്നു. മണ്ണും കല്ലുമെല്ലാം ദേഹത്ത് വീണ ആ രണ്ട് വയസ്സുകാരന്‍ മുറ്റത്തിരുന്ന് അലറിക്കരഞ്ഞു. 
''എന്റെ അപ്പന്‍ ദാനം കൊടുത്ത പറമ്പില്‍ കെടന്നോണ്ട് നീ എന്നെ വെല്ലുവിളിക്കാറായല്ലേ..? ഒരു ****നിപ്പം എന്നെ തല്ലണം പോലും...'
ഞങ്ങളെല്ലാം അവടെ നില്‍ക്കുമ്പോള്‍ നേര്യത് വലിച്ചിട്ടുകൊണ്ട് അമ്മച്ചി അനാഥലയത്തിന്റെ മുന്‍വശത്തുള്ള അവരുടെ ആപ്പീസിലേക്ക് പോയി. പോകുന്ന വഴി അപ്പോഴും ചോരയോലിപ്പിച്ചു കരഞ്ഞുകൊണ്ടിരുന്ന സാലുവിന്റെ പുറത്ത് തന്റെ കയ്യിലിരുന്ന ചൂരലുകൊണ്ട് രണ്ടടി കൊടുക്കാനും അമ്മച്ചി മറന്നില്ല. 
''പണി ചെയ്യണ്ട സമയത്ത് കക്കൂസില്‍ പോകാന്‍ നിന്നോടാരാ പറഞ്ഞത്...' അമ്മച്ചിയുടെ അടിയുടെ വേദന അറിയാതിരുന്നതുകൊണ്ടാണോ എന്നറിയില്ല പൊടുന്നനെ സാലു കരച്ചില്‍ നിര്‍ത്തി.

ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സുകുച്ചേട്ടന്റെ ഭാര്യയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടു. ഞാന്‍ അപ്പോളും രാജേട്ടനോടൊപ്പം തൊഴുത്തു കഴുകുകയായിരുന്നു. നിലവിളികേട്ട് ഞങ്ങള്‍ കുട്ടികള്‍ ചെമ്പരത്തി വേലിക്ക് പിന്നില്‍ ഓടിക്കൂടി. ഇക്കുറി അമ്മച്ചി അങ്ങോട്ട് വന്നില്ല. സുകുച്ചേട്ടന്റെ കൈകളില്‍ വിലങ്ങണിയിച്ച് പോലീസുകാര്‍ അയാളെ ജീപ്പിന്റെ പിന്നില്‍ കയറ്റി ഇരുത്തിയിട്ടുണ്ട്. പൊടിപറത്തിക്കൊണ്ട് പോലീസ് ജീപ്പ് സുകുച്ചേട്ടനെയുമായി പോകുമ്പോള്‍ അയാളുടെ ഭാര്യ അലറിക്കരഞ്ഞു. അമ്മിണിച്ചേച്ചി രാജേട്ടനോട് പറഞ്ഞതുകൊണ്ടാണ് അമ്മച്ചിയാണ് സുകുച്ചേട്ടനെ ജയിലില്‍ ആക്കിയതെന്നു ഞങ്ങള്‍ അറിഞ്ഞത്. സുകുച്ചേട്ടന്‍ ജയിലില്‍ ആയിരുന്ന മാസങ്ങളിലും അയാള്‍ തിരികെ വന്നു കഴിഞ്ഞും അയാളുടെ വീടിനോട് ചേര്‍ന്നുള്ള തുറന്നിരുന്ന സെപ്റ്റിക് ടാങ്ക് ഞങ്ങള്‍ കുട്ടികള്‍ തൂറി നിറച്ചു. പിന്നീടൊരിക്കലും സുകുച്ചേട്ടന്‍ കക്കൂസിനെക്കുറിച്ചോ തുറന്ന സെപ്റ്റിക് ടാങ്കിനെക്കുറിച്ചോ ആ ടാങ്കിലെ തീട്ടത്തെക്കുറിച്ചോ പരാതി പറഞ്ഞില്ല.