ശാരീരികമായ രോഗങ്ങളിൽ നിന്ന്​ വളരെ വ്യത്യസ്തമായൊരു അവസ്ഥയാണ്​ മനസ്സുകളെ ബാധിക്കുന്ന രോഗങ്ങൾ. അതുകൊണ്ടുതന്നെ ഈ രംഗത്തുള്ള ചികിത്സയിലെ വെല്ലുവിളികൾ ഏറിയതാണ്​. രക്തപരിശോധന, എക്​സ്​-റേ, സ്​കാനിംഗ്​ തുടങ്ങിയ ആധുനിക സാ​ങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള രോഗനിർണയം ശാരീരിക രോഗനിർണയ രംഗത്ത്​ വളരെയേറെ പുരോഗതി കൈവരിച്ചപ്പോഴും രോഗിയുടെ പെരുമാറ്റ രീതികളും ചിന്തകളും ​രോഗിയുമായി ഇടപഴകുന്നവർ നൽകുന്ന വിവരങ്ങളും മാത്രം അടിസ്​ഥാനപ്പെടുത്തിയാണ്​ ഇന്നും മനോരോഗ ചികിത്സ മുന്നോട്ടുപോകുന്നത്​. ചിലതരം രക്തപരിശോധനകളും ഹോർമോണുകളുടെ വ്യതിയാനങ്ങളെ അടിസ്​ഥാനപ്പെടുത്തിയുള്ള നിഗമനങ്ങളും ചികിത്സയെ സഹായിക്കാറുണ്ടെങ്കിലും രോഗിയുടെ ജീവിത പശ്ചാത്തലവും വ്യക്​തിത്വവും പാരമ്പര്യമായി ആർക്കെങ്കിലും മനോരോഗമുണ്ടായി​രുന്നുവോ തുടങ്ങിയവ പരിശോധിച്ചും രോഗികടന്നുപോയ വൈകാരികപ്രതിസന്ധികളെ വിലയിരുത്തിയുമൊക്കെയാണ്​ രോഗനിർണയം നടത്തുകയും രോഗം ഏതവസ്ഥയിലാണെന്ന്​ മനസ്സിലാക്കുകയും ചെയ്യുന്നത്.

To advertise here,

രോഗകാരണങ്ങൾ

ജീവശാസ്​ത്രപരമായ ഘടകങ്ങൾക്കൊപ്പം കുടുംബ-സാമൂഹിക പശ്ചാത്തലങ്ങൾ ചേരുമ്പോഴുണ്ടാവുന്ന മസ്​തിഷ്​കത്തിലെ രാസവസ്​തുക്കളുടെ മാറ്റങ്ങളുടെ ഫലമായി കണ്ടുവരുന്ന ചിന്തകളിലെയും കാഴ്​ചപ്പാടുകളിലേയും പെരുമാറ്റങ്ങളിലേയും വ്യതിയാനമാണ്​ പൊതുവിൽ മാനസികപ്രശ്​നങ്ങളുടെ കാരണമായി കരുതിവരുന്നത്​. അതുകൊണ്ട് രോഗത്തിന്റെ സ്വഭാവം അനുസരിച്ച് ചികിത്സയും വ്യത്യസ്തമാകും. ഒരേ രോഗമുള്ളവരിൽ തന്നെ ചികിത്സ എപ്പോഴും  ഒരുപോലെത്തന്നെ ആയിരിക്കണമെന്നില്ല.

നമ്മുടെ സമുഹത്തിന്​ മാനസികരോഗങ്ങളെ കുറിച്ച് അവബോധം വളരെ കുറവാണ്​. ഇതുമൂലവും, മാനസികരോഗങ്ങളോടുള്ള ഭയംകലർന്ന തൊട്ടുകൂടായ്​മ (Stigma), ചികിത്സയെ കുറിച്ചുള്ള തെറ്റായ ധാരണകൾ എന്നിവ കാരണവും രോഗം വന്നാലും യഥാസമയം ചികിത്സ തേടുന്നവർ വളരെ കുറവാണ്. സമൂഹത്തിൽ വർധിച്ചുവരുന്ന ആത്മഹത്യകൾക്കും കൊലപാതകങ്ങൾക്കും ഇതും ഒരു കാരണമാണ്​. കൃത്യമായ ചികിത്സ ലഭിക്കാത്തവർ പലപ്പോഴും നിത്യജീവിതത്തിൽ പലതരത്തിലുള്ള പ്രശ്​നങ്ങൾ ഉണ്ടാക്കാനിടയുണ്ട്​. ഇത്​ രോഗിയുടെയും അവരുമായി ബന്ധപ്പെട്ട് നിൽക്കുന്നവരുടെയും ജീവിതവും ദുരിതപൂർണമാക്കുമെന്നതിൽ സംശയമില്ല.

രോഗലക്ഷണങ്ങൾ

വ്യക്തികളുടെ ജീവിതപശ്ചാത്തലവും സ്വഭാവരീതികളും അനുസരിച്ച്​ ​രോഗലക്ഷണങ്ങളിലും വ്യത്യാസം പ്രകടമാകാറുണ്ട്​. ശ്രദ്ധക്കുറവ്​, ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാതെ വരിക, താൽപര്യക്കുറവ്, ഊർജസ്വലത വളരെ കുറവോ കൂടുതലോ ആയ അവസ്ഥ, നിരന്തരം ഉത്കണ്ഠ ജനിപ്പിക്കുന്ന ചിന്തകൾകൊണ്ട്​ വലയൽ, അടിസ്ഥാനം ഇല്ലാത്ത സംശയങ്ങൾ, അതിജീവിക്കാനാവാത്തവിധം നിരാശാജനകമായ ചിന്തകൾ, വൈകാരിക ഭാവത്തിലുള്ള തീവ്രമായ വ്യതിയാനങ്ങൾ, പെരുമാറ്റത്തിലെ പ്രകടമായ വ്യത്യാസങ്ങൾ, ആക്രമണോത്സുകത, ആത്മഹത്യാപ്രവണത, ഇല്ലാത്ത ശബ്ദങ്ങളും കാഴ്ചകളും അനുഭവപ്പെടൽ, ഉറക്കത്തിലും ഭക്ഷണം കഴിക്കുന്നതിലുമുണ്ടാവുന്ന മാറ്റങ്ങൾ, ലഹരി ആസക്​തി തുടങ്ങിയ നിരവധി ലക്ഷണങ്ങൾ മാനസിക​പ്രശ്​നമുള്ളവരിൽ കണ്ടുവരാറുണ്ട്​. 

കുട്ടികളിലാണെങ്കിൽ പഠനത്തോട് താൽപര്യമില്ലായ്​മ,  ബുദ്ധിക്കുറവ്, പഠനവൈകല്യം, ഒരിടത്ത് അടങ്ങിയൊതുങ്ങി ഇരിക്കാൻ കഴിയാതിരിക്കൽ, ഇതര വ്യക്തികളോട്​ ആശയവിനിമയം നടത്താനോ സംഘങ്ങളിൽ ചേരാനോ ഉള്ള മടി, പ്രതികരണക്കുറവ്​, വാശിയും ദേഷ്യവും സ്കൂളിൽ പോകാൻ മടി, നുണ പറയൽ, മോഷണ സ്വഭാവം തുടങ്ങിയ ലക്ഷണങ്ങളും കാണാവുന്നതാണ്​.  
 
ഇത്തരം ലക്ഷണങ്ങൾ ഉയർന്ന തോതിലും നിരന്തരമായും വ്യക്തിയുടെയും  മറ്റുള്ളവരുടെയും ജീവിതത്തെ ബാധിക്കുന്ന തരത്തിൽ നിലനിൽക്കുകയും ആ വ്യക്തി മുമ്പുണ്ടായിരുന്ന പെരുമാറ്റരീതികളിൽ നിന്ന് വ്യത്യസ്തമായി കാണപ്പെടുകയും ചെയ്യുകയാണെങ്കിൽ  മാത്രമാണ് അതിനെ രോഗലക്ഷണമായി കണക്കാക്കേണ്ടത്.

ചികിത്സ

മനുഷ്യർ പരസ്​പരം ആശയവിനിമയം നടത്തുവാനും ഒരു സമൂഹമായി കഴിയാനും തുടങ്ങിയ കാലംമുതൽ തന്നെ മാനസിക പ്രശ്നങ്ങളുള്ളവരുണ്ടായിരുന്നു എന്നുവേണം കരുതാൻ. എന്നാൽ ആധുനിക വൈദ്യശാസ്​ത്രം പുരോഗതി പ്രാപിച്ച കാലം വരെ രോഗത്തെക്കുറിച്ചുള്ള ശാസ്​ത്രീയമായ അറിവില്ലായ്​മ ലോകത്തിന്റെ എല്ലാഭാഗങ്ങളിലുമുള്ള സമൂഹങ്ങളിൽ നിലനിന്നുവന്നിരുന്നു. ഇതിന്റെ ഫലമായി മാനസികപ്രശ്​നങ്ങളുള്ളവർക്ക്​ നൽകിയിരുന്ന ചികിത്സകൾ അടുത്ത കാലംവരെ വളരെ പ്രാകൃതരീതിയിലുള്ളതായിരുന്നു. ഭൂത-പ്രേത-പിശാചുക്കളുടെയും ആത്മാക്കളുടെയും പ്രവർത്തനഫലമായാണ്​ ഒരു വ്യക്​തി മനോരോഗിയായി മാറുന്നതെന്ന ശക്​തമായ വിശ്വാസം മനുഷ്യരിലെ എല്ലാ വിഭാഗങ്ങളിലുമുണ്ടായിരുന്നു. തൽഫലമായി മന്ത്രവാദം, പ്രാർഥന, ബാധ ഒഴിപ്പിക്കൽ, മുറിയിലടച്ചിടൽ, ചങ്ങലക്കിടൽ, മർദനം, മുറിവേൽപിക്കൽ, പൊള്ളലേൽപ്പിക്കൽ, തണുത്ത വെള്ളത്തിൽ മുക്കൽ, പട്ടിണിക്കിടൽ തുടങ്ങിയ ചികിത്സാരീതികളായിരുന്നു പ്രാദേശികമായ വ്യത്യാസങ്ങൾക്കനുസരിച്ച്​ പിന്തുടർന്ന്​ വന്നിരുന്നത്​.  

മറ്റേതൊരു രോഗത്തിന്റെ കാര്യത്തിൽ എന്നപോലെ മാനസികരോഗങ്ങൾക്കും ആധുനിക ചികിത്സ ഊന്നൽ നൽകുന്നത് രോഗചികിത്സയോടൊപ്പം മനസ്സിന്​ ആരോഗ്യം നൽകുന്ന അന്തരീക്ഷം സൃഷ്​ടിക്കുക എന്നതുതന്നെയാണ്. മരുന്നുകൾ, ഇ.സി.ടി (Electroconvulsive therapy) സൈക്കോ തെറാപ്പി, കൗൺസിലിംഗ്​, സാമുഹിക പിന്തുണ തുടങ്ങിയവയാണ് ആധുനിക മനോരോഗ ചികിത്സയിൽ അവലംബിക്കുന്ന മാർ​ഗങ്ങൾ​. മരുന്നുകൾ മാത്ര​മായോ, മറ്റു രീതികൾ ചേർത്തോ ആണ്​ ചികിത്സ നിശ്ചയിക്കുന്നത്​. ഇത് രോഗത്തിന്റെയും രോഗിയുടെയും പ്രത്യേകത അനുസരിച്ചാണ് തീരുമാനിക്കേണ്ടത്​.

മരുന്നുകൾ

മാനസികരോഗങ്ങൾക്ക് വളരെ ഫലപ്രദമായ മരുന്നുകൾ ഇന്ന് ലഭ്യമാണ്. ഇവ വേണ്ട രീതിയിൽ വേണ്ടത്ര അളവിൽ ആവശ്യമുള്ള കാലയളവ് മുഴുവൻ ഒരു മനോരോഗ വിദഗ്ദ്ന്റെ നിർദേശപ്രകാരം ഉപയോഗിച്ചാൽ ഭൂരിഭാഗം രോഗികൾക്കും  മുഴുവനായോ ഒരു പരിധിവരെയോ രോഗശമനം ഉറപ്പാക്കാനാവും. അതേസമയം മനോരോഗ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ച്സ മൂഹത്തിലെ വിദ്യാസമ്പന്നരടക്കമുള്ള ഭൂരിപക്ഷവും തികച്ചും തെറ്റായ ധാരണകൾ വെച്ചുപുലർത്തുന്നവരാണ്​. മനോരോഗ ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകൾ രോഗികളെ മയക്കിക്കിടത്തുമെന്നും ഏറെ നാൾ ഉപയോഗിച്ചാൽ ഈ മരുന്നുകൾക്ക്​ അടിമപ്പെടുമെന്നുമുള്ള മിഥ്യാധാരണകളാണ്​ ഇതിൽ അധികവും.

രോഗിയുടെ സുഖപ്രാപ്തി ഉദ്ദേശിച്ച് വളരെ ശാസ്​ത്രീയമായി ഈ മരുന്നുകൾ ഉപയോഗിച്ചാൽ പാർശ്വഫലങ്ങളേക്കാൾ ഏറെ ഗുണങ്ങൾ തന്നെയാണ് അനുഭവപ്പെടുക. മനോരോഗങ്ങൾക്ക് കൊടുക്കുന്ന മരുന്നുകളിൽ വളരെ ചെറിയ ശതമാനം മരുന്നുകൾക്ക് മാത്രമേ അവയ്​ക്ക്​ അടിമപ്പെടാനുള്ള സാധ്യതയുള്ളു. ശാസ്ത്രീയമായ രീതിയിൽ ഡോക്ടർ രോഗിക്ക് കുറിച്ചു നൽകുമ്പോൾ ഇതിനുള്ള വളരെയേറെ കുറവായിരിക്കും. മറ്റൊരു തെറ്റിദ്ധാരണ മരുന്നുകൾ രോഗിയുടെ വൃക്ക, കരൾ എന്നിവയ്ക്ക്​ തകരാറുകൾ സൃഷ്​ടിക്കും എന്ന ഭയമാണ്. മാനസികരോഗികളുടെ ശാരീരിക അവസ്​ഥ, മറ്റു​രോഗങ്ങൾ എന്നിവ ശ്രദ്ധാപൂർവ്വം വിലയിരുത്തിയായിരിക്കും ചികിത്സകൻ മരുന്നുകൾ കുറിക്കുക. അതുകൊണ്ടുതന്നെ ഇത്തരം ഭയം തീർത്തും അസ്ഥാനത്താണ്​.

ചില പ്രത്യേക മാനസിക‌രോഗങ്ങൾ ഉള്ളവർക്ക് രോഗത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച ഉണ്ടാവണമെന്നില്ല. ഇത്തരക്കാർക്കും കുട്ടികൾക്കും പ്രായമായവർക്കും ആത്മഹത്യാ പ്രവണതയുള്ളവർക്കും മറ്റുള്ളവർ സമയാസമയങ്ങളിൽ മരുന്ന് എടുത്തു കൊടുക്കുകയും അത് രോഗി കഴിച്ചു, അല്ലെങ്കിൽ വിഴുങ്ങി എന്ന് ഉറപ്പുവരുത്തുകയും വേണം. കൃത്യസമയത്ത് തുടർചികിത്സയ്ക്ക്​ പോകേണ്ടതും അത്യാവശ്യമാണ്. പാർശ്വഫലങ്ങൾ മറ്റേത് മരുന്നിനും ഉള്ളതുപോലെ ഇത്തരം മരുന്നുകൾക്കുമുണ്ടാവാം. അവ രോഗിക്കും കുടുംബാംഗങ്ങൾക്കും നേരത്തെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതുണ്ട്.

ഗൗരവമല്ലാത്ത അവസ്​ഥയിൽ മരുന്നുകൾ അത്യാവശ്യമല്ല

മനോരോഗ ചികിത്സ മരുന്നുകൾ നൽകിയും ഷോക്ക്​ ചികിത്സ നൽകിയും രോഗിയെ മയക്കിക്കിടത്തുകയാണ്​ ചെയ്യുന്നതെന്നൊരു തെറ്റായ ധാരണ സമൂഹത്തിൽ ഇനിയും ബാക്കി നിൽക്കുന്നുണ്ട്​. രോഗിയോടുള്ള ഡോക്​ടറുടെ പെരുമാറ്റവും സംസാരവുമെല്ലാം ചികിത്സയുടെ ഭാഗമായിത്തന്നെ കാണേണ്ടതുണ്ട്​. മരുന്നുകൾ നൽകുന്നതിനോടൊപ്പം രോഗിക്ക്​ ആത്മവിശ്വാസം പകരുക, രോഗിയുടെയും ബന്ധുക്കളുടെയും ചികിത്സയെക്കുറിച്ചും മരുന്നുകളെക്കുറിച്ചുമെല്ലാമുള്ള തെറ്റിധാരണകൾ നീക്കുക, രോഗിക്ക്​ ലഭിക്കേണ്ട സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതി​ന്റെ ഭാഗമായി കുടുംബാംഗങ്ങളെ ബോധവത്​കരിക്കുക തുടങ്ങിയവയെല്ലാം ഡോക്​ടർ ചികിത്സയുടെ ഭാഗമായി കണ്ട്​ ചെയ്യേണ്ടതാണ്.

ചില ലഘുവായ മാനസികപ്രശ്​നങ്ങൾക്ക്​ കൗൺസിലിംഗ്​, സൈക്കോതെറാപ്പി തുടങ്ങിയ മനഃശാസ്​ത്രപരമായ ചികിത്സകൾ മാത്രം മതിയാവും. പലപ്പോഴും  കുട്ടികളിലും മുതിർന്നവരിലും ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും കഴിയുന്നത്ര മരുന്നുകൾ ഒഴിവാക്കിയോ, വളരെ കുറച്ചു മരുന്നുകൾ നൽകിയോ ഉള്ള ചികിത്സയായിരിക്കണം ആദ്യഘട്ടത്തിൽ സ്വീകരിക്കേണ്ടത്​. ഇത്തരം ചികിത്സകൾ ഫലപ്രദമല്ലെങ്കിൽ മാത്രമായിരിക്കണം മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സകളിലേക്ക്​ ഡോക്​ടർ പോകേണ്ടത്.​

ഷോക്ക്​ ചികിത്സയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റണം

എല്ലാകാലത്തും വളരെയേറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ചികിത്സാരീതിയാണ്​ മനോരോഗ ചികിത്സയുടെ ഭാഗമായി നൽകുന്ന ഷോക്ക്​ ചികിത്സ അഥവാ ഇ.സി.ടി. രോഗിയെ ബലമായികിടത്തി വായിൽ വസ്​തുക്കൾ തിരുകി​യശേഷം ഉയർന്ന തോതിൽ ​വൈദ്യുതി തലച്ചോറിലേക്ക്​ കടത്തിവിട്ട്​ രോഗിയെ മൃതപ്രായമാക്കുന്ന രീതിയിലാണ്​ ഷോക്ക്​ ചികിത്സയെ ആദ്യകാലത്തുണ്ടായ സിനിമകളും സാഹിത്യകൃതികളും ചിത്രീകരിച്ചിരിക്കുന്നത്​. ഇതിന്റെ ഭാഗമായി സമൂഹത്തിൽ ഈ ചികിത്സയുമായി രൂപപ്പെട്ട ഭയം ഇന്നും നിലനിൽക്കുന്നുണ്ട്​. 

എന്നാൽ മരുന്നുകളുടെ ഫലപ്രാപ്​തിക്ക്​ കാത്തുനിൽക്കാൻ സമയമില്ലാത്ത അടിയന്തിര സാഹചര്യങ്ങിൽ ഏറ്റവും ഫലപ്രദമായതും ഒട്ടും അപകട സാധ്യതയില്ലാത്തുമായ ഒരു ചികിത്സാരീതിയാണ്​ ഇ.സി.ടി. 

1938 പ്രാബല്യത്തിൽ വന്നതിനുശേഷമുണ്ടായ ശാസ്​ത്രത്തിന്റെ വളർച്ചയോടൊപ്പം പുതിയ യന്ത്രങ്ങളുടെ സഹായത്തോടെ രോഗിക്ക്​ ഒട്ടും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ നൽകാവുന്ന ഒരു ചികിത്സാരീതിയായി ഇത്​ മാറിയിട്ടുണ്ട്​. ​വളരെ കുറഞ്ഞ വോൾ​ട്ടേജിലുള്ള വൈദ്യുതിതരംഗങ്ങൾ കൃത്യതയോടെ ഏതാനും നിമിഷങ്ങൾ രോഗിയുടെ തലച്ചോറിലേക്ക്​ കടത്തിവിടുന്ന ചികിത്സ എപ്പോഴും ഒരു ഡോക്​ടറുടെ മേൽനോട്ടത്തിൽ ചെയ്യുന്നതായതിനാൽ ഈ ചികിത്സയെ ഒട്ടും ഭയക്കേണ്ടതില്ല. 

അതുകൊണ്ടുതന്നെ മരുന്നുകളോട് പ്രതികരിക്കാത്ത ചില രോഗാവസ്​ഥയിലും രോഗം മൂർച്ഛിച്ച്​ രോഗിക്ക്​ മരുന്നുകൾ കഴിക്കാനോ നിത്യകർമങ്ങൾ അനുഷ്​ഠിക്കാനോ കഴിയാത്ത അവസ്​ഥയിലും ഇ.സി.ടി വളരെ ഫലപ്രദവും രോഗിയെ ജീവിതത്തിലേക്ക്​ തിരിച്ചുകൊണ്ടുവരാനുള്ള ഏകമാർ​ഗവുമാണ്​. വളരെ പെ​ട്ടെന്ന്​ ചികിത്സ വേണ്ട കടുത്ത ആത്മഹത്യാപ്രവണതയുള്ള രോഗികളിലും ഈ ചികിത്സയാണ്​ ഫലപ്രദം. 

രോഗം അനുഭവപ്പെട്ടാൽ എന്തുചെയ്യണം?

ശരിയായ രോഗനിർണയം നടത്താൻ കഴിവുള്ള മനോരോഗചികിത്സയിൽ മതിയായ യോഗ്യതകളുള്ള പരിചയസമ്പന്നനായ ഒരു ഡോക്​ടറെയാണ്​ മാനസിക പ്രശ്​നങ്ങൾ അനുഭപ്പെട്ടാൽ ആദ്യം സമീപിക്കേണ്ടത്​. കൃത്യമായ രോഗനിർണയത്തിന്​ ശേഷം ഡോക്​ടറുടെ നിർദേശമനുസരിച്ചായിരിക്കണം കൗൺസിലിംഗ്​, സൈക്കോ തെറാപ്പി തുടങ്ങിയ രീതികളിലേക്ക്​ പോകേണ്ടത്​. 

അലട്ടുന്ന ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കാനും മാനസിക സമ്മർദങ്ങളെ മറികടക്കാനും പ്രശ്നപരിഹാര ശേഷിയും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട്​ പോകുവാനുമൊക്കെയുള്ള സഹായം നല്ല രീതിയിൽ നൽകാൻ വേണ്ടത്ര യോഗ്യതയും പരിശീലനവും ലഭിച്ച ക്ലിനിക്കൽ സൈ​ക്കോളജിസ്​റ്റുകൾക്ക്​ കഴിയും. 

പലപ്പോഴും രോഗിക്ക്​ മാത്രമല്ല, രോഗിയോടൊപ്പം കഴിയുന്ന ജീവിതപങ്കാളിയടക്കമുള്ള കുടുംബാംഗങ്ങളെയും ഇത്തരം മനഃശാസ്​ത്ര ചികിത്സകളിൽ സഹകരിപ്പിക്കാറുണ്ട്​. 

വൈകാരിക നിയന്ത്രണം പരിശീലിപ്പിക്കുകയും സ്വഭാവരീതികൾ മെച്ചപ്പെടുത്തുകയും ചെയ്യുന്ന ബിഹേവിയർ തെറാപ്പി പോലുള്ള ചികിത്സകളും നിലവിലുണ്ട്​. 

കുട്ടികളിലെ ബുദ്ധിമാന്ദ്യം, പഠനവൈകല്യം തുടങ്ങി പല മാനസിക പ്രശ്നങ്ങൾക്കും മരുന്നുകൾക്കൊപ്പമോ അല്ലാതെയോ ഇത്തരം മനഃശാസ്​ത്രത്തിൽ അധിഷ്​ഠിതമായ ചികിത്സകൾ ഏറെ ഫലപ്രദമാണ്. ബുദ്ധിമാന്ദ്യമുള്ള കുഞ്ഞുങ്ങളെ പരിപാലിപ്പിക്കുന്ന  മാതാപിതാക്കൾക്കും ഇതുമായി ബന്ധപ്പെട്ട പരിശീലനവും മാനസിക പിന്തുണയും നൽകാനും ഇത്തരം ചികിത്സ ഏറെ സഹായിക്കാറുണ്ട്

(കോഴിക്കോട്​ മെഡിക്കൽ കോളജ്​ മനോരോഗ വിഭാഗം മുൻ മേധാവിയാണ് ലേഖിക)