
അന്ന് ഒപിയിൽ എത്തിയത് അരുണും പല്ലവിയുമായിരുന്നു. മുപ്പതിലധികം പ്രായം രണ്ടു പേർക്കും തോന്നിക്കുന്നുണ്ട്. അരുണിൽ ഒരു നിസ്സംഗതയും അമിതമായ ധൈര്യവും ഒക്കെയുണ്ടായിരുന്നു. പല്ലവി ആകെത്തകർന്ന് ഒരുതരം വിഷാദാവസ്ഥയിലാണ് എന്നെ കാണാൻ എത്തിയത്.
“പറയൂ…” എന്താണ് ബുദ്ധിമുട്ട് ഞാൻ ചോദിച്ചു.
പല്ലവിയാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്.
“ഡോക്ടർ… അരുൺ പാൻപരാഗ് ഉപയോഗിക്കുന്നു” ഇത് എങ്ങനെയെങ്കിലും ഒന്ന് നിർത്തണം. അവൾ പറഞ്ഞുതുടങ്ങുമ്പോഴേ അരുൺ അല്പം അസ്വസ്ഥനായി.
“ഡോക്ടർ, ഞാൻ ഇപ്പോഴൊന്നും തുടങ്ങിയതല്ലല്ലോ ഇത്.
എന്നെ എട്ട് വർഷമായി അറിയുന്ന ആളാണ് പല്ലവി.
ഇതൊക്കെ അറിഞ്ഞിട്ടുതന്നെയല്ലേ കല്യാണം കഴിച്ചത്…”
അവന്റെ ശബ്ദത്തിൽ ദേഷ്യമല്ലായിരുന്നു, മറിച്ച് ഒരു നിസ്സഹായാവസ്ഥയായിരുന്നു. തന്നെ ആരും മനസ്സിലാക്കുന്നില്ലെന്ന തോന്നൽ
പല്ലവി കുറച്ചു നേരം മിണ്ടാതെ ഇരുന്നു. പിന്നെ വളരെ പതുക്കെ പറഞ്ഞു-
“സ്മോക്ക് ചെയ്യുമെന്നറിയാമായിരുന്നു ഡോക്ടർ… പക്ഷേ, ഇത്ര കൂടുതലാണെന്ന് കല്യാണത്തിന് ശേഷമാണ് മനസ്സിലായത്. ഇത്രയും അധികമുണ്ടെന്ന് ഇവൻ എന്നോട് ഒരിക്കൽ പോലും പറഞ്ഞിട്ടില്ല.
രാവിലെ എഴുന്നേറ്റ ഉടനെ…
ഭക്ഷണം കഴിഞ്ഞാൽ…
ജോലിക്കിടയിൽ…
കാർ ഓടിക്കുമ്പോൾ പോലും… എപ്പോഴും ഇതുതന്നെ.
മുമ്പ് മദ്യവും ഉണ്ടായിരുന്നു.
അതെങ്ങനെയോ നിർത്തി.
പക്ഷേ ഇപ്പോൾ ഈ പാൻപരാഗ്…”
അവൾ പാതിയിൽ നിർത്തി. കണ്ണ് നിറഞ്ഞിരുന്നു.
“ഡോക്ടർ… എനിക്ക് കുഞ്ഞ് വേണമെന്ന് വലിയ ആഗ്രഹമാണ്…
പക്ഷേ ഇതൊക്കെ കണ്ടിട്ട് എനിക്ക് പേടിയാണ് . മുമ്പൊരിക്കൽ ഡിപ്രഷൻ വന്നിട്ടുള്ളതാണ്, ഇപ്പോഴും ഇടക്ക് മരുന്നും തെറാപ്പിയുമൊക്കെ വേണ്ടി വരാറുണ്ട് .. ഇങ്ങനെ ആരോഗ്യത്തെ ശ്രദ്ധിക്കാത്ത ഒരാളോടൊപ്പം ഒരു കുഞ്ഞിനെ ഈ ലോകത്തേക്ക് കൊണ്ടുവരാൻ പോലും എനിക്ക് ധൈര്യം വരുന്നില്ല…”
ആ മുറിയിൽ ഒരു നിമിഷം പൂർണ്ണ നിശ്ശബ്ദതയായി.
അരുൺ അവളെ നോക്കി എന്തോ പറയാൻ ശ്രമിച്ചു. പക്ഷേ വാക്കുകൾ വന്നില്ല. അവസാനം പതുക്കെ പറഞ്ഞു-
“ഡോക്ടർ… ഇത് സ്മോക്കിങ്ങൊന്നുമല്ലല്ലോ…
ആർക്കും ഉപദ്രവമില്ല. ഡ്രൈവിംഗ് ജോലി ആണ്. മീൻ ലോറി ആയത് കൊണ്ട് ജോലിയിൽ നല്ല ടെൻഷൻ ആണ്, എന്തെങ്കിലും വേണം സ്ട്രെസ് കുറക്കാൻ …”
ഞാൻ അവനെ നോക്കി ചോദിച്ചു-
“അരുൺ… നിനക്ക് ഇത് ഒരു ചെറിയ ശീലം ആയിരിക്കാം. പക്ഷേ, പല്ലവിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു ഭയമാണ്. അരുണിനെ നഷ്ടപ്പെടുമോ എന്നുള്ള ഭയം. നാളെ ഒരു അസുഖം വരുമോ എന്ന ഭയം. കുഞ്ഞിന്റെ അച്ഛൻ ആരോഗ്യത്തോടെ ഉണ്ടാകുമോ എന്ന ഭയം.”
അവൻ മിണ്ടാതെ ഇരുന്നു.
ഞാൻ പതിവുപോലെ പാൻമസാലയുടെ അപകടങ്ങളെക്കുറിച്ച് പറഞ്ഞു. വായിലെ മാറ്റങ്ങൾ, അരുണിന്റെ ചുണ്ടിന്റെ ഉൾഭാഗത്തായി ചെറിയ മാറ്റങ്ങൾ കണ്ടിരുന്നു. കാൻസറിന് മുൻപുള്ള അവസ്ഥകൾ… ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചൊക്കെ സംസാരിച്ചു, ഫോട്ടോകൾ എല്ലാം കാണിച്ചു.
ചില ശീലങ്ങൾ ഒരാളുടെ ശരീരത്തെ മാത്രമല്ല, വീട്ടിലെ സന്തോഷത്തെയും പതുക്കെ ബാധിക്കുമെന്ന് പറഞ്ഞു മനസ്സിലാക്കി. കൗൺസിലിങ്ങിന്റെ ആദ്യ സെഷൻ ചെയ്യാൻ അടുത്ത ദിവസത്തേക്ക് അപ്പോയിന്മെന്റ് എടുക്കാൻ പറഞ്ഞാണ് വിട്ടത്.
അവർ മുറിയിൽ നിന്ന് ഇറങ്ങിപ്പോകുമ്പോൾ പല്ലവിയുടെ കണ്ണുകളിൽ ഒരു പ്രതീക്ഷയും അരുണിന്റെ മുഖത്ത് ഒരു ആലോചനയും ഉണ്ടായിരുന്നു.
കുറച്ചുദിവസങ്ങൾക്ക് ശേഷം അരുൺ കൗൺസിലിങ്ങിന് വന്നു. ഇപ്രാവശ്യം ഒറ്റയ്ക്കായിരുന്നു. അവൻ കസേരയിൽ ഇരുന്ന ഉടനെ പറഞ്ഞു-
“ഡോക്ടർ… എനിക്ക് ഇത് നിർത്തണം…”
ഞാൻ ഒന്നും പറഞ്ഞില്ല.
അവൻ തന്നെ തുടർന്നു.
“പല്ലവി ആ ദിവസം പറഞ്ഞത് എനിക്ക് മറക്കാനായില്ല. അവൾക്ക് പേടിയാണെന്ന് പറഞ്ഞപ്പോൾ… എനിക്ക് ആദ്യമായിട്ടാണ് മനസ്സിലായത് ഞാൻ എന്നെ മാത്രമല്ല, അവളെയും ബുദ്ധിമുട്ടിക്കുകയാണെന്ന്…”
സെഷൻ പതിയെ തുടങ്ങി. അരുണിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങി. പരിപൂർണമായും നിർത്തുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ചില ദിവസങ്ങളിൽ അവൻ നന്നായി മുന്നോട്ടുപോയി. ചില ദിവസങ്ങളിൽ വീണ്ടും പഴയപോലെ ഉപയോഗിച്ചു. അപ്പോഴൊക്കെ അവൻ കുറ്റബോധത്തോടെ വരും.
“ഡോക്ടർ… വീണ്ടും പറ്റി…”
ഞാൻ അവനോട് ഒരേ ഒരു കാര്യമാണ് പറഞ്ഞിരുന്നത്-
“വീണാലും വീണ്ടും എഴുന്നേൽക്കണം. എഴുന്നേറ്റ് മുന്നോട്ട് പോണം. അതാണ് നമ്മുടെ ലക്ഷ്യം. നിർത്താൻ തീരുമാനിച്ചത് തന്നെ വലിയ കാര്യം.”
പല്ലവിയും അവനെ വിട്ടില്ല. അവൾ ശകാരിച്ചില്ല. ശകാരവും കരച്ചിലും അവൾ നിർത്തി. പക്ഷേ ഓരോ ചെറിയ മാറ്റവും ശ്രദ്ധിച്ചു.
“ഇന്ന് കുറവായിരുന്നു…”
“ഈ ആഴ്ച നന്നായി ശ്രമിച്ചു…”
അങ്ങനെയാണ് ചിലപ്പോൾ ഒരാളെ മാറ്റുന്നത് . ചെറിയ പിന്തുണകൾ. അത് വളരെ വളരെ പ്രധാനമാണ്. മാസങ്ങൾക്കു ശേഷം അവർ വീണ്ടും ഒരുമിച്ച് വന്നു. ഈ പ്രാവശ്യം മുറിയിലേക്ക് കയറുമ്പോഴേ ഞാൻ മാറ്റം ശ്രദ്ധിച്ചു. അരുണിന്റെ മുഖത്ത് ഒരു ശാന്തത ഉണ്ടായിരുന്നു.
പല്ലവിയുടെ കണ്ണുകളിൽ പഴയ പേടി ഇല്ലായിരുന്നു. തെളിച്ചം നിറഞ്ഞിരുന്നു.
അവൾ ചിരിച്ചുകൊണ്ട് ഇരുന്നു. അപ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചത്. പല്ലവി ഗർഭിണിയായിരുന്നു. അവൾ വയറ്റിൽ കൈവെച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഡോക്ടർ… ഇപ്പോൾ എനിക്ക് ചങ്ങായിനെ പേടിയില്ല…”
അരുൺ ചെറിയൊരു ചിരിയോടെ പറഞ്ഞു-
“ഇപ്പം കംപ്ലീറ്റ് ആയി നിർത്തി ഡോക്ടർ… ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു… പക്ഷേ, ഇപ്പോൾ എനിക്കുതന്നെ ഇത് വിശ്വസിക്കാൻ പറ്റുന്നില്ല…”
ആ നിമിഷം ഏതൊരു ഡോക്ടറെ സംബന്ധിച്ചിടത്തോളം സന്തോഷകരമാണ്
കാരണം അവൻ ഒരു ശീലം മാത്രമല്ല നിർത്തിയത്. ഒരു കുടുംബത്തിന് സമാധാനം തിരികെ കൊടുക്കുകകൂടിയാണ് ചെയ്തത്. ഒരു കുഞ്ഞിന് ആരോഗ്യമുള്ള അച്ഛനെ സമ്മാനിച്ചതാണ്.
ഓരോ വർഷവും ലോക പുകയില വിരുദ്ധ ദിനം വരുമ്പോൾ എനിക്ക് ഇങ്ങനെയുള്ള മുഖങ്ങളാണ് ഓർമ്മ വരുന്നത്. പുകയില ഒരാളുടെ ജീവിതത്തെ മാത്രം അല്ല ബാധിക്കുന്നത്. അത് സ്നേഹിക്കുന്ന ആളുകളുടെ മനസ്സിനെയും ബാധിക്കുന്നു.
1987 മുതൽ ഐക്യരാഷ്ട്ര സംഘടയുടെ നേതൃത്വത്തിൽ എല്ലാവർഷവും മേയ് 31 ലോകപുകയിലവിരുദ്ധ ദിനമായി ആചരിക്കുന്നു. ലോകപുകയിലവിരുദ്ധ ദിനത്തിലെ പ്രമേയം Unmasking the Appeal: Exposing Industry Tactics on Tobacco and Nicotine Products എന്നതാണ്.
ലോകം ഇതുവരെ നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പൊതുജനാരോഗ്യ ഭീഷണികളിലൊന്നാണ് പുകയില ഉപയോഗം. പുകയില ഉപയോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യ ആഗോളതലത്തിൽ 2-ാം സ്ഥാനത്തും ലോകാരോഗ്യ സംഘടനയുടെ തെക്ക് കിഴക്കൻ ഏഷ്യ മേഖലയിൽ ഒന്നാം സ്ഥാനത്തുമാണ്. ഇന്ത്യയിൽ 15 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവരിൽ 28.6% പേർ നിലവിൽ ഏതെങ്കിലും രൂപത്തിൽ പുകയില ഉപയോഗിക്കുന്നു, ഇതിൽ സംസ്ഥാനങ്ങളും പ്രദേശങ്ങളും തമ്മിൽ ശ്രദ്ധേയമായ വ്യത്യാസങ്ങളുണ്ട്. കേരളത്തിൽ 22.9% പുരുഷന്മാരും 3.6% സ്ത്രീകളും 12.7% മുതിർന്നവരും ഒന്നുകിൽ പുകയില വലിക്കുന്നു അല്ലെങ്കിൽ പുകയില്ലാത്ത പുകയില ഉപയോഗിക്കുന്നു.
ഓരോ വർഷവും ഏഴു ദശലക്ഷം പേരാണ് പുകവലി മൂലം മരിക്കുന്നത്. നാലായിരത്തിൽ കൂടുതൽ രാസവസ്തുക്കളടങ്ങിയ ഈ പുകയിൽ 250 എണ്ണം അത്യധികം അപകടകാരികളാണ്. എൺപതിലധികം രാസവസ്തുക്കൾ അർബുദത്തിന് കാരണമാകുന്നു. മുതിർന്നവരിൽ നിഷ്ക്രിയ പുകവലി ഹൃദയസംബന്ധവും ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കു കാരണമാകുന്നു. പൊതുസ്ഥലങ്ങളിൽ ഏതാണ്ട് പകുതിയോളം കുട്ടികളും പുകയിലയുടെ പുക ശ്വസിക്കാൻ ഇടവരുകയും ഹൃദയസംബന്ധമായും ശ്വാസകോശസംബദ്ധമായ അസുഖങ്ങൾക്കും പല തരത്തിലുള്ള അർബുദത്തിനും ഇത് കാരണമാകുകയും ചെയ്യുന്നു.
പുകയില വിമുക്തിക്ക് വിവിധ ചികിത്സാ രീതികൾ ലഭ്യമാണ്. സ്വഭാവത്തിൽ മാറ്റം വരുത്തുകയും നിക്കോട്ടിൻ ഉപഭോഗം നിർത്തുന്നതിൽ നിന്ന് അനുഭവപ്പെടുന്ന പിൻവലിക്കൽ ലക്ഷണങ്ങളെ കൃത്യമായി നേരിടുകയും ചെയ്യുക മാത്രമല്ല, നിങ്ങളുടെ മാനസികാവസ്ഥ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള മറ്റ് മാർഗ്ഗങ്ങളും കണ്ടെത്തേണ്ടതുണ്ട്.
എങ്ങനെയാണ് പുകവലി ഉപേക്ഷിക്കുക?
പുകയില വിമുക്തി 'ഫൈവ് എ' മോഡൽ എന്നാണ് അറിയപ്പെടുന്നത്.
1. 5 A model Ask Assess Advise Assist Arrange
Ask-വ്യക്തിയോട് പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ചും എത്രത്തോളം നിർത്താൻ ആഗ്രഹിക്കുന്നു എന്നതിനെ പറ്റിയും ചോദിച്ചു മനസ്സിലാക്കുന്നു.
Assess-തീവ്രത, സിഗരറ്റുകളുടെ എണ്ണം, ഉപയോഗിക്കുന്നതിന്റെ ഇടവേള), സിഗരറ്റ് ഉപയോഗിക്കാൻ നയിക്കുന്ന കാര്യങ്ങൾ, മാനസികാരോഗ്യ ആരോഗ്യപ്രശ്നങ്ങൾ, നിർത്താൻ ഉണ്ടായ പ്രചോദനം എന്നിവയെ പറ്റി ചോദിച്ചു മനസ്സിലാക്കുന്ന ഘട്ടം.
Advise-പുകയില നിർത്താനുള്ള ഉപദേശങ്ങൾ നൽകാം, ബ്രീഫ് ടെക്നിക്കുകൾ കൊടുക്കുന്നു, പുകവലിയുടെ ദൂഷ്യവശങ്ങളെ പറ്റി ബോധവൽക്കരിക്കുന്നു.
Assist-quit ഡേറ്റ് (നിർത്താൻ ഉദ്ദേശിക്കുന്ന ദിവസം) കണ്ടെത്താനും ആവശ്യമായ ചികിത്സ ഉറപ്പിക്കാനും സഹായിക്കുന്നു..
Arrange-ചികിത്സ തുടങ്ങിയവർക്ക് തുടർന്നുള്ള സേവനങ്ങൾ നൽകുന്നു
പുകവലി നിർത്തണമെങ്കിൽ ആദ്യം ചെയ്യേണ്ടത് പുകവലി പൂർണമായും ഉപേക്ഷിക്കാൻ തീരുമാനം കൈക്കൊള്ളുക എന്നതാണ്. പിന്നീട് തൊട്ടടുത്ത ദിവസം തന്നെ പുകവലി നിർത്തുന്നതാണ് നല്ലത്.
പുകവലി നിർത്താൻ നിരവധി മാർഗങ്ങളുണ്ട്, ഏതു തിരഞ്ഞെടുക്കണം എന്ന് നിങ്ങൾക്ക് സ്വയം തീരുമാനിക്കാം.
* പെട്ടെന്ന് ഉപേക്ഷിക്കുക, അല്ലെങ്കിൽ നിങ്ങൾ ഉപേക്ഷിക്കുന്ന തീയതി വരെ പുകവലി തുടരുക, എന്നിട്ട് പെട്ടെന്ന് നിർത്തുക.
* ക്രമേണ ഉപേക്ഷിക്കുക, അല്ലെങ്കിൽ നിങ്ങൾ ഉപേക്ഷിക്കുന്ന തീയതി വരെ സാവധാനം സിഗരറ്റ് വലിക്കുന്നതിന്റെ എണ്ണം കുറയ്ക്കുക, തുടർന്ന് നിർത്തുക.
പുകവലി നിർത്തേണ്ട ദിവസം തിരഞ്ഞെടുത്തു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
• പുകവലിക്കരുത്.
• തിരക്കിൽ ഏർപ്പെടുക.
• എൻആർടി (NICOTINE REPLACEMENT THERAPY) ഉപയോഗിക്കാൻ നിങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ എൻആർടിയുടെ ഉപയോഗം ഉടൻ ആരംഭിക്കുക.
• പുകവലി നിർമ്മാർജന പരിപാടിയിൽ പങ്കെടുക്കുകയോ അല്ലെങ്കിൽ ഒരു സ്വയം സഹായ പദ്ധതി പിന്തുടരുകയോ ചെയ്യുക.
• കൂടുതൽ വെള്ളവും ജ്യൂസും കുടിക്കുക.
• മദ്യം ഉപയോഗിക്കുന്നവരാണെങ്കിൽ അതും ഒഴിവാക്കുക
• പുകവലിക്കുന്ന വ്യക്തികളുമായുള്ള സമ്പർക്കം ഒഴിവാക്കുക.
• പുകവലിക്കാനുള്ള ശക്തമായ പ്രേരണയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
നിങ്ങൾ പുകവലി നിർത്തുന്ന ദിവസത്തിൽ പലതവണ പുകവലിക്കാനുള്ള ആഗ്രഹം മിക്കവാറും അനുഭവപ്പെടും.
പുകവലിക്കാനുള്ള പ്രേരണയെ ചെറുക്കാൻ ഇനിപ്പറയുന്ന പ്രവർത്തനങ്ങൾ നിങ്ങളെ സഹായിച്ചേക്കാം:
• ആസക്തി കടന്നുപോകുന്നതുവരെ കാത്തിരിക്കുക. പുകവലിക്കാനുള്ള ത്വര പലപ്പോഴും 3 മുതൽ 5 മിനിറ്റിനുള്ളിൽ വരുന്നു.
• ആഴത്തിലുള്ള ശ്വാസനം. മൂന്ന് പ്രാവശ്യം എന്ന കണക്കിൽ നിങ്ങളുടെ മൂക്കിലൂടെ സാവധാനം ചെയ്യുക
• ആസക്തിയെ മറികടക്കാൻ വെള്ളം കുറച്ച് കുറച്ചായി കുടിച്ചുകൊണ്ടിരിക്കുക.
• സ്വയം ശ്രദ്ധ തിരിക്കാൻ മറ്റെന്തെങ്കിലും ചെയ്യുക. വേണമെങ്കിൽ പുറത്ത് നടക്കാൻ പോകുക. ഈ നാല് കാര്യങ്ങൾ ഓർമ്മിക്കുന്നത് പലപ്പോഴും പുകവലിക്കുവാനുള്ള നിങ്ങളുടെ പ്രേരണയെ മറികടക്കാൻ സഹായിക്കും.
2. NRT (Nicotine Replacement Therapy) പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന മികച്ച ഒരു മാർഗമാണിത് . പുകവലി ഉപേക്ഷിക്കാനുള്ള നിങ്ങളുടെ ശ്രമത്തെ തടസ്സപ്പെടുത്തിയേക്കാവുന്ന ആസക്തിയും പിൻവലിക്കൽ ലക്ഷണങ്ങളും എൻആർടിക്ക് കുറയ്ക്കാൻ കഴിയും. നിങ്ങളുടെ ശരീരം സിഗരറ്റിൽ നിന്ന് അകറ്റുന്നതിനും പുകയിലയിൽ കാണപ്പെടുന്ന മറ്റ് രാസവസ്തുക്കൾ നിൽക്കുന്നതിൽ നിന്ന് നിങ്ങളെ ഒഴിവാക്കുന്നതിനും ഇടയിലും, നിയന്ത്രിത അളവിൽ നിക്കോട്ടിൻ നൽകുന്നതിനാണ് എൻആർടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ചില NRT സംവിധാനങ്ങൾ ഇവയാണ്:
• തൊലിപ്പുറത്ത് ഒട്ടിക്കുന്നവ
• ച്യൂയിംഗ് ഗം
• ലോസേൻജസ്
• മൂക്കിൽ ഉപയോഗിക്കുവാനുള്ള നേസൽ സ്പ്രേ (ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രം)
• ഇൻഹേലർ (ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രം) എൻആർടി പിന്തുടരുവാൻ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ,
നിങ്ങൾ പുകവലി ഉപേക്ഷിക്കുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ധനുമായോ ടോബാകോ സെസ്സാഷൻ സ്പെഷ്യലിസ്റ്റുമായോ അവയുടെ ഡോസിനെ കുറിച്ച് ചർച്ച ചെയ്യുക. എൻആർടി ഉപയോഗിച്ച് നിങ്ങൾ പുകവലി ഉപേക്ഷിക്കാൻ കൂടുതൽ സാധ്യതയുണ്ടെങ്കിലും, പുകയില ഉപേക്ഷിക്കുക മാത്രമല്ല, നിക്കോട്ടിനിലേക്കുള്ള നിങ്ങളുടെ ആസക്തി അവസാനിപ്പിക്കലാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഈ ഉത്പ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ തലകറക്കം, ബലഹീനത, ഓക്കാനം, ഛർദ്ദി, വേഗതയേറിയ അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടിപ്പ്, അല്ലെങ്കിൽ ചർമ്മത്തിന്റെ വീക്കം എന്നിവ ചിലരിലെങ്കിലും അനുഭവപ്പെടാറുണ്ട്. അത്തരം സാഹചര്യത്തിൽ ഉടൻ ഡോക്ടറെ ബന്ധപ്പെടുക.
3. മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ
പുകവലി ശീലം ഒഴിവാക്കാൻ സഹായിക്കുന്നതിന് നിക്കോട്ടിൻ രഹിതമായ രണ്ട് മരുന്നുകൾ എഫ്ഡിഎ അംഗീകരിച്ചിട്ടുണ്ട്. ബ്യൂപ്രോപിയോൺ(Bupropione), വാരെനിക്ലൈൻ (varanicicline) എന്നിവയാണ് അവ. നിങ്ങൾക്ക് ഇത് വാങ്ങുന്നതിനായി ഡോക്ടറുടെ ഒരു കുറിപ്പടി ആവശ്യമുള്ളതിനാൽ പുകവലി നിർത്താൻ സഹായിക്കുന്നതിന് ഇവയിലൊന്ന് പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് തോന്നുകയാണെങ്കിൽ നിങ്ങളുടെ ഡോക്ടറോടോ ടുബാക്കോ സെസേഷൻ സ്പെഷ്യലിസ്റ്റിന്റെ അടുത്തോ ഇതിനെ കുറിച്ച് സംസാരിക്കുക. തലച്ചോറിലെ രാസവസ്തുക്കളിൽ ബ്യൂപ്രോപിയോൺ പ്രവർത്തിക്കുന്നു, അത് നിക്കോട്ടിൻ ആസക്തിയിൽ കുറവ് വരുത്തുന്നതിന് പങ്കുവഹിക്കുകയും നിക്കോട്ടിൻ പിൻവലിക്കലിന്റെ ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും കുറയ്ക്കുകയും ചെയ്യുന്നു. ബ്യൂപ്രോപിയോൺ ടാബ്ലെറ്റ് രൂപത്തിൽ പന്ത്രണ്ട് ആഴ്ച്ച കഴിക്കണം, എന്നാൽ ആ സമയത്ത് നിങ്ങൾ വിജയകരമായി പുകവലി ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ, പുകവലി വീണ്ടും തുടങ്ങുവാനുളള സാധ്യത കുറയ്ക്കുന്നതിന് 3 മുതൽ 6 മാസം വരെ ഇത് ഉപയോഗിക്കാം. തലച്ചോറിലെ നിക്കോട്ടിൻ റിസപ്റ്ററുകളുമായി വാരെനിക്ലൈൻ ഇടപെടുന്നു, ഇത് പുകയില ഉപയോഗത്തിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന ആനന്ദം കുറയ്ക്കുകയും നിക്കോട്ടിൻ പിൻവലിക്കൽ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. പന്ത്രണ്ട് ആഴ്ചത്തേക്ക് വാരെനിക്ലൈൻ ഉപയോഗിക്കുക. പക്ഷേ, നിങ്ങൾ ഈ ശീലം തടയുന്നത് വിജയകരമായി പാലിച്ചിട്ടുണ്ടെങ്കിൽ, പുകവലി വീണ്ടും തുടങ്ങുവാനുളള സാധ്യത കുറയ്ക്കുന്നതിന് വീണ്ടും ഒരു പന്ത്രണ്ട് ആഴ്ച കൂടി ഈ മരുന്ന് ഉപയോഗിക്കാം. പെരുമാറ്റ വ്യതിയാനങ്ങൾ, വിഷാദാവസ്ഥ, മോശം മാനസികാവസ്ഥ, കോപം, ശത്രുത മനോഭാവം, ആത്മഹത്യാ പ്രവണതകൾ അല്ലെങ്കിൽ ശ്രമങ്ങൾ എന്നിവ ഈ മരുന്നുകൾ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകാൻ സാധ്യതയുണ്ട്.
4. പെരുമാറ്റശീലം മെച്ചപ്പെടുത്തുന്നതിന് പിന്തുണ തേടുക. പുകവലിയിൽ നിങ്ങൾക്കുള്ള വൈകാരികവും ശാരീരികവുമായ ആശ്രയത്വം മൂലം, നിങ്ങൾ അത് ഉപേക്ഷിച്ച ദിവസത്തിനുശേഷം നിക്കോട്ടിൻ ഉപയോഗത്തിൽ നിന്നുള്ള വിട്ടുനിൽക്കൽ വെല്ലുവിളി ഉണ്ടാക്കുന്നു. ഇതിൽ നിന്ന് പുറത്തുകടക്കാൻ, ഈ ആശ്രയത്വം പരിഹരിക്കേണ്ടതുണ്ട്. കൗൺസിലിംഗ് സേവനങ്ങൾ, സ്വയം സഹായ സാമഗ്രികൾ, മറ്റ് പിന്തുണയ്ക്കായുള്ള സേവനങ്ങൾ എന്നിവ പരീക്ഷിക്കുന്നത് ഈ സമയം നേരിടുവാൻ സഹായിക്കും. ശാരീരിക ലക്ഷണങ്ങൾ കാലക്രമേണ മെച്ചപ്പെടുമ്പോൾ, വൈകാരികമായ പ്രശ്നങ്ങളും അകലുന്നു. ഇത്തരം പെരുമാറ്റശീലവുമായി ബന്ധപ്പെട്ട ചികിത്സാ ഗ്രൂപ്പ് തെറാപ്പി മുതൽ വ്യക്തിപരമായും ഫോൺ വഴിയോ ഓൺലൈൻ വഴിയോ ഉള്ളതുമായ വ്യക്തിഗത കൗൺസിലിംഗ് എന്നിങ്ങനെ പല തരത്തിൽ ആകാം. മറ്റുളള യാതൊരു പിന്തുണയുമില്ലാതെയുള്ള രീതി അവലംബിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വയം സഹായ സാമഗ്രികൾ ഉപയോഗിച്ചുള്ള രീതി പുകവലി ഉപേക്ഷിക്കുന്നതിന്റെ നിരക്ക് വർധിപ്പിക്കും. പക്ഷേ, മൊത്തത്തിൽ വ്യക്തിഗത കൗൺസിലിംഗ് ഏറ്റവും ഫലപ്രദമായ പെരുമാറ്റ പിന്തുണാ രീതിയാണ്. നാഷണൽ ഹെൽത്ത് മിഷനും ഡിപ്പാർട്ടമെന്റ് ഓഫ് ഹെൽത്തും സംയുക്തമായുള്ള സംരംഭമായുള്ള ദിശ -1056 ഇത്തരം ചികിത്സകൾ സൗജന്യമായി നല്കുന്നുണ്ട്.
പുകവലി ശീലമാക്കിയവർ അത് ഉപേക്ഷിക്കുമെന്ന തീരുമാനമെടുക്കുക ശാസ്ത്രീയമായ മാർഗങ്ങൾ ഉപയോഗിച്ച് നിക്കോട്ടിൻ ആസക്തിയിൽ നിന്ന് പൂർണമായും മുക്തമാവാനും നല്ല ശീലം ആരംഭിക്കുവാനും കഴിയും. പുകവലി ശീലമാക്കിയവർ അത് ഉപേക്ഷിക്കുമെന്ന തീരുമാനമെടുക്കുക.
ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്ക് പ്രകാരം ഓരോ വർഷവും 40 ലക്ഷത്തോളം ആളുകൾ പുകവലി ഒഴിവാക്കുന്നുണ്ട്. ഈ കണക്ക് ആശ്വാസകരമാണ്.
Content Highlights: The 5A model for tobacco cessation: Ask, Assess, Advise, Assist, Arrange., Understanding the emotional and physical impact of tobacco on family relationships., Overview of Nicotine Replacement Therapy (NRT) and FDA-approved cessation medications.
Published: 31 May 2026, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented