ഒരു കാൽ നൂറ്റാണ്ട് മുമ്പുനടന്ന സംഭവമാണ്. രാത്രി അസമയത്ത് ഒരാൾ ഫോണിൽ വിളിക്കുന്നു. എൻറെ അടുത്ത സുഹൃത്തായ യുവതിയുടെ പ്രായമായ പിതാവാണ്. പരിഭ്രാന്തിയോടെയാണ് അദ്ദേഹം സംസാരിച്ചത്. മകൾ നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ‘കാർഡിയാക് ഐ.സി.യു’ വിലാണ്. പൊതുവെ ടെൻഷൻ കൂടുതലുള്ള അദ്ദേഹത്തിന്റെ സ്വരം വല്ലാത്ത ഉത്കണ്ഠയും സങ്കടവുംകൊണ്ട് ഇടറിയിരുന്നു.
ഈ വിവരം കേട്ട എനിക്ക് പക്ഷെ, വലിയ ഭയമോ പരിഭ്രമമോ ഒന്നും തോന്നിയില്ല. അതിന് കാരണം കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി യുവതി ഫോണിൽ സംസാരിക്കുമ്പോൾ അവൾ നേരിടുന്ന ചില പ്രശ്നങ്ങളെക്കുറിച്ച് എന്നോട് സൂചിപ്പിച്ചിരുന്നു. അവൾക്ക് ഈയിടെയായി അസാധാരണമായ ഒരുതരം നെഞ്ചിടിപ്പും ഭയവും അനുഭവപ്പെടുന്നതിനെക്കുറിച്ചായിരുന്നു അത്. വളരെ അടുത്ത സുഹൃത്തുക്കളെ ചികിത്സിക്കുമ്പോഴുണ്ടാവുന്ന പ്രശ്നങ്ങളും പരിമിതികളും അറിയുന്നതുകൊണ്ട് ഞാനവളോട് മറ്റൊരു മനോരോഗ വിദഗ്ധനെ സമീപിക്കാൻ ഉപദേശിക്കുകയാണ് ചെയ്തത്. അതിന് പുറമെ മകളെ ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കണമെന്ന് അവളുടെ പിതാവിനോട് പറയുകയും ചെയ്തു. അപ്പോഴാവട്ടെ ‘എൻറെ മകൾക്ക് മാനസികരോഗമൊന്നുമില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Also Read
ഞാൻ ആശുപത്രിയിലെത്തിയപ്പോഴേക്കും അവിടെയുള്ള ഡോക്ടർമാർ അവളെ മനോരോഗ ചികിത്സാവിഭാഗത്തിലേക്ക് റഫർ ചെയ്ത് കഴിഞ്ഞിരുന്നു. യഥാർഥത്തിൽ അവൾക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ ഒന്നുമുണ്ടായിരുന്നില്ല; മറിച്ച് ‘പാനിക് ഡിസോഡർ’ എന്ന മാനസിക പ്രശ്നമായിരുന്നു. ഒരു പരിചയസമ്പന്നനായ മാനസികരോഗ വിദഗ്ധന്റെ ചികിത്സകൊണ്ട് അവളുടെ പ്രശ്നങ്ങൾ താമസിയാതെ പരിഹരിക്കപ്പെടുകയും വിരമിക്കുന്നതുവരെ പ്രശ്നങ്ങളൊന്നുമില്ലാതെ ജോലിയിൽ തുടരുകയും ചെയ്തു.
പാനിക് ഡിസോഡർ
അമിതമായ ഉൽക്കണ്ഠ മുഖമുദ്രയായിട്ടുള്ള രോഗങ്ങളിൽ ഒന്നായ ഇത് സമൂഹത്തിലെ ഏകദേശം ഒന്നു മുതൽ നാല് ശതമാനം വരെയുള്ള വ്യക്തികളിൽ കാണപ്പെടുന്നു. സ്ത്രീകളിലാണ് ഇത് കൂടുതലായുള്ളത്. ഏകദേശം 25 വയസ്സിനോട് അടുത്താണ് ഈ പ്രശ്നം കണ്ടുവരികയെങ്കിലും ചിലപ്പോഴൊക്കെ കുട്ടികളിലും പ്രായമായവരിലും ഈ അസുഖം കാണാറുണ്ട്.
പ്രത്യേകിച്ച് കാരണളൊന്നുമില്ലാതെ പെട്ടെന്ന് അതിതീവ്രമായ ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ അനുഭവപ്പെടുകയും മിനിറ്റുകൾക്കുള്ളിൽ അതിന്റെ തീവ്രത വർദ്ധിക്കുകയും ഉടൻതന്നെ അതുമാറി പൂർവസ്ഥിതിയിലാകുകയും ചെയ്യും. ശാരീരികവും മാനസികവുമായ അസ്വസ്ഥതകളോ മനസ്സിനെ അലട്ടുന്ന വിഷയങ്ങളോ ഒന്നും ഇല്ലാത്ത സമയത്തുപോലും ഈ അവസ്ഥയുണ്ടാവാം.
‘പാനിക് ഡിസോഡർ’ ഉണ്ടാവുന്ന സമയത്ത് അനുഭവിക്കുന്ന അസ്വസ്ഥതകൾ വളരെ തീവ്രമായതിനാൽ വ്യക്തിയിൽ ആത്മഹത്യാ പ്രവണതകളും ജീവിതം അവസാനിപ്പിക്കണമെന്ന ചിന്തകളും ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഉദാഹരണമായി ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ ആത്മഹത്യ മാത്രമേ മാർഗ്ഗമുള്ളു... വേറെ വഴിയില്ല എന്ന തോന്നൽ ചിലരിൽ കാണാറുണ്ട്. ചുരുക്കത്തിൽ അമിതമായ ഉത്കണ്ഠയുമായി ബന്ധപ്പെട്ട ശാരീരികവും മാനസികവുമായ ലക്ഷണങ്ങൾ വളരെ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും അതുപോലെതന്നെ ഇല്ലാതാവുകയും ചെയ്യും. ഇത്തരം അവസ്ഥ ഇടയ്ക്കിടെ ആവർത്തിക്കുമെന്ന് കരുതി ഭയപ്പെടുന്നതും രക്ഷപ്പെടാൻ മാർഗങ്ങൾ ഇല്ലാത്ത അപകടകരമായ സാഹചര്യങ്ങളിൽ ഈ രോഗം പ്രത്യക്ഷപ്പെട്ടാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്നതും രോഗത്തിന്റെ മറ്റൊരു ലക്ഷണമാണ്.
ഈ പ്രശ്നമുള്ളവർ നീന്തൽക്കുളങ്ങളിൽ നീന്താനോ പാലത്തിലൂടെ വാഹനമോടിക്കാനോ മടിച്ചുനിൽക്കും. ചിലരാവട്ടെ പൊതുഗതാഗത സംവിധാനങ്ങൾ, ബസ്റ്റാൻറ് തുടങ്ങിയ സ്ഥലങ്ങൾ, റസ്റ്ററന്റുകൾ, ഷോപ്പിംഗ് സെൻററുകൾ, ജനക്കൂട്ടമുള്ള ആഘോഷ സ്ഥലങ്ങൾ എന്നിവിടങ്ങളിലെ സന്ദർശനം പരമാവധി ഒഴിവാക്കാൻ ശ്രമിക്കും. ഈ അവസ്ഥ ‘അഗോറാഫോബിയ’ (Agoraphobia) എന്ന മാനസിക പ്രശ്നത്തിൽ കാണുന്ന ലക്ഷണം കൂടിയാണ്.
രോഗലക്ഷണങ്ങൾ
അമിതമായ നെഞ്ചിടിപ്പ്, ഹൃദയമിടിപ്പ് വർധിക്കൽ, വിയർപ്പ്, ശ്വാസതടസ്സം, തൊണ്ടയിൽ എന്തോ കുടുങ്ങിയത് പോലെ തോന്നൽ, അസഹ്യമായി ചൂടോ തണുപ്പോ അനുഭവപ്പെടുക, തലവേദന, വിറയൽ, തലചുറ്റൽ, തരിപ്പ്, ഛർദ്ദിക്കാൻ തോന്നുക, വയറിന് അസ്വസ്ഥത, സ്ഥലകാല ഭ്രമം, താൻ ആരെന്ന് വ്യക്തതയില്ലാത്ത അവസ്ഥ എന്നിവയെല്ലാം പാനിക് ഡിസോഡറിന്റെ ലക്ഷണങ്ങളായി അനുഭവപ്പെടാം.
പലപ്പോഴും ഇത് ഹൃദയാഘാതമാണെന്ന് തെറ്റിദ്ധരിക്കാനും മറ്റ് ഗുരുതര രോഗമാണെന്നും ഉടൻ മരിച്ചുപോകുമെന്നുമൊക്കെയുള്ള തീവ്രമായ ഭയം ഉടലെടുക്കാനും സാധ്യതയുണ്ട്. ഇതുമൂലം മനസ്സിൽ വെപ്രാളം, മനസ്സിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ട് ഭ്രാന്താകുമോ എന്ന ഭയം എന്നിവയും അനുഭവപ്പെടാം. ലക്ഷണങ്ങളെല്ലാം അതിതീവ്രമായി പ്രത്യക്ഷപ്പെടുന്നത് കാരണം രോഗിക്ക് ഇതെല്ലാം വളരെ അസഹ്യമായി അനുഭവപ്പെടും.
രോഗകാരണങ്ങൾ
ചിലതരം മാനസികരോഗങ്ങൾ ഉള്ളവരിലും ലഹരി ഉപയോഗം കാരണവും ഇത്തരം അസ്വസ്ഥത ഉണ്ടാകാറുണ്ട്. കൂടാതെ ചില ശാരീരിക അസുഖങ്ങളുടെ ഭാഗമായും ഇത്തരം ലക്ഷണങ്ങൾ കാണാറുണ്ട്. എന്നാൽ, ഈ അവസ്ഥയെ ‘പാനിക് ഡിസോഡർ’ എന്ന് വിശേഷിപ്പിക്കാറില്ല.
മറ്റേത് മാനസികരോഗങ്ങളുടെ കാര്യത്തിലും പോലെ മാനസികവും സാമൂഹികവും ജൈവപരവുമായ കാരണങ്ങൾ ഈ രോഗത്തിന് പിറകിലുമുണ്ട്. പാരമ്പര്യവും ഒരു പ്രധാന ഘടകമാണ്. തലച്ചോറിൻറെ ചില പ്രത്യേക ഭാഗങ്ങളുടെ പ്രവർത്തനത്തിലുള്ള തകരാറുകൾ, തലച്ചോറിലെ ചില രാസവസ്തുക്കളുടെ (Neurotransmitters) അളവിലുള്ള ഏറ്റക്കുറച്ചിലുകൾ എന്നിവയും രോഗകാരണങ്ങളാണ്.
മാനസിക സംഘർഷങ്ങൾ രോഗകാരണമല്ലെങ്കിലും പലതരം മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവരിൽ ഈ അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. ചെറുപ്പകാലങ്ങളിലെ നിരന്തരമായ മാനസിക സംഘർഷങ്ങളും ഈ അസുഖത്തിനുള്ള കാരണങ്ങളായി മാറാറുണ്ട്. കൂടെ കുട്ടിക്കാലത്ത് കടന്നുപോയ പീഢനങ്ങളും മോശം അനുഭവങ്ങളും മറ്റൊരു കാരണമാണ്.
രോഗസാധ്യതയുള്ളവരിൽ ചിലർ സമാനപ്രശ്നങ്ങളുള്ളവരെ അനുകരിച്ച് ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. മതാപിതാക്കളിൽ നിന്നും മറ്റ് അടുത്ത ബന്ധുക്കളിൽ നിന്നും അമിതമായ പരിഗണനയും പരിപാലനവും ലഭിക്കുന്നവരിലും രോഗസാധ്യത കൂടുതലാണ്. ചിലരാവട്ടെ നിസ്സാരമായ ശാരീരിക പ്രശ്നങ്ങളെക്കുറിച്ച് അമിതമായി ചിന്തിച്ച് ആധിയോടെ ഗുരുതരരോഗത്തിന്റെ ലക്ഷണങ്ങളാണെന്ന് ഉറച്ചു വിശ്വസിക്കാറുണ്ട്. ഉദാഹരണമായി വലതുകൈയ്ക്ക് ഒരു ചെറിയ വേദനയുണ്ടായാൽ പോലും അത് ഹൃദ്രോഗമാണെന്ന് കരുതുക, ശരീരത്തിലൊരു മുഴ വന്നാൽ അത് കാൻസർ മുഴയാണെന്ന് ഭയപ്പെടുക തുടങ്ങിയ സ്വഭാവക്കാരിലും ‘പാനിക് ഡിസോഡർ’ രോഗസാധ്യത കൂടുതലാണ്.
ചികിത്സാരീതികൾ
ജീവിതശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുന്നതിലൂടെയും പലതരം തൊറാപ്പികളിലൂടെയും രോഗത്തെ അതിജീവിക്കാവുന്നതാണ്. ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി സമീകൃതവും പോഷകസമൃദ്ധവുമായ ആഹാരം, റിലാക്സേഷൻ പരിശീലിക്കൽ, വ്യായാമം ചെയ്യൽ, ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കൽ എന്നിവയിലൂടെ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കാൻ കഴിയും.
കഫീൻ അടങ്ങിയ കാപ്പി, മദ്യം, ഫാസ്റ്റ് ഫുഡ്, ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ എന്നിവ നിയന്ത്രിക്കുന്നതും രോഗശമനത്തിന് സഹായിക്കും. കൂടാതെ ഓട്സ്, മധുരക്കിഴങ്ങ്, അവക്കാഡോ, പഴങ്ങൾ, ഗ്രീൻ ടീ തുടങ്ങിയവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നതും ഒമേഗ-3 ഫാറ്റി ആസിഡ്സ്, ബി-വൈറ്റമിൻസ് എന്നിവ കഴിക്കുന്നതും ഉത്കണ്ഠയെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങളിലുണ്ട്.
മരുന്നുകളുടെ ഉപയോഗം
‘പാനിക് ഡിസോഡർ’ ചികിത്സക്ക് പാർശ്വഫലങ്ങൾ കുറഞ്ഞതും വളരെ ഫലപ്രദവുമായ മരുന്നുകൾ ഇന്ന് ലഭ്യമാണ്. ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് കൃത്യമായ അളവിലും കാലയളവിലും കഴിക്കുന്നതിലൂടെ രോഗശമനം ഉറപ്പാക്കാനാവും. മരുന്നുകളുടെ ഫലം കൂട്ടുന്നതിനായി സൈക്കോതെറാപ്പികളും റിലാക്സേഷൻ ടെക്നിക്കുകളും ബിഹേവിയർ തെറാപ്പിയും ചികിത്സയുടെ ഭാഗമായി നിർദ്ദേശിക്കാറുണ്ട്.
ചുരുക്കത്തിൽ ‘പാനിക് ഡിസോഡർ’ എന്ന് കേട്ടാൽ പാനിക് ആവേണ്ട ആവശ്യമില്ല. മറിച്ച് ശരിയായ ചികിത്സകൊണ്ട് രോഗികൾക്ക് സാധാരണ ചികിത്സയിലേക്ക് മടങ്ങിവരാനാവും.
Content Highlights: Understanding panic disorder: symptoms, causes, and effective treatment options
Published: 15 May 2025, 05:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented