ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2024-ൽ ആഗോളതലത്തിൽ ഏകദേശം 2.4 ദശലക്ഷം സ്ത്രീകൾക്ക് സ്തനാർബുദം സ്ഥിരീകരിക്കുകയും 694,000 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. പ്ലാന്റ് ബേസ്ഡ് ഭക്ഷണങ്ങൾ, ലീൻ പ്രോട്ടീൻ, നാരുകളടങ്ങിയ ഭക്ഷണം തുടങ്ങിയവ കൂട്ടിയും അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളും കൃത്രിമമധുരം ചേർത്തവയും കുറച്ചും സ്തനാർബുദ സാധ്യത കുറയ്ക്കാമെന്ന് മുൻകാലപഠനങ്ങൾ പറയുന്നുണ്ട്. ഇപ്പോഴിതാ അമിതമായി മധുരമുള്ള ഭക്ഷണങ്ങളും സ്തനാർബുദവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുകയാണ് പുതിയ പഠനം.

To advertise here,

യൂറോപ്യൻ ജേർണൽ ഓഫ് ന്യൂട്രീഷ്യനിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആഴ്ചയിൽ രണ്ടുതവണയിൽ കൂടുതൽ അമിതമായി മധുരമുള്ള ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നതാണ് അപകടസാധ്യത കൂട്ടുന്നതെന്ന് പഠനം പറയുന്നു. മധുരമുള്ള സിറിയലുകൾ, ഐസ്ക്രീം തുടങ്ങിയവ ആഴ്ചയിൽ രണ്ടുതവണയിലേറെ കഴിക്കുന്നുവെങ്കിൽ സ്തനാർബുദസാധ്യത 28ശതമാനം കൂടുതലാണെന്ന് പഠനം പറയുന്നു. 2004-2013 കാലയളവിൽ നാൽപ്പതിനും അറുപത്തിയൊമ്പതിനും ഇടയിൽ പ്രായമുള്ള 92,000 സ്ത്രീകൾ പങ്കെടുത്ത ഹെൽത്ത് എക്സാമിനീസ് ജെം എന്ന പഠനത്തെ ആധാരമാക്കിയാണ് വിലയിരുത്തലിലെത്തിയത്. കൊറിയൻ ജിനോം& എപ്പിഡെമിയോളജി സ്റ്റഡിയുടെ ഭാഗമായാണ് ഈ പഠനം നടത്തിയത്.

പഠനത്തിൽ പങ്കാളികളായവർ അമിതമായി മധുരം കഴിക്കുന്നതിന്റെ തോതാണ് പ്രധാനമായും വിലയിരുത്തിയത്. തുടർന്നുള്ള വിലയിരുത്തലിലാണ് ആഴ്ചയിൽ രണ്ടുതവണയിലേറെ ഇത്തരത്തിൽ കഴിക്കുന്നവരിൽ സ്തനാർബുദ സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയത്. അമിത മധുരമുള്ള ആഹാരം കഴിക്കുന്നത് ശരീരത്തിൽ വീക്കത്തിനും ബ്ലഡ് ഷുഗർ നില കൂടാനും അമിതവണ്ണത്തിനും കാരണമാകും. ഇതാവാം സ്തനാർബുദസാധ്യത കൂടാൻ കാരണമാകുന്നതെന്നാണ് വിലയിരുത്തൽ.

അമിതമായി മധുരമുള്ള ഭക്ഷ്യപദാർഥങ്ങൾ ഒഴിവാക്കി ആരോഗ്യകരമായ കഴിക്കുന്നതിലൂടെ അപകടസാധ്യത കുറയ്ക്കാനാവുമെന്നും ഗവേഷകർ പറയുന്നുണ്ട്. പ്രാതലിനു മധുരമുള്ള സിറിയലുകൾ കഴിക്കുന്നതിനുപകരം ഓട്മീൽ, മധരുമില്ലാത്ത യോഗർട്ട്, മുട്ട, പഴങ്ങൾ, കോട്ടേജ് ചീസ് തുടങ്ങിയവ തിരഞ്ഞെടുക്കാം. നാരുകൾ ലഭിക്കാൻ നട്സ്, ബെറീസ്, സീഡ്സ് തുടങ്ങിയവയും കഴിക്കാം. വിവിധനിറങ്ങളിലുള്ള പച്ചക്കറികൾ, പഴവർഗങ്ങൾ, ബീൻസ്, മുഴുധാന്യങ്ങൾ തുടങ്ങിയവയും തിരഞ്ഞെടുക്കാം. മധുരപാനീയങ്ങൾ സ്ഥിരമാണെങ്കിൽ അവയും ഒഴിവാക്കണമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

സ്തനാർബുദം-സ്വയം പരിശോധന എപ്പോൾ?

കൃത്യമായ മാസമുറ ഉള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരു മാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.

എങ്ങനെ പരിശോധിക്കണം?

കണ്ണാടിയുടെ മുന്നിൽനിന്ന് മാറിടങ്ങൾ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളിൽ വരുന്ന വ്യത്യാസം, പ്രകടമായ മുഴകൾ, കക്ഷഭാഗത്തെ മുഴകൾ, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാൻസർകൊണ്ട് ഉള്ളതല്ലെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്.

കക്ഷഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകൾ വളരെ ചെറിയ ദിശയിൽ തന്നെ ഇങ്ങനെ കണ്ടുപിടിക്കാൻ കഴിയും. മുലക്കണ്ണുകൾ അമർത്തി പരിശോധിച്ചാൽ സ്രവം ഉണ്ടെങ്കിൽ അതും കണ്ടുപിടിക്കാം.

ആരംഭദശയിൽതന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്തനാർബുദത്തിനെ മറ്റു കാൻസറുകളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടുപിടിച്ചാൽ 100 ശതമാനവും ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന കാൻസർ മരണകാരണമാകുന്നില്ല. എന്നാൽ 4, 5 സ്റ്റേജിൽ കണ്ടുപിടിക്കപ്പെടുന്ന സ്തനാർബുദം, അഞ്ച് മുതൽ 10 വർഷം കഴിയുമ്പോൾ മരണകാരണമായേക്കാം. ഇത്തരക്കാരിൽ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടിവന്നേക്കാം.

തുടക്കത്തിൽ തിരിച്ചറിഞ്ഞാലുള്ള പ്രയോജനങ്ങൾ

സ്തനം മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാൻ കഴിയും.

റേഡിയേഷൻ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കാനും ചിലപ്പോൾ ഇതിൽ ഒന്നു മാത്രമായി ചുരുക്കാനും കഴിയും.

കീമോയുടെയും റേഡിയേഷന്റെയും ഡോസിൽ കുറവ് വരുത്താൻ സാധിക്കും.

മാറിടങ്ങളിലും കക്ഷഭാഗത്തും കാണുന്ന മേൽപ്പറഞ്ഞ വ്യത്യാസങ്ങൾ എല്ലാം തന്നെ കാൻസർ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാൻസർ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ സർജനെ കാണിച്ച് കാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വേദനരഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാൻസറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താൽ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാൻസറിന്റെ സ്റ്റേജ് മുന്നോട്ടുപോകുമ്പോൾ ചികിത്സ സങ്കീർണമാകുന്നു. ഇതിൽ ഒരു മാറ്റംവരുത്താൻ ബോധവത്കരണ പ്രചാരണങ്ങൾ വഴി സാധിക്കും.

രോഗനിർണയം സങ്കീർണമല്ല

ക്ലിനിക്കൽ എക്‌സാമിനേഷൻ അഥവാ ഡോക്ടറുടെ കൈകൊണ്ടുള്ള പരിശോധന, റേഡിയോളജിക്കൽ എക്സാമിനേഷൻ അഥവാ മാമോഗ്രാം, അൾട്രാസൗണ്ട് സ്റ്റഡി, എം.ആർ.ഐ. സ്റ്റഡി അല്ലെങ്കിൽ സി.ടി. ബ്രെസ്റ്റ് എന്നിവയിൽ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടർ തീരുമാനിക്കുന്നു.

മുഴയിൽനിന്നുള്ള ഭാഗം എടുത്തുള്ള പരിശോധന (Tissue diagnosis). ഇതിന് ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി (FNAC) കോർ ബയോപ്‌സി, ഇൻസിഷൻ ബയോപ്‌സി, എക്‌സിഷൻ ബയോപ്‌സി എന്നീ പരിശോധനകളുണ്ട്.

ചികിത്സ

കാൻസർ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക, ഓപ്പറേഷന് ശേഷം റേഡിയേഷൻ, പിന്നെ ആവശ്യാനുസരണം കീമോതെറാപ്പിയും നൽകുക. സ്തനാർബുദത്തിന്റെ ചികിത്സ ഒരു ടീംവർക്ക് ആണ്. ജനറൽ സർജൻ, ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ടീംവർക്കിലൂടെയാണ് ഒരു കാൻസർ രോഗിയെ ചികിത്സിക്കേണ്ടത്. മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന വിഷാദവും മാനസിക സംഘർഷങ്ങളും അനുഭവപ്പെടുന്നവർക്ക് സൈക്യാട്രിസ്റ്റിന്റെ സേവനവും ഉറപ്പുവരുത്തേണ്ടതാണ്.