ർഷങ്ങൾക്ക്​ മുമ്പ്​ ചികിത്സതേടിയിരുന്ന ഒരു ചെറുപ്പക്കാരൻ ഈയിടെ എന്നെ കാണാൻ വന്നു. ഒരു 40 -45 വയസ്സ് പ്രായം. ഭാര്യയാണെന്ന്​ തോന്നിക്കുന്ന ചുരിദാർ ധരിച്ച ഒരു സ്ത്രീയും കൂടെയുണ്ടായിരുന്നു. മുറിയിൽ കയറിവന്നയുടൻ ഒരു ചോദ്യം: ‘ഡോക്ടർക്ക്​ എന്നെ മനസ്സിലായോ..?’ എന്ന്​. ‘മനസ്സിലായി’ എന്ന്​ ഞാൻ തലയാട്ടിയപ്പോൾ അയാൾ ചിരിച്ചുകൊണ്ട്​ പറഞ്ഞു: ‘ഇവളെൻറെ ഭാര്യ.. ഇപ്പോൾ ജീവിതം കുഴപ്പമില്ല’...!
എൻറെ മനസ്സ്​  20 -25 വർഷം പിറകിലേക്ക്​ പാഞ്ഞു പോയി. 20- 25 വയസ്സുള്ള സുമുഖനും സൗമ്യനുമായ ഒരു മകനും അച്ഛനുമായിരുന്നു അന്ന്​ എന്നെ കാണാൻ വന്നത്. അച്ഛൻറെ പരാതി ഇതായിരുന്നു: ‘ഇവന് ജോലിക്ക് പോകാൻ വയ്യെന്ന്’..!

To advertise here,

വിശദമായി സംസാരിച്ചപ്പോൾ യുവാവിന്റെ പ്രശ്നം ‘സോഷ്യൽ ഫോബിയ’ ആണെന്ന്​ മനസ്സിലായി. ഒരു കടയിൽ ജോലിയെടുക്കാനായിരുന്നു ​മകന്​ മടി. അപരിചിതരോട്​ ഇടപെടാൻ ഭയം, ആശങ്കകൾ, കടയിൽ നിൽക്കാൻ കഴിയാതിരിക്കൽ, ആളുകളെ അഭിമുഖീകരിക്കുമ്പോൾ ഉത്​കണ്ഠ, വായിലെ വെള്ളം വറ്റൽ, നെഞ്ചിടിപ്പ്​, സാധനങ്ങൾ എടുത്തുകൊടുക്കുമ്പോൾ കൈ വിറയൽ, ലിസ്റ്റ് എഴുതുമ്പോൾ തെറ്റിപ്പോകൽ... അങ്ങനെ ധാരാളം ബുദ്ധിമുട്ടുകൾ. 

കുറച്ചു കാലത്തെ ചികിത്സക്കുശേഷം അയാളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും വലിയ ബുദ്ധിമുട്ടുകളില്ലാതെ മറ്റുള്ളവരുമായി ഇടപഴകാനും ജോലി ചെയ്യാനും കഴിയുകയും ചെയ്തു. എങ്കിലും കല്യാണം ആ ചെറുപ്പക്കാരന്​ ഒരു ‘ബാലികേറാമല’യായിരുന്നു. പെണ്ണുകാണൽ, നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽവെച്ച്​ താലികെട്ടൽ, പെൺവീട്ടിലെ താമസം ഇതെല്ലാം അയാളുടെ സ്വസ്ഥത കെടുത്തി. കൃത്യമായ ചികിത്സയിലൂടെ അതിനെയും അയാൾക്ക്​ അതിജീവിക്കാനായി എന്നതിൻറെ തെളിവായിരുന്നു ഭാര്യയുമായി എന്നെ കാണാൻ വന്നത്​.

സോഷ്യൽ ഫോബിയ

മുകളിൽ പറഞ്ഞ സംഭവത്തിലെ ചെറുപ്പക്കാരൻറെ പ്രശ്നം ‘സോഷ്യൽ ഫോബിയ’ അഥവാ ‘സോഷ്യൽ ആങ്​സൈറ്റി’ എന്നതായിരുന്നു. ഇതിനെ സാമൂഹികമായ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന അനാവശ്യമായ ഭയം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. തീവ്രമായ ഉത്കണ്ഠയുടെ ഗണത്തിൽപ്പെട്ട മാനസിക രോഗങ്ങളിൽ ഒന്നുമാത്രമാണ്​ ഇത്​. ഇന്ത്യൻ സമൂഹത്തിൽ അഞ്ച്​ മുതൽ 10 ശതമാനത്തോളം പേരിൽ കണ്ടുവരുന്ന ഈ പ്രശ്നം സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കാറുണ്ടെങ്കിലും ചികിത്സകരുടെ മുന്നിലെത്തുന്നത്​ അധികവും പുരുഷന്മാരാണ്. പൊതുവേ അധികം സംസാരിക്കാത്ത ഉൾവലിഞ്ഞ സ്വഭാവമുള്ളവരിലാണ് ഈ രോഗലക്ഷണങ്ങൾ തുടങ്ങുന്നത്. അധികം പേരിലും ഇത്​ കൗമാരത്തിൽ തന്നെ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും15 നും 30 വയസ്സിനും ഇടയിൽ ഇതിൻറെ ലക്ഷണങ്ങൾ പ്രകടമാവാറുണ്ട്​.

എന്താണ് സോഷ്യൽ ഫോബിയ..?

സാമൂഹികമായ ഇടപെടലുകൾ ആവശ്യം വരുന്ന സന്ദർഭങ്ങളിൽ തീവ്രമായ അളവിൽ മാനസികവും ശാരീരികവുമായ ഉത്കണ്​ഠ, മാനസിക സമ്മർദം, പിരിമുറുക്കം തുടങ്ങിയവ അനുഭവപ്പെടുക എന്നതാണ് ഈ രോഗത്തിൻറെ പ്രധാന ലക്ഷണം. മറ്റുള്ളവരുടെ മുന്നിൽവെച്ച്​ അപരിചിതരോട് സംസാരിക്കേണ്ടിവരിക, ആൾക്കൂട്ടത്തിന്​ മുന്നിൽ പ്രസംഗിക്കേണ്ടി വരിക, തന്നെക്കാൾ ഉയർന്ന നിലയിലുള്ളവരുമായി ഇടപെടേണ്ടി വരിക, സാമൂഹിക ചടങ്ങുകളിൽ പങ്കെടുക്കുക, ആളുകളുടെ മുന്നിൽ എന്തെങ്കിലും പ്രവൃത്തി ചെയ്യേണ്ടി വരിക, എഴുതുക തുടങ്ങിയ സന്ദർഭങ്ങളിലാണ്​ രോലക്ഷണങ്ങളാണ്​ പൊതുവിൽ കണ്ടുവരുന്നത്​.

ഇത്തരം സന്ദർഭങ്ങളിൽ വ്യക്തിക്ക്​ തൻറെ സംസാരം, പെരുമാറ്റം, ആംഗ്യങ്ങൾ, മുഖഭാവം എന്നിവ ശരിയാവില്ല എന്ന ശക്തമായ തോന്നൽ ഉണ്ടാവുന്നു. കൂടാതെ അവയൊക്കെ മറ്റുള്ളവർ ശ്രദ്ധിക്കുകയും അവർ അതേപ്പറ്റി മോശമായ അഭിപ്രായം പറയുകയും ചെയ്യും എന്ന്​ കരുതി അമിതമായി ഉത്കണ്ഠപ്പെടുക​യും ചെയ്യും. ഇതുകാരണം ഇത്തരം സന്ദർഭങ്ങളെ പറ്റി ആലോചിക്കുമ്പോൾ തന്നെ വ്യക്തികൾ അതിതീവ്രമായ ഉത്കണ്ഠ അനുഭവിക്കുന്നു. ഇത്തരം സന്ദർഭങ്ങളെ അഭിമുഖീകരിക്കുമ്പോഴുണ്ടാവുന്ന സമ്മർദം തന്നെയാണ്​ ഇതിനെക്കുറിച്ച്​ ആലോചിക്കുമ്പോഴും ഉണ്ടാവുക.

ഉത്കണ്ഠ സൃഷ്ടിക്കുന്ന ശാരീരിക ലക്ഷണങ്ങൾ

അമിതമായ നെഞ്ചിടിപ്പ്, പതിവിലധികമുള്ള വിയർപ്പ്, വിറയൽ, സംസാരത്തിലെ വിക്കൽ, വായിലെ വെള്ളം വറ്റുക, മുഖം തുടുക്കുക, തലചുറ്റുക എന്നിവയെല്ലാം ഉത്കണ്ഠ സൃഷ്ടിക്കുന്ന ശാരീരിക ലക്ഷണങ്ങളാണ്​. മാനസികമായി വിശ്രാന്തി (Relaxation) അനുഭവിക്കാൻ കഴിയാത്ത അവസ്ഥയാണ്​ സോഷ്യൽ ഫോബിയ അനുഭവിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നം. മേൽ സൂചിപ്പിച്ച  ഉത്കണ്ഠയുള്ളവാക്കുന്ന രീതിയിലുള്ള ചിന്തകളും പലതരം വേദനകളുമെല്ലാം ഇവർക്ക് അനുഭവപ്പെടാറുണ്ട്.

അതേസമയം ‘സോഷ്യൽ ഫോബിയ’യുള്ള എല്ലാവർക്കും എല്ലാ സാഹചര്യങ്ങളിലും എല്ലായ്പ്പോഴും ഇത്തരം ഉത്കണ്ഠയുണ്ടാവണമെന്നില്ല. ചിലരിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമായിരിക്കും ഇത്തരം അസ്വസ്ഥതകൾ അനുഭവപ്പെടുക. എന്നാൽ, ചിലർ ഈ പ്രശ്നത്തോടനുബന്ധിച്ചുണ്ടാവുന്ന സഹിക്കാനാവാത്ത ഉത്കണ്ഠ കാരണം അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. അത് അവരുടെ വ്യക്തിജീവിതം, പഠനം, ജോലി, സാമൂഹ്യ ഇടപെടലുകൾ, ഉറക്കം, ഭക്ഷണം  തുടങ്ങിയവയെയും സാരമായി ബാധിക്കാറുണ്ട്​. ഇത്തരം അവസ്ഥയിൽ  ഇതിനെ ഒരു രോഗമായി പരിഗണിച്ച്​ എത്രയും നേരത്തെ ചികിത്സ ആരംഭിക്കുകയാണ്​ വേണ്ടത്​​.  

അല്ലാത്തപക്ഷം, രോഗം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ചിലപ്പോൾ ജീവിതത്തെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്​. ഉദാഹരണമായി അസ്വസ്ഥതകളും മാനസിക സമ്മർദങ്ങളും കുറക്കാൻ വ്യക്തികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും അവയ്ക്ക് അടിമപ്പെടുകയും ചെയ്യാൻ സാധ്യതയുണ്ട്​. ഇത്​  ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാവുകയും ചെയ്യും. സോഷ്യൽ ഫോബിയ ഉള്ള ചിലരിൽ തീവ്രവും അതേസമയം നൈമിഷികവുമായ ഉത്​കണ്ഠകളും അനുഭവപ്പെടാറുണ്ട്. ചിലരിൽ വിഷാദരോഗവും ആത്മഹത്യാ പ്രവണതയും കാണാറുണ്ട്​.

രോഗകാരണങ്ങൾ

പാരമ്പര്യം, മസ്തിഷ്കത്തിൻറെ പ്രവർത്തനങ്ങളിലെ അപാകതകൾ, തലച്ചോറിലെ ചില രാസവസ്തുക്കളുടെ (Neurotransmitters) അളവിലുള്ള ഏറ്റക്കുറച്ചിലുകൾ തുടങ്ങിയ പാരമ്പര്യഘടകങ്ങൾക്ക്​ പുറമെ മാനസികവും സാമൂഹികവുമായ ഘടകങ്ങളും രോഗകാരണമാവാറുണ്ട്​. ഉദാഹരണത്തിന് ചെറുപ്പകാലങ്ങളിൽ അനുഭവിച്ച പീഡനങ്ങൾ, ലൈംഗിക ചൂഷണങ്ങൾ എന്നവയും കാരണങ്ങളാണ്​. ചിലരിൽ ചെറുപ്പം മുതലേ സംസാരിക്കാൻ ഭയം, പേടി ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ പേടി ഉണ്ടാവുകയും പിന്നീട് അത്തരം സാഹചര്യങ്ങളിൽ എത്തിപ്പെടുമ്പോൾ  പേടി അനുഭവപ്പെടുകയും ചെയ്യുക, അനാരോഗ്യകരമായ മാനസിക പ്രതിരോധ മാർഗങ്ങൾ എന്നിവയൊക്കെ ഈ രോഗത്തിൻറെ പിറകിലെ കാരണങ്ങളാവാൻ സാധ്യതയുണ്ട്​.  

ചികിത്സാരീതികൾ 

ശാരീരിക ആരോഗ്യത്തിൻറെ കാര്യത്തിലെന്നപോലെതന്നെ മാനസ്സികാരോഗ്യത്തിൻറെ കാര്യത്തിലും  ചിട്ടയായ ജീവിതശൈലി ഗുണം ചെയ്യാറുണ്ട്. അതുകൊണ്ട് മാനസികസമ്മർദ്ദം ഇല്ലാതാക്കാൻ നല്ല ജീവിതശൈലി പിന്തുടരുന്നത് നന്നായിരിക്കും. കൂടാതെ ശ്വസനവ്യായാമം, പ്രാണായാമം, ധ്യാനം, യോഗ, വ്യായാമം, ചിട്ടയായ ഉറക്കം, ഭക്ഷണം, ലഹരിവസ്തുക്കൾ ഒഴിവാക്കൽ എന്നിവയും ഗുണംചെയ്യും.

കൂടാതെ സോഷ്യൽ ഫോബിയ കുറയ്ക്കാൻ മറ്റുള്ളവരുമായി ഇടപഴകാൻ ലഭിക്കുന്ന സാഹചര്യങ്ങളിൽ നിന്ന്​ ഒഴിഞ്ഞുമാറാതെ അത്​ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കണം. മാനസികമായ സമ്മർദ്ദമോ പിരിമുറുക്കമോ ഇല്ലാതെ ഇടപഴകാൻ കഴിയുന്നവരുടെ സമയം ചെലവിടുകയും ഭക്ഷണം കഴിക്കൽ പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വേണം. സംസാരിക്കുന്നയാളുടെ കണ്ണിൽ നോക്കി സംസാരിക്കുക, കണ്ടുമുട്ടുന്നവരെ അഭിവാദ്യം ചെയ്യുക, അഭിവാദ്യം ചെയ്യുന്നവരെ​ തിരിച്ച്​ അഭിവാദ്യം ചെയ്യുക, മറ്റുള്ളവരിലെ നന്മയെ അഭിനന്ദിക്കുക, കടയിലെ സെയിൽസ്മാൻറെ സഹായത്തോടെ സാധനങ്ങൾ ക​ണ്ടെത്തി വാങ്ങുക, ആവശ്യമില്ലെങ്കിൽകൂടി അപരിചിതനായ ഒരാളോട് വഴി ചോദിക്കുക, മറ്റുള്ളവരോട്​ സംസാരിക്കാൻ കിട്ടുന്ന സന്ദർഭങ്ങൾ പാഴാക്കാതിരിക്കുക, അവരുടെ വിശേഷങ്ങൾ തിരക്കുക എന്നിവ ക്രമേണ സോഷ്യൽ ഫോബിയ ഇല്ലാതാക്കാനുള്ള മാർഗങ്ങളാണ്​.

ആൾക്കൂട്ടത്തെ അഭിമുഖീകരിക്കുമ്പോൾ 

വിവാഹം, പിറന്നാൾ പോലുള്ള ആഘോഷങ്ങൾ, മരണം, യോഗങ്ങൾ പോലെയുള്ള സാമൂഹിക ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നതിന് മുമ്പ് തയ്യാറെടുപ്പുകൾ നടത്തണം. അത്തരം അവസരങ്ങളിൽ എങ്ങിനെ സംസാരിക്കണം, എന്ത് സംസാരിക്കണം, മനസ്സിന്​ പിരിമുറുക്കം വന്നാൽ  എന്ത് ചെയ്യണം തുടങ്ങിയവയെ കുറിച്ച് ആലോചിച്ച്​ മനസ്സിനെ തയ്യാറാക്കി നിർത്തുകയും വേണം. പലപ്പോഴും ഭയക്കുന്നത് പോലെ ഒന്നും ഉണ്ടാകില്ല എന്നകാര്യം മനസ്സിനെ പറഞ്ഞ്​ പഠിപ്പിക്കുക.  

സംസാരിക്കുമ്പോൾ ഒരു വ്യക്തിയുടെ സംസാരരീതി, മുഖഭാവം, അംഗചലനങ്ങൾ എന്നിവയൊക്കെ മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടാവില്ല എന്ന യാഥാർത്ഥ്യം മനസ്സിനെ കൂടെ കൂടെ ബോധ്യപ്പെടുത്തി ഉറപ്പിക്കുക. സോഷ്യൽ ഫോബിയയുമായി ബന്ധപ്പെട്ട പ്രയാസങ്ങളെക്കുറിച്ച് വിശ്വസ്ഥരായവരോട്​ പങ്കുവെക്കുക, സമാന പ്രശ്നങ്ങളുള്ളവരുടെ ഗ്രൂപ്പുകളിൽ അംഗമാകുക, സമ്മർദം അനുഭവപ്പെടുമ്പോൾ മറ്റുകാര്യങ്ങളിലേക്ക് ശ്രദ്ധ ചെലുത്താൻ മനസ്സിനെ പരിശീലിപ്പിക്കുക തുടങ്ങിയവയും പ്രായോഗികമായ പരിഹാര മാർഗ്ഗങ്ങളാണ്​.

അതേസമയം സോഷ്യൽ ഫോബിയയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ സ്വയം പരിഹരിക്കാൻ കഴിയാതിരിക്കുകയും അത്​ വ്യക്തി ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഉടനെ ഒരു മാനസികാരോഗ്യ വിദഗ്ധനെ കണ്ട്​ ചികിത്സ തേടണം. നിലവിൽ ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഫലപ്രദമായ മരുന്നുകൾ ലഭ്യമാണ്​. കൂടാതെ റിലാക്സേഷൻ ടെക്നിക്കുകൾ, കൗൺസിലിംഗ്, പ്രത്യേകതരം സൈക്കോതെറാപ്പികൾ, ബിഹേവിയർ തെറാപ്പി എന്നിവയുടെ സഹായവും തേടാനാവുന്നതാണ്​. ശാസ്​ത്രീയമായ ചികിത്സകൊണ്ട്​ ഭൂരിഭാഗം ആളുകൾക്കും അവരുടെ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയാറുണ്ട്.