
അഞ്ച് വയസ്സ് പൂര്‍ത്തിയായിരുന്നുവെങ്കിലും അപ്പന്‍ നാട് വിട്ടുപോയ ആ വര്‍ഷത്തെ ജൂണ്‍ മാസത്തില്‍ അമ്മ എന്നെ പള്ളിക്കൂടത്തില്‍ ചേര്‍ത്തില്ല. ജെസ്സിയും ലാലിയും പോകുമ്പോള്‍ അനുജത്തി ബിന്ദുവിനോടൊപ്പം ഞാന്‍ വീട്ടിലിരുന്നു. തൊടിയിലും തോട്ടിലും പരിസരത്തെ വയല്‍വരമ്പുകളിലും ഞാന്‍ അനുജത്തിക്കുട്ടിയുമായി ദിവസം മുഴുവന്‍ അലഞ്ഞു നടന്നു. അയല്‍വീട്ടിലെ സമപ്രായക്കാരനായ ഷൈജു പള്ളിക്കൂടത്തില്‍ പോകാന്‍ തുടങ്ങിയത് എന്നെ ഏറെ വിഷമിപ്പിച്ചു. രണ്ടു വയസ്സുകാരിയായ അനുജത്തിക്കുട്ടിയെ ആശാന്‍കളരിയില്‍ വിടാനുള്ള പ്രായമാകാത്തതിനാല്‍ അവളെ നോക്കി വീട്ടിലിരിക്കേണ്ടതുകൊണ്ടാണ് എന്നെ പള്ളിക്കൂടത്തില്‍ ചേര്‍ക്കാതിരുന്നത്. പരിസരങ്ങളിലുള്ള വീടുകളില്‍ അമ്മ കൂലിപ്പണിക്ക് പോയിരുന്നതിനാല്‍, ഞങ്ങള്‍ക്ക് അത്താഴത്തിന് മുട്ടുണ്ടായില്ല. വരാന്ത്യങ്ങളില്‍ അമ്മയോടൊപ്പം ഞങ്ങള്‍ നാലു മക്കളും പരിസരത്തുള്ള സമ്പന്ന കുടുംബങ്ങളില്‍ അടയ്ക്ക പൊളിക്കാനും വിറകും മടലുമൊക്കെ വാരി ചുമക്കാനും പോയി. ആ ദിവസങ്ങളില്‍ ചാക്കോച്ചേട്ടന്റെ വീടിന്റെ പിറകിലെ ചായ്പ്പില്‍ ഞങ്ങള്‍ അഞ്ചുപേരും നിരന്നിരിക്കുമ്പോള്‍ ചേടത്തി വിളമ്പിത്തന്ന കുത്തരിച്ചോറിന്റെ രുചി ഇന്നുമെന്റെ നാവിനെ വിട്ടുപോയിട്ടില്ല.
''നീയാ ചെക്കന് കുറച്ച് ചോറൂടെ കൊട്. അവന്റെ വയറ് നറഞ്ഞിട്ടില്ല...' ഞങ്ങള്‍ കഴിച്ചു കഴിയുമ്പോള്‍ ചാക്കോച്ചേട്ടന്‍ എല്ലാ ശനിയാഴ്ചയും വിളിച്ചു പറയും. അമ്മയും മൂന്നു സഹോദരിമാരും പാത്രങ്ങളുമെടുത്ത് മുറ്റത്തിന്റെ അരികിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് ടാങ്കില്‍ നിന്നു നിറഞ്ഞൊഴുകിയിരുന്ന വെള്ളത്തില്‍ അവരുടെ പാത്രങ്ങള്‍ കഴുകുമ്പോളും ഞാന്‍ വീണ്ടും വിളമ്പിക്കിട്ടിയ ചോറുണ്ണും.
ആ മഴക്കാലത്ത് പുല്ലുമേഞ്ഞ ഞങ്ങളുടെ വീട് ചോര്‍ന്നൊലിച്ചു. പിന്‍വശത്തെ മണ്‍ഭിത്തിയില്‍ ഉണ്ടായിരുന്ന വിള്ളല്‍, മഴക്കാലം കഴിഞ്ഞപ്പോഴേക്കും വീടിനെത്തന്നെ അപകടത്തിലാക്കുംവിധം വലുതായി. പറമ്പിലെ ചില മരങ്ങള്‍ വെട്ടി വീടിന്റെ നാല് മൂലയിലും തൂണിട്ട്, ഞങ്ങള്‍ തന്നെ ഉണ്ടാക്കിയ ഉണങ്ങിയ മണ്‍കട്ടകള്‍കൊണ്ട് പിറകിലെ ഭിത്തി മാറ്റിപ്പണിതത് ആ ഓണക്കാലത്തായിരുന്നു. കുരിശുകുത്തിക്കുന്നില്‍ താമസിച്ചിരുന്ന മഞ്ഞക്കരപ്പണിക്കന്‍ വന്ന് വീടിരിക്കുന്ന സ്ഥാനത്തിന് വാസ്തുപരമായി തെറ്റുണ്ടെന്നും അതിനാല്‍ മൂന്നു വര്‍ഷത്തിനകം അത് മാറ്റിപ്പണിയണമെന്നും, അല്ലാത്തപക്ഷം ആള്‍നാശം വരെ ഉണ്ടാകുമെന്നും അമ്മയെ പറഞ്ഞു ബോധ്യപ്പെടുത്തി ഇരുപതു രൂപ കൂലി വാങ്ങിപ്പോയി.
പാറത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് ജപ്തി ഒഴിവാക്കി മൂന്നുമാസത്തിനകം പലിശ അടച്ചുതീര്‍ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കത്തുകിട്ടി ഒരു മാസം കഴിഞ്ഞിട്ടുണ്ടാവണം. ഒരു രാത്രി, ഏറെ വൈകിക്കഴിഞ്ഞും ജെസ്സിയും അമ്മയും ഞങ്ങളുടെ വീടിന്റെ, ചാണകവും കരിയും ചേര്‍ത്ത് മെഴുകിയ തിണ്ണയിലിരുന്ന് എന്തൊക്കെയോ പറയുന്നത് ഞാന്‍ കട്ടിലില്‍ കിടന്നു പാതിഉറക്കത്തില്‍ കേട്ടു. ആ പ്രായത്തില്‍ ഉറക്കത്തില്‍ കിടന്നു മുള്ളുന്ന ശീലം വിട്ടുമാറാതിരുന്ന എനിക്ക്, രാത്രിയില്‍ ഒരുവട്ടമെങ്കിലും ഉണര്‍ന്നാല്‍ അന്നത് ഒഴിവായി കിട്ടുമായിരുന്നു. വര്‍ത്തമാനം പറയുന്നത് രാത്രിയിലെപ്പോഴോ കേട്ട ഞാന്‍ ഉണര്‍ന്നു. മുറ്റത്തിറങ്ങി മൂത്രമൊഴിച്ചു മടങ്ങുമ്പോള്‍ അമ്മ എന്തുപറഞ്ഞാണ് കരയുന്നതെന്നൊന്നും എനിക്ക് മനസ്സിലായില്ല. 10 വയസ്സ് മാത്രം പ്രയമുള്ള ജെസ്സി അമ്മയെ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. പാതിയുറക്കത്തിലായിരുന്ന ലാലി പനമ്പ് വാതിലില്‍ ചാരിയിരിപ്പുണ്ട്.
ബാങ്കിലെ കടവും അപ്പന്റെ കുടുംബക്കാരുടെ വഴക്കും സ്വന്തം വീട്ടുകാരുടെ അകല്‍ച്ചയും നാട്ടുകാര്‍ക്കു മുന്നില്‍, കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവള്‍ എന്ന പേരുമെല്ലാം അമ്മയെ ആകെ തളര്‍ത്തിയ ഒരു രാത്രിയായിരുന്നു അത്. മാസങ്ങള്‍ കഴിഞ്ഞും അപ്പന്‍ മടങ്ങിവരാത്ത വേദന അമ്മയെ കടുത്ത നിരാശയിലേക്ക് തള്ളിവിട്ട ഒരു രാത്രി. പോയി കുറച്ചു ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞ് അപ്പന്‍ മടങ്ങിവരുമെന്ന് അമ്മ കരുതിയിരുന്നിട്ടുണ്ടാവാം. ബാങ്കുകാര്‍ നീട്ടിനൽകിയ അവധിക്കുള്ളില്‍ പലിശ അടച്ച്, വായ്പ പുതുക്കാന്‍ മുന്നില്‍ വഴിയൊന്നും കാണാതെ അമ്മ വിഷമിച്ച ആ രാത്രിയില്‍, ജീവിക്കാനുള്ള മോഹമെല്ലാം അമ്മയ്ക്ക് നഷ്ടമായിരുന്നു.
കോളങ്ങളും പ്രീമിയം ലേഖനങ്ങളും വായിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക.
വീണ്ടും ഉറങ്ങിത്തുടങ്ങിയപ്പോഴാണ് അമ്മ വന്ന് എന്നെ വിളിച്ചേല്‍പ്പിച്ചത്. അടുത്ത് ഉറങ്ങിക്കിടന്നിരുന്ന ബിന്ദുവിനെ എടുത്ത് അമ്മ തോളത്തിട്ടു. ഒരു കൈകൊണ്ട് എന്റെ വലതുകൈ പിടിച്ച്, വാതില്‍പ്പോലും ചാരാതെ അമ്മ പുറത്തിറങ്ങി നടന്നു. കടപ്ലാവിന്റെ ശിഖരങ്ങള്‍ക്കിടയിലൂടെ മടിച്ചെത്തിയ നിലാവെളിച്ചത്തില്‍ ലാലിയുടെ കയ്യും പിടിച്ച് ജെസ്സി ഞങ്ങളുടെ തൊട്ടു പിന്നിലായി നടക്കുന്നത് ഇടയ്ക്കിടെ തിരിഞ്ഞുനോക്കിയ എനിക്ക് കാണാമായിരുന്നു.
''എന്റെ ക്രിസ്തുരാജാ എനിക്കും എന്റെ പിള്ളേര്‍ക്കും ഈ ഗതി നീ തന്നല്ലോ...'
വട്ടംതൊട്ടിക്കാരുടെ കണ്ടംകടന്ന് തോടിറങ്ങി കരകയറുമ്പോള്‍ അമ്മ കരഞ്ഞുകൊണ്ട് ഉറക്കെ വിളിച്ചുപറഞ്ഞു. കുഞ്ചിരക്കാട്ടു പാറ കയറി, ദീര്‍ഘചതുരാകൃതിയില്‍ മെറ്റല്‍ കൂട്ടിയിട്ടിരുന്ന വഴിയില്‍ കയറി, തെള്ളിത്തോട്ടിലേക്ക് നടക്കുമ്പോഴും അമ്മ കര്‍ത്താവിനെ പഴിച്ചുകൊണ്ടിരുന്നു. തെള്ളിത്തോട് പള്ളിയുടെ താഴെ വഴിയരികില്‍ ഒരു കുരിശും അതിനു മുന്നിലായി നീല നിറത്തിലുള്ള ഒരു ചെറിയ നേര്‍ച്ചഭണ്ഡാരവും ഉണ്ട്. കുരിശ്ശടിയില്‍ എത്തിയപ്പോള്‍ അമ്മ ബിന്ദുവിനെ നിലത്തുനിര്‍ത്തി.
''എനിക്കിനി വയ്യ കര്‍ത്താവേ. ഈ ജീവിതം എനിക്ക് മടുത്തു...'
പള്ളിയുടെ മുകളില്‍ കുരിശിന് മുകളില്‍ തെളിഞ്ഞു നിന്ന വൈദ്യുതവിളക്കല്ലാതെ കര്‍ത്താവോ തെള്ളിത്തോട്ടിലെ ഇടവക മധ്യസ്ഥനായ യൗസപ്പിതാവോ ഞങ്ങളെ കാണാനോ അമ്മയുടെ വിലാപം കേള്‍ക്കാനോ കൂട്ടാക്കിയില്ല.
''നമ്മള്‍ ഈ രാത്രീല്‍ എവിടെ പോകുവാ അമ്മേ...? '
അമ്മയോട് ചേര്‍ന്നുനിന്ന് ചോദിക്കുമ്പോള്‍ അറിയാവുന്ന ഒരിടത്തിന്റെ പേര് അമ്മ പറയുമെന്നാണ് ഞാന്‍ കരുതിയത്.
''നമ്മള്‍ മരിക്കാന്‍ പോകുവാ മക്കളെ. അമ്മയ്ക്ക് മടുത്തു. ഈ ലോകത്ത് ആര്‍ക്കും നമ്മളെ വേണ്ട. നേരം വെളുക്കുന്നതിനു മുന്‍പ് കല്ലാര്‍കുട്ടിയില്‍ എത്തണം...'
ഇത് പറയുമ്പോള്‍ അമ്മയുടെ സ്വരം ഇടറിയിരുന്നു. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ആ അരണ്ട വെളിച്ചത്തില്‍ ഞാന്‍ കണ്ടു.
മരണമെന്നാല്‍ നീണ്ട ഒരു യാത്രപോക്ക് പോലെയാണ് അന്നെനിക്ക് തോന്നിയത്. അമ്മയോടൊപ്പം കല്ലാര്‍കുട്ടി അണക്കെട്ടില്‍ ചാടി മരിക്കാനുള്ള ഒരു രാത്രിയാത്രയായിരുന്നു അതെന്നു കുറേകൂടി കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്. തെള്ളിത്തോട്ടില്‍നിന്നു കമ്പിളിക്കണ്ടത്തിനുള്ള വഴിയേ ഞങ്ങള്‍ നടന്നു. കുറേ നടന്നു കഴിഞ്ഞപ്പോള്‍ അമ്മ ബിന്ദുവിനെ നിലത്തു നിര്‍ത്തി. തെള്ളിത്തോടിനും കമ്പിളിക്കണ്ടത്തിനുമിടയില്‍ വെന്തിക്കോസ് വളവ് എന്ന് വിളിക്കുന്നിടത്താണ് ഞങ്ങള്‍ നിന്നത്. വഴിയുടെ മുകളില്‍ പള്ളിക്കക്കാരുടെ വീട്ടിലെ പട്ടി നിര്‍ത്താതെ കാലന്‍ കൂവുന്നുണ്ടായിരുന്നു.
''കല്ലാര്‍കുട്ടി ഡാമില്‍ ചെല്ലുമ്പോള്‍ അമ്മ വെള്ളത്തിലേക്കു എടുത്തു ചാടും. മക്കള്‍ പുറകെ ചാടണം.''
അത് പറയുമ്പോള്‍ അമ്മ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തുടച്ചു. ആ സ്വരത്തില്‍ പ്രതീക്ഷ അറ്റിട്ടും മരണത്തോടുള്ള ഭയം ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല.
''അമ്മ ചാടുന്നതിനു മുമ്പ് ഞങ്ങളെ ഓരോരുത്തരായി അമ്മതന്നെ വെള്ളത്തിലേക്കു എടുത്തിട്ടാ മതി. അല്ലങ്കില്‍ അമ്മ ചാടിക്കഴിഞ്ഞു ഞങ്ങള്‍ക്ക് വെള്ളത്തിലേക്കു ചാടാന്‍ പേടിയായാലോ...?'' മരണത്തിലേക്കുള്ള യാത്രയുടെ പര്യവസാനം സംബന്ധിച്ച് പത്തു വയസ്സുകാരി ജെസ്സിക്ക് വേറെയും ചിന്തകള്‍ ഉണ്ടായിരുന്നു.
''അമ്മേടെ പൊന്നുമക്കളെ ഡാമിലേക്ക് എടുത്തിടാന്‍ അമ്മയ്ക്ക് പറ്റത്തില്ല. നിങ്ങള്‍ തന്നേ ചാടിയാല്‍ മതി...'
വിതുമ്പലോടെ അത് പറയുമ്പോള്‍ അമ്മയ്ക്ക് മരണത്തോട് പുറംതിരിഞ്ഞു നില്‍ക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നില്ലേ എന്ന് ഇന്ന് ഞാന്‍ എന്നോടുതന്നെ ചോദിക്കാറുണ്ട്. പിന്നീട് കുറേനേരത്തേക്ക് ഒരുനീണ്ട മൗനമായിരുന്നു. ബിന്ദുവിനെ വീണ്ടുമെടുത്തു തോളത്തിട്ട് അമ്മ നടക്കാന്‍ തുടങ്ങുമ്പോള്‍ ജെസ്സി അമ്മയെ തടഞ്ഞുനിര്‍ത്തി.
''അമ്മേ, തെള്ളിത്തോട്ടിലും കമ്പിളിക്കണ്ടത്തും ഒക്കെയുള്ള ആളുകള്‍ക്കല്ലേ നമ്മളെ അറിയത്തൊള്ളൂ. നമ്മള്‍ ചിന്നാറിന് അക്കരെ ഭിക്ഷയെടുക്കാന്‍ പോയാല്‍ നമുക്ക് കഞ്ഞിക്കുള്ള വക കിട്ടില്ലേ?''
മരണം അടുത്തെത്തിയ ഭീതിയില്‍നിന്നാവണം ജെസ്സി അങ്ങനെ ചോദിച്ചത്. അമ്മ മറുപടി ഒന്നും പറഞ്ഞില്ല.
''നമുക്ക് മരിക്കണ്ട അമ്മേ....''
എവിടെനിന്നോ സംഭരിച്ച ധൈര്യത്തില്‍ അത് പറയുമ്പോള്‍ ജെസ്സി വഴിക്കു താഴെ ഇരുട്ടില്‍ പതിയിരുന്ന, പുല്ലുമേഞ്ഞ പെന്തകൊസ്ത് പള്ളിയിലേക്ക് നോക്കിനിന്നു. ലാലിയും ഞാനും മറുപടി കാത്തിട്ടെന്നപോലെ അമ്മയുടെ മുഖത്തേയ്ക്ക് കണ്ണുംനട്ട് നിന്നു. അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ജെസ്സിയെ രണ്ട് കയ്യും ചേര്‍ത്ത് വാരിപ്പുണരുമ്പോള്‍ ഇനി മുന്‍പോട്ടു കരയരുതെന്ന് അമ്മ സ്വയം തീരുമാനിച്ചിരിക്കണം.
''ഇല്ല മക്കളെ, നമ്മള്‍ മരിക്കാന്‍ പോകുന്നില്ല. എല്ലാവരുടെയും മുന്നില്‍ അഭിമാനത്തോടെ ജീവിച്ചു കാണിക്കണം.''
വെന്തിക്കോസ് വളവിലെ പണിതീരാത്ത കലുങ്കില്‍ അമ്മയിരുന്നു. ഒത്തിരിനേരം നീണ്ടുനിന്ന ഒരു മൗനം. ആത്മാവില്‍ അലഞ്ഞ മഴമേഘങ്ങള്‍ ആ നീണ്ട മൗനത്തില്‍ പെയ്തിറങ്ങി. മകളിലൂടെ താന്‍ കേട്ടത് ദൈവത്തെത്തന്നെയെന്ന തോന്നലാണ് അന്ന് അമ്മക്കുണ്ടായത്. അമ്മയുടെ അരികുപറ്റിയിരുന്ന് ഉറങ്ങിത്തുടങ്ങിയിരുന്ന ബിന്ദുവിനെ എടുത്തു തോളിലിട്ട് അമ്മ തിരിഞ്ഞു നടന്നു. മരണത്തിന്റെ വഴിവിട്ട്, വീട്ടിലേക്കുള്ള ആ മടക്കയാത്ര കൂടുതല്‍ വേഗത്തിലായിരുന്നു. അമ്മയുടെ ഓരോ കാല്‍വയ്പ്പിലും ജീവിതം സമ്മാനിച്ച ദുരിതങ്ങളെ പടവെട്ടി തോല്‍പ്പിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ തീവ്രത മുറ്റിനിന്നു. തുറന്നുകിടന്ന വാതിലിലൂടെ അകത്തു കടന്ന്, കിടക്കാന്‍ പോകുമ്പോള്‍ കമ്പിളിക്കണ്ടം ദേവീക്ഷേത്രത്തില്‍ നിന്നുള്ള സുപ്രഭാതകീര്‍ത്തനങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നു.
മാസങ്ങള്‍ ഒന്നുരണ്ടു കഴിഞ്ഞിട്ടുണ്ടാവണം. അയല്പക്കത്തെ സമ്പന്നകുടുംബങ്ങളില്‍ കൂലിപ്പണിക്ക് പോയിരുന്ന അമ്മ സൊരുക്കൂട്ടിവച്ച പണവും ചേര്‍ത്ത് പാറത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് അപ്പന്‍ എടുത്ത,് ജപ്തിയായ കൃഷിവായ്പയുടെ പലിശ അടച്ചത് ആ വര്‍ഷത്തെ ക്രിസ്തുമസ്സിനും കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ്. അപ്പോഴേക്കും വായ്പ്പ പൂര്‍ണ്ണമായി അടച്ചുതീര്‍ക്കാന്‍ അമ്മയ്ക്ക് മൂന്നു വര്‍ഷത്തെ അവധി ബാങ്കില്‍നിന്ന് ലഭിച്ചിരുന്നു. പലിശ അടച്ച് പുതുക്കാനായി രണ്ടു വര്‍ഷത്തെ അവധി വ്യവസ്ഥയില്‍ ചാക്കോച്ചേട്ടന്‍ കുറച്ചു പണം അമ്മക്ക് കടം നല്‍കി. അന്ന് ഞങ്ങളുടെ വീട്ടില്‍ ഉണ്ടായിരുന്ന മൂന്ന് ഓട്ടുവിളക്കുകളില്‍ രണ്ടെണ്ണവും രണ്ട് ചെമ്പ് കലങ്ങളും ഒരു ചെമ്പേട്ടിയും ഒരു ഒട്ടുരുളിയും അമ്മ അയല്‍പ്പക്കത്തെ ലില്ലിച്ചേടത്തിക്ക് വിറ്റു. ഇതെല്ലാം ചേര്‍ത്തുവച്ചാണ് അന്ന് സഹകരണ ബാങ്കിലെ വായ്പ്പയുടെ പലിശ അമ്മ പുതുക്കിയത്.
ഞങ്ങള്‍ മക്കളെ, അപ്പന്റെ തറവാട്ടിലാക്കി അമ്മ സ്വന്തം വീട്ടിലേക്ക് പോകാന്‍ തയ്യാറാകാത്തതിനാല്‍ അമ്മവീട്ടില്‍നിന്ന് ആരും ഞങ്ങളുടെ അടുക്കല്‍ വരികയോ ഞങ്ങള്‍ അങ്ങോട്ട് പോവുകയോ ചെയ്തില്ല. ഞങ്ങള്‍ വല്യപ്പാപ്പന്‍ എന്ന് വിളിച്ചിരുന്ന അപ്പന്റെ നേരെ ഇളയ അനുജന് പാറത്തോട് പള്ളിക്കൂടത്തില്‍ പ്യൂണായി ജോലി ഉണ്ടായിരുന്നതിനാല്‍, തറവാട്ടില്‍ വല്യപ്പനും മറ്റുള്ളവരും നാട്ടിലെ പ്രമാണികള്‍ എന്ന സ്ഥാനം നിലനിര്‍ത്തി. ആ ഒരു രാത്രിയില്‍ അമ്മ ഞങ്ങളെയുംകൂട്ടി കല്ലാര്‍കുട്ടി ഡാമില്‍ മരിക്കാന്‍ പോകാന്‍ ആ നാളുകളില്‍ ഞങ്ങളുടെ പള്ളിയില്‍ കൂടിയ ഒരു രാത്രിയോഗം കാരണമായിരുന്നിരിക്കാം.
1979-ലെ ക്രിസ്മസ്സിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ തെള്ളിത്തോട്ടിലെ ഞങ്ങളുടെ ഇടവകപ്പള്ളിയില്‍, വികാരിയച്ചന്റെ അധ്യക്ഷതയില്‍ ഒരു രാത്രിയോഗം നടന്നു. വല്യപ്പനും വല്യപ്പാപ്പനും ഇളയ അനുജന്‍ കൊച്ചപ്പാപ്പനും പങ്കെടുത്ത ആ യോഗത്തില്‍ അമ്മയുടെ മൂത്ത ആങ്ങളയും ഉണ്ടായിരുന്നു. ഇടവകയിലെ പ്രമാണികുടംബത്തില്‍പെട്ട മേരി നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കുന്ന രീതിയില്‍, മക്കളെയുമായി, ഭര്‍ത്താവില്ലാതെ ജീവിക്കുന്നത് തീരെ ശരിയല്ലന്നും ആയതിനാല്‍ മക്കളെ അപ്പന്റെ തറവാട്ടില്‍ ഏല്‍പ്പിച്ചു തൊട്ടടുത്ത ദിവസംതന്നെ സ്വന്തം വീട്ടിലേക്ക് പോകണമെന്നും വികാരിയച്ചന്റെ നേതൃത്വത്തിലുള്ള യോഗം വിധിച്ചു.
രാത്രി വൈകി പള്ളിസദസ്സിലെടുത്ത തീരുമാനവുമായി മൂത്തമ്മാവന്‍ വീട്ടില്‍ വന്നപ്പോള്‍ അമ്മയുടെ ദേഷ്യവും സങ്കടവുമെല്ലാം പരുഷമായ വാക്കുകള്‍ക്ക് വഴിമാറി.
''അവരും പള്ളീലച്ചനും പറയുന്നതൊക്കെ നീയെന്തിനാ അംഗീകരിച്ചത്? ഞാന്‍ എന്റെ പിള്ളേരെ വിട്ടിട്ട് എങ്ങോട്ടും വരുന്നില്ല..'
അമ്മ മൂത്തമ്മാവനെ കുറ്റപ്പെടുത്തി.
''നീയെന്നാ ഈ പറയുന്നെ! വികാരിയച്ചനോട് മറുതലിച്ചു പറയാന്‍ എനിക്ക് പറ്റുവോ? എനിക്കും കുടുംബവും കൊച്ചുങ്ങളും ഉള്ളതല്ലേ... ശാപമൊന്നും എടുത്തു തലേ വയ്ക്കാന്‍ എനിക്ക് വയ്യ.''
തിണ്ണയില്‍ കാറ്റത്തുലഞ്ഞ മണ്ണണ്ണ വിളക്കിന് മുന്‍പില്‍ ഇരുന്നുകൊണ്ട് അമ്മാവന്‍ സ്വരമടക്കി പറഞ്ഞു.
ആ രാത്രിതന്നെ അഞ്ചര വയസ്സുള്ള എന്നെയും കൂട്ടി അമ്മ പള്ളിയിലേക്ക് പോകുമ്പോള്‍, കത്തിച്ചുപിടിച്ചിരുന്ന ചൂട്ടു പന്തത്തിന്റെ വെളിച്ചംപറ്റി മൂത്തമ്മാവനും പിറകെ വന്നു. അള്‍ത്താരയ്ക്ക് പിന്നിലുള്ള പള്ളിമുറിയ്ക്കകത്തെ പ്രമാണി സദസ്സ് ഞങ്ങള്‍ ചെല്ലുമ്പോഴും പിരിഞ്ഞിരുന്നില്ല. തെള്ളിത്തോട് പള്ളിയുടെ ഇടതുവശത്തു രണ്ട് വാതിലുകളാണ് ഉണ്ടായിരുന്നത്. മുന്‍പിലെ വാതിലിന് അരികിലായി ചൂട്ടുപന്തം ചവുട്ടിക്കെടുത്തിയിട്ട്, അമ്മ എന്റെ കൈപിടിച്ച് പള്ളിക്കകത്തേയ്ക്ക് കയറി. ആക്കാലത്ത് ഞങ്ങളുടെ ഇടവക പള്ളിയില്‍ അള്‍ത്താരവിരി ഉണ്ടായിരുന്നില്ല. സാക്രാരിയുടെ മുകളില്‍ കുരിശില്‍ കര്‍ത്താവ് ഞങ്ങളെ കാണാന്‍ താല്‍പ്പര്യപ്പെടാത്തതുപോലെ വലതു വശത്തേയ്ക്കു കണ്ണുകള്‍ ചെരിച്ചു കിടന്നു. അമ്മ പള്ളിമുറിയ്ക്കകത്തേക്ക് കയറുമ്പോള്‍ വികാരിയച്ചനും വല്യപ്പനും അപ്പാപ്പന്മാരും കയ്യിലിരുന്ന ഗ്ലാസ്സ് നിലത്തു വച്ചു.
''മേരി എന്തിനാ ഈ പാതിരാത്രിയില്‍ പള്ളിയിലേക്ക് വന്നത്? നിന്റെ ആങ്ങളയെ ഞങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞ് നിന്റെ വീട്ടിലേക്ക് വിട്ടിരുന്നല്ലോ..!''
അമ്മാവന്‍ പള്ളിക്കു പുറത്തു വാതിലിനോട് ചേര്‍ന്ന് മടിച്ചു നിന്നു. വികാരിയച്ചന്‍ ക്ഷുഭിതനായി. പേടിച്ചരണ്ട ഞാന്‍ അമ്മയുടെ മുണ്ടിന്റെ അടുക്കില്‍ പിടിച്ചു പുറകോട്ട് മാറി. ചുവന്നു കലങ്ങിയ കണ്ണുകളിലൂടെ വല്യപ്പാപ്പന്‍ തുറിച്ചു നോക്കുന്നത് അമ്മയുടെ പിറകില്‍നിന്നുകൊണ്ടുതന്നെ എനിക്ക് കാണാമായിരുന്നു.
''ഇതിപ്പോ എന്റെ പിള്ളേരടേം എന്റെയും കാര്യല്ലേ അച്ചോ; അച്ചനും ബാക്കി കുടുംബക്കാരുമൊന്നും എന്റെ കെട്ട്യോന്‍ നാടുവിട്ടു പോയപ്പോള്‍ ഞങ്ങളെ സഹായിക്കാനായി വന്നില്ലല്ലോ. ബാങ്കില്‍നിന്ന് ചെണ്ടയും കൊട്ടി, ജപ്തിക്കു വന്നപ്പോഴും ആരുമില്ലാരുന്നു.''
മാറു മറച്ചിരുന്ന തോര്‍ത്തിന്റെ അറ്റം എളിയില്‍ പിടിച്ച് കുത്തിക്കൊണ്ട് അമ്മയത് പറയുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകി.
''ഒരു പെണ്ണ് പിള്ളേരുമായിട്ട് ഭര്‍ത്താവ് കൂടെയില്ലാതെ, തന്നേ ജീവിച്ചാല്‍ നാട്ടുകാര്‍ എന്തൊക്കെയാ പറയുകയെന്നു മേരിക്ക് വല്ല വിചാരവുമുണ്ടോ? നമ്മുടെ സമുദായത്തിന്റെ വെല കളയരുത്. നിങ്ങടെ കുടുംബത്തിന്റെയും പേരും പോകുവാന്ന് മേരിക്ക് മനസ്സിലാകില്ലേ?''
വികാരിയച്ചന്‍ അത് പറയുമ്പോള്‍ വല്യപ്പന്‍ തലയാട്ടി അംഗീകാരം നല്‍കുന്നുണ്ടായിരുന്നു. വല്യപ്പാപ്പന്‍ അമ്മയെ രൂക്ഷമായി നോക്കി. അസ്വസ്ഥനായി കാണപ്പെട്ട കൊച്ചപ്പാപ്പാന്‍ ഇതിനോടെല്ലാമുള്ള തന്റെ വിയോജിപ്പ് പ്രകടിപ്പിക്കാനാവാതെ നിസ്സഹായനായി ഇരുന്നു. അല്ലങ്കില്‍ത്തന്നെ ജോലിക്കാരനായ വല്യപ്പാപ്പന്‍ പറയുന്നതായിരുന്നു തറവാട്ടിലെ അവസാന വാക്ക്.
അള്‍ത്താരയുടെ മുന്നില്‍ പുരുഷന്മാരുടെ ഭാഗത്തു ഉണ്ണീശോയുമായി നിന്നിരുന്ന യൗസപ്പിതാവിന്റെ രൂപം നിസ്സഹായതയോടെ നിലത്തേക്കുനോക്കി. മറുവശത്ത് നിത്യസഹായ മാതാവിന്റെ ചിത്രവും അതോടു ചേര്‍ന്നുണ്ടായിരുന്ന ലൂര്‍ദ് മാതാവിന്റെ രൂപവും ഇതൊന്നും കാണാനും കേള്‍ക്കാനുമൊന്നും താല്‍പര്യമില്ലന്നപോലെ അകലേക്ക് നോക്കിനിന്നു.
''മേരി ഇനി കൂടുതലൊന്നും പറയേണ്ട. നാളെത്തന്നെ പിള്ളേരെ നാലുപേരെയും തറവാട്ടില്‍ കൊടുത്തിട്ടു പൂതാളിയില്‍ ആങ്ങളമാരുടെ അടുത്തേക്ക് പോകണം. നിന്റെ കെട്ട്യോന്‍ എന്നെങ്കിലും തിരിച്ചു വന്നിട്ട് നിന്നെ കൂട്ടിക്കൊണ്ട് വന്നോളും. ഇത് വികാരിയച്ചന്‍ എന്ന നിലയിലുള്ള എന്റെ തീരുമാനം കൂടിയാണ്.'' പറഞ്ഞു നിര്‍ത്തുമ്പോള്‍ വികാരിയച്ചന്റെ സ്വരം കടുത്തിരുന്നു. അമ്മയുടെ പിറകില്‍ ഭയന്നുനിന്ന ഞാനെന്ന അഞ്ചു വയസ്സുകാരനില്‍ അമ്മയെ നഷ്ടമാകാന്‍ പോകുന്നതിന്റെ ആകുലത നിറഞ്ഞു.
''ഇനി മേലില്‍ പള്ളീലച്ചനോ കുടുംബക്കാരോ ഒന്നും എന്റെയോ എന്റെ മക്കടെയോ കാര്യങ്ങള്‍ തീരുമാനിക്കേണ്ട. എന്റെ കാര്യം ഞാന്‍ നോക്കിക്കോളാം. ഞാന്‍ ഭര്‍ത്താവില്ലാതെ തനിയെ താമസിച്ചതുകൊണ്ട് നാട്ടുകാര്‍ എന്തു പറഞ്ഞാലും എനിക്ക് ഒരു കൊഴപ്പോമില്ല. ഇനിയുമെന്നേ ജീവിക്കാന്‍ അനുവദിച്ചതില്ലേല്‍ എല്ലാത്തിനെയും ഞാന്‍ അരിഞ്ഞുകളയും.''
പള്ളിമുറിയ്ക്കകത്തുനിന്നു അലറിപ്പറയുമ്പോള്‍ അമ്മ അരയില്‍ കരുതിയിരുന്ന അരിവാള്‍ കയ്യിലെടുത്തു. ക്ഷുഭിതയായി വിറച്ച അമ്മയുടെ നീണ്ട മുടി കെട്ടഴിഞ്ഞു വീണു. ഒരു ഭ്രാന്തിയെപ്പോലെ വികാരിയച്ചന്റെയും വല്ല്യപ്പന്റെയും അപ്പാപ്പന്‍മാരുടെയും നേരെ അരിവളുമായി ഓടിയ അമ്മ ആ അഞ്ചു വയസ്സുകാരന്റെ മനസ്സില്‍ കാലം മായ്ക്കാത്ത ഭയപ്പെടുത്തുന്ന ഓര്‍മകളാണ് കോറിയിട്ടത്. പള്ളീലച്ചനും വല്യപ്പനും അപ്പാപ്പന്മാരും പള്ളിമുറിക്ക് പുറത്തേക്കോടി. അമ്മാവന്‍ പുറത്തിറങ്ങി, പൂതാളിയിലെ വീട്ടിലേക്ക് വച്ചുപിടിച്ചു. അരിവളുമായി നിന്ന അമ്മയും ഭയന്നു വിറച്ച ഞാനും നിസ്സഹായരായ വിശുദ്ധരും സക്രാരിക്ക് മുകളില്‍ മരണാസന്നനായി കുരിശില്‍ കിടന്ന കര്‍ത്താവും തെള്ളിത്തോട് പള്ളിയില്‍ ആ പാതിരാത്രി തനിച്ചായി. സക്രാരിക്ക് മുന്നില്‍ മിന്നിക്കൊണ്ടിരുന്ന നിത്യപ്രകാശംപോലും കുറേനേരത്തേക്ക് നിന്നുപോയതുപോലെ!
പള്ളിയില്‍ കയറി അമ്മ മുട്ടുകുത്തി കൈകള്‍ വിരിച്ചു പ്രാര്‍ഥിച്ചശേഷം പുറത്തേക്കിറങ്ങി. പള്ളിവാതിലിനരുകില്‍ മുറ്റത്തു ചവുട്ടിക്കെടുത്തി വച്ചിരുന്ന ചൂട്ടുപന്തം കത്തിച്ച് വീട്ടിലേക്ക് നടക്കുമ്പോളും അമ്മ ദേക്ഷ്യത്തോടെ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. തെള്ളിത്തോട് കുഞ്ചിരക്കാട്ടു പാറയില്‍ തല്ലിയൊലിച്ച് ചിന്നാറ്റിലേക്ക് തെളിഞ്ഞുതന്നെ ഒഴുകി. വയല്‍ വരമ്പിലൂടെ ആ രാത്രിയില്‍ അമ്മയുടെ കൈ പിടിച്ചു നടക്കുമ്പോള്‍ പൊടുന്നനെ പെയ്ത മഴയില്‍ ചൂട്ടുപന്തം അണഞ്ഞുപോയി. നാളെയെക്കുറിച്ചുള്ള പ്രതീക്ഷയെന്നപോലെ കുന്നിന്‍ ചെരുവിലെ ഞങ്ങളുടെ പുല്‍വീടിന്റെ തിണ്ണയില്‍ മണ്ണണ്ണ വിളക്ക് കത്തിത്തന്നെ നിന്നു. ബിന്ദുവിനെ മടിയില്‍ കിടത്തിയുറക്കി ജെസ്സി ലാലിയേയും ചേര്‍ത്തുപിടിച്ച് അമ്മയെയും എന്നെയും കാത്തിരുന്നു. മുറ്റത്തെ നിറയെ പൂത്തുനിന്ന ഗന്ധരാജന്‍ പിന്നീട് വരാനിരുന്ന ദുരന്തങ്ങളുടെ ഗന്ധമാണോ പേറിയിരുന്നത്?
Content Highlights: Childhood Memories by babu abraham From Parathot to Paris part 2
Published: 13 Nov 2024, 10:15 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented