ഡോക്ടർ... ലക്ഷ്മിയാണ് വിളിക്കുന്നത്. തിരക്കില്ലെങ്കിൽ ഒരു മിനിറ്റ് സംസാരിക്കട്ടെ. ഈ വർഷത്തെ ടാർഗറ്റ് എത്തിയില്ല. കുറച്ച് പൈസ... ഒരു മാസത്തേക്ക് ഇട്ടാൽ മതി. ഡോക്ടറുടെ ബാങ്കിലെ തുക തന്നെ മാറ്റാൻ സമ്മതിച്ചാൽ മതി. ഞാൻ പേപ്പറുമായി അങ്ങോട്ട് വരട്ടെ. ഒന്ന് ഒപ്പിട്ട് തന്നാൽ മതി. എല്ലാ സാമ്പത്തിക വർഷാവസാനത്തിലും കേൾക്കുന്ന ഒരു സംഭാഷണമാണിത്. വിളിക്കുന്നത് ലക്ഷ്മിയായിരിക്കില്ലെന്ന് മാത്രം. അത് മണിയോ കലയോ ഗ്രേസിയോ ആകാം. പക്ഷേ,  ആവശ്യം ഒന്ന് മാത്രം... ടാർഗറ്റ് തികയ്ക്കാൻ സഹായിക്കണം.

To advertise here,

അരമണിക്കൂറിനകം ലക്ഷ്മി എന്റെ പരിശോധനാമുറിയിലെത്തി. സോറി, മറ്റൊരു മാർ​ഗവുമില്ലാത്തതുകൊണ്ടാണ് ഞാൻ ഡോക്ടറെ ബുദ്ധിമുട്ടിക്കുന്നത്. കളിയാക്കലും ചീത്തവിളിയും കേട്ടുമടുത്തു. ഒറ്റയ്ക്ക് വിളിച്ചുവരുത്തി എന്തുവേണമെങ്കിലും പറഞ്ഞോട്ടെ... സങ്കടം വരുമെങ്കിലും കേട്ടുനിന്നാൽ മതിയല്ലോ. ഒറ്റയ്ക്കായതുകൊണ്ട് കരഞ്ഞാലും കുഴപ്പമില്ല. കോൺഫറൻസ് എന്ന പേരിൽ മറ്റ് ജീവനക്കാരുടെ മുമ്പിൽവെച്ച് ഒന്നിനും കൊള്ളാത്തവൾ എന്ന് വരുത്തിത്തീർക്കുമ്പോൾ... ആ അവഹേളനം... അത് ഡോക്ടർക്ക് മനസ്സിലാക്കാൻ പ്രയാസമാണ്. രണ്ടുമൂന്നുമാസം മുമ്പ് തന്നെ ടാർഗറ്റിനെ ഓർമിപ്പിച്ചുകൊണ്ട് മെയിലുകൾ വന്നു തുടങ്ങും. അതോടെ എനിക്ക് തലവേദനയും ഛർദ്ദിയും ആരംഭിക്കും. ബ്ലഡ് പ്രഷർ കൂടും. ഇടയ്ക്കിടക്ക് നെഞ്ചിടിപ്പും ശ്വാസംമുട്ടും അനുഭവപ്പെടും. ജോലി മടുത്തു ഡോക്ടറെ, പക്ഷേ കുട്ടികൾ പഠിക്കുകയല്ലേ. ഒരാളുടെ വരുമാനം കൊണ്ട് മാത്രം ജീവിതം മുന്നോട്ടു പോകില്ല. അതുകൊണ്ട് ഓരോ വർഷവും ഈ ആട്ടും തുപ്പും ഏറ്റുവാങ്ങി ജോലി തുടരുകയാണ്. എല്ലാത്തിനും നന്ദി സാറെ... ഒപ്പിട്ട കടലാസും വാങ്ങി ലക്ഷ്മി യാത്രയായി.

എന്റെ അസുഖമല്ല മനസ്സിനെ അലട്ടുന്ന പ്രശ്‌നം. കാൻസർ ബാധിച്ച എന്റെ ഒരു സ്തനം മുറിച്ചു മാറ്റിയതിലും എനിക്ക് നിരാശയില്ല. സങ്കടമില്ല. പക്ഷേ, ഇക്കഴിഞ്ഞ ഒരു മാസമായിട്ട് എനിക്ക് രാത്രി ഉറങ്ങാൻ സാധിക്കുന്നില്ല. ഉറക്കഗുളിക കഴിച്ചു നോക്കി എന്നിട്ടും... കാവ്യ കരഞ്ഞുതുടങ്ങി. ടെൻഷനാണ് സാറെ അവൾക്ക്... അനാവശ്യമായ ടെൻഷൻ. ടാർഗറ്റ് എത്തിയില്ലെങ്കിൽ അവർ പിടിച്ചു തിന്നുമോ... ഭർത്താവായ രാജീവൻ വാചാലനായി. എന്ത് പറയാനാ സാറെ... അവൾ വീട്ടിലെത്തുന്നതു തന്നെ രാത്രി എട്ട് മണിക്ക് ശേഷമാണ്. വന്നാൽ ഉടനെ ബാങ്കിലെ കൂട്ടുകാരികളെ മാറി മാറി ഫോണിൽ വിളിച്ചുകൊണ്ടിരിക്കും, കുശലാന്വേഷണമോ സ്‌നേഹാന്വേഷണമോ ആണെന്ന് തെറ്റിദ്ധരിക്കരുത്. ഒരൊറ്റ വിഷയമേ സംസാരിക്കാറുള്ളൂ. നിന്റെ ടാർഗറ്റ് ആയോടീ എന്ന അന്വേഷണം മാത്രം. കുട്ടികളോടും വഴക്കും ദേഷ്യവും മാത്രം. വീട്ടിലെ സന്തോഷവും സമാധാനവും എല്ലാം തകർന്നു ഡോക്ടറെ... ഇവളുടെ ഈ ടാർഗറ്റ് കാരണം...

ശരിയാണ് ഡോക്ടറെ... രാജീവൻ പറഞ്ഞതെല്ലാം ശരിയാണ്. പക്ഷേ... ഞാൻ ഇങ്ങനെയൊന്നുമല്ലായിരുന്നു. ഡാൻസും പാട്ടുമായി ജീവിതം ആസ്വദിച്ച് നടന്നിരുന്ന ഒരു നാട്ടിൻപുറത്തുകാരി. അച്ഛനായിരുന്നു എന്റെ ഗുരു. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും കലോത്സവങ്ങളിൽ പങ്കെടുത്ത് വിജയിയായി തിരിച്ചെത്തുമ്പോൾ അച്ഛൻ പറയും. ഇതൊക്കെ മാത്രം പോരാ ജീവിക്കണമെങ്കിൽ പഠിച്ച് നല്ല ഒരു ജോലി വാങ്ങണം. കുട്ടിക്കാലത്ത് പലവട്ടം അച്ഛനോട് പറഞ്ഞിട്ടുണ്ട് എനിക്ക് നൃത്തവുമായി മുന്നോട്ട് പോയാൽ മതിയെന്ന്. വളർന്നുവലുതായപ്പോൾ ജീവിതസാഹചര്യങ്ങൾ ഞാനും മനസ്സിലാക്കിത്തുടങ്ങി. അച്ഛൻ രോഗിയായപ്പോൾ... കാവ്യ വിതുമ്പിക്കൊണ്ട് പറഞ്ഞു. ഒരു ജോലി... ഒരു ജീവിതമാർഗം അനിവാര്യമായി. അങ്ങനെയാണ് ഞാൻ ഒരു ബാങ്ക് ജീവനക്കാരിയായത്.

മടുത്തു ഡോക്ടറെ... മടുത്തു. ടാർഗറ്റ് തികയ്ക്കാൻ കഴിയാതെ വരുമ്പോൾ... ആത്മഹത്യ ചെയ്യാൻ വരെ ഒരുങ്ങിയിട്ടുണ്ട്. പക്ഷേ, കുട്ടികളുടെ കാര്യമോർക്കുമ്പോൾ... വെറുതെ സാറിന്റെ നല്ലൊരു ദിവസം കളഞ്ഞു. യാത്ര പറഞ്ഞിറങ്ങുമ്പോഴും കാവ്യയുടെ കണ്ണീർ തോർന്നിട്ടില്ലായിരുന്നു.
എല്ലാം സഹിക്കാം. പക്ഷേ സഹപ്രവർത്തകരുടെ മുന്നിൽവെച്ച്. തൊലിയുരിഞ്ഞ് പോകും അങ്കിളെ... രക്താർബുദത്തെ അതിജീവിച്ച മിനിയുടെ ജീവിത കഥയും വ്യത്യസ്തമല്ലായിരുന്നു. ആവി പറക്കുന്ന ചായ മോന്തിക്കൊണ്ട് കോട്ടുമിട്ട് ടൈയും കെട്ടി സായ്പിന്റെ ഭാവത്തിൽ നിൽക്കുന്ന അയാളെ കാണുന്നത് തന്നെ എനിക്കിപ്പോൾ അരിശമാണ്. സോണൽ മീറ്റിങ്ങ് -സോണൽ കോൺഫറൻസ് - സോണൽ ഗെറ്റ് ടു ഗദർ എന്നിങ്ങനെ പല ഓമനപ്പേരിൽ സോണൽ മാനേജർ വിളിച്ചുകൂട്ടുന്ന ഒരു പതിവ് യോഗത്തിലെ സ്ഥിരം കാഴ്ചയാണത്. ഒരു സ്‌നേഹസദസ്സെന്ന മട്ടിൽ ആരംഭിക്കുന്ന പരിപാടി കുറച്ചുകഴിയുമ്പോൾ ഗൗരവമേറിയ ഒരു പ്രവൃത്തി യോഗമായി മാറും. 

ഇക്കഴിഞ്ഞ 3 മാസത്തെ ബിസിനസ് ടാർഗറ്റ് മറികടക്കുക മാത്രമല്ല, അസൂയാവഹമായ ബിസിനസ്സുമായി മുന്നേറിക്കൊണ്ടിരിക്കുന്ന മൂന്ന് വ്യക്തികൾ നമ്മുടെയിടയിലുണ്ട്... ഷൈൻ വർഗീസ്, രാജി രാജൻ, ചിന്ത കെ.എം.... ഇവരെ നിറഞ്ഞ കയ്യടിയോടെ ഞാൻ സ്റ്റേജിലേക്ക് ക്ഷണിക്കുന്നു. സോണൽ മാനേജർ മൈക്കിലൂടെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് കൊണ്ടിരുന്നു. കയ്യടി പോരാ... ഇവരാണ് നമ്മുടെ ബാങ്കിന്റെ ജീവനാഡികൾ... സ്റ്റേജിലേക്ക് കയറിവന്ന മൂന്ന് പേരുടെയും കൈകൾ ഉയർത്തിപ്പിടിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. കൈയ്യടിയുടെ ആരവം കെട്ടടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ശബ്ദം വീണ്ടും ഉച്ചത്തിൽ കേട്ടു. ഇനി പേര് വിളിക്കുന്ന മൂന്ന് പേർ അവർ സ്റ്റേജിലേക്ക് വരാൻ അർഹതയില്ലാത്തവരാണ്. നിങ്ങളാരും കൈയ്യടിക്കേണ്ട. വികൃത ശബ്ദങ്ങൾ വേണേലാകാം. നികൃഷ്ട ഭാവത്തോടെ അയാൾ പേരുകൾ വിളിച്ചുതുടങ്ങി. ജോൺ മാത്യു, അക്‌സാ കുരിയൻ.... അടുത്തത് എന്റെ പേരാണ് എന്നറിയാവുന്നതുകൊണ്ടായിരിക്കാം മിനി വി.പി. എന്നത് വിളിച്ചത് ഞാൻ കേട്ടില്ല. ഈ മൂന്നുപേരും എഴുന്നേറ്റ് നിന്നാൽ മതി. നിങ്ങൾക്കൊക്കെ തിന്നാനും കുടിക്കാനും മാസാവസാനം കൃത്യമായി ശമ്പളം കിട്ടുന്നുണ്ടല്ലോ അല്ലേ... ജോലിയിൽ കുറച്ചെങ്കിലും ആത്മാർത്ഥത വേണം. ബാങ്കിനെ മുടിപ്പിക്കാൻ ഇറങ്ങിത്തിരിച്ചവർ... ഉച്ചത്തിൽ ചിരിക്കുന്ന പലരുടെയും ശബ്ദം ചെവികളിലൂടെ തലച്ചോറിലേക്ക് പ്രവഹിക്കുന്നപോലെ... സോണൽ മാനേജർ പൂർവ്വാധികം ഉച്ചത്തിൽ എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ടായിരുന്നു. വീഴാതിരിക്കാൻ ഞാൻ കസേരക്കയ്യിൽ മുറുകെപ്പിടിച്ചുകൊണ്ട് നിന്നു. കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു. ക്ലാസ് മുറികളിൽ ഏറ്റവും കുറച്ച് മാർക്ക് വാങ്ങിയ കുട്ടികളെ ഇങ്ങനെ ചെയ്യാറുണ്ടോ അങ്കിളേ? മിനിയുടെ ചോദ്യമാണ് എന്നെ ചിന്തയിൽ നിന്നുണർത്തിയത്. ഒരിക്കലുമില്ല എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി.

അവന് തടി കുറക്കാൻ സമയമില്ല. അസമയത്ത് വന്ന് അതുമിതുമൊക്കെ വാരിത്തിന്ന് കിടന്നുറങ്ങുന്നത് കാണാം. ഡോക്ടറെങ്കിലും അവനെ വഴക്ക് പറ... ഞാൻ പറഞ്ഞാൽ അവന് പുല്ലുവിലയാണ്. ഒരമ്മയുടെ പരാതിയാണ് മകനെക്കുറിച്ച്. ഈ അമ്മക്കെന്തെറിയാം എന്റെ ടെൻഷനെക്കുറിച്ച് സാറെ.. ഇൻഷ്വറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന എനിക്ക് ടാർഗറ്റ് തികച്ചില്ലെങ്കിൽ കിട്ടുന്നത് മിനിമം ശമ്പളമായിരിക്കും. അത് എന്റെ വണ്ടിച്ചെലവിന് പോലും മതിയാവില്ല. എന്റെ ഏജന്റുമാരെ സന്തോഷിപ്പിച്ച് പണിയെടുപ്പിച്ചാലേ എന്റെ ടാർഗറ്റ് പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ. അതിന് അവരുടെ കൂടെ തിന്നണം, കുടിക്കണം... എന്റെ ചികിത്സയ്ക്കിടക്ക് കഴിഞ്ഞ വർഷം ഇതെല്ലാം താളം തെറ്റി സാറെ... പിന്നെ, എങ്ങനെയാ...രാജൻ തിരിഞ്ഞുനടന്നു.

ടാർഗറ്റ് എന്ന മനോരോഗം ആശുപത്രികളേയും ബാധിച്ചുതുടങ്ങിക്കഴിഞ്ഞു. എന്താ ഡോക്ടറെ... നമ്മുടെ വരുമാനം 'ഡിപ്പ്' ആണല്ലോ ഈ മാസം. തള്ളവിരൽ താഴോട്ട് ചൂണ്ടി ആശുപത്രി ഭരണാധികാരി ഡോക്ടറെ ശകാരിച്ചുതുടങ്ങി. നിങ്ങളാണ് രോഗികളെ കൊണ്ടുവരേണ്ടത്. ടാർഗറ്റ് തികയ്ക്കാൻ ഞായാറാഴ്ചകളിലും വന്ന് രോഗികളെ കാണണം. മറ്റെന്തെല്ലാം മാർഗങ്ങളുണ്ട് ടാർഗറ്റ് തികയ്ക്കാൻ. ഡോക്ടർ ഒന്ന് അയഞ്ഞു തന്നാൽ മതി. നമ്മുടെ പബ്ലിക്ക് റിലേഷൻസ് ആപ്പീസർമാരും പിള്ളേരും ബാക്കി നോക്കിക്കോളും. ഞാൻ ധാർമികത നിലനിർത്തിക്കൊണ്ടു മാത്രമേ രോഗികളെ ചികിത്സിക്കുകയുള്ളൂ എന്ന് പറയാൻ തുടങ്ങിയ ഡോക്ടറെ കളിയാക്കിക്കൊണ്ട് ഭരണാധികാരി തുടർന്നു. ശമ്പളം വാങ്ങുമ്പോൾ ഈ ധാർമികതയൊന്നും കാണിക്കാറില്ലല്ലോ. ചുറ്റും നിന്നിരുന്ന നഴ്‌സിങ്ങ് വിദ്യാർഥിനികളുടെ ചിരിയിൽ ശിഷ്ടം വാക്കുകൾ ഡോക്ടറുടെ ചെവിയിൽ വീണില്ല.

വർഷാവസാനം ഒരു പ്രത്യേക വിജ്ഞാപനം എല്ലാ ഡോക്ടർമാരുടെയും മേശപ്പുറത്തെത്തിക്കുന്ന ആശുപത്രികൾ വിരളമല്ലാതായിരിക്കുന്നു. അടുത്ത വർഷത്തെ നിങ്ങളുടെ ടാർഗറ്റുകൾ എന്ന തലക്കെട്ടോട് കൂടിയുള്ള ആ ഉത്തരവ് അനുസരിക്കേണ്ടിവരുന്ന ഡോക്ടർമാരുടെ എണ്ണവും അപൂർവ്വമല്ല.

ഒന്നാം ക്ലാസ് മുതൽ കുട്ടികളുടെ തലയിൽ വെച്ച് കെട്ടുന്ന ടാർഗറ്റുകളാണ് കുട്ടിക്കാലവും നശിപ്പിക്കുന്നത്. വളർന്നുവരുന്ന കൊച്ച് മനസ്സ് ടാർഗറ്റുകളിൽ മാത്രമൊതുങ്ങുന്നു. അത് സാധിക്കാതെ വരുമ്പോൾ... ആത്മഹത്യയിൽ ഒടുങ്ങുന്ന എത്രയെത്ര കുരുന്ന് ജീവനുകൾ...
വീടും കുടിയുമില്ലാതെ പാലത്തിനടിയിൽ കിടന്നുറങ്ങുന്ന അനാഥന് അന്നന്നത്തെ ആഹാരവും തലചായ്ക്കാൻ ഒരിടവുമുണ്ടെങ്കിൽ ജീവിതം കുശാൽ. ടാർഗറ്റുകളില്ലാത്ത സുഖമായ ജീവിതം. മനസ്സ് കാടുകയറിതുടങ്ങിയിരിക്കുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞു.