റെ വർഷം മുമ്പ് ഒ.പിയിൽ മുപ്പത് വയസ്സ് കഴിഞ്ഞ ഒരു സ്ത്രീ രോഗിയായി എത്തിയതോർക്കുന്നു. കൈവേദനയാണ് പ്രശ്നം. വേദന തുടങ്ങിയിട്ട് അഞ്ചാറു വർഷമായി. പോകാത്ത ഡോക്ടറും ചെയ്യാത്ത ചികിത്സയുമില്ല. ഏകദേശം ആ കാലയളവിൽ തന്നെ ഒരു ദിവസം കാഷ്വാലിറ്റിയിൽ കണ്ണെഴുതി പൊട്ടും തൊട്ട് നെയിൽ പോളിഷിട്ട ഒരു ചെറുപ്പക്കാരൻ നെഞ്ചുവേദനയുമായി എത്തി. 20 നും 30 നും ഇടയിൽ പ്രായം. ശാരീരിക അസുഖം ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയശേഷം പരിശോധിച്ച ഡോക്ടർമാർ മനോരോഗ വിഭാഗത്തിലേക്ക് പറഞ്ഞുവിട്ടതാണ്. വിശദമായ വിശകലനത്തിന് ശേഷം, ലൈംഗിക ബന്ധത്തെക്കുറിച്ചോർത്തുള്ള ആധിയും മാനസിക സമ്മർദവുമാണ് അയാളുടെ നെഞ്ചുവേദനയ്ക്ക് പിന്നിലെന്ന് കണ്ടെത്താനായി.

To advertise here,

ശാരീരിക ലക്ഷണങ്ങളും മാനസികാരോഗ്യവും

ശരീരത്തിലെ ഓരോ ഭാഗങ്ങളുടെ പ്രവർത്തനവും മനസ്സിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഉദാഹരണത്തിന് നമുക്ക് സങ്കടം വരുമ്പോൾ നെഞ്ചിൽ ഭാരം അനുഭവപ്പെടുന്നു. ഭയം തോന്നുമ്പോഴാകട്ടെ ചിലപ്പോൾ വായ വരളുകയും വിയർക്കുകയും കൈകൾ ചെറുതായി വിറയ്ക്കുകയും ചെയ്തേക്കാം. ഇതൊന്നും ഹൃദയത്തിനോ വായക്കോ കൈകൾക്കോ പ്രശ്നമുള്ളത് കൊണ്ടതല്ല. ഈ അവസ്ഥകളൊന്നും രോഗവുമല്ല. മറിച്ച്  മനസ്സിലുണ്ടാവുന്ന ശക്തമായ വികാരങ്ങൾ ശാരീരിക പ്രവർത്തനത്തിൽ പ്രതിഫലിക്കുന്നതുകൊണ്ടാണ്. 

സാധാരണ ജനറൽ മെഡിസിൻ ഒ.പിയിൽ വരുന്ന രോഗികളിൽ 30 മുതൽ 40 ശതമാനം പേർക്കും ശാരീരിക രോഗങ്ങളില്ല എന്നതാണ് സത്യം. ലക്ഷണങ്ങൾ ശരീരഭാഗങ്ങളുടേതാണെങ്കിലും മാനസികപ്രശ്നങ്ങളെ തുടർന്നുണ്ടാവുന്ന ശാരീരിക രോഗലക്ഷണങ്ങളുമായാണ് ഇവർ വിവിധ രോഗങ്ങൾക്ക് ചികിത്സിക്കുന്ന ഡോക്ടർമാരെ കാണാനെത്തുന്നത്. 

പലവിധത്തിലുള്ള മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന ചിലർക്ക് ഈ അവസ്ഥയ്ക്ക് കാരണമാവാം. വ്യക്തിബന്ധങ്ങളിലെ വിടവുകൾ, ശാരീരിക രോഗങ്ങൾ കൊണ്ടുള്ള  ബുദ്ധിമുട്ടുകൾ, സാമ്പത്തിക പ്രശ്നങ്ങൾ, പരീക്ഷയിലെ തോൽവി, പ്രേമനൈരാശ്യം  തുടങ്ങിയ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവർക്ക് തലവേദന, വയറുകാളൽ, മറ്റു ശരീരഭാഗങ്ങളിൽ അസ്വസ്ഥത എന്നിവ നിരന്തരം അനുഭവപ്പെടുന്നു.

ഇത്തരക്കാർ മനസ്സും ശരീരലക്ഷണങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാകാത്തവരോ, മനസ്സിലായാൽതന്നെ ചികിത്സ വേണ്ടത് ശരീരത്തിനാണ് എന്ന് കരുതുന്നവരോ ആണ്. വേറെ ചിലരാവട്ടെ മനോരോഗ ചികിത്സകരെ കാണാൻ വിമുഖതയുള്ളവരാണ്. ഇവരെല്ലാം നിരന്തരം മറ്റു സ്പെഷ്യലിസ്റ്റുകളെ തേടിപ്പോവുകയാണ് പതിവ്. 

ബോധം കെട്ടതുപോലെ പ്രതികരണങ്ങൾ ഒന്നുമില്ലാതെ കുറെ നേരം കിടക്കുക, കൈകാലുകൾക്ക് ബലമില്ലായ്മ, വേദന അറിയുന്നില്ല എന്ന് പറയുക, സംസാരിക്കാൻ കഴിയാതിരിക്കുക, കാഴ്ചയില്ലെന്ന് പറയുക, കേൾവി കുറഞ്ഞു എന്ന് പറയുക, ബോധംകെട്ടതുപോലെ വീണ് അപസ്മാരം പോലുള്ള ശരീര ചലനങ്ങൾ ഉണ്ടാവുക എന്നിവയെല്ലാം മാനസിക സമ്മർദത്തെ തുടർന്ന് ചിലരിൽ കണ്ടുവരുന്ന പ്രശ്നങ്ങളാണ്. ഇത്തരം അവസ്ഥകളെ  ഡിസോസിയേറ്റീവ് ഡിസോർഡേഴ്സ് എന്നാണ് പറയുന്നത്.  ഇതുകൊണ്ട് കാര്യമായ ശാരീരിക തകരാറുകളോ ജീവന് ഭീഷണിയോ ഒന്നുമുണ്ടാവില്ലെങ്കിലും രോഗിക്കും മറ്റുള്ളവർക്കും ഇത് വിഭ്രാന്തി സൃഷ്ടിക്കും. 

പ്രീമിയം ആർട്ടിക്കിളുകൾ വായിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ - https://mbi.page.link/mbplus

രോഗങ്ങൾ പലവിധം

വേറെ ചിലരിൽ ഒന്നോ അതിലധികമോ ശാരീരിക ലക്ഷണങ്ങൾ ഏറെക്കാലം നീണ്ടുനിൽക്കാറുണ്ട്.  20 നും 30 നും ഇടയിൽ പ്രായമുള്ളവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഇവരിൽ അധികം പേർക്കും മാനസിക സമ്മർദങ്ങൾ ഒന്നും ഉണ്ടാകണമെന്നില്ല. ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ച രോഗി ഈ അവസ്ഥയ്ക്ക് ഒരു ഉദാഹരണമാണ്. ചിലർക്ക് മാരകമായ ഏതെങ്കിലും ശാരീരിക രോഗമാണെന്ന് നിരന്തരമായ സംശയം ഉണ്ടായിക്കൊണ്ടിരിക്കും. ശാരീരികരോഗം ഇല്ല എന്ന് ഡോക്ടർ ഉറപ്പുനൽകിയാലും തൽക്കാലം അത് സ്വീകരിക്കുമെങ്കിലും വീണ്ടും ഇക്കൂട്ടർ ഈ ആശങ്കയിലേക്ക് വഴുതിവീഴും. ഇതിനെ ഹൈപ്പോകോൺട്രിയാസിസ് എന്ന് പറയുന്നു. 

മറ്റു ചിലരാവട്ടെ, ശരീരഭാഗങ്ങൾക്ക്, പ്രത്യേകിച്ച് മുഖത്തിന് വൈരൂപ്യമുണ്ടെന്ന അടിസ്ഥാനമില്ലാത്ത ആശങ്കയ്ക്ക് ചികിത്സ തേടുന്നവരാണ്. ഇതിനെ ‘ബോഡി ഡിസ്മോർഫിക് ഡിസോഡർ എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു കൂട്ടർ ശാരീരിക രോഗലക്ഷണങ്ങൾ സ്വയം സൃഷ്ടിക്കുന്നവരാണ്. പ്രത്യേക മാനസിക സമ്മർദമോ പ്രത്യേക ലക്ഷ്യങ്ങളോ ഇതിനു പിറകിൽ കാണാറില്ല. ചിലരാവട്ടെ മറ്റുള്ളവരിൽ രോഗലക്ഷണങ്ങൾ സൃഷ്ടിക്കുന്നവരാണ്. ഉദാഹരണമായിട്ട് ശരീരത്തിൽ മുറിവുണ്ടാക്കി രക്തസ്രാവം ഉണ്ടാക്കാറുണ്ട്. ഒരിക്കൽ  മൂന്നു വയസ്സുള്ള പെൺകുട്ടിയുടെ ജനനേന്ദ്രിയത്തിൽ നിന്ന് രക്തം വരുന്നു എന്ന പരാതിയുമായി ഒരമ്മ വന്നിരുന്നു. അമ്മയുടെ മാനസികാവസ്ഥയാണ് ഇതിന്റെ പിറകിലെന്ന് പിന്നീട് തിരിച്ചറിയാൻ കഴിഞ്ഞു. 

ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

ചികിത്സ

ഏതൊരു മാനസിക രോഗത്തിൻറെയും ചികിത്സയുടെ കാര്യത്തിൽ ചെയ്യുന്നത് പോലെ രോഗിയെ വിശദമായി വിശകലനം ചെയ്യുന്നതിന്റെ  ഭാഗമായി, പാരമ്പര്യം, കുടുംബാന്തരീക്ഷം, വ്യക്തിപരമായ പ്രത്യേകതകൾ, ജിവിതരീതി, രോഗലക്ഷണങ്ങൾ എന്നിവയെല്ലാം മനസ്സിലാക്കുകയാണ് ആദ്യപടിയായി ചെയ്യുക. പിന്നീട് ഇത്തരം ശാരീരിക രോഗലക്ഷണങ്ങൾ ശാരീരിക രോഗത്തിൻറെ ഭാഗമല്ല എന്ന് രോഗിയെയും ബന്ധുക്കളെയും ബോധ്യപ്പെടുത്തണം. ഇത് വളരെ പ്രധാനമാണ്. കുടുംബാംഗങ്ങൾ, മറ്റ് അടുത്ത് പെരുമാറുന്നവർ എന്നിവരുടെ ആശങ്കകൾ അകറ്റിയശേഷം അവർ രോഗിയോട് എങ്ങനെ പെരുമാറണം എന്നുകൂടി പറഞ്ഞു മനസ്സിലാക്കണം.

ഇക്കാര്യങ്ങൾ തരിച്ചറിയാനായാൽ രോഗി തന്നെ വീണ്ടും വീണ്ടും ഡോക്ടർമാരെ മാറിമാറി കാണിക്കുന്നതിൽ നിന്ന് പിന്മാറാൻ സാധ്യത ഏറെയാണ്. ഇവിടെ ഡോക്ടറുടെ രോഗിയോടുള്ള അനുകമ്പയോടെയുള്ള സമീപനവും വളരെ പ്രധാനമാണ്. രോഗാവസ്ഥ മനസ്സിലായി കഴിഞ്ഞാൽ ശാരീരികലക്ഷണങ്ങളെക്കുറിച്ച് രോഗിയോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാതിരിക്കാനും രോഗനിർണയത്തിനാവശ്യമായ പരിശോധനകൾ നിർദേശിക്കാതിരിക്കാനും ഡോക്ടർമാർ ശ്രദ്ധിക്കണം.

ചികിത്സയുടെ ഭാഗമായി കൗൺസിലിംഗ്, സൈക്കോതെറാപ്പി, യോഗ-മെഡിറ്റേഷൻ തുടങ്ങിയ മാനസിക സമ്മർദ്ദം കൂറക്കാനുള്ള മാർഗങ്ങൾ, ബിഹേവറിൽ തെറാപ്പി, ജീവിതരീതിയിലെ മാറ്റം തുടങ്ങിയവയെല്ലാം രോഗിയുടെ പ്രത്യേകതകൾക്കനുസരിച്ച് നിർദ്ദേശിക്കാവുന്നതാണ്. 
അതേസമയം ചില രോഗികൾക്ക് മനഃശാസ്ത്രപരമായ ഇടപെടലുകൾക്ക് പുറമെ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയും ഗുണം ചെയ്യാറുണ്ട്.