
ന്യൂസ് ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും ഓരോ ദിവസവും നമ്മേ തേടിയെത്തുന്ന വാർത്തകളിൽ ഒന്നിലധികം ആത്മഹത്യകളെക്കുറിച്ചുള്ളവ കാണാം. ദമ്പതികൾ പുഴയിൽ ചാടി മരിച്ചു, പോലീസ് ഓഫീസർ സ്വയം വെടിവെച്ചു മരിച്ചു, ഗർഭിണി കുഞ്ഞിനെയും കൊണ്ട് പുഴയിൽ ചാടി ജീവനൊടുക്കി, കാണാതായ വയോധിക കുളത്തിൽ മരിച്ച നിലയിൽ, കുഞ്ഞിനെ കൊന്ന് പ്ലാസ്റ്റിക് കവറിലാക്കി മാതാപിതാക്കൾ തൂങ്ങി മരിച്ചു.... തുടങ്ങിയ തലക്കെട്ടുകൾ ഈ അടുത്തിടെ മലയാള പത്രങ്ങളിൽ കണ്ടവയാണ്. റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന സംഭവങ്ങൾ ഇതിനേക്കാളൊക്കെ വളരെയേറെയാണ്. ഈ അടുത്തകാലം വരെ ദേശീയതലത്തിലെ ആത്മഹത്യാ നിരക്ക് ലക്ഷത്തിൽ 10 പേർ എന്നാണെങ്കിൽ കേരളത്തിൽ അത് ലക്ഷത്തിൽ 30 പേർ എന്നായിരുന്നു. അതായത് ആത്മഹത്യയുടെ കാര്യത്തിൽ സംസ്ഥാനത്ത് നടക്കുന്നത് ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടിയായിരുന്നു എന്ന് ചുരുക്കം.
എന്നാൽ ഏതാനും വർഷങ്ങളായി ആരോഗ്യവകുപ്പിന്റെറയും സന്നദ്ധ സംഘടനകളുടെയും ബോധവത്കരണങ്ങളും മറ്റുതരത്തിലുള്ള ഇടപെടലും മൂലം ഇത് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിലും ഇപ്പോഴത്തെ വാർത്തകൾ വീണ്ടും ആശങ്കയുണർത്തുന്നതാണ്.
എന്തുകൊണ്ട് ആത്മഹത്യ?
ഒരു വ്യക്തി തന്റെ ജീവൻ സ്വയം നഷ്ടപ്പെടുത്താനുള്ള കാരണങ്ങളെക്കുറിച്ച് വർഷങ്ങളായി നിരവധി പഠനങ്ങളും ഗവേഷണങ്ങളും ലോകത്താകമാനം നടന്നുവരുന്നുണ്ട്. ഇതിൽ ഭൂരിഭാഗം പഠനങ്ങളും സൂചിപ്പിക്കുന്നത് ആത്മഹത്യ ചെയ്തവരിൽ വലിയൊരു ശതമാനവും മാനസികപ്രശ്നങ്ങൾ ഉള്ളവരായിരുന്നു എന്നാണ്. ഇതിൽനിന്നും മനസ്സിലാക്കേണ്ടത് ഒരു വ്യക്തിയിൽ കാണുന്ന ആത്മഹത്യാപ്രവണത ചില രോഗങ്ങളുടെ ലക്ഷണങ്ങളാവാൻ സാധ്യതയുണ്ട് എന്നാണ്.
പലപ്പോഴും സാമ്പത്തിക പ്രതിസന്ധി, പ്രണയനൈരാശ്യം, പരീക്ഷകളിലെ തോൽവി, വ്യക്തിബന്ധങ്ങളിലെ തകർച്ച തുടങ്ങി പ്രത്യക്ഷത്തിലുള്ള മാനസിക സംഘർഷങ്ങൾ മാത്രമാകണമെന്നില്ല ആത്മഹത്യയ്ക്ക് പിറകിലെ യഥാർഥകാരണം. പല കാരണങ്ങളാൽ മനോരോഗം വരാൻ സാധ്യതയുള്ളവരുടെ മനസ്സിലുണ്ടാകുന്ന കഠിനമായ മാനസിക സമ്മർദം, അവരുടെ ശരീരത്തിലുണ്ടാക്കുന്ന ജൈവിക രാസമാറ്റങ്ങൾ രോഗത്തെ പുറത്തുകൊണ്ടുവരാൻ ഇടയാക്കുന്നുണ്ട് എന്നാണ് ശാസ്ത്രീയമായ കണ്ടെത്തലുകൾ. ഇതല്ലാതെയുള്ള ഒറ്റപ്പെട്ട ചില ആത്മഹത്യകളുണ്ടാവാമെങ്കിലും സമൂഹത്തിൽ അത് വളരെ വിരളമാണ്. ശാസ്ത്രീയമായ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ഭൂരിഭാഗം ആത്മഹത്യയുടെ പിന്നിലും കൃത്യമായ ചികിത്സ ലഭിക്കാതെപോയ മനോരോഗമാണ് വില്ലൻ എന്ന് കരുതേണ്ടിവരും.
ആത്മഹത്യയിലേക്ക് നയിക്കുന്ന മാനസികാവസ്ഥ
വ്യത്യസ്തങ്ങളായ ശാരീരിക രോഗങ്ങൾ രോഗിയിൽ വ്യത്യസ്തങ്ങളായ ലക്ഷണങ്ങൾ സൃഷ്ടിക്കുന്നതുപോലെ മാനസികരോഗ ലക്ഷണങ്ങളും രോഗത്തിന്റെ സ്വഭാവം അനുസരിച്ച് വ്യത്യസ്തമാണ്. പല തരത്തിലുള്ള മാനസികരോഗങ്ങൾ ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് നയിക്കാമെങ്കിലും വിഷാദരോഗവും മദ്യം-മയക്കുമരുന്ന് തുടങ്ങിയ ലഹരികളുടെ ഉപയോഗവുമാണ് ഏറിയപങ്ക് ആത്മഹത്യകൾക്കും പിറകിലുള്ളത്. തീവ്രമായ ശാരീരികരോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരിലും കഠിനമായ ശാരീരികവേദന അനുഭവിക്കുന്നവരിലും സമൂഹത്തിൽ ഒറ്റപ്പെട്ട് ജീവിക്കുന്നവരിലും മുമ്പ് ആത്മഹത്യ ചെയ്തവരുടെ കുടുംബാംഗങ്ങളിലും ആത്മഹത്യാപ്രവണത കൂടുതലായി കണ്ടുവരുന്നുണ്ട്.
അതേസമയം ആത്മഹത്യ ചെയ്യുന്നവരെ അപേക്ഷിച്ച് ആത്മഹത്യയ്ക്ക് ശ്രമം നടത്തുന്നവരുടെ എണ്ണം ഏറെയാണെന്ന് മറന്നുകൂട. ആത്മഹത്യ ചെയ്യുന്നവരേക്കൾ നാലിരട്ടിപേർ ആത്മഹത്യാശ്രമം നടത്തി പരാജയപ്പെടുന്നവരാണ്. ചുരുക്കത്തിൽ ആത്മഹത്യ ചെയ്തവരുടെയും ആത്മഹത്യാശ്രമം നടത്തി പരാജയപ്പെടുന്നവരുടെയും മാനസികവസ്ഥയിൽ ചെറുതും വലുതുമായ പ്രശ്നങ്ങളുള്ളതായി കാണാവുന്നതാണ്. ഇവരിൽ അധികപേർക്കും തീവ്രത കുറഞ്ഞ മാനസികരോഗങ്ങളോ, പേഴ്സണാലിറ്റി ഡിസോഡർ അഥവാ വ്യക്തിത്വവകല്യങ്ങളോ ഉണ്ടാവാനും സാധ്യതയുണ്ട്.
എങ്ങനെ മുൻകൂട്ടി കാണാം?
ആത്മഹത്യാപ്രവണതയുള്ളവരിൽ കണ്ടുവരുന്ന മാനസികപ്രശ്നങ്ങളിൽ ഏറ്റവും പ്രധാനം വിഷാദരോഗം തന്നെയാണ്. അതുകൊണ്ടുതന്നെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുക എന്നത് ആത്മഹത്യ ചെയ്യാനിടയുള്ളവരെ കണ്ടെത്താനുള്ള ആദ്യപടിയായി കാണണം. ഇതിനായി വിഷാദരോഗത്തിന്റെ വിവിധങ്ങളായ ലക്ഷണങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്. ലഘുവായ വിഷാദരോഗം മുതൽ ഗുരുതാവസ്ഥയിലുള്ളതുവരെയുള്ള പലതരത്തിലുള്ള രോഗലക്ഷണങ്ങൾ എന്താണെന്ന് നോക്കാം.
എപ്പോഴും വിഷാദം, ഉത്കണ്ഠ, വിരസത, ദൈനംദിന കാര്യങ്ങളിൽ താൽപര്യക്കുറവ്, അകാരണമായ കടുത്ത ക്ഷീണം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഇതിന് പുറമെ നിരന്തരമുള്ള ശ്രദ്ധക്കുറവ്, മറവി ഉണ്ടെന്ന വേവലാതി, സ്വന്തം കഴിവുകളിൽ ആത്മവിശ്വാസം നഷ്ടമാവുക, അതിന്റെ ഭാഗമായി താൻ ഒന്നിനും കഴിവില്ലാത്ത വ്യക്തിയാണെന്ന് കരുതുക, തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, ചെയ്ത കാര്യങ്ങൾ തെറ്റായിപ്പോയി എന്നും താൻ മറ്റുള്ളവർക്ക് ഒരു ഭാരമാണെന്നും കരുതുക, അവനവനുവേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ നല്ലതൊന്നും ചെയ്യാൻ കഴിയുന്നില്ല എന്ന് വിശ്വസിക്കുക, നിലവിലുള്ള ഈ അവസ്ഥ ഒരിക്കലും മാറില്ല എന്ന് കരുതുക, ഭാവിയിലുള്ള പ്രതീക്ഷകൾ നഷ്ടമായി ഇനി മരിക്കുകയാണ് നല്ലത് എന്നും ആത്മഹത്യ തന്നെയാണ് രക്ഷപ്പെടാനുള്ള മാർഗം എന്നും തോന്നുക, ആരെയും സ്നേഹിക്കാനോ ഒന്ന് കരയാനോ കഴിയുന്നിലെന്ന് തോന്നുക, വിനോദങ്ങളിൽ ഏർപ്പെടാനും ഒന്നും ആസ്വദിക്കാനും സന്തോഷിക്കാനും കഴിയാത്ത അവസ്ഥ, ഭക്ഷണത്തോട് വിരക്തി, ദഹനപ്രശ്നങ്ങളും ശോധനക്കുറവും അനുഭവപ്പെടുക, പ്രായത്തിനനുസരിച്ചു ലൈംഗികതയിൽ താൽപര്യം കുറയുക, ശരീരഭാരം കുറയുക, ഉറക്കുറവോ ഉറക്കക്കൂടുതലോ ഉള്ള അവസ്ഥ, പ്രത്യേകിച്ച് പുലരുന്നതിനു മുമ്പേ ഉണർന്ന് പിന്നീട് ഉറങ്ങാൻ കഴിയാത്ത അനുഭവം എന്നിവയും വിഷാദരോഗികളിൽ കാണാം.
അതേസമയം വിഷാദരോഗം തീവ്രമാകുമ്പോൾ ലക്ഷണങ്ങളിൽ ചില മാറ്റങ്ങൾ കാണാറുണ്ട്. ഈ അവസ്ഥയിൽ രോഗിക്ക് തനിക്ക് എന്തോ വലിയ രോഗങ്ങൾ ഉണ്ടെന്നോ തന്റെ ശാരീരിക ഭാഗങ്ങൾക്ക് കുഴപ്പമുണ്ടെന്നോ തനിക്ക് എന്തോ മോശമായത് സംഭവിക്കാൻ പോകുന്നുവെന്നോ ഉള്ള അടിസ്ഥാനമില്ലാത്ത സംശയങ്ങൾ ഉണ്ടാവുന്നു. ഇതോടൊപ്പം താൻ പണ്ടുചെയ്ത തെറ്റുകൾക്കുള്ള ശിക്ഷയാണ് ഇന്ന് അനുഭവിക്കുന്നതെന്നും മറ്റുള്ളവർ തന്നെപ്പറ്റി മോശമായി സംസാരിക്കുന്നുണ്ടെന്നും അടുത്തയാളുകൾ ഇല്ലാത്തപ്പോൾപോലും തന്നോട് മറ്റാളുകൾ സംസാരിക്കുന്നതായി തോന്നുകയുമൊക്കെ ചെയ്യും. ഇതുപോലെ അശരീരി പോലുള്ള ശബ്ദങ്ങൾ കേൾക്കുക, ‘നീ പോയി ആത്മഹത്യ ചെയ്യൂ..’ എന്ന് ആരോ തുടർച്ചയായി ആജ്ഞാപിക്കുന്നതുപോലെ അനുഭവപ്പെടുക എന്നതും വിഷാദരോഗത്തിന്റെ ഗുരുതരാവസ്ഥയിലുള്ള ലക്ഷണങ്ങളാണ്. മറ്റു പല മാനസികരോഗങ്ങളിലും രോഗലക്ഷണങ്ങളുടെ അനന്തരഫലമായി ഇത്തരം വിഷാദ രോഗലക്ഷണങ്ങൾ ഉണ്ടാവാറുണ്ട്. മറ്റൊരു രോഗങ്ങളുടെ ലക്ഷണമായ അകാരണമായ ഭയം, സംശയം എന്നിവയിൽ നിന്ന് രക്ഷപ്പെടാനും ചിലർ ആത്മഹത്യയിൽ അഭയം തേടാറുണ്ട്.
സൂചനകൾ നൽകിയിരുന്നു; പക്ഷേ, അറിയാതെ പോയി
ആത്മഹത്യ ചെയ്തവരിൽ അധികംപേരും ആത്മഹത്യയെക്കുറിച്ച് തൊട്ടുമുമ്പ് പലതരത്തിലുള്ള സൂചനകൾ നൽകിയിരുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇവർ സ്വയം ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് മരണത്തെക്കുറിച്ച് സംസാരിച്ചിരുന്നു എന്നത് തന്നെ കൃത്യമായ ഇടപെടലിലൂടെയും ചികിത്സയിലുടെയും പലരെയും ആത്മഹത്യകളിൽ നിന്ന് രക്ഷിക്കാനാവുമായിരുന്നു എന്നതിന്റെ തെളിവാണ്. മുകളിൽ സൂചിപ്പിച്ച വിഷാദരോഗ ലക്ഷണങ്ങൾ ഒരു വ്യക്തിക്ക് സ്വയം അനുഭവപ്പെട്ടാൽ ചെയ്യേണ്ടത് അതേക്കുറിച്ച് അടുത്തുള്ള ബന്ധുവിനോടോ സുഹൃത്തിനോടോ സംസാരിക്കുക എന്നതാണ്. മറ്റുള്ളവരിലാണ് ഈ ലക്ഷണങ്ങൾ കാണുന്നതെങ്കിൽ അവരെ സ്നേഹപൂർവ്വം സംസാരിക്കാൻ അനുവദിക്കുകയും അവർ പറയുന്നത് ശ്രദ്ധിക്കുകയും വേണം. തുടർന്ന് പ്രശ്നപരിഹാരത്തിന് സ്വയം ശ്രമിക്കാതെ വിദഗ്ധനായ ഒരു മാനസികരോഗ വിദഗ്ധന്റെ സഹായം തേടണം.
കടങ്ങൾ പോലുള്ള ബാധ്യതകൾ പെട്ടെന്ന് കൊടുത്തുതീർക്കുക, തനിക്ക് ഏറ്റവും ഇഷ്ടമുള്ള വസ്തുക്കൾ മറ്റുള്ളവർക്ക് നൽകുക, അത്യാവശ്യമല്ലാത്ത ഘട്ടങ്ങളിൽ വിൽപത്രം എഴുതിവെക്കുക, ചുറ്റുമുള്ളവരോട് യാത്രപറയുന്ന രീതിയിൽ സംസാരിക്കുക തുടങ്ങിയവയെല്ലാം ഒരു സൂചനയായി കണ്ട് അൽപം ഗൗരവത്തോടെ കൈകാര്യം ചെയ്യണം. വിഷാദരോഗമുള്ള വ്യക്തികളാണെങ്കിൽ അവരെ പ്രത്യേകം നിരീക്ഷിക്കുകയും വേണം.
അതുപോലെത്തന്നെ മാനസിക സമ്മർദമുണ്ടാക്കുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിൽകൂടി ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ചികിത്സയായി കൗൺസിലിംഗ് മാത്രം മതിയെന്ന് ധരിക്കരുത്. കഴിവുള്ള, പരിശീലനം ലഭിച്ച കൗൺസിലർ നൽകുന്ന കൗൺസിലിങ് പലപ്പോഴും പലർക്കും പല ഘട്ടങ്ങളിലും ഫലപ്രദം തന്നെയാണെങ്കിലും രോഗത്തിന്റെ തീവ്രതയ്ക്കനുസരിച്ച് രോഗിയെ മറ്റ് ചികിത്സകൾ തേടാൻ പ്രേരിപ്പിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് തന്നെ തേടി വരുന്നത് തീവ്രമായ ആത്മഹത്യാ പ്രവണതയുള്ള വിഷാദരോഗിയാണെന്ന് തിരിച്ചറിഞ്ഞാൽ മരുന്നുകൾ, ഇ.സി.ടി, സൈക്കോതെറാപ്പി തുങ്ങിയ അടിയന്തിര ചികിത്സ ലഭ്യമാക്കുകയും വേണം.
ചികിത്സയിൽ കൂടെ നിൽക്കാം
തീവ്രമായ ആത്മഹത്യാ പ്രവണതയുള്ളവർക്ക് എപ്പോഴും കിടത്തി ചികിത്സയാണ് അഭികാമ്യം. കാരണം വിഷാദാവസ്ഥ കുറഞ്ഞ് ശരിയായി ചിന്തിക്കാൻ കഴിയുന്നതുവരെ അവർ 24 മണിക്കൂറും സൂക്ഷ്മ നിരീക്ഷണത്തിൽ ആയിരിക്കുന്നതാണ് നല്ലത്. ചികിത്സയുടെ ഭാഗമായി മരുന്നുകൾ മറ്റുള്ളവർ സൂക്ഷിച്ചുവെക്കുകയും കൃത്യസമയങ്ങളിൽ കൃത്യമായ ഡോസിൽ കഴിപ്പിക്കുകയും വേണം. മരുന്നു കഴിക്കാൻ വിസമ്മതിക്കുന്ന രോഗികൾ മരുന്ന് കഴിച്ചുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
വിഷാദരോഗമടക്കമുള്ള മാനസിക രോഗങ്ങൾക്ക് ഇന്ന് പാർശ്വഫലങ്ങൾ കുറഞ്ഞതും വളരെ ഫലപ്രദവുമായ മരുന്നുകൾ ലഭ്യമാണ്. അതേസമയം ഉപയോഗിക്കുന്ന മരുന്നിന്റെ സ്വഭാവം അനുസരിച്ച് മരുന്നുകളുടെ ഫലം കിട്ടാൻ ഒരാഴ്ചയോ അതിലധികമോ കാത്തിരിക്കേണ്ടി വന്നേക്കാം. അതുകൊണ്ടുതന്നെ ചില രോഗികളിലെ തീവ്രമായ ആത്മഹത്യാപ്രവണത പെട്ടെന്ന് ഇല്ലാതാക്കാൻ ഇലക്ട്രോ കൺവെൻസീവ് തെറാപ്പി അഥവാ ഇ.സി.ടി ഒരു ജീവൻ രക്ഷാമാർഗ്ഗം ആകാറുണ്ട്. ഈ ചികിത്സകൊണ്ട് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽതന്നെ രോഗിയുടെ മാനസികാവസ്ഥയിൽ വ്യത്യാസമുണ്ടാക്കാനാവും. ഇ.സി.ടി പോലുള്ള ചികിത്സാരീതികൾ ഇന്ന് ഇന്ത്യയിൽ പല ആശുപത്രികളിലും ലഭ്യമാണ്. ഇതിന് പുറമെ മറ്റ് ചിലതരം മരുന്നുകൾ ഇഞ്ചക്ഷനായും ലഭ്യമാണ്. അവ താൽക്കാലിക ആശ്വാസത്തിനും ഉപകരിക്കും.
രോഗിയുടെ വ്യക്തിത്വവും രോഗസ്വഭാവവും അനുസരിച്ച് പലതരം സൈക്കോതെറാപ്പികളും ബിഹേവിയർ തെറാപ്പികളും കൗൺസിലിങ്ങും മറ്റ് സമാന്തര ചികിത്സാരീതികളും പലപ്പോഴും ഇത്തരം രോഗികളുടെ രോഗമുക്തിയെ സഹായിച്ചേക്കും.
ഏത് രോഗിയെ ഏത് രോഗത്തിന് ചികിത്സിക്കുമ്പോഴും ഡോക്ടറുടെ രോഗിയോടുള്ള സമീപനം, ചികിത്സാരീതി, ബന്ധുക്കളുടെ സഹകാരണവും ശ്രദ്ധയും തുടങ്ങിയ കാര്യങ്ങൾ വളരെ പ്രധാനമാണ്. ആത്മഹത്യകൾ നമ്മുടെ സമൂഹത്തിൽ നിന്ന് ഫലപ്രദമായി കുറയ്ക്കണമെങ്കിൽ മനസിനെയും മനോരോഗ ലക്ഷണങ്ങളെയും പറ്റി നല്ല അവബോധം ഏവർക്കും ഉണ്ടാവേണ്ടിയിരിക്കുന്നു. പൊതുജനവും ഡോക്ടർമാരും ഇതൊരു മനോരോഗ പ്രതിസന്ധിയായി (സൈക്യാട്രിക് എമർജൻസി) കാണണം. ഹൃദയാഘാതം പോലെയുള്ള ഗുരുതരരോഗങ്ങൾ ചികിത്സിക്കുന്നതുപോലെ അടിയന്തര ചികിത്സ നൽകാൻ സമൂഹം തയ്യാറാവണം. ഫലപ്രദമായ ചികിത്സയിലൂടെ നമുക്ക് ഒരുപാട് പേരെ ആത്മഹത്യയുടെ വക്കിൽ നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയും എന്നകാര്യത്തിൽ സംശയമില്ല.
(കോഴിക്കോട് മെഡിക്കൽ കോളജ് മനോരോഗ വിഭാഗം മുൻ മേധാവിയാണ് ലേഖിക.)
Content Highlights: how to prevent suicide, depression and mental health
Published: 03 Mar 2024, 12:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented