
ആരോഗ്യപരിപാലനം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ നമ്മുടെ സംസ്ഥാനത്തിന്‍റെ നിലവാരം ആഗോളതലത്തിൽ വികസിത രാഷ്ട്രങ്ങൾക്കൊപ്പമാണെങ്കിലും മാനസികാരോഗ്യരംഗത്തെക്കുറിച്ചുള്ള അവബോധം, മാനസികരോഗങ്ങളോടുള്ള സമൂഹത്തിന്‍റെ മനോഭാവം എന്നിവയുടെ കാര്യത്തിൽ വളരെ പരിതാപകരമായ അവസ്ഥയാണെന്ന് പറയാതെ വയ്യ. ഉയർന്ന വിദ്യാഭ്യാസമുള്ളവരിൽ പോലും മാനസികരോഗങ്ങളെക്കുറിച്ചും അവയെ കൈകാര്യം ചെയ്യേണ്ടത് എങ്ങിനെയാണ് എന്നതിനെക്കുറിച്ചും ഉള്ള അറിവ് വളരെ പരിമിതമാണ്.
ശാരീരിക രോഗങ്ങളുണ്ടാവുമ്പോൾ ഒരു മടിയുംകൂടാതെ നേരിട്ട് സ്പെഷ്യലിസ്റ്റുകളുടെ അടുത്തേക്ക് ഓടുന്നവരിൽ ഭൂരിപക്ഷം പേരും മാനസികമായ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ അതിന് എറ്റവും വേഗത്തിൽ ചികിത്സ ലഭ്യമാക്കുന്നതിന് പകരം കാര്യങ്ങൾ ഒളിച്ചുവെക്കാനാണ് താൽപര്യപ്പെടുന്നത്.
ഇതരവിഷയങ്ങളിൽ പ്രഗത്ഭരായ ഡോക്ടർമാർക്കിടയിൽപോലും മാനസികരോഗങ്ങളെക്കുറിച്ചുള്ള അവബോധം വളരെ കുറവോ, ശാസ്ത്രീയരീതിയിലുള്ളതോ അല്ല എന്ന് പറയേണ്ടിവരും. ഇത് അവരുടെ കുഴപ്പമല്ല നമ്മളുടെ എം.ബി.ബി.എസിന്റെ പാഠ്യപദ്ധതിയിൽ മനോരോഗ വിഭാഗത്തിന് അല്ലെങ്കിൽ സൈക്യാട്രിക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തതും അത് പരീക്ഷയെഴുതേണ്ട വിഷയമല്ലാത്തതുമാണ്.
ഒരു വ്യക്തിക്ക് മാനസികമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് എങ്ങനെ തിരിച്ചറിയാം, ആവശ്യമായ ചികിത്സ നൽകേണ്ടതെങ്ങനെ എന്ന കാര്യങ്ങളിൽ സമൂഹം ഇനിയും കൂടതൽ അറിവ് നേടേണ്ടിയിരിക്കുന്നു. സമൂഹത്തിന്‍റെ ഈ അജ്ഞതയുടെ ഉദാഹരണമാണ് അടുത്തിടെ കൊട്ടാരക്കരയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു യുവഡോക്ടറുടെ ജീവൻ പൊലിഞ്ഞ സംഭവം..
Also Read
മദ്യവും മയക്കുമരുന്നുകളും ഉപയോഗിച്ചുകൊണ്ടിരുന്നു എന്ന് പറയപ്പെട്ടിരുന്നയാൾ ഭയചകിതനായി പെരുമാറുന്നു. അയാളെ ആരോ കൊല്ലാൻ വരുന്നു എന്നു പറയുന്നു. എന്നിട്ടും ഈ വ്യക്തിയിൽ ഒളിഞ്ഞിരിക്കുന്ന അപകടകാരിയായ മാനസികാവസ്ഥയെ തിരിച്ചറിയാൻ കഴിയാതെ പോയി. ഇത്തരം ഒരാളെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോൾ, അയാളുമായി യാത്ര ചെയ്യുമ്പോൾ അയാളുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും ഉള്ള വ്യത്യാസങ്ങൾ അറിയാതെ പോയോ. അക്രമാസക്തനാവാൻ സാധ്യതയുള്ള ഇയാളെ ഒരു അത്യാഹിത വിഭാഗത്തിൽ കൊണ്ടെത്തിക്കുമ്പോൾ അവിടെയുള്ള ആരെയൊക്കെ അറിയിക്കണം ആയിരുന്നു...? ഏതു വിധത്തിലുള്ള സംവിധാനം അല്ലെങ്കിൽ സന്നാഹങ്ങൾ അവിടെ ഒരുക്കണമായിരുന്നു...? ആ വ്യക്തിക്ക്, മറ്റുള്ളവർക്ക്, അവരെ കൊണ്ടുപോകുന്നവർക്ക് തന്നെയോ അപകടങ്ങൾ വരാതിരിക്കാൻ. ഇത്തരുണത്തിൽ വേണ്ട അവബോധവും മുൻകരുതലും ശാസ്ത്രീയ സംവിധാനങ്ങളും ഇല്ലാതെ പോയതുകൊണ്ടല്ലേ ഒരു കുരുന്നു ഡോക്ടറുടെ ജീവൻ നഷ്ടപ്പെട്ടത്...?
വിദ്യാസമ്പന്നരിലും അജ്ഞത
മറ്റൊരു സംഭവം കൂടെ ഇവിടെ വിവരിക്കാം. പരിചയത്തിലുള്ള സ്പെഷലിസ്റ്റ് ഡോക്ടർ ദമ്പതിമാർ അവരുടെ ബന്ധുവായ ആൺകുട്ടിയുമായി കാണാനെത്തി. ആൺകുട്ടിയെ വിശദമായി പരിശോധിച്ചശേഷം അവരോട് പറഞ്ഞു: ‘വിഷാദരോഗമാണ് ശ്രദ്ധിക്കണം, ആത്മഹത്യ പ്രവണതയുണ്ട് ദൂരെ വിടുന്നുവെങ്കിൽ തനിച്ചാവരുത്. നിങ്ങളിൽ ഒരാൾ കൂടെ പോയി കുറച്ചുനാൾ നിൽക്കണം. മരുന്നുകൾ കൃത്യമായി നിങ്ങളുടെ മേൽനോട്ടത്തിൽ തന്നെ കൊടുക്കണം. കൃത്യമായ ഇടവേളയിൽ ഡോക്ടറെ സന്ദർശിച്ച് പരിശോധനകൾ നടത്തണം. കൂടെ നിങ്ങളും വരണം. തെറാപ്പിയും ആവശ്യമായി വന്നേക്കും. കുറച്ച് ആഴ്ചകൾക്കോ മാസങ്ങൾക്കു ഉള്ളിൽ പൂർണമായും സുഖപ്പെടാനുള്ള സാധ്യതയുണ്ട്’ ഞാൻ ഇത്രയും പറഞ്ഞപ്പോൾ അത് കേട്ടുകൊണ്ടിരുന്ന പ്രസിദ്ധ ഡോക്ടറായ ബന്ധുവിന്റെ പ്രതികരണം എന്നെ ഞെട്ടിച്ചുകളഞ്ഞു. അദ്ദേഹം പറഞ്ഞത് ഇങ്ങിനെയാണ് ‘ഇവന് ഒരു പ്രശ്നവും ഞങ്ങൾ കാണുന്നില്ല, ലീവെടുത്ത് കൂടെ പോയി നിൽക്കൽ പ്രായോഗികം അല്ല, കമ്മിറ്റിമെന്റ്സ് ഉണ്ട്, അവന് ജോലിക്ക് പോവണം രണ്ടാഴ്ച കഴിഞ്ഞു വരും, മരുന്നുകൾ അപ്പോൾ തുടങ്ങിയാൽ പോരേ.?’
മേൽപ്പറഞ്ഞ സംഭവത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് മനോരോഗ ചികിത്സയിൽ വൈദഗ്ധ്യം നേടിയവരല്ലാത്ത ഡോക്ടർമാർ എത്ര പരിചയ സമ്പന്നരാണെങ്കിലും അവരിൽ മനോരോഗങ്ങളെ കൈകാര്യം ചെയ്യേണ്ടതെങ്ങിനെ എന്ന കാര്യത്തിൽ അപകടകരമായ അജ്ഞതയുണ്ട് എന്നുതന്നെയാണ്.
ഇനി വീട്ടിനടുത്തുള്ള ഒരു സ്ത്രീ പങ്കുവെച്ച ഒരു സംഭവംകൂടി പറയാം. ഒരുദിവസം അവർ കണ്ടയുടൻ എന്നോട് പറഞ്ഞു: ‘ചേച്ചി, ഇന്നെനിക്ക് വല്ലാത്ത ടെൻഷൻ. എന്‍റെ അടുത്ത കൂട്ടുകാരിയുടെ ഭർത്താവ് മരിച്ചു. രണ്ടുമൂന്ന് ദിവസം മുമ്പ് അയാളെ കാണാതായിരുന്നു. ഇന്ന് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി.’
തുടർന്നവർ ബാക്കി ‘കഥ’കൂടി പറഞ്ഞു. ‘ഒരാഴ്ചയായി അടുത്ത വീട്ടുകാരുമായുള്ള അതിർത്തി തർക്കത്തെ തുടർന്ന് ജോലിക്ക് പോകാതെ കിടപ്പായിരുന്നു. ഒന്നും ചെയ്യാതെ, ജോലിക്ക് പോകാതെ , ജീവിക്കാൻ വയ്യ മരിക്കണം, ഉറക്കമില്ല എന്നൊക്കെ പറഞ്ഞപ്പോൾ വീട്ടുകാർ വിചാരിച്ചു അതിർത്തി തർക്കം ആണ് വില്ലൻ എന്ന്’.
ഇവിടെ വിഷാദരോഗത്തിന്‍റെ വ്യക്തമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ അത് തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. ഇവിടെയും സമൂഹത്തിന്‍റെ അജ്ഞതയാണ് വില്ലൻ. കൂട്ടത്തിൽ ആർക്കെങ്കിലും അയാളുടെ മാനസികാവസ്ഥയെക്കുറിച്ച് തിരിച്ചറിയാൻ കഴിയുമായിരുന്നുവെങ്കിൽ ഒരു ജീവൻ രക്ഷപ്പെടുമായിരുന്നു. ഒരു കുടുംബം അനാഥമാകില്ലായിരുന്നു.
മനസ്സിന് രോഗം വന്നാൽ
ശരീരമെന്നാൽ എല്ലാ അവയവങ്ങളുടെയും ആകെത്തുകയാണ്. ഇതിൽ ഏതെങ്കിലും അവയവത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ബന്ധപ്പെട്ട വിദഗ്ധ ഡോക്ടറെ സമീപിക്കുകയാണല്ലോ പതിവ്. അതുപോലെ മനസ്സ് എന്നാൽ തലച്ചോറിന്റെ പ്രവർത്തനങ്ങളുടെ ആകെ തുകയാണ്. കാര്യങ്ങൾ കേൾക്കുകയും കാണുകയും മനസ്സിലാക്കുകയും അതിനനുസരിച്ച് വിവേകത്തോടെ, ബുദ്ധിപൂർവ്വം പെരുമാറുന്നതാണ് മനസ്സിന്റെ പ്രവർത്തനം. സ്വന്തം വാക്കും പ്രവൃത്തിയും പെരുമാറ്റവും തനിക്കും മറ്റുള്ളവർക്കും യോജിച്ച വിധത്തിൽ കൊണ്ടുനടക്കുന്നത് ആരോഗ്യമുള്ള ഒരു മനസ്സിന്റെ ലക്ഷണമാണ്. വൈകാരികഭാവവും വൈകാരിക പ്രതികരണങ്ങളും സ്വാഭാവികമായ പെരുമാറ്റങ്ങളും രോഗങ്ങളില്ലാത്ത മനസ്സിന്റേതാണെന്ന് പറയാം.
ചുരുക്കത്തിൽ മനസ്സിൻറെ പ്രവർത്തനം, ചിന്ത, സംവേദനശേഷി (അതായത് കാഴ്ച, കേൾവി, മണം, രുചി), ബുദ്ധിശക്തി, വകതിരിവ്, വൈകാരികത, ഉൾക്കാഴ്ച എന്നിവയാണ്. മാനസിക രോഗത്തിന്റെ സ്വഭാവം അനുസരിച്ച് ഈ പ്രവർത്തനങ്ങളിൽ ചിലതു മാത്രമോ അല്ലെങ്കിൽ ഒന്നോ രണ്ടോ മൂന്നോ പ്രവർത്തനങ്ങളും ആവാം തകരാറിലാവുന്നത് .
ഒരു സ്ത്രീക്ക് സ്വന്തം മകളെ സംശയമാണ്. അതുകൊണ്ടുതന്നെ അതിനെ ഒരു രോഗമായി അംഗീകരിക്കാൻ കൂടെയുള്ളവർ തയ്യാറാവാറില്ല. അവരുടെ സംശയം ഇതാണ്... ‘അതെങ്ങനെ ഒരാളെ മാത്രം സംശയം ഉണ്ടാകും..?’ അതെ, ആ സ്ത്രീക്കും മനോരോഗമുണ്ട് എന്നാണ് അതിനുള്ള ഉത്തരം. അകാരണമായ സംശയം ചിലരെപ്പറ്റി മാത്രം എന്നതാണ് അവരുടെ രോഗലക്ഷണം.
50 വയസ്സുള്ള ഒരു രോഗിയുടെ അമ്മ പറഞ്ഞത് ഇങ്ങിനെയാണ്: ‘ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഇടയ്ക്ക് അവൾ പറയാൻ തുടങ്ങിയിരുന്നു , കൂട്ടുകാർ എന്നെ കളിയാക്കുന്നു ടീച്ചർമാർക്ക് എന്നോട് ദേഷ്യം കാരണം മാർക്ക് കുറച്ചിടുന്നു, എന്നൊക്കെ. പക്ഷേ അന്നൊന്നും മനസ്സിലായില്ല പിന്നീട് ഈ ഭയം കൂടുകയും മറ്റാളുകൾ അവളെയും ഞങ്ങളെയും എന്തെങ്കിലും ചെയ്യും എന്നു പറഞ്ഞു സങ്കടപ്പെടുകയും ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തപ്പോൾ മാത്രമാണ് ഇതൊരു മാനസിക രോഗത്തിന്റെ തുടക്കമാണെന്ന് ഞങ്ങൾ അറിഞ്ഞത്.’.
മേൽസൂചിപ്പിച്ച വ്യക്തികളുടെ മാനസിക വ്യാപാരങ്ങളിലെ വ്യതിയാനങ്ങൾ ആ വ്യക്തിയുടെ അന്നുവരെ ഉണ്ടായിരുന്ന രീതി, വ്യക്തിത്വം , ഇവയിൽ നിന്ന് വ്യത്യസ്തമാണെങ്കിൽ മാത്രം, നിരന്തരം ഉണ്ടെങ്കിൽ മാത്രം, അത് ആ വ്യക്തിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെങ്കിൽ മാത്രം , അതൊരു അസുഖ ലക്ഷണമായി കണക്കാൻ കഴിയുകയുള്ളു. ഉദാഹരണമായി പൊതുവേ വളരെ ഊർജസ്വലനല്ലാത്ത, അധികം മറ്റുള്ളവരുമായി ഇടപഴകാത്ത ഒരാൾ, പതുക്കെപ്പതുക്കെ കൂടുതൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും പതിവിൽ കൂടുതൽ സംസാരിക്കുകയും, കൂടുതൽ കാര്യങ്ങളിൽ താല്പര്യം കാണിക്കുകയും ചെയ്യാൻ തുടങ്ങുമ്പോൾ ഇതൊരു നല്ല തുടക്കമാണ് എന്ന് കരുതുകയല്ല വേണ്ടത്. പകരം ആ വ്യക്തിയെ നിരീക്ഷിക്കുകയും സ്വഭാവത്തിൽ പൊടുന്നനെയുണ്ടായ ഇത്തരം വ്യത്യാസങ്ങൾ സ്ഥിരമായി നിൽക്കുന്നുവെങ്കിൽ തീർച്ചയായും ഇതൊരു രോഗത്തിൻറെ ലക്ഷണമാണോ എന്ന് പരിശോധിക്കേണ്ടതുമുണ്ട്.
വേണം സമൂഹത്തിന് ബോധവത്കരണം
പൊതുവിൽ തലവേദന വന്നാൽ ന്യൂറോളജിസ്റ്റിനെ, ഒന്നു തുമ്മിയാൽ ഇ.എൻ.ടി സ്പെഷലിസ്റ്റിനെ തേടിപ്പോകുന്ന നാം എന്തുകൊണ്ട് ഒരാൾ ടെൻഷൻ ആണെന്ന് പറയുമ്പോൾ അയാളെ ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാൻ പ്രേരിപ്പിക്കുന്നില്ല..? ഇതൊരു രോഗമല്ലെന്ന് സ്ഥാപിക്കുകയും ഒരു മാനസികരോഗ വിദഗ്ധനെ സമീപിക്കുന്നതിൽ നിന്ന് വ്യക്തിയെ തടയുകയും ചെയ്യുന്നവരാണ് നമ്മുടെ സാമൂഹത്തിലെ ഭൂരിപക്ഷം പേരും. ഇത് മാനസിക രോഗങ്ങളെ കുറിച്ചുള്ള അജ്ഞത കൊണ്ടുമാത്രമല്ല, മറിച്ച് സമൂഹം അതിന്റെ ഉള്ളിൽ സൂക്ഷിക്കുന്ന മാനസികരോഗങ്ങളോടുള്ള നിഷേധാത്മക മനോഭാവം (Stigma) കൊണ്ട് കൂടിയാണ്.
ഈ പ്രതിസന്ധിയെ നേരിടണമെങ്കിൽ പൊതുജനങ്ങൾക്കും പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തുന്ന ജോലികൾ ചെയ്യുന്നവർക്കും മാനസികാരോഗ്യം, മാനസികരോഗങ്ങൾ, രോഗിയെ കൈകാര്യം ചെയ്യേണ്ടതെങ്ങിനെ, ചികിത്സ ലഭ്യമാക്കേണ്ടതെങ്ങിനെ തുടങ്ങിയ വിഷയങ്ങളിൽ പ്രാഥമിക അറിവുകൾ നൽകിയേ മതിയാവു.
പൊതുജനങ്ങൾക്കും കുറ്റവാളികളെ കൈകാര്യം ചെയ്യുന്ന പൊലീസ് സേനയിലുള്ളവർ, ചെറിയ ക്ലാസുകൾ മുതൽ പ്രൊഫഷണൽ തലം വരെയുള്ള അധ്യാപകർ, പൊതുജന സമ്പർക്കം നടത്തേണ്ട ഓഫീസ് ജീവനക്കാർ, പ്രാഥമികാരോഗ്യ കേന്ദ്രം തൊട്ട് മെഡിക്കൽ കോളജുകൾ വരെയുള്ള ഇടങ്ങളിൽ ജോലിയെടുക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവർക്കും നിർബന്ധമായും മേൽസൂചിപ്പിച്ച വിഷയങ്ങളിൽ അത്യാവശ്യ അറിവുകളും പരിശീലനങ്ങളും തുടർ ബോധവത്കരണ പരിപാടികൾ പോലെ നടത്തേണ്ടതാണ്.
Content Highlights: importance of mental health awareness, how to diagnose depression
Published: 06 Apr 2024, 12:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented