എന്തുകൊണ്ടാണ് ബ്രഹ്മദത്തൻ ഒരു മനുഷ്യഗൃഹത്തിലെ മുത്തശ്ശിയെ സ്നേഹിച്ചത്? എന്തുകൊണ്ടാണ് പാപ്പാന്മാരെ അവൻ സ്നേഹിച്ചത് ? ആനയുടെ സാമൂഹ്യജീവിതത്തിൽ നിന്ന് തലമുറകളായി കൈമാറിയ 'കൂടെയുള്ളവരെ സ്നേഹിക്കുക' എന്ന ഓർമ്മ പ്രവർത്തിക്കുന്നതാകാം. അടുത്തുള്ള മറ്റാനകൾ അടങ്ങിയ സമൂഹം ബ്രഹ്മദത്തന് നിഷേധിക്കപ്പെടുകയാൽ ആ ശീലത്തിന്റെ ആനുകൂല്യം മനുഷ്യന് ലഭിക്കുന്നതാകാം.

കേരളത്തിൽ ഇപ്പോൾ എഴുനൂറ്റിയമ്പതോളം നാട്ടാനകളുണ്ടെന്നാണ് ഒരു കണക്കെടുപ്പിൽ കണ്ടത്. അതിലൊന്നാണ് കഴിഞ്ഞദിവസം മിന്നലേറ്റ് ചരിഞ്ഞ ബ്രഹ്മദത്തൻ എന്ന എണ്ണം പറഞ്ഞ ആന.
കൊച്ചിത്തമ്പുരാൻ തീപ്പെട്ടു, കാതോലിക്കാ ബാവാ കാലം ചെയ്തു, നിത്യചൈതന്യ യതി സമാധിയായി, ചിത്തിര തിരുനാൾ ബാലരാമവർമ്മ നാടുനീങ്ങി എന്നൊക്കെ പറയുമ്പോൾ ചില മരണങ്ങൾ മാത്രമായി അസാധാരണമാകുമ്പോലെയാണ് ആന ചരിയുമ്പോഴും സംഭവിക്കുന്നത്. ആനയ്ക്ക് ഭാഷയിൽ വെറുതേയങ്ങ് മരിക്കാൻ കഴിയില്ല, ചരിയാനേ കഴിയൂ. മനുഷ്യനെപ്പോലെ നീണ്ടുനിവർന്ന് ഭാഷയിൽ വെള്ളപുതച്ചു കിടക്കാൻ ആനയ്ക്ക് കഴിയില്ല. അതിൻ്റെ അസാധാരണ വലുപ്പത്തിലെ മരണത്തിന് മനുഷ്യൻ നൽകിയ ആദരമാണ് വാക്കിലെ ഈ ചരിയൽ.
ആനയെ സംബന്ധിച്ചിടത്തോളം അതിൻ്റെ വലുപ്പമാണ് ഒരേസമയംതന്നെ അതിന് അനുഗ്രഹവും ശാപവുമായത്. ജീവിപരമ്പരകളുടെ പരിണാമചരിത്രത്തിൽ കരയിൽ ജീവിച്ചവരിൽ ആനയെക്കാൾ വലുതിനെല്ലാം ഈശ്വരേച്ഛയാലോ ഡാർവിൻ പറഞ്ഞതുപോലെയോ വംശനാശം സംഭവിച്ചു. മറ്റു ജീവരാശികൾക്കു മുകളിലൂടെ ഉത്തുംഗപാദങ്ങളാൽ ചുവടുവെച്ചു കടന്നുപോയ ദിനോസറുകളെ നമ്മുടെ കോശസ്മൃതികളിൽ സജീവമാക്കി നിലനിർത്താനായി ഇടയ്ക്കിടയ്ക്ക് ആനകൾക്ക് നമുക്കു മുന്നിലൂടെ നടന്നുപോകേണ്ടി വരുന്നു. ആ സുന്ദരമായ കാഴ്ച നാം അന്തം വിട്ട് നോക്കിനിൽക്കുന്നു. ആ എന്ന അക്ഷരം പോലും മലയാളി എഴുതിയത് ആനയുടെ ഛായയിലാണെന്ന് തോന്നിപ്പോകാറുണ്ട്. എന്നാൽ, മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. നടന്നുപോകുമ്പോൾ നാം അറിയാതെ ചവിട്ടുന്ന കുഴിയാനയെ അല്ലെങ്കിൽ ഉറുമ്പിനെ നാം കാണാതിരിക്കുന്നതും എന്നാൽ ആടിയുലഞ്ഞു നടന്നുപോകുന്ന ആന നമ്മുടെ കണ്ണിൽ പെടുന്നതും വലുതു മാത്രം പ്രഥമദൃഷ്ടിയാകുന്ന നമ്മുടെ കാഴ്ചയുടെ പരിമിതി കൊണ്ടാണ്. അതുകൊണ്ടാണ് സൂക്ഷ്മദൃക്കായിരുന്ന നാരായണഗുരു 1914 ൽ എഴുതിയത്:
"ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളിൽ നിൻ
തിരുമെയ് വിട്ടകലാത ചിന്തയും"
എന്ന്.
എറുമ്പിലും ആനയുണ്ടെന്ന ചിന്ത ഗുരുവിന്റെ ശ്രേഷ്ഠ ഗദ്യകൃതിയായ ചിജ്ജഡ ചിന്തകത്തിൽ കാണാവുന്നതാണ്. ആദ്യ ഖണ്ഡിക തന്നെ ഇതാണ്:
'അണുവു മുതൽ ആന വരെയുള്ളവരൊക്കെ ഇളകി നടക്കുന്നതും, പുല്ലുമുതൽ ഭൂരുഹപര്യന്തം നിലയിൽ നിൽക്കുന്നതും ആകുന്നു. എന്നു വേണ്ടാ നമ്മുടെ കണ്ണ്, മൂക്ക് മുതലായ ഇന്ദ്രിയങ്ങളിൽനിന്നും ബ്രഹ്മം വരെ ഒക്കെയും ചിത്തും, മണ്ണിനു തൊട്ടു മൂലാതിരസ്കരണി വരെ കാണപ്പെടുന്നതൊക്കെയും ജഡവും ആകുന്നു.'
അപ്പോൾ ഗുരു പറഞ്ഞ കണ്ണുമുതൽ ബ്രഹ്മം വരെ നീളുന്ന ചിദാനന്ദത്തിന്റെ ഒരംശമായിരുന്നു മദ്ധ്യകേരളത്തിലെ വലിയ നാട്ടാനകളിൽ ഒന്നായിരുന്ന പല്ലാട്ട് ബ്രഹ്മദത്തൻ. ഒരിടിമിന്നലിൽ അത് മണ്ണു മുതൽ മൂലാതിരസ്കരണിവരെ നീളുന്ന ജഡത്തിന്റെ ഭാഗമായി. മൂലാതിരസ്കരണി എന്നാൽ അദ്വൈതിയുടെ ശബ്ദകോശത്തിൽ സത്യം എന്തെന്ന് നമുക്ക് കാണാൻ കഴിയാത്തവിധം കൺമുന്നിൽ വീണുകിടക്കുന്ന പ്രപഞ്ചത്തിന്റെ വലിയ തിരശ്ശീലയാണ്. ഗുരുവിനെപ്പോലെയുള്ളവർ ആനയെ കാണുന്നത് നമ്മൾ കാണുന്നതുപോലെയല്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പല്ലാട്ട് ബ്രഹ്മദത്തൻ ഒരു സമഗ്രതയുടെ അവിഭാജ്യഭാഗമാണ്. ഒറ്റതിരിഞ്ഞുനിൽക്കുന്ന വലിയൊരാനയല്ല.
ഇടിമിന്നലേറ്റ് ചരിയുന്ന മിക്ക ആനകൾക്കും മേൽ മിന്നൽ നേരിട്ട് പതിക്കുന്നില്ലെന്നാണ് വിദഗ്ദ്ധമതം. ആന നിൽക്കുന്നതിന് സമീപമുള്ള മരത്തിലോ ഭൂമിയിലോ മിന്നൽ പതിക്കുമ്പോൾ, അതിന്റെ വൈദ്യുത പ്രവാഹം ഭൂമിയിലൂടെ ചുറ്റുപാടുകളിലേക്ക് പരക്കുകയാണ് ചെയ്യുന്നത്. കുളത്തിൽ ഒരു കല്ലുവീഴുമ്പോൾ ഓളങ്ങൾ പുറത്തേക്ക് പടരുന്നതുപോലെയാണത്.
മിന്നൽ പതിച്ച സ്ഥലത്തുനിന്ന് അകന്നുപോകുന്തോറും ഈ വൈദ്യുതിയുടെ ശക്തി കുറഞ്ഞുവരും. എന്നാൽ, ആനയുടെ ശരീരം വളരെ വലുതാണ്. മുൻകാലുകൾക്കും പിൻകാലുകൾക്കും ഇടയിലുള്ള ദൂരം മനുഷ്യശരീരത്തെ അപേക്ഷിച്ച് എത്രയോ കൂടുതലാണ്. അതുകൊണ്ട് ആനയുടെ ഓരോ കാലും നിൽക്കുന്ന ഭൂമിയിലെ വൈദ്യുതനിലയിൽ വ്യത്യാസമുണ്ടാകാം. ഇതിനെയാണ് ‘സ്റ്റെപ്പ് വോൾട്ടേജ്’ എന്ന് വിളിക്കുന്നത്.
ആ വ്യത്യാസം വളരെ വലുതായാൽ, വൈദ്യുതി ഒരു കാലിലൂടെ ശരീരത്തിലേക്ക് കയറി, ഹൃദയം ഉൾപ്പെടെയുള്ള പ്രധാന അവയവങ്ങളിലൂടെ കടന്നുപോയി, മറ്റൊരു കാലിലൂടെ വീണ്ടും ഭൂമിയിലേക്ക് ഇറങ്ങാം. അങ്ങനെ, മിന്നൽ നേരിട്ട് തൊട്ടില്ലെങ്കിലും ഭൂമിയിലൂടെ പടർന്ന വൈദ്യുതി ഒരാനയുടെ ജീവൻ കവർന്നെടുക്കുന്നു.
ഇവിടെ വലുപ്പം ആനയ്ക്ക് ഒരു ശാപമാകുന്നുണ്ട്. മനുഷ്യൻ ഉത്സവങ്ങൾക്ക് ആടിനെ എഴുന്നള്ളിക്കാതെ ആനയെ എഴുന്നള്ളിക്കുന്നത് തന്ത്രവിധി പ്രകാരമൊന്നുമല്ല; മറിച്ച്, ആനയ്ക്ക് വലുപ്പമുള്ളതുകൊണ്ടാണ്. അവിടേയും ആനയ്ക്ക് വലുപ്പം ശാപമാകുന്നുണ്ട്. മഹാഭാരത യുദ്ധത്തിലും രാമ-രാവണ യുദ്ധത്തിലും ആനകൾ മിത്രമാര്, ശത്രുവാര് എന്നൊന്നും തിരിച്ചറിയാതെ പങ്കെടുത്തു. യുദ്ധക്കളത്തിൽ മാത്രം അർജുനൻ അനുഭവിച്ച വിഷാദം മനുഷ്യനാൽ മെരുക്കപ്പെട്ട ആനയുടെ ആജന്മ വിഷാദയോഗമാണ്. കുതിരയെ പോലെ മെയ് മെരുങ്ങാത്ത ആനകളുടെ സ്ഥൂലത യുദ്ധക്കളങ്ങളിൽ ബാദ്ധ്യതയായി മാറിയതുകൊണ്ടാണ് സൈന്യബലത്തിൽ വലുപ്പം കൂടുതലായിട്ടും ഇബ്രാഹിം ലോദി ബാബറിന്റെ ചിട്ടയുള്ള കുതിരപ്പടയോട് തോറ്റതെന്നും പാഠമുണ്ട്. പാവം മൃഗങ്ങൾ യുദ്ധങ്ങളിൽ പങ്കെടുത്തത് ജീവികളായല്ല ഉപകരണങ്ങളായിട്ടാണ്.
കാട്ടിലെ ആനയും തേവരുടെ ആനയും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം രണ്ടാമത്തേതിലെ മനുഷ്യന്റെ ഇടപെടലാണ്. കാട്ടിലെ ആന ഒരു സാമൂഹികജീവിയാണ്. പരസ്പരം മെയ്യുരുമ്മി, പരസ്‌പരം സ്നേഹിച്ച്, ഇണചേർന്ന്, ഇണചേരാനുള്ള ഊഴത്തിനായി കൊമ്പുകോർത്ത്, കുഞ്ഞുങ്ങളെ കൂട്ടായി പരിപാലിച്ച് ജീവിക്കുന്ന സാമൂഹികജീവിയാണ്. ആ ജീവിതത്തിൽ വരൾച്ചയും സമൃദ്ധിയും ജലവും പച്ചപ്പും പങ്കുവെയ്ക്കപ്പെടുന്നു. ഒരാളുടെ മരണത്തിൽ ഒത്തുചേർന്ന് മനസിലാക്കുന്നു. വെള്ളക്കുഴിയിൽ വീണ കുഞ്ഞിനെ അമ്മ മാത്രമല്ല എല്ലാവരും കൂടി ഒരുമിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരുന്നു.
നാട്ടിലെ ആനയ്ക്ക് കാട്ടിലെ ആനയുടെ കഷ്ടപ്പാടുകളില്ല. കാശുള്ള വീട്ടിലെയോ ദേവസ്വത്തിലെയോ ആനയെങ്കിൽ, അങ്ങനെയെങ്കിൽ മാത്രം, അലയാതെ ഒരിടത്തുനിന്ന് ഭക്ഷണം കഴിക്കാം. കൃത്യമായി വെള്ളവും കിട്ടും. പക്ഷേ, ആ ആനയുടെ കൂട്ടുകാർ മനുഷ്യരാണ്. മിന്നലേറ്റ് മരിച്ച ബ്രഹ്മദത്തനെക്കുറിച്ച് പ്രചരിക്കുന്ന കഥകളൊക്കെ മനുഷ്യകഥാനുഗായികളാണ്. ബ്രഹ്മദത്തന് ആ കഥകളൊന്നും മനസ്സിലായില്ല, അവന് അതിലൊന്നും താൽപര്യവുമുണ്ടായില്ല. അവനിൽ ആരോപിക്കപ്പെട്ട ഓരോ കഥാസന്ദർഭവും അവന് താൽപ്പര്യമില്ലാത്ത നെറ്റിപ്പട്ടം കെട്ടലുകൾ പോലെ മാത്രമായിരുന്നു. വീട്ടിലെ മുത്തശ്ശിയോട് അവന് ഉണ്ടായിരുന്ന സ്നേഹം, ദീർഘകാലം അവനെ നോക്കിയ പാപ്പാൻ മരിച്ചപ്പോൾ യാത്ര ചൊല്ലാൻ പോയ ബ്രഹ്മദത്തൻ, നാട്ടുകാരെ ഉപദ്രവിക്കാത്ത മനുഷ്യസ്നേഹി... അങ്ങനെയങ്ങനെ നിരവധി കഥകൾ പ്രചരിക്കുന്നു. എന്നാൽ ആ ആനയിൽനിന്നു കവർന്നെടുക്കപ്പെട്ട വന്യത അവൻ്റെ ജന്മാവകാശമായിരുന്നു എന്നതും നാമോർക്കണം. അതോർത്തതുകൊണ്ടാണ് മലയാളത്തിന്റെ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ 'സഹ്യന്റെ മകൻ' എഴുതിയത്. ഉത്സവപ്പറമ്പിൽ പാപ്പാന്റെ നിയന്ത്രണം ഭേദിച്ച്, പുരുഷാരത്തിനു നടുവിലൂടെ നടന്ന ആനയുടെ മനസ്സിലൂടെ വൈലോപ്പിള്ളി ഇങ്ങനെ സഞ്ചരിച്ചു:
' സഞ്ചരിക്കുകയാണാസ്സാഹസി, സങ്കല്പത്തിൽ
വൻ ചെവികളാം പുള്ളിസ്വാതന്ത്ര്യ പത്രം വീശി.
തൻ ചെറുനാളിൻ കേളീവീഥിയിൽ, വസന്തത്താൽ
സഞ്ചിതവിഭവമാം സഹ്യ സാനു ദേശത്തിൽ.
ഉന്നിദ്രം തഴയ്ക്കുമീ താഴ്വര പോലൊന്നുണ്ടോ
തന്നെപ്പോലൊരാനയ്ക്കു തിരിയാൻ വേറിട്ടിടം ?
ആരെങ്കിലും അന്വേഷിച്ചോ ജീവിതത്തിലൊരിക്കലെങ്കിലും ബ്രഹ്മദത്തൻ എന്ന ആന ഇണചേരുന്നതിന്റെ ഉന്മാദം അനുഭവിച്ചിട്ടുണ്ടോ എന്ന്? കേരളത്തിലെ നാട്ടാനകളുടെ ജീവിതകാലം നീണ്ടുനിൽക്കുന്ന ബ്രഹ്മചര്യം അവർ ഒരു സന്ന്യാസിയെപ്പോലെയോ സന്ന്യാസിനിയെപ്പോലെയോ സ്വമേധയാൽ സ്വീകരിച്ചതല്ലല്ലോ. നമ്മൾ, മനുഷ്യർ, അവരിൽ അടിച്ചേൽപ്പിച്ചതല്ലേ? പൂരങ്ങൾക്ക് എഴുന്നള്ളിക്കുമ്പോൾ ചങ്ങലയ്ക്കിട്ട ആനകൾ തമ്മിൽ കൃത്യമായ അകലം വേണമെന്ന് മനുഷ്യനിർമ്മിത നിയമം നിഷ്കര്ഷിക്കുമ്പോൾ വനത്തിലെ സാമൂഹികജീവിതത്തിൽ പരസ്പരസ്പർശം സ്വാഭാവികതയായ ഒരു ജീവിവംശത്തോടാണ് നാമത് ചെയ്യുന്നതെന്ന് ഓർക്കാറുണ്ടോ?
എന്തുകൊണ്ടാണ് ബ്രഹ്മദത്തൻ ഒരു മനുഷ്യഗൃഹത്തിലെ മുത്തശ്ശിയെ സ്നേഹിച്ചത്? എന്തുകൊണ്ടാണ് പാപ്പാന്മാരെ അവൻ സ്നേഹിച്ചത്? ആനയുടെ സാമൂഹികജീവിതത്തിൽനിന്ന് തലമുറകളായി കൈമാറിയ 'കൂടെയുള്ളവരെ സ്നേഹിക്കുക' എന്ന ഓർമ്മ പ്രവർത്തിക്കുന്നതാകാം. അടുത്തുള്ള മറ്റാനകൾ അടങ്ങിയ സമൂഹം ബ്രഹ്മദത്തന് നിഷേധിക്കപ്പെടുകയാൽ ആ ശീലത്തിന്റെ ആനുകൂല്യം മനുഷ്യന് ലഭിക്കുന്നതാകാം.
ഒരാനയെ നന്നായി നോക്കുക എന്നതും ഒരാനയ്ക്ക് ഒരു നല്ല ആനജീവിതം നൽകുക എന്നതും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് നാട്ടാനപ്രണയികൾ ഓർക്കേണ്ടതാണ്. നമ്മൾ ഒരാനയ്ക്ക് എന്താണ് നൽകുന്നത്- ഒരു നല്ല ജീവിതമോ അതോ ഒരു നല്ല തടവറയോ? ഒരാന മനുഷ്യനെ സ്നേഹിക്കാൻ പഠിച്ചുവെന്നത്, മനുഷ്യൻ ആനയുടെ സഹജമായ സാമൂഹ്യജീവിതത്തിന് പകരമായി എന്നർത്ഥമാക്കുന്നില്ല. ആനയ്ക്ക് സ്നേഹം ഉണ്ടെന്നത് അത് സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്നതിന് തെളിവല്ല.
Published: 08 Oct 2026, 03:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented