കൃത്യമായ സമയത്തുള്ള സൈക്യാട്രിക് പരിശോധനകളും, മരുന്നുകളും, കൃത്യമായ കൗണ്സിലിങ്ങും വഴിയേ ഇവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന് സാധിക്കൂ.

ഒരു വ്യക്തിക്ക് തങ്ങളോട് തീവ്രമായ പ്രണയമുണ്ടെന്ന മിഥ്യാധാരണയിൽ ഒരാൾ അകപ്പെടുന്ന അപൂർവ്വ മാനസികാവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആ മാനസികാവസ്ഥയുടെ പേരാണ് ക്ലെറാംബോൾട്ട് സിൻഡ്രോം അഥവാ ഇറാട്ടോമാനിയ. 1885-ൽ ജി.ജി. ക്ലെറാംബോൾട്ട് എന്ന ഫ്രഞ്ച് മനോരോഗ വിദഗ്ദ്ധനാണ് ഈ രോഗാവസ്ഥയെക്കുറിച്ച് ആദ്യമായി വ്യക്തമായ പഠനം നടത്തിയത്. മറുഭാഗത്തുനിന്നും പ്രണയസൂചനകളോ ബന്ധങ്ങളോ ഉണ്ടായിരിക്കില്ല. എന്നാൽ അവരുടെ പെരുമാറ്റത്തിലോ മാധ്യമങ്ങളിൽ വരുന്ന അവരുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിലോ തങ്ങൾക്ക് മാത്രമായി ചില പരോക്ഷ സന്ദേശങ്ങൾ ഉണ്ടെന്ന് രോഗി തെറ്റിദ്ധരിക്കുന്നു. എതിർഭാഗത്തുനിന്നും എത്ര നിരസിച്ചാലും, അത് തങ്ങളെ പരീക്ഷിക്കാനോ അല്ലെങ്കിൽ ബന്ധം ലോകത്തിന് മുന്നിൽ രഹസ്യമായി വെക്കാനോ വേണ്ടിയാണെന്ന് ഇവർ സ്വയം ന്യായീകരിക്കുന്നു. ക്ലെറാംബോൾട്ട് സിൻഡ്രോം എന്താണെന്ന് ഒരു കഥയിലൂടെ വിശദീകരിക്കുകയാണ് ഡോ.മനോജ് വെള്ളനാട് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ
ഡോ.മനോജ് വെള്ളനാടിന്റെ കുറിപ്പിന്റെ പൂർണ രൂപം
'ഒരു സിനിമാ നടിയോടുള്ള വൺ സൈഡ് പ്രണയം ഒരാളുടെ ജീവിതം തന്നെ മാറ്റി മറിച്ച കഥയാണ് പറയാൻ പോകുന്നത്. 1976-ൽ പുറത്തിറങ്ങിയ മാർട്ടിൻ സ്‌കോർസെസിയുടെ വിഖ്യാത ചിത്രമായ ടാക്‌സി ഡ്രൈവർ കണ്ടതോടെയാണ് ജോൺ ഹിങ്ക്ലി ജൂനിയറുടെ ജീവിതം മാറിമറിയുന്നത്. ചിത്രത്തിൽ റോബർട്ട് ഡി നീറോ അവതരിപ്പിച്ച, സിസ്റ്റത്തോട് പോരാടുന്ന നായക കഥാപാത്രവുമായി അയാൾ സ്വയം താദാത്മ്യം പ്രാപിച്ചു. അതുമാത്രമല്ല ആ സിനിമയിൽ ഒരു ബാലവേശ്യയുടെ കഥാപാത്രത്തെ അവതരിപ്പിച്ച 14 വയസ്സുകാരിയായ ജോഡി ഫോസ്റ്റർ എന്ന നടിയോട് ഹിങ്ക്ലിക്ക് തീവ്രമായ ഭ്രമവും തോന്നി. അവൾക്കുവേണ്ടി ആ സിനിമ അയാൾ ആവർത്തിച്ചു കണ്ടു. പതിയെപ്പതിയെ ഈ ഭ്രമം പൂർണ്ണമായ വിഭ്രാന്തിയായി മാറി.
1980-ൽ ജോഡി ഫോസ്റ്റർ യേൽ സർവ്വകലാശാലയിൽ പഠിക്കാൻ ചേർന്നപ്പോൾ ഹിങ്ക്ലി അവരെ പിന്തുടർന്ന് അവിടെയെത്തി. അവരുടെ ശ്രദ്ധ നേടാൻ അയാൾ പല വഴികളും നോക്കി. അയാൾ ജോഡിയുടെ ഡോർമിറ്ററി വാതിലിനടിയിലൂടെ നിരന്തരം കത്തുകളും കവിതകളും എഴുതിയിട്ടു. അവർക്ക് ഫോൺ കോളുകൾ ചെയ്തു. അവൾ നിരസിച്ചെങ്കിലും അവ റെക്കോർഡ് ചെയ്തു സൂക്ഷിച്ചു. എന്നിട്ടും ജോഡി തന്നെ പൂർണ്ണമായി അവഗണിക്കുന്നു എന്ന് കണ്ടപ്പോൾ, ചരിത്രത്തിൽ ഇടംനേടുന്ന എന്തെങ്കിലും വലിയ കാര്യം ചെയ്ത് അവൾക്ക് തന്നോട് ബഹുമാനവും പ്രണയവും തോന്നിപ്പിക്കണം എന്ന് അയാൾ തീരുമാനിച്ചു.
ടാക്‌സി ഡ്രൈവർ സിനിമയിലെ നായകൻ ഒരു രാഷ്ട്രീയ നേതാവിനെ വധിക്കാൻ ശ്രമിക്കുന്ന രംഗം അയാളുടെ മനസ്സിൽ പതിഞ്ഞിരുന്നു. അമേരിക്കൻ പ്രസിഡന്റിനെ പോലെ പ്രബലനായ ഒരാളെ വധിച്ചാൽ താൻ അതിവേഗം ലോകപ്രശസ്തനാകും, അങ്ങനെ ജോഡി ഫോസ്റ്റർ തന്നെ എക്കാലവും ഓർത്തിരിക്കും എന്ന് അയാൾ കരുതി.
അതിനായി അയാൾ നല്ലൊരു പ്ലാൻ തയ്യാറാക്കി. 1981 മാർച്ച് 30-ന് വാഷിംഗ്ടൺ ഡി.സിയിലെ ഹിൽട്ടൺ ഹോട്ടലിൽ ഒരു പ്രസംഗം കഴിഞ്ഞ് പുറത്തിറങ്ങിയ അന്നത്തെ പ്രസിഡന്റ് റൊണാൾഡ് റീഗന് നേരെ മാധ്യമപ്രവർത്തകർക്കിടയിൽ ഒളിച്ചുനിന്ന ഹിങ്ക്ലി വെടിയുതിർത്തു. ഏതാനും സെക്കൻഡുകൾക്കുള്ളിൽ ആറ് റൗണ്ട് വെടിയാണ് അയാൾ പൊട്ടിച്ചത്. ഒരു വെടിയുണ്ട കാറിന്റെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിൽ തട്ടി റീഗന്റെ നെഞ്ചിൽ തറച്ചു, ശ്വാസകോശത്തിന് ഗുരുതരമായി പരിക്കേറ്റു. പ്രസ് സെക്രട്ടറി ജെയിംസ് ബ്രാഡിക്ക് തലയ്ക്ക് വെടിയേറ്റു. അയാൾ പിന്നീടുള്ള ജീവിതകാലം മുഴുവൻ തളർന്നു കിടന്നു. ഒരു സീക്രട്ട് സർവീസ് ഏജന്റിനും ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. പ്രസിഡന്റ് റീഗൻ അടിയന്തര ശസ്ത്രക്രിയയിലൂടെ മരണത്തിൽ നിന്നും രക്ഷപ്പെട്ടു.
കൊലപാതകത്തിനായി പുറപ്പെടുന്നതിന് മുൻപ് അയാൾ ജോഡി ഫോസ്റ്ററിന് ഒരു കത്തെഴുതി വെച്ചിരുന്നു, 'ജോഡി, ഞാൻ ഈ പ്രസിഡന്റിനെ വധിക്കാൻ പോകുന്നത് നിന്റെ സ്‌നേഹം നേടാൻ വേണ്ടിയാണ്. ഈ മഹത്തായ കൃത്യത്തിലൂടെയെങ്കിലും നിനക്ക് എന്നോട് പ്രണയം തോന്നുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...'
അമേരിക്കൻ പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ച കേസായിരുന്നിട്ടും 1982-ൽ കോടതി ഹിങ്ക്ലിയെ കുറ്റവിമുക്തനാക്കി. മാനസികരോഗം കാരണം എന്ത് തെറ്റാണ് ചെയ്യുന്നതെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അയാൾ എന്ന മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 'Not guilty by reason of insanity' എന്ന വിധിയാണ് കോടതി നൽകിയത്. ഈ വിധി അമേരിക്കൻ ജനതയ്ക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. തുടർന്ന് അമേരിക്കയിലെ പല സംസ്ഥാനങ്ങളും മാനസികരോഗം പറഞ്ഞ് ക്രിമിനൽ ബാധ്യതകളിൽ നിന്ന് രക്ഷപ്പെടുന്ന നിയമങ്ങളിൽ കർശനമായ മാറ്റങ്ങൾ വരുത്തി.
ശരിക്കും എന്തായിരുന്നു ഹിങ്ക്ലിയെ ബാധിച്ചിരുന്ന അത്രയും മാരകമായ ആ മാനസികരോഗം? അതിന്റെ പേരാണ് ക്ലേറാംബോ സിൻഡ്രോം. ക്ലെറാംബോ സിൻഡ്രോം (De Clérambault's syndrome) എന്നത് മനോരോഗശാസ്ത്രത്തിലെ വിചിത്രവും കൗതുകകരവുമായ ഒരു അവസ്ഥയാണ്. ഇതിനെ സാധാരണയായി ഇറോട്ടോമാനിയ എന്നും വിളിക്കാറുണ്ട്.'അവൾക്ക് അല്ലെങ്കിൽ അയാൾക്ക് എന്നോട് ഭ്രാന്തമായ പ്രണയമാണ്, പക്ഷേ ആ പാവം അത് പുറത്തുപറയാൻ മടിക്കുകയാണ്' എന്ന് ഒരാൾ മറ്റൊരാളെ കുറിച്ച് യാതൊരു അടിസ്ഥാനവുമില്ലാതെ അടിയുറച്ച് വിശ്വസിക്കുന്ന ഒരു മാനസിക വിഭ്രാന്തിയാണ് ഈ പറഞ്ഞ സിൻഡ്രോം. രസമെന്താണെന്ന് വച്ചാൽ തന്നോട് പ്രണയത്തിലാണെന്ന് ഇവർ കരുതുന്ന വ്യക്തി സാധാരണയായി ഉയർന്ന പദവിയിലുള്ള ഒരാളായിരിക്കും. പ്രശസ്ത സിനിമാതാരങ്ങൾ, രാഷ്ട്രീയ നേതാക്കൾ, പ്രമുഖ ഡോക്ടർമാർ, അല്ലെങ്കിൽ വലിയ പണക്കാർ എന്നിവരൊക്കെയാവും ഇരകൾ. എന്നുവച്ചാൽ സെലിബ്രിറ്റികൾ. പലപ്പോഴും ഇവർ തമ്മിൽ നേരിട്ട് കണ്ടിട്ടുപോലുമുണ്ടാകില്ല.
മറ്റൊരു രസകരമായ വസ്തുത, 'ഞാനല്ല, അവരാണ് എന്നെ ആദ്യം പ്രണയിച്ചത്' എന്നായിരിക്കും രോഗിയുടെ പക്ഷം. അവർ തന്നെ നിരന്തരം ശ്രദ്ധിക്കുന്നുണ്ടെന്ന് ഇവർ ഉറച്ചുവിശ്വസിക്കും. ടിവിയിലോ പത്രത്തിലോ സോഷ്യൽ മീഡിയയിലോ ഒക്കെ പ്രത്യക്ഷപ്പെടുമ്പോൾ ആ പ്രശസ്ത വ്യക്തി ചെയ്യുന്ന ഏതൊരു കാര്യവും (ഉദാഹരണത്തിന് പ്രത്യേക നിറമുള്ള വസ്ത്രം ധരിക്കുന്നത്, ചിരിക്കുന്നത്, ഒരു പ്രത്യേക വാക്ക് പറയുന്നത്) തനിക്കുള്ള 'രഹസ്യ പ്രണയസന്ദേശമാണ്' എന്ന് ഇവർ വ്യാഖ്യാനിക്കും. ഇനി ഗതികെട്ട് ആ വ്യക്തി നേരിട്ട് വന്ന് 'എനിക്ക് നിങ്ങളെ അറിയില്ല, ശല്യം ചെയ്യരുത്' എന്ന് പറഞ്ഞാലും മുഖത്തു നോക്കി നാല് തെറി വിളിച്ചാൽ പോലും, 'സമൂഹത്തെ പേടിച്ചാണ് പാവം ഇങ്ങനെ കള്ളം പറയുന്നത്' അല്ലെങ്കിൽ 'എന്റെ സ്‌നേഹം പരീക്ഷിക്കുകയാണ്' എന്നേ ഇവർ കരുതൂ. അവഗണന വീണ്ടും തുടരുമ്പോൾ ഇവർ പറയും, ആ വ്യക്തിയിപ്പോൾ മറ്റാരുടെയോ കൈയിലെ കളിപ്പാവയാണ്, അതാണിങ്ങനെ പറയുന്നത്. അവരുടെ ജീവൻ അപകടത്തിലാണ്, രക്ഷിക്കാൻ ഞാൻ മാത്രമേ ഉള്ളൂ..
യഥാർത്ഥത്തിൽ ഇതൊരു പ്രണയമല്ല. അവർ കാണിച്ചു കൂട്ടുന്നത് സ്‌നേഹപ്രകടനവുമല്ല, മറിച്ച് തലച്ചോറിലെ ചിന്തകളെ ബാധിക്കുന്ന ഗുരുതരമായ വിഭ്രാന്തിയാണ്. അഡ്മിറ്റ് ചെയ്ത് ചികിസിക്കേണ്ട രോഗം. അപരിചിതയായ കാമുകിയുടെ പ്രണയം നേടാനായി അമേരിക്കൻ പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ച ജോൺ ഹിങ്ക്ലിയെ അവർ ജയിലിലേക്ക് അയക്കുന്നതിന് പകരം വാഷിംഗ്ടണിലെ സെന്റ് എലിസബത്ത് മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ് ചെയ്തത്.. പതിറ്റാണ്ടുകൾ നീണ്ട മാനസികരോഗ ചികിത്സകൾക്ക് ശേഷം, അയാൾ ഇനി സമൂഹത്തിന് ഭീഷണിയല്ലെന്ന് കണ്ടെത്തി 2016-ൽ കർശന ഉപാധികളോടെ പുറത്തുവിട്ടു. ഒടുവിൽ 2022-ൽ അയാളുടെ മേലുള്ള എല്ലാ നിയമപരമായ നിയന്ത്രണങ്ങളും പൂർണ്ണമായി നീക്കം ചെയ്തു. ഇപ്പോൾ അയാൾ ഒരു സാധാരണ ജീവിതം നയിക്കുകയും സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു എന്നാണ് പറയപ്പെടുന്നത്.' ഡോ.മനോജ് എഴുതുന്നു.
ചിലർക്ക് മാസങ്ങളോളം, ചിലർക്ക് വർഷങ്ങളോളം
ഈ സിൻഡ്രോം പ്രധാനമായും രണ്ട് രീതിയിലാണ് കാണപ്പെടുന്നത്. ചിലർക്ക് ഈ രോഗാവസ്ഥ ഏതാനും ആഴ്ചകൾ മുതൽ മാസങ്ങൾ വരെ മാത്രം നീണ്ടുനിൽക്കുന്നതും, തുടർന്ന് മറ്റൊരു വ്യക്തിയിലേക്ക് മാറുന്നതുമായിരിക്കും. മറ്റുചിലർക്ക് വർഷങ്ങളോളം ഒരാളിൽ തന്നെ ഉറച്ചുനിൽക്കുന്ന രീതിയിലായിരിക്കും കാര്യങ്ങൾ. ഇവർ വർഷങ്ങളോളം (ചില കേസുകളിൽ 25 വർഷത്തിലേറെയായി) ഈ മിഥ്യാധാരണ കാത്തുസൂക്ഷിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആത്മവിശ്വാസമില്ലായ്മ, ഒറ്റപ്പെടൽ, മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ആഗ്രഹം എന്നിവയാണ് പലരേയും ഇതിലേക്ക് നയിക്കുന്നത്.
പ്രണയം മാത്രമല്ല, തങ്ങളെ ആരോ ഉപദ്രവിക്കാൻ ശ്രമിക്കുന്നുവെന്ന ഭയം, സ്വന്തം പ്രാധാന്യത്തെക്കുറിച്ചുള്ള അമിത ചിന്ത, അസൂയ ഇതെല്ലാം ഇവരിൽ ഒന്നിച്ച് കാണപ്പെടുന്നു. പെട്ടെന്നുണ്ടാകുന്ന മാനസിക അസ്വസ്ഥതകളും, ക്രമമില്ലാത്തതും വിചിത്രവുമായ പെരുമാറ്റങ്ങളും ഇതിന്റെ ലക്ഷണങ്ങളാണ്. ഇറോട്ടോമാനിയ ബാധിച്ച വ്യക്തികൾ പലപ്പോഴും തങ്ങളുടെ സങ്കൽപ്പ ലോകത്തുള്ള ആളുകളെ പിന്തുടരുകയോ, കത്തുകളും സന്ദേശങ്ങളും അയച്ച് ശല്യപ്പെടുത്തുകയോ ചെയ്യാറുണ്ട്. അതിനാൽ കൃത്യമായ സമയത്തുള്ള സൈക്യാട്രിക് പരിശോധനകളും, മരുന്നുകളും, കൃത്യമായ കൗൺസിലിങ്ങും വഴിയേ ഇവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കൂ.
Content Highlights: Erotomania, or Clérambault's syndrome, is a psychological disorder where a person firmly believes someone is deeply in love with them without any basis., The condition often targets high-status individuals or celebrities whom the patient may have never met., Historical case of John Hinckley Jr. attempting to assassinate US President Ronald Reagan to win Jodi Foster's love highlights the severity of the disorder., Treatment requires professional psychiatric evaluation, medication, and timely counseling.
Published: 16 Sept 2026, 11:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented