രു ഓണക്കാലവും കൂടെ വന്നെത്തി. ഉറങ്ങാന്‍ കിടന്നപ്പോള്‍ മനസ്സില്‍ കുട്ടിക്കാലവും അന്നത്തെ ഓണവുമെല്ലാം തെളിഞ്ഞു വന്നു. തമിഴ്നാട്ടില്‍നിന്ന് വാടിയെത്തും പൂക്കള്‍ അന്നില്ലായിരുന്നു. പൂക്കള്‍ വാങ്ങാന്‍ കടയില്‍ പോകുന്ന പതിവുമില്ലായിരുന്നു. എല്ലാ വീട്ടുമുറ്റത്തും വേലിക്കരികിലും പലതരം പൂക്കള്‍ ധാരാളം. ഏതു വീട്ടിലും കയറിച്ചെല്ലാം. ഏതു തരം പൂവും പറിക്കാം. അതിന്റെ  പേരില്‍ വഴക്കോ അടിയോ കൊലപാതകമോ ഉണ്ടാവില്ല, തീര്‍ച്ച. കൂട്ടംകൂടി പാട്ടുംപാടി പൂ പറിക്കാനുള്ള യാത്ര തന്നെയാണ് ഓണക്കാലത്തെ ഏറ്റവും രസകരമായ അനുഭവം. ഒരു ചാറ്റല്‍മഴ കൂട്ടിനുണ്ടെങ്കില്‍ അതിന്റെ സുഖമൊന്നു വേറെതന്നെ. 

To advertise here,

എല്ലാ വീടുകളിലും ചേച്ചിമാരോടും ചേട്ടന്മാരോടുമൊത്ത് കുട്ടികളായ ഞങ്ങള്‍ ഒരുക്കുന്ന മനോഹരമായ പൂക്കളം. അതിനിടയില്‍ പരസ്പരം വഴക്കും ചടുല പിണക്കങ്ങളും സാധാരണം. വര്‍ഷത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന പുതിയ വസ്ത്രം - ഓണക്കോടി... ഒരു വര്‍ഷം കാത്തിരിക്കണം. അടുത്ത ഒരു പുത്തനുടുപ്പ് കിട്ടാന്‍. എന്നും എപ്പോഴും ഇടക്കിടക്ക് ലഭിക്കുന്ന പുത്തന്‍ വസ്ത്രങ്ങള്‍ ഓണക്കോടികളുടെ പകിട്ട് കുറച്ചു കളഞ്ഞിരിക്കുന്നു. വീട്ടുകാരെല്ലാവരും കൂടി ഒരുക്കുന്ന ഓണസദ്യ. അതിന്റെ സ്വാദ് വേറെ തന്നെയാണ്. 

സദ്യയേക്കാള്‍ മാധുര്യമേറിയ അനുഭവമാണ് അതുണ്ടാക്കാന്‍ അടുക്കളയില്‍ ഒത്തുചേരുന്ന കുട്ടികളും മുതിര്‍ന്നവരും പങ്കുവെക്കുന്ന അനുഭവകഥകളും ചിരിയുടെ മാലപ്പടക്കങ്ങളും. സദ്യകള്‍ ഹോട്ടലുകാരും കാറ്ററിങ്ങുകാരും ഏറ്റെടുത്തതോടെ അടുക്കളകള്‍ക്ക് ഓണം അവധി ദിവസമായി. കുട്ടികളും മാതാപിതാക്കളും രാവിലെ മുതല്‍ ഇരുന്നും കിടന്നും ടി.വി. പരിപാടികള്‍ ആസ്വദിച്ചു കൊണ്ടിരിക്കുന്നു. ഓരോരുത്തരും ഇടക്കിടക്ക് മൊബൈല്‍ നോക്കി ഹാപ്പി ഓണം എന്ന മെസ്സേജിന് അതേ മറുപടി നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്നതോടെ ഓരോണം കൂടെ അവസാനിക്കും. ഒരിക്കല്‍പ്പോലും മുടങ്ങാതെ, കൃത്യമായി എല്ലാ വര്‍ഷവും ചിങ്ങമാസത്തില്‍ തന്നെ ഓണാഘോഷത്തിനായി നാട്ടിലെത്തുന്ന മഹാബലിയെ മനസ്സിലോര്‍ത്തുകൊണ്ട് ഞാന്‍ നിദ്രാദേവിയുടെ നെഞ്ചിലമര്‍ന്നു.

ട്രെയിന്‍ നമ്പര്‍ 12345 - പാതാളം - കേരളം വന്ദേ ഭാരത് എക്സ്പ്രസ്സ് ദോഡി ഹി ദേര്‍ മേം പ്ലാറ്റ് ഫോം നമ്പര്‍ ഏക് പര്‍ ആനേകി സംഭാവന ഹെ. കൃത്യസമയത്ത് തന്നെ ഓടിയെത്തിയ തീവണ്ടിയുടെ മുന്നിലത്തെ കമ്പാര്‍ട്ട്മെന്റില്‍ സ്വീകരിക്കാന്‍ ആരും എത്തിയിട്ടില്ല എന്ന് കണ്ടപ്പോള്‍ മനസ്സൊന്ന് തേങ്ങി. ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നു നീങ്ങിയപ്പോള്‍ കേള്‍ക്കുന്ന ഭാഷ മാവേലിക്ക് മനസ്സിലാകുന്നില്ല. നോം ഇറങ്ങിയ സ്ഥലം മാറിപ്പോയോ എന്ന് വരെ അദ്ദേഹം സംശയിച്ചു. പ്രവേശന കവാടം എന്ന് മലയാളം വാക്ക് കണ്ടപ്പോഴാണ് സമാധാനമായത്. 

ടൂറിസ്റ്റ് ഹെ ആപ് - കേരളാ ദേക്നെ കേലിയേ ആയേ ഹോ ? ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ മുറിക്കയ്യന്‍ ബനിയനും അരമുറി നിക്കറുമിട്ട് മൂക്ക് പതിഞ്ഞ ഒരു വെളുമ്പന്‍ പുഞ്ചിരിച്ചുകൊണ്ട് മാവേലിയുടെ നേരെ കൈനീട്ടി. സാമാന്‍ കീമാന്‍ കുച്ച് നഹി ഹൈ ആപ്കേ പാസ്. മാവേലിക്ക് ഭാഷ മനസ്സിലാക്കുന്നില്ല എന്ന് മനസ്സിലാക്കിയ വെളുമ്പന്‍ തനിക്കറിയാവുന്ന മലയാളത്തില്‍ ചോദിച്ചു. സാമാന്‍ ഒന്നുമില്ലേ ? എവ്ടെ പോണം ? ഞാന്‍ മാവേലിയാണ്. ഇതെന്റെ നാടാണ്. ഞാന്‍ എന്റെ പ്രജകളെ കാണാന്‍ വന്നതാണ്. മാവേലി ഉള്ളു തുറന്നു. മാവ്ലി പ്രജ കോ നാന്‍ കാണിച്ചു തരാം. മനസ്സില്ലാ മനസ്സോടെ മാവേലി വെളുമ്പനെ അനുഗമിച്ചു.

ഊബര്‍ ടാക്സിയില്‍ യാത്ര ചെയ്യവേ റോഡിന്റെ രണ്ടുവശത്തും തന്നെ സ്വീകരിക്കാന്‍ കൂട്ടിയിട്ടിരിക്കുന്ന പല നിറത്തിലുള്ള പ്ലാസ്റ്റിക്  പൂക്കള്‍ - അത്തം മുതല്‍ പത്തു ദിവസത്തേക്ക് കേരളം മുഴുവന്‍ അലങ്കരിക്കേണ്ട പൂക്കള്‍ - നമുക്ക് സന്തോഷമാണ്. ആരോടെന്നില്ലാതെ അദ്ദേഹം പറഞ്ഞു. ക്യാ മാവ്ലി. യേ പൂവ് നഹി ഹേ. വേയ്സ്റ്റ് ഹേ. ആളുകള്‍ കൂട്ടിയിട്ടിരിക്കുന്ന വേയ്സ്റ്റ്. അതിനിടയില്‍ വിഹരിക്കുന്ന പട്ടികളേയും പൂച്ചകളേയും കാക്കകളേയും കണ്ടപ്പോള്‍ മാവേലിക്ക് സത്യം ബോധിച്ചു. തന്നെ പുച്ഛത്തോടെ നോക്കിയിരിക്കുന്ന വെളുമ്പനെ കണ്ടപ്പോള്‍ മാവേലിയുടെ കണ്ണു നിറഞ്ഞു.

റോഡിലൂടെ ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്ന വാഹനവ്യൂഹം കണ്ട മാവേലി ചോദിച്ചു. ആരുടെയെങ്കിലും വിവാഹ ഘോഷയാത്രയായിരിക്കും, അല്ലേ ? ഇവനാരടാ എന്ന മട്ടില്‍ തിരിഞ്ഞു നോക്കിക്കൊണ്ട് സംസാരിച്ചത് ഊബറിന്റെ ഡ്രൈവറായിരുന്നു. മന്ത്രിയുടെ വാഹനം കടന്നുപോകാന്‍ വഴി ബ്ലോക്ക് ചെയ്തിരിക്കുകയാ ഇവന്മാര്... വാക്കുകള്‍ മാവേലിയുടെ ഡിക്ഷണറിയില്ലാത്ത മലയാളം വാക്കുകളായിരുന്നു വന്ദേഭാരതില്‍ യാത്ര ചെയ്യുമ്പോള്‍ തീവണ്ടിപ്പാതയുടെ രണ്ടുവശത്തും പോലീസുകാര്‍ തന്നെ കാത്ത് നിന്നിരുന്നത് മാവേലി സ്മരിച്ചു. തന്തപ്പടി എവിടന്നാ ? ഡ്രൈവറുടെ ചോദ്യത്തിന് മാവേലി മറുപടി പറഞ്ഞില്ല.

ഊടുവഴികള്‍ പലതും താണ്ടി വാഹനം ഒരു പഴയ കെട്ടിടത്തിന് മുമ്പില്‍ ചെന്ന് നിന്നു. ഒന്ന് തെളിഞ്ഞ് ഞെരിപിരികൊണ്ട് വാഹനത്തിന്റെ ഡ്രൈവര്‍ പതുക്കെ പുറത്തേക്കിറങ്ങി. പുറത്തെങ്ങും ആരെയും കാണാത്തതു കൊണ്ടാകണം. തിരികെ കാറില്‍ കയറി ഫോണ്‍ അമര്‍ത്തി. വാതിലിടയിലൂടെയും ജനാലപ്പാളികള്‍ക്കിടയിലൂടെയും കൂടെയേറെ തലകള്‍ പുറത്തേക്ക് നീണ്ടു. എല്ലാം വെളുമ്പന്മാര്‍ - മൂക്ക് പതിഞ്ഞവര്‍. അവരുടെ നേരെ കൈവീശിക്കൊണ്ട് വെളുമ്പനും മെല്ലെ പുറത്തേക്കിറങ്ങി. ആ കാറിന്റെ പുറകുവശത്തെ വാതില്‍ തുറന്നുകൊണ്ട് അവന്‍ പറഞ്ഞു. ചുറ്റും കണ്ണോടിച്ചു കൊണ്ട് മാവേലി പതുക്കെ പുറത്തേക്കിറങ്ങി. പ്രജാ ഭായ് - തുജേ മില്‍നേ കേലിയേ കോയി ആയാ ഹൈ - ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് വെളുമ്പന്‍ വീടിന്റെ തിണ്ണയില്‍ കയറിയിരുന്നു. ഉറക്കച്ചടവോടെ കണ്ണും തിരുമ്മിക്കൊണ്ട് ചാക്കുകൊണ്ട് തുന്നിയ അരനിക്കര്‍ ഊര്‍ന്ന് പോകാതെ കൈകൊണ്ട് പിടിച്ച് ഒരു തടിയന്‍ പുറത്തേക്ക് വന്നു. നിറവും മൂക്കും മറ്റ് വെളുമ്പന്മാരെപ്പോലെ തന്നെ. ഒരേ അച്ചിലിട്ടു വാര്‍ത്തപോലെ കുറേ പയ്യന്മാരും കൂടെ വന്നു. 

തൂന്‍ ജാന്‍തേ ഹൈ ഇസ്‌കോ - മാവേലിയെ ചൂണ്ടിക്കാണിച്ചു കൊണ്ട് വെളുമ്പന്‍ ചോദിച്ചു. ഇല്ല എന്ന അര്‍ത്ഥത്തില്‍ അവന്‍ കൈമലര്‍ത്തി. ബൈക്കില്‍ വന്നിറങ്ങിയ ഒരു മീശക്കാരനെ കണ്ടതോടെ എല്ലാവരും അകത്തേക്ക് വലിഞ്ഞു. മാവേലി എന്താ ഇവിടെ ഈ ബംഗാളികളുടെ നടുക്ക്. അയാളെക്കണ്ട് ഞെട്ടിയെങ്കിലും മലയാളിയാണെന്നറിഞ്ഞപ്പോള്‍ മാവേലി ആശ്വസിച്ചു. ലേ ജാ നാസ്താ... കുറേ ഭക്ഷണപ്പൊതികള്‍ തിണ്ണയില്‍ വെച്ചിട്ട് അയാള്‍ തിരികെ നടന്നു. പോരുന്നോ എന്റെ കൂടെ. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് അയാള്‍ മാവേലിയെ ക്ഷണിച്ചു. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് മനസ്സിലോര്‍ത്തുകൊണ്ട് മാവേലി ബൈക്കിന്റെ പുറകില്‍ കയറി. ഒരഞ്ഞൂറ് രൂപ അവന് കൊട് എന്ന് പറഞ്ഞ് മീശക്കാരന്‍ പതുക്കെ ബൈക്ക് മുന്നോട്ട് ചലിപ്പിച്ചപ്പോള്‍ അനുസരണയുള്ള ഒരുകുട്ടിയെപ്പോലെ മാവേലി തുണിസഞ്ചിയില്‍ നിന്ന് അഞ്ഞൂറു രൂപ വെളുമ്പന്റെ നേരെ നീട്ടി.

ഹോണടിച്ചുകൊണ്ട് തലങ്ങും വിലങ്ങും കിടന്നിരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഒരു സര്‍ക്കസുകാരന്റെ മെയ്​വഴക്കത്തോടെ മീശക്കാരന്‍ തന്റെ ഇരുചക്രവാഹനം മുന്നോട്ടോടിച്ചു കൊണ്ടിരുന്നു. മീശക്കാരനും ശകാരവര്‍ഷങ്ങള്‍ ചൊരിയുന്നുണ്ടെങ്കിലും അതൊന്നും മാവേലിക്ക് മനസ്സിലാകാത്ത വാക്കുകളായിരുന്നു. ചുവന്ന ട്രാഫിക്ക് ലൈറ്റ് വക വെക്കാതെ മുന്നോട്ട് നീങ്ങിയ ബൈക്ക് ഒരു പോലീസുകാരന്‍ തടഞ്ഞു. 

ഏതോ സംഘടനയുടെ സെക്രട്ടറിയാണ് താന്‍ എന്നു പറഞ്ഞതോടെ പോലീസുകാരന്‍ മീശക്കാരനെ തൊഴുതു. പിറകിലിരുന്ന മാവേലിയെ നോക്കി പോലീസുകാരന്‍ അലറി- എവിടെടാ നിന്റെ ഹെല്‍മറ്റ്. എഎസ്‌ഐ മാര്‍ക്കില്ലാത്ത ഒരു സാധനം തലയില്‍ വെച്ച് ഞങ്ങളെ കളിപ്പിക്കാനിറങ്ങിയിരിക്കുവാണോടാ. പോലീസുകാരന്റെ വായില്‍നിന്ന് വന്ന ബാക്കി വാക്കുകള്‍ മാവേലിക്ക് മനസ്സിലാകാത്തതായിരുന്നു. തലയില്‍ കിരീടമാണെന്ന് പറയാനൊരുങ്ങിയ മാവേലിയെ തടഞ്ഞുകൊണ്ട് മീശക്കാരന്‍ പറഞ്ഞു. ചില്ലറക്കാശ്- ഒരഞ്ഞൂറു രൂപ കൊട്. അതിനും മാവേലി അനുസരണക്കേട് കാണിച്ചില്ല.

റോഡിന്റെ രണ്ട് വശത്തുമുള്ള കടകളില്‍ പലരൂപത്തിലും ഭാവത്തിലുള്ള തന്റെ ചിത്രങ്ങള്‍ കണ്ട് ആസ്വദിച്ച് കൊണ്ട് മാവേലി ബൈക്ക് യാത്ര തുടര്‍ന്നു. അതിലെല്ലാം സൗജന്യം, റിഡക്ഷന്‍ സെയില്‍സ്, ഫ്രീ ഓഫര്‍ എന്നെല്ലാം കണ്ടതോടെ മാവേലി ആശ്വസിച്ചു. നമ്മുടെ പ്രജകള്‍ എത്ര നല്ലവര്‍! മാവേലിയുടെ മനസ്സ് വായിച്ചറിഞ്ഞിട്ടാണെന്ന് തോന്നുന്നു മീശക്കാരന്‍ പറഞ്ഞു. എല്ലാം കളിപ്പീരാണ് മാവേലി.

 ഒരു നീണ്ട ക്യൂവിന്റെ അറ്റത്ത് കൊണ്ട് ബൈക്ക് നിര്‍ത്തി മീശക്കാരന്‍ പറഞ്ഞു. മാവേലി ഇറങ്ങിക്കോ. ഞാന്‍ കുറച്ചു സമയം കഴിയും വരാന്‍. ഇറങ്ങാന്‍ തുടങ്ങിയ മാവേലിയുടെ അടുത്തേക്ക് വേച്ച് വേച്ച് ഒരാള്‍ നടന്നു വന്നു. നല്ല വേഷത്തിലാണല്ലോ. അതിരാവിലെ വീശാന്‍ ഇറങ്ങിയിരിക്കുന്നത്. അടുത്തേക്ക് വന്ന അയാളുടെ ശ്വാസം മൂക്കിലടിച്ചപ്പോള്‍ മാവേലിയുടെ തല കറങ്ങുന്നപോലെ.

മാ മാ മാ മാ മാവേലി - വന്നേ വന്നേ വന്നേ മാവേലി... ശബ്ദം കേട്ട ദിശയിലേക്ക് നോക്കിയപ്പോള്‍ കുറേ കുട്ടികള്‍ വഴിയിലൂടെ ആടിപ്പാടി നടന്ന് പോകുന്നത് കണ്ടു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ പോലെ - തിരിച്ചറിയാനാകാത്ത വിധം മാനുഷരല്ലാരുമൊന്നുപോലെ - മാവേലി മനസ്സിലോര്‍ത്തു. എന്താണ് വയസ്സന്‍സ് വിശേഷം. ചിലര്‍ മാവേലിയുടെ കുടയില്‍ തട്ടിക്കൊണ്ട് ചിരിച്ചുകൊണ്ട് കടന്നുപോയി.

രാവുണ്ണി നായരുടെ ചായക്കടയുടെ മുന്നിലെത്തിയപ്പോള്‍ അവിടെ വലിയ ജനത്തിരക്ക്. വീടുകളിലേക്ക് പ്രഭാതഭക്ഷണം എത്തിക്കാന്‍ ക്യൂ നില്‍ക്കുന്ന ബംഗാളികളുടെ തിരക്കാണെന്ന് അടുത്തു നിന്നിരുന്ന ഒരു വൃദ്ധന്‍ പറയുന്നത് കേട്ടു. അടുക്കളയില്‍ ആരും ഭക്ഷണം പാകം ചെയ്യുന്നില്ലേ? മാവേലിയുടെ ചോദ്യംകേട്ട് ഇവനാരെടാ എന്ന മട്ടില്‍ കുറേപ്പേര്‍ തിരിഞ്ഞുനോക്കി. മാവേലിയെ തിരിച്ചറിഞ്ഞ ഒരു വൃദ്ധ അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നു ചെന്നു. പോയി സാറെ.. ഞങ്ങളുടെയൊക്കെ മക്കള്‍. വിദേശത്താണ്, കാനഡയിലും ഇംഗ്ലണ്ടിലും, ഓസ്ട്രേലിയയിലുമൊക്കെ. വൃദ്ധസദനത്തെയും ഈ ബംഗാളികളെയുമൊക്കെ ആശ്രയിച്ച് ഞങ്ങള്‍ ഇവിടെ ജീവിച്ചു പോകുന്നു. മനുഷ്യരെല്ലാരും ഒന്നു പോലെ.. എല്ലാ വീടുകളിലെയും സ്ഥിതി ഇതു തന്നെയാണ്. വൃദ്ധയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.

ഉറക്കെയുള്ള കരച്ചില്‍ കേട്ടാണ് മാവേലി അടുത്ത ഒരു കടയിലേക്ക് നോക്കിയത്. അവിടെ വാക്ക് തര്‍ക്കവും അടിപിടിയും. ഓണത്തല്ല് ഇപ്രാവശ്യം നേരത്തെയാ- ഇങ്ങിനെയാ.... പൂക്കള മത്സരത്തിന്റെ തര്‍ക്കത്തെ തുടര്‍ന്നാണ് അടിപിടി - ചിരിച്ചു കൊണ്ട് ഒരാള്‍ സ്‌കൂട്ടറിനടുത്തേക്് നടന്ന് പോകുന്നത് കണ്ടു.
നേരം ഇരുട്ടിത്തുടങ്ങി. വഴികള്‍ ശൂന്യം. ഒരു അലറിച്ച കേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ മാവേലി കണ്ടത് ഒരു പുലിയെയാണ്. പുലിക്കളിയും ഇപ്രാവശ്യം നേരത്തെയാണല്ലേ.... മാവേലി മനസ്സിലോര്‍ത്തു. 

കാട്ടില്‍ നിന്ന് നാട്ടിലെത്തിയ ഒരു യാഥാര്‍ത്ഥ പുലിയാണെന്ന് തിരിച്ചറിയാന്‍ കുറച്ചു സമയമെടുത്തു. പിന്നെ ആലോചിച്ചു നിന്നില്ല. തിരിഞ്ഞു നോക്കാന്‍ നില്‍ക്കാതെ മാവേലി ജീവനും കൊണ്ടോടി രക്ഷപ്പെടുകയായിരുന്നു. ചെരുപ്പും പോയി കുടയും പോയി. പടികള്‍ ഓടിക്കയറിച്ചെന്നപ്പോള്‍    അതാ ഒരു തീവണ്ടി നില്‍ക്കുന്നു. മറ്റൊന്നും ആലോചിച്ചില്ല. അതില്‍ ഒരാള്‍ അടുത്തെത്തി. പാന്റും ഷര്‍ട്ടുമിട്ട അയാളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ അതും വെളുമ്പന്‍ - പരന്ന മൂക്ക് പിന്നെ ഒന്നും ആലോചിച്ചില്ല. ഒറ്റ ചാട്ടമായിരുന്നു. ട്രെയിനില്‍നിന്നു പുറത്തേക്ക്.

കട്ടിലില്‍നിന്ന് ഉരുണ്ടു വീണ ഞാന്‍ കണ്ണു തുറന്നു. ദേഹമാസകലം വേദന. മാവേലിയുടെ കാര്യമോര്‍ത്തു ചിരിച്ചുകൊണ്ട് ഞാന്‍ കട്ടിലിലേക്ക് കയറിക്കിടന്നു. മനസ്സിലോര്‍ത്തു. ഇനി മാവേലി കേരളത്തില്‍ വരില്ല. ഓണം ആഘോഷിക്കുന്നത് കാനഡയിലോ ഓസ്ട്രേലിയയിലോ മറ്റോ ആയിരിക്കും. മലയാളികളുടെ പുതിയ നാട്ടില്‍, മലയാളികള്‍ക്കിടയില്‍, മലയാളികളുടെ കൂടെ. മലയാളി ഇല്ലാത്ത കേരളത്തില്‍ എന്തര് ഓണം.